എനിക്കൊരു പൂക്കളം ഒരുക്കണം ..!!!
.
ചുരംകടന്നു വരുന്ന വണ്ടികളിലെ ചാക്ക് കെട്ടുകളില്‍ ശ്വാസം മുട്ടി മരിച്ച പൂക്കള്‍ കൊണ്ടല്ല,
.
സ്കൂളില്‍ നിന്ന് വരുമ്പോള്‍ തലയാട്ടി പുഞ്ചിരിക്കുന്ന ചെടികളില്‍ നിന്ന് അരുമയോടെ പറിച്ചെടുക്കുന്ന തുമ്പപ്പൂക്കള്‍ കൊണ്ട്...
.
കയ്യെത്തിച്ച് പിടിക്കാന്‍ നോക്കുമ്പോള്‍ ഒന്ന് ചിരിച്ചു ഉയര്‍ന്നു പോകുന്ന ചെമ്പരത്തി പൂക്കള്‍ കൊണ്ട്..
.
അറ്റത്തു ബ്ലേഡ് പിടിപ്പിച്ച നീളന്‍ കമ്പ് കൊണ്ട് പറിച്ചെടുക്കുന്ന എത്താ കൊമ്പിലെ അശോക പൂക്കള്‍ കൊണ്ട്...
.
വേലിക്കക്കരികില്‍ കാവല്‍ നില്‍ക്കുന്ന കോളാമ്പി പൂക്കള്‍ കൊണ്ട്
വര്‍ണ്ണങ്ങളുടെ കുടമാറ്റം നടത്തുന്ന അരിപ്പൂക്കള്‍ കൊണ്ട്...
.
“..ദൈവേ, പാമ്പ് കടിക്കല്ലേ..” എന്ന് പ്രാര്‍ഥിച്ച് വയലിലെ ചെളിയിലിറങ്ങി പറിച്ചെടുക്കുന്ന വരികള്‍ കൊണ്ട്...
.
കുളത്തിലിറങ്ങി ട്രൌസര്‍ നനയിച്ചു പറിച്ചെടുക്കുന്ന, കാമുക വിരഹത്തിലും വിടര്‍ന്നു പുഞ്ചിരിക്കുന്ന ആമ്പലുകള്‍ കൊണ്ട്..
.
കാട്ടിലും മേട്ടിലും തമ്പുരാന്റെ വരവിനായി കാത്തു നില്‍ക്കുന്ന പേരറിയാത്ത വര്‍ണ്ണ പൊട്ടുകള്‍ കൊണ്ട്..
.
.
.
എനിക്കൊന്നു കോടിയുടുക്കണം ...!!
.
ആരുടെയോ അളവുകളില്‍ തുന്നിയെടുത്തതല്ല,
..
തയ്യല്‍ കടയില്‍ കാത്തു കാത്തിരുന്നു വാങ്ങിച്ചു കൊണ്ട് വന്നു
നിലക്കണ്ണാടിക്ക് മുന്നില്‍ ചാഞ്ഞും ചരിഞ്ഞും നോക്കി തൃപ്തിവരുത്തിയ,
എന്റെ അളവില്‍ തുന്നിയെടുത്ത; എന്റെ കുപ്പായം
.
.
എനിക്കൊരു സദ്യ ഉണ്ണണം...!!
.
ചുവന്ന തെരുവുകളിലെ നിശാ ശലഭങ്ങളെപ്പോലെ ആര്‍ക്കു വേണമെങ്കിലും കൊണ്ട് പോകാവുന്ന, പ്ലാസ്റ്റിക് കൂടുകളില്‍ ഉറങ്ങുന്ന ജീവനില്ലാത്ത കറികള്‍ കൂട്ടിയല്ല,
.
സ്നേഹവും വാത്സല്ല്യവും സമം ചേര്‍ത്ത് കൈപ്പുണ്യത്തില്‍ കരുത്തില്‍ “ഗന്ധ” ര്‍വന്മാരാല്‍ വരവറിയിച്ച്,
നാവില്‍ വെള്ളമൂറിച്ച്, നാക്കിലയില്‍ നിരന്നു, പ്രതാപം കാട്ടുന്ന കറികള്‍ കൂട്ടി.
.
.
.
എനിക്കൊരു പായസം കുടിക്കണം...
.
ഡിസ്പോസിബ്ള്‍ ഗ്ലാസ്സുകളില്‍ വാടിയിരിക്കുന്ന പായസമല്ല.
.
ഇലയില്‍ ഒഴിച്ചു തരുന്ന, കോരിയെടുക്കുമ്പോള്‍ വഴുതിമാറി കുസൃതികാട്ടുന്ന...
.
ഒന്നുതൊട്ടു വിരലുകള്‍ നുണഞ്ഞു,
എത്ര നിറഞ്ഞാലും മതിയാവാതെ ആവോളം കൈനക്കി കുടിക്കേണ്ടുന്ന പായസം .
.
.
പൂത്തുമ്പികളുടെ കൂടെ വീടായ വീടെല്ലാം കയറി ഇറങ്ങി, മുറ്റത്ത് വിടർന്നു നിൽക്കുന്ന പൂക്കളങ്ങൾ കണ്ടു കണ്ണും മനസ്സും നിറക്കണം
.
.
.
എനിക്കൊന്നു ഞാനാവണം..!!
.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