Dream ...! Becoz those don't have dreams don't have much...!


2016 ജനുവരി 7, വ്യാഴാഴ്‌ച

പിന്നിലേക്കോടുന്ന കാഴ്ചകള്‍ ..!!


കമ്പി അഴികള്‍ക്കിടയിലൂടെ പിന്നിലേക്കോടുന്ന കാഴ്ചകള്‍ ആദ്യമായി കണ്ടത് എന്നായിരുന്നു ??

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൈ പിടിച്ചു ഗുരുവായൂരിലേക്കായിരുന്നു ആദ്യ യാത്ര ..
മാഹിയില്‍ നിന്ന് കുന്നംകുളം വരെ 
.
ഇര വിഴുങ്ങിയ പാമ്പിനെപ്പോലെ തീവണ്ടി പ്ലാറ്റ്ഫോമില്‍ വന്നു നിന്നപ്പോള്‍ ആകെ അദ്ഭുതം ..
ഒരുപാട് വാതിലിലൂടെ ഇറങ്ങുന്ന ഒരുപാടുപേര്‍
ഉന്തിയും തള്ളിയും കയറിയത് മരക്കസേര മാത്രം ഉള്ള ഒരു പാവം കമ്പാര്‍ട്ട്‌മെന്റില്‍.
സീറ്റിനരികിലേക്ക് ചേര്‍ന്നിരുന്നപ്പോള്‍ വണ്ടി ചൂളം വിളിച്ചു ഒന്നിളകി മുന്നോട്ട് ഓടി തുടങ്ങി..
കാഴ്കള്‍ പിന്നിലേക്കും .
.
****** ******* ******* ******
.
തലശ്ശേരിക്കപ്പുറം ലോകം ഇല്ലാതിരുന്ന പയ്യന്‍ അവന്റെ യാത്ര തുടങ്ങിയപ്പോ പ്ലാറ്റ് ഫോമില്‍ നിറഞ്ഞ രണ്ടു ജോഡി കണ്ണുകള്‍ ആയിരുന്നു
.
നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച മടിയില്‍ ഇരുത്തിയത് പരശുരാമന്റെ ഒട്ടും മാര്‍ദ്ദവം ഇല്ലാത്ത ഒരു സെക്കന്റ്‌ ക്ലാസ്സ്‌ സീറ്റും ..
.
പതിയെ ആ ഇരുമ്പ് മണവും , പുകയും അവന്റെ കൂടെ കൂട്ടുകാരന്‍ ആവുകയായിരുന്നു.
പിന്നിലേക്കോടുന്ന കാഴ്ചകള്‍ പലതും അവന്റെയും കൂടെയായി .
.
പുലര്‍ച്ച ഉണര്‍ന്നതിന്റെ ആലസ്യത്തില്‍ ഉറങ്ങിയും ഉണര്‍ന്നും ഓടുന്ന എക്സിക്യുട്ടീവും,
ഓഫീസില്‍ എത്താന്‍ വൈകുമോ എന്ന ആധിയില്‍ ഓടുന്ന പരശുരാമനും,
ഒരു മുഷിവും കാട്ടാതെ എല്ലായിടത്തും നിര്‍ത്തി കാത്തു നിന്നവരെ യൊക്കെ കയറ്റി പതുക്കെ പോവുന്ന ഫാസ്റ്റ് പാസഞ്ചറും,
നിറയെ വടക്കന്‍ വിശേഷങ്ങളുമായി വരുന്ന മംഗളയും,
സൂചി കുത്താന്‍ ഇടം തരാത്ത പത്രാസ്സുകാരന്‍ മലബാറും,
തിടുക്കക്കാരന്‍ കണ്ണൂരും,
ബോംബെക്കാരന്‍ വെസ്റ്റ് കോസ്റ്റും,
അങ്ങനെ പലരും..
.
നേരം പുലര്‍ന്നു വരുന്നേ ഉണ്ടാവുള്ളൂ തലശ്ശേരി വിടുമ്പോള്‍ ..
മുറിഞ്ഞു വീഴുന്ന പൊക്കിള്‍ കോടി പോലെ പ്ലാറ്റ് ഫോം അകന്നു പോവുന്നത് വെറുതെ നോക്കി നിക്കും .
.
പോയി വരൂ ഞങ്ങള്‍ ഇവിടെത്തന്നെ കാണുമെന്നു കൈവീശിക്കാണിക്കുന്ന തെങ്ങുകള്‍.. പതിയെ ഉണര്‍ന്നു വരുന്ന നഗരത്തിനു വിട ..
