
My School Days ..........................
.
സ്കൂളിൽ പോവാൻ ഒരു പാട് ഇഷ്ടം തോന്നുന്ന ദിവസങ്ങളിൽ ഒന്നാണ് അതും .
.
ഞങ്ങൾ കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായി ചിരിക്കുന്ന മൂന്നു വർണ്ണത്തിലുള്ള കടലാസുകൾ ദിവസങ്ങൾക്കു മുമ്പ് തന്നെ ഗോപാലേട്ടന്റെ പീടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും ..
.
25 പൈസ , കൂടെ ഒരു മൊട്ടു സൂചിയും ..
.
കുളിച്ചു കഴിഞ്ഞു കുപ്പായമിടുവിച്ചു മുടി ചീകി ചീർപ്പ് സ്വന്തം മുടിക്കെട്ടിൽ തിരുകി വച്ചു അധികമുള്ള പൌഡർ സാരി തലപ്പ് കൊണ്ട് തുടച്ചു മാറ്റി അമ്മ ആ കൊടി ഷർട്ടിൽ കുത്തിത്തരും ..
.
ആവേശം കൊണ്ടോ അഭിമാനം കൊണ്ടോ കുഞ്ഞു നെഞ്ചു ഒന്നുടെ വിരിയും
.
പിന്നെ കൂട്ടുകാരുടെ കൂടെ സ്കൂളിലേക്ക് ..
എല്ലാവരുടെയും നെഞ്ചിൽ വിടർന്നു നിൽക്കുന്ന പതാക
.
സ്കൂളിന്റെ ഇറയത്തു കെട്ടി വച്ചിരിക്കുന്ന നീളൻ മുളയ്ക്കു ശാപമോക്ഷം ലഭിക്കുന്നത് തലേ ദിവസം ആണ് .
.
അറബിക് മാഷും മുതിർന്ന കുട്ടികളും ചേർന്ന് തലേദിവസം തന്നെ അതിനെ സ്കൂൾ മുറ്റത്തു നാട്ടിയിട്ടുണ്ടാവും ..
.
8.45 ആവുന്നതോടെ ഓരോ ക്ലാസിലെയും കുട്ടികൾ വരി വരിയായി അതിന്റെ മുന്നിൽ വന്നു നിൽക്കും .
.
" വണ്‍ ആം ഡിസ്ടന്സിൽ" നിന്ന് അറബിക് മാഷ് പറയുന്നതിനനുസരിച്ച് ദിവസങ്ങൾക്കു മുമ്പ് മാത്രം പഠിച്ച " അറ്റൻഷൻ സ്റ്റാന്റ് അറ്റ് ഈസ് " ആവർത്തിക്കും
.
9 മണിക്ക് " എട്ടീചർ " ശാരദ പതിയെ ചുറ്റി കെട്ടി വച്ച കയർ അഴിച്ചു മെല്ലെ വലിക്കുമ്പോൾ പതാക ഉയരങ്ങളിലേക്ക്
.
അകമ്പടിയായി ഞങ്ങളുടെ കുഞ്ഞു തോണ്ടകളിലെ ജനഗണമന ..
.
മാഷുടെ നിർദ്ദെശത്തിനനുസരിച്ചു എല്ലാവരും തലയുയർത്തിപ്പിടിച്ചു നെഞ്ചു വിരിച്ചു ഫ്ലാഗ് സല്യൂട്ട് ..
.
അത് ഏറ്റുവാങ്ങി നിറഞ്ഞ മനസ്സോടെ ആകാശത്തു ചിരിച്ചു പാറി കളിക്കുന്ന ത്രിവർണ്ണ പതാക ..
.
നമ്മുടെ നാടിന്റെ, ദേശത്തിന്റെ അഭിമാനം ....
.
പിന്നെ അടിവച്ചടിവച്ചു ക്ലാസിലേക്ക്
.
കാത്തിരിക്കുന്ന മുട്ടായി വിതരണം
.
ബ്രിട്ടീഷ്കാരുടെ ക്രൂരതകളെയും സ്വാതത്ര്യ സേനാനികൾ അനുഭവിച്ച ത്യാഗങ്ങളെയും പറ്റി ശാരദ ടീച്ചറും സുധ ടീച്ചറും അറബിക് മാഷും പറയുമ്പോൾ സങ്കടം ...
.
ബാപ്പുജിയെ ട്രെയിനില്‍ നിന്ന് പിടിച്ചു തള്ളിയ സായിപ്പിനെ ട്രെയിന്‍ കയറ്റി കൊല്ലാനുള്ള ദേഷ്യം
.
ഭഗത് സിംഗിനെയും നേതാജിയെയും പറ്റി പറയുമ്പോൾ ഉയരുന്ന ആവേശം.
.
കേണൽ ഡയറിനെ ജാലിയൻ വാലബാഗിലെ കിണറിൽ തന്നെ ചവിട്ടി താഴ്ത്താനുള്ള രോഷം.
.
ജീവന്‍ ബലികൊടുത്തു സ്വാതത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികള്‍ക്ക് മനസ്സ് കൊണ്ട് പുഷ്പാര്‍ച്ചന
.
എല്ലാം കഴിഞ്ഞാല്‍ ജനഗണമന.
.
.
.
ഞാനും ജനഗണമന പാടി അവസാനിപ്പിക്കുകയാണ് .
.
അഞ്ചു വര്‍ഷത്തെ സുഗന്ധമുള്ള ഓര്‍മ്മകള്‍..
