Dream ...! Becoz those don't have dreams don't have much...!


2016 ജനുവരി 7, വ്യാഴാഴ്‌ച

Departures .....!!



വരരുത് എന്ന് പറഞ്ഞിട്ടും പലരും വരുന്നുണ്ടാരുന്നു ..
നേരില്‍ യാത്ര പറയാന്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ല ...
എല്ലാരേയും കണ്ടു യാത്ര പറയാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടാണ്.
.
തൊണ്ടയില്‍ ഒരു കുരുക്കു വീണിട്ട് ദിവസ്സങ്ങളായി .. 
യാത്ര അടുക്കുംതോറും അതിനു മൂര്‍ച്ച കൂടി വരുന്നു ..
.
സംഭരിച്ചു വെച്ച ശക്തിയെല്ലാം ചോര്‍ന്നു പോവുന്നതു പോലെ,
ഡല്‍ഹിയിലെ ജോലി അവസാനിപ്പിച്ചു വന്നിട്ട് മാസങ്ങളെ ആയുള്ളൂ, എന്നിട്ടും ..!!!
.
‘ഇനിയെന്ത്’ എന്ന ചോദ്യം കാര്‍മേഘമായി ഉരുണ്ടുകൂടി തുടങ്ങിയപ്പോഴാണ് സഹപ്രവര്‍ത്തകനും സുഹൃത്തുമായ അഷറഫ് ഒരു മെയില്‍ ഐഡി തന്നിട്ട് ഒന്ന് ശ്രമിച്ചു നോക്കാന്‍ പറഞ്ഞത്.
പിറ്റേ ദിവസം തന്നെ ഒട്ടും പരിചയം ഇല്ലാത്ത, ഒട്ടേറെ പൂജ്യങ്ങളുടെ അകമ്പടിയുള്ള നമ്പരില്‍ നിന്നൊരു കാള്‍- ഇന്റര്‍വ്യൂവിനു തയ്യാറാവാന്‍.
.
അല്പം കഴിഞ്ഞപ്പോള്‍ ഒന്നിന് പുറകെ ഒന്നായി രണ്ടു കോള്‍, രണ്ടു ലെവല്‍ ഇന്റര്‍വ്യൂ ..കാര്യങ്ങള്‍ മനസ്സിലായി വരുമ്പോഴെക്കു അപ്പൊയിന്റ്റ്മെന്റ് ഓര്‍ഡര്‍ മെയിലില്‍ എത്തി ...!!
.
പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി വിസക്ക് വേണ്ടി പലരും കാത്തിരിക്കുമ്പോള്‍ ഒരു ചിലവും ഇല്ലാതെ അക്കരെ എത്താന്‍ ഭാഗ്യം കൈവന്നവനെ എല്ലാവരും അഭിനന്ദിച്ചു ..
.
വിസയും ടിക്കറ്റും വന്നപ്പോഴാണ്
മരുഭൂമിയില്‍ സ്വര്‍ണ്ണം കൊയ്യുന്നത് സ്വപ്നം കണ്ടവന്‍ പൊക്കിള്‍ കൊടി മുറിയുന്നതിന്റെ വേദന അറിഞ്ഞു തുടങ്ങിയത്..!!
.
രണ്ടുരണ്ടര വര്‍ഷത്തെ ഡല്‍ഹി പ്രവാസമാണെന്ന് തോന്നുന്നു എന്റെ ഗ്രാമം സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാക്കിയത്.
ദൂരെ ദൂരെ പറന്നു പോകാന്‍ ആഗ്രഹിച്ചവന്റെ കാലില്‍ കാണാ ചങ്ങലകള്‍ തീര്‍ത്തത്‌.
.
“....എല്ലാരും എന്തൊക്കെയോ കൊണ്ട് വന്നിട്ടിട്ടുണ്ട് .. നിന്റെ പെട്ടിയില്‍ എടുത്തു വച്ചേക്ക്...” അമ്മയാണ് .
“...വേണ്ടാ.. ഒന്നും...” ഇഷ്ടമില്ലാഞ്ഞിട്ടല്ല ..ഒന്നിനും ഒരു താല്പര്യം തോന്നുന്നില്ല ..
.
“....ദുബൈയിലെത്തിയാല്‍ പിന്നെ നമ്മളെ ഒക്കെ ഓര്‍മ്മയുണ്ടാവുമോടാ ..” അപ്പുറത്തെ വല്‍സലേച്ചി. ചോദ്യം അവസാനിച്ചത്‌ ഒരു കരച്ചിലിലാണ്.
.
അതൊരു തീയായി അമ്മയിലേക്കും .. അടുക്കള നിശബ്ദമായി
.
തേങ്ങലിന്റെ ചീളുകള്‍ കുത്തിത്തറച്ചു തുടങ്ങി.
.
പിടിച്ചു നില്‍ക്കാന്‍ ആവില്ലെന്നു തീര്‍ച്ചയാപ്പോള്‍ ഞാന്‍ അകത്തേക്ക് പോയി.
.
