Dream ...! Becoz those don't have dreams don't have much...!


2016 ജനുവരി 7, വ്യാഴാഴ്‌ച

അമ്മ വരുന്നേ ......ഓടിക്കോ ...!!!




എടാ ഉണ്ണീ, അമ്മ എന്താക്ക്ന്നാ ??

.
അടുക്കളേല് ഉണ്ട് ചോറ് വെക്ക്ന്നാ 
.
എന്നാ വാ, ഞമ്മക്ക് മീന്‍ പിടിക്കാം.
.
അമ്മ കാണ്വോ ??
.
അമ്മ അടുക്കളേല് അല്ലെ, ഞ്ഞി വേഗം വാ, ചൂണ്ട എട്യാ വെച്ചേ..???
.
ആ വായ ചോട്ടിലല്ലേ ..
.
ഇഞ്ഞല്ലേ വെച്ചേ .. ഞ്ഞി എടുത്തിട്റ്റ് തോട്ടിന്റെ അടുത്തു വാ .
വായന്റെ ചോട്ടില്‍ നിന്നെന്നെ മണ്ണിരേനേം പിടിച്ചോ..
.
ഞാന്‍ എര പിടിക്കൂലാ .. ഇന്നലെ പെന്സില് ചെത്തുമ്പോ എന്റെ കയി മുറിഞ്ഞതാ. മണ്ണായാല്‍ പയുക്കും .. !!
ചുണ്ട ഞാന്‍ എടുക്കാം .. ഏട്ടന്‍ തന്നെ ഇര പിടിക്കണം ...
.
വേം ബാ എടുത്തിറ്റ്... ഞാന്‍ അപ്പളത്തേക്കും എര പിടിക്കാം
.
ഞ്ഞി എടക്ക് എടക്ക് അമ്മ വരുന്നുണ്ടോന്നു നോക്കണേ ..
.
ഉം .. ഏട്ടാ ,
ഞമ്മള് ഉച്ചക്കും രാത്രീലും എല്ലാം മീന്‍ കൂട്ടിട്ടല്ലേ ചോറ് തിന്ന്ന്നേ..?? . പിന്നെ ഞമ്മള് മീം പിടിക്ക്ന്നേ എന്താ അമ്മക്ക് ഇഷ്ടല്ലാത്തെ ..???
.
എടാ ഉണ്ണീ.. അത് പിന്നെ .... ഞമ്മള് പിടിക്കുന്നെ മീം ചെര്‍തായോണ്ടാരിക്കും ..
വെലുതായാല്‍ ഞമ്മക്ക് കടലിന്റെ അടുത്ത് പോയി വെല്ല്യ മീം പിടിചോട്ക്കാം അമ്മക്ക് ഇഷ്ടാവും ..!!
.
ഡാ ഇഞ്ഞി കുപ്പി എടുത്തിട്ടില്ലേ .. മീം പിടിച്ചാല്‍ എന്തിലാ ഇടാ ??
.
മീനിനെ കിട്ടീറ്റ് പോരെ കുപ്പീ ..??? അന്നേരം എടുക്കാം
.
എടാ പൊട്ടാ , മീനിനെ കിട്ടീറ്റ് കുപ്പി എടുക്കുമ്പോളെക്ക് മീന്‍ ചത്ത്‌ പോവൂല്ലേ..?? വേം പോയി എടുത്തിറ്റ് വാ ഒരു ഓര്‍ലിക്സിന്റെ കുപ്പി. അമ്മ കാണാണ്ട് വേണം .. കണ്ടാല്‍ അമ്മക്ക് തിരിയും ..
.
ഒരു മീനിനേം കാണുന്നില്ലല്ലോ ..
.
തുപ്പി നോക്ക് .. തുപ്പിയാല്‍ മീന്‍ വരും
.
ഏട്ടാ .. ആ മാളത്തില്‍ നോക്ക് ..എന്താ അനങ്ങുന്ന പോലെ , പാമ്പാന്നോ ??
.
അയ്യോ ഏടെ ??
ഏയി, അത് എലയാടാ .. എല എളക്ന്നതാ , ഞ്ഞി വെറുതെ പേടിപ്പിക്കല്ലേ..
.
ശ്... ഒച്ച ഉണ്ടാക്കല്ലേ , മീന്‍ കൊത്തുന്നുണ്ട് ..
.
വലിച്ചോ വലിച്ചോ ..
.
ഛെ .. മീനെല്ലാം വിളവു പഠിച്ചു .. എര മുയുവന്‍ കൊത്തി തിന്ന്.
ഞ്ഞി ചൂണ്ടെമ്മല് ഇര കോര്‍ക്ക് ..
.
എന്റെ കൈ മുറിഞ്ഞിട്ടല്ലേ ഉള്ളെ .. ഞാന്‍ കോര്‍ക്കുല്ലാ ..
.
ഞ്ഞിങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരുന്നാ മതി ..ഒന്നും ചെയ്യണ്ടാ .
തോട്ടില് മുയുമന്‍ ഇപ്പോ ഈ ചെടിയാ അതാ ഇപ്പൊ മീന്‍ വരാത്തെ ..
.
എടാ അത് ചെടിയല്ല ..അത് പായലാ ..ആഫ്രിക്കന്‍ പായല് ..ആഫ്രിക്കേന്ന് വന്നതാ ..
.
ആഫ്രിക്ക എട്യാ .. കൊറേ ദൂഒരെയാ ???
.
ആ ..കൊറേ ദൂരെയാ..??
.
തലശ്ശേരിനെക്കാളും ദൂരെയാ ..???
.
ഉം.
.
അപ്പൊ അവിടുന്ന് എങ്ങനെയാ ഈ പായല് ഞമ്മളെ തോട്ടില് വന്നേ ..??
.
