Dream ...! Becoz those don't have dreams don't have much...!


2014 ജനുവരി 22, ബുധനാഴ്‌ച

My School Days...................................................Lesson 2


 1982  ജൂണ്മാസത്തിലെ  നനഞ്ഞുകുതിർന്ന  ഒരു  തിങ്കളാഴ്ച   വിദ്യാർഥി സമൂഹത്തിന്റെ  ഹാജർ  പട്ടികയിലേക്കു  സ്വന്തം  പേര്  ചാര്‍ത്തിയവരിൽ ഞങ്ങളുടെ കൂടെ   ഉണ്ടായിരുന്നത്,  തുടുത്ത  വട്ടമുഖത്തു   ഒരു പുഞ്ചിരിയുടെ ആഭരണം  അണിഞ്ഞുകൊണ്ട്   വീടിനുമുന്നിലൂടെ  പശുവിനു  പുല്ലരിയാൻ പോയിരുന്ന,   ഓമനേച്ചിയുടെ  മകൻ  വിജിത്ത്,   ഇന്ന്   മഹാരാഷ്ട്രയിൽ   ബേക്കറി   ബിസിനസ്‌   ചെയ്യുന്ന   വിജീഷ്,  സജിത്ത്,  സ്കൂളിനടുത്ത്   വീടുണ്ടായിരുന്ന  ഷാനവാസ്,   അവന്റെ   കൂടെപ്പിറപ്പു  സബീറ,  കൂലിപ്പണിയെടുത്ത്  ക്ഷീണിച്ചു  വരുമ്പോഴും  വിടർന്ന  ചിരിയോടെ   അമ്മയോടെ   നാടുവിശേഷങ്ങളും  ചില്ലറ പരദൂഷങ്ങളും  പങ്കുവെച്ചിരുന്ന ലക്ഷ്മിയേടത്തിയുടെ,   മകൻ  ശൈലേഷ്,  അച്ഛന്‍ ഗള്‍ഫിലാരുന്നെങ്കിലും അതിന്റെ പവര്‍ ഒട്ടും ഇല്ലാതിരുന്ന ശ്രീജേഷ്, ഞങ്ങളുടെ   കുഞ്ഞു   സ്കൂളിന്  ഗമ  പോരെന്നു  തോന്നിയത്  കൊണ്ട് മൂന്നാം ക്ലാസ്സിൽ വച്ച്  തലശ്ശേരിയിലെ  കോണ്വെന്റ്   സ്കൂളിന്റെ  യൂനിഫോമിലേക്ക് പറിച്ചു നടപ്പെട്ട   ഇരട്ട  സുന്ദരിമാർ - രേഖയും  രൂപയും  (അതൊരു നഷ്ടമായിരുന്നു,  പുരുഷ പ്രജകൾക്ക്...! ),   അഞ്ചാം  ക്ലാസ്സിലെ  സുധ ടീച്ചറെ   മുൻപരിചയത്തിന്റെ  ബലത്തിൽ  ' സുധേച്ചി'  എന്ന്  വിളിച്ചിരുന്ന വിദ്യ  (അവളുടെ ഒരു അഹങ്കാരം..!    അവളോടുള്ള  കലിപ്പ്  തീർന്നത്  വർഷങ്ങൾക്കു ശേഷം സ്കൂട്ടി  ഓടിച്ചു   പഠിക്കുന്നതിനിടയിൽ   പൊത്തോ’ന്നു   വീഴുന്നതിനു  ദൃക്സാക്ഷി  ആയപ്പോഴാണ്..! .  അവൾക്കു   അങ്ങനെ  തന്നെ  വേണം...!   ),  കേരളത്തിന്‌   പുറത്തെവിടെയോ  ബാപ്പയ്ക്ക് പച്ചക്കറി ബിസിനസ്ഉണ്ടായിരുന്നത് കൊണ്ട്  "പച്ചക്കറി" എന്ന ഇരട്ടപ്പേരുണ്ടായിരുന്ന  ഷാനവാസ്കാസ്സിൽ ഏറ്റവും ചെറുതായിരുന്നെങ്കിലും  പഠിപ്പിൽ മിടുക്കിയായിരുന്ന ജിഷ, തുടങ്ങിയവർ.  ഇനിയും  കുറച്ചുപേർ  "ഇപ്പോഴാണോ നീ ഞങ്ങളെ ഓർക്കുന്നത്"  എന്ന് പരിഭവം പറഞ്ഞു  മറവിയുടെ  മാറാലക്കിടിയിൽ  തന്നെ മറഞ്ഞു  നിൽക്കുന്നുണ്ട്

