മീനച്ചൂടില്‍ സൂര്യന്‍ കത്തുമ്പോള്‍ ഉണ്ണികളുടെ തലയില്‍ പരീക്ഷകളും കത്തി നിക്കുന്നുണ്ടാവും ..
കണിക്കൊന്നകളിൽ സ്വർണ്ണവും പൂത്തുലഞ്ഞു നിക്കുന്നുണ്ടാവും അപ്പോഴേക്കും.
.
ബാക്കി പൈസക്കുള്ള മിട്ടായി വേണ്ടാന്ന് വച്ചു കൂടി വച്ച നാണയങ്ങൾക്ക് വാങ്ങിക്കുന്ന ഡോട്ട് കാപ്സ കല്ല് കൊണ്ട് കുത്തി പൊട്ടിക്കാനുള്ള വെമ്പലില്‍ പരീക്ഷകള്‍ എങ്ങനെയേലും കഴിഞ്ഞ മതിയെന്നാവും.
.
ഇച്ചിരി കാശുകാർക്ക് തോക്കുണ്ടാവും; റോളർ കാപ്സ് ഗമയിൽ പൊട്ടിച്ചു നടക്കാൻ..!!
.
ശിവകാശിയില്‍ നിന്ന് വിരുന്നുവരുന്നവര്‍ പിന്നെയും കുറേപേരുണ്ടായിരുന്നു;
.
കുസൃതിക്കുരുന്നുകളായ കാന്താരിപ്പടക്കങ്ങൾ,
.
വലിയ ചേട്ടന്മാര്‍ക്കുള്ള സരസ്വതിയും പിന്നെ ലക്ഷ്മിയും,
.
ഇരുന്നിലയില്‍ പൊട്ടുന്ന പത്രാസ്സുകാരന്‍ ഡബിൾ,
.
കുഞ്ഞു മക്കളുടെ ചിരിയോടു മത്സരിക്കുന്ന കമ്പിത്തിരി,
.
കൌമാരം പോലെ വിടര്‍ന്നു പൊങ്ങുന്ന പൂത്തിരി,
.
പൂക്കളം തീര്‍ക്കുന്ന ചക്രങ്ങള്‍,
.
ഇത്തിരി കുറുമ്പിൽ തീതുപ്പുന്ന സ്വസ്തിക്,
.
തറവാടി ഓലപ്പടക്കങ്ങൾ,
.
ഗൌരവത്തിന്റെ പച്ചചുറ്റിയ ബോംബ്
.
പരീക്ഷകൾ കഴിയുന്നതോടെ ഒറ്റയ്ക്കും തെറ്റയ്ക്കും, കുട്ടികള്‍ ഉള്ള വീട്ടില്‍ നിന്നൊക്കെ, അവര്‍ പൊട്ടിചിതറും
.
.
അവധികാലത്ത് മിട്ടായി കടനടത്തിയും
കശുവണ്ടി വിറ്റും പൊട്ടാസ് വാങ്ങിക്കാന്‍ പണം സമ്പാദിച്ചിരുന്നവരും ഉണ്ടായിരുന്നു കൂട്ടുകാരിൽ
.
.
വിഷു തലേന്ന് അച്ഛൻ വരുന്നത് കാത്തിരിക്കണം ,
.
കൊണ്ട് വരുന്ന വലിയകെട്ട് കോലായിയുടെ മൂലയ്ക്ക് വച്ചു , “..പൊട്ടാസിനോക്കെ തീവിലയാ “ന്നു പറഞ്ഞു അച്ഛൻ അകത്തേക്ക് കേറിപ്പോവും ..
.
ആകാംക്ഷയുടെ കുഞ്ഞുമുഖങ്ങളിലേക്ക് നോക്കി മുഖമൊന്നു കോട്ടിയിരിക്കുന്ന ആ പാക്കറ്റ് അച്ഛന്‍തന്നെ തുറക്കണം.
.
വലിയ പടക്കങ്ങൾ ഗമ കാട്ടിയിരിക്കുമ്പോൾ കമ്പിത്തിരിയും പൂത്തിരിയും വർണ്ണതീപ്പെട്ടിയും ഞങ്ങളോട് വിടർന്നു ചിരിക്കും ..
.
കൂട്ടത്തിലോരാളുണ്ട് - പത്രാസ്സുകാരൻ മാലപ്പടക്കം
കൂടുകാരോട് പൊങ്ങച്ചം പറയാൻ അവന്റെ നീളം തന്നെ വേണമെന്ന് അവനറിയാം ..
.
.