“...പറഞ്ഞതെല്ലാ എല്ലാം എടുത്തു വച്ചിട്ടുണ്ട്. ഒന്ന് നോക്കിയേക്ക് ..” അനിയന്‍ .
എന്ത് നോക്കാന്‍. പ്രിയമുള്ളതൊക്കെയും ഇവിടെ തന്നെയാണുള്ളത് ..
.
ഒന്നും കൂടെ കൊണ്ട് പോകാന്‍ കഴിയില്ലല്ലോ .
.
“...പാസ്പോര്‍ട്ടും വിസയും ടിക്കറ്റും വേറെ തന്നെ വെക്കണം .. പെട്ടെന്ന് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ ...”
.
“...ഉം..”
.
“...അവിടെ കൂട്ടാന്‍ ആളുണ്ടാവുല്ലോ, ല്ലേ ...”
.
“..ഉം..ഉണ്ടാവും ..”
.
അച്ഛന് പിന്നെയും എന്തൊക്കെയോ പറയാനുണ്ടാരുന്നു.. ആ മുഖത്തേക്ക് നോക്കാന്‍ വയ്യ.
.
മൌനം ...
.
പറയാനുള്ളതോക്കെയും നെടുവീര്‍പ്പുകളായി ഉയരുന്നു..
.
കുറച്ചു നേരം കൂടി മുറിയില്‍ നിന്നിട്ട് അച്ഛന്‍ പോയി
.
ജനലിനപ്പുറത്തെ കാഴ്ചകള്‍ക്ക് എന്ത് ഭംഗിയാണ് ..!!
.
അച്ഛമ്മ ഉറങ്ങുന്ന ഭൂമിക്കു തണല് തീര്‍ത്ത്‌ വാഴക്കൂട്ടം.
വെയില്‍കാഞ്ഞു തൊട്ടാവാടികള്‍..
നിവര്‍ന്നു നിക്കുന്ന കവുങ്ങിനെ ചുറ്റിപ്പിണരാന്‍ നോക്കുന്ന കുരുമുളക് തൈ..
എന്തോ കാണാനെന്നെ പോലെ തലയുയര്‍ത്തി നോക്കുന്ന പുല്‍നാമ്പുകള്‍...
.
എന്ത് ഭംഗിയാണ് എല്ലാത്തിനും ....!!
.
ഇനി കോണ്‍ക്രീറ്റ് കാടുകള്‍ ആവും കാഴ്ചക്ക് അതിരുതീര്‍ക്കുന്നത്
.
വേണ്ടായിരുന്നു .. ഒന്നും വേണ്ടായിരുന്നു ..
.
ഒരു ചെറിയ ജോലി മതിയാരുന്നു .. എന്നും ഈ മണ്ണില്‍ തന്നെ കഴിഞ്ഞാല്‍ മതിയാരുന്നു.
.
ഈ മഴയും വെയിലും മാത്രം മതിയാരുന്നു.
.
അഷറഫിനെ മനസ്സ് കൊണ്ട് ശപിച്ചു.
.
ജനലിലൂടെ കടന്നു വന്നൊരു കാറ്റ് ഒന്ന് മുറുകെ പുണര്‍ന്നു ..
.
വിടില്ലെന്ന് പറയുകയാണോ ??
.
പാടില്ല..
.
പോയേ പറ്റൂ
.
കൊളുത്തുവലിച്ച അമ്മ തേങ്ങലിനെ കുടഞ്ഞു തെറിപ്പിച്ചു.. ..
.
വഴികള്‍ മുന്നോട്ട് മാത്രമാണ് ..
എല്ലാരുടെയും പ്രതീക്ഷകള്‍ .. ആഗ്രഹങ്ങള്‍ , സ്വപ്‌നങ്ങള്‍.. ഒന്നിനും ഒന്നും തടസ്സമാവരുത്.
.
ഒന്നിനും തോറ്റുകൊടുത്തുകൂടാ.
.
ഉയര്‍ന്നു വന്നൊരു ഗദ്ഗദത്തെ പല്ലുകള്‍ക്കിടയില്‍ ഞെരിച്ചമര്‍ത്തി...
.
“....മോനെ , ചോറെടുത്ത് വച്ചിട്ടുണ്ട്, കഴിക്ക് ..സമയം ആയി...”
.
ആരെയും വിളിച്ചില്ല .. ആരെയും ശ്രദ്ദിച്ചുമില്ല ..വിശപ്പും രുചിയും ഇല്ലതായിട്ട് ദിവസങ്ങള്‍ ആയി.
കഴിച്ചെന്നു വരുത്താനായി ഒരുരുളഎടുത്തു വായില്‍ വച്ചു
“..ഒന്നും കഴിക്കാന്‍ കൊള്ളിലെന്നു” പരാതി പറയാന്‍ ഇനി കഴിയില്ലല്ലോ.
.
തൊണ്ട പൊട്ടുന്നത് പോലെ വേദനിക്കുന്നു.
.
ചോറിറങ്ങുന്നില്ല.
.
“...ഇനി ഏത് നേരത്താണോ എന്റെ മോന് ....” അമ്മക്കണ്ണുകള്‍ പിന്നെയും പെയ്തു ..
.
ക്ലോക്കിലെ സൂചികള്‍ ശത്രുക്കളെപ്പോലെ മത്സരിച്ചോടി..
മണി മുഴങ്ങിക്കഴിഞ്ഞു
ഇനി യാത്രാമൊഴി ..
.
