പരീക്ഷക്കുള്ളതൊക്കെയും രാത്രി തന്നെ പഠിച്ചു തീര്‍ക്കണം ...എന്നാലേ രാവിലെ പൂക്കളം ഒരുക്കാന്‍ പറ്റൂ.
അല്ലെങ്കിലും ഓണം പരീക്ഷകള്‍ ഇപ്പോഴും അങ്ങനെയാണ് .. നാലഞ്ചു ദിവസങ്ങള്‍ പരീക്ഷകള്‍ കൊണ്ട് പോവും ..
രാവിലെ ഏറ്റവും നേരത്തെ എഴുന്നേറ്റിരുന്നത് ; അല്ല എഴുന്നേല്‍പ്പിച്ചിരുന്നത്
പിന്നെ പൂക്കളം ഒരുക്കാനും..
സ്കൂളില്‍ നിന്ന് വരുമ്പോള്‍ റോഡു വക്കില്‍ കാത്തിരുന്നു മുഷിഞ്ഞ തുമ്പ ചെടികള്‍ തലയാട്ടി പുഞ്ചിരിക്കുന്നുണ്ടാവും ..
ചെടിയെ നോവിക്കാതെ ഓരോ പൂവായി പറിച്ചെടുക്കണം ..ക്ഷമയില്ലാത്ത കുസൃതികള്‍ തുമ്പച്ചെടിയെ കമ്പോടെ ഒടിച്ചെടുകുമ്പോള്‍ അരുതെന്ന് പറയണം ..
ഒരിക്കല്‍ അമ്മവീട്ടിനടുത്തുള്ള വലിയ മൈതാനത്ത് തുമ്പപ്പൂക്കള്‍ ഓരോന്നായി പറിച്ചെടുത്തു ക്ഷമകെട്ട് കമ്പോടെ ഒടിച്ചെടുത്തപ്പോള്‍ അവിടെ മൂളിപ്പറന്നിരുന്ന ഒരു കറമ്പന്‍ തേനീച്ച കയ്യില്‍ കുത്തി ..
വേദന കരച്ചിലായി കവിളിലൂടെ ഒലിച്ചിറങ്ങിയപ്പോള്‍, പറഞ്ഞു തന്നത് ഉദയ ചേച്ചിയാണ് .
"..തുമ്പച്ചെടികള്‍ മാവേലി തമ്പുരാന്റെയാണ് ...അത് ഒടിച്ചെടുത്താല്‍ മാവേലിക്ക് ദേഷ്യം വരും , കുത്താന്‍ തേനീച്ചയെ അയക്കും ...".
ഓര്‍മ്മയില്‍ മാഞ്ഞു പോവാത്ത ഒട്ടേറെ പൂക്കളങ്ങള്‍...
സ്കൂള്‍ വഴിയിലെ തുമ്പപ്പൂക്കള്‍ പറിച്ചു കൊണ്ടിരുന്നപ്പോള്‍ “ അത് ഞങ്ങളുടെ പൂക്കളാനെന്നു” ഒരു പാവാടക്കാരി പരിഭവം പറഞ്ഞത് ....
ഉതിര്‍ത്തെടുത്ത പൂക്കള്‍ മുഴുവന്‍ അവളുടെ കുഞ്ഞു കൈകളില്‍ വച്ചു കൊടുത്തപ്പോള്‍
അവളുടെ മുഖം ഒരു വലിയ അത്തപ്പൂക്കളം ആയി വിടര്‍ന്നത് ...!!!
പരിചയം ഇല്ലാത്ത വീടുകളിലെ പൂക്കള്‍ പറിചെടുക്കുമ്പോള്‍ ഓടിച്ചു വിട്ടത്.
ആമ്പലുകള്‍ പറിക്കുമ്പോള്‍ ചെളിയില്‍ താഴ്ന്ന് പോയത്...
ചെളിയില്‍ കുതിര്‍ന്ന ട്രൌസര്‍ കണ്ടു അമ്മ തല്ലിയത്.
ചില കുറുമ്പന്‍ മുള്‍ച്ചെടികള്‍ പൂക്കള്‍ പറിച്ചെടുക്കുന്നതിലെ അനിഷ്ടം കൈകളില്‍ ചുവന്ന വരകളായി തീര്‍ത്തത്.
കുരുന്നുകള്‍ക്ക് എത്തി പിടിക്കാനായി തലകുനിച്ചു വേലിക്കരികില്‍ നില്‍ക്കുന്ന ചെമ്പരത്തി
നിറത്തില്‍ സുന്ദരികളോട് മത്സരിച്ചു തോല്‍ക്കുന്ന മഞ്ഞ കോളാമ്പി പൂക്കള്‍..
പറിച്ചെടുത്തു ഒന്ന് ചുണ്ടത് വെച്ച് മധുരം നുകര്‍ന്ന് മാത്രം പൂക്കൂടയിലേക്ക് വച്ചിരുന്ന പോന്നശോകം..
വര്‍ണ്ണങ്ങളുടെ കുടമാറ്റം നടത്തി പൂക്കളോടെ മത്സരിക്കുന്ന ഇല ച്ചെടികള്‍ .
കൈകള്‍ നിറയെ പൂക്കളുമായി കാത്തിരിക്കുന്ന രാജമല്ലി .
നിറങ്ങള്‍ കൊണ്ട് മഴ വില്ല് തീര്‍ത്തിരുന്ന മന്ദാരം ,അരിപ്പൂക്കള്‍, അരളി കാക്കപ്പൂവ് ..
വിടര്‍ന്ന കണ്ണുകളോടെ കാമുകനെയും കാത്തിരിക്കുന്ന ആമ്പല്‍
ഉണരാന്‍ വൈകുന്നത് കൊണ്ട് മാത്രം പൂക്കളത്തിലേക്ക് ഒരിക്കലും എത്താന്‍ കഴിയാതിരുന്ന നാലുമണി പൂക്കള്‍ .
