Dream ...! Becoz those don't have dreams don't have much...!


2016 ജനുവരി 7, വ്യാഴാഴ്‌ച

Departures .....!!



വരരുത് എന്ന് പറഞ്ഞിട്ടും പലരും വരുന്നുണ്ടാരുന്നു ..
നേരില്‍ യാത്ര പറയാന്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ല ...
എല്ലാരേയും കണ്ടു യാത്ര പറയാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടാണ്.
.
തൊണ്ടയില്‍ ഒരു കുരുക്കു വീണിട്ട് ദിവസ്സങ്ങളായി .. 
യാത്ര അടുക്കുംതോറും അതിനു മൂര്‍ച്ച കൂടി വരുന്നു ..
.
സംഭരിച്ചു വെച്ച ശക്തിയെല്ലാം ചോര്‍ന്നു പോവുന്നതു പോലെ,
ഡല്‍ഹിയിലെ ജോലി അവസാനിപ്പിച്ചു വന്നിട്ട് മാസങ്ങളെ ആയുള്ളൂ, എന്നിട്ടും ..!!!
.
‘ഇനിയെന്ത്’ എന്ന ചോദ്യം കാര്‍മേഘമായി ഉരുണ്ടുകൂടി തുടങ്ങിയപ്പോഴാണ് സഹപ്രവര്‍ത്തകനും സുഹൃത്തുമായ അഷറഫ് ഒരു മെയില്‍ ഐഡി തന്നിട്ട് ഒന്ന് ശ്രമിച്ചു നോക്കാന്‍ പറഞ്ഞത്.
പിറ്റേ ദിവസം തന്നെ ഒട്ടും പരിചയം ഇല്ലാത്ത, ഒട്ടേറെ പൂജ്യങ്ങളുടെ അകമ്പടിയുള്ള നമ്പരില്‍ നിന്നൊരു കാള്‍- ഇന്റര്‍വ്യൂവിനു തയ്യാറാവാന്‍.
.
അല്പം കഴിഞ്ഞപ്പോള്‍ ഒന്നിന് പുറകെ ഒന്നായി രണ്ടു കോള്‍, രണ്ടു ലെവല്‍ ഇന്റര്‍വ്യൂ ..കാര്യങ്ങള്‍ മനസ്സിലായി വരുമ്പോഴെക്കു അപ്പൊയിന്റ്റ്മെന്റ് ഓര്‍ഡര്‍ മെയിലില്‍ എത്തി ...!!
.
പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി വിസക്ക് വേണ്ടി പലരും കാത്തിരിക്കുമ്പോള്‍ ഒരു ചിലവും ഇല്ലാതെ അക്കരെ എത്താന്‍ ഭാഗ്യം കൈവന്നവനെ എല്ലാവരും അഭിനന്ദിച്ചു ..
.
വിസയും ടിക്കറ്റും വന്നപ്പോഴാണ്
മരുഭൂമിയില്‍ സ്വര്‍ണ്ണം കൊയ്യുന്നത് സ്വപ്നം കണ്ടവന്‍ പൊക്കിള്‍ കൊടി മുറിയുന്നതിന്റെ വേദന അറിഞ്ഞു തുടങ്ങിയത്..!!
.
രണ്ടുരണ്ടര വര്‍ഷത്തെ ഡല്‍ഹി പ്രവാസമാണെന്ന് തോന്നുന്നു എന്റെ ഗ്രാമം സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാക്കിയത്.
ദൂരെ ദൂരെ പറന്നു പോകാന്‍ ആഗ്രഹിച്ചവന്റെ കാലില്‍ കാണാ ചങ്ങലകള്‍ തീര്‍ത്തത്‌.
.
“....എല്ലാരും എന്തൊക്കെയോ കൊണ്ട് വന്നിട്ടിട്ടുണ്ട് .. നിന്റെ പെട്ടിയില്‍ എടുത്തു വച്ചേക്ക്...” അമ്മയാണ് .
“...വേണ്ടാ.. ഒന്നും...” ഇഷ്ടമില്ലാഞ്ഞിട്ടല്ല ..ഒന്നിനും ഒരു താല്പര്യം തോന്നുന്നില്ല ..
.
“....ദുബൈയിലെത്തിയാല്‍ പിന്നെ നമ്മളെ ഒക്കെ ഓര്‍മ്മയുണ്ടാവുമോടാ ..” അപ്പുറത്തെ വല്‍സലേച്ചി. ചോദ്യം അവസാനിച്ചത്‌ ഒരു കരച്ചിലിലാണ്.
.
അതൊരു തീയായി അമ്മയിലേക്കും .. അടുക്കള നിശബ്ദമായി
.
തേങ്ങലിന്റെ ചീളുകള്‍ കുത്തിത്തറച്ചു തുടങ്ങി.
.
പിടിച്ചു നില്‍ക്കാന്‍ ആവില്ലെന്നു തീര്‍ച്ചയാപ്പോള്‍ ഞാന്‍ അകത്തേക്ക് പോയി.
.
“...പറഞ്ഞതെല്ലാ എല്ലാം എടുത്തു വച്ചിട്ടുണ്ട്. ഒന്ന് നോക്കിയേക്ക് ..” അനിയന്‍ .
എന്ത് നോക്കാന്‍. പ്രിയമുള്ളതൊക്കെയും ഇവിടെ തന്നെയാണുള്ളത് ..
.
ഒന്നും കൂടെ കൊണ്ട് പോകാന്‍ കഴിയില്ലല്ലോ .
.
“...പാസ്പോര്‍ട്ടും വിസയും ടിക്കറ്റും വേറെ തന്നെ വെക്കണം .. പെട്ടെന്ന് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ ...”
.
“...ഉം..”
.
“...അവിടെ കൂട്ടാന്‍ ആളുണ്ടാവുല്ലോ, ല്ലേ ...”
.
“..ഉം..ഉണ്ടാവും ..”
.
അച്ഛന് പിന്നെയും എന്തൊക്കെയോ പറയാനുണ്ടാരുന്നു.. ആ മുഖത്തേക്ക് നോക്കാന്‍ വയ്യ.
.
മൌനം ...
.
പറയാനുള്ളതോക്കെയും നെടുവീര്‍പ്പുകളായി ഉയരുന്നു..
.
കുറച്ചു നേരം കൂടി മുറിയില്‍ നിന്നിട്ട് അച്ഛന്‍ പോയി
.
ജനലിനപ്പുറത്തെ കാഴ്ചകള്‍ക്ക് എന്ത് ഭംഗിയാണ് ..!!
.
അച്ഛമ്മ ഉറങ്ങുന്ന ഭൂമിക്കു തണല് തീര്‍ത്ത്‌ വാഴക്കൂട്ടം.
വെയില്‍കാഞ്ഞു തൊട്ടാവാടികള്‍..
നിവര്‍ന്നു നിക്കുന്ന കവുങ്ങിനെ ചുറ്റിപ്പിണരാന്‍ നോക്കുന്ന കുരുമുളക് തൈ..
എന്തോ കാണാനെന്നെ പോലെ തലയുയര്‍ത്തി നോക്കുന്ന പുല്‍നാമ്പുകള്‍...
.
എന്ത് ഭംഗിയാണ് എല്ലാത്തിനും ....!!
.
ഇനി കോണ്‍ക്രീറ്റ് കാടുകള്‍ ആവും കാഴ്ചക്ക് അതിരുതീര്‍ക്കുന്നത്
.
വേണ്ടായിരുന്നു .. ഒന്നും വേണ്ടായിരുന്നു ..
.
ഒരു ചെറിയ ജോലി മതിയാരുന്നു .. എന്നും ഈ മണ്ണില്‍ തന്നെ കഴിഞ്ഞാല്‍ മതിയാരുന്നു.
.
ഈ മഴയും വെയിലും മാത്രം മതിയാരുന്നു.
.
അഷറഫിനെ മനസ്സ് കൊണ്ട് ശപിച്ചു.
.
ജനലിലൂടെ കടന്നു വന്നൊരു കാറ്റ് ഒന്ന് മുറുകെ പുണര്‍ന്നു ..
.
വിടില്ലെന്ന് പറയുകയാണോ ??
.
പാടില്ല..
.
പോയേ പറ്റൂ
.
കൊളുത്തുവലിച്ച അമ്മ തേങ്ങലിനെ കുടഞ്ഞു തെറിപ്പിച്ചു.. ..
.
വഴികള്‍ മുന്നോട്ട് മാത്രമാണ് ..
എല്ലാരുടെയും പ്രതീക്ഷകള്‍ .. ആഗ്രഹങ്ങള്‍ , സ്വപ്‌നങ്ങള്‍.. ഒന്നിനും ഒന്നും തടസ്സമാവരുത്.
.
ഒന്നിനും തോറ്റുകൊടുത്തുകൂടാ.
.
ഉയര്‍ന്നു വന്നൊരു ഗദ്ഗദത്തെ പല്ലുകള്‍ക്കിടയില്‍ ഞെരിച്ചമര്‍ത്തി...
.
“....മോനെ , ചോറെടുത്ത് വച്ചിട്ടുണ്ട്, കഴിക്ക് ..സമയം ആയി...”
.
ആരെയും വിളിച്ചില്ല .. ആരെയും ശ്രദ്ദിച്ചുമില്ല ..വിശപ്പും രുചിയും ഇല്ലതായിട്ട് ദിവസങ്ങള്‍ ആയി.
കഴിച്ചെന്നു വരുത്താനായി ഒരുരുളഎടുത്തു വായില്‍ വച്ചു
“..ഒന്നും കഴിക്കാന്‍ കൊള്ളിലെന്നു” പരാതി പറയാന്‍ ഇനി കഴിയില്ലല്ലോ.
.
തൊണ്ട പൊട്ടുന്നത് പോലെ വേദനിക്കുന്നു.
.
ചോറിറങ്ങുന്നില്ല.
.
“...ഇനി ഏത് നേരത്താണോ എന്റെ മോന് ....” അമ്മക്കണ്ണുകള്‍ പിന്നെയും പെയ്തു ..
.
ക്ലോക്കിലെ സൂചികള്‍ ശത്രുക്കളെപ്പോലെ മത്സരിച്ചോടി..
മണി മുഴങ്ങിക്കഴിഞ്ഞു
ഇനി യാത്രാമൊഴി ..
.
നിറദീപം സാക്ഷിയാക്കി അച്ഛന്റെയും അമ്മയുടെയും കാല്‍ തൊട്ടു വന്ദിച്ചു;
എന്നും അനുഗ്രഹമായിരുന്ന അച്ഛമ്മയെ മനസ്സ് കൊണ്ടും.
.
ആരോടും യാത്ര ചോദിക്കാന്‍ വയ്യ.
.
ശബ്ദമില്ല.
.
കണ്ണുകള്‍ കൊണ്ട് യാത്രചോദിച്ചിറങ്ങി
.
എന്നും സ്വന്തമായിരുന്ന കാഴ്ച്ചകളെ പുറകില്‍ വിട്ടു പുതിയ തീരം തേടിയുള്ള യാത്ര തുടങ്ങുകയാണ്
.
തിരിഞ്ഞു നോക്കാന്‍ പാടില്ല..
......................................
.
മൈല്‍കുറ്റികള്‍ എയര്‍ പോര്‍ട്ടിന്റെ സാമീപ്യം വിളിച്ചോതി.
.
എന്തുകൊണ്ടോ നെഞ്ചിടിപ്പ് കൂടി ..
.
ഫ്ലൈറ്റ് ക്യാന്‍സല്‍ ആയെങ്കിലെന്നു വെറുതെയെങ്കിലും ആശിച്ചു.
.
കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയ മുഖങ്ങള്‍ ആണെങ്ങും ..
പറഞ്ഞയക്കാനായി വന്നിട്ടും മുറുകെ പിടിക്കുന്നുണ്ട് പലരും.
.
കന്നിപ്പറക്കലിന്റെ പരിഭ്രമം പുറത്തുകാട്ടാതെ ‘ എല്ലാം അറിയുന്നവനെന്ന’ ഭാവം എടുത്തണിഞ്ഞു. അത് കാര്യങ്ങള്‍ സുഗമമാക്കുമെന്നു പഠിച്ചു വച്ചിട്ടുണ്ട്.
.
പലരുടെയും സ്വപ്നങ്ങളെ മറുകരയെത്തിച്ച വിമാനങ്ങള്‍ കൂറ്റന്‍ ചില്ല് ജനാലയ്ക്കപ്പുറം പറക്കാന്‍ തയ്യാറായി.
.
യന്ത്രപ്പറവയുടെ ഉള്ളിലേക്ക് വലതു കാലെടുത്തു വെക്കും മുമ്പ് വിസിറ്റെര്‍സ് ഗ്യാല്ലറിക്ക് നേരെ തിരിഞ്ഞു കൈവീശിക്കാണിച്ചു..
.
അത് കാണാന്‍ ആരുമുണ്ടാവില്ലെന്നാണ് കരുതിയതെങ്കിലും പിന്നീടാണറിഞ്ഞത്;
അവിടെ ഒരു മഴ ആര്‍ത്തലച്ചു പെയ്യുന്നുണ്ടായിരുന്നെന്ന്,
.
എന്റെ അച്ഛന്‍ ..!!
.
പ്രിയപ്പെട്ടവരോടോക്കെയും അവസാനമായി ഒരിക്കല്‍ കൂടി യാത്ര പറഞ്ഞപ്പോഴേക്കും മധുര ശബ്ദം മുഴങ്ങി..
.
Dear Passengers,
.
We are about to fly towards our dreams. ..!!
.
Please keep your worries and pains in complete switch off mode.
.
Fasten your beloved faces close to your heart
.
Aims upright.
.
Wings stretched.
.
We will reach our promised land in a few hours ..!!
.
Thank you
.

