Dream ...! Becoz those don't have dreams don't have much...!


2017 മേയ് 16, ചൊവ്വാഴ്ച

പരസ്യം പതിക്കരുത് ..!!


അമരീഷ് പുരിയുടെ മുഖത്തെ ക്രൂരമായ ചിരി കണ്ടു ഭയന്ന് ഇരിക്കുമ്പോഴായിരിക്കും അവര്‍ വരിക ..

അല്ലെങ്കില്‍ പ്രണയം നഷ്ടപെട്ട രാജേഷ് ഖന്നയുടെ ദുഖത്തില്‍ പങ്കു കൊണ്ട് ഹൃദയം വിതുമ്പുമ്പോള്‍,

അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രണയഗാനത്തില്‍ മുഴുകിയിരിക്കുമ്പോഴായിരിക്കും ആ വരവുണ്ടാകുക, 


“.....നിര്‍മാ… നിര്‍മാ….. വാഷിംഗ് പൌഡര്‍ നിര്‍മാ….
ദൂത് സേ സഫേദീ നിര്‍മാ ലേ ആയെ.......”

അതുവരെ അടക്കി പിടിച്ച ശ്വാസം വിടുന്നത് അപ്പോഴായിരിക്കും..


പരസ്യങ്ങള്‍ വരുമ്പോള്‍…!!

മുതിര്‍ന്നവര്‍ പരസ്യങ്ങള്‍ക്ക് നേരെ അനിഷ്ടത്തിന്റെ കടന്നല്‍ കുത്തിയ മുഖം കാണിച്ചപ്പോള്‍ ഞങ്ങല്‍ കുട്ടികള്‍ക്ക് അവയെയയും ഇഷ്ടമാരുന്നു ..

അല്ലെങ്കിലും കുട്ടികളുടെ പുസ്തകത്തില്‍ അനിഷ്ടത്തിന്റെ പാഠങ്ങളിലല്ലോ...


501 ബാര്‍ സോപ്പ് കൊണ്ട് തേച്ചെടുത്തു അലക്ക് കല്ലില്‍ അടിച്ചു വെളുപ്പിച്ച കുപ്പായമിട്ടിരുന്നവര്‍, നിര്‍മ വാഷിംഗ് പൌഡറില്‍ അലക്കിയെടുത്ത തൂവെള്ള ഉടുപ്പിട്ടാല്‍ പരസ്യത്തിലെ കുട്ടിയെപ്പോലെ ഡാന്‍സ് ചെയ്യാമെന്ന് ന്യായമായും വിശ്വസിച്ചു.

“…ഗലേമേം കിച്ച് കിച്ച് ..” എന്ന് പറഞ്ഞു കഥ പറയുന്നതില്‍ നിന്ന് രക്ഷതേടിയ മുത്തശ്ശിയോടു “...വിക്സ് ഗോലിലോ കിച്ച് കിച് ദൂര്‍ കരോ..” എന്ന് പറഞ്ഞു.

കളികളിലെ ഇടവേളക്കിടയില്‍ കഞ്ഞി വെള്ളത്തിനും കിണറില്‍ നിന്ന് കോരിയെടുത്തു കൈക്കുമ്പിളില്‍ ഒഴിച്ച് കുടിക്കേണ്ട പച്ച വെള്ളത്തിനും പകരം രസ്നയാണ് കുടിക്കെണ്ടതെന്നു പഠിപ്പിച്ചതും പരസ്യങ്ങളാണ്.
അമ്പലത്തിലെ പുഷ്പാജ്ഞലിയില്‍ ഒതുങ്ങിയിരുന്ന ബര്‍ത്ത് ഡേ ആഘോഷത്തില്‍ “...ഐ ലവ് യു രസ്ന..” പറയുന്നതെങ്ങനെ ?

പക്ഷെ,
“..സ്വാദ് ഭരേ ശക്തി ഭരേ പാര്‍ലേ ജി....” ബിസ്കറ്റ് വാങ്ങിതരുന്നതില്‍ അമ്മമാര്‍ മടി കാണിച്ചിരുന്നില്ല – അല്ലെങ്കിലും ആ കാര്യം “...സബ്കോ പതാഹേ ജി...”


നമ്മള്‍ ആദ്യം കണ്ട കുളി സീന്‍ ഏതാണെന്ന് ഓര്‍ക്കുന്നുണ്ടോ ??

ലിറില്‍ സുന്ദരിയുടെ...!!!

ഇച്ചിരി തുണി മാത്രം ഇട്ടു വെള്ളച്ചാട്ടത്തില്‍ “....ലാലാ ലാലാലാ..” പാടി അവള്‍ നീരാടുന്നത് കണ്ടപ്പോള്‍ നമ്മള്‍ക്കും കുളിരുകോരിയിരുന്നില്ലേ..

പെണ്‍കുട്ടികള്‍ ചിരി അടക്കി, നാണിച്ചു തല താഴ്ത്തിയിരുന്നപ്പോള്‍ ആ സോപ്പിന്റെ നാരങ്ങ മണം ഞങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടു.


മുഖക്കുരു മുളക്കുന്ന പ്രായത്തില്‍ പാടുകളെക്കുറിച്ചോര്‍ത്തു വെവലാതിപ്പെട്ടവരെ
“....വീക്കോ ടര്‍മറീക് ആയുര്‍വേദിക്ക് ക്രീം
ത്വജാക്കോ രക്ഷാക്കരേ ആന്റിസെപ്ടിക് ക്രീം..”
എന്ന പാട്ട് കുറച്ചോന്നുമല്ല ആശ്വസിപ്പിച്ചത്

ചര്‍മ്മം പട്ടുപോലെ മിനുസ്സമുള്ളതാക്കാന്‍ വീക്കോ ക്രീമിനെ അലമാരയിലേക്ക് ആനയിച്ചപ്പോള്‍ പച്ചമഞ്ഞളും രക്ത ചന്ദനവും പെണ്മണികളുടെ കവിളിന്റെ പടിയിറങ്ങി.

അമ്മയുടെ ചീത്ത വിളി കേട്ട മനസ്സില്ലാ മനസ്സോടെ ഉണര്‍ന്നത് ‘..കേരളം
കണികണ്ടുണരുന്ന നന്മ...’ തീര്‍ന്നു പോകുന്നതിനു മുമ്പേ വാങ്ങാന്‍ വേണ്ടി,


ഉമിക്കരിയും ഉപ്പു കുരുമുളകും, ചീന്തിയെടുത്ത ഈര്‍ക്കിലും ഉപേക്ഷിച്ചു ‘...നമ്മളും മോഡേണ്‍..’ ആയത് വെളുവെളുത്ത കോള്‍ഗേറ്റ് പല്ലുപൊടി കണ്ടപ്പോഴാണ്.
ഇപ്പോള്‍ അവര്‍ തന്നെ ചോദിക്കുന്നു നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോന്ന്..?

അവരുടെതില്‍ ‘..കാര്‍ബണ്‍ ഗ്രാന്യൂള്‍സ് ഉണ്ടത്രേ...’

കോമ്പ്ലാന്‍ കുടിച്ചു ചുണ്ട് നക്കി “....അയാം എ കോമ്പ്ലാന്‍ ബോയ്‌...” എന്ന് പറയാന്‍ വകുപ്പില്ലാഞ്ഞവരില്‍ പലരും മാവിലും മരത്തിലും തൂങ്ങി നീളം കൂട്ടി.
പക്ഷെ മിക്കവീട്ടിലും ഒരു ഹോര്‍ലിക്സ് കുപ്പിയെങ്കിലും ഉണ്ടായിരുന്നു.

രാധാസില്‍ കുളിച്ചു, ‘..പ്രകൃതിയുടെ സുഗന്ധവും കസ്തൂരിമഞ്ഞളിന്റെ കാന്തിയും..’ നേടിയ പെന്മണികള്‍ക്ക് മുന്നിലൂടെ പോകുമ്പോള്‍ സ്ഥലത്തെ പ്രധാന പയ്യന്‍സ് “...കൊള്ളാലോ വീഡിയോണ്‍...” എന്ന് കമന്റടിച്ചു. കടക്കണ്‍ചിരി തിരിച്ചു കിട്ടിയവര്‍ക്ക് സന്തോഷം കൊണ്ടിരിക്കാന്‍ വയ്യാതായി.


“....ലിക്തെ ലിക്തെ ലവ് ഹോ ജായെ...” എന്ന് കേട്ട് റോട്ടോമാക് വാങ്ങി വച്ചെങ്കിലും പരീക്ഷ ഹാളില്‍ ഒന്നും ഓര്‍മയില്‍ തെളിയാഞ്ഞത് ‘...ബുദ്ടിക്കും ശക്തിക്കും സന്തോഷ്‌ ബ്രഹിമിയുടെ...’ ആവശ്യം ഓര്‍മ്മിപ്പിച്ചു.

