Dream ...! Becoz those don't have dreams don't have much...!


2016 ജനുവരി 7, വ്യാഴാഴ്‌ച

My School Days .......................................Lesson 4





My School Days Continues .......................................Lesson 4
.
രണ്ടാം ക്ലാസ്സില്‍ നിന്ന് ജയിക്കാന്‍ അന്ന് ഞങ്ങള്‍ക്ക് ആഗ്രഹം കുറവായിരുന്നു. കാരണം മൂന്നാം ക്ലാസ്സിലെ ചന്ദ്രന്‍ മാഷ്‌ തന്നെ..

അടിയുടെ മാഷായിരുന്നു ചന്ദ്രന്‍ മാഷ്‌. 

ദിവസം ഒരു കുട്ടിയുടെയെങ്കിലും കരച്ചില്‍ ഉയരും. അടിയുടെയും കരച്ചിലിന്റെയും ഒച്ചയുയരുമ്പോള്‍ എല്ലാവരില്‍ നിന്നും നെടുവീര്‍പ്പുയരും, മൂന്നാം ക്ലാസ്സിലെത്തേണ്ടവരുടെ പേടിയുടെയും മൂന്നാം ക്ലാസ്സ് കഴിഞ്ഞവരുടെ ആശ്വാസത്തിന്റെയും നെടുവീര്‍പ്പുകള്‍ ...
.
സ്കൂളില്‍ പോവുമ്പോള്‍ ചാണകം ചവിട്ടാത്താവരും ചവിട്ടിയവരും അടികൊണ്ടു... ഒരു പോലെ...
അടി കൊള്ളാതിരിക്കാനായി കുപ്പായക്കീശയില്‍ ശീപോതി ചെടി പറിച്ചു വെച്ചതും വെറുതെയായി...
.
സ്കൂള്‍ തുറന്നു.
.
മൂന്നാം ക്ലാസിലെ ആദ്യത്തെ ദിവസം
.
പടച്ചോനെ ...നീ തന്നെ കാക്കണേ ..
.
ചന്ദ്രന്‍ മാഷ്‌ വന്നില്ല.
രണ്ടാമത്തെ ദിവസവും വന്നില്ല ..പിന്നെ ഒരിക്കലും വന്നില്ല .
..
പതിയെ ഞങ്ങൾ അറിഞ്ഞു.. ഇനി ചന്ദ്രന്‍ മാഷ്‌ വരില്ല ..
ചന്ദ്രന്‍ മാഷ്‌, മാഷേ ആരുന്നില്ല .. എവിടുന്നോ ഒപ്പിച്ച ഒരു വ്യാജ സർട്ടിഫിക്കട്ടിന്റെ ബലത്തിലായിരുന്നു ഈ കണ്ട അടിയൊക്കെ അദ്ദേഹം ഞങ്ങളുടെ മുൻഗാമികളെ അടിച്ചത് .
.
അല്ലെങ്കിലും വ്യാജന്മാർ ആണല്ലോ എപ്പോഴും പെർഫോമൻസ് കൂടുതൽ കാഴ്ച വെക്കാറുള്ളത് ..
.
ചന്ദ്രന്‍ മാഷ്‌, മാഷല്ലാതായത് ഇമ്മിണി ബല്ല്യ സന്തോഷം നൽകിയെങ്കിലും വേറൊരു നഷ്ടവും ഉണ്ടായി മൂന്നാം ക്ലാസ്സിൽ. ഇരട്ട സുന്ദരികൾ രേഖയും രൂപയും ..
.
ഞങ്ങളുടെ കുഞ്ഞു സ്കൂളിനു പത്രാസ് പോരെന്നു തോന്നിയത് കൊണ്ട് അവർ തലശ്ശേരി കോണ്‍വെന്റ് സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടത് മൂന്നാം ക്ലാസ്സിൽ വച്ചാണ് .. 

അതൊരു തീരാ നഷ്ടമായിരുന്നു ..