ചില മുഖങ്ങള്‍ ...!!





ഓട്ടോഗ്രാഫ്സ്



ഓട്ടോഗ്രാഫ്സ്

----------------------------.
SSLC പലതിനും പൂര്‍ണ്ണവിരാമമായിരുന്നു ഒരുകാലത്ത്.
.
വര്‍ഷങ്ങളായുള്ള ഒന്നിച്ചിരിപ്പിന്...
.
വഴിവക്കിലെ കാത്തു നില്‍പ്പിന്...
.
ചിലരുടെ എങ്കിലും പഠനത്തിന്, യൂണിഫോര്‍മിന് ....
ടീച്ചര്‍മാരുടെ അടിക്കും ഇമ്പോസിഷനും .... പിന്നെയും പലതിനും ...
.
സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും കണ്ണികള്‍ പോട്ടിപ്പോവാതെ സൂക്ഷിക്കാന്‍ വാട്സ് അപ്പും ഫേസ്ബുക്കും ഇല്ലാതിരുന്ന ആക്കാലത്ത്
“....ഇനിയെന്നും കാണും നമ്മള്‍...? എന്ന് വിലപിച്ചിരുന്നത് ആ കുഞ്ഞു പേജ് കളിലൂടെയായിരുന്നു..
.
ഒരു ജന്മത്തിലെക്കുള്ള മുഴുവന്‍ ആശംസകള്‍ നേരാനും അവ മാത്രമായിരുന്നു വഴി ..
.
മീനസൂര്യനേക്കാള്‍ ചൂടുള്ള മാര്‍ച്ചിലെ പരീക്ഷകള്‍ക്കിടയിലും എല്ലാവരുടെ കയ്യിലും ഉണ്ടാവും ഒട്ടോഗ്രഫ് ..
.
എഴുതാനും എഴുതിക്കാനും
.
ഫെബ്രവരി മാസം ആകുമ്പേഴേ അവര്‍ കടകളില്‍ എത്തും; പല വര്‍ണ്ണങ്ങളില്‍ ..
.
പറയാനുള്ളതൊക്കേയും നാല് വരികളില്‍ ഒതുക്കണം എന്ന് നിര്‍ബ്ബന്ധം പിടിച്ചതാരാവും ..?? ഓട്ടോഗ്രാഫുകള്‍ ഒക്കെയും ചെറുതായിരുന്നല്ലോ...??
.
ചുരുക്കം ചിലര്‍ക്ക് കടല്‍ കടന്നെത്തിയ അത്തറിന്റെ പരിമളം ഉള്ള ഓട്ടോഗ്രാഫ് സ്വന്തമായിരുന്നു ..രഹസ്യങ്ങള്‍ ലോകം കാണാതെ സൂക്ഷിക്കാനാവും പൂട്ടും താക്കോലും ഉണ്ടായിരുന്നു ചിലതിന്..
.
ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായിരുന്നു ആദ്യം ഓട്ടോഗ്രാഫ് എഴുതാന്‍ നറുക്ക് വീണിരുന്നത്..
.
കുറുമ്പിന്റെ കളിക്കളങ്ങളില്‍ നിന്ന് എന്നെ കൈപിടിച്ചു കൊണ്ട് പോയി ക്ലാസ്സിലെ ഒന്നാം സ്ഥാനത്ത് ഇരുത്തിയ വാവേച്ചിയായിരുന്നു എന്റെ ഓട്ടോഗ്രാഫില്‍ ആദ്യം എഴുതിയത് ..
.
ശിഷ്യനില്‍ നിന്ന് കുഞ്ഞനുജനിലേക്ക് സ്ഥാനക്കയറ്റം നല്‍കി ചുവന്ന കടലാസ്സില്‍ നീല മഷിയില്‍ ആയുരാരോഗ്യ സൌഖ്യങ്ങള്‍; സുഖവും സമ്പത്തും അറിവും ..!!!
സുന്ദരികളെ ക്കൊണ്ട് എഴുതിക്കാനുള്ള തിക്കും തിരക്കുമായിരുന്നു എങ്ങും ..(ഈ ഉള്ളവന്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നതിന് വില്ലേജ് ആപ്പീസറുടെ സാക്ഷ്യപത്രം വേണേല്‍ ഹാജരാക്കാം )
പലര്‍ക്കും സുന്ദരികളും റെക്കമെന്റെഷന്‍ പോലും അവഗണിച്ചിരുന്നു..
.
“ബ്രോയും സിസും” എങ്ങും ഉണ്ടായിരുന്നില്ല ...”സോദരനും സോദരിയും” മാത്രം ..
വളയിട്ട കൈകളുടെ “സോദരാ” വിളികള്‍ പലരുടെയും പ്രതീക്ഷകള്‍ക്ക് അവസാനമിട്ടു .. നെഞ്ചകം തകര്‍ത്ത്...
.
വിരഹത്തിന്റെ വിലാപങ്ങള്‍ ആയിരുന്നു കൂടുതലും .. കൂട്ടിനെത്തിയത് സിനിമാ ഗാനങ്ങള്‍.. കവിതകള്‍
.
“...മറവി തന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും
ഓര്‍മ്മകള്‍ വന്നു തൊട്ടുണര്‍ത്തും...“ എന്ന പ്രതീക്ഷയില്‍ പലരും അവസാന ഒപ്പ് വച്ചു
.
അവസാന പേജില്‍ എഴുതിയവരോക്കെയും ഓര്‍മ്മയില്‍ ആദ്യമായിരിക്കണം എന്ന് വാശിപിടിച്ചു
.
“....ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താന്‍ ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍...” എന്നെഴുതിയവന് നേരെ മുഖം കടുപ്പിച്ചുവെങ്കിലും അവളുടെ കണ്ണുകള്‍ വേറെന്തോ പറഞ്ഞു ..
.
വിടപറയും മുമ്പേ ചിലരെങ്കിലും തമാശകൊണ്ട് രംഗം തണുപ്പിച്ചു ..
“....നാരായണം ഭജേ നാരായണം ..സന്താന നിയന്ത്രണം നാരായണം ..
പക്ഷെ രണ്ടായാല്‍ നിര്‍ത്തണം നാരായണം...” എന്ന് ചെറിയ വായില്‍ വലിയ ഉപദേശം നല്‍കിയ സുഹൃത്തിന് ഇപ്പൊ കുട്ടികള്‍ എത്രയാണാവോ..??
.
“....ഓടുന്ന ബസ്സിനു പുറകെ പോയാലും ചിരിക്കുന്ന പെണ്ണിന് പുറകെ പോകരുതേ സോദരാ...” എന്ന് ഉപദേശിച്ചവന് കാമുകിമാര്‍ നാലായിരുന്നു ..
.
“...വിരഹഗാനം പാടി വിട പറയും നേരത്ത് ഒരു ചൂട് വട വാങ്ങിത്തരുമോ..” എന്ന സുഹൃത്തിന്റെ ആഗ്രഹം സഫലമാക്കാന്‍ പോക്കറ്റ് മണി തടസ്സമായിരുന്നു .
.
“...ഓര്‍മിക്കാന്‍ നല്ലൊരു മനസ്സുണ്ടെങ്കില്‍ പിന്നെയെന്തിനാടാ ഈ ചിതലരിക്കുന്ന ഓട്ടോഗ്രാഫ് ??...” എന്ന് ചോദിച്ച സുഹൃത്ത് ഇപ്പൊ ആ കാലം ഓര്‍ക്കുന്നുണ്ടാവുമോ ?? ഇല്ലെങ്കിലും ഓട്ടോഗ്രാഫ് ഇതുവരെയും ചിതലരിച്ചില്ല.
.
“.....വര്‍ഷങ്ങള്‍ക്കു ശേഷം എവിടെയെങ്കിലും വച്ചു കണ്ടാല്‍ ‘ഹൌ ആര്‍ യു?’ എന്ന് ചോദിച്ചില്ലെങ്കിലും ‘...ഹൂ ആര്‍ യു..’ എന്ന് ചോദിക്കരുതേ സോദരാ..” എന്ന് കേണവന്‍ വഴിയില്‍ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു പോലുമില്ല.
.
Try to get distinction എന്ന് സുഹൃത്തിനെ ഉപദേശിച്ചവന് എന്നും ഒറ്റയക്കങ്ങള്‍ ആരുന്നു മാര്‍ക്ക്
“...വെഡിങ്ങ് കാര്‍ഡ്‌ അയക്കാന്‍ മറക്കരുതേ...” എന്ന് ഓര്‍മ്മിപ്പിച്ചവര്‍ അവരുടെ വെഡിങ്ങ് കാര്‍ഡുകള്‍ അയക്കുന്ന നേരത്ത് ഓട്ടോഗ്രാഫ് തുറന്നു കാണുമോ ???
.
അധ്യാപകര്‍ “..ഓള്‍ ദി ബെസ്റ്റില്‍” ഗൌരവം പൂണ്ടപ്പോള്‍ കൂട്ടുകൂടിയവര്‍ പലരും ദാര്‍ശനികരായി ..
.
“...ജീവിത വഴിത്താരയില്‍ എന്നെങ്കിലും കണ്ടുമുട്ടിയാല്‍ ഒന്ന് പുഞ്ചിരിക്കാന്‍ മറക്കരുതേ സോദരാ എന്ന് പറഞ്ഞവള്‍ എന്റെ പുഞ്ചിരിയെ അവഗണിച്ചത് അപരിചിതത്വം വാരിയണിഞ്ഞ്..
.
“...സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും..” എന്ന് കുമാരനാശാന്റെ ഫോട്ടോ കോപ്പി ആയവന്‍ ഇന്ന് ചോരക്കണ്ണുകളും കട്ടി മീശയും ഉള്ള പാര്‍ട്ടി ഗുണ്ടയാണ്
.
.വരാന്‍ പോകുന്ന പരീക്ഷകളെ പറ്റി എന്നും വേവലാതിപ്പെട്ട ഒരു സുഹൃത്ത് ഓട്ടോഗ്രാഫ് എഴുതിയത് ഇങ്ങനെ ..
“....ഒരു നിശയമില്ലോന്നിനും വരുമോരോ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനെതിണോ ...തിരിയാ ലോക രഹസ്യമാര്‍ക്കുമേ ..”
.
എല്ലാ പരീക്ഷകളും യുദ്ദങ്ങള്‍ ആയിക്കണ്ടവര്‍ പേനകൊണ്ട് പടവെട്ടി വിജയം വരിക്കാന്‍ ആഹ്വാനം ചെയ്തു.
“….മരം പറയുന്നു Don’t Cut Me
തൊട്ടാവാടി പറയുന്നു Don’t Touch Me
ഞാന്‍ പറയുന്നു Don’t Forget Me ..”
എന്ന് എഴുതിയവന്റെ മുഖം എത്ര വിളിച്ചിട്ടും മറവിയുടെ മറയത്തു തന്നെ നില്‍ക്കുന്നു .
.
കോപ്പി അടിക്കാര്‍ പരീക്ഷാ ഹാളില്‍ മാത്രമായിരുന്നില്ല; ഓട്ടോഗ്രാഫ് എഴുത്തിലും ഉണ്ടായിരുന്നു .. വിരഹത്തിന്റെ വേദനയില്‍ സ്ഫുടം ചെയ്ത എന്റെ ഓട്ടോഗ്രാഫ് “കവിതകളെ” (അങ്ങനെ ആയിരുന്നു അന്ന് കരുതിയിരുന്നത് ) രായ്ക്കു രാമാനം ചുരണ്ടി എടുത്തു എന്റെ ഓട്ടോഗ്രാഫില്‍ എഴുതി ഒരു വിരുതന്‍...
.
********************************************************************
.
ബ്രെണ്ണന്റെ തിരുമുറ്റത്ത് ഓടിക്കളിച്ച രണ്ടു വര്‍ഷങ്ങള്‍ അവസാനിപ്പിച്ചതും ഓട്ടോഗ്രാഫില്‍ ഒപ്പ് വച്ചായിടുന്നു ..
.
മധുര പതിനേഴ് ബന്ധങ്ങള്‍ക്ക് ഇഴയടുപ്പം കൂട്ടിയത് കൊണ്ടാവണം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴികളായിരുന്നു കൂടുതലും ..
.
പഠിച്ചതും പഠിപ്പിച്ഛതുമായ പതിനെട്ട് വഴികളും പയറ്റിയിട്ടും എന്റെ “ നമ്പരുകളില്‍ “ ഒന്നും വീഴാതിരുന്ന വിടര്‍ന്ന കണ്ണുകള്‍ അവസാനം പറഞ്ഞു വെച്ചത് ഇങ്ങനെ :
.
“....പഹലാ പഹലാ പ്യാര്‍ ഹെ...
പഹലി പഹലി ബാര്‍ ഹെ
ജാനെക്കോബീ അന്‍ജാനാ....
ഐസാ മേരാ പ്യാര്‍ ഹെ...”
.
********************************************************************
.
മാര്‍ച്ചും ഏപ്രിലും പിന്നെയും കുറേ കടന്നു പോയി ..ഓട്ടോഗ്രാഫുകളും.
പുസ്തകങ്ങളോടു വിടപറയാന്‍ സമയമായപ്പോള്‍ പലരും ഗൌരവങ്ങളായ പിന്‍കുറിപ്പുകള്‍ എഴുതി ..
.
ഒന്നിച്ചു കഴിഞ്ഞ ദിനങ്ങള്‍ ഓര്‍ത്തെടുത്തു പലരും ..
ക്ലാസ്സിലും ഗൌണ്ടിലും വേദികളിലും പരസ്പരം മത്സരിച്ചെങ്കിലും പ്രിയപ്പെട്ടവനായിരുന്നെന്നു എല്ലാവരും എല്ലാരോടും പറഞ്ഞു.
.
പേരിനടിയില്‍ എഴുതിയ അഡ്രസ്സും ഫോണ്‍ നമ്പരും നിന്നെ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു പറയാതെ പറഞ്ഞു..
.
എനിക്കേറ്റവും പ്രിയപ്പെട്ട അക്ഷരങ്ങളില്‍ മുഴുമിക്കാത്ത ഒരു വാചകമാണ് ഉണ്ടായിരുന്നത് .
.
ഒരു പാട് തവണ വായിച്ചു വായിച്ചു ഹൃദിസ്ഥമായ വരികള്‍..
.
എന്ത് കൊണ്ട് ആ വരികള്‍ പൂര്‍ണ്ണമാക്കാന്‍ ആവശ്യപ്പെട്ടില്ല എന്ന് പിന്നീട് ഒരായിരം വട്ടം സ്വയം കുറ്റപ്പെടുത്താന്‍ കാരണമായ വരികള്‍.
.
വര്‍ഷങ്ങള്‍ക്കിപ്പുറം ആ വരികള്‍ക്കിടയിലൂടെ എന്ത് കൊണ്ട് നീ എന്നേ തേടി വന്നില്ല എന്നവള്‍ ചോദിച്ചപ്പോള്‍ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല..
.
ഒരു വാക്കിനപ്പുറമിപ്പുറം കടത്ത് വള്ളം കിട്ടാതെ ഒരു ജന്മം പാഴാക്കാനായിരുന്നു വിധിയെന്ന് സ്വയം ആശ്വസിച്ചു...
.
**********************************************************************
.
പ്രിയപ്പെട്ട വായനക്കാരാ, നിങ്ങളും ഓര്‍ക്കുന്നില്ലേ ആ ഓട്ടോഗ്രഫുകള്‍ ??
.
എഴുതിയതും എഴുതാന്‍ ആഗ്രഹിച്ചതും..
.
വരികള്‍ക്കിടയില്‍ പലതും പറയാതെ പറഞ്ഞതും.
.
കാലങ്ങള്‍ എത്ര കഴിഞ്ഞിട്ടും ഇന്നും ഓര്‍മ്മകളില്‍ എഴുന്നു നില്‍ക്കുന്ന ചില അക്ഷരങ്ങളില്ലേ ..???
.
ഫേസ്ബുക്കില്‍ നിങ്ങള്‍ തിരഞ്ഞ പല പേരുകളും ആ ഓട്ടോഗ്രാഫിലൂടെ നിങ്ങളെ പിന്തുടര്‍ന്നവയല്ലേ..??
.
മറവിയുടെ മാറാലകള്‍ വകഞ്ഞു മാറ്റി ഓര്‍മ്മയുടെ വാതിലുകള്‍ തള്ളി ത്തുറന്നു അവയെ ഇവിടെ ഒന്ന് പങ്കു വെക്കാമോ ??
.
ഒരു ചെറു പുഞ്ചിരിയുടെ കറുകമോതിരം അണിഞ്ഞു
ദീര്‍ഘ നിശ്വാത്തിന്റെ എള്ളും പൂവും തൊട്ടു ഒരിക്കല്‍ കൂടി ...
.