“...യെ ദില്‍ മാംഗേ മോര്‍..” എന്ന് പറഞ്ഞ പെപ്സി പോയിട്ട് ഒരു സര്‍ബ്ബത്ത് പോലും കുടിക്കണമെങ്കില്‍ ആരെങ്കിലും കനിയണമായിരുന്ന ആ കാലത്തും സ്വപ്നം കണ്ടത് രാജ്ദൂത് ബൈക്കില്‍ പറക്കണമെന്നല്ലേ. പക്ഷെ വിധി അച്ചന്‍റെ ഹമാര ബജാജ് സ്കൂട്ടറിലേറി ‘....ബുലന്ദ് ഭാരത്‌കീ ബുലന്ദ് തസ് വീര്‍..’ ആവാനായിരുന്നു.

“....റഫ് ആന്റ് ടഫ് ആണോ റഫ് ആന്‍ഡ്‌ ടഫ് ധരിക്കൂ...” എന്ന് അക്ഷയ് കുമാര്‍ പറഞ്ഞെങ്കിലും അന്നത്തെ യുവത്വത്തിന് പൌരുഷം കാട്ടാന്‍ ലുങ്കി മടക്കി കുത്തലേ വഴിയുണ്ടായിരുന്നുള്ളൂ.


കൂലിപ്പണി കയറിയവരും ചെറുപ്പക്കാരും കുളി കഴിഞ്ഞു സന്ധ്യക്ക് പീടികകളിലേക്ക് ഇറങ്ങുമ്പോള്‍ അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന സുഗന്ധം ;

“....ലൈഫ് ബോയ്‌ എവിടെയാ
അവിടെയാണാരോഗ്യം എന്ന് പാടി..”


‘മധുര സ്വപ്നങ്ങളെകിയ’ കാമുകി ജയലക്ഷമിയുടെ കല്യാണത്തലേന്ന് “..പായലേ വിട..... പൂപ്പലേ വിട... എന്നെന്നേക്കും വിട...” എന്നും പറഞ്ഞു എരിച്ചു തീര്‍ത്തത് കയ്യും കണക്കുമില്ലാത്ത ‘മെയിഡ് ഫോര്‍ ഈച്ച് അദര്‍’ പാടിയ വില്‍സ്.

എങ്കിലും അവന്റെ സ്നേഹം ‘ഒരു പണത്തൂക്കം മുന്നിലാണെന്ന’ എന്ന വിശ്വാസമായിരുന്നു എല്ലാം.

ഒരു ഓണത്തിന്റെ തലേന്ന് ഒരു പ്രഷര്‍ കുക്കര്‍ വാങ്ങി വന്ന് അമ്മക്ക് നല്‍കി അച്ഛന്‍; “....ഭാര്യയെ സ്നേഹിക്കുന്നവര്‍ പ്രസ്റ്റീജ് എങ്ങനെ വേണ്ടെന്നു വെക്കും...” എന്ന് ചോദിച്ചു.

ഒന്നാം ലോകമഹായുദ്ടതിന്റെ കാരണമെന്ത് എന്ന് കട്ടി കണ്ണടക്കിടയിലൂടെ ഹിസ്റ്ററി മാഷ്‌ ചോദ്യമെറിഞ്ഞപ്പോള്‍ പിന്‍ ബെഞ്ചില്‍ നിന്ന് “...കാരണം ബാക്ടീരിയ..” എന്ന കമന്റ് പറഞ്ഞത് വൈകി വരുന്നതിനു എന്നും ‘വന്നല്ലോ വനമാല’ എന്ന് കേട്ടിരുന്നവന്‍.

“...പൊടിപോലുമില്ലാ കണ്ടു പിടിക്കാനെന്നു...” പറഞ്ഞു വന്നതു ശരിയായത് അനിക്സ്‌പ്രേയുടെ കാര്യത്തില്‍ തന്നെയാണ്. ഇപ്പൊ പോടീ പോലുമില്ലാതായി. “...നാല് തുള്ളി ആഹാ...” എന്ന് പാടി വന്ന ഉജാല ഇല്ലാതാക്കിയത് പലര്‍ക്കും പാര്‍ട്ട്‌ ടൈം ജോബ്‌ തന്നിരുന്ന സൂപര്‍ വൈറ്റിനെ.

കലണ്ടര്‍ മനോരമയുടേത്‌ ആയാലും തലശ്ശേരിക്കാരുടെ സ്വന്തം PK കൃഷ്ണന്‍ ആയാലും അത് മാറിക്കൊണ്ടിരുന്നു. എങ്കിലും “...ദം ലെഗാക്കേ ഐസാ സോര്‍ ലഗാക്കേ ഐസാ..” എന്നും പറഞ്ഞ മല്ലന്മാര്‍ പിടിച്ചു വലിച്ചിട്ടും ഇളകാതെ ഒട്ടി നിന്ന ഫെവിക്കോള്‍ പോലെ ഓര്‍മ്മകള്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നുണ്ട് എവിടെയൊക്കെയോ.... !!!

.................. ........... ............

പരസ്യങ്ങള്‍ നമ്മളെ പലതിലേക്കും കൈപിടിച്ചു കൊണ്ട് പോയപ്പോള്‍ പരസ്യം മുന്നോട്ട് വച്ച കോടികളെ അവഗണിച്ചു “..വൈകിട്ടെന്താ പരിപാടി..” എന്ന് ചോദിക്കാതെ തലയുയര്‍ത്തി നിന്നു ഒരാള്‍...!!


സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍....!!

“...എന്റെ ആരാധകരെ രസിപ്പിക്കാന്‍ എനിക്കാവും പക്ഷെ എന്റെ ആരാധകര്‍ എന്ത് വാങ്ങണമെന്ന കാര്യത്തില്‍ സ്വാധീനിക്കാന്‍ എനിക്കാവില്ല....” എന്ന് പറഞ്ഞ രജനീകാന്തും വേറിട്ട്‌ നിന്നു.

പണം കൊടുത്താല്‍ “എന്റെ സൌന്ദര്യത്തിന്റെ രഹസ്യം ചൊറിതണം” എന്ന് പറയാനും ഒരുക്കമുള്ളവരുള്ള നമ്മുടെ നാട്ടില്‍ പരസ്യത്തില്‍ പറഞ്ഞത് എന്നും ഉപയോഗിക്കുന്ന ഒരാള്‍ മാത്രമേ ഉള്ളൂ എന്ന് വാട്സ് അപ്പ് രസികന്‍...!!

വിദ്യാ ബാലന്‍....!!


“.....എവിടെ ചിന്തിക്കുന്നുവോ അവിടെ ശോചനാലയം...”

(ശൌചാലയം എന്നതിന് ശോചനാലയം എന്ന് പറഞ്ഞവരുടെ കാര്യമാണ് ശോചനം )

ഒന്ന് പോയി കണ്ടു വരട്ടെ....എല്ലാവരെയും ..!!


എന്നോ മറഞ്ഞു പോയ കുഴമ്പിന്റെയും തൈലത്തിന്റെയും സുഖമെഴും മണമുള്ള ഒരു മുറിയുണ്ട്..
.

കാതോര്‍ത്തിരുന്നാല്‍ “....മോനെ നീ വന്നോ..” എന്നെ നേര്‍ത്ത ചോദ്യവും കേള്‍ക്കാം 
.
വാതില്‍ പാളികളിലൂടെ നോക്കിയാല്‍ അധികം അകലയല്ലാതെ വാഴയില തണലില്‍ അച്ഛമ്മ ഉറങ്ങുന്ന മണ്ണുമുണ്ട്...

.
മുഖത്തെ പൌഡര്‍ തുടച്ചുതന്നും, കയ്യും മുഖവും തുടക്കാന്‍ നീട്ടിത്തന്നും പിന്നെ കണ്ണ് തുടച്ചും, മുഷിഞ്ഞുപോയൊരു സാരിത്തലപ്പുണ്ട്...

.
എത്ര ജോലിത്തിരക്കുണ്ടായാലും മകന് വായിക്കാന്‍ വേണ്ടി ബാലരമയും പൂമ്പാറ്റയും പിന്നെ ഒരു പലഹാരപ്പൊതിയും മറക്കാതെ കൊണ്ട് വന്നിരുന്ന കരുത്തുള്ള കൈകളുമുണ്ട്...
.

മാഹഭാരതവും രാമായണവും കണ്ട ആവേശത്തില്‍ അര്‍ജ്ജുനനും രാമനുമായപ്പോള്‍ ബ്രഹ്മാസ്ത്രവും വരുണാസ്ത്രവും പാശുപതവും നെഞ്ചിലേക്ക് ഏറ്റുവാങ്ങിയ വാഴക്കൂട്ടത്തിന്റെ പിന്മുറക്കാരുമുണ്ട്...