അത് ....അത് .... അത് പിന്നെ ....
ഞ്ഞി ഓരോന്ന് ചോയിച്ചോണ്ട് നിന്നിട്ടാ ഒരു മീനും കൊത്താത്തെ .. ഞ്ഞി ഒന്ന് മിണ്ടാണ്ടിരിക്ക്‌ ..
.
ഏട്ടാ മീനിനു ചെവിണ്ടോ ..
.
ഇല്ല ..
.
അപ്പൊ പിന്നെങ്ങനെയാ മീനു ഞമ്മള് പറേന്നെ കേള്‍ക്കാ ..??
.
അത് .......അത് ......ഉണ്ണീ.....
ഞ്ഞി മിണ്ടാണ്ടിരിക്ക്ന്നാ .. അല്ലെങ്കില്‍ ഞാന്‍ ഇനി മീന് പിടിക്കുലാ .
.
ഏട്ടന്‍ പിടിക്ക് ... ഞാന്‍ ഇനി ചോയിക്കുലാ ..
.
ഏട്ടാ ...ഞമ്മളെ മീന്‍കാരന്‍ മാപ്പിള കൊണ്ടേര്ന്ന പോലത്തെ മീന്‍ എന്താ ഞമ്മക്ക് ഈ തോട്ട്ന്നു കിട്ടാത്തെ ??
.
എടാ അത് കടലിലെ മീനല്ലേ, അത് ഈ തോട്ടില്‍ കിട്ടൂലാ ..
.
അതെന്താ കടലിലെ മീന് തോട്ടില് വന്നുടേ ..???
.
ഡാ... പൊട്ടാ , ഞമ്മള് ഉസ്ക്കൂള് വിട്ടു വന്നാല് സുബൈദാന്റെ കുട്ടികള് സുബൈദാന്റെ വീട്ടിലും, ഞമ്മള് ഞമ്മളെ വീട്ടിലും അല്ലേ പോവാ..??
അത് പോലെ തന്നെയാ മീനും – കടലിലെ മീന്‍ കടലില് – തോട്ടിലെ മീന്‍ തോട്ടില് . അങ്ങോട്ടും ഇങ്ങോട്ടും മാറാന്‍ പറ്റൂലാ...
.
ശ്....ശ്......ഞ്ഞി മിണ്ടല്ലേ.....ചുണ്ട അനങ്ങുന്നുണ്ട്.. മീം കൊത്ത്ന്ന്ണ്ട്... തോന്ന്ന്ന് ..
.
വലിച്ചോ.... വലിച്ചോ ..
.
കിട്ടിപ്പോയി....!!! ഡാ വല്ല്യ മീന്‍ ...!!!!
.
.
.
അയ്യോ........ഓടിക്കോ
.
ഏട്ടാ... അമ്മ വെരുന്നുണ്ട് ...... ഓടിക്കോ ...
.
ഓടിക്കോ......
.
.
.
.........................................................................
.
അല്പസമയത്തിനു ശേഷം വായ ചോട്ടില് നിന്നും ...
.
ചൂണ്ടയും പോയി കൊക്കയും പോയി ..മീനും പോയി..
.
അടി കിട്ടീട്ടില്ലല്ലോ – ഭാഗ്യം ..അച്ഛനോട് പറഞ്ഞോട്ക്കാണ്ടിരുന്നാ മതിയേനും...!!
.
***** ****** ******
.
അങ്ങനെയും ഉണ്ടായിരുന്നു ഒരുകാലം...!!
.
തൊട്ടുവക്കില്‍ സ്വര്‍ണ്ണ മീനുകള്‍ക്ക് വേണ്ടി ചൂണ്ടയിട്ടിരുന്ന ഒരു ബാല്യം..!!
.
തോര്‍ത്തു കൊണ്ടും കുടകൊണ്ടും...പിന്നെ ചൂണ്ടല്‍കൊണ്ടും മത്സ്യ കന്യകകളെ ആവാഹിച്ചിരുന്ന കാലം..!!
.
വിടര്‍ന്ന കണ്ണുകളോടെ തീന്തിത്തുടിക്കുന്ന സുന്ദരികളെ നോക്കിയിരുന്ന കാലം..!!!
.
ഇട്ടു കൊടുത്ത വറ്റ് മണികള്‍ തൊട്ടു നോക്കാതിരുന്നതിനു അവയോടു പരിഭവിച്ചിരുന്ന കാലം..
.
തൊണ്ടക്കുരുക്കില്‍ നിന്ന് ചൂണ്ടല്‍ അഴിച്ചെടുക്കുമ്പോള്‍ ചങ്കില്‍ നിന്നും ചോര പൊടിഞ്ഞിരുന്ന കാലം...
.
അവസാനം അവ ചത്തു മലച്ചു ആകാശത്തേക്ക് നോക്കികിടക്കുമ്പോള്‍ വേണ്ടായിരുന്നു എന്ന് വിചാരിച്ചിരുന്നു എന്ന കാലം..
.
ചൂണ്ടല്‍ ഇടുകയാണ് ഇപ്പോഴും..
.
യോഗ്യതകളും അനുഭവപരിചയങ്ങളും ഒക്കെ കൊരുത്തു വലിയ വലിയ സ്വര്‍ണ മീനുകള്‍ക്ക് വേണ്ടി....!!!
.
ശ്വാസം കിട്ടാതെ പിടഞ്ഞുപിടഞ്ഞു മരിക്കേണ്ടിവരുന്നത് ചൂണ്ടക്കാരനാണ് എന്നറിഞ്ഞു കൊണ്ട് തന്നെ...!!!
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