.
ശാന്തമായി ഉറങ്ങുന്ന മയഴിപ്പുഴയെ ഒട്ടും ശല്ല്യപ്പെടുത്താതെ പതുക്കെ പാലം കടന്നു തീരെ തിരക്കില്ലാത്ത വടകരയിലേക്ക്,
കൊയിലാണ്ടിയില്‍ നിന്നൊരു കാപ്പി കുടിച്ചു
ഹല്‍വയും കായവറുത്തതും നിരത്തി വച്ച “ കോയിക്കോട്ടേക്ക്”,
.
കടലുണ്ടി പുഴ കടന്നു കാത്തു ഫറോക്കിലെത്തുമ്പോള്‍ രാവിലെ ജോലിക്ക് പോവുന്നവരും സ്കൂളില്‍ പോവുന്നവരും ഉണ്ടാവും പാലത്തിനരികിലൂടെ കൂടെ നടക്കാന്‍ ..
.
ചില കുട്ടികള്‍ വെറുതെ കൈവീശിക്കാണിക്കുണ്ടാവും, എല്ലാവരും യാത്രയില്‍ ആണല്ലോ,
.
പാടങ്ങളുടെ നടുവിലൂടെ ഓടി പരപ്പനങ്ങാടിയും താനൂരും കടന്നു വെറ്റില കൊട്ടകളും മീന്‍ കൊട്ടകളും നിരന്നിരിക്കുന്ന തിരൂരിലേക്ക്,
.
കുറ്റിപ്പുറം താണ്ടി വരുന്ന കാറ്റ്; മാമാങ്കത്തിന്റെ വിശേഷങ്ങള്‍ പറയാനാവും; ഒന്ന് ചുറ്റിപ്പറന്നു പോവും.
പിന്നെ ഭാരതപ്പുഴ കടന്നു പാടങ്ങളുടെ ഇടയിലേക്ക്...
“...അങ്ങനെയുണ്ടായ പട്ടാമ്പി റെയില്‍വേ സ്റ്റേഷനും താണ്ടി ഷോര്‍ണ്ണൂരില്‍ എത്തുമ്പോഴേക്കു വടയും ചമ്മന്തിയും റെഡി ആയിട്ടുണ്ടാവും;
അതിര്‍ത്തി കടന്നു ദൂരേക്ക്‌ പോവേണ്ടവരെ കാത്തു ബോക്കറോയും..
.
ഇഷ്ടിക ചൂളകളുടെ ഇടയിലൂടെ ഓടി “....കാണെണെങ്കില്‍ കാണണം ഗഡി ത്രിശ്ശിവപ്പേരൂര്... “ എന്നും പാടി തൃശൂരില്‍ എത്തുമ്പോള്‍ വടക്കുംനാഥനും കൂടി കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും
.
“..ചന്ദനചോപ്പുള്ള മീന്‍കാരി പെണ്ണുള്ള” ചാലക്കുടി ചന്തയും ഇന്നച്ചന്റെ സ്വന്തം ഇരിങ്ങാലക്കുടയും കടന്നു ആലുവയില്‍.....
.
ഒരിക്കലും തീരാത്ത തിരക്കുള്ള ഏറണാകുളത്തെത്തുമ്പോഴെക്ക് വിശപ്പ്‌ ചൂളംവിളിച്ചു തുടങ്ങിയിട്ടുണ്ടാവും .
.
സ്നേഹക്കനലില്‍ വാട്ടിയെടുത്ത വാഴയില പൊതി തുറക്കുമ്പോള്‍ പ്ലാറ്റ്ഫോര്‍മില്‍ കണ്ട കണ്ണീര്‍ ഓര്‍പ്പിച്ചു കൊണ്ട് വെള്ളം വാര്‍ന്നു പോവുന്നുണ്ടാവും….
.
വിശക്കുന്നുണ്ടെങ്കിലും തൊണ്ടയില്‍ വീണ കുരുക്കു ചോറ് താഴേക്കു ഇറക്കില്ല . പിന്നെ അത് ഉപേക്ഷിക്കപ്പെട്ട പലതിന്റെയും കൂടെ ട്രാക്കിലേക്ക് ...
.