.
പ്രായമേറെയായെങ്കിലും കാലത്തിനു കീഴടങ്ങാത്ത കരുത്തുമായി ഒരുപാടു ദൂരം കൊണ്ട് നടന്നിരുന്ന ഒരു മൂന്ന് ചക്രവുമുണ്ട്

.
കളിക്കിടയില്‍ ചോര പോടിയുമ്പോ അമ്മ കാണാതെ തലയാട്ടി വിളിച്ചിരുന്ന കമ്യൂണിസ്സ്റ്റ് പച്ചകളും,
സ്കൂള്‍ വിടുമ്പോള്‍ മാത്രമുണര്‍ന്നിരുന്ന മടിച്ചി നാലുമണിപ്പൂക്കളുമുണ്ട്,

.
എറിഞ്ഞു വീഴിക്കാന്‍ മാത്രമായി മാമ്പഴങ്ങളെ പെറ്റ് കൂട്ടിയിരുന്ന മാവും
ഈര്‍ക്കില്‍ കുത്തി, കിരീടമുണ്ടാക്കാനായി ഇലകള്‍ പൊഴിച്ച് തന്നിരുന്ന പ്ലാവുമുണ്ട്...

.
വഴിക്കണ്ണുമായി എന്നും ഇടവഴിയില്‍ കാത്തിരിക്കുന്ന ശീപോതികളും, ഒന്ന് തൊടുമ്പോഴേക്കു പരിഭവിക്കുന്ന തൊട്ടാവാടികളുമുണ്ട്...

..
കാലം ചന്ദനം പുരട്ടിയ, വായിച്ചു മതിവരാത്ത പുസ്തകങ്ങളും കത്തുകളും ആശംസാ കാര്‍ഡുകളുമുണ്ട്....

.
ഒന്ന് പോയി കണ്ടു വരട്ടെ....എല്ലാവരെയും
.
.
വിശേഷങ്ങള്‍ പറഞ്ഞും ചോദിച്ചും തിരിച്ചു വരാം 

ഒരു കഥ പറയട്ടെ ...!!




ഒരു പുരുഷനും ഒരു ദേവനും തന്നെ കൊല്ലാനാവില്ലെന്നും തന്റെ രക്തം നിലത്തു വീണാല്‍ അതില്‍ നിന്ന് നൂറു കണക്കിന് ദാരികന്മാര്‍ ജനിക്കുമെന്നും വരം വാങ്ങി ദുഷ്ടരില്‍ ദുഷ്ടനായി ദാരികന്‍ ദ്രോഹങ്ങള്‍ ചെയ്തു വാഴും കാലം
.
ദാരികന്റെ ദുഷ്ടത്തരങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ ശിവഭഗവാനെ കഴിയൂ എന്നു മനസ്സിലാക്കിയ ദേവഗണം ശിവനെ അഭയം പ്രാപിക്കുന്നു.
.
ദാരികന്റെ ദുഷ്ടതകള്‍ കേട്ടറിഞ്ഞ ശിവന്‍ കോപം കൊണ്ട് ജ്വലിച്ചു.
.
തൃക്കണ്ണ്‍ തുറന്നു..!!
.
അഗ്നി സ്ഫുലിംഗള്‍ക്കിടയില്‍ നിന്ന് അനേകം കൈകളില്‍ ഒട്ടനവധി ആയുധങ്ങളുമായി കോപാകുലയായൊരു സ്ത്രീരൂപം അവതരിച്ചു ..
.
സാക്ഷാല്‍ ഭദ്രകാളി ...!!!
.
“....മകളെ, പോയി ദാരിക നിഗ്രഹം ചെയ്തു ആ അസുരന്റെ ക്രൂരതകള്‍ അവസാനിപ്പിക്കൂ ..”. ശിവനരുളി
.
ശിവന്റെ അനുഗ്രഹവും നേടി ഭൂതഗണങ്ങളേയും നയിച്ചു ദാരികനെ തേടി ഭദ്ര യാത്രയായി.
.
ഒരു സ്ത്രീയെന്നു പരിഹസിച്ച ദാരികന്റെ കഴുത്തറുത്തു ദേവിഭദ്ര, ദാരികന്റെ ക്രൂരതകള്‍ അവസാനിപ്പിച്ചു. രക്തം ഭൂമിയില്‍ പതിച്ചു പിന്നെയും ദാരികന്മാര്‍ ഉണ്ടാവാതിരിക്കാന്‍ ഭദ്രകാളി ദാരികന്റെ കബന്ധത്തിലെ രക്തം കുടിച്ചു തീര്‍ത്തു.
.
ദാരിക നിഗ്രഹത്തോടെ അനാഥയായ ദാരിക പത്നി മണോദരിക്ക് ദേവഗണത്തെ ഭയമായി തുടങ്ങി. താനും ആക്രമിക്കപ്പെട്ടേക്കുമെന്ന ഭയത്താല്‍ രക്ഷതേടി തന്റെ അടുക്കലെത്തിയ മണോദരിയെ കണ്ട ശിവന്റെ മനമലിഞ്ഞു. അഭയമപേക്ഷിച്ച മണോദരിക്ക്
നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ കൊടുത്ത് ശിവന്‍ അനുഗഹിച്ചു.
.
“....ആര് നിന്നെ ആക്രമിക്കാന്‍ വരുന്നുവോ അവരുടെ മേല്‍ ഈ വിയര്‍പ്പു തളിക്കുക. അത് നിനക്ക് രക്ഷയാകും ..”
.
പുതിയ രക്ഷമാര്ഗ്ഗവുമായി പുറപ്പെട്ട മണോദരി ആദ്യം കാണുന്നത് തന്റെ പതിയുടെ ഘാതകിയായ ഭദ്രകാളിയെ. ഒട്ടും അമാന്തിക്കാതെ
ശിവന്റെ വിയര്‍പ്പു തുള്ളികള്‍ ഭദ്രയുടെ മേല്‍ തളിച്ചു
പൊടുന്നനെ ഭദ്രയുടെ മേലാകെ വസൂരി വന്നത്രെ ...!!
.
തന്റെ മകള്‍ ഭദ്രയുടെ ദയനീയ സ്ഥിതിയില്‍ മനമലിഞ്ഞ ശിവന്റെ കഴുത്തില്‍ ത്തില്‍ നിന്ന് ഒരു മൂര്‍ത്തി ജനിച്ചു. അത് ചെവിയിലൂടെ പുറത്തേക്കും വന്നു.
.
കണ്ഠത്തില്‍ ജനിച്ചു കര്‍ണ്ണത്തിലൂടെ പുറത്തേക്ക് വന്ന ആ ഉഗ്രമൂര്‍ത്തിക്ക്‌ കണ്ഠകര്‍ണ്ണന്‍ എന്ന് പേരായി ..
.
കണ്ഠകര്‍ണ്ണന്‍, സഹോദരിയുടെ ദേഹത്തെ വസൂരി കുരുക്കള്‍ തന്റെ നീണ്ട നാക്ക്‌ കൊണ്ട് നക്കി വൃത്തിയാക്കി. പക്ഷെ സഹോദരന്‍ സഹോദരിയുടെ മുഖത്ത് സ്പര്‍ശിക്കുന്നത് അനുചിതമായതിനാല്‍ തന്റെ മുഖം വൃത്തിയക്കുന്നതില്‍ നിന്ന് ഭദ്ര അനുജനെ വിലക്കി. അങ്ങനെ ഭദ്രകാളിയുടെ മുഖത്തെ വസൂരിപ്പാടുകള്‍ മാത്രം മായാതെ നിന്നു.
.
........... .............
.
കാതോടു കാതോരം ഒഴുകിയെത്തിയ കഥകള്‍ അങ്ങനെയുമുണ്ട് കുറെ ..!!
.
വടക്കന്‍ കേരളത്തിന്റെ മണ്ണില്‍ തോറ്റം പാട്ടിന്റെയും അസുര വാദ്യത്തിന്റെയും അകമ്പടിയോടെ, കാവുകളുടെ തിരുമുറ്റത്തു വസൂരി മാല ഭഗവതിയും കണ്ഠകര്‍ണ്ണനും ശാസ്തപ്പനും വിഷ്ണുമായയും ഒക്കെയും തെയ്യങ്ങളായി നിറഞ്ഞാടുന്നു.
.
ദേവീ പ്രീതിക്ക് നേര്‍ച്ചകള്‍ കഴിപ്പിക്കാനും ദക്ഷിണകൊടുത്തു അനുഗ്രഹങ്ങള്‍ വാങ്ങാനും എത്തുന്ന വിശ്വാസികള്‍ കളിയാട്ടങ്ങള്‍ കണ്ടു കണ്ണും മനസ്സും നിറക്കുന്നു.

ഇങ്ങനെയും ഉണ്ട് ചില ഭ്രാന്തുകള്‍...!!!


