ആ പച്ചപ്പ് കാണാന്‍ തുടങ്ങിയപ്പോഴാണ് മനസൊന്ന് തണുത്തത് എന്റെ മാത്രല്ല എല്ലാരുടെയും.
താഴേക്ക് താഴേക്ക് എത്തിയതോടെ കൈവീശി പരിചയം കാണിക്കുന്ന തെങ്ങോലകളും നാണിച്ചു തല താഴ്ത്തി കുലനിറഞ്ഞു നിക്കുന്ന വാഴകളും തെളിഞ്ഞു .
വീടിന്റെ ചിമ്മിനികള്‍ ഒക്കെയും ഉറക്കച്ചടവില്‍ നിന്ന് എഴുന്നെറ്റ് കോട്ടുവാ ഇട്ടു തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ.
ഇത്രയും നേരം പറന്നതിന്റെ ആയാസം ഒന്ന് കുലുക്കി കുടഞ്ഞു വിമാനം നിലത്തിറങ്ങേണ്ട താമസം അടക്കിപിടിച്ച വെമ്പലുകള്‍ “സാമാന്‍ കക്ഷ്” തുറന്നു പുറത്തു ചാടി ..
വര്‍ഷങ്ങളായി കാത്തിരുന്നു കണ്ണു കഴച്ചവരുടെ അടുത്തേക്ക് എത്രയും പെട്ടന്ന് എത്താനുള്ള വെമ്പല്‍ ഒരു അനൌണ്‍സ്മെന്റിനും തടുക്കാന്‍ കഴിയാറില്ല, ഒരിക്കലും..
എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോള്‍ ഞെട്ടിയത് ഞാനാണ്,
വെറും 3 പേര്‍ മാത്രം മുന്നില്‍ ..!!
എന്റെ പൊന്നും കുരിശു മുത്തപ്പാ ഇത് കാലിക്കറ്റ് എയര്‍പോര്‍ട്ട് തന്നെ യോ ..!!!
പോണ പോക്കില്‍ എന്തായാലും ഒരു ലോട്ടറി ടിക്കറ്റ് എടുത്തേക്കാം !!
.
.
.
വീടുകാര്‍ക്കും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമുള്ള മണവും മധുരവും കുത്തി നിറച്ച പെട്ടിയും എടുത്തു പ്രതീക്ഷയും ആകാംഷയും വെമ്പലും അക്ഷമയും നിറഞ്ഞ ഒരായിരം കണ്ണുകള്‍ക്കിടയിലൂടെ പതിയെ പുറത്തേക്കിറങ്ങി ..
അവരെത്തിയിട്ടില്ല, വീട്ടിലേക്കു കൊണ്ടുപോകാന്‍
ചിലതൊക്കെ സമയത്തിന് കഴിഞ്ഞാല്‍ അതും ഒരു പാടാണ്..!!
വിളിച്ചു നോക്കിയപ്പോള്‍ ഇനിയും ഒരു മണിക്കൂര്‍ എങ്കിലും എടുത്തേക്കും അവരിങ്ങെത്താന്‍ .. അത് വരെ ഈ ആള്‍ക്കൂട്ടത്തില്‍ നടുവില്‍ .
ഇമ വെട്ടാതെ ഉറ്റു നോക്കുകയാണ് എല്ലാവരും എയര്‍പോര്‍ട്ടിനകത്തേക്ക്
അടുത്ത വരുന്ന ആള്‍ തങ്ങള്‍ കാത്തിരിക്കുന്നവര്‍ ആകുമെന്ന പ്രതീക്ഷയില്‍..
ദാ.... അച്ഛന്‍...!! അച്ഛന്‍..!!!
പുറകില്‍ നിന്നൊരു ചെക്കന്‍ എന്നെ വകഞ്ഞു മാറ്റി മുന്നോട്ടോടി .. കൂടെ ഒരു കൊച്ചു സുന്ദരിയും ..
