Dream ...! Becoz those don't have dreams don't have much...!


2017 ജനുവരി 22, ഞായറാഴ്‌ച

കൊല്ലാന്‍ പറയുന്ന ദൈവം ..???


"..അല്ല മൂപ്പരെ, ഈ കൊല്ലാന്‍ പറയുന്ന ദൈവം ദൈവമാണോ??.."
.
"....ഏതു ദൈവാ ഡോ കൊല്ലാന്‍ പറഞ്ഞത് ??.."
.
"....ഞമ്മളെ കൃഷ്ണന്‍ , ഈ കൃഷ്ണനല്ലേ മൂപ്പരേ ഞമ്മളെ അര്‍ജ്ജുനനെക്കൊണ്ട് എല്ലാരേം കൊല്ലിച്ചത്, ഭാരതയുദ്ദത്തില് ??.."
.
"...അത് ശരി, അതാണ്‌ കാര്യം.."
.
"...അതെന്നെ, ദൈവംന്നു ഒക്കെ പറഞ്ഞാല്‍ കൊറച്ചുടെ ഡീസന്റ് ആവണ്ടേ ??
ഇങ്ങനെ കണ്ണി ചോരയില്ലാതെ കൊല്ലാമ്പറയാന്‍ പാടുണ്ടോ ?? ."
.
"....അത് ന്യായം .."
.
"....ആ അര്‍ജുനന്‍ പറഞ്ഞതല്ലേ എല്ലാരും ന്റെ ബന്ധുക്കളാ. എനക്ക് ആരെയും കൊല്ലാന്‍ പറ്റൂല്ലാന്ന്. എന്നിട്ടും ഓനെ വിടാണ്ട് പറഞ്ഞു പറഞ്ഞു എല്ലാരെയും കൊല്ലിച്ച്. ശരിയാണോ ആ ചെയ്തത് ??.."
.
"....അത് ശരിയാണല്ലോ , ആട്ടെ ആരെയൊക്കെയാ കൊല്ലാന്‍ പറഞ്ഞത് ??.."
.
"....ആരെയാ കൊല്ലാഞ്ഞത്??
സ്വന്തം അപ്പൂപ്പന്‍ മുതല്‍ ഏട്ടന്മാരെ വരെ കൊന്നില്ലേ ???
ന്നാലും ആ ഭീഷ്മരെ എങ്കിലും കൊല്ലാതെ വിടാരുന്നില്ലേ ?? ഒന്നുല്ലേലും ആ അര്‍ജുനന്റെ അച്ഛന്റെ അച്ഛന്റെ അച്ചന്റെ സ്ഥാനത്ത് ഉള്ളതല്ലേ??.."
.
".....ഭീഷ്മര്‍ അപ്പൂപ്പന്‍ മാത്രല്ല , വേറൊന്നു കൂടിയാ.."
.
."..അതെന്താ മൂപ്പരെ, അത് ?? ."
"....പറഞ്ഞെരാട്ടോ, നമ്മള് ടീവീല്‍ കണ്ട മഹാഭാരതത്തിനപ്പുറം ചിലത് കൂടിയുണ്ട്. ലേശം ക്ഷമയോടെ കേള്‍ക്കണംട്ടോ...എന്നാലേ മനസ്സിലാക്കാന്‍ പറ്റൂ .."
.
"....ഈ ഭീഷ്മര്‍ ഭയമാണ്, നമ്മുടെ മനസ്സില്‍ ഭയം ജനിപ്പിക്കുന്നത്.
ഭീഷമര്‍ അങ്ങനെയാണ് കാര്യങ്ങള്‍ ഒക്കെ നേടിയത്, ഭയപ്പെടുത്തീട്ട് , സ്വന്തം അര്‍ദ്ദസഹോദരന് കല്യാണം കഴിക്കാന്‍ പെണ്ണിനെ കൊണ്ട് വരുന്നത് പോലും ഭയപ്പെടുത്തീട്ടല്ലേ.."
.
".....ഭീഷമര്‍ ഭയമാണെങ്കില്‍ അര്‍ജുനന്‍ ആരാ ? .."