പന്തല് കെട്ടാന്‍ നീക്കിയ കല്ലും മണ്ണും കണ്ടപ്പോ ഒരു തോന്നല്‍ ..
അതിലൊരു ഗണപതി ഒളിച്ചിരിക്കുന്നില്ലേന്ന്...
ആഗ്രഹം പറഞ്ഞപ്പോ “.. ഒരു രണ്ടു മൂന്നു മാസം കൊണ്ടെങ്കിലും തീര്‍ന്നാ മതിയാരുന്നെന്നാ ..” ഞമ്മളെ ചങ്ക് ബ്രോസ് പറഞ്ഞേ...
അവരെ കുറ്റം പറയാമ്പറ്റൂല്ലാ.. അതാ ഞമ്മള്‍ടെ ഒരു ശീലം ,
തുടക്കത്തിലെ ആവേശം ഒന്നും കുറച്ചു കഴീമ്പോ കാണൂല്ലാ.. :P :P
.
‘..കല്ല്‌ കൂട്ടിയിട്ടൊരു ഗണപതിക്ക്‌..’ ആദ്യം കൂട്ട് വന്നത് കല്ലുകള്‍ പെറുക്കിക്കൊണ്ട് കിങ്ങിണി തുമ്പി. <3
.
തേപ്പു കത്തി തന്നു അച്ഛനും .. :)
.
കല്ലുകള്‍ പെറുക്കുമ്പോ മുള്ള് തട്ടി വിരല്‍ തുമ്പില്‍ നിന്ന് പൊടിഞ്ഞ ചോര, നല്ല ലക്ഷണം കാട്ടി .. ;) ;)
.
ഇമ്മിണി വല്ല്യ കല്ലുകള്‍ കൊണ്ട് വന്നും മണ്ണും കുഴച്ചു തന്നും അനിയന്മാരും അളിയന്മാരും,
പിന്നെ രോഹിത്തും അനൂട്ടനും റിഷാലും
നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളുമായി അയല്‍ക്കാരും, <3 :)
.
അങ്ങനെ എല്ലാരും അങ്ങ് കൂടിയപ്പോ ധ്യാനത്തിലിരുന്നൊരു വിഘ്നേശ്വരന്‍ അവതരിച്ചു ...!!! :) :)
.
ഇപ്പൊ ങ്ങക്ക് ചോദിക്കാനൊരു ചോദ്യമുണ്ട് ..
.
ദുബായി അത്തറും പൂശി, ബന്ധുക്കളോടും പരിചയക്കാരോടും ലോഹ്യം പറഞ്ഞിരിക്കേണ്ടതിനു പകരം പുലര്‍ച്ചെ മൂന്നുമണിവരെ ഉറക്കവും ഇളച്ച് ആകെ കച്ചറ പിച്ചറ അല്‍ക്കുല്‍ത്ത് ആയി ചളീന്നും മണ്ണ്ന്നും കളിക്കാന്‍ ഇനിക്ക് ഇതെന്തിന്റെ കേടാരുന്നു ..??
.
അതല്ലേ ആദ്യം പറഞ്ഞത് ..
.
“...ഇങ്ങനെയും ചില ഭ്രാന്തുകള്‍ ഉണ്ടെന്ന് ...!! ;) :) 






:D

2017 ജനുവരി 22, ഞായറാഴ്‌ച

കൊല്ലാന്‍ പറയുന്ന ദൈവം ..???


