വരരുത് എന്ന് പറഞ്ഞിട്ടും പലരും വരുന്നുണ്ടാരുന്നു ..
നേരില്‍ യാത്ര പറയാന്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ല ...
എല്ലാരേയും കണ്ടു യാത്ര പറയാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടാണ്.
.
തൊണ്ടയില്‍ ഒരു കുരുക്കു വീണിട്ട് ദിവസ്സങ്ങളായി ..
യാത്ര അടുക്കുംതോറും അതിനു മൂര്‍ച്ച കൂടി വരുന്നു ..
.
സംഭരിച്ചു വെച്ച ശക്തിയെല്ലാം ചോര്‍ന്നു പോവുന്നതു പോലെ,
ഡല്‍ഹിയിലെ ജോലി അവസാനിപ്പിച്ചു വന്നിട്ട് മാസങ്ങളെ ആയുള്ളൂ, എന്നിട്ടും ..!!!
.
‘ഇനിയെന്ത്’ എന്ന ചോദ്യം കാര്‍മേഘമായി ഉരുണ്ടുകൂടി തുടങ്ങിയപ്പോഴാണ് സഹപ്രവര്‍ത്തകനും സുഹൃത്തുമായ അഷറഫ് ഒരു മെയില്‍ ഐഡി തന്നിട്ട് ഒന്ന് ശ്രമിച്ചു നോക്കാന്‍ പറഞ്ഞത്.
പിറ്റേ ദിവസം തന്നെ ഒട്ടും പരിചയം ഇല്ലാത്ത, ഒട്ടേറെ പൂജ്യങ്ങളുടെ അകമ്പടിയുള്ള നമ്പരില്‍ നിന്നൊരു കാള്‍- ഇന്റര്‍വ്യൂവിനു തയ്യാറാവാന്‍.
.
അല്പം കഴിഞ്ഞപ്പോള്‍ ഒന്നിന് പുറകെ ഒന്നായി രണ്ടു കോള്‍, രണ്ടു ലെവല്‍ ഇന്റര്‍വ്യൂ ..കാര്യങ്ങള്‍ മനസ്സിലായി വരുമ്പോഴെക്കു അപ്പൊയിന്റ്റ്മെന്റ് ഓര്‍ഡര്‍ മെയിലില്‍ എത്തി ...!!
.
പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി വിസക്ക് വേണ്ടി പലരും കാത്തിരിക്കുമ്പോള്‍ ഒരു ചിലവും ഇല്ലാതെ അക്കരെ എത്താന്‍ ഭാഗ്യം കൈവന്നവനെ എല്ലാവരും അഭിനന്ദിച്ചു ..
.
വിസയും ടിക്കറ്റും വന്നപ്പോഴാണ്
മരുഭൂമിയില്‍ സ്വര്‍ണ്ണം കൊയ്യുന്നത് സ്വപ്നം കണ്ടവന് പൊക്കിള്‍ കൊടി മുറിയുന്നതിന്റെ വേദന അറിഞ്ഞു തുടങ്ങിയത്..!!
.
രണ്ടുരണ്ടര വര്‍ഷത്തെ ഡല്‍ഹി പ്രവാസമാണെന്ന് തോന്നുന്നു എന്റെ ഗ്രാമം സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാക്കിയത്.
ദൂരെ ദൂരെ പറന്നു പോകാന്‍ ആഗ്രഹിച്ചവന്റെ കാലില്‍ കാണാ ചങ്ങലകള്‍ തീര്‍ത്തത്.
.
“....എല്ലാരും എന്തൊക്കെയോ കൊണ്ട് വന്നിട്ടിട്ടുണ്ട് .. നിന്റെ പെട്ടിയില്‍ എടുത്തു വച്ചേക്ക്...” അമ്മയാണ് .
“...വേണ്ടാ.. ഒന്നും...” ഇഷ്ടമില്ലാഞ്ഞിട്ടല്ല ..ഒന്നിനും ഒരു താല്പര്യം തോന്നുന്നില്ല ..
.
“....ദുബൈയിലെത്തിയാല്‍ പിന്നെ നമ്മളെ ഒക്കെ ഓര്മ്മയുണ്ടാവുമോടാ ..” അപ്പുറത്തെ വല്‍സലേച്ചി. ചോദ്യം അവസാനിച്ചത് ഒരു കരച്ചിലിലാണ്.
.
അതൊരു തീയായി അമ്മയിലേക്കും .. അടുക്കള നിശബ്ദമായി
.
തേങ്ങലിന്റെ ചീളുകള്‍ കുത്തിത്തറച്ചു തുടങ്ങി.
.
പിടിച്ചു നില്ക്കാന് ആവില്ലെന്നു തീര്‍ച്ചയാപ്പോള്‍ ഞാന്‍ അകത്തേക്ക് പോയി.
.
“...പറഞ്ഞതെല്ലാ എല്ലാം എടുത്തു വച്ചിട്ടുണ്ട്. ഒന്ന് നോക്കിയേക്ക് ..” അനിയന് .
