Dream ...! Becoz those don't have dreams don't have much...!


2015 മാർച്ച് 21, ശനിയാഴ്‌ച

എനിക്കെങ്ങെനെ അങ്ങനെ പറയാനാവും ..???



നിങ്ങൾ സ്ത്രീകൾ..

ചിരിച്ചു കൊണ്ട് ചതിക്കും ...
മോഹിച്ചു കൊണ്ട് വെറുക്കും

ശപിച്ചു കൊണ്ട് കൊഞ്ചും

പക്ഷേ...

എനിക്കെങ്ങേനെ അങ്ങനെ പറയാനാവും ..???

സ്ക്കൂളിലെക്ക്ക് എന്റെ കൈ പിടിച്ചു നടത്തിയ,
ഇടപ്പാതിയിലെ ഇടിവെട്ടുന്ന രാത്രികളിൽ പേടിച്ചു വിറയ്ക്കുന്ന എന്നെ; പോയകാലത്തിന്റെ കഷ്ടപാടുകൾ ചുളിവുകൾ വീഴ്ത്തിയ ശുഷ്ക്കിച്ച ശരീരത്തോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ച,

ഞാനിത്തിരിവ്യ്കുമ്പോൾ കാഴ്ച മങ്ങിത്തുടങ്ങിയ കണ്ണുകളും ഇടിക്കുന്ന നെഞ്ഞുമായി ഗേറ്റ്നു അരികിൽ കാത്തുനിക്കാറുള്ള,

കാലത്തിന്റെ ഒഴുക്കിൽ തിമിരം കാഴച്ചക്ക് മറയായപ്പോഴും, പാതിരവണ്ടിക്ക് വീടിലെത്തുന്ന എന്നെ, ഓർമ്മയുടെ പൊട്ടിപോയ വലക്കണ്ണികൾ തിരിച്ചു പിടിച്ച്, “ നീ വന്നോ മോനെ “ എന്ന് എനിക്ക് കേൾക്കാനായി മാത്രം ചോദിച്ചിരുന്ന,
എന്റെ അച്ഛമ്മയെ ഓർക്കുമ്പോൾ…


ഓർമവച്ച കാലം മുതൽ സ്നേഹവും കരുതലും ആഹാരമായും അലക്കിതേച്ച ഡ്രസ്സ്‌ ആയും മുന്നിലെതിച്ചിരുന്ന,
എന്റെ ഇന്നുവരയുമുള്ള യാത്രകളിലും തിരിച്ചു വരവുകളിലും, അർദ്ദ രാത്രികളിലും പുലർച്ചകളിലും-
ഒരു ടൈംപീസിന്റെയും സഹായമില്ലാതെ- എല്ലാം ഒരുക്കി വച്ചിരുന്ന,

പ്രാർത്ഥനകൾകൊണ്ടും നേർച്ചകൾകൊണ്ടും എന്റെ ചുറ്റും ഉരുക്കിനേക്കാൾ ബലമുള്ള കോട്ടകൾ തീർത്തിരിക്കുന്ന എന്റെ അമ്മയെ ഓർക്കുമ്പോൾ


പിന്നെയുമുണ്ട് ഒത്തിരിപേർ.

അറിവിന്റെ മഞ്ഞ കെട്ടിടത്തിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുപോയ,
ബുദ്ധിയുടെ ഇരുണ്ട കോണുകളിൽ അക്ഷരത്തിന്റെ ദീപങ്ങൾ കത്തിച്ചു വെച്ച,
തെറ്റുകൾ ചെവിക്കുപിടിച്ചു ശരിയാക്കിതന്നിരുന്ന ഓമന- സുധ- ലക്ഷ്മി ടീച്ചർമാർ,

ലോകത്തിന്റെ ഏതു കോണിൽ നിന്ന് വിളിക്കുമ്പോഴും ആദ്യ ഹലോ യിൽ തന്നെ എന്നെ തിരിച്ചറിയുന്ന;
സ്നേഹവും കരുതലും ത്യാഗവും എന്താണെന്നു എന്നെ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരി,