"..അല്ല മൂപ്പരെ, ഈ കൊല്ലാന്‍ പറയുന്ന ദൈവം ദൈവമാണോ??.."
.
"....ഏതു ദൈവാ ഡോ കൊല്ലാന്‍ പറഞ്ഞത് ??.."
.
"....ഞമ്മളെ കൃഷ്ണന്‍ , ഈ കൃഷ്ണനല്ലേ മൂപ്പരേ ഞമ്മളെ അര്‍ജ്ജുനനെക്കൊണ്ട് എല്ലാരേം കൊല്ലിച്ചത്, ഭാരതയുദ്ദത്തില് ??.."
.
"...അത് ശരി, അതാണ്‌ കാര്യം.."
.
"...അതെന്നെ, ദൈവംന്നു ഒക്കെ പറഞ്ഞാല്‍ കൊറച്ചുടെ ഡീസന്റ് ആവണ്ടേ ??
ഇങ്ങനെ കണ്ണി ചോരയില്ലാതെ കൊല്ലാമ്പറയാന്‍ പാടുണ്ടോ ?? ."
.
"....അത് ന്യായം .."
.
"....ആ അര്‍ജുനന്‍ പറഞ്ഞതല്ലേ എല്ലാരും ന്റെ ബന്ധുക്കളാ. എനക്ക് ആരെയും കൊല്ലാന്‍ പറ്റൂല്ലാന്ന്. എന്നിട്ടും ഓനെ വിടാണ്ട് പറഞ്ഞു പറഞ്ഞു എല്ലാരെയും കൊല്ലിച്ച്. ശരിയാണോ ആ ചെയ്തത് ??.."
.
"....അത് ശരിയാണല്ലോ , ആട്ടെ ആരെയൊക്കെയാ കൊല്ലാന്‍ പറഞ്ഞത് ??.."
.
"....ആരെയാ കൊല്ലാഞ്ഞത്??
സ്വന്തം അപ്പൂപ്പന്‍ മുതല്‍ ഏട്ടന്മാരെ വരെ കൊന്നില്ലേ ???
ന്നാലും ആ ഭീഷ്മരെ എങ്കിലും കൊല്ലാതെ വിടാരുന്നില്ലേ ?? ഒന്നുല്ലേലും ആ അര്‍ജുനന്റെ അച്ഛന്റെ അച്ഛന്റെ അച്ചന്റെ സ്ഥാനത്ത് ഉള്ളതല്ലേ??.."
.
".....ഭീഷ്മര്‍ അപ്പൂപ്പന്‍ മാത്രല്ല , വേറൊന്നു കൂടിയാ.."
.
."..അതെന്താ മൂപ്പരെ, അത് ?? ."
"....പറഞ്ഞെരാട്ടോ, നമ്മള് ടീവീല്‍ കണ്ട മഹാഭാരതത്തിനപ്പുറം ചിലത് കൂടിയുണ്ട്. ലേശം ക്ഷമയോടെ കേള്‍ക്കണംട്ടോ...എന്നാലേ മനസ്സിലാക്കാന്‍ പറ്റൂ .."
.
"....ഈ ഭീഷ്മര്‍ ഭയമാണ്, നമ്മുടെ മനസ്സില്‍ ഭയം ജനിപ്പിക്കുന്നത്.
ഭീഷമര്‍ അങ്ങനെയാണ് കാര്യങ്ങള്‍ ഒക്കെ നേടിയത്, ഭയപ്പെടുത്തീട്ട് , സ്വന്തം അര്‍ദ്ദസഹോദരന് കല്യാണം കഴിക്കാന്‍ പെണ്ണിനെ കൊണ്ട് വരുന്നത് പോലും ഭയപ്പെടുത്തീട്ടല്ലേ.."
.
".....ഭീഷമര്‍ ഭയമാണെങ്കില്‍ അര്‍ജുനന്‍ ആരാ ? .."
.
"....അര്‍ജുനന്‍ നമ്മുടെ മനസ്സാണ്. ഋജുവായ മനസ്സ്. ആ മനസ്സിനോടാണ് ഭയത്തെ കൊന്നുകളയാന്‍ - ജയിക്കാന്‍- ഭഗവാന്‍ പറഞ്ഞു കൊടുക്കുന്നത്.
ഇവിടെ ഭഗവാന്‍ ആരെന്നറിയുമോ ?? സുദര്‍ശനം കയ്യിലേന്തിയ ബുദ്ദിയാണ് ഭഗവാന്‍ .."
.
"....സുദര്‍ശനം എന്ന് പറഞ്ഞാല്‍ ആ കറങ്ങുമ്പോ തീ വരുന്ന സാധനല്ലേ ?? .."
.
"...അല്ലല്ലോ .. സുദര്‍ശനം എന്ന് പറഞ്ഞാല്‍ ശരിയായ ദര്‍ശനം.
ശരിയായ ദര്‍ശനം ഉള്ള ബുദ്ദിയാണ് ഭഗവാന്‍, ആ ബുദ്ദിയാണ് മനസ്സിന്റെ തേരാളി, .."
.
"....തേരാളി എന്ന് പറഞ്ഞാല്‍ രഥത്തിന്റെ ഡ്രൈവര്‍.."
.
".....അതെ, ഇവിടെ രഥം നമ്മുടെ ശരീരമാണ്. അഞ്ചു കുതിരകള്‍ പഞ്ചേന്ദ്രിയങ്ങളും , കടിഞ്ഞാന്‍ ബുദ്ദിയുടെ കയ്യിലല്ലെങ്കില്‍ പഞ്ചേന്ദ്രിയങ്ങളും നമ്മളെ തോന്നുന്നിടത്തെക്ക് കൊണ്ട് പോകില്ലേ..?.."
.
".....അതൊക്കെ ശരി. എന്നാലും ഭീഷ്മരോട് ചെയ്തത് ഇത്തിരി കടുപ്പായിപ്പോയില്ലേ??
ജയിക്കുന്നെങ്കില്‍ നേരിട്ട് ജയിക്കെണ്ടേ.. ഇതോരുമാതിരി ആ ആണും പെണ്ണും കെട്ട ശിഖണ്ടിയെ മുന്നില് നിര്‍ത്തി............
ഛെ മോശായിപ്പോയി ..."
.
"....ആരാ പറഞ്ഞെ ശിഖണ്ടിയെന്നാല്‍ ആണും പെണ്ണും കെട്ടതാന്ന്?
ശിഖ എന്ന് പറഞ്ഞാല്‍ കുടുമ , ഖണ്ടിക്കുക എന്ന് പറഞ്ഞാല്‍ മുറിക്കുക –
എന്ന് വച്ചാല്‍ കുടുമ മുറിക്കുക –
എപ്പോഴാ ഈ കുടുമ മുറിക്കുക?.."
.
"....എപ്പോഴാ ?? മുറിക്കണംന്ന് തോന്നുമ്പോ അങ്ങു മുറിക്കല്ലാതെ.. "
.
"....സന്യസിക്കാന്‍ പോവുമ്പോഴാ കുടുമ മുറിക്കുക
എല്ലാം ഉപേക്ഷിച്ചു സന്യസിക്കാന്‍ പോകുന്ന ആള്‍ക്ക് ഭയം ഉണ്ടാകുമോ ??...."
.
"...ഇല്ല .."
.
"....അതാണ്‌ ഇവിടെയും ചെയ്യുന്നത് ഭയത്തെ ജയിക്കാന്‍ മനസ്സ് സന്യാസ ഭാവത്തെ മുന്നില്‍ നിര്‍ത്തുന്നു..
മനസ്സിലായോ ഉത്തമാ..."
.
".....അപ്പൊ അതാണോ കാര്യം, ന്നാ പിന്നെ ദ്രോണരേ കൊന്നതെന്തിനാ ?
അങ്ങേരല്ലേ ഇവരെയൊക്കെ അമ്പും വില്ലും ഒക്കെപ്പിടിക്കാനും കാക്കയെ വെടിവെക്കാനും ബോംബെറിയാനും ഒക്കെ പഠിപ്പിച്ചത്??..."
.
"...ആരാ ഈ ദ്രോണന്‍ എന്നറിയോ ? നമ്മുടെ അറിവും പഠിച്ച വിദ്യകളും. പക്ഷെ തെറ്റായി ഉപയോഗിക്കപ്പെടുന്നത്....."
.
"....ദ്രോണര്‍ ഇവരുടെ ഒക്കെ ഗുരുവായിരുന്നില്ലേ ?.."
.
"....അതെ. പക്ഷെ, ചുമ്മാ അവരെ പഠിപ്പിച്ചതല്ല, അങ്ങേരുടെ സ്വാര്‍ത്ഥതക്ക് വേണ്ടിയാ അത് ചെയ്തത് . സ്വന്തം ക്ലാസ്സ്‌ മേറ്റ്‌ ആയ ദൃപദനോടുള്ള വാശിയും വൈര്യാഗ്യവും തീര്‍ക്കാന്‍ വേണ്ടിയാ ദ്രോണര്‍ കൌരവരേയും പാണ്ടവരെയും അസ്ത്ര-ശസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്‌. പിന്നെ അങ്ങേരു ആളത്ര വെടിപ്പാരുന്നില്ലല്ലോ,
ഏകലവ്യന്റെ വിരല്‍ മുറിച്ചു വാങ്ങിയതും , കര്‍ണ്ണന് അട്മിന്ഷന്‍ നിഷേധിച്ചതും ഒക്കെ ഓര്‍മയില്ലേ ??.."
.
തെറ്റായ രീതിയില്‍ പ്രയോഗിക്കപ്പെടുന്ന അറിവുകളും ഇല്ലായ്മ ചെയ്യപ്പെടണം, എന്നാലേ മോക്ഷം ലഭിക്കൂ..."
.
".....ന്നാലും ആയുധം താഴെ വച്ചൊരാളെ കൊല്ലാന്‍ പാടുണ്ടോ ??.."
.
".....യുദ്ദനീതിക്കെതിരാണത്, ദ്രോണര്‍ നീതി കൊടുക്കാഞ്ഞ ഒരാള്‍ ഉണ്ടായിരുന്നു, ഓര്‍മയില്ലേ അഭിമന്യുവിനെ ??
നമ്മുടെയൊക്കെ അഭിമാന ബോധമാണ് അഭിമന്യു. മുഴുവനായും അറിയില്ലെങ്കില്‍ പോലും പ്രശനങ്ങളിലേക്ക് എടുത്തു ചാടും. ആരുടേയും മുന്നില്‍ മിഥ്യാഭിമാനം അടിയറവെക്കാന്‍ കഴിയാത്തവര്‍ക്ക് പ്രശ്നങ്ങളുടെ ചക്രവ്യൂഹത്തില്‍ തന്നെ ഒടുങ്ങേണ്ടി വരും.
.