പ്ലാസ്റ്റിക് കയറു കൊണ്ട് മുറുക്കി കെട്ടിയ സ്നേഹവും ആഗ്രഹങ്ങളും സ്വപ്നങ്ങളും ട്രോളിയില്‍ തള്ളി കൊണ്ട് വരുന്ന ആളായിരുന്നു അവരുടെ ലക്‌ഷ്യം ..
ഓടിച്ചെന്ന അവന്‍ അച്ഛന്റെ കയ്യില്‍ നിന്ന് ട്രോളി കൈക്കലാക്കി.
അവന്റെ അനിയത്തി കുട്ടി അച്ഛനെയും.
അപ്പോഴാണ് അവന് മനസിലായത് ആ ട്രോളിയില്‍ ഉള്ളതിനേക്കാള്‍ വിലപിടിച്ചത് അനിയത്തിക്ക് കിട്ടിയെന്നു.
ട്രോളി വഴിയില്‍ ഉപേക്ഷിച്ചു അവനും ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു
കണ്ണില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരിയും കോണുകളില്‍ എവിടെയോ ഇച്ചിരി നനവും ആയി മുന്നോട് വന്ന അയാളുടെ അടുക്കലേക്കു 3 പേര്‍ കൂടി വന്നു , ഇച്ചിരി മുതിര്‍ന്ന ഒരു ചുരിദാര്‍ കാരിയും പിന്നെ അവളുടെ അമ്മയും കൂടെ ഒരു സ്ത്രീയും ..ഇത്തിരി മുതിര്‍ന്ന കൊണ്ടാവണം അവള്‍ക്കു അച്ഛനെ കെട്ടിപിടിക്കാന്‍ ഒരു മടി.
ആ മനസു വായിച്ചെന്ന പോലെ അച്ഛന്‍ അവളെയും തന്നോട് ചേര്‍ത്ത് നിര്‍ത്തി മൂര്‍ദ്ദാവില്‍ ഒന്നു മുകര്‍ന്നു ..
പിന്നെ അമ്മയെ നോക്കി .
വര്‍ഷങ്ങളുടെ പരിഭവങ്ങള്‍, വിശേഷങ്ങള്‍..... എല്ലാം അവര്‍ നിമിഷങ്ങള്‍ക്കൊണ്ട് കണ്ണുകളിലൂടെ പറഞ്ഞു തീര്‍ത്തു .
മൌനം എത്ര വാചാലമാണ് !!
നിറഞ്ഞ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ ആവണം അയാള്‍ കണ്ണട എടുത്തു വച്ചു അവരേയും കൂട്ടി നടന്നു നീങ്ങി ..
.
.
.
പിന്നെ വന്നത് കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരന്‍
അതാ.... ഞമ്മളെ പുയപ്ലാ ..!!!
ഏടെ..?? ഏടെ ..???
കൊറേ പേരുണ്ടായിരുന്നു അയാളെ സ്വീകരിക്കാന്‍ .. ഏറ്റവും മുന്നില്‍ കൈകുഞ്ഞുമായി ഒരു വൃദ്ദന്‍ ..
“..അസ്സലാമു അലൈക്കും..” അളിയന്‍, ആവണം കെട്ടിപിടിച്ചാണ് അയാളെ സ്വീകരിച്ചത് ..
പിന്നെ വൃദ്ദന്റെ കയ്യില്‍ നിന്ന് ആ കുഞ്ഞിനെ അയാള്‍ ഏറ്റുവാങ്ങി ഒന്ന് ഉമ്മവച്ച് നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.
രക്തം രക്തത്തെ തിരിച്ചറിഞ്ഞു...!!
അവന്‍ ഉണര്‍ന്നു ..
ഒറ്റക്കരച്ചിലില്‍ അവനെ കാണാന്‍ വരാന്‍ വൈകിയതിന്റെ പരിഭവവം അവന്‍ പറഞ്ഞു തീര്‍ത്തു.
എന്നിട്ടും അരിശം തീരഞ്ഞു കുഞ്ഞികാലുകൊണ്ട് ബാപ്പയുടെ നെഞ്ചത്ത് ചവിട്ടി.