വിജിത്തിന്റെ  ചേട്ടൻ; ഇത്തിരി വിക്കുണ്ടെങ്കിലും ഒത്തിരി  തമാശകൾ പറഞ്ഞിരുന്ന  വിനോദും പച്ചക്കറി ഷാനവാസിന്റെ  ചേച്ചി; ഞങ്ങൾ ആണുങ്ങളേക്കാൾ   ഉയരത്തിൽ കല്ലെറിഞ്ഞിരുന്ന സബീറയും  അനിയൻമാരോടുള്ള  സ്നേഹം  കൊണ്ടാവണം പിന്നീടെപ്പോഴോ  ഞങ്ങളുടെ കൂടെയായി

എന്തായിരുന്നു  അക്കാലത്തെ സ്കൂൾ കുട്ടികൾക്ക് സംഭവിക്കുമായിരുന്ന ദുരന്തം എന്ന് അറിയാമോ?

പഠിക്കുന്ന സ്കൂളിലെ ടീച്ചർ വീടിനു മുന്നിലൂടെ പോകുക..!!!

ദൌർഭാഗ്യം ഏറ്റവും കൂടുതൽ  അനുഭവിച്ചിരുന്നവരായിരുന്നു ഞാനും റിയാസും ഞങ്ങളുടെ സഹോദരങ്ങളും..!   ഇതിലെ കഷ്ടപ്പാട് നിങ്ങൾ കരുതുന്നതിനെക്കാൾ  ഭീകരമാണ്…!  വീട്ടീന്ന്  കുരുത്തക്കേട്കാണിച്ചാൽ അത്  സ്കൂളിലെത്തുംസ്കൂളിലെന്തു  കാണിച്ചാലും അത് വീട്ടിലുമെത്തുംഞങ്ങൾ  നേരത്തെ കിടന്നാലുംഭക്ഷണം സമയത്തിന് കഴിച്ചാലും ഇല്ലെങ്കിലും, എന്തിനേറെ, ചോറിന്റെ  കൂടെ  ഒരു പൊരിച്ച മീൻ കൂടുതൽ  ചോദിച്ചാൽ  പോലും അത് സ്കൂളിൽ ഒരു വാർത്തയാവും..!
നോക്കണേ ഞങ്ങളുടെ ഒരു കഷ്ടപ്പാട്...!

പിള്ളേര് പിടിത്തക്കാരും മത്സരിച്ചോടിയിരുന്ന ബസ്സുകൾ ഒന്നും ഇല്ലാതിരിന്നിട്ടും ആകുലതകൾ  അകറ്റാൻ അമ്മ ' ടീച്ചറുടെ കൂടെ പോയാൽ മതി' എന്ന്  നിർബന്ധം  പിടിക്കുമ്പോൾ  ഞങ്ങൾക്ക് നഷ്ടങ്ങൾ വേറെയുമുണ്ടായിരുന്നു.

