Dream ...! Becoz those don't have dreams don't have much...!


2016 ജനുവരി 7, വ്യാഴാഴ്‌ച

കാലമേ , നീ എന്തിനാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത് ...??




കാലമേ നീ എന്തിനാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്...??
.
ഞാന്‍ ചെയ്തതൊക്കെ അത്രയും വല്ല്യ തെറ്റുകള്‍ ആയിരുന്നോ..?? 
.
ആദ്യമായി കരഞ്ഞത് , അമ്മയുടെ ഉദരത്തിലെ സുരക്ഷിതത്വത്തിന്‍റെ പൊക്കിള്‍ കൊടി അറുത്തു മാറ്റിയപ്പോഴല്ലേ...??
.
സ്നേഹത്തോടെ വായില്‍ വച്ചു തന്ന ചോറ് വേണ്ടാന്ന് പറഞ്ഞു തുപ്പിക്കളഞ്ഞത്.
എന്റെ കുഞ്ഞു വയറു നിറഞ്ഞു പോട്ടാറായപ്പോഴല്ലേ..??
.
അമ്മയും അച്ഛനും കിടക്കുമ്പോള്‍ അവരുടെ ഇടയില്‍ കയറിക്കിടന്നു ഉമ്മ എനിക്ക് തന്നെ വേണമെന്നു വാശിപിടിച്ചത്‌,
അവരുടെ സ്നേഹം മുഴുവന്‍ നേടാന്‍ കൊതി ആയിട്ടല്ലേ.... ??.
.
സ്കൂളില്‍ പോവാന്‍ മടികാണിച്ചത്,
മുറ്റത്തെ ചെടികളും പൂക്കളും, പാറി നടക്കുന്ന തുമ്പികളും മണ്ണപ്പം ചുടാനുള്ള ചിരട്ടകള്‍ക്കും തനിച്ചായിപോവുന്നു വിചാരിച്ഛല്ലേ..??
.
വഴിയിലെ തോടുകളില്‍ നിന്ന് കുടവലയാക്കി സ്വര്‍ണ്ണ മീനുകളെ പിടിച്ചത്,
അവരെപ്പോലെ എനിക്ക് നീന്തി തുടിക്കാന്‍ പറ്റാത്തതിലുള്ള അസൂയ കൊണ്ടല്ലേ..??
.
അച്ഛന്റെ മേശയിലെ നാണയങ്ങള്‍ പാരീസ് മുട്ടായികള്‍ ആയി മാറിയത്, മിട്ടായി ഭരണിയിലെ അവയുടെ ചിരി സഹിക്കാന്‍ വയ്യാഞ്ഞിട്ടല്ലേ
.
വഴിയരികില്‍ മഷിത്തണ്ടും മഞ്ചാടികുരുക്കളുമായി കാത്തുനിന്നത്, അവളുടെ മുഖത്തു വിരിയുന്ന പുഞ്ചിരി കാണാനായിരുന്നില്ലേ..??
.
മോഹത്തിന്റെ സ്റ്റിയരിംഗ് തിരിച്ചു ഭാവനയില്‍ ക്ലച്ചു ചവിട്ടി കുട്ടിത്തത്തിന്റെ ഗിയര്‍ മാറ്റി, കുസൃതിയുടെ ഹോണടിച്ചു സ്കൂള്‍ മുറ്റത്തു ബസ്സോടിച്ചത്, വേഗം പോരെന്നു തോന്നിയത് കൊണ്ടല്ലേ ..??
.
അമ്മയുടെ ഐ ബ്രോ പെന്‍സില്‍ കൊണ്ട് പോടീമീശ കറുപ്പിച്ചത്,
വേഗം വലുതാവുനുള്ള കൊതി കൊണ്ടല്ലേ..??
.
അച്ഛന്‍ അഴിച്ചു വച്ച മുണ്ടെടുത്തുടുത്ത് കണ്ണാടിയില്‍ നോക്കി നിന്നത്
അച്ഛനെ പോലെ ആകാനുള്ള ധൃതി കൊണ്ടല്ലേ..??
.
ഇതൊക്കെയും അത്രയും വല്ല്യ തെറ്റുകള്‍ ആയിരുന്നോ..??
നീ എന്തിനാണ് എന്നെ ഇത്രയും പെട്ടന്ന് വലുതാക്കിയത് ..??
.
എനിക്ക് വലുതാവണ്ടാരുന്നു .. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