ചോര തൊട്ടെടുക്കാവുന്ന കുഞ്ഞ് മുഷ്ടി ചുരുട്ടി പ്രതിഷേധിച്ചു
“.....ഉപ്പാനെ പോലെന്നെ ബാശിക്കാരനാ, ഓനും .” പുറകില്‍ നിന്ന് ഒരു തട്ടത്തിന്‍ മറയത്ത് പുരികക്കൊടികള്‍ ഉയര്‍ന്നു ..
കുട്ടിയ സ്വന്തനിപ്പിക്കാനെന്നോണം അടുത്ത വന്ന അവളെ അവന്‍ ചുമല്‍ കൊണ്ടൊന്നു തട്ടി, അവളുടെ കവിളില്‍ വിരിഞ്ഞത് നാണത്തിന്റെ പതിനാലാം രാവ്..
“..പുയാപ്ലേ, ബാ പൂവാം, ബണ്ടി ബന്ന്ക്ക്ണ്..” എന്ന് ആരോ പറഞ്ഞപ്പോള്‍ എല്ലാവരും മുന്നോട്ട് നടന്നു .
ആ തക്കത്തിന് അവരുടെ കൈവിരലുകള്‍ കൂടി പിണഞ്ഞു..
അവളുടെ വിരലുകള്‍ ആദ്യം പരിഭവിച്ച് പിണങ്ങി നിന്നു.
അവന്റെ വിരലുകള്‍ കെഞ്ചി...
തല്ലു കൂടി, പിണങ്ങി.
പിന്നെ ഒന്ന് ചേര്‍ന്ന് കുറെറേ രഹസ്യങ്ങള്‍ കൈമാറി..
പിന്നെ ഇനി ഒരിക്കലും അകലാന്‍ സമ്മതിക്കില്ലെന്ന പോലെ ഒന്ന് ചേര്‍ന്ന് നിന്ന് മുറുകെ പിടിച്ചു ....
..........................
പിന്നെയും പലരും വന്നു ..
ചിലര്‍, ബജറ്റ് വിമാനങ്ങളുടെ കണിശതയില്‍, പലവട്ടം തൂക്കിയും കെട്ടിയും മാറ്റിക്കെട്ടിയും,
കടം വാങ്ങിച്ച പൈസ കൊണ്ട് വാങ്ങിയ പലതും മനസില്ലാ മനസ്സോടെ മാറ്റി വെച്ചും
“കാര്‍ട്ടൂണ്‍” (കാര്‍ട്ടണ്‍) ബോക്സില്‍ അമര്‍ത്തിവച്ച സ്വപ്നങ്ങളുമായി വന്നു..
ആരും കാത്തിരിക്കാന്‍ ഇല്ലാത്ത ചിലരുമുണ്ടായിരുന്നു കൂട്ടത്തില്‍.
നിസ്സംഗമായ മുഖത്തോട് കൂടി ഒരു കോണില്‍ ചെന്ന് നിന്ന് വണ്ടിക്കാരോട് വിലപേശുന്നവര്‍.
എഴുതിയതൊക്കെയും എന്നോ മാഞ്ഞു പോയ കടലാസ്സു പോലെയാണ് അവരുടെ മുഖം.....തിളക്കമില്ലാതെ.
ചിലര്‍ വമ്പന്‍ വിമാന കമ്പനികളുടെ ധാരാളിത്തത്തിന്റെ ടാഗ് കെട്ടിയ വലിയ പെട്ടികളുമായി വന്നു.
വീഡിയോ ആല്‍ബങ്ങളിലെ നായകരെ പോലുള്ളവര്‍ .. മരുഭുമില്‍ സ്വര്‍ണ്ണം കൊയ്യുന്നവര്‍..!!
തിരിച്ചു പോകാനുള്ള പണം ഉണ്ടാക്കാന്‍ വേണ്ടി ഡ്യൂട്ടി ഫ്രീ സാധങ്ങള്‍ വലിയ ബാഗുകളില്‍ ചുമന്നു കൊണ്ട് വരുന്നു ചിലര്‍..