അധികം വൈകാതെ കുഞ്ഞച്ചന്റെ കോട്ടയം, . റബ്ബര്‍ പാലൊഴുകുന്ന ചങ്ങനാശ്ശേരിയും ചെങ്ങന്നൂരും കടന്നു കായം കുളം കൊച്ചുണ്ണിയുടെ സ്വന്തം നാട്ടില്‍ ...
.
അഷ്ടമുടി കായലിലെ ഓളങ്ങള്‍ ഇനിയൊരു ചുഴലിക്കാറ്റും യാത്രകള്‍ മുടക്കിലെന്നു പറയുന്നത് പോലെ ..
എത്തിച്ചേരേണ്ടിടത്ത് ചെന്ന് ചേരാനാണ് നിശ്ചയിക്കപ്പെട്ടതെങ്കില്‍ ഒരു കാറ്റിനും കീഴങ്ങാനാവില്ലെന്നു മറുപടി പറഞ്ഞു “.ഇല്ലം വേണ്ടെന്നു” പറയാതെ കൊല്ലത്തേക്ക്‌ .
.
ശിവഗിരിയുടെ സുഭഗ സൌന്ദര്യത്തില്‍ ഒരു ചൂട് ചായയും കുടിച്ചു നീണ്ട യാത്രയുടെ ക്ഷീണം കുടഞ്ഞു കളഞ്ഞു ബാഗ് ഒക്കെ എടുത്തു വച്ചു തമ്പാനൂരിലെ തിരക്കില്‍ അലിഞ്ഞു ചേരാന്‍ തയ്യാറെടുത്ത് ...
.
***************** ***************** *********************
.
പ്രിയപ്പെട്ട വായനക്കാരാ നിങ്ങളും ഓര്‍ക്കുന്നില്ലേ...??
.
തിരക്കില്‍ ഒറ്റക്കാലില്‍ നില്‍ക്കുമ്പോള്‍ നാലുപേരുടെ സീറ്റില്‍ ഇരിക്കുന്ന എട്ടുപേരെ നോക്കി അസൂയപ്പെട്ടത്‌ ..
.
അപരിചിതനായ സഹയാത്രികന്റെ തോളില്‍ ചാരി ഉറങ്ങിയത്,
.
കാറ്റത്ത്‌ പാറുന്ന മുടിയിഴകളെ ഒതുക്കി അറിയാതെയെന്നപോലെ ഒളികണ്ണെറിഞ്ഞ സുന്ദരിയെ നോക്കി നിന്നത്,
.
അവളുടെ അടുത്തൊരു സീറ്റ്‌ കിട്ടിയിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചത് ..
.
തോണ്ടി വിളിക്കുന്ന പുകപിടിച്ച ബാല്യത്തിന്റെ മുന്നില്‍ ഉദാരമതിയായത്
.
കാലു തട്ടിപോയത്തിനു ക്ഷമ ചോദിച്ചും പുഞ്ചിരിച്ചും പരിചയം തുടങ്ങിയത് ..
.
അവളോടൊത്ത് അന്താക്ഷരി കളിച്ചത് ..
.
ഈ യാത്ര ഒരിക്കലും അവസാനിക്കല്ലേ എന്ന് പ്രാര്‍ഥിച്ചത്,
.
പുഞ്ചിരി കൊണ്ട് യാത്ര മൊഴി തീര്‍ത്തു അവള്‍ ഇറങ്ങി പോയപ്പോള്‍, ഒരു തിരിഞ്ഞു നോട്ടത്തിനായി വാതില്‍പ്പടിയില്‍ കാത്തു നിന്നത് .
.
എന്തോ മറന്നെന്ന പോലെ അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ലോകംകീഴടക്കിയവനെപ്പോലെ സന്തോഷിച്ചത്‌,
.
എല്ലാ യാത്രയിലും എന്നപോലെ പിന്നെയും തനിച്ചായത്.
.
മനസ്സിന്റെ ഏതോ പോക്കറ്റില്‍ ഇപ്പോഴും കിടക്കുന്നില്ലേ എന്നോ കഴിഞ്ഞ ആ യാത്രയുടെ ടിക്കറ്റ് ..??
.
ഒന്ന് കാതോര്‍ത്ത് നോക്കൂ ..
.
ആസ്ബസ്ടോസ് കഷണങ്ങളുടെ താളത്തില്‍ ഒഴുകി വരുന്ന ആ പാട്ട് കേള്‍ക്കുന്നില്ലേ ...???.
.
“.....പര്‍ദേശി..... പര്‍ദേശീ.... ജാനാ നഹീ ....”
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