സ്വപ്‌നങ്ങൾ സ്വർണം വിളയിക്കുന്ന മണൽ നാട്ടിലെ ഉരുകുന്ന ചൂടിലും, ഇന്ദ്രപ്രസ്ഥത്തിലെ രക്തം കട്ടപിടിക്കുന്ന തണുപ്പിലും എന്റെ കൂടെ ജീവിക്കാൻ മടിയേതും കാണിക്കാതിരുന്ന,,

ഈ ലോകത്തിലെ മുഴുവൻ കുസൃതിയെയും കുറുംബിനെയും അതിന്റെ ഏറ്റവും മനോഹര രൂപത്തിൽ
മകളായി എനിക്ക് സമ്മാനിച്ച, എന്റെ പ്രിയപ്പെട്ട ഭാര്യ.

ഇവർ,

എന്റെ ജീവിതത്തിലെ എല്ലാ വഴികളിലും വജ്ര ശോഭയോടെ പ്രകാശം പരത്തി നിൽക്കുമ്പോൾ,

എനീക്കെങ്ങനെ അങ്ങനെ അങ്ങനെ പറയാനാവും..???

ചിന്തിക്കാൻ കഴിയും….?

2015 ഫെബ്രുവരി 27, വെള്ളിയാഴ്‌ച

വന്ദേമാതരം...!!



സ്കൂളിൽ പോവാൻ ഒരു പാട് ഇഷ്ടം തോന്നുന്ന ദിവസങ്ങളിൽ ഒന്നാണ് അതും .

ഞങ്ങൾ കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായി ചിരിക്കുന്ന മൂന്നു വർണ്ണത്തിലുള്ള കടലാസുകൾ ദിവസങ്ങൾക്കു മുമ്പ് തന്നെ ഗോപാലേട്ടന്റെ പീടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും .. 

25 പൈസ , കൂടെ ഒരു മൊട്ടു സൂചിയും ..

കുളിച്ചു കഴിഞ്ഞു കുപ്പായമിടുവിച്ചു മുടി ചീകി ചീർപ്പ് സ്വന്തം മുടിക്കെട്ടിൽ തിരുകി വച്ചു അധികമുള്ള പൌഡർ സാരി തലപ്പ്‌ കൊണ്ട് തുടച്ചു മാറ്റി അമ്മ ആ കൊടി ഷർട്ടിൽ കുത്തിത്തരും ..

ആവേശം കൊണ്ടോ അഭിമാനം കൊണ്ടോ കുഞ്ഞു നെഞ്ചു ഒന്നുടെ വിരിയും


പിന്നെ കൂട്ടുകാരുടെ കൂടെ സ്കൂളിലേക്ക് ..

എല്ലാവരുടെയും നെഞ്ചിൽ വിടർന്നു നിൽക്കുന്ന പതാക

സ്കൂളിന്റെ ഇറയത്തു കെട്ടി വച്ചിരിക്കുന്ന നീളൻ മുളയ്ക്കു ശാപ മോക്ഷം ലഭിക്കുന്നത് തലേ ദിവസം ആണ് .
.
അറബിക് മാഷും മുതിർന്ന കുട്ടികളും ചേർന്ന് തലേദിവസം തന്നെ അതിനെ സ്കൂൾ മുറ്റത്തു നാട്ടിയിട്ടുണ്ടാവും ..

8.45 ആവുന്നതോടെ ഓരോ ക്ലാസിലെയും കുട്ടികൾ വരി വരിയായി അതിന്റെ മുന്നിൽ വന്നു നിൽക്കും .