എന്ത് നോക്കാന്‍. പ്രിയമുള്ളതൊക്കെയും ഇവിടെ തന്നെയാണുള്ളത് ..
.
ഒന്നും കൂടെ കൊണ്ട് പോകാന്‍ കഴിയില്ലല്ലോ .
.
“...പാസ്പോര്‍ട്ടും വിസയും ടിക്കറ്റും വേറെ തന്നെ വെക്കണം .. പെട്ടെന്ന് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ ...”
.
“...ഉം..”
.
“...അവിടെ കൂട്ടാന്‍ ആളുണ്ടാവുല്ലോ, ല്ലേ ...”
.
“..ഉം..ഉണ്ടാവും ..”
.
അച്ഛന് പിന്നെയും എന്തൊക്കെയോ പറയാനുണ്ടാരുന്നു.. ആ മുഖത്തേക്ക് നോക്കാന്‍ വയ്യ.
.
മൌനം ...
.
പറയാനുള്ളതോക്കെയും നെടുവീര്‍പ്പുകളായി ഉയരുന്നു..
.
കുറച്ചു നേരം കൂടി മുറിയില്‍ നിന്നിട്ട് അച്ഛന് പോയി
.
ജനലിനപ്പുറത്തെ കാഴ്ചകള്‍ക്ക് എന്ത് ഭംഗിയാണ് ..!!
.
അച്ഛമ്മ ഉറങ്ങുന്ന ഭൂമിക്കു തണല്‍ തീര്‍ത്ത് വാഴക്കൂട്ടം.
വെയില്കാഞ്ഞു തൊട്ടാവാടികള്‍..
നിവര്‍ന്നു നിക്കുന്ന കവുങ്ങിനെ ചുറ്റിപ്പിണരാന്‍ നോക്കുന്ന കുരുമുളക് തൈ..
എന്തോ കാണാനെന്നെ പോലെ തലയുയര്‍ത്തി നോക്കുന്ന പുല്‍നാമ്പുകള്‍...
.
എന്ത് ഭംഗിയാണ് എല്ലാത്തിനും ....!!
.
ഇനി കോണ്‍ക്രീറ്റ് കാടുകള്‍ ആവും കാഴ്ചക്ക് അതിരുതീര്‍ക്കുന്നത്
.
വേണ്ടായിരുന്നു .. ഒന്നും വേണ്ടായിരുന്നു ..
.
ഒരു ചെറിയ ജോലി മതിയാരുന്നു .. എന്നും ഈ മണ്ണില്‍ തന്നെ കഴിഞ്ഞാല്‍ മതിയാരുന്നു.
.
ഈ മഴയും വെയിലും മാത്രം മതിയാരുന്നു.
.
അഷറഫിനെ മനസ്സ് കൊണ്ട് ശപിച്ചു.
.
ജനലിലൂടെ കടന്നു വന്നൊരു കാറ്റ് ഒന്ന് മുറുകെ പുണര്‍ന്നു ..
.
വിടില്ലെന്ന് പറയുകയാണോ ??
.
പാടില്ല..
.
പോയേ പറ്റൂ
.
കൊളുത്തുവലിച്ച അമ്മ തേങ്ങലിനെ കുടഞ്ഞു തെറിപ്പിച്ചു.. ..
.
വഴികള്‍ മുന്നോട്ട് മാത്രമാണ് ..
എല്ലാരുടെയും പ്രതീക്ഷകള്‍ .. ആഗ്രഹങ്ങള്‍ , സ്വപ്നങ്ങള്‍.. ഒന്നിനും ഒന്നും തടസ്സമാവരുത്.
.
ഒന്നിനും തോറ്റുകൊടുത്തുകൂടാ.
.
ഉയര്‍ന്നു വന്നൊരു ഗദ്ഗദത്തെ പല്ലുകള്‍ക്കിടയില്‍ ഞെരിച്ചമര്‍ത്തി...
.
“....മോനെ , ചോറെടുത്ത് വച്ചിട്ടുണ്ട്, കഴിക്ക് ..സമയം ആയി...”
.
ആരെയും വിളിച്ചില്ല .. ആരെയും ശ്രദ്ദിച്ചുമില്ല ..വിശപ്പും രുചിയും ഇല്ലതായിട്ട് ദിവസങ്ങള്‍ ആയി.
കഴിച്ചെന്നു വരുത്താനായി ഒരുരുളഎടുത്തു വായില്‍ വച്ചു
“..ഒന്നും കഴിക്കാന്‍ കൊള്ളിലെന്നു” പരാതി പറയാന്‍ ഇനി കഴിയില്ലല്ലോ.
.
തൊണ്ട പൊട്ടുന്നത് പോലെ വേദനിക്കുന്നു.
.
ചോറിറങ്ങുന്നില്ല.
.