അമ്മ വരുന്നേ ......ഓടിക്കോ ...!!!




എടാ ഉണ്ണീ, അമ്മ എന്താക്ക്ന്നാ ??

.
അടുക്കളേല് ഉണ്ട് ചോറ് വെക്ക്ന്നാ 
.
എന്നാ വാ, ഞമ്മക്ക് മീന്‍ പിടിക്കാം.
.
അമ്മ കാണ്വോ ??
.
അമ്മ അടുക്കളേല് അല്ലെ, ഞ്ഞി വേഗം വാ, ചൂണ്ട എട്യാ വെച്ചേ..???
.
ആ വായ ചോട്ടിലല്ലേ ..
.
ഇഞ്ഞല്ലേ വെച്ചേ .. ഞ്ഞി എടുത്തിട്റ്റ് തോട്ടിന്റെ അടുത്തു വാ .
വായന്റെ ചോട്ടില്‍ നിന്നെന്നെ മണ്ണിരേനേം പിടിച്ചോ..
.
ഞാന്‍ എര പിടിക്കൂലാ .. ഇന്നലെ പെന്സില് ചെത്തുമ്പോ എന്റെ കയി മുറിഞ്ഞതാ. മണ്ണായാല്‍ പയുക്കും .. !!
ചുണ്ട ഞാന്‍ എടുക്കാം .. ഏട്ടന്‍ തന്നെ ഇര പിടിക്കണം ...
.
വേം ബാ എടുത്തിറ്റ്... ഞാന്‍ അപ്പളത്തേക്കും എര പിടിക്കാം
.
ഞ്ഞി എടക്ക് എടക്ക് അമ്മ വരുന്നുണ്ടോന്നു നോക്കണേ ..
.
ഉം .. ഏട്ടാ ,
ഞമ്മള് ഉച്ചക്കും രാത്രീലും എല്ലാം മീന്‍ കൂട്ടിട്ടല്ലേ ചോറ് തിന്ന്ന്നേ..?? . പിന്നെ ഞമ്മള് മീം പിടിക്ക്ന്നേ എന്താ അമ്മക്ക് ഇഷ്ടല്ലാത്തെ ..???
.
എടാ ഉണ്ണീ.. അത് പിന്നെ .... ഞമ്മള് പിടിക്കുന്നെ മീം ചെര്‍തായോണ്ടാരിക്കും ..
വെലുതായാല്‍ ഞമ്മക്ക് കടലിന്റെ അടുത്ത് പോയി വെല്ല്യ മീം പിടിചോട്ക്കാം അമ്മക്ക് ഇഷ്ടാവും ..!!
.
ഡാ ഇഞ്ഞി കുപ്പി എടുത്തിട്ടില്ലേ .. മീം പിടിച്ചാല്‍ എന്തിലാ ഇടാ ??
.
മീനിനെ കിട്ടീറ്റ് പോരെ കുപ്പീ ..??? അന്നേരം എടുക്കാം
.
എടാ പൊട്ടാ , മീനിനെ കിട്ടീറ്റ് കുപ്പി എടുക്കുമ്പോളെക്ക് മീന്‍ ചത്ത്‌ പോവൂല്ലേ..?? വേം പോയി എടുത്തിറ്റ് വാ ഒരു ഓര്‍ലിക്സിന്റെ കുപ്പി. അമ്മ കാണാണ്ട് വേണം .. കണ്ടാല്‍ അമ്മക്ക് തിരിയും ..
.
ഒരു മീനിനേം കാണുന്നില്ലല്ലോ ..
.
തുപ്പി നോക്ക് .. തുപ്പിയാല്‍ മീന്‍ വരും
.
ഏട്ടാ .. ആ മാളത്തില്‍ നോക്ക് ..എന്താ അനങ്ങുന്ന പോലെ , പാമ്പാന്നോ ??
.
അയ്യോ ഏടെ ??
ഏയി, അത് എലയാടാ .. എല എളക്ന്നതാ , ഞ്ഞി വെറുതെ പേടിപ്പിക്കല്ലേ..
.
ശ്... ഒച്ച ഉണ്ടാക്കല്ലേ , മീന്‍ കൊത്തുന്നുണ്ട് ..
.
വലിച്ചോ വലിച്ചോ ..
.
ഛെ .. മീനെല്ലാം വിളവു പഠിച്ചു .. എര മുയുവന്‍ കൊത്തി തിന്ന്.
ഞ്ഞി ചൂണ്ടെമ്മല് ഇര കോര്‍ക്ക് ..
.
എന്റെ കൈ മുറിഞ്ഞിട്ടല്ലേ ഉള്ളെ .. ഞാന്‍ കോര്‍ക്കുല്ലാ ..
.
ഞ്ഞിങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരുന്നാ മതി ..ഒന്നും ചെയ്യണ്ടാ .
തോട്ടില് മുയുമന്‍ ഇപ്പോ ഈ ചെടിയാ അതാ ഇപ്പൊ മീന്‍ വരാത്തെ ..
.
എടാ അത് ചെടിയല്ല ..അത് പായലാ ..ആഫ്രിക്കന്‍ പായല് ..ആഫ്രിക്കേന്ന് വന്നതാ ..
.
ആഫ്രിക്ക എട്യാ .. കൊറേ ദൂഒരെയാ ???
.
ആ ..കൊറേ ദൂരെയാ..??
.
തലശ്ശേരിനെക്കാളും ദൂരെയാ ..???
.
ഉം.
.
അപ്പൊ അവിടുന്ന് എങ്ങനെയാ ഈ പായല് ഞമ്മളെ തോട്ടില് വന്നേ ..??
.
അത് ....അത് .... അത് പിന്നെ ....
ഞ്ഞി ഓരോന്ന് ചോയിച്ചോണ്ട് നിന്നിട്ടാ ഒരു മീനും കൊത്താത്തെ .. ഞ്ഞി ഒന്ന് മിണ്ടാണ്ടിരിക്ക്‌ ..
.
ഏട്ടാ മീനിനു ചെവിണ്ടോ ..
.
ഇല്ല ..
.
അപ്പൊ പിന്നെങ്ങനെയാ മീനു ഞമ്മള് പറേന്നെ കേള്‍ക്കാ ..??
.
അത് .......അത് ......ഉണ്ണീ.....
ഞ്ഞി മിണ്ടാണ്ടിരിക്ക്ന്നാ .. അല്ലെങ്കില്‍ ഞാന്‍ ഇനി മീന് പിടിക്കുലാ .
.
ഏട്ടന്‍ പിടിക്ക് ... ഞാന്‍ ഇനി ചോയിക്കുലാ ..
.
ഏട്ടാ ...ഞമ്മളെ മീന്‍കാരന്‍ മാപ്പിള കൊണ്ടേര്ന്ന പോലത്തെ മീന്‍ എന്താ ഞമ്മക്ക് ഈ തോട്ട്ന്നു കിട്ടാത്തെ ??
.
എടാ അത് കടലിലെ മീനല്ലേ, അത് ഈ തോട്ടില്‍ കിട്ടൂലാ ..
.
അതെന്താ കടലിലെ മീന് തോട്ടില് വന്നുടേ ..???
.
ഡാ... പൊട്ടാ , ഞമ്മള് ഉസ്ക്കൂള് വിട്ടു വന്നാല് സുബൈദാന്റെ കുട്ടികള് സുബൈദാന്റെ വീട്ടിലും, ഞമ്മള് ഞമ്മളെ വീട്ടിലും അല്ലേ പോവാ..??
അത് പോലെ തന്നെയാ മീനും – കടലിലെ മീന്‍ കടലില് – തോട്ടിലെ മീന്‍ തോട്ടില് . അങ്ങോട്ടും ഇങ്ങോട്ടും മാറാന്‍ പറ്റൂലാ...
.
ശ്....ശ്......ഞ്ഞി മിണ്ടല്ലേ.....ചുണ്ട അനങ്ങുന്നുണ്ട്.. മീം കൊത്ത്ന്ന്ണ്ട്... തോന്ന്ന്ന് ..
.
വലിച്ചോ.... വലിച്ചോ ..
.
കിട്ടിപ്പോയി....!!! ഡാ വല്ല്യ മീന്‍ ...!!!!
.
.
.
അയ്യോ........ഓടിക്കോ
.
ഏട്ടാ... അമ്മ വെരുന്നുണ്ട് ...... ഓടിക്കോ ...
.
ഓടിക്കോ......
.
.
.
.........................................................................
.
അല്പസമയത്തിനു ശേഷം വായ ചോട്ടില് നിന്നും ...
.
ചൂണ്ടയും പോയി കൊക്കയും പോയി ..മീനും പോയി..
.
അടി കിട്ടീട്ടില്ലല്ലോ – ഭാഗ്യം ..അച്ഛനോട് പറഞ്ഞോട്ക്കാണ്ടിരുന്നാ മതിയേനും...!!
.
***** ****** ******
.
അങ്ങനെയും ഉണ്ടായിരുന്നു ഒരുകാലം...!!
.
തൊട്ടുവക്കില്‍ സ്വര്‍ണ്ണ മീനുകള്‍ക്ക് വേണ്ടി ചൂണ്ടയിട്ടിരുന്ന ഒരു ബാല്യം..!!
.
തോര്‍ത്തു കൊണ്ടും കുടകൊണ്ടും...പിന്നെ ചൂണ്ടല്‍കൊണ്ടും മത്സ്യ കന്യകകളെ ആവാഹിച്ചിരുന്ന കാലം..!!
.
വിടര്‍ന്ന കണ്ണുകളോടെ തീന്തിത്തുടിക്കുന്ന സുന്ദരികളെ നോക്കിയിരുന്ന കാലം..!!!
.
ഇട്ടു കൊടുത്ത വറ്റ് മണികള്‍ തൊട്ടു നോക്കാതിരുന്നതിനു അവയോടു പരിഭവിച്ചിരുന്ന കാലം..
.
തൊണ്ടക്കുരുക്കില്‍ നിന്ന് ചൂണ്ടല്‍ അഴിച്ചെടുക്കുമ്പോള്‍ ചങ്കില്‍ നിന്നും ചോര പൊടിഞ്ഞിരുന്ന കാലം...
.
അവസാനം അവ ചത്തു മലച്ചു ആകാശത്തേക്ക് നോക്കികിടക്കുമ്പോള്‍ വേണ്ടായിരുന്നു എന്ന് വിചാരിച്ചിരുന്നു എന്ന കാലം..
.
ചൂണ്ടല്‍ ഇടുകയാണ് ഇപ്പോഴും..
.
യോഗ്യതകളും അനുഭവപരിചയങ്ങളും ഒക്കെ കൊരുത്തു വലിയ വലിയ സ്വര്‍ണ മീനുകള്‍ക്ക് വേണ്ടി....!!!
.
ശ്വാസം കിട്ടാതെ പിടഞ്ഞുപിടഞ്ഞു മരിക്കേണ്ടിവരുന്നത് ചൂണ്ടക്കാരനാണ് എന്നറിഞ്ഞു കൊണ്ട് തന്നെ...!!!
.