" വണ്‍ ആം ഡിസ്ടന്സിൽ" നിന്ന് അറബിക് മാഷ് പറയുന്നതിനനുസരിച്ച് ദിവസങ്ങൾക്കു മുമ്പ് മാത്രം പഠിച്ച " അറ്റൻഷൻ സ്റ്റാന്റ് അറ്റ്‌ ഈസ് " ആവർത്തിക്കും

9 മണിക്ക് " എട്ടീചർ " ശാരദ പതിയെ ചുറ്റി കെട്ടി വച്ച കയർ അഴിച്ചു മെല്ലെ വലിക്കുമ്പോൾ പതാക ഉയരങ്ങളിലേക്ക്

അകമ്പടിയായി ഞങ്ങളുടെ കുഞ്ഞു തോണ്ടകളിലെ ജനഗണമന ..

മാഷുടെ നിർദ്ദെശത്തിനനുസരിച്ചു എല്ലാവരും തലയുയർത്തിപ്പിടിച്ചു നെഞ്ചു വിരിച്ചു ഫ്ലാഗ് സല്യൂട്ട് ..

അത് ഏറ്റുവാങ്ങി നിറഞ്ഞ മനസ്സോടെ ആകാശത്തു ചിരിച്ചു പാറി കളിക്കുന്ന ത്രിവർണ്ണ പതാക ..

ഞങ്ങളുടെ , നാടിന്റെ, ദേശത്തിന്റെ അഭിമാനം ....


പിന്നെ അടിവച്ചടിവച്ചു ക്ലാസിലേക്ക്

കാത്തിരിക്കുന്ന മുട്ടായി വിതരണം

ബ്രിട്ടീഷ് കാരുടെ ക്രൂരതകളെയും സ്വാതത്ര്യ സേനാനികൾ അനുഭവിച്ച ത്യാഗങ്ങളെയും പറ്റി ശാരദ ടീച്ചറും സുധ ടീച്ചറും അറബിക് മാഷും പറയുമ്പോൾ സങ്കടം ...

കേണൽ ഡയറിനെ ജാലിയൻ വാലബാഗിലെ കിണറിൽ തന്നെ ചവിട്ടി താഴ്ത്താനുള്ള ദേഷ്യം

ഭഗത് സിംഗിനെയും നേതാജിയെയും പറ്റി പറയുമ്പോൾ ഉയരുന്ന ആവേശം ...

ജനഗണമന പാടി പരിപാടികൾ അവസാനിപ്പിച്ച്‌ ഓടി വീട്ടിലെത്തണം ടിവിയിൽ അങ്ങ് ഡൽഹിയിൽ നടക്കുന്ന പരേഡ് കാണണം ..

ധീരജവാൻമാർ അടിവച്ചടിവച്ചു നീങ്ങുന്നത്‌ ശ്വാസം അടക്കിപ്പിടിച്ചു കണ്ടു കണ്ണും മനസും നെഞ്ചും നിറയ്ക്കണം ...



അന്നൊരിക്കൽ ഡൽഹിയിലെ മരം കോച്ചുന്ന തണുപ്പിൽ സഹപ്രവർത്തകനും സുഹൃത്തുമായ സുരേഷിന്റെ കൂടെ,

വിട്ടു വീഴ്ചയില്ലാത്ത സുരക്ഷാ പരിശോധനകൾ കഴിഞ്ഞു രാജ്പതിലെ ഗ്യാല്ലറിയിൽ ഇരുന്നു ആ പരേഡ് നേരിട്ട് കണ്‍ കുളിർക്കെ കാണുമ്പോൾ ,

ആവേശം കൊണ്ട് നെഞ്ചു പൊട്ടി പോകുമെന്ന് തോന്നിയ നിമിഷം

ചുറ്റും ഉള്ളവരുടെ കൂടെ അലറി വിളിച്ചത് .

മനസ്സ് കൊണ്ട് അതേ ആവേശത്തോടെ ഒന്ന് കൂടെ...



" വന്ദേ............ മാതരം "

Always Love you ....


പിന്തിരിഞ്ഞു നോക്കുമ്പോഴായിരുന്നു പലപ്പോഴും നിറഞ്ഞ കണ്ണുകൾ കണ്ടിരുന്നത്‌ . 


പിൻ വിളികൾക്കായിരുന്നു കാതോർത്തിരുന്നത്..