' വക്കീല്  ഗൊപാലേട്ടെന്റെ പീട്യ' യിലെ എത്ര നുണഞ്ഞാലും തീരാത്ത കൊപ്പ്ര മുട്ടായിയുടെ മധുരം,   വിരിഞ്ഞു നിൽക്കുന്ന  ആമ്പലിനെ തണ്ടോടെ പറിച്ചെടുത്തുണ്ടാക്കിയിരുന്ന  മാലയുടെ സുഗന്ധം, റോഡിന്റെ അരികിൽ കെട്ടിനിൽക്കുന്ന  വെള്ളത്തിൽ ഒരുകാൽ വച്ച് മറ്റേക്കാലുകൊണ്ട് അടിച്ചു  ഉണ്ടാക്കിയിരുന്ന ശബ്ദം,   പാടത്തു നിറഞ്ഞ വെള്ളത്തിൽ ഒരിത്തിരി  ചരിച്ചെറിഞ്ഞാൽ പലവട്ടം തുള്ളിപ്പോകുന്ന കല്ല്‌.  ( ഏറ്റവും കൂടുതൽ  തവണ കല്ലിനെ  ‘ജമ്പ്’ ചെയ്യിക്കാൻ കഴിവുള്ളവനായിരുന്നു ഏറ്റവും കേമൻ..! ). കുഞ്ഞു ഭാവനക്കൊത്ത പല രൂപങ്ങളും ഉണ്ടാക്കാന്‍ സഹായിച്ചിരുന്ന, റോഡില്‍  നിന്നും  മാന്തിയെടുക്കുന്ന ടാര്‍, (ഇങ്ങനെ ടാര്‍ ഉരുട്ടിയെടുത്ത്‌  കീശയില്‍ വച്ച്  അത് തുണിയോടു ചേര്‍ന്ന് പോയതിനു കിട്ടിയ കയ്യും  കണക്കുമില്ലാത്ത അടിയുടെ ഓര്‍മ്മകള്‍, കുപ്പായക്കീശയിലെ  കറപോലെ, ഇപ്പോഴും  വിട്ടുപോവാന്‍ മടിച്ചു പിടിവിടാതെയിരിക്കുന്നു..!) ചേമ്പിലയിൽ  തുളുമ്പി  വീഴാതെ സൂക്ഷിക്കുന്ന വെള്ളത്തിലേക്ക്ഞങ്ങളുടെ കൈക്കുമ്പിളിലൂടെ കയറി വരുന്ന മീൻ കുഞ്ഞുങ്ങൾതൊട്ടു വക്കിലെ  കല്ലിൽ പറ്റിപ്പിടിച്ചു വളരുന്ന  മരതകത്തെക്കാൾ ഭംഗിയുള്ള  പായലുകൾ, പറിച്ചെടുത്ത്,  ഇതളിന്റെ അറ്റം കടിച്ചു തുപ്പി, ഊതി തെല്ലു  വീർപ്പിച്ചു, നെറ്റിയിൽ കുത്തി പൊട്ടിക്കപ്പെടാന്‍ മാത്രം വിരിഞ്ഞിരുന്ന  ചെമ്പരത്തി പൂക്കൾ, വരമ്പിന്റെ ഓരത്ത് പുല്‍നാമ്പുകളില്‍ ഇപ്പൊ വീഴുമെന്നു  തോന്നിപ്പിക്കുന്നതരത്തില്‍  പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളി എടുത്തു കണ്ണില്‍ വെക്കുമ്പോഴുള്ള കുളിര് അങ്ങനെ പലതും പലതും....

ദിവസം  മുഴുവൻ ഓഫീസിൽ ഇരുന്നു എന്തൊക്കെയോ കുത്തിക്കുറിച്ചിരിക്കാറുള്ള  "എട്ടീച്ചർ"  (Head teacher)  ശാരദ ആയിരുന്നു ഒന്നാം ക്ലാസ്സിലെ  ക്ലാസ് ടീച്ചർ. എണ്ണൽ  സംഖ്യകൾ പഠിപ്പിക്കാൻ ഒരേ നീളത്തിൽ  മുറിച്ചെടുത്തു മിനുസപ്പെടുത്തിയ ഈർക്കിലുകലും, ഒറ്റയും ഇരട്ടയും പഠിപ്പിക്കാൻ  കാഞ്ഞിരക്കുരുക്കളുമായിട്ട് ക്ലാസ്സിലേക്ക് വന്നിരുന്ന ടീച്ചറെ ഞങ്ങൾ എഴുന്നേറ്റു നിന്ന് ‘നമസ്തേ’ പറഞ്ഞു വരവേറ്റു.   പഠിച്ചത് ഉറപ്പിക്കാൻ ഞങ്ങളുടെ സ്വന്തം പാഡ് ആയ സ്ലേറ്റിൽ മറ്റുള്ളവർ  കാണാതെ കേട്ടെഴുത്തെഴുതി. വിദ്യാർഥി ഐക്യം മനസ്സിലും പ്രവർത്തിയിലും കൊണ്ട് നടന്നിരുന്ന ധീരർ, ടീച്ചർ കാണാതെ മറ്റുള്ളവരെ സഹായിച്ചു.

എഴുതിയത്
 മായ്ച്ചു കളയാൻ, കല്ല്പെൻസിൽ കഷണങ്ങൾക്കു പകരം ലഭിച്ചിരുന്ന  മഴിതണ്ടുകൾ വേണ്ടാതിരുന്ന,  ഒരു വര നീക്കുമ്പോൾ എഴുതിയതെല്ലാം  മാഞ്ഞു പോയിരുന്ന ഒരു സ്ലെറ്റുണ്ടായിരുന്നു പച്ചക്കറി ഷാനവാസിന്റെ  കയ്യിൽ. അസൂയക്കാരാരോ അതിൽ അതിൽ വെള്ളം ഒഴിച്ചതിന്റെ  സങ്കടത്തിൽ  അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ഇപ്പോൾ ഒഴുകുന്നത്  ഓർമകളുടെ  തുടുത്ത കവിളിലൂടെ...