ഒരു യോദ്ദാവിനെ ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നാക്രമിക്കരുതെന്ന നിയമം ലംഘിക്കാന്‍ ആജ്ഞ നല്‍കുകയായിരുന്നു ദ്രോണര്‍. . സര്‍വ്വ സൈന്യാധിപന്‍ എന്ന നിലയില്‍ അധര്‍മ്മം കാട്ടിയ ദ്രോണര്‍ക്കും ധര്‍മം നിഷേധിക്കപെടുന്നു.
.
."....അപ്പൊ പിന്നെ കര്‍ണ്ണനെ കൊന്നതോ, ആളൊരു ഡീസന്റ് ജെന്റില്‍മാന്‍ ആയിരുന്നില്ലേ ..??"
.
ഒരുപാട് കഴിവുകള്‍ ഉണ്ടായിട്ടും അംഗീകരിക്കപ്പെടുന്നില്ല എന്ന നമ്മുടെയോക്കെ തോന്നലാണ് കര്‍ണ്ണന്‍, ആരെങ്കിലും അത് അംഗീകരിക്കാന്‍ തയ്യാറായാല്‍ അവര്‍ക്ക്വേണ്ടി എന്ത് അനീതിക്കും നമ്മള് കൂട്ട് നില്‍ക്കേം ചെയ്യും. അതാണ്‌ കര്‍ണ്ണനും സംഭവിച്ചത്. കര്‍ണ്ണന്റെ കഥ ഒരിക്കല്‍ വിശദായി പറഞ്ഞിരുന്നല്ലോ
ഉത്തമാ, മറന്നു പോയോ അത് ???
.
".....കര്‍ണ്ണനെ ഒരു തരത്തില്‍ പറഞ്ഞാല്‍ ചതിച്ഛതലേ ??"
.
"....ചതിച്ചില്ലലോ, യുദ്ദ നീതി നിഷേധിച്ചു.. കാരണം ഉണ്ട്, പാഞ്ചാലിയോടു അനീതി – വസ്ത്രാക്ഷേപം – കാണിച്ചപ്പോള്‍ അത് തടയാന്‍ കഴിവുള്ള ആളായിട്ടും മൌനം പാലിച്ഛതു കൊണ്ട് – അനീതി തടയാത്തവര്‍ക്ക് നീതി വേണം എന്ന് പറയാന്‍ എന്തവകാശം ??.."
.
".....ആ ശല്ല്യരെ കൊന്നതെന്തിനാരുന്നു?? ഒന്നൂല്ലേല്‍ അമ്മാവന്റെ സ്ഥാനത്തുള്ള ആളല്ലേ ??.."
.
"....ദുര്യോധനന്റെ കെണിയില്‍ പെട്ട് കൌരവരുടെ പക്ഷത്തു ആയിപ്പോയ ആളാണെങ്കിലും ശല്ല്യര്‍ ഒരു ശല്ല്യം തന്നെയായിരുന്നല്ലോ കര്‍ണ്ണന്. തെരാളിയെന്ന നിലയില്‍ മുന്നോട്ട് നയിക്കേണ്ടാ ആള് തന്നെ ശത്രുവിനെ പുകഴ്ത്തിയും തന്നെ ഇകഴ്ത്തിയും പറഞ്ഞാല്‍ പിന്നെ അതൊരു ശല്ല്യമല്ലേ ??
നിരുല്‍സാഹപ്പെടുത്തുന്ന ശല്ല്യങ്ങളെ ഇല്ലായ്മ ചെയ്യുക തന്നെ വേണ്ടേ ??.."
.
"...ദുര്യോധനെയും ദുശാസനനയെയും ഒക്കെ ക്വോട്ടേഷന്‍ന്‍ കൊടുത്തെങ്കിലും കൊല്ലേണ്ട ടീംസ് തന്നെയാണല്ലോ. ഇവരല്ലേ ദ്രൌപതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്..?..."
.
"...ധനം ദുര്‍വ്യയം ചെയ്യുന്ന സ്വഭാവമാണ് ദുരോധനനെങ്കില്‍ തെറ്റായ ശാസനകള്‍ ആണ് ദുശ്ശാസനന്‍, എല്ലാം ഇല്ലായ്മ ചെയ്യപ്പെടെണ്ടത് തന്നെ.
ഒരു തരത്തില്‍ പറഞ്ഞാല്‍ ദ്രൌപതി ആ അപമാനം അര്‍ഹിച്ചിരുന്നു.
.
ഇന്ദ്രപ്രസ്ഥത്തിലെ മായ കാഴ്ചകളില്‍ പെട്ട് കുളത്തില്‍ വീണ സ്വന്തം ഭര്‍തൃ ജ്യേഷ്ടനെ ‘...അന്ധനായ പിതാവിന്റെ അന്ധനായ പുത്രന്‍..’ എന്ന് വിളിച്ചു ആക്ഷേപിച്ചത് ദ്രൌപതിയല്ലേ..??
.
അതേപോലെ നിറഞ്ഞ സഭയില്‍ വച്ചു ദൌപതിയും അപമാനിക്കപ്പെടുന്നു...
.
.
കര്‍മ ഫലമാണ് ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തില്‍ നേരിടേണ്ടി വരുന്നത്. അച്ഛനു ശേഷം രാജ്യഭാരം ഏറ്റെടുക്കെണ്ടിയിരുന്ന ഭീഷമര്‍ സ്വന്തം കര്‍മത്തില്‍ നിന്ന് വ്യതിചലിച്ചു,
.
സ്വന്തം പുത്രന്മാരുടെ ദുഷ് ചെയ്തികള്‍ കാണാന്‍ കഴിയാത്ത അന്ധത ഉണ്ടായിരുന്ന ധൃത രാഷ്ട്രര്‍, അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു.
.
ഭര്‍ത്താവിന് കാഴ്ചയായി മക്കളെ നേര്‍വഴിക്കു നടത്തേണ്ടിയിരുന ഗാന്ധാരി സ്വയം അന്ധത വരിച്ചപ്പോള്‍ നാമാവശേഷമായത്‌ ആ കുടുംബം തന്നെയാണ്
.
"......അപ്പൊ മൂപ്പരെ എല്ലാരും മരിച്ചു കഴിഞ്ഞപ്പോ കൌരവര്‍ക്ക് സ്വര്‍ഗ്ഗവും നല്ലത് മാത്രം ചെയ്ത പാണ്ഡവര്‍ക്ക് നരകം ആണ് ലഭിച്ചത് എന്ന് പറഞ്ഞു കേട്ട് , ശരിയാണോ ??.."
.
".....അധര്‍മത്തിനുള്ള ശിക്ഷ ഒന്നുകില്‍ ഇഹത്തില്‍ അല്ലെങ്കില്‍ പരത്തില്‍. ഒരു തെറ്റിന് രണ്ടിടത്തും ശിക്ഷ കൊടുക്കാന്‍ പറ്റില്ലാലോ.
.
കൌരവര്‍ക്കു അവരുടെ അധര്‍മപ്രവര്‍ത്തികള്‍ക്കുള്ള ശിക്ഷ കുരുക്ഷേത്ര ഭൂമിയില്‍ വച്ചു കിട്ടുന്നുണ്ട്.
.
അതെസമയം,
ഭര്‍ത്താക്കന്മാരില്‍ അര്‍ജുനനോടു കൂടുതല്‍ ഇഷ്ടം കാണിച്ച ദ്രൌപ്തിക്കും,
.
വില്ലാളി വീരനെന്ന അഹങ്കാരം ഉണ്ടായിരുന്ന അര്‍ജുനനും,
മഹാബലവനെന്ന ബോധം കൊണ്ട് നടന്നിരുന്ന ഭീമനും,
.
സൌന്ദര്യത്തിലും അറിവിലും മികച്ചവര്‍ എന്ന ബോധം ഉണ്ടായിരുന്ന നകുല സഹദേവന്മാര്‍ക്കും
.
ധര്‍മ്മപുത്രര്‍ എന്ന പേരുണ്ടായിട്ടും ഗുരുവിനോട് അര്‍ദ്ദസത്യം മാത്രം പറഞ്ഞ യുധിഷ്ടിരനും പരത്തില്‍ അര്‍ഹിക്കുന്ന നരക ശിക്ഷ ലഭിക്കുന്നു..
.
ചുരുക്കിപ്പറഞ്ഞാല്‍ കുരുക്ഷേത്രം നമ്മുടെ മനസ്സാണ്, ധര്‍മ്മാധര്‍മങ്ങളുടെ ബലപരീക്ഷണം നടക്കുന്നതും അവിടെത്തന്നെ, എന്റെ ധര്‍മത്തിനെന്തുപറ്റി ( “ മമ കര്‍മ കിം അകുര്‍വ്വത ? “ ) എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ഭഗവദ് ഗീത .
.
|| യദായദാഹി ധര്‍മസ്യ, ഗ്ലാനിര്‍ ഭവതി ഭാരത,
അഭ്യുത്ഥാനമധര്‍മസ്സ്യ, തതാത്മന്‍ ശ്രുജാമ്യഹം ||
.
“.....അര്‍ജുനാ , എവിടെയാണോ ധര്‍മ്മത്തിന് ഗ്ലാനിയുണ്ടാകുന്നത് അധര്‍മ്മത്തിനു ഉയര്‍ച്ചയുണ്ടാകുന്നത്, അവിടെ ഞാന്‍ അവതരിക്കുന്നു..”
.
അധര്‍മം ചെയുമ്പോള്‍ ചെയ്യുന്നത് തെറ്റാണെന്നുള്ള നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്ന തോന്നല്‍ തന്നെയാണ് നേര്‍ബുദ്ദിയായ ഭഗവാന്റെ അവതാരം. അധര്‍മത്തെ ഇല്ലായ്മ ചെയ്തു ധര്‍മപാതയില്‍ ചരിക്കണമോ എന്നുള്ളത് നമ്മുടെ മാത്രം തീരുമാനമാണ്.
.
ഓര്‍ക്കുക ,
.
അനീതിയും അധര്‍മവും ചെയുന്നവര്‍ക്ക് നീതി നിഷേധിക്കപ്പെടുക തന്നെ ചെയ്യും. ...."
.