പലതും ഓർക്കുമ്പോൾ അറിയാതെ ആയിരുന്നു കണ്ണുകൾ നിറഞ്ഞോഴുകിയിരുന്നത് ..

പുഞ്ചിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ ആയിരുന്നു കണ്ടത്തിൽ ഏറ്റവും മനോഹരം

നേടിയതിനെക്കാൾ വിലപിടിച്ഛതായിരുന്നു കൈവിട്ടു പോയതോക്കെയും .

ഒത്തിരി ആഗ്രഹിക്കുമ്പോഴും കാലം നഷ്ടപ്പെടുത്തിയതൊന്നും തിരിച്ചു കിട്ടില്ലെന്നാരുന്നു കരുതിയിരുന്നത് .



എന്നാൽ,



ഏതൊക്കെയോ കോണിൽ നഷ്ടപ്പെട്ടു പോയതോക്കെയും നീ എനിക്ക് തിരിച്ചു തരുമ്പോൾ ....

ഇരുപത്തിയാറു അക്ഷരങ്ങളിലൂടെ പറയാൻ മറന്നതും പറയേണ്ടിയിരുന്നതും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ...

പിന്നെയും കുറെ സ്മൈലികളിലൂടെ കണ്ണീരും ചിരിയും പരിഭവവും സ്ക്രീനിലും മനസ്സിലും നിറയുമ്പോൾ

ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയതൊക്കെയും വീണ്ടെടുക്കപ്പെടുമ്പോൾ

സ്വപ്നങ്ങൾക്ക് വീണ്ടും നിറം പിടിക്കുമ്പോൾ ,



വാട്സ് അപ്പ് , ഞാൻ നിന്നെ വല്ലാതെ സ്നേഹിച്ചു പോവുന്നു

പാത്തുമ്മാക്ക്....





ബാല്ല്യേക്കാറ് പിള്ളേര് പറേന്ന് ഇന്ന് എന്തോ വാലിന്റെ ദിവസ്സാന്ന് .. മോഹബ്ബത്ത് ഉള്ളൊര് അത് അങ്ങോട്ടും ഇങ്ങോട്ടും പറെണം പോലും 


അതൊന്നും ഞമ്മക്ക് അറഞ്ഞൂടല്ലോ..
ഞമ്മക്ക് അന്നോട്‌ പിരിശം തോന്നിയ കാലത്ത് അങ്ങനെ ഒന്നും ഇല്ലല്ലോ. 

അനക്കോര്‍മ്മയുണ്ടാ പാത്തുമ്മാ,
അന്ന്, ആ മാവിന്റെ ചോട്ടില് കൊതിയോടെ മോളിലോട്ട് നോക്കി നിക്കുമ്പോളാ അന്ന ഞമ്മള് ആദ്യായിറ്റ് കാണുന്നേ.
അന്റെ ചിരി കാണാമ്പേണ്ടീറ്റാ ഞമ്മള് പുളിഉറമ്പിനേം ബകബെക്കാണ്ട് ആ മാവുമ്മല് ബലിഞ്ഞു കേറിയേ .

ഞമ്മള് പറച്ച് തന്ന പുളിമാങ്ങ കടിച്ച കണ്ണ് ചിമ്മിപ്പോയ അന്റെ മോറ് കാണാന്‍ എന്ത് ശേലാര്‍ന്നു.!!

ബളെന്റെയും , കല്ല്‌ പെന്‍സിലിന്റെയും കശണങ്ങളും മഷിത്തണ്ടും ഒക്കെ ഞമ്മള് ഓത്തു പള്ളീല് കൊണ്ടോന്നത് അനയ്ക്ക് തരാനും മാണ്ടീറ്റാര്‍ന്നു.

അത് ആരും കാണാണ്ട് അനക്ക് തരുമ്പോ അന്റെ മൊകം ഒന്ന് തക്കാളി പോലെ ആവും...!! എന്റെ റബ്ബേ .. ഞമ്മക്കത് കണ്ടാ മത്യാര്‍ന്നു ..