“....ഓന് കൊറേ പെണ്‍കുട്ട്യോളെ നോക്കി വെച്ചിട്ട്ണ്ട്....ഈ പ്രാവശ്യം എന്തായാലും പോന്നെനും മുമ്പ് എന്തെങ്കിലും ഒന്ന് ശരിയാക്കണം ..” അടുത്ത് നിന്ന ഒരമ്മ കൂടെ ഉള്ള സ്ത്രീയോടാണ് “..ഇഞും കൂടി ഒന്ന് പറെണേ ഓനോട്...”
അടുക്കളയില്‍; തനിക്കൊരു കൂട്ട് മകന്‍ കൊണ്ട് വരുമെന്ന പ്രതീക്ഷയുണ്ട് വാര്‍ദ്ദക്ക്യം കുഴി തീര്‍ത്ത ആ കണ്ണുകളില്‍.....
“....ആള് ഇപ്പൊ ഫ്ലൈറ്റ് എറങ്ങീറ്റെ ഉള്ളൂ.. പോണ വയിക്കു ഒന്ന് പ്ലോട്ട് കണ്ടേന് ശേഷം അഡ്വാന്‍സ് കൊടുക്കാന്ന്..... റെഡി കാഷ്...” സമ്പാധിച്ച് വച്ച പണം പോലെ വലിയ ശരീരമുള്ള ഒരാള്‍ ഫോണിലൂടെ കച്ചവടം ഉറപ്പിക്കുകയാണ് .
“...രാസ്താ ദേദോ, സൈഡ് മേം ഹോ ജാവോ ..”
ഇടയിലൂടെ, വഴികള്‍ തീര്‍ക്കാന്‍ ആള്‍ക്കാരെ മാറ്റിക്കൊണ്ട് ഒലീവ് പച്ചയില്‍ പൊതിഞ്ഞ കപ്പടാ മീശയും ഗൌരവവും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
.പക്ഷെ മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കാത്തിരിപ്പിന്റെ വെമ്പല്‍ നിയമങ്ങള്‍ക്കു അതീതമാവുന്നു
.
.
.
സ്വപ്‌നങ്ങള്‍ കൊയ്യാന്‍ പോകുന്നവരെ യാത്രയാക്കാന്‍ വരുന്നവരുടെ കയ്യിലെ നനഞ്ഞ കൈലേസുകളും,
തുളുമ്പുന്ന കണ്ണുകളും,
അത് കണ്ടു നില്‍ക്കാന്‍ ശേഷിയില്ലാതെ മുഖം തിരിച്ചു കൈവീശി തിടുക്കത്തില്‍ അകത്തേക്ക് കയറിപ്പോവുന്നവരുടെ പൊടിയുന്ന നെഞ്ചും ,
.
തിരിച്ചു വരുന്നവരുടെ ദീര്‍ഘ നിശ്വാസങ്ങളും,
.
അവരെ സ്വീകരിക്കാന്‍ വരുന്നവരുടെ കണ്ണുകളിലെ നനവിന്റെ നക്ഷത്ര തിളക്കവും എന്നും ഒരേ ഭാവത്തോടെ നിസ്സംഗമായി കണ്ടു നില്‍ക്കുന്ന കുറച്ചു പേര്‍ മാത്രമുണ്ട്;
..
എയര്‍ പോര്‍ട്ടിലെ വലിയ തൂണുകള്‍ ..!!
അവയെപ്പോലെ ആവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ..!!!
.
.................................................................................................................