ചേലുള്ള പാടുകള്‍ ...!!!



“...എനിക്കൊരു ഷവര്‍മ വേണം..”
.
“...ഷവര്‍മയോ ..ഇപ്പോഴോ ..”
.
“...മം... എനിക്ക് വേണം...”
.
“....ഡീ.... മസാല ദോശ, പച്ചമാങ്ങ അതൊക്കെയല്ലേ അതിന്റെ ഒരു രീതി..”
.
“...നിക്ക് ഷവര്‍മ വേണം.” അവള് പിന്നേം ചിണുങ്ങി.
.
നിറവയറുമായി നില്‍ക്കുകയാണവള്‍. “പൂതിക്ക്‌” നേരെ ബലം പിടിക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഡേറ്റ് അടുത്തിരിക്കുന്ന ഈ സമയത്ത്.
.
“...അളിയാ .. ഇവള്‍ക്ക് ഷവര്‍മ വേണംത്രേ..”
.
പണ്ടേ ഷവര്‍മയില്‍ കൈവിഷം കിട്ടിയിട്ടുള്ള അളിയന്‍ ബൈക്കുമായി പറ പറന്നു ..
.
മിനുട്ടുകള്‍ക്കകം ചൂടുള്ള ഷവര്‍മ വീട്ടിലെത്തി. അവള്‍ ആദ്യം അവള്‍ക്കുള്ളത്‌ അകത്താക്കി. പിന്നെ എന്റെയും...കൊതിച്ചി..!!
.
കിടന്നപ്പോള്‍ വയറിനുള്ളിലെ കുഞ്ഞിന്റെ അനക്കങ്ങള്‍ അവളെനിക്കു കാണിച്ചു തന്നു .
.
“...ദേ ചവിട്ടുന്നു ..”
.
ഒരു കുഞ്ഞു കാല്‍ പാട് വയറില്‍ തെളിഞ്ഞു. ഷവര്‍മ എത്തിയ സന്തോഷത്തിവണം കുഞ്ഞും ആവേശത്തിലാണ്
.
വയറിനു മുകളിലൂടെ ഞാനെന്റെ കുഞ്ഞിനു ഒരു മുത്തം നല്‍കി.
ജന്മം നല്‍കിയവന്റെ ഉമ്മ കിട്ടിയ സന്തോഷം പിന്നെയും വയറില്‍ ഉയര്‍ന്നു. അമ്മയാകാന്‍ പോകുന്നതിന്റെ ചാരിതാര്‍ത്ഥ്യം അവളുടെ മുഖത്തും.
.
ഉറക്കത്തിലെപ്പോഴോ അവളെന്നെ കുലുക്കി വിളിച്ചു
“...ജീ..... എനിക്ക് വേദനിക്കുന്നു..”
.
കാത്തിരിക്കപ്പെട്ട വേദന ..
കുഞ്ഞിന്റെ വരവറിയിച്ചു കൊണ്ടുള്ള വേദന
.
നേരം പുലരുന്നെ ഉള്ളൂ.. പക്ഷെ എല്ലാം ദിവസങ്ങളായി റെഡിയാണ്.
.
“...അമ്മെ അവള്‍ക്ക് വേദനിക്കുന്നത്രേ , നമുക്ക് ഇപ്പൊ പോകണം ..”
.
നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ സ്റ്റാര്‍ട്ടായി
.
ലേബര്‍ റൂമിനകത്തേക്ക് കയറുമ്പോള്‍ പിടിച്ചിരുന്ന കൈ ഒന്ന് കൂടെ മുറുക്കി അവളൊന്നു ചിരിച്ചു. വേദന സഹിക്കുന്നത് കൊണ്ടാവണം വാടിയ ഒരു ചിരി ..
.
“...പോയിട്ട് വാ .. ഞാന്‍ ഇവിടെയുണ്ട് ..” ഞാനും ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു.
.
കാത്തിരിപ്പ്.
.
എന്നെപ്പോലെയുണ്ട് വേറെയും ചിലര്‍, ആ വാതിലിനു മുന്നില്‍.
കാണാന്‍ പോകുന്ന കുഞ്ഞിക്കാലിനെ ഓര്‍ത്തുള്ള സന്തോഷത്തേക്കാള്‍ ആധിയാണ് എല്ലാവരുടെയും മുഖത്ത്.
പ്രാര്‍ഥനകള്‍..... നേര്‍ച്ചകള്‍
“..പ്രബിജ ജിതേഷിന്റെ ആളാരാണ് ?”– നേഴ്സിന്റെ സ്വരം
.
ഞാന്‍ മുന്നോട്ട് ചെന്നു
.
“..സിസേറിയന്‍ വേണ്ടി വരും ..ഈ പേപ്പറില്‍ ഒപ്പിടണം”
.
“...സിസേറിയന്‍...?? ബട്ട് വൈ ??..”
.
എന്റെ കുഞ്ഞിനു സുഖകരമായ വരവൊരുക്കാന്‍ അവള്‍ അധ്വാനിച്ചതൊക്കെയും.... മണിക്കൂറുകള്‍ നടന്നതൊക്കെയും പാഴ് ??
.
“...എനിക്ക് ഡോക്ടറോട് സംസാരിക്കണം ..”
.
“...ഡോക്ടര്‍ ഉള്ളിലുണ്ട് ...അകത്തേക്ക് വരൂ..”
.
“..ഡോക്ടര്‍ എന്താണ് പ്രോബ്ലം ..വൈ സിസേറിയന്‍ ?.”
.
“..കോഡ് കഴുത്തില്‍ കുരുങ്ങിയോ എന്നൊരു സംശയം ..”
.
“....വേറെ വഴിയോന്നുമില്ലേ ??..”
.
“....വേണമെങ്കില്‍ കുറച്ചു നേരം കൂടെ കാത്തു നില്‍ക്കാം .. പക്ഷെ അത് വരെ വേദന സഹിച്ചു വൈഫ് ചിലപ്പോള്‍ തളര്‍ന്നു പോയാല്‍ പിന്നെ ബുദ്ടിമുട്ടാണ് ..”
.
പച്ചയുടുപ്പിട്ടു നില്‍ക്കുന്ന ആ രൂപത്തിന്റെ കയ്യിലാണ് രണ്ടു ജീവനുകള്‍ ..ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല.
.
“....ഒപ്പിടൂ ..” നേഴ്സിന് തിടുക്കം .
.
രണ്ടു ജീവന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്ക് മാത്രമാകുന്ന കടലാസാണിത്.
.
ഒപ്പിടുമ്പോള്‍ കയ്യൊന്നു വിറച്ചു.
.
ലേബര്‍ റൂമിന്റെ വാതിലടയുന്നതിനു മുമ്പ് ദൂരെ അവളുടെ തളര്‍ന്ന ചിരി ഞാന്‍ പിന്നെയും കണ്ടു.

............................

പരിസരത്തു കുറച്ചാളുകള്‍ ഉണ്ടെങ്കിലും അവിടം നിശബ്ദമാണ്. അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന നേഴ്മാരുടെയും മറ്റ് ജീവനക്കാരുടെയും ശബ്ദം മാത്രം ..
.
ഉള്ളില്‍ എന്ത് നടക്കുന്നു എന്നാലോചിക്കാതെ മനസ്സ് ശൂന്യമാക്കുന്നതാണ് നല്ലത്.
.
കോണിപ്പടികള്‍ എണ്ണി.
.
ജനലിലൂടെ വെറുതെ പുറത്തേക്കു ശ്രദ്ദിക്കാന്‍ ശ്രമിച്ചു
.
എല്ലാത്തിനെയും കുടഞ്ഞു തെറുപ്പിച്ച് മനസ്സ് വീണ്ടും ലേബര്‍ റൂമിലേക്ക്‌ ഓടിക്കയറുകയാണ്
.
“..പ്രബിജ ജിതേഷ് ..”
പെണ്‍കുട്ടിയാണ്.. സമയം പതിനൊന്ന്‍ ഇരുപത്.
.
“..ന്റെ ദൈവമേ ...എന്റെ പ്രാര്‍ത്ഥന..” നാല് ആണ്മക്കളെ പോറ്റിയ അമ്മയുടെ മുഖത്തു ‘പെണ്‍കുട്ടി’ ഒരു സന്തോഷമായി വിരിഞ്ഞു.
.
വെളുത്ത തുണിയില്‍ പൊതിഞ്ഞ ആ കുഞ്ഞു ജീവന്‍ അമ്മ ഇരു കയ്യും നീട്ടി വാങ്ങി ..
.
നോക്കെടാ ...നിന്റെ മോള്‍ ..!!
.
എന്റെ മകള്‍ ...!!
.
ഒത്തിരി മുടിയുള്ളോരു സുന്ദരിക്കുട്ടി...!!
.
ഇത്രയും നാളത്തെ സ്വര്യ ജീവിതത്തിനു ഭംഗം വന്നതിന്റെ അലോസരമുണ്ട് മുഖത്ത്.
.
പുറത്തെ വെള്ളി വെളിച്ഛത്തിനു നേരെ അവള്‍ കണ്ണിറുക്കി അടച്ചിരിക്കുന്നു.
.
അമ്മയുടെ ഉദരത്തില്‍ നിന്ന് മുറിച്ചെടുത്തെത് കൊണ്ടുള്ള പ്രതിക്ഷേധത്തിലാവണം കുഞ്ഞു മുഷ്ടി ചുരുട്ടി വച്ചിരിക്കുന്നു .
.
അവള്‍ കരച്ചില്‍ തുടങ്ങി; ബാക്കി ഉള്ളവര്‍ എല്ലാം ചിരിക്കാനും
.
ചുവന്നു തുടുത്ത ആ കവിളില്‍ ഞാനൊന്നു തൊട്ടു
.
എന്റെ രക്തം ... എന്റെ മകള്‍ ...!!
.
പുറത്തു ഞങ്ങള്‍ അവളുടെ വരവിന്റെ മധുരം പങ്കു വെക്കുമ്പോള്‍ അകത്തു മയക്കത്തില്‍ നിന്നുണര്‍ന്ന അവളുടെ അമ്മ വേദനയില്ലാത്ത പ്രസവത്തിന്റെ വേദന അറിഞ്ഞു തുടങ്ങി.
കുഞ്ഞു ചുണ്ടുകള്‍ അമ്മിഞ്ഞ നുണയുന്നതിന്റെ നിര്‍വൃതിയില്‍ അവളാ വേദനയെ പടിക്ക് പുറത്തു നിര്‍ത്തി.
.
വയറു നിറയെ അമ്മിഞ്ഞ കുടിച്ചു ഉറങ്ങുന്ന ആ കുഞ്ഞു മുഖത്തു ചിരി.
.
ആ ചിരി പിന്നെ ഞങ്ങളിലേക്കും
.
പതിയെ അവളായി ഞങ്ങളുടെ ലോകം
.
ഞങ്ങളുടെ വീടിന്റെ ചുവരുകള്‍ കുഞ്ഞിക്കരച്ചിലുകള്‍ക്ക് കാതോര്‍ക്കാന്‍ തുടങ്ങി
.
കൈകാലിട്ടടിച്ചു ചിരിച്ച് അവള്‍ എല്ലാരേയും കീഴടക്കി
.
അലറിക്കരഞ്ഞു ഞങ്ങളെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി
.
അപ്പിയിട്ട് ഒന്നുമറിയാത്ത പോലെ കണ്ണടച്ചു കിടന്നു പറ്റിച്ചു
.
ഉണ്ണി മൂത്രം കൊണ്ട് പുണ്ണ്യാഹം തളിച്ചു
.
കട്ടിലിന്റെ അതിര്‍വരമ്പ് കടന്നപ്പോള്‍ ഉരുണ്ടു വീണു വിതുമ്പിക്കരഞ്ഞു
.
മുട്ടിലിഴഞ്ഞു ഉറുമ്പുകള്‍ക്ക് കൂട്ട് പോയി
.
കിട്ടുന്നതൊക്കെയും വായിലാക്കി ഞങ്ങളെ പേടിപ്പിച്ചു
.
വാതിലിനു പിറകില്‍ മറഞ്ഞിരുന്നു കള്ളച്ചിരി ചിരിച്ചു
.
എഴുന്നേറ്റു നില്‍ക്കാന്‍ കസേരയും മേശയും തുണ നിന്നു
.
ഉറക്കാത്ത കാലുകളുമായി ‘ ഒറ്റയ്ക്ക് അപ്പങ്ങളെമ്പാടും ചുട്ട അമ്മായിയുടെ “ കൂടെ താളം ചവിട്ടി
.
ഞങ്ങളെ കൊതിപ്പിച്ചു കൊണ്ട് അമ്മേ എന്ന് വിളിച്ചു
.
കാക്കയോടും പൂച്ചയോടും പൂക്കളോടും കിന്നാരം പറഞ്ഞു
.
ചോറ്റു പാത്രവുമായി കാടും മേടും നടത്തിച്ചു
.
ചുവരുകള്‍ ക്യാന്‍വാസായി
.
സ്കൂള്‍ യുണിഫോമിനുള്ളിലേക്ക് ചേക്കേറി
.
പാല്‍ പല്ല് ഇളകിയപ്പോള്‍ സങ്കടം കൊണ്ട് കണ്ണീര്‍ വാര്‍ത്തു.
.
കമ്മലും മാലയും ഉടുപ്പിനു മാച്ചാവുന്നില്ലെന്നു പരിതപിച്ചു
കുഞ്ഞു വായില്‍ വലിയ ചോദ്യങ്ങള്‍ ചോദിച്ചു.
.
“...പപ്പാ എന്നെ എവിടുന്നാ കിട്ടിയേ ?? “
.
“...അമ്മയുടെ വയറ്റില്‍ നിന്ന് ..”
.
“..അമ്മേന്റെ വയറ്റിന്നോ ??? “ കുഞ്ഞു കണ്ണുകളില്‍ അദ്ഭുതം,
.
“....അയ്യേ.......അമ്മയുടെ വയറു കാണാന്‍ ഒട്ടും ഭംഗിയില്ല, നെറയെ വരയും പാടും. അതെന്താ ഇങ്ങനെ ??? “
.
മാസങ്ങളോളം അവള്‍ നീന്തിത്തുടിച്ച അമ്മയുടെ വയറ്റിലെ പാടുകളെ അവള്‍ കളിയാക്കി ചിരിക്കുന്നു...!!
.
ആ വരയും പാടുകളും കാണാന്‍ ഒട്ടും ഭംഗിയില്ലത്രേ..!!
.
പത്തുമാസത്തോളം ഈ സുന്ദരിക്കുട്ടിയെ ചുമന്നതിനു കിട്ടിയതാണ് ആ ഭംഗിയില്ലാത്ത പാടുകള്‍ എന്ന് പറഞ്ഞാല്‍ അവള്‍ക്കു മനസ്സിലാവുമോ ??