പടക്കങ്ങൾ ഓരോന്നായി സാമ്പിൾ പെർഫോമൻസ് കാഴ്ച വെക്കുമ്പോഴേക്ക് അമ്മയുടെ ഉണ്ണിയപ്പം എണ്ണയിൽ കുളിച്ചു സുന്ദരന്മാരായി റെഡി ആയിട്ടുണ്ടാവും ..
.
കണികണ്ടുണരാനായി മാത്രം ഉറങ്ങാതെ ഉറങ്ങുന്ന രാത്രി,
അച്ഛമ്മയുടെ വിളിക്ക് കാതോർത്ത് ,
.
ആകാംക്ഷയുടെ കണ്ണുകൾ തുറക്കുമ്പോൾ മുന്നിൽ...
എങ്ങും വെളിച്ചമേകി നിറഞ്ഞു കത്തുന്ന ഓട്ടുവിളക്ക് .
.
നിർമലതയുടെ കോടി മുണ്ടിൽ സമ്പന്നതയുടെ സ്വർണ്ണമാല
.
പുഞ്ചിരിക്കുന്ന കണിക്കൊന്ന,
.
കുസൃതികാട്ടുന്ന മാമ്പഴം
.
വാഴപഴത്തിന്റെ തോളത്തു സുഗന്ധം പരത്തി
ചന്ദനത്തിരികൾ
.
ഓട്ടുരുളിയിൽ ഉണ്ണിയപ്പം .
.
ധാന്യങ്ങൾ , പച്ചകറികൾ , പഴങ്ങൾ
.
നടുക്ക് എല്ലാം കണ്ടു പുഞ്ചിരിച്ചു ഉണ്ണിക്കണ്ണൻ..
.
കണ്ണിനും മനസ്സിനും വിഷു കണി ..
.
പിന്നെയങ്ങു തുടങ്ങും പൊട്ടിത്തെറിച്ചും , കത്തി ജ്വലിച്ചും
വർണ്ണ പൂക്കൾ വിരിച്ചു കണ്ണഞ്ചിപ്പിച്ചും
പേടിയുടെ കുഞ്ഞുവിരലുകൾ ചെവിയിലേക്കെത്തിച്ച് വേറെ ചിലതും.
.
.
വിഷു സദ്യ കഴിഞ്ഞാണ് മാല പടക്കത്തിന്റെ എഴുന്നള്ളത്ത്.
കൂട്ടപ്പോരിച്ചൽ കേമമാക്കാൻ ഇടവിട്ട് ഓലപോട്ടാസും ബോംബും കെട്ടി വെക്കണം .
.
അവനു തീകൊളുത്താൻ അച്ഛനു മാത്രേ ധൈര്യമുള്ളൂ..
തീ കൊളുത്തി അച്ഛൻ " ഞാനിതെത്ര കണ്ടതാ" എന്ന മട്ടിൽ പതിയെ നടന്നു വരുമ്പോ കുഞ്ഞു നെഞ്ചിലെ ഭയം “..ഓടിക്കോ അച്ചാ..” എന്ന് വിളിച്ചു കൂവും
.
ആർത്തു വിളിച്ചു , നാട് വിറപ്പിച്ച് , ചെവി അടപ്പിച്ചു , പുകയുയർത്തി
മാലപ്പടക്കം പൊട്ടിത്തീരുമ്പോൾ വിഷുവും തീരും.
.
.
എല്ലാം അടങ്ങി കഴിയുമ്പോ അമ്മ കാണാതെ ഒരു തിരച്ചിലുണ്ട്;
പൊട്ടാതെ ബാക്കി ആയവർക്ക് വേണ്ടി,
.
മിടുക്ക് കാട്ടാൻ കഴിയാതെ പോയതിൽ മനം നൊന്തു മണ്ണിൽ മുഖം ചേർത്തു കിടക്കുന്നതിനെയൊക്കെ പെറുക്കി എടുത്തു , കുപ്പായം അഴിപ്പിച്ചു മരുന്ന് മാത്രം ചേർത്തുവച്ചു കത്തിക്കണം .
കണ്ണഞ്ചിപ്പിച്ചു ഒന്ന് ആളിക്കത്തും അത്,
.
ആ ആളിക്കത്തലിൽ കുഞ്ഞു വിരലുകൾക്ക് തീയേറ്റിട്ടുണ്ട് പലപ്പോഴും ,
കുറച്ചു ദിവസത്തേക്ക് ഉണ്ടാവും ആ നീറ്റൽ.
.
.
നീറുന്നുണ്ട് ഇപ്പോഴും ,
.
നഷ്ട ബോധത്തിന്റെ ആരും കാണാത്ത ഒരു നീറ്റൽ.
.
കൈ വിട്ടു പോയതിനെയോക്കെയും പെറുക്കി എടുക്കാൻ കഴിയാതെ പോവുന്നതിന്റെ നീറ്റൽ...!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