കൃത്യം പത്തുമണിക്ക് മൂന്നു തവണ മുഴങ്ങുന്ന മണിക്ക് ഞങ്ങളോക്കെ എഴുനേറ്റു നിന്ന്  ഈശ്വരനോട് പ്രാര്‍ത്ഥിക്കും. പിന്നെ സ്കൂള്‍ ലീഡര്‍ ചൊല്ലി തരുന്ന പ്രതിജ്ഞ –ഭാരതം എന്റെ രാജ്യമാണ്.....- ഏറ്റു ചൊല്ലി പഠനം തുടങ്ങും.  ശാരദ ടീച്ചര്‍ ബോര്‍ഡില്‍ അക്ഷരങ്ങള്‍ കുറിക്കുമ്പോള്‍ ഞങ്ങള്‍ പലരും, പുറത്തു  വരാന്തയില്‍ വെള്ളം തോരാന്‍  വച്ചിരുന്ന പുത്തന്‍ കുടകളെ പറ്റി വെറുതെ  വേവലാതിപ്പെട്ടു. ഫോറിന്‍  ഞെക്ക് കുടകളും നാടന്‍ ഒറ്റക്കാലന്‍  കരുത്തന്‍ കുടകളും; വരാന്തയിലേക്ക്‌  എത്തിനോക്കിയിരുന്ന മഴ ചാറ്റലിനോട് ഈ വിഷമമൊന്നുമില്ലാതെ  കൊച്ചു വര്‍ത്തമാനം പറഞ്ഞിരുന്നു.  

കുറച്ചു കഴിയുമ്പോളോരു ബെല്ലുണ്ട്- മൂത്രമോഴികാനുള്ള ബെല്ല്- മൂത്രപ്പുരയില്ലാതിരുനത്  കൊണ്ട് ഉമ്മയുടെപറമ്പത്തെ തെങ്ങുകള്‍ക്ക്  ഞങ്ങളുടെ ‘യൂറിയ’ വേണ്ടുവോളം ലഭിച്ചിരുന്നു. (സ്കൂളിനോട് തൊട്ടുള്ള സ്ഥലം അയല്‍ക്കാരിയായ ഉമ്മയുടെതായിരുന്നു. സ്കൂള്‍ വിടുന്ന സമയത്തൊക്കെയും  അവര്‍ അടുക്കളപ്പടിയില്‍ ഉണ്ടാവും, ഞങ്ങള്‍ കുഞ്ഞുങ്ങള്‍ അവരുടെ പറമ്പില്‍ കയറിക്കളിക്കുന്നുണ്ടോ എന്ന് നോക്കുവാന്‍...! ). തെങ്ങുകള്‍ക്ക്  കായഫലം ഉണ്ടാവുമെന്നറിയുന്നത് കൊണ്ട് ഈ യൂറിയ പ്രയോഗത്തില്‍  അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. പലതിലും എന്നെപോലെ മത്സരം ഉണ്ടായിടുന്ന യൂറിയാ പ്രയോഗത്തില്‍   ഒളിമ്പിക്സില്‍ നിന്ന് കടമെടുത്ത മുദ്രാവാക്ക്യമായിരുന്നു ഞങ്ങളുടെ വഴികാട്ടി - “ കൂടുതല്‍ ദൂരം, കൂടുതല്‍ നേരം
…!