നിറദീപം സാക്ഷിയാക്കി അച്ഛന്റെയും അമ്മയുടെയും കാല്‍ തൊട്ടു വന്ദിച്ചു;
എന്നും അനുഗ്രഹമായിരുന്ന അച്ഛമ്മയെ മനസ്സ് കൊണ്ടും.
.
ആരോടും യാത്ര ചോദിക്കാന്‍ വയ്യ.
.
ശബ്ദമില്ല.
.
കണ്ണുകള്‍ കൊണ്ട് യാത്രചോദിച്ചിറങ്ങി
.
എന്നും സ്വന്തമായിരുന്ന കാഴ്ച്ചകളെ പുറകില്‍ വിട്ടു പുതിയ തീരം തേടിയുള്ള യാത്ര തുടങ്ങുകയാണ്
.
തിരിഞ്ഞു നോക്കാന്‍ പാടില്ല..
......................................
.
മൈല്‍കുറ്റികള്‍ എയര്‍ പോര്‍ട്ടിന്റെ സാമീപ്യം വിളിച്ചോതി.
.
എന്തുകൊണ്ടോ നെഞ്ചിടിപ്പ് കൂടി ..
.
ഫ്ലൈറ്റ് ക്യാന്‍സല്‍ ആയെങ്കിലെന്നു വെറുതെയെങ്കിലും ആശിച്ചു.
.
കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയ മുഖങ്ങള്‍ ആണെങ്ങും ..
പറഞ്ഞയക്കാനായി വന്നിട്ടും മുറുകെ പിടിക്കുന്നുണ്ട് പലരും.
.
കന്നിപ്പറക്കലിന്റെ പരിഭ്രമം പുറത്തുകാട്ടാതെ ‘ എല്ലാം അറിയുന്നവനെന്ന’ ഭാവം എടുത്തണിഞ്ഞു. അത് കാര്യങ്ങള്‍ സുഗമമാക്കുമെന്നു പഠിച്ചു വച്ചിട്ടുണ്ട്.
.
പലരുടെയും സ്വപ്നങ്ങളെ മറുകരയെത്തിച്ച വിമാനങ്ങള്‍ കൂറ്റന്‍ ചില്ല് ജനാലയ്ക്കപ്പുറം പറക്കാന്‍ തയ്യാറായി.
.
യന്ത്രപ്പറവയുടെ ഉള്ളിലേക്ക് വലതു കാലെടുത്തു വെക്കും മുമ്പ് വിസിറ്റെര്‍സ് ഗ്യാല്ലറിക്ക് നേരെ തിരിഞ്ഞു കൈവീശിക്കാണിച്ചു..
.
അത് കാണാന്‍ ആരുമുണ്ടാവില്ലെന്നാണ് കരുതിയതെങ്കിലും പിന്നീടാണറിഞ്ഞത്;
അവിടെ ഒരു മഴ ആര്‍ത്തലച്ചു പെയ്യുന്നുണ്ടായിരുന്നെന്ന്,
.
എന്റെ അച്ഛന്‍ ..!!
.
പ്രിയപ്പെട്ടവരോടോക്കെയും അവസാനമായി ഒരിക്കല്‍ കൂടി യാത്ര പറഞ്ഞപ്പോഴേക്കും മധുര ശബ്ദം മുഴങ്ങി..
.
Dear Passengers,
.
We are about to fly towards our dreams. ..!!
.
Please keep your worries and pains in complete switch off mode.
.
Fasten your beloved faces close to your heart
.
Aims upright.
.
Wings stretched.
.
We will reach our promised land in a few hours ..!!
.
Thank you
.

5 അഭിപ്രായങ്ങൾ:

  1. .!
    ഫൈസലിക്ക ബ്ലോഗേഴ്സ്‌ ഗ്രൂപ്പിൽ ഷെയർ ചെയ്തത്‌ കണ്ട്‌ വന്നതാണു.വരവിൽ ഒരു നിരാശയുമില്ല.
    അത്ര ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ!!!

    ഫോളോ ചെയ്തിട്ടുണ്ട്‌.

    ബാക്കി പോസ്റ്റുകളും വായിക്കണം.
    .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിക്കാന്‍ സമയം കണ്ടെത്തിയതിനു നന്ദി ..!!
      ഇനിയും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു .

      ഇല്ലാതാക്കൂ
  2. ഓരോ വാക്കുകളും മനസ്സിനെ അത്ര മാത്രം സ്പർശിച്ചിരിക്കുന്നു ..നന്ദി......

    മറുപടിഇല്ലാതാക്കൂ