മുമ്പൊരിക്കല്‍ ഇത് പോലെ കൊണ്ട് പോകാന്‍ വരുന്നവര്‍ ലേറ്റ് ആയപ്പോള്‍ വിളിച്ചു നോക്കാന്‍ വേണ്ടി ഫോണ്‍ ബൂത്ത് അന്വേഷിച്ചു നടന്നെത്തിയത് പോലിസ് എയിഡ് പോസ്റ്റില്‍. അവിടെ ഉള്ള പോലീസുകാരന്‍ “..ഇവിടെങ്ങും ഇപ്പൊ ഫോണ്‍ ബൂത്തില്ല, ഇവിടെ ഉള്ള മൊബൈല്‍ നിന്ന് വിളിച്ചോളൂ..” എന്ന് പറഞ്ഞു മൊബൈല്‍ തന്നപ്പോള്‍ അദ്ഭുതത്തോടെ ഞാനാ ബോര്‍ഡ് ഒന്ന് കൂടെ വായിച്ചു തെറ്റിയില്ല എന്നുറപ്പിച്ചു.
പരിചയപ്പെട്ടപോള്‍ എനിക്കൊരു കസേര തന്ന് അദ്ദേഹം “ കോയിക്കോട്ടാ” രനായി. കുട്ടികള്‍ക്ക് കൊടുക്കാനായി “ ഫോറിന്‍ മുട്ടായി” കൊടുത്തു ഞാന്‍ തലശ്ശേരിക്കാരനും .
വിശേഷങ്ങള്‍ പലതും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടായിലാണ
ഒരു കോണില്‍ കൂനിക്കൂടി ഒരു പാവം ഉമ്മ ..കൂടെ പ്രായത്തിലും മുഖത്തെ ചുളിവുകളിലും അവരോട് മത്സരിച്ചു കൊണ്ട് മുഷിഞ്ഞ ഒരു ബാഗും.
കുഴിഞ്ഞ, തിളക്കം നഷ്ടപ്പെട്ട കണ്ണുകളും,
പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ ഒട്ടിയ, ചുളിവു വീണ കവിളുകളും
മെലിഞ്ഞ ശരീരവും ആ ഗദാമ ഗള്‍ഫിലെ അറബി വീട്ടില്‍ അനുഭവിച്ച “ സുഖ സൌകര്യങ്ങള്‍” പറയാതെ പറയുന്നുണ്ടായിരുന്നു.
“..ഉമ്മ എന്താ ഇവിടെ നിക്ക്ന്നേ..” ചോദിക്കാതിരിക്കാന്‍ തോന്നിയില്ല എനിക്ക്.
“..കൂട്ടാന്‍ ബരുന്നോല് എത്തീക്കില്ല, മോനേ..” അവര്‍ പതിയെ തിരിഞ്ഞു നോക്കി.
“...ന്നാ ങ്ങള് ഇങ്ങോട്ടിരുന്നോളീം ഉമ്മാ..” പോലീസുകാരനും ഒരു മകനായി
“..ബേണ്ട മോനെ ഓലിപ്പോം ബരും ..” ആ ശബ്ദത്തിലെ തണുപ്പ് വരാനുള്ളവര്‍ എപ്പോ വരുമെന്ന് ഞങ്ങളെ മനസിലാക്കിച്ചു തന്നു .
അവര്‍ വൈകും. കാരണം,
ആ ഉമ്മ കൈകളില്‍ നിറഞ്ഞ പെട്ടികള്‍ ഇല്ല
സമ്മാനങ്ങളും ഇല്ല..,
സ്വപ്‌നങ്ങള്‍ വിളയുന്ന മണ്ണിലെ സുഗന്ധമില്ല..,
വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മധുരവുമില്ല.
ഗന്ധവും രുചിയും ആവുന്നിടത്തോളം പകരുന്നു നല്‍കിയ കറി വേപ്പിലയാണ് അവരിപ്പോ.
രുചികരമായ് ഭക്ഷണം എല്ലാവരും കഴിച്ചു കഴിഞ്ഞു, വയറു നിറയെ..
കറിവേപ്പിലക്കിനി പുറത്താണ് സ്ഥാനം .
.
.
.
.
എച്ചിലിന്റെ കൂടെ പെറുക്കിക്കളയാന്‍ ആരെങ്കിലും വരാതിരിക്കില്ല.