ആ നഷ്ടത്തിന്റെ ആഴം മനസ്സിലായത്‌ വർങ്ങൾക്ക് ശേഷം അവരുടെ സഹപാടിയും എന്റെ അയൽക്കാരിയും ആയ അഷിത അവരെപ്പറ്റി പറഞ്ഞപ്പോഴാണ് .
.
അല്ലെങ്കിലും ഒറ്റ നമ്പറിന്റെ വ്യത്യാസത്തിൽ പല ലോട്ടറികളും എനിക്ക് അടിക്കാതെ പോയിട്ടുണ്ട്
.
.....................................................................................................
.
.
ഒരു വിദ്യാർഥി അവന്റെ ജീവിതത്തിൽ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യമുണ്ട് ..
ഞങ്ങളോട് ആ ചോദ്യം ചോദിച്ചത് ഓമന ടീച്ചറാണ് ..
നാലാം ക്ലാസ്സിൽ വച്ച് .
.
വലുതായാൽ ആരാവണം ??
.
നല്ലോണം ആലോച്ചിട്ട് സ്ലേറ്റിൽ എഴുതിവെക്ക് .
.
എനിക്കോ അടുത്തിരിക്കുന്ന റിയാസിണോ ആരാവണം എന്ന കാര്യത്തിൽ ഒരു ഡൌട്ടും ഉണ്ടാരുന്നില്ല .
.
കാക്കി കുപ്പായമിട്ട് , ഒരു കൈ കൊണ്ട് ഒരു കമ്പി പറിച്ചെടുക്കാൻ ഇടയ്ക്കിടെ ശ്രമിച്ച്;
മറു കൈ കൊണ്ട് വളയം തിരിച്ചു;
പോം പോം എന്ന് ഹോണടിച്ച് ബസ്സ്‌ പറപ്പിക്കുന്ന ധീരൻ... വീരൻ .. വില്ലാളി വീരൻ
.
മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു ഞാനും റിയാസും
ചെമ്പരത്തി പൂവുരച്ച് നിറം കടുപ്പിച്ച സ്ലേറ്റിൽ കല്ല്‌ പെൻസിൽ കൊണ്ട് വടിവൊത്ത അക്ഷരങ്ങളിൽ എഴുതി
.
“..........ബസ് ഡ്രൈവർ ......”
.
ടീച്ചർ ഓരോരുത്തരുടെ ആയി സ്ലേറ്റു നോക്കുകയാണ് ..
ഞങ്ങളുടെ അടുത്തെത്തി .. എഴുതിയത് കണ്ടതും ടീച്ചറുടെ മുഖം ചുവന്നു.
ഭാവിയിലെ ബസ് ഡ്രൈവർമാരെ സ്റ്റോപ്പ്‌ സിഗ്നൽ കാണിച്ചു എഴുന്നേൽപ്പിച്ചു നിർത്തി
.
ബുക്കും പേപ്പറും വാങ്ങി വച്ചു
.
ചൂരൽ കൊണ്ട് കയ്യിൽ ചുവന്ന ഫൈൻ എഴുതി
. ..
ക്ലാസ്സിലെ തട്ടത്തിൻ മറയത്തെ സുന്ദരി സബീനയെ ചൂടി കാണിച്ചു പറഞ്ഞു .
.
“......നോക്ക്. അവളെ നോക്കി പഠിക്ക് ...”
.
എന്താ അവളെഴുതിയത് ..അവൾക്കാരാ ആവണ്ടത് ?
.
അവളുടെ സ്ലേറ്റിലെ കുനു കുനെയുള്ള ചെറിയ അക്ഷരങ്ങളിൽ ഞങ്ങൾ അത് വായിച്ചു.
.
".....അധ്യാപിക .."
.
അത് ശരി ....അതെല്ലെങ്കിലും അങ്ങനെയാണല്ലോ.
ന്നാലും എന്റെ ഓമന ടീച്ചർ… ഇങ്ങനെയൊക്കെ ചെയ്യാമോ... ??
.
ഉള്ളിൽ സങ്കടം കുറെ ഉണ്ടായിരുന്നെങ്കിലും ഏതെങ്കിലും മഴയത്ത് ഏതോ ബസ്‌ ഡ്രൈവർ ടീച്ചറുടെമേൽ ചെളി വെള്ളം തെറിപ്പിച്ചതിന്റെ ദേഷ്യാവും ടീച്ചർ കാണിച്ചത് എന്ന് ഞങ്ങൾ സമാധാനിച്ചു..
.