കടപുഴകേണ്ട വന്മരങ്ങള്‍



തന്റെ കീഴില്‍ മറ്റൊന്നിനെയും വളരാന്‍ അനുവദിക്കാത്ത , എല്ലാം തന്റെ കാല്‍ക്കീഴില്‍ മാത്രമാവണമെന്ന ദുശ്ശാട്യം കാണിക്കുന്ന വന്മരങ്ങള്‍ കൊണ്ട് നാടിനും നാട്ടുകാര്‍ക്കുമെന്ത് പ്രയോജനം ??
.
ഒന്നുമില്ല,
ക്ഷണികമായ പ്രയോജനങ്ങള്‍ക്കപ്പുറം ഒന്നുമില്ല.
.
അധികാരത്തിന്റെ കോട്ട കൊത്തളങ്ങള്‍ സംരക്ഷിക്കാനും തനിക്കു നേരെയുയരുന്ന ചൂണ്ടുവിരലുകളെ ഇല്ലാതാക്കാനും കാലാളുകളാണ് ഏറ്റവും മികച്ച ആയുധമെന്ന് മനസ്സിലാക്കി, അവര്‍ക്കായി എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങള്‍ മാത്രമാണ് ആ പ്രയോജനങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ അത്രയും ചിന്തിക്കേണ്ട ആവശ്യമെന്ത് ....??
.
സര്‍വ്വവും തന്റെ മുന്നില്‍ സാഷ്ടാംഗ പ്രണമിക്കണമെന്നു വാശിപിടിച്ച, ജനാധിപത്യത്തെ ചവിട്ടി മെതിച്ച, ഒരിക്കല്‍ പോലും ജനങ്ങളോട് അടുത്തു ഇടപഴകിയിട്ടില്ലാത്ത, ഏകാധിപതികളാണ് പാവങ്ങളുടെ രക്ഷകരായി വാഴ്ത്തപ്പെടുന്നത് ..!!!
.
വെട്ടിപ്പിച്ചും ചവിട്ടി മെതിച്ചും വാരിക്കൂട്ടിയ സമ്പത്തിന്റെയും ആര്‍ഭാടങ്ങളുടെയും പേരില്‍ വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പായപ്പോള്‍, , ജനതയുടെ വികാരത്തെ ചൂഷണം ചെയ്യാന്‍ മാത്രമുള്ള സൗജന്യങ്ങള്‍ വാരി വിതറി അവരെ കൂടെ നിര്‍ത്താന്‍ കൌശലം കാണിക്കുന്നതില്‍ ഏകാധിപതികളോക്കെയും മിടുക്കരാണ്

ഏകാധിപതികള്‍ ന്യായീകരിക്കപ്പെടുന്നത്‌ ‘...അവര്‍ അത്രയെങ്കിലും ചെയ്തല്ലോ..’ എന്ന സ്വയം സമാധാനത്തിലൂടെയാണ്. അപരന്റെ കയ്യിലിരിക്കുന്ന നോക്കിയല്ല; തനിക്കു കിട്ടിയതിനെയോര്‍ത്തു അഭിമാനിക്കേണ്ടത് , മറിച്ചു തനിക്കര്‍ഹതപ്പെട്ടത് ലഭിച്ചുവോ എന്ന് പരിശോധിച്ചാണ്.
വെള്ളിത്തിരയിലെ കഥാപാത്രങ്ങളെ വിഗ്രഹങ്ങളാക്കുന്നവര്‍ മുതല്‍ ഇങ്ങു MLA/MP ഫണ്ടില്‍ നിന്ന് ബസ്റ്റ് സ്റ്റോപ്പ് കെട്ടുന്നത് പോലും കൊട്ടിഘോഷിക്കുന്ന ‘പ്രബുദ്ധ ജനതയും’ സ്വയം മനസ്സിലാക്കേണ്ടത് അതൊന്നും അവരുടെ കുടുംബസ്വത്തില്‍ നിന്ന് കൊണ്ട് വന്നതല്ലെന്നും തനിക്കു അവകാശപ്പെട്ടതാണെന്നുമാണ്.
.
അധികാരം നില നിര്‍ത്താന്‍ എന്തും ചെയ്യുന്നവരാണോ നേതാവ് ??
ഒരാള്‍ യഥാര്‍ത്ഥ നേതാവാകുന്നത് എപ്പോഴാണ്...??
.
സര്‍വ്വ അധികാരങ്ങളും തന്നില്‍ കേന്ദ്രീകരിച്ച്, സ്വയം വിഗ്രഹങ്ങളായി മാറി, ആജ്ഞാനുവര്‍ത്തികളെയും അടിയാളന്മാരെയും ശ്രുഷ്ടിക്കുമ്പോഴല്ല ,
മറിച്ചു അണികള്‍ ഓരോരുത്തരേയും നേതാക്കളാക്കി മാറ്റുമ്പോഴാണ്...!!
.
തീര്‍ച്ചയായും തനിക്കു ശേഷം പ്രളയം എന്ന് ചിന്തിക്കുമ്പോഴല്ല ,
തന്റെ അസാനിധ്യത്തിലും നിലനില്‍ക്കാന്‍ കഴിയുന്ന വ്യവസ്ഥ ഉണ്ടാക്കിയെടുക്കുമ്പോഴാണ്...!!
.
തന്റെ സാനിധ്യത്തില്‍ മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനത്തിന്റെയോ ജനതയുടെയോ ആരാധ്യരാവുമ്പോഴുമല്ല;
ജനതയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ദതികള്‍ ആവിഷ്കരിച്ച് അവരെ സ്വയം പര്യാപ്തമാക്കുമ്പോഴാണ്....!!
.
അധികാരവും സമ്പത്തും വെട്ടിപ്പിടിക്കാന്‍ സര്‍വ്വവും ചവിട്ടി മെതിച്ച് അശ്വമേധങ്ങള്‍ നടത്തിയ എകാധിപതികള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ കടപുഴകി വീണുകഴിയുമ്പോള്‍ അവര്‍ നേടിയെടുത്തതും നാമാവശേഷമാകും,
.
കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ ...!!
.
കാലം സാക്ഷി..!!