ഉമ്മയുടെ കിണറ്റിലെ  വെള്ളത്തിലായിരുന്നു  ഞങ്ങള്‍ക്കുള്ള റവ വെന്തു പോങ്ങിരുന്നത്. വെള്ളം  കോരി ഉപ്പുമാവ്പുരയില്‍ എത്തിക്കുക എന്നത് അഞ്ചാം ക്ലാസ്സിലെ  സീനിയര്‍ പെണ്‍മണികളുടെ  കടമയും. ജാനു ഏടത്തിയുടെ  കൈപ്പുന്ന്യത്തില്‍  ഉപ്പുമാവ് വെന്തു വരുമ്പോള്‍ വിശപ്പിന്റെ നീണ്ട ബെല്ലടിക്കും. പിന്നെയൊരു ചിതറലാണ്. കൊറെപ്പേര്‍ ജാനു ഏടത്തിയുടെ  ചുറ്റും കൂടും. വീട്ടില്‍ പോയി ചോറ്കഴികുന്നവര്‍ക്ക്  പരിഗണന കുറവായിരുന്നെങ്കിലും ജാനുഏടത്തിയുടെ കരുണയില്‍ ആവിപറക്കുന്ന ഉപ്പു മാവ് ചട്ടുകത്തില്‍ നിന്ന് മടിയോടെ, ഞങ്ങളുടെ  ഷര്‍ട്ടിന്‍ മടക്കിലേക്കും കുടത്തുണിയിലേക്കും ഡിസ്പോസ്സിബിള്‍  പ്ലേറ്റായ  ഉപ്പിലയിലേക്കും  ചേമ്പിലയിലേക്കും മറിഞ്ഞു വീണു.
സ്കൂളിലെ ഉപ്പുമാവ് കഴിക്കുന്നതിനു വിലക്കുണ്ടായിരുന്നു; വീട്ടില്‍ നിന്ന്. പുഴുവുണ്ടാവുമത്രേ.  വീടെത്തുന്നതിനു മുമ്പേ വാരിവിഴുങ്ങിയിരുന്ന ആവിപറക്കുന്ന ഉപ്പുമാവ്, പക്ഷെ ഒരിക്കലും ഞങ്ങളുടെ വയറിനെ ചതിച്ചിരുന്നില്ല. അല്ലേലും  ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ഇഷ്ടപ്പെടുന്നതിനോക്കെയും വിലക്കായിരുന്നു എല്ലാ കാലത്തും. (എന്റെ മകള്‍ക്കും ഇതേ പരാതി ഉണ്ടെന്നു തോന്നുന്നു...! )    

വീട്ടിലെത്തി  ചോറ് തിന്നു തീരുമ്പോഴേക്ക് റേഡിയോ പാടിത്തുടങ്ങും; ഒന്നരയ്ക്കുള്ള  ചലച്ചിത്രഗാനങ്ങള്‍.  വഴിവക്കിലെ എല്ലാ വീടുകളില്‍ നിന്നും ഉയര്‍ന്നിരുന്ന  യേശുദാസിന്റെയും ചിത്രയുടെയും ശ്രുതി മധുരങ്ങളുടെ  അകമ്പടിയോടെ സ്കൂളിലെത്തുമ്പോള്‍ ടീച്ചര്‍മാര്‍ ഉച്ചമയക്കത്തിലാവും,  ബെഞ്ചുകള്‍ കൂട്ടിയിട്ട കട്ടിലില്‍. അവരുടെ ഉറക്കത്തിനു  യാതൊരു ശല്യവുമുണ്ടാക്കാതെ ഓടിത്തൊട്ടു  കളിക്കുന്നവരിലും,  ക്ലാസ്–ടു-ക്ലാസ്സ് ലിമിറ്റഡ് സ്റ്റോപ്പ്‌ ബാസ്സോടിക്കുന്നവരിലും  ഞങ്ങളും  അലിഞ്ഞു ചേരും.

ബെഞ്ചു മാത്രം ഉണ്ടായിരുന്നത് കൊണ്ട് (അഞ്ചാം ക്ലാസില്‍ മാത്രായിരുന്നു ഡസ്ക്) പുസ്തകസഞ്ചികള്‍ക്ക്  ചുവരും ചാരി തറയില്‍ നില്‍ക്കാനായിരുന്നു വിധി. തര്‍ക്കമൊന്നും പതിവില്ലാത്തതിനാല്‍ ക്ലാസ്സിന്റെ  അതിര്‍ത്തിയില്‍ മൂന്നു കാലില്‍ തലയുയര്‍ത്തി നിന്നിരുന്ന ബോര്‍ഡിനു കീഴിലായിരുന്നു എന്റെ ബാഗിന്റെ സ്ഥാനം. പതിവുപോലെ പുസ്തകമെടുക്കാന്‍  ചെന്നപ്പോള്‍  രണ്ടാം ക്ലാസ്സിലെ  ഉരുണ്ടു തുടുത്ത സുന്ദരി ഹസീനയും  അവിടേക്ക് വന്നു. ബാഗില്‍ നിന്ന് പുസ്തകമെടുത്തുതിരിഞ്ഞു അവളെ വിളിക്കാനായി നീട്ടിയ വിരല്‍ കൃത്യം ചെന്നത്, അവളുടെ നിറത്തോട് മത്സരിച്ചു തോറ്റതിന്റെ ക്ഷീണത്തില്‍ വട്ടം കൂടി, ആ കുഞ്ഞു കാതില്‍ തൂങ്ങി നിന്ന ‘റിംഗ്’ കമ്മലില്‍.