തനിക്കൊരു അധ്യാപിക ആവണം എന്നെഴുതി സബീന കീഴടക്കിയത് ഓമന ടീച്ചറെ മാത്രമായിരുന്നില്ല പടച്ചവനെയും കൂടെയായിരുന്നു. അതുകൊണ്ടല്ലേ രണ്ടു മൂന്നു വര്ഷങ്ങൾക്ക് മുമ്പ് , വിടരും മുമ്പേ കൊഴിഞ്ഞുപോയ കുഞ്ഞുങ്ങൾ പഠിക്കുന്ന സ്വർഗ്ഗത്തിലെ സ്കൂളിൽ വന്ന ഒഴിവിലേക്ക് ദൈവം അവളെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോയത്..
.
..............................................................................................
.
“………ഓമന ടീച്ചറേ…, സുധടീച്ചറേ……, അറബിക് മാഷേ…, എയ്യോ വരുന്നുണ്ട് ഇന്ന് ..”
.
ശാരദ ടീച്ചറാണ്, ഓഫീസിൽ നിന്ന് .
.
“…..ഇന്നോ ...”
.
എല്ലാരുടെം മുഖത്ത് വെപ്രാളം ..പേടി .. ഈ എയ്യോ (AEO) എന്താന്ന് ഞങ്ങൾക്ക് ആർക്കും മനസ്സിലായില്ലെങ്കിലും സുനാമി പോലെ പേടിക്കേണ്ട എന്തോ ഒന്നാണ് വരാൻ പോകുന്നതെന്ന് ടീച്ചർമാരുടെ വെപ്രാളം പറയാതെ പറഞ്ഞു ..
.
ആരോ പോയി ഉമ്മയുടെ വീട്ടിൽ നിന്ന് രണ്ടു കടുക്കാച്ചി കുട്ടികളെ കൂടി സ്കൂളിൽ കൊണ്ട് വന്നിരുത്തി
. ..
ടീച്ചർമാർ എന്തൊക്കെയോ അടുക്കി പെറുക്കി വെക്കുന്നു
.
സ്കൂൾ നിശബ്ദമായി .
.
സ്കൂളിന്റെ മേലെ ആപത്തു വിതക്കാൻ വരുന്ന,
ടീച്ചർമാരെപ്പോലും പേടിപ്പിക്കാൻ കഴിവുള്ള ഭീകരൻ എയ്യോ ഇപ്പൊ വരും .
.
ഈ ഭീകരനെ ആരും ഇതിനു മുമ്പേ കണ്ടിട്ടില്ല .
.
കുറച്ചു സമയം ആയപ്പോൾ ഇത്തിരി കഷണ്ടിയും കുടവയറും ഉള്ള പാന്റിട്ട ഒരു രൂപം സ്കൂളിലേക്ക് കയറി വന്നു.
ഗൌരവം മുറ്റിയ മുഖം ..
ടീച്ചർമാർ ഭയ ഭക്തി ബഹുമാനത്തോടെ നിൽക്കുന്നു
അയാൾ പലതും പരിശോധിക്കുന്നു
ടീച്ചർമാരോട് ചോദ്യങ്ങൾ ചോദിക്കുന്നു .
.
ടീച്ചർമാരോട് ചോദ്യം ചോദിക്കാൻ ധൈര്യമുള്ളവനോ -- ഹമ്പട ..!! ഈ ഏയ്യോ അപ്പൊ ചില്ലറക്കാരനല്ല.
.
എല്ലാ ക്ലാസ്സിലും കേറി ഇറങ്ങി ടീച്ചർമാരോട് എന്തൊക്കെയോ ചോദിച്ചു അയാൾ ഓഫിസിലേക്കു തന്നെ പോയി. കുറച്ചു കഴിഞ്ഞു പതിയെ സ്കൂൾ മുഴുവൻ ഒരു മണം പരന്നു --
.
നല്ല കോഴി ബിരിയാണിയുടെ മണം ..!!!
.
എയ്യൊ എന്തിനാണ് സ്കൂളിൽ വന്നത് എന്നും
ടീച്ചർമാർ എന്തിനാണ് ഇത്രയും വെപ്രാളപ്പെട്ടത് എന്നോന്നും മനസ്സിലായില്ലെങ്കിലും ഞങ്ങൾക്ക് വേറൊരു കാര്യം മനസ്സിലായി .
.
ഈ ഭീകരൻ എയ്യോ ബിരിയാണി മാത്രേ കഴിക്കൂ .
.
…………………......................................................
സ്കൂളിൽ പോകാൻ എറ്റവും ഇഷ്ടം തോന്നുന്ന ദിവസങ്ങൾ ഏതൊക്കെയാണ് ..??
.
അടുത്തതവണ പറയാം ... അല്ലേ ..??

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