അറിവ് അമൃതായി പെയ്ത; അക്ഷരങ്ങളുടെ മധുരം തിരിച്ചറിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍
കുഞ്ഞു വിരലുകള്‍ക്ക് കല്ല് പെന്‍സിലും കടലാസ് പെന്‍സിലും പിന്നെ ഫൌണ്ടന്‍ പേനയും വഴങ്ങിത്തുടങ്ങിയിരിക്കുന്ന
.
ഇനി വേറെ സ്കൂളിലേക്ക് മാറണം
.
“സോവിയറ്റ് യൂണിയന്റെ” കട്ടിക്കടലാസുകള്‍ക്ക് പകരം പുഞ്ചിരി തന്നിരുന്ന സോനയും മിനിയും രേഷ്മയും ഇനി വേറെ ഏതെങ്കിലും സ്കൂളില്‍ ആവും .
.
കൊപ്ര മിട്ടായിയും പാരീസ് മിട്ടായിയും കടിച്ചു പൊട്ടിച്ചു പകുത്തു നുനഞ്ഞിരുന്ന സജിത്തും വിജീഷും റിയാസും ഇനി കൂടെ ഉണ്ടാവില്ല.
.
“....ഒന്നെന്ന് പറയുമ്പോള്‍ ഒന്നിച്ചു നിന്നിരുന്ന...” കൂട്ടുകാര്‍ ആരും ഉണ്ടാവില്ല,
.
ഒഴിവു പിരീഡില്‍ “...ഇനി ജിതേഷോരു കഥപറയട്ടെ..” എന്ന് പറയാന്‍ സുധ ടീച്ചറോ,
സ്കൂളിലെ കുറുമ്പുകള്‍ വീട്ടിലെത്തിക്കാന്‍ ഓമന ടീച്ചറോ ഉണ്ടാവില്ല.
.
നിര്‍ബന്ധിച്ച് ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പ്രേമന്‍ മാഷുണ്ടാവില്ല
.
ഏതു കുറുമ്പിനെയും ഒരു നിമിഷം കൊണ്ടില്ലാതാക്കുന്ന ലക്ഷമി ടീച്ചറുടെ പുഞ്ചിരി ഇനി കാണാനാവില്ല.
.
അറബിക്ക് മാഷിന്റെ കൊമ്പന്‍ മീശയുടെ തമാശകള്‍ ഇനിയില്ല
.
ഏതു സ്കൂളിലേക്ക് പോയാലും ആദ്യം പഠിച്ച സ്കൂളിനെയും പഠിപ്പിച്ചവരെയും പറയിപ്പിക്കരുതെന്ന് സ്നേഹത്തോടെ ഉപദേശിച്ച് അവര്‍ ഞങ്ങളെ യാത്രയാക്കി...
കരഞ്ഞു കൊണ്ടാദ്യം പടികള്‍ ചവിട്ടിയവര്‍ ഉള്ളില്‍ കരഞ്ഞു കൊണ്ട് തന്നെ പടിയിറങ്ങി
.
പിന്നെയും പല സ്കൂളിന്റെയും പല കോളേജിന്റെയും പടികള്‍ ചവിട്ടി.
പലരും പലതും പഠിപ്പിച്ചു.
.
ചിലര്‍ മറവിയിലേക്ക് കൂടുമാറിയപ്പോള്‍ ചിലര്‍ മുന്നോട്ടുള്ള വഴികളില്‍ വെളിച്ചമായി
.
ഉരുവിട്ടു പഠിച്ച പേരുകള്‍ പലതും മറവിച്ചുഴികളില്‍ ആണ്ടു പോയി.
.
കാണാപ്പാടം പഠിച്ച നിര്‍വ്വചനങ്ങള്‍ ഓര്‍മ്മയുടെ അറകളിലെവിടെയോ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു.
.
എത്ര അലക്കിയിട്ടും വിട്ടു പോവാതിരുന്ന മഷിപ്പടര്‍പ്പുള്ള കുപ്പായങ്ങളോക്കെയും മണ്ണോടു മണ്ണായി...
.
കല്ല് പെന്‍സില്‍ പിടിച്ച കൈവിരലുകള്‍ക്ക് കീ ബോര്‍ഡ് പഥ്യമായി
.
എങ്കിലും,
.
ഇരുള്‍ മൂടിക്കിടന്ന തലച്ചോറില്‍ അക്ഷര വെളിച്ചം പകര്‍ന്നു തന്ന ഇവര്‍ മനസ്സിന്റെ ശ്രീകോവിലില്‍ തെളിഞ്ഞു കത്തുകയാണ് .
.
ഓമന ടീച്ചര്‍,
സുധടീച്ഛര്‍
ശാരദ ടീച്ചര്‍.
അറബിക് മാഷ്
ലക്ഷ്മി ടീച്ചര്‍,
പ്രേമന്‍ മാഷ്
.
പിന്നെ, ആ മഞ്ഞ കെട്ടിടവും
കൂട്ടായി മുറ്റത്തിന്റെ ഒരു കോണില്‍ ആ മാവും
.
.
.
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ ......
.
..........................
( സോവിയറ്റ് യൂണിയന്‍ - ന്യൂ ജെനറെഷന് ഈ പേര് പരിചയം കാണില്ല. കേരളത്തില്‍ ഒരുപാട് വായനക്കാരുണ്ടായിരുന്ന ഒരു മാസികയാണത്. ആ മാസികയുടെ മിനുസവും കട്ടിയും ഉള്ള പേജുകള്‍ പുസ്തകങ്ങള്‍ പൊതിയാന്‍ ഉപയോഗിച്ചിരുന്നു.
ബ്രൌണ്‍ പേപ്പര്‍ പണക്കാരുടെ മാത്രം കുത്തകയായിരുന്നു അന്ന്..!! )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