എനിക്കൊന്നു ഞാനാവണം..!!


എനിക്കൊരു പൂക്കളം ഒരുക്കണം ..!!!

.
ചുരംകടന്നു വരുന്ന വണ്ടികളിലെ ചാക്ക് കെട്ടുകളില്‍ ശ്വാസം മുട്ടി മരിച്ച പൂക്കള്‍ കൊണ്ടല്ല,
.
സ്കൂളില്‍ നിന്ന് വരുമ്പോള്‍ തലയാട്ടി പുഞ്ചിരിക്കുന്ന ചെടികളില്‍ നിന്ന് അരുമയോടെ പറിച്ചെടുക്കുന്ന തുമ്പപ്പൂക്കള്‍ കൊണ്ട്...
.
കയ്യെത്തിച്ച് പിടിക്കാന്‍ നോക്കുമ്പോള്‍ ഒന്ന് ചിരിച്ചു ഉയര്‍ന്നു പോകുന്ന ചെമ്പരത്തി പൂക്കള്‍ കൊണ്ട്..
.
അറ്റത്തു ബ്ലേഡ് പിടിപ്പിച്ച നീളന്‍ കമ്പ് കൊണ്ട് പറിച്ചെടുക്കുന്ന എത്താ കൊമ്പിലെ അശോക പൂക്കള്‍ കൊണ്ട്...
.
വേലിക്കക്കരികില്‍ കാവല്‍ നില്‍ക്കുന്ന കോളാമ്പി പൂക്കള്‍ കൊണ്ട്
വര്‍ണ്ണങ്ങളുടെ കുടമാറ്റം നടത്തുന്ന അരിപ്പൂക്കള്‍ കൊണ്ട്...
.
“..ദൈവേ, പാമ്പ് കടിക്കല്ലേ..” എന്ന് പ്രാര്‍ഥിച്ച് വയലിലെ ചെളിയിലിറങ്ങി പറിച്ചെടുക്കുന്ന വരികള്‍ കൊണ്ട്...
.
കുളത്തിലിറങ്ങി ട്രൌസര്‍ നനയിച്ചു പറിച്ചെടുക്കുന്ന, കാമുക വിരഹത്തിലും വിടര്‍ന്നു പുഞ്ചിരിക്കുന്ന ആമ്പലുകള്‍ കൊണ്ട്..
.
കാട്ടിലും മേട്ടിലും തമ്പുരാന്റെ വരവിനായി കാത്തു നില്‍ക്കുന്ന പേരറിയാത്ത വര്‍ണ്ണ പൊട്ടുകള്‍ കൊണ്ട്..
.
.
.
എനിക്കൊന്നു കോടിയുടുക്കണം ...!!
.
ആരുടെയോ അളവുകളില്‍ തുന്നിയെടുത്തതല്ല,
..
തയ്യല്‍ കടയില്‍ കാത്തു കാത്തിരുന്നു വാങ്ങിച്ചു കൊണ്ട് വന്നു
നിലക്കണ്ണാടിക്ക് മുന്നില്‍ ചാഞ്ഞും ചരിഞ്ഞും നോക്കി തൃപ്തിവരുത്തിയ,
എന്റെ അളവില്‍ തുന്നിയെടുത്ത; എന്റെ കുപ്പായം
.
.
എനിക്കൊരു സദ്യ ഉണ്ണണം...!!
.
ചുവന്ന തെരുവുകളിലെ നിശാ ശലഭങ്ങളെപ്പോലെ ആര്‍ക്കു വേണമെങ്കിലും കൊണ്ട് പോകാവുന്ന, പ്ലാസ്റ്റിക്‌ കൂടുകളില്‍ ഉറങ്ങുന്ന ജീവനില്ലാത്ത കറികള്‍ കൂട്ടിയല്ല,
.
സ്നേഹവും വാത്സല്ല്യവും സമം ചേര്‍ത്ത് കൈപ്പുണ്യത്തില്‍ കരുത്തില്‍ “ഗന്ധ” ര്‍വന്മാരാല്‍ വരവറിയിച്ച്,
നാവില്‍ വെള്ളമൂറിച്ച്, നാക്കിലയില്‍ നിരന്നു, പ്രതാപം കാട്ടുന്ന കറികള്‍ കൂട്ടി.
.
.
.
എനിക്കൊരു പായസം കുടിക്കണം...
.
ഡിസ്പോസിബ്ള്‍ ഗ്ലാസ്സുകളില്‍ വാടിയിരിക്കുന്ന പായസമല്ല.
.
ഇലയില്‍ ഒഴിച്ചു തരുന്ന, കോരിയെടുക്കുമ്പോള്‍ വഴുതിമാറി കുസൃതികാട്ടുന്ന...
.
ഒന്നുതൊട്ടു വിരലുകള്‍ നുണഞ്ഞു,
എത്ര നിറഞ്ഞാലും മതിയാവാതെ ആവോളം കൈനക്കി കുടിക്കേണ്ടുന്ന പായസം .
.
.
പൂത്തുമ്പികളുടെ കൂടെ വീടായ വീടെല്ലാം കയറി ഇറങ്ങി, മുറ്റത്ത് വിടർന്നു നിൽക്കുന്ന പൂക്കളങ്ങൾ കണ്ടു കണ്ണും മനസ്സും നിറക്കണം
.
.
.
എനിക്കൊന്നു ഞാനാവണം..!!
.

പ്രണാമം ..!!



സ്വപ്നം കാണുന്നത് നിര്‍ത്താന്‍ പലരും പറഞ്ഞപ്പോള്‍ സ്വപ്‌നങ്ങള്‍ കാണൂവെന്നു സ്നേഹപൂര്‍വ്വം ഉപദേശിച്ച ഒരു പുഞ്ചിരിക്കുന്ന മുഖം ഉണ്ടായിരുന്നു;
.
ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് അഗ്നിച്ചിറകുകള്‍ നല്‍കിയ യുഗ പുരുഷന്‍,
.
സെലിബ്രിറ്റികള്‍ ഭൂമി തൊടാതെ നിന്നപ്പോള്‍ സാധാരണക്കാരന് പിന്നില്‍ തന്റെ ഊഴവും കാത്തു വരി നില്‍ക്കാന്‍ മടികാണിക്കാതിരുന്ന പ്രഥമ പൌരന്‍,
.
രാഷ്ട്രപതി ഭവന്റെ കൂറ്റന്‍ ഉരുക്ക് ഗേറ്റുകള്‍ തുറന്നു വച്ച് സംവാദ വേദിയാക്കിയ ജനങ്ങളുടെ പ്രസിഡണ്ട്
.
നമുക്കൊരു പ്രസിഡണ്ട് ഉണ്ടെന്നും, അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പുരോഗതിയേക്കുറിച്ച് സംസാരിക്കുകയാണെന്നും നാം തിരിച്ചറിഞ്ഞ നാളുകള്‍,
.
അവസാന ശ്വാസം വരെ അറിവ് പകര്‍ന്നു കൊടുത്തു സ്വജീവിതം ധന്യമാക്കിയ കര്‍മ്മ യോഗി,
.
വിശ്വപൌരനായി വളര്‍ന്നപോഴും അറിവ് എന്നാല്‍ വിനയും ലാളിത്യവും ആണെന്ന് ജീവിച്ചു കാണിച്ചു തന്ന മഹാനായ ശാസ്ത്രഞ്ജന്‍,
.
തന്റെ സുരക്ഷാ ഉദ്ദ്യോഗസ്ഥനോട് താന്‍ കാരണം ഉണ്ടായ ബുദ്ദി മുട്ടുകള്‍ക്ക് ക്ഷമ ചോദിക്കാന്‍ മടിയില്ലാതിരുന്ന മനുഷ്യ സ്നേഹം
.
വ്യക്തി ജീവിതം മാറ്റി വച്ച് സ്വന്തം കര്‍മപഥത്തില്‍ ജീവിതം അര്‍പ്പിച്ച ഋഷിവര്യന്‍
.
ഏതെങ്കിലും ഒരു മഹദ് വ്യക്തിയെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചെങ്കില്‍ അത് ഇദ്ദേഹത്തെ മാത്രമായിരുന്നു - ദൂരെ നിന്ന് ഒരു നോക്കെങ്കിലും -
.
അദ്ദേഹം എന്തായിരുന്നു എന്ന് ഈ വിയോഗം നമ്മെ അറിയിക്കുന്നുണ്ട്.
.
‘..ഉറക്കം നഷടപ്പെടുത്തുന്നതാണ് സ്വപ്‌നങ്ങള്‍..’ എന്ന് രാജ്യത്തെ പഠിപ്പിച്ചു ശാന്തമായി ഉറങ്ങുന്ന അങ്ങേയുടെ പാദങ്ങളില്‍ ശിരസ്സു ചേര്‍ത്ത്,
ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നൊരു പ്രണാമം.
.
.
സ്വീകരിച്ചാലും

പിന്നിലേക്കോടുന്ന കാഴ്ചകള്‍ ..!!


കമ്പി അഴികള്‍ക്കിടയിലൂടെ പിന്നിലേക്കോടുന്ന കാഴ്ചകള്‍ ആദ്യമായി കണ്ടത് എന്നായിരുന്നു ??