“...ഇനി ഏത് നേരത്താണോ എന്റെ മോന് ....” അമ്മക്കണ്ണുകള്‍ പിന്നെയും പെയ്തു ..
.
ക്ലോക്കിലെ സൂചികള്‍ ശത്രുക്കളെപ്പോലെ മത്സരിച്ചോടി..
മണി മുഴങ്ങിക്കഴിഞ്ഞു
ഇനി യാത്രാമൊഴി ..
.
നിറദീപം സാക്ഷിയാക്കി അച്ഛന്റെയും അമ്മയുടെയും കാല് തൊട്ടു വന്ദിച്ചു;
എന്നും അനുഗ്രഹമായിരുന്ന അച്ഛമ്മയെ മനസ്സ് കൊണ്ടും.
.
ആരോടും യാത്ര ചോദിക്കാന്‍ വയ്യ.
.
ശബ്ദമില്ല.
.
കണ്ണുകള്‍ കൊണ്ട് യാത്രചോദിച്ചിറങ്ങി
.
എന്നും സ്വന്തമായിരുന്ന കാഴ്ച്ചകളെ പുറകില്‍ വിട്ടു പുതിയ തീരം തേടിയുള്ള യാത്ര തുടങ്ങുകയാണ്
.
തിരിഞ്ഞു നോക്കാന്‍ പാടില്ല..
..........................
.
മൈല്‍കുറ്റികള്‍ എയര്‍ പോര്‍ട്ടിന്റെ സാമീപ്യം വിളിച്ചോതി.
.
എന്തുകൊണ്ടോ നെഞ്ചിടിപ്പ് കൂടി ..
.
ഫ്ലൈറ്റ് ക്യാന്‍സല്‍ ആയെങ്കിലെന്നു വെറുതെയെങ്കിലും ആശിച്ചു.
.
കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയ മുഖങ്ങള്‍ ആണെങ്ങും ..
പറഞ്ഞയക്കാനായി വന്നിട്ടും മുറുകെ പിടിക്കുന്നുണ്ട് പലരും.
.
കന്നിപ്പറക്കലിന്റെ പരിഭ്രമം പുറത്തുകാട്ടാതെ ‘ എല്ലാം അറിയുന്നവനെന്ന’ ഭാവം എടുത്തണിഞ്ഞു. അത് കാര്യങ്ങള്‍ സുഗമമാക്കുമെന്നു പഠിച്ചു വച്ചിട്ടുണ്ട്.
.
പലരുടെയും സ്വപ്നങ്ങളെ മറുകരയെത്തിച്ച വിമാനങ്ങള്‍ കൂറ്റന്‍ ചില്ല് ജനാലയ്ക്കപ്പുറം പറക്കാന്‍ തയ്യാറായി.
.
യന്ത്രപ്പറവയുടെ ഉള്ളിലേക്ക് വലതു കാലെടുത്തു വെക്കും മുമ്പ് വിസിറ്റെര്സ് ഗ്യാല്ലറിക്ക് നേരെ തിരിഞ്ഞു കൈവീശിക്കാണിച്ചു..
.
അത് കാണാന്‍ ആരുമുണ്ടാവില്ലെന്നാണ് കരുതിയതെങ്കിലും പിന്നീടാണറിഞ്ഞത്;
അവിടെ ഒരു മഴ ആര്‍ത്തലച്ചു പെയ്യുന്നുണ്ടായിരുന്നെന്ന്
.
എന്റെ അച്ഛന് ..!!
.
പ്രിയപ്പെട്ടവരോടോക്കെയും അവസാനമായി ഒരിക്കല്‍ കൂടി യാത്ര പറഞ്ഞപ്പോഴേക്കും മധുര ശബ്ദം മുഴങ്ങി..
.
Dear Passengers,
.
We are about to fly towards our dreams. ..!!
.
Please keep your worries and pains in complete switch off mode.
.
Fasten your beloved faces close to your heart
.
Aims upright.
.
Wings stretched.
.
We will reach our promised land in a few hours ..!!
.
Thank you
.

.!
മറുപടിഇല്ലാതാക്കൂഫൈസലിക്ക ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് കണ്ട് വന്നതാണു.വരവിൽ ഒരു നിരാശയുമില്ല.
അത്ര ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ!!!
ഫോളോ ചെയ്തിട്ടുണ്ട്.
ബാക്കി പോസ്റ്റുകളും വായിക്കണം.
.
വായിക്കാന്‍ സമയം കണ്ടെത്തിയതിനു നന്ദി ..!!
ഇല്ലാതാക്കൂഇനിയും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു .
ആദ്യമായിട്ടാണിവിടെ
മറുപടിഇല്ലാതാക്കൂനന്ദി .. ഈ വഴി വന്നതിന് :)
ഇല്ലാതാക്കൂഓരോ വാക്കുകളും മനസ്സിനെ അത്ര മാത്രം സ്പർശിച്ചിരിക്കുന്നു ..നന്ദി......
മറുപടിഇല്ലാതാക്കൂ