നീളന്‍ പാവാടയും നെയ്യി പൊരിച്ച കുപ്പായോം ഇട്ട ജ്ജ് കുലുങ്ങി കുലുങ്ങി നടന്നു ബരുന്നത് കാണാന്‍ ഞമ്മള് ബയി ബക്കത്ത് എത്തറ കാത്തു നിന്നക്കണ് ??
അന്നേ ദൂരെന്ന് കാണ് മ്പളെ ഞമ്മളെ ഖല്‍ബ് പട പടാന്ന് ഇടിക്കാന്‍ തൊടങ്ങും ..!!!

അന്റെ ബാപ്പ ആ എറച്ചിക്കാരന്‍ ഹൈദ്രോസ്സിനെ ഞമ്മക്ക് കാണുമ്പോളെ നെഞ്ചിടിക്ക്വങ്കിലും, പള്ളി കൊളത്തീന്നു പറിച്ചെടുക്കുന്ന ആമ്പലും കൊണ്ട് എത്ര തവണ അന്റെ കുടീന്റെ മുന്നിലൂടെ ഞമ്മള് മണ്ടി പാഞ്ഞിക്കണ് ,..??

ഞമ്മള് മീന്‍ കൊണ്ടോവാന്‍ പുയ്യ ഹീറോ സൈക്കള് മേടിച്ചപ്പോം, അത് ആദ്യം കൊണ്ടൊന്നു മണിയടിച്ചത് അന്റെ കുടീന്റെ മുന്നീന്നാ ..!!

അന്റെ മുന്നില്‍ പത്രാസു കാണിക്കാന്‍ രണ്ടു കയ്യും ബിട്ടിറ്റ് സൈക്കള് ചവിട്ടിയപ്പോം ഞമ്മളും ബണ്ടീം മീനും കൊട്ടേം ഓത്തീല് ബീണത് ഓര്‍മ്മണ്ടാ അനക്ക്..???

അന്റെ മുത്ത്‌ പെയ്യണ പോലത്ത ചിരി കണ്ടപ്പോ ഞമ്മളും ബേദന മറന്നു ചിരിച്ചും പോയി .

ആ പേര്‍ശ്യക്കാരന്‍ കന്നാലി മോയ്തീന്നു അന്റെ മേലൊരു കണ്ണുണ്ടാര്‍ന്നുന്ന് ഞമ്മക്ക് അറിയാര്‍ന്നു ..
ഓന്‍ കള്ളും കായും കൊടുത്തു അന്റെ ബാപ്പാനെ പാട്ടിലാക്കേം ചെയ്ത്.

ഞമ്മള് അന്നെ പെണ്ണ് ചോയിക്കാന്‍ ബന്നപ്പോ, അന്റെ ബാപ്പയും ആ ശേയ്ത്താനും ഓന്റെ ആള്‍ക്കാരും ചേര്‍ന്ന് ഞമ്മളെ കയ്യും കാലും അടിച്ചോടിച്ചത് ജ്ജ് അറിഞ്ഞിക്കാ..??

എന്നിറ്റ് അന്നെ പിടിച്ച പിടിയാലെ ഓന് നിക്കാഹ് കയിച്ചു കൊടുത്ത്..

അതോടെയാ ഞമ്മള് നാടും കുടീം വിട്ടുപോയത് ..
ആ ശേയ്ത്താന്‍ ഈ പേരും പറഞ്ഞു അന്നേ ചവിട്ടം കുത്തേം കൊറേ ചെയ്യതോന്നും ഞമ്മള് അറിഞ്ഞിക്കില്ല പാത്തുമ്മാ

അങ്ങെന്നെ നെഞ്ചു വേദന വന്നു ചോര തുപ്പി ജ്ജ് മയ്യത്തായീനു അറിഞ്ഞപ്പോ ഞമ്മള ഖല്‍ബ് പൊട്ടിപ്പോയി പാത്തുമ്മാ ..