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൈ പിടിച്ചു ഗുരുവായൂരിലേക്കായിരുന്നു ആദ്യ യാത്ര ..
മാഹിയില്‍ നിന്ന് കുന്നംകുളം വരെ 
.
ഇര വിഴുങ്ങിയ പാമ്പിനെപ്പോലെ തീവണ്ടി പ്ലാറ്റ്ഫോമില്‍ വന്നു നിന്നപ്പോള്‍ ആകെ അദ്ഭുതം ..
ഒരുപാട് വാതിലിലൂടെ ഇറങ്ങുന്ന ഒരുപാടുപേര്‍
ഉന്തിയും തള്ളിയും കയറിയത് മരക്കസേര മാത്രം ഉള്ള ഒരു പാവം കമ്പാര്‍ട്ട്‌മെന്റില്‍.
സീറ്റിനരികിലേക്ക് ചേര്‍ന്നിരുന്നപ്പോള്‍ വണ്ടി ചൂളം വിളിച്ചു ഒന്നിളകി മുന്നോട്ട് ഓടി തുടങ്ങി..
കാഴ്കള്‍ പിന്നിലേക്കും .
.
****** ******* ******* ******
.
തലശ്ശേരിക്കപ്പുറം ലോകം ഇല്ലാതിരുന്ന പയ്യന്‍ അവന്റെ യാത്ര തുടങ്ങിയപ്പോ പ്ലാറ്റ് ഫോമില്‍ നിറഞ്ഞ രണ്ടു ജോഡി കണ്ണുകള്‍ ആയിരുന്നു
.
നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച മടിയില്‍ ഇരുത്തിയത് പരശുരാമന്റെ ഒട്ടും മാര്‍ദ്ദവം ഇല്ലാത്ത ഒരു സെക്കന്റ്‌ ക്ലാസ്സ്‌ സീറ്റും ..
.
പതിയെ ആ ഇരുമ്പ് മണവും , പുകയും അവന്റെ കൂടെ കൂട്ടുകാരന്‍ ആവുകയായിരുന്നു.
പിന്നിലേക്കോടുന്ന കാഴ്ചകള്‍ പലതും അവന്റെയും കൂടെയായി .
.
പുലര്‍ച്ച ഉണര്‍ന്നതിന്റെ ആലസ്യത്തില്‍ ഉറങ്ങിയും ഉണര്‍ന്നും ഓടുന്ന എക്സിക്യുട്ടീവും,
ഓഫീസില്‍ എത്താന്‍ വൈകുമോ എന്ന ആധിയില്‍ ഓടുന്ന പരശുരാമനും,
ഒരു മുഷിവും കാട്ടാതെ എല്ലായിടത്തും നിര്‍ത്തി കാത്തു നിന്നവരെ യൊക്കെ കയറ്റി പതുക്കെ പോവുന്ന ഫാസ്റ്റ് പാസഞ്ചറും,
നിറയെ വടക്കന്‍ വിശേഷങ്ങളുമായി വരുന്ന മംഗളയും,
സൂചി കുത്താന്‍ ഇടം തരാത്ത പത്രാസ്സുകാരന്‍ മലബാറും,
തിടുക്കക്കാരന്‍ കണ്ണൂരും,
ബോംബെക്കാരന്‍ വെസ്റ്റ് കോസ്റ്റും,
അങ്ങനെ പലരും..
.
നേരം പുലര്‍ന്നു വരുന്നേ ഉണ്ടാവുള്ളൂ തലശ്ശേരി വിടുമ്പോള്‍ ..
മുറിഞ്ഞു വീഴുന്ന പൊക്കിള്‍ കോടി പോലെ പ്ലാറ്റ് ഫോം അകന്നു പോവുന്നത് വെറുതെ നോക്കി നിക്കും .
.
പോയി വരൂ ഞങ്ങള്‍ ഇവിടെത്തന്നെ കാണുമെന്നു കൈവീശിക്കാണിക്കുന്ന തെങ്ങുകള്‍.. പതിയെ ഉണര്‍ന്നു വരുന്ന നഗരത്തിനു വിട ..
.
ശാന്തമായി ഉറങ്ങുന്ന മയഴിപ്പുഴയെ ഒട്ടും ശല്ല്യപ്പെടുത്താതെ പതുക്കെ പാലം കടന്നു തീരെ തിരക്കില്ലാത്ത വടകരയിലേക്ക്,
കൊയിലാണ്ടിയില്‍ നിന്നൊരു കാപ്പി കുടിച്ചു
ഹല്‍വയും കായവറുത്തതും നിരത്തി വച്ച “ കോയിക്കോട്ടേക്ക്”,
.
കടലുണ്ടി പുഴ കടന്നു കാത്തു ഫറോക്കിലെത്തുമ്പോള്‍ രാവിലെ ജോലിക്ക് പോവുന്നവരും സ്കൂളില്‍ പോവുന്നവരും ഉണ്ടാവും പാലത്തിനരികിലൂടെ കൂടെ നടക്കാന്‍ ..
.
ചില കുട്ടികള്‍ വെറുതെ കൈവീശിക്കാണിക്കുണ്ടാവും, എല്ലാവരും യാത്രയില്‍ ആണല്ലോ,
.
പാടങ്ങളുടെ നടുവിലൂടെ ഓടി പരപ്പനങ്ങാടിയും താനൂരും കടന്നു വെറ്റില കൊട്ടകളും മീന്‍ കൊട്ടകളും നിരന്നിരിക്കുന്ന തിരൂരിലേക്ക്,
.
കുറ്റിപ്പുറം താണ്ടി വരുന്ന കാറ്റ്; മാമാങ്കത്തിന്റെ വിശേഷങ്ങള്‍ പറയാനാവും; ഒന്ന് ചുറ്റിപ്പറന്നു പോവും.
പിന്നെ ഭാരതപ്പുഴ കടന്നു പാടങ്ങളുടെ ഇടയിലേക്ക്...
“...അങ്ങനെയുണ്ടായ പട്ടാമ്പി റെയില്‍വേ സ്റ്റേഷനും താണ്ടി ഷോര്‍ണ്ണൂരില്‍ എത്തുമ്പോഴേക്കു വടയും ചമ്മന്തിയും റെഡി ആയിട്ടുണ്ടാവും;
അതിര്‍ത്തി കടന്നു ദൂരേക്ക്‌ പോവേണ്ടവരെ കാത്തു ബോക്കറോയും..
.
ഇഷ്ടിക ചൂളകളുടെ ഇടയിലൂടെ ഓടി “....കാണെണെങ്കില്‍ കാണണം ഗഡി ത്രിശ്ശിവപ്പേരൂര്... “ എന്നും പാടി തൃശൂരില്‍ എത്തുമ്പോള്‍ വടക്കുംനാഥനും കൂടി കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും
.
“..ചന്ദനചോപ്പുള്ള മീന്‍കാരി പെണ്ണുള്ള” ചാലക്കുടി ചന്തയും ഇന്നച്ചന്റെ സ്വന്തം ഇരിങ്ങാലക്കുടയും കടന്നു ആലുവയില്‍.....
.
ഒരിക്കലും തീരാത്ത തിരക്കുള്ള ഏറണാകുളത്തെത്തുമ്പോഴെക്ക് വിശപ്പ്‌ ചൂളംവിളിച്ചു തുടങ്ങിയിട്ടുണ്ടാവും .
.
സ്നേഹക്കനലില്‍ വാട്ടിയെടുത്ത വാഴയില പൊതി തുറക്കുമ്പോള്‍ പ്ലാറ്റ്ഫോര്‍മില്‍ കണ്ട കണ്ണീര്‍ ഓര്‍പ്പിച്ചു കൊണ്ട് വെള്ളം വാര്‍ന്നു പോവുന്നുണ്ടാവും….
.
വിശക്കുന്നുണ്ടെങ്കിലും തൊണ്ടയില്‍ വീണ കുരുക്കു ചോറ് താഴേക്കു ഇറക്കില്ല . പിന്നെ അത് ഉപേക്ഷിക്കപ്പെട്ട പലതിന്റെയും കൂടെ ട്രാക്കിലേക്ക് ...
.
അധികം വൈകാതെ കുഞ്ഞച്ചന്റെ കോട്ടയം, . റബ്ബര്‍ പാലൊഴുകുന്ന ചങ്ങനാശ്ശേരിയും ചെങ്ങന്നൂരും കടന്നു കായം കുളം കൊച്ചുണ്ണിയുടെ സ്വന്തം നാട്ടില്‍ ...
.
അഷ്ടമുടി കായലിലെ ഓളങ്ങള്‍ ഇനിയൊരു ചുഴലിക്കാറ്റും യാത്രകള്‍ മുടക്കിലെന്നു പറയുന്നത് പോലെ ..
എത്തിച്ചേരേണ്ടിടത്ത് ചെന്ന് ചേരാനാണ് നിശ്ചയിക്കപ്പെട്ടതെങ്കില്‍ ഒരു കാറ്റിനും കീഴങ്ങാനാവില്ലെന്നു മറുപടി പറഞ്ഞു “.ഇല്ലം വേണ്ടെന്നു” പറയാതെ കൊല്ലത്തേക്ക്‌ .
.
ശിവഗിരിയുടെ സുഭഗ സൌന്ദര്യത്തില്‍ ഒരു ചൂട് ചായയും കുടിച്ചു നീണ്ട യാത്രയുടെ ക്ഷീണം കുടഞ്ഞു കളഞ്ഞു ബാഗ് ഒക്കെ എടുത്തു വച്ചു തമ്പാനൂരിലെ തിരക്കില്‍ അലിഞ്ഞു ചേരാന്‍ തയ്യാറെടുത്ത് ...
.
***************** ***************** *********************
.
പ്രിയപ്പെട്ട വായനക്കാരാ നിങ്ങളും ഓര്‍ക്കുന്നില്ലേ...??
.
തിരക്കില്‍ ഒറ്റക്കാലില്‍ നില്‍ക്കുമ്പോള്‍ നാലുപേരുടെ സീറ്റില്‍ ഇരിക്കുന്ന എട്ടുപേരെ നോക്കി അസൂയപ്പെട്ടത്‌ ..
.
അപരിചിതനായ സഹയാത്രികന്റെ തോളില്‍ ചാരി ഉറങ്ങിയത്,
.
കാറ്റത്ത്‌ പാറുന്ന മുടിയിഴകളെ ഒതുക്കി അറിയാതെയെന്നപോലെ ഒളികണ്ണെറിഞ്ഞ സുന്ദരിയെ നോക്കി നിന്നത്,
.
അവളുടെ അടുത്തൊരു സീറ്റ്‌ കിട്ടിയിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചത് ..
.
തോണ്ടി വിളിക്കുന്ന പുകപിടിച്ച ബാല്യത്തിന്റെ മുന്നില്‍ ഉദാരമതിയായത്
.
കാലു തട്ടിപോയത്തിനു ക്ഷമ ചോദിച്ചും പുഞ്ചിരിച്ചും പരിചയം തുടങ്ങിയത് ..
.
അവളോടൊത്ത് അന്താക്ഷരി കളിച്ചത് ..
.
ഈ യാത്ര ഒരിക്കലും അവസാനിക്കല്ലേ എന്ന് പ്രാര്‍ഥിച്ചത്,
.
പുഞ്ചിരി കൊണ്ട് യാത്ര മൊഴി തീര്‍ത്തു അവള്‍ ഇറങ്ങി പോയപ്പോള്‍, ഒരു തിരിഞ്ഞു നോട്ടത്തിനായി വാതില്‍പ്പടിയില്‍ കാത്തു നിന്നത് .
.
എന്തോ മറന്നെന്ന പോലെ അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ലോകംകീഴടക്കിയവനെപ്പോലെ സന്തോഷിച്ചത്‌,
.
എല്ലാ യാത്രയിലും എന്നപോലെ പിന്നെയും തനിച്ചായത്.
.
മനസ്സിന്റെ ഏതോ പോക്കറ്റില്‍ ഇപ്പോഴും കിടക്കുന്നില്ലേ എന്നോ കഴിഞ്ഞ ആ യാത്രയുടെ ടിക്കറ്റ് ..??
.
ഒന്ന് കാതോര്‍ത്ത് നോക്കൂ ..
.
ആസ്ബസ്ടോസ് കഷണങ്ങളുടെ താളത്തില്‍ ഒഴുകി വരുന്ന ആ പാട്ട് കേള്‍ക്കുന്നില്ലേ ...???.
.
“.....പര്‍ദേശി..... പര്‍ദേശീ.... ജാനാ നഹീ ....”
.

അമ്മ, ഒരു പാത്രം കഞ്ഞിയാണ് ..!!




അതെ എന്റെ അമ്മ ഒരു പാത്രം കഞ്ഞിയാണ്.
.
പുലര്‍ച്ചക്കുള്ള വണ്ടിയില്‍ പോകാനുള്ള എനിക്ക് വേണ്ടി ഒരു അലാറത്തിന്റെയും സഹായമില്ലാതെ മൂന്നര മണിക്ക് എഴുനേറ്റു ആധിയില്‍ തിളപ്പിച്ചെടുത്തു കരുതലില്‍ ആറ്റിയെടുക്കുന്ന ഒരു പാത്രം കഞ്ഞി .
.
പണ്ടും അതങ്ങനെ ആയിരുന്നു . 
ഡേ ഷിഫ്റ്റുള്ള സ്കൂളില്‍ പഠിക്കുമ്പോഴും കോളേജില്‍ പഠിക്കുമ്പോഴും.
.
പലഹാരങ്ങള്‍ പത്രസ്സു കാട്ടുമ്പോഴും കഞ്ഞിയുണ്ടാവും കൂടെ;
ഒരു തണുത്ത പുഞ്ചിരിയോടെ,
.
ഒരിക്കലും ചതിക്കില്ല എന്ന് ഉറച്ച വിശ്വാസം ഉള്ളത് കൊണ്ട് പലപ്പോഴും കൂടെ നിര്‍ത്തിയത് കഞ്ഞിയെയാണ്
.
പരീക്ഷകളെ എഴിതി തോല്‍പ്പിച്ചത് ആ കഞ്ഞിയുടെ കരുത്തിലാണ്
.
ഇന്റര്‍വ്യൂകളില്‍ അങ്കം വെട്ടി ജയിച്ചത് ആ കഞ്ഞിയുടെ പിന്തുണയിലാണ്
.
യാത്രകള്‍ പുറപ്പെട്ടത്‌ കഞ്ഞിയുടെ സ്വാന്തനത്തിലാണ്
.
കടലിനു മീതെ പറന്നപ്പോഴും തുണ നിന്നത് ആ കഞ്ഞിയാണ്.
.
വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു അസുഖങ്ങള്‍ വിരുന്നു വന്നപ്പോഴും തിരഞ്ഞത് ആ സ്വന്തനത്തിനാണ്.
.
എരിവും പുളിയും കോഴിയും ആടും ഒരു പാട് ചെന്നതില്‍ പ്രതിഷേധിച്ച അപ്പെന്ടീസിനെ ആശ്വസിപ്പിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതും കഞ്ഞിയാണ്..
.
തേടുന്നത് ഒരു പാത്രം സ്വാന്തനമാണ് ..!!