ചൈനീസ് ക്ഷേത്രങ്ങളോട് മത്സരിച്ചിരുന്ന പഗോടകള്‍
.
പൂക്കളത്തില്‍ കൂട്ടാത്തത് കൊണ്ട് വേലിക്കരികില്‍ പരിഭവം പറഞ്ഞു മുഖം കുമ്പിട്ടു നില്‍ക്കുന്ന കടലാസ് പൂക്കള്‍ ..
രാജ്ഞിയുടെ പത്രാസില്‍ പൂക്കളത്തിന്‍ നടുവില്‍ എന്നും വിലസിയിരുന്ന പനിനീര്‍ പൂക്കള്‍.
പേരറിയാത്ത പലതും പല നിറങ്ങളില്‍ .. ഒക്കെ ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ക്കായിരുന്നു ...
പിന്നെയും ഉണ്ടായിരുന്നു; രാത്രി വരുമ്പോള്‍ അച്ഛന്‍ കൊണ്ട് വന്നിരുന്ന അയല്‍ നാട്ടുകാര്‍; വടാമല്ലിയും , ജമന്തിയും തെച്ചിയും ഡാലിയായും ഒക്കെ ..
വേറെയും ചിലതും....
ഒരു പൂക്കളത്തിലേക്കും ഒരിക്കലും വരാതിരുന്നവര്‍... ഗൌരവത്തിന്റെ വീര്‍ത്ത മുഖവുമായി ഉയര്‍ന്നു നിന്ന വലിയ വീടുകളിലെ ഗേറ്റും മതില്‍ക്കെട്ടും തീര്‍ത്ത ജയിലില്‍ ജീവിതം ഹോമിച്ചവര്‍....
.
.
.
വരച്ചും മാറ്റി വരച്ചും എല്ലാ പൂക്കള്‍ക്കും സ്ഥാനം നല്‍കി അടുത്ത വീടുകളിലെ പൂക്കളങ്ങളോട് നിഷ്കളങ്കമായി മത്സരിച്ച്...
നാള തീര്‍ക്കേണ്ട പൂക്കളത്തെ ക്കുറിച്ചോര്‍ത്തു വേവലാതിപ്പെട്ട് ..
.
അങ്ങനെ ഒരു കാലം ....
വര്‍ഷങ്ങള്‍ക്കു മുമ്പൊരു ഓണക്കാലത്ത് നാടിന്‍ പുറത്തെ ക്ലബ് നടത്തിയ പൂക്കളമത്സരത്തില്‍ ഞങ്ങളുടെ ഉമ്മറക്കോലായില്‍ തെയ്യക്കോലം പൂക്കളില്‍ നിറഞ്ഞാടിയപ്പോള്‍ സമ്മാനം മാവേലിത്തമ്പുരാന്റെ കൂടെ ഞങ്ങളുടെ പടി കടന്നു തന്നെ വന്നത് ...
അന്ന് അത് കാണാന്‍ വന്ന പൂക്കളെക്കാള്‍ ഭംഗിയുള്ള കൊറേ സുന്ദരികളില്‍ എനിക്ക് ഒട്ടും പരിചയമില്ലതിരുന്ന ഒരു പനിനീര്‍ പൂവ്;
“...ജിതേഷെട്ടന്‍ വരച്ചതാണ് അല്ലേ , കണ്ഗ്രാചുലേഷന്‍സ്..” എന്ന് പറഞ്ഞപ്പോള്‍ ഒരു പൂക്കാലം കൈവന്നെന്നു വെറുതെ മോഹിച്ചത് ..
“ ..ബ്രെണ്ണന്‍ കോളേജില്‍ അല്ലേ പഠിച്ചത്..? എനിക്കറിയാം...” എന്ന് പറഞ്ഞു അവള്‍ എന്റെ അപരിചിതത്വം മാറ്റിയപ്പോള്‍ മനസില്‍ വിടര്‍ന്നത് അത്തപൂക്കളം..!!
പിന്നെ അവളുടെ ചിരി പൂക്കള്‍ക്ക് വേണ്ടി ഗേറ്റിനരികില്‍ ആ അവധിക്കാലം മുഴുവന്‍ കാത്തു നിന്നത് ..
.
വര്‍ഷങ്ങള്‍ ശേഷം വേറൊരു ഓണക്കാലത്ത് അവളെ കണ്ടത്.. ഒക്കത്തൊരു കുഞ്ഞു മായി....
..........................
എല്ലാ ഓണക്കാലത്തും അമ്മയ്ക്ക് പറയാനുണ്ടാവും ഒരു കാര്യം
“....ക്ലബ്കാര് വന്നിരുന്നു , പൂക്കളമത്സരത്തില്‍ പങ്കെടുക്കുന്നില്ലേന്ന് ചോദിച്ചു. നീ ഇല്ലാത്തതു കൊണ്ട് ......”
.
ഞാനില്ല ...
ദൂരെയാണ്
ഞാന്‍ മാത്രമല്ല; എന്നെ പോലെ പലരും ..
ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്തുമസിനും നിങ്ങളില്‍ സന്തോഷത്തിന്റെ പൂക്കളം തീര്‍ക്കാന്‍ .....
അത് ഞങ്ങള്‍ക്ക് ത്യാഗമല്ല ..കഷ്ടവും അല്ല ..
നിങ്ങളുടെ സന്തോഷം വിരിയുന്ന മുഖങ്ങളാണ് ഞങ്ങള്‍ക്ക് പൂക്കളം
ജന്മ സാഫല്ല്യം ...
.
.
.
ആശംസകള്‍ ....!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