ന്റെ പാത്തുമ്മാ ഈ കത്ത് ഏയ് ആകാശത്തിനെറ്റ് മേലെയുള്ള സ്വര്‍ഗ്ഗത്തിലെ അന്റെ കയ്യുമ്മല് എത്തുമ്പോളെക്കും ഞമ്മളും അങ്ങ് എത്തീട്ടുണ്ടാവും..!!!

ജ്ജ് ഇല്ലാത്ത ദുനിയാവില് ഞമ്മക്കും ജീവിക്കാന്‍ കയ്യൂല്ല പാത്തുമ്മാ .
ഞമ്മളും ബര്ന്നാ അന്റെ അടുത്തേക്ക്‌ .

പാത്തുമ്മാന്റെ മാത്രം ബദറുല്‍ മുനീര്‍ - മീന്‍കാരന്‍ ബീരാന്‍

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ ......



കല്‍പ്പടവുകളില്‍ വെള്ളം ഒഴുകുന്നുണ്ടായിരുന്നു,
ഞാന്‍ നീട്ടിയ കൈകളില്‍ അവള്‍ക്കു പിടിക്കാതിരിക്കാന്‍ ആയില്ല..

റോസ് നിറമുള്ള ചെറിയ ചൂടുള്ള അവളുടെ കൈ എന്റെ കൈകളില്‍..

പുല്‍നാമ്പുകള്‍ എന്റെ കാലില്‍ തോണ്ടി,
“ചോദിക്ക്, ഈ കൈകള്‍ എന്നും പിടിച്ചോട്ടെന്നു ചോദിക്ക് “
ചെടികള്‍ കാത് കൂര്‍പ്പിച്ചുവെങ്കിലും ഞാന്‍ ചോദിച്ചില്ല .

ഇഷ്ടമില്ലാതിരുന്നെങ്കിലും കൈ വിട്ടു കളഞ്ഞു ..

ഇപ്പോള്‍ അവള്‍ ചോദിക്കുന്നു. ഇത്രമേല്‍ സ്നേഹിച്ചിരുന്നെങ്കില്‍ എന്തിനാണ് അവളെ വിട്ടയച്ചതെന്ന്....


ഒരു സുഗന്ധമായി എന്നെ പൊതിഞ്ഞു നിന്നിട്ട്,
അന്ന് എന്നരികില്‍ നിന്ന് അവള്‍ നടന്നകന്നപ്പോള്‍ നിറയുന്ന എന്റെ കണ്ണുകള്‍ കണ്ടിട്ടാവണം തൊട്ടാവാടികള്‍ മുഖം താഴ്ത്തിനിന്നത് ..

ഇപ്പോള്‍ അവള്‍ ചോദിക്കുന്നു ഇത്രമേല്‍ സ്നേഹിച്ചിരുന്നെങ്കില്‍ എന്താണ് അവളെ തിരിച്ച് വിളിക്കാതിരുന്നതെന്ന്.....



എന്നെ തനിച്ചാക്കി,
കൈക്കുമ്പിളില്‍ കൊരിയെടുത്ത വെള്ളം ചോര്‍ന്നു പോകുന്നത് പോലെ അകലേക്ക്‌ അവള്‍ ഒഴുകി അകന്നപ്പോള്‍ വെറുതെ ഞാന്‍ നോക്കി നില്‍ക്കുകയായിരുന്നു ..

ഇപ്പോള്‍ അവള്‍ ചോദിക്കുന്നു ഇത്രമേല്‍ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനാണ് അവളെ അകലാനനുവദിച്ചതെന്ന്.....



എന്താണ് ഞാന്‍ മറുപടി കൊടുക്കേണ്ടത്‌ ..??

ഓരോരോ ജന്മങ്ങളിലും നിന്നെ മാത്രം പ്രണയിക്കാന്‍ ഒന്നിപ്പിക്കാതിരുന്നതാണ് കാലമെന്നോ....

എന്നും എന്നും നിനക്കായി പുനര്‍ജ്ജനിക്കാന്‍ കൊതിച്ചു കൊണ്ട് കാത്തിരിക്കയാണ് ഞാനെന്നോ....