My School Days ..............................Last Lesson





My School Days ..............................Last Lesson 
.
സ്കൂളിൽ പോവാൻ ഒരു പാട് ഇഷ്ടം തോന്നുന്ന ദിവസങ്ങളിൽ ഒന്നാണ് അതും .
.
ഞങ്ങൾ കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായി ചിരിക്കുന്ന മൂന്നു വർണ്ണത്തിലുള്ള കടലാസുകൾ ദിവസങ്ങൾക്കു മുമ്പ് തന്നെ ഗോപാലേട്ടന്റെ പീടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും .. 
.
25 പൈസ , കൂടെ ഒരു മൊട്ടു സൂചിയും ..
.
കുളിച്ചു കഴിഞ്ഞു കുപ്പായമിടുവിച്ചു മുടി ചീകി ചീർപ്പ് സ്വന്തം മുടിക്കെട്ടിൽ തിരുകി വച്ചു അധികമുള്ള പൌഡർ സാരി തലപ്പ്‌ കൊണ്ട് തുടച്ചു മാറ്റി അമ്മ ആ കൊടി ഷർട്ടിൽ കുത്തിത്തരും ..
.
ആവേശം കൊണ്ടോ അഭിമാനം കൊണ്ടോ കുഞ്ഞു നെഞ്ചു ഒന്നുടെ വിരിയും
.
പിന്നെ കൂട്ടുകാരുടെ കൂടെ സ്കൂളിലേക്ക് ..
എല്ലാവരുടെയും നെഞ്ചിൽ വിടർന്നു നിൽക്കുന്ന പതാക
.
സ്കൂളിന്റെ ഇറയത്തു കെട്ടി വച്ചിരിക്കുന്ന നീളൻ മുളയ്ക്കു ശാപമോക്ഷം ലഭിക്കുന്നത് തലേ ദിവസം ആണ് .
.
അറബിക് മാഷും മുതിർന്ന കുട്ടികളും ചേർന്ന് തലേദിവസം തന്നെ അതിനെ സ്കൂൾ മുറ്റത്തു നാട്ടിയിട്ടുണ്ടാവും ..
.
8.45 ആവുന്നതോടെ ഓരോ ക്ലാസിലെയും കുട്ടികൾ വരി വരിയായി അതിന്റെ മുന്നിൽ വന്നു നിൽക്കും .
.
" വണ്‍ ആം ഡിസ്ടന്സിൽ" നിന്ന് അറബിക് മാഷ് പറയുന്നതിനനുസരിച്ച് ദിവസങ്ങൾക്കു മുമ്പ് മാത്രം പഠിച്ച " അറ്റൻഷൻ സ്റ്റാന്റ് അറ്റ്‌ ഈസ് " ആവർത്തിക്കും
.
9 മണിക്ക് " എട്ടീചർ " ശാരദ പതിയെ ചുറ്റി കെട്ടി വച്ച കയർ അഴിച്ചു മെല്ലെ വലിക്കുമ്പോൾ പതാക ഉയരങ്ങളിലേക്ക്
.
അകമ്പടിയായി ഞങ്ങളുടെ കുഞ്ഞു തോണ്ടകളിലെ ജനഗണമന ..
.
മാഷുടെ നിർദ്ദെശത്തിനനുസരിച്ചു എല്ലാവരും തലയുയർത്തിപ്പിടിച്ചു നെഞ്ചു വിരിച്ചു ഫ്ലാഗ് സല്യൂട്ട് ..
.
അത് ഏറ്റുവാങ്ങി നിറഞ്ഞ മനസ്സോടെ ആകാശത്തു ചിരിച്ചു പാറി കളിക്കുന്ന ത്രിവർണ്ണ പതാക ..
.
നമ്മുടെ നാടിന്റെ, ദേശത്തിന്റെ അഭിമാനം ....
.
പിന്നെ അടിവച്ചടിവച്ചു ക്ലാസിലേക്ക്
.
കാത്തിരിക്കുന്ന മുട്ടായി വിതരണം
.
ബ്രിട്ടീഷ്കാരുടെ ക്രൂരതകളെയും സ്വാതത്ര്യ സേനാനികൾ അനുഭവിച്ച ത്യാഗങ്ങളെയും പറ്റി ശാരദ ടീച്ചറും സുധ ടീച്ചറും അറബിക് മാഷും പറയുമ്പോൾ സങ്കടം ...
.
ബാപ്പുജിയെ ട്രെയിനില്‍ നിന്ന് പിടിച്ചു തള്ളിയ സായിപ്പിനെ ട്രെയിന്‍ കയറ്റി കൊല്ലാനുള്ള ദേഷ്യം
.
ഭഗത് സിംഗിനെയും നേതാജിയെയും പറ്റി പറയുമ്പോൾ ഉയരുന്ന ആവേശം.
.
കേണൽ ഡയറിനെ ജാലിയൻ വാലബാഗിലെ കിണറിൽ തന്നെ ചവിട്ടി താഴ്ത്താനുള്ള രോഷം.
.
ജീവന്‍ ബലികൊടുത്തു സ്വാതത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികള്‍ക്ക് മനസ്സ് കൊണ്ട് പുഷ്പാര്‍ച്ചന
.
എല്ലാം കഴിഞ്ഞാല്‍ ജനഗണമന.
.
.
.
ഞാനും ജനഗണമന പാടി അവസാനിപ്പിക്കുകയാണ് .
.
അഞ്ചു വര്‍ഷത്തെ സുഗന്ധമുള്ള ഓര്‍മ്മകള്‍..
അറിവ് അമൃതായി പെയ്ത; അക്ഷരങ്ങളുടെ മധുരം തിരിച്ചറിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍
കുഞ്ഞു വിരലുകള്‍ക്ക് കല്ല്‌ പെന്‍സിലും കടലാസ് പെന്‍സിലും പിന്നെ ഫൌണ്ടന്‍ പേനയും വഴങ്ങിത്തുടങ്ങിയിരിക്കുന്നു.
.
ഇനി വേറെ സ്കൂളിലേക്ക് മാറണം
.
“സോവിയറ്റ് യൂണിയന്റെ” കട്ടിക്കടലാസുകള്‍ക്ക് പകരം പുഞ്ചിരി തന്നിരുന്ന സോനയും മിനിയും രേഷ്മയും ഇനി വേറെ ഏതെങ്കിലും സ്കൂളില്‍ ആവും .
.
കൊപ്ര മിട്ടായിയും പാരീസ് മിട്ടായിയും കടിച്ചു പൊട്ടിച്ചു പകുത്തു നുനഞ്ഞിരുന്ന സജിത്തും വിജീഷും റിയാസും ഇനി കൂടെ ഉണ്ടാവില്ല.
.
“....ഒന്നെന്ന് പറയുമ്പോള്‍ ഒന്നിച്ചു നിന്നിരുന്ന...” കൂട്ടുകാര്‍ ആരും ഉണ്ടാവില്ല,
.
ഒഴിവു പിരീഡില്‍ “...ഇനി ജിതേഷോരു കഥപറയട്ടെ..” എന്ന് പറയാന്‍ സുധ ടീച്ചറോ,
സ്കൂളിലെ കുറുമ്പുകള്‍ വീട്ടിലെത്തിക്കാന്‍ ഓമന ടീച്ചറോ ഉണ്ടാവില്ല.
.
നിര്‍ബന്ധിച്ച് ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പ്രേമന്‍ മാഷുണ്ടാവില്ല
.
ഏതു കുറുമ്പിനെയും ഒരു നിമിഷം കൊണ്ടില്ലാതാക്കുന്ന ലക്ഷമി ടീച്ചറുടെ പുഞ്ചിരി ഇനി കാണാനാവില്ല.
.
അറബിക്ക് മാഷിന്റെ കൊമ്പന്‍ മീശയുടെ തമാശകള്‍ ഇനിയില്ല
.
ഏതു സ്കൂളിലേക്ക് പോയാലും ആദ്യം പഠിച്ച സ്കൂളിനെയും പഠിപ്പിച്ചവരെയും പറയിപ്പിക്കരുതെന്ന് സ്നേഹത്തോടെ ഉപദേശിച്ച് അവര്‍ ഞങ്ങളെ യാത്രയാക്കി...
കരഞ്ഞു കൊണ്ടാദ്യം പടികള്‍ ചവിട്ടിയവര്‍ ഉള്ളില്‍ കരഞ്ഞു കൊണ്ട് തന്നെ പടിയിറങ്ങി
.
പിന്നെയും പല സ്കൂളിന്റെയും പല കോളേജിന്റെയും പടികള്‍ ചവിട്ടി.
പലരും പലതും പഠിപ്പിച്ചു.
.
ചിലര്‍ മറവിയിലേക്ക് കൂടുമാറിയപ്പോള്‍ ചിലര്‍ മുന്നോട്ടുള്ള വഴികളില്‍ വെളിച്ചമായി
.
ഉരുവിട്ടു പഠിച്ച പേരുകള്‍ പലതും മറവിച്ചുഴികളില്‍ ആണ്ടു പോയി.
.
കാണാപ്പാടം പഠിച്ച നിര്‍വ്വചനങ്ങള്‍ ഓര്‍മ്മയുടെ അറകളിലെവിടെയോ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു.
.
എത്ര അലക്കിയിട്ടും വിട്ടു പോവാതിരുന്ന മഷിപ്പടര്‍പ്പുള്ള കുപ്പായങ്ങളോക്കെയും മണ്ണോടു മണ്ണായി...
.
കല്ല്‌ പെന്‍സില്‍ പിടിച്ച കൈവിരലുകള്‍ക്ക് കീ ബോര്‍ഡ്‌ പഥ്യമായി
.
എങ്കിലും,
.
ഇരുള്‍ മൂടിക്കിടന്ന തലച്ചോറില്‍ അക്ഷര വെളിച്ചം പകര്‍ന്നു തന്ന ഇവര്‍ മനസ്സിന്റെ ശ്രീകോവിലില്‍ തെളിഞ്ഞു കത്തുകയാണ് .
.
ഓമന ടീച്ചര്‍,
സുധടീച്ഛര്‍
ശാരദ ടീച്ചര്‍.
അറബിക് മാഷ്‌
ലക്ഷ്മി ടീച്ചര്‍,
പ്രേമന്‍ മാഷ്
.
പിന്നെ, ആ മഞ്ഞ കെട്ടിടവും
കൂട്ടായി മുറ്റത്തിന്റെ ഒരു കോണില്‍ ആ മാവും
.
.
.
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ ......
.
..........................................................................................................
( സോവിയറ്റ് യൂണിയന്‍ - ന്യൂ ജെനറെഷന് ഈ പേര് പരിചയം കാണില്ല. കേരളത്തില്‍ ഒരുപാട് വായനക്കാരുണ്ടായിരുന്ന ഒരു മാസികയാണത്. ആ മാസികയുടെ മിനുസവും കട്ടിയും ഉള്ള പേജുകള്‍ പുസ്തകങ്ങള്‍ പൊതിയാന്‍ ഉപയോഗിച്ചിരുന്നു.
ബ്രൌണ്‍ പേപ്പര്‍ പണക്കാരുടെ മാത്രം കുത്തകയായിരുന്നു അന്ന്..!! )

My School Days .......................................Lesson 4





My School Days Continues .......................................Lesson 4
.
രണ്ടാം ക്ലാസ്സില്‍ നിന്ന് ജയിക്കാന്‍ അന്ന് ഞങ്ങള്‍ക്ക് ആഗ്രഹം കുറവായിരുന്നു. കാരണം മൂന്നാം ക്ലാസ്സിലെ ചന്ദ്രന്‍ മാഷ്‌ തന്നെ..

അടിയുടെ മാഷായിരുന്നു ചന്ദ്രന്‍ മാഷ്‌. 

ദിവസം ഒരു കുട്ടിയുടെയെങ്കിലും കരച്ചില്‍ ഉയരും. അടിയുടെയും കരച്ചിലിന്റെയും ഒച്ചയുയരുമ്പോള്‍ എല്ലാവരില്‍ നിന്നും നെടുവീര്‍പ്പുയരും, മൂന്നാം ക്ലാസ്സിലെത്തേണ്ടവരുടെ പേടിയുടെയും മൂന്നാം ക്ലാസ്സ് കഴിഞ്ഞവരുടെ ആശ്വാസത്തിന്റെയും നെടുവീര്‍പ്പുകള്‍ ...
.
സ്കൂളില്‍ പോവുമ്പോള്‍ ചാണകം ചവിട്ടാത്താവരും ചവിട്ടിയവരും അടികൊണ്ടു... ഒരു പോലെ...
അടി കൊള്ളാതിരിക്കാനായി കുപ്പായക്കീശയില്‍ ശീപോതി ചെടി പറിച്ചു വെച്ചതും വെറുതെയായി...
.
സ്കൂള്‍ തുറന്നു.
.
മൂന്നാം ക്ലാസിലെ ആദ്യത്തെ ദിവസം
.
പടച്ചോനെ ...നീ തന്നെ കാക്കണേ ..
.
ചന്ദ്രന്‍ മാഷ്‌ വന്നില്ല.
രണ്ടാമത്തെ ദിവസവും വന്നില്ല ..പിന്നെ ഒരിക്കലും വന്നില്ല .
..
പതിയെ ഞങ്ങൾ അറിഞ്ഞു.. ഇനി ചന്ദ്രന്‍ മാഷ്‌ വരില്ല ..
ചന്ദ്രന്‍ മാഷ്‌, മാഷേ ആരുന്നില്ല .. എവിടുന്നോ ഒപ്പിച്ച ഒരു വ്യാജ സർട്ടിഫിക്കട്ടിന്റെ ബലത്തിലായിരുന്നു ഈ കണ്ട അടിയൊക്കെ അദ്ദേഹം ഞങ്ങളുടെ മുൻഗാമികളെ അടിച്ചത് .
.
അല്ലെങ്കിലും വ്യാജന്മാർ ആണല്ലോ എപ്പോഴും പെർഫോമൻസ് കൂടുതൽ കാഴ്ച വെക്കാറുള്ളത് ..
.
ചന്ദ്രന്‍ മാഷ്‌, മാഷല്ലാതായത് ഇമ്മിണി ബല്ല്യ സന്തോഷം നൽകിയെങ്കിലും വേറൊരു നഷ്ടവും ഉണ്ടായി മൂന്നാം ക്ലാസ്സിൽ. ഇരട്ട സുന്ദരികൾ രേഖയും രൂപയും ..
.
ഞങ്ങളുടെ കുഞ്ഞു സ്കൂളിനു പത്രാസ് പോരെന്നു തോന്നിയത് കൊണ്ട് അവർ തലശ്ശേരി കോണ്‍വെന്റ് സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടത് മൂന്നാം ക്ലാസ്സിൽ വച്ചാണ് .. 

അതൊരു തീരാ നഷ്ടമായിരുന്നു ..