അവള്‍ മുന്നോട്ടാഞ്ഞതും നിലവിളിച്ചതും ഒരുമിച്ച്...!

ആ നിലവിളിയില്‍ സ്കൂള്‍ ഒന്ന് സ്തംഭിച്ചു..!

ടീച്ചര്‍മാര്‍ ഓടിക്കൂടി.

ഹസീനയുടെ ചെവിയില്‍ നിന്ന് ചോര പൊടിയുന്നു...!

മനസാ വാചാ കര്‍മ്മണാ ഉദ്ദേശിക്കാത്ത കാര്യത്തില്‍ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം ലഭിക്കും മുമ്പേ സിണ്ടിക്കെറ്റു മാധ്യമങ്ങളുടെ കുഞ്ഞു സന്തതികള്‍ ബ്രേക്കിംഗ് ന്യൂസ്‌ ഫ്ലാഷ് ചെയ്യാന്‍ തുടങ്ങി

“ജിതേഷ്, ഹസീനയുടെ ചെവി മുറിച്ചു...!!! “

സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ സ്ത്രീ പീഡനം...!
തൂക്കി കൊന്നതിനു ശേഷം മാത്രം വിചാരണ എന്ന നിര്‍ബന്ധം ഉണ്ടായിരുന്ന ശാരദ ടീച്ചറിന്റെ വടി എന്റെ കയ്യില്‍ ചുവന്ന വരകള്‍ തീര്‍ത്തു.
എന്നോട് സ്നേഹമുണ്ടായിരുന്നവര്‍ എന്നെ സമാധാനിപ്പിച്ചു

“ ഹസീനയുടെ ചെവീന്ന് ചോര വരുന്നുണ്ട്, ചോര വന്നാല്‍ പോലിസിനെ വിളിക്കണം ”

“ പോലീസ് വന്നാല്‍ ഇവനെ അടിക്കൂലെ “ ഒരു സഹപാഠിയുടെ ന്യായമായ സംശയം

“ ഓടാണ്ടിരുന്നാ മതി . ഓടിയാലേ അടിക്കൂ”

“ നീ പോടാ, ഓടിയാല്‍ വെടിവെക്ക്വാ ചെയ്യാ ” വേറൊരു സര്‍വ വിജ്ഞാന കോശം

മനസറിയാതെ വന്നു പോയ കൈപ്പിഴയില്‍ മനംനൊന്ത് തലയും കുമ്പിട്ടിരുന്ന എന്നെ, പോലീസ് നാളെയെ വരുമെന്നും, വന്നാല്‍ ജീപ്പി കേറ്റി കൊണ്ട് പോവെ ഉള്ളുവെന്നും പറഞ്ഞും ചിലര്‍ സ്വാന്തനിപ്പിച്ചു.

പ്രതീക്ഷിച്ചത് പോലെ തന്നെ ഓമന ടീച്ചര്‍ ഈ വിവരം വീടിലുമെത്തിച്ചു.  എന്റെ ദയനീയ ഭാവം കണ്ടാവും കൂടുതല്‍ ഭേദ്യങ്ങളോന്നും അവിടെ നിന്നുണ്ടായില്ല.

നാളെ ഏതെങ്കിലും ഒരു സ്റ്റേഷനിലെ ഇരുണ്ട ലോക്കപ്പില്‍  പോലീസിന്റെ ബൂട്ട്സിനിടയില്‍ പെട്ട് ഒരാര്‍ത്തനാദമായീ ഒടുങ്ങാനുള്ളതിനാല്‍ അച്ചമ്മയെ ആവുന്നത്ര മുറുകെ കെട്ടിപിടിച്ചു, ഉറങ്ങാതെ ഉറങ്ങി, അന്ന് രാത്രി വെളുപ്പിച്ചു …
..




-അടുത്ത തവണ : “മര്‍ദ്ദക വീരന്‍ തുലയട്ടെ, വിദ്യാര്‍ഥി ഐക്യം (പ്രാര്‍ത്ഥന ) സിന്ദാബാദ് ...!-