ആ നഷ്ടത്തിന്റെ ആഴം മനസ്സിലായത്‌ വർങ്ങൾക്ക് ശേഷം അവരുടെ സഹപാടിയും എന്റെ അയൽക്കാരിയും ആയ അഷിത അവരെപ്പറ്റി പറഞ്ഞപ്പോഴാണ് .
.
അല്ലെങ്കിലും ഒറ്റ നമ്പറിന്റെ വ്യത്യാസത്തിൽ പല ലോട്ടറികളും എനിക്ക് അടിക്കാതെ പോയിട്ടുണ്ട്
.
.....................................................................................................
.
.
ഒരു വിദ്യാർഥി അവന്റെ ജീവിതത്തിൽ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യമുണ്ട് ..
ഞങ്ങളോട് ആ ചോദ്യം ചോദിച്ചത് ഓമന ടീച്ചറാണ് ..
നാലാം ക്ലാസ്സിൽ വച്ച് .
.
വലുതായാൽ ആരാവണം ??
.
നല്ലോണം ആലോച്ചിട്ട് സ്ലേറ്റിൽ എഴുതിവെക്ക് .
.
എനിക്കോ അടുത്തിരിക്കുന്ന റിയാസിണോ ആരാവണം എന്ന കാര്യത്തിൽ ഒരു ഡൌട്ടും ഉണ്ടാരുന്നില്ല .
.
കാക്കി കുപ്പായമിട്ട് , ഒരു കൈ കൊണ്ട് ഒരു കമ്പി പറിച്ചെടുക്കാൻ ഇടയ്ക്കിടെ ശ്രമിച്ച്;
മറു കൈ കൊണ്ട് വളയം തിരിച്ചു;
പോം പോം എന്ന് ഹോണടിച്ച് ബസ്സ്‌ പറപ്പിക്കുന്ന ധീരൻ... വീരൻ .. വില്ലാളി വീരൻ
.
മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു ഞാനും റിയാസും
ചെമ്പരത്തി പൂവുരച്ച് നിറം കടുപ്പിച്ച സ്ലേറ്റിൽ കല്ല്‌ പെൻസിൽ കൊണ്ട് വടിവൊത്ത അക്ഷരങ്ങളിൽ എഴുതി
.
“..........ബസ് ഡ്രൈവർ ......”
.
ടീച്ചർ ഓരോരുത്തരുടെ ആയി സ്ലേറ്റു നോക്കുകയാണ് ..
ഞങ്ങളുടെ അടുത്തെത്തി .. എഴുതിയത് കണ്ടതും ടീച്ചറുടെ മുഖം ചുവന്നു.
ഭാവിയിലെ ബസ് ഡ്രൈവർമാരെ സ്റ്റോപ്പ്‌ സിഗ്നൽ കാണിച്ചു എഴുന്നേൽപ്പിച്ചു നിർത്തി
.
ബുക്കും പേപ്പറും വാങ്ങി വച്ചു
.
ചൂരൽ കൊണ്ട് കയ്യിൽ ചുവന്ന ഫൈൻ എഴുതി
. ..
ക്ലാസ്സിലെ തട്ടത്തിൻ മറയത്തെ സുന്ദരി സബീനയെ ചൂടി കാണിച്ചു പറഞ്ഞു .
.
“......നോക്ക്. അവളെ നോക്കി പഠിക്ക് ...”
.
എന്താ അവളെഴുതിയത് ..അവൾക്കാരാ ആവണ്ടത് ?
.
അവളുടെ സ്ലേറ്റിലെ കുനു കുനെയുള്ള ചെറിയ അക്ഷരങ്ങളിൽ ഞങ്ങൾ അത് വായിച്ചു.
.
".....അധ്യാപിക .."
.
അത് ശരി ....അതെല്ലെങ്കിലും അങ്ങനെയാണല്ലോ.
ന്നാലും എന്റെ ഓമന ടീച്ചർ… ഇങ്ങനെയൊക്കെ ചെയ്യാമോ... ??
.
ഉള്ളിൽ സങ്കടം കുറെ ഉണ്ടായിരുന്നെങ്കിലും ഏതെങ്കിലും മഴയത്ത് ഏതോ ബസ്‌ ഡ്രൈവർ ടീച്ചറുടെമേൽ ചെളി വെള്ളം തെറിപ്പിച്ചതിന്റെ ദേഷ്യാവും ടീച്ചർ കാണിച്ചത് എന്ന് ഞങ്ങൾ സമാധാനിച്ചു..
.
തനിക്കൊരു അധ്യാപിക ആവണം എന്നെഴുതി സബീന കീഴടക്കിയത് ഓമന ടീച്ചറെ മാത്രമായിരുന്നില്ല പടച്ചവനെയും കൂടെയായിരുന്നു. അതുകൊണ്ടല്ലേ രണ്ടു മൂന്നു വര്ഷങ്ങൾക്ക് മുമ്പ് , വിടരും മുമ്പേ കൊഴിഞ്ഞുപോയ കുഞ്ഞുങ്ങൾ പഠിക്കുന്ന സ്വർഗ്ഗത്തിലെ സ്കൂളിൽ വന്ന ഒഴിവിലേക്ക് ദൈവം അവളെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോയത്..
.
..............................................................................................
.
“………ഓമന ടീച്ചറേ…, സുധടീച്ചറേ……, അറബിക് മാഷേ…, എയ്യോ വരുന്നുണ്ട് ഇന്ന് ..”
.
ശാരദ ടീച്ചറാണ്, ഓഫീസിൽ നിന്ന് .
.
“…..ഇന്നോ ...”
.
എല്ലാരുടെം മുഖത്ത് വെപ്രാളം ..പേടി .. ഈ എയ്യോ (AEO) എന്താന്ന് ഞങ്ങൾക്ക് ആർക്കും മനസ്സിലായില്ലെങ്കിലും സുനാമി പോലെ പേടിക്കേണ്ട എന്തോ ഒന്നാണ് വരാൻ പോകുന്നതെന്ന് ടീച്ചർമാരുടെ വെപ്രാളം പറയാതെ പറഞ്ഞു ..
.
ആരോ പോയി ഉമ്മയുടെ വീട്ടിൽ നിന്ന് രണ്ടു കടുക്കാച്ചി കുട്ടികളെ കൂടി സ്കൂളിൽ കൊണ്ട് വന്നിരുത്തി
. ..
ടീച്ചർമാർ എന്തൊക്കെയോ അടുക്കി പെറുക്കി വെക്കുന്നു
.
സ്കൂൾ നിശബ്ദമായി .
.
സ്കൂളിന്റെ മേലെ ആപത്തു വിതക്കാൻ വരുന്ന,
ടീച്ചർമാരെപ്പോലും പേടിപ്പിക്കാൻ കഴിവുള്ള ഭീകരൻ എയ്യോ ഇപ്പൊ വരും .
.
ഈ ഭീകരനെ ആരും ഇതിനു മുമ്പേ കണ്ടിട്ടില്ല .
.
കുറച്ചു സമയം ആയപ്പോൾ ഇത്തിരി കഷണ്ടിയും കുടവയറും ഉള്ള പാന്റിട്ട ഒരു രൂപം സ്കൂളിലേക്ക് കയറി വന്നു.
ഗൌരവം മുറ്റിയ മുഖം ..
ടീച്ചർമാർ ഭയ ഭക്തി ബഹുമാനത്തോടെ നിൽക്കുന്നു
അയാൾ പലതും പരിശോധിക്കുന്നു
ടീച്ചർമാരോട് ചോദ്യങ്ങൾ ചോദിക്കുന്നു .
.
ടീച്ചർമാരോട് ചോദ്യം ചോദിക്കാൻ ധൈര്യമുള്ളവനോ -- ഹമ്പട ..!! ഈ ഏയ്യോ അപ്പൊ ചില്ലറക്കാരനല്ല.
.
എല്ലാ ക്ലാസ്സിലും കേറി ഇറങ്ങി ടീച്ചർമാരോട് എന്തൊക്കെയോ ചോദിച്ചു അയാൾ ഓഫിസിലേക്കു തന്നെ പോയി. കുറച്ചു കഴിഞ്ഞു പതിയെ സ്കൂൾ മുഴുവൻ ഒരു മണം പരന്നു --
.
നല്ല കോഴി ബിരിയാണിയുടെ മണം ..!!!
.
എയ്യൊ എന്തിനാണ് സ്കൂളിൽ വന്നത് എന്നും
ടീച്ചർമാർ എന്തിനാണ് ഇത്രയും വെപ്രാളപ്പെട്ടത് എന്നോന്നും മനസ്സിലായില്ലെങ്കിലും ഞങ്ങൾക്ക് വേറൊരു കാര്യം മനസ്സിലായി .
.
ഈ ഭീകരൻ എയ്യോ ബിരിയാണി മാത്രേ കഴിക്കൂ .
.
…………………......................................................
സ്കൂളിൽ പോകാൻ എറ്റവും ഇഷ്ടം തോന്നുന്ന ദിവസങ്ങൾ ഏതൊക്കെയാണ് ..??
.
അടുത്തതവണ പറയാം ... അല്ലേ ..??

പൂത്തിരികള്‍



മീനച്ചൂടില്‍ സൂര്യന്‍ കത്തുമ്പോള്‍ ഉണ്ണികളുടെ തലയില്‍ പരീക്ഷകളും കത്തി നിക്കുന്നുണ്ടാവും ..
കണിക്കൊന്നകളിൽ സ്വർണ്ണവും പൂത്തുലഞ്ഞു നിക്കുന്നുണ്ടാവും അപ്പോഴേക്കും.
.
ബാക്കി പൈസക്കുള്ള മിട്ടായി വേണ്ടാന്ന് വച്ചു കൂടി വച്ച നാണയങ്ങൾക്ക് വാങ്ങിക്കുന്ന ഡോട്ട് കാപ്സ കല്ല്‌ കൊണ്ട് കുത്തി പൊട്ടിക്കാനുള്ള വെമ്പലില്‍ പരീക്ഷകള്‍ എങ്ങനെയേലും കഴിഞ്ഞ മതിയെന്നാവും.
.
ഇച്ചിരി കാശുകാർക്ക് തോക്കുണ്ടാവും; റോളർ കാപ്സ് ഗമയിൽ പൊട്ടിച്ചു നടക്കാൻ..!!
.
ശിവകാശിയില്‍ നിന്ന് വിരുന്നുവരുന്നവര്‍ പിന്നെയും കുറേപേരുണ്ടായിരുന്നു;
.
കുസൃതിക്കുരുന്നുകളായ കാന്താരിപ്പടക്കങ്ങൾ,
.
വലിയ ചേട്ടന്മാര്‍ക്കുള്ള സരസ്വതിയും പിന്നെ ലക്ഷ്മിയും,
.
ഇരുന്നിലയില്‍ പൊട്ടുന്ന പത്രാസ്സുകാരന്‍ ഡബിൾ,
.
കുഞ്ഞു മക്കളുടെ ചിരിയോടു മത്സരിക്കുന്ന കമ്പിത്തിരി,
.
കൌമാരം പോലെ വിടര്‍ന്നു പൊങ്ങുന്ന പൂത്തിരി,
.
പൂക്കളം തീര്‍ക്കുന്ന ചക്രങ്ങള്‍,
.
ഇത്തിരി കുറുമ്പിൽ തീതുപ്പുന്ന സ്വസ്തിക്,
.
തറവാടി ഓലപ്പടക്കങ്ങൾ,
.
ഗൌരവത്തിന്റെ പച്ചചുറ്റിയ ബോംബ്‌
.
പരീക്ഷകൾ കഴിയുന്നതോടെ ഒറ്റയ്ക്കും തെറ്റയ്ക്കും, കുട്ടികള്‍ ഉള്ള വീട്ടില്‍ നിന്നൊക്കെ, അവര്‍ പൊട്ടിചിതറും
.
.
അവധികാലത്ത് മിട്ടായി കടനടത്തിയും
കശുവണ്ടി വിറ്റും പൊട്ടാസ് വാങ്ങിക്കാന്‍ പണം സമ്പാദിച്ചിരുന്നവരും ഉണ്ടായിരുന്നു കൂട്ടുകാരിൽ
.
.
വിഷു തലേന്ന് അച്ഛൻ വരുന്നത് കാത്തിരിക്കണം ,
.
കൊണ്ട് വരുന്ന വലിയകെട്ട് കോലായിയുടെ മൂലയ്ക്ക് വച്ചു , “..പൊട്ടാസിനോക്കെ തീവിലയാ “ന്നു പറഞ്ഞു അച്ഛൻ അകത്തേക്ക് കേറിപ്പോവും ..
.
ആകാംക്ഷയുടെ കുഞ്ഞുമുഖങ്ങളിലേക്ക് നോക്കി മുഖമൊന്നു കോട്ടിയിരിക്കുന്ന ആ പാക്കറ്റ് അച്ഛന്‍തന്നെ തുറക്കണം.
.
വലിയ പടക്കങ്ങൾ ഗമ കാട്ടിയിരിക്കുമ്പോൾ കമ്പിത്തിരിയും പൂത്തിരിയും വർണ്ണതീപ്പെട്ടിയും ഞങ്ങളോട് വിടർന്നു ചിരിക്കും ..
.
കൂട്ടത്തിലോരാളുണ്ട് - പത്രാസ്സുകാരൻ മാലപ്പടക്കം
കൂടുകാരോട് പൊങ്ങച്ചം പറയാൻ അവന്റെ നീളം തന്നെ വേണമെന്ന് അവനറിയാം ..
.
.
പടക്കങ്ങൾ ഓരോന്നായി സാമ്പിൾ പെർഫോമൻസ് കാഴ്ച വെക്കുമ്പോഴേക്ക് അമ്മയുടെ ഉണ്ണിയപ്പം എണ്ണയിൽ കുളിച്ചു സുന്ദരന്മാരായി റെഡി ആയിട്ടുണ്ടാവും ..
.
കണികണ്ടുണരാനായി മാത്രം ഉറങ്ങാതെ ഉറങ്ങുന്ന രാത്രി,
അച്ഛമ്മയുടെ വിളിക്ക് കാതോർത്ത് ,
.
ആകാംക്ഷയുടെ കണ്ണുകൾ തുറക്കുമ്പോൾ മുന്നിൽ...
എങ്ങും വെളിച്ചമേകി നിറഞ്ഞു കത്തുന്ന ഓട്ടുവിളക്ക് .
.
നിർമലതയുടെ കോടി മുണ്ടിൽ സമ്പന്നതയുടെ സ്വർണ്ണമാല
.
പുഞ്ചിരിക്കുന്ന കണിക്കൊന്ന,
.
കുസൃതികാട്ടുന്ന മാമ്പഴം
.
വാഴപഴത്തിന്റെ തോളത്തു സുഗന്ധം പരത്തി
ചന്ദനത്തിരികൾ
.
ഓട്ടുരുളിയിൽ ഉണ്ണിയപ്പം .
.
ധാന്യങ്ങൾ , പച്ചകറികൾ , പഴങ്ങൾ
.
നടുക്ക് എല്ലാം കണ്ടു പുഞ്ചിരിച്ചു ഉണ്ണിക്കണ്ണൻ..
.
കണ്ണിനും മനസ്സിനും വിഷു കണി ..
.
പിന്നെയങ്ങു തുടങ്ങും പൊട്ടിത്തെറിച്ചും , കത്തി ജ്വലിച്ചും
വർണ്ണ പൂക്കൾ വിരിച്ചു കണ്ണഞ്ചിപ്പിച്ചും
പേടിയുടെ കുഞ്ഞുവിരലുകൾ ചെവിയിലേക്കെത്തിച്ച് വേറെ ചിലതും.
.
.
വിഷു സദ്യ കഴിഞ്ഞാണ് മാല പടക്കത്തിന്റെ എഴുന്നള്ളത്ത്‌.
കൂട്ടപ്പോരിച്ചൽ കേമമാക്കാൻ ഇടവിട്ട്‌ ഓലപോട്ടാസും ബോംബും കെട്ടി വെക്കണം .
.
അവനു തീകൊളുത്താൻ അച്ഛനു മാത്രേ ധൈര്യമുള്ളൂ..
തീ കൊളുത്തി അച്ഛൻ " ഞാനിതെത്ര കണ്ടതാ" എന്ന മട്ടിൽ പതിയെ നടന്നു വരുമ്പോ കുഞ്ഞു നെഞ്ചിലെ ഭയം “..ഓടിക്കോ അച്ചാ..” എന്ന് വിളിച്ചു കൂവും
.
ആർത്തു വിളിച്ചു , നാട് വിറപ്പിച്ച് , ചെവി അടപ്പിച്ചു , പുകയുയർത്തി
മാലപ്പടക്കം പൊട്ടിത്തീരുമ്പോൾ വിഷുവും തീരും.
.
.
എല്ലാം അടങ്ങി കഴിയുമ്പോ അമ്മ കാണാതെ ഒരു തിരച്ചിലുണ്ട്;
പൊട്ടാതെ ബാക്കി ആയവർക്ക് വേണ്ടി,
.
മിടുക്ക് കാട്ടാൻ കഴിയാതെ പോയതിൽ മനം നൊന്തു മണ്ണിൽ മുഖം ചേർത്തു കിടക്കുന്നതിനെയൊക്കെ പെറുക്കി എടുത്തു , കുപ്പായം അഴിപ്പിച്ചു മരുന്ന് മാത്രം ചേർത്തുവച്ചു കത്തിക്കണം .
കണ്ണഞ്ചിപ്പിച്ചു ഒന്ന് ആളിക്കത്തും അത്,
.
ആ ആളിക്കത്തലിൽ കുഞ്ഞു വിരലുകൾക്ക് തീയേറ്റിട്ടുണ്ട് പലപ്പോഴും ,
കുറച്ചു ദിവസത്തേക്ക് ഉണ്ടാവും ആ നീറ്റൽ.
.
.
നീറുന്നുണ്ട് ഇപ്പോഴും ,
.
നഷ്ട ബോധത്തിന്റെ ആരും കാണാത്ത ഒരു നീറ്റൽ.
.
കൈ വിട്ടു പോയതിനെയോക്കെയും പെറുക്കി എടുക്കാൻ കഴിയാതെ പോവുന്നതിന്റെ നീറ്റൽ...!!!

മാഞ്ഞു പോകുന്ന മുഖങ്ങളുടെ മുഖപുസ്തകം ...!!!



ആദ്യം കണ്ണുന്നട്ട് കാത്തിരിക്കും ,
.
പിന്നെ, ലൈക്ക് കൊണ്ടൊരു തോണ്ടൽ,
മറുലൈക്കിന്റെ നിർവ്രുതി
.
ഇത്തിരി കഴിഞ്ഞാൽ കമെന്റിൽ ചാലിച്ച പുഞ്ചിരി ,
മറുപടി കമന്റ് കിട്ടിയാൽ ലോകം കീഴ്പ്പെടുത്തിയ സന്തോഷം,
അതിൽ വിരിയുന്ന നേരം പോക്ക്, കുസൃതി, വഴക്ക് ..
.
പിന്നെ, കിന്നാരം ചൊല്ലാൻ ഇന്‍ബോക്സിലെക്കൊരു കുടിയേറ്റം...
ചാറ്റിങ്ങിൽ രാപ്പാർക്കൽ...
അക്ഷരങ്ങളും സ്മൈലികളും തികയുന്നില്ലെന്ന തോന്നൽ.
.
ടാഗ് കൊണ്ടൊരു കെട്ടിപ്പുണരല്‍
ഷെയർ ചെയ്യുന്ന അഭിലാഷങ്ങൾ, മോഹങ്ങള്‍
അക്ഷരങ്ങളില്‍ നിന്ന് ചിത്രങ്ങളിലേക്ക്, പിന്നെ ദ്രിശ്യങ്ങളിലേക്കും...
അങ്ങനെയങ്ങനെ ഒരൊറ്റ പോസ്റ്റ്‌ ആവുന്നത്തിന്റെ നിർവ്രുതി...
.
.
.
നാളുകൾ കഴിയുമ്പോൾ....
.
പുത്തനുടുപ്പിട്ട കമന്റുകളുടെ ആകര്‍ഷണത്തിലാവുമ്പോള്‍,
പുതിയ മുഖങ്ങളുടെ പുതിയ ലൈക്കുകള്‍ മാടിവിളിക്കുമ്പോള്‍
പഴയതിനോടൊരു റിപീറ്റഡ് പോസ്റ്റ്‌ കാണുന്ന മടുപ്പ്,
.
“..സീന്‍..” ആയിട്ടും അനാഥരാവുന്ന മെസ്സേജുകള്‍
പിണക്കങ്ങൾ മറയ്ക്കുന്ന നോട്ടിഫിക്കേഷൻസ്,
ഫോളോ ചെയ്യപ്പെടാത്ത കാത്തിരിപ്പ്‌,
.
കമന്ടുകളുടെ അക്കരപ്പച്ചയിലേക്കൊരു കുടിയേറ്റം.
ഇന്‍ബോക്സില്‍ നിന്ന് ഇൻബോക്സിലേക്കൊരു കൂട് വിട്ടു കൂടുമാറല്‍
.
കുഴി തോണ്ടി പുറത്തെടുക്കുന്ന അവിശ്വാസത്തിന്റെ ലിങ്കുകള്‍
തേൻമഴ പെയ്ത പഴയ ഇൻബോക്സിൽ പിന്നെ ശാപവചനങ്ങളുടെ തീമഴ
.
“..വിട്ടു പോവില്ലോരിക്കലും..” എന്ന് മോഴിഞ്ഞവര്‍ “..കാണരുതിനിയോരിക്കലും.” എന്നലറുന്നു
.
“..മിസ്സ്‌ യു..” എന്ന് പലവട്ടം കൊഞ്ചിയവര്‍ “..തേടി വരരുതെന്ന്..” ആക്രോശിക്കുന്നു.
.
മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നു
കോമ്പല്ലുകളില്‍ വെറുപ്പിന്റെ ചോര കിനിയുന്നു
ദംഷ്ട്രകള്‍ “ അവസാനിക്കണം നീ” എന്ന മട്ടില്‍ ആഴ്ന്നിറങ്ങുന്നു
.
പിന്നെ,
.
അണ്‍ ഫ്രണ്ട് കൊണ്ടൊരു വെട്ടിമുറിക്കൽ
ബ്ലോക്ക്‌ കൊണ്ടൊരു ചിതയോരുക്കല്‍..
.
ആ ചുടുചാരത്തില്‍ ചവിട്ടി പിന്നെയും
പുതിയ തീരങ്ങളില്‍ മദിച്ചു മദിച്ചു....
.
.
മായ്ച്ചു കളയുന്നു അങ്ങനെ മുഖങ്ങള്‍ പലതും.
.

കാലമേ , നീ എന്തിനാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത് ...??




കാലമേ നീ എന്തിനാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്...??
.
ഞാന്‍ ചെയ്തതൊക്കെ അത്രയും വല്ല്യ തെറ്റുകള്‍ ആയിരുന്നോ..?? 
.
ആദ്യമായി കരഞ്ഞത് , അമ്മയുടെ ഉദരത്തിലെ സുരക്ഷിതത്വത്തിന്‍റെ പൊക്കിള്‍ കൊടി അറുത്തു മാറ്റിയപ്പോഴല്ലേ...??
.
സ്നേഹത്തോടെ വായില്‍ വച്ചു തന്ന ചോറ് വേണ്ടാന്ന് പറഞ്ഞു തുപ്പിക്കളഞ്ഞത്.
എന്റെ കുഞ്ഞു വയറു നിറഞ്ഞു പോട്ടാറായപ്പോഴല്ലേ..??
.
അമ്മയും അച്ഛനും കിടക്കുമ്പോള്‍ അവരുടെ ഇടയില്‍ കയറിക്കിടന്നു ഉമ്മ എനിക്ക് തന്നെ വേണമെന്നു വാശിപിടിച്ചത്‌,
അവരുടെ സ്നേഹം മുഴുവന്‍ നേടാന്‍ കൊതി ആയിട്ടല്ലേ.... ??.
.
സ്കൂളില്‍ പോവാന്‍ മടികാണിച്ചത്,
മുറ്റത്തെ ചെടികളും പൂക്കളും, പാറി നടക്കുന്ന തുമ്പികളും മണ്ണപ്പം ചുടാനുള്ള ചിരട്ടകള്‍ക്കും തനിച്ചായിപോവുന്നു വിചാരിച്ഛല്ലേ..??
.
വഴിയിലെ തോടുകളില്‍ നിന്ന് കുടവലയാക്കി സ്വര്‍ണ്ണ മീനുകളെ പിടിച്ചത്,
അവരെപ്പോലെ എനിക്ക് നീന്തി തുടിക്കാന്‍ പറ്റാത്തതിലുള്ള അസൂയ കൊണ്ടല്ലേ..??
.
അച്ഛന്റെ മേശയിലെ നാണയങ്ങള്‍ പാരീസ് മുട്ടായികള്‍ ആയി മാറിയത്, മിട്ടായി ഭരണിയിലെ അവയുടെ ചിരി സഹിക്കാന്‍ വയ്യാഞ്ഞിട്ടല്ലേ
.
വഴിയരികില്‍ മഷിത്തണ്ടും മഞ്ചാടികുരുക്കളുമായി കാത്തുനിന്നത്, അവളുടെ മുഖത്തു വിരിയുന്ന പുഞ്ചിരി കാണാനായിരുന്നില്ലേ..??
.
മോഹത്തിന്റെ സ്റ്റിയരിംഗ് തിരിച്ചു ഭാവനയില്‍ ക്ലച്ചു ചവിട്ടി കുട്ടിത്തത്തിന്റെ ഗിയര്‍ മാറ്റി, കുസൃതിയുടെ ഹോണടിച്ചു സ്കൂള്‍ മുറ്റത്തു ബസ്സോടിച്ചത്, വേഗം പോരെന്നു തോന്നിയത് കൊണ്ടല്ലേ ..??
.
അമ്മയുടെ ഐ ബ്രോ പെന്‍സില്‍ കൊണ്ട് പോടീമീശ കറുപ്പിച്ചത്,
വേഗം വലുതാവുനുള്ള കൊതി കൊണ്ടല്ലേ..??
.
അച്ഛന്‍ അഴിച്ചു വച്ച മുണ്ടെടുത്തുടുത്ത് കണ്ണാടിയില്‍ നോക്കി നിന്നത്
അച്ഛനെ പോലെ ആകാനുള്ള ധൃതി കൊണ്ടല്ലേ..??
.
ഇതൊക്കെയും അത്രയും വല്ല്യ തെറ്റുകള്‍ ആയിരുന്നോ..??
നീ എന്തിനാണ് എന്നെ ഇത്രയും പെട്ടന്ന് വലുതാക്കിയത് ..??
.
എനിക്ക് വലുതാവണ്ടാരുന്നു ..