.
"....അര്‍ജുനന്‍ നമ്മുടെ മനസ്സാണ്. ഋജുവായ മനസ്സ്. ആ മനസ്സിനോടാണ് ഭയത്തെ കൊന്നുകളയാന്‍ - ജയിക്കാന്‍- ഭഗവാന്‍ പറഞ്ഞു കൊടുക്കുന്നത്.
ഇവിടെ ഭഗവാന്‍ ആരെന്നറിയുമോ ?? സുദര്‍ശനം കയ്യിലേന്തിയ ബുദ്ദിയാണ് ഭഗവാന്‍ .."
.
"....സുദര്‍ശനം എന്ന് പറഞ്ഞാല്‍ ആ കറങ്ങുമ്പോ തീ വരുന്ന സാധനല്ലേ ?? .."
.
"...അല്ലല്ലോ .. സുദര്‍ശനം എന്ന് പറഞ്ഞാല്‍ ശരിയായ ദര്‍ശനം.
ശരിയായ ദര്‍ശനം ഉള്ള ബുദ്ദിയാണ് ഭഗവാന്‍, ആ ബുദ്ദിയാണ് മനസ്സിന്റെ തേരാളി, .."
.
"....തേരാളി എന്ന് പറഞ്ഞാല്‍ രഥത്തിന്റെ ഡ്രൈവര്‍.."
.
".....അതെ, ഇവിടെ രഥം നമ്മുടെ ശരീരമാണ്. അഞ്ചു കുതിരകള്‍ പഞ്ചേന്ദ്രിയങ്ങളും , കടിഞ്ഞാന്‍ ബുദ്ദിയുടെ കയ്യിലല്ലെങ്കില്‍ പഞ്ചേന്ദ്രിയങ്ങളും നമ്മളെ തോന്നുന്നിടത്തെക്ക് കൊണ്ട് പോകില്ലേ..?.."
.
".....അതൊക്കെ ശരി. എന്നാലും ഭീഷ്മരോട് ചെയ്തത് ഇത്തിരി കടുപ്പായിപ്പോയില്ലേ??
ജയിക്കുന്നെങ്കില്‍ നേരിട്ട് ജയിക്കെണ്ടേ.. ഇതോരുമാതിരി ആ ആണും പെണ്ണും കെട്ട ശിഖണ്ടിയെ മുന്നില് നിര്‍ത്തി............
ഛെ മോശായിപ്പോയി ..."
.
"....ആരാ പറഞ്ഞെ ശിഖണ്ടിയെന്നാല്‍ ആണും പെണ്ണും കെട്ടതാന്ന്?
ശിഖ എന്ന് പറഞ്ഞാല്‍ കുടുമ , ഖണ്ടിക്കുക എന്ന് പറഞ്ഞാല്‍ മുറിക്കുക –
എന്ന് വച്ചാല്‍ കുടുമ മുറിക്കുക –
എപ്പോഴാ ഈ കുടുമ മുറിക്കുക?.."
.
"....എപ്പോഴാ ?? മുറിക്കണംന്ന് തോന്നുമ്പോ അങ്ങു മുറിക്കല്ലാതെ.. "
.
"....സന്യസിക്കാന്‍ പോവുമ്പോഴാ കുടുമ മുറിക്കുക
എല്ലാം ഉപേക്ഷിച്ചു സന്യസിക്കാന്‍ പോകുന്ന ആള്‍ക്ക് ഭയം ഉണ്ടാകുമോ ??...."
.
"...ഇല്ല .."
.
"....അതാണ്‌ ഇവിടെയും ചെയ്യുന്നത് ഭയത്തെ ജയിക്കാന്‍ മനസ്സ് സന്യാസ ഭാവത്തെ മുന്നില്‍ നിര്‍ത്തുന്നു..
മനസ്സിലായോ ഉത്തമാ..."
.
".....അപ്പൊ അതാണോ കാര്യം, ന്നാ പിന്നെ ദ്രോണരേ കൊന്നതെന്തിനാ ?
അങ്ങേരല്ലേ ഇവരെയൊക്കെ അമ്പും വില്ലും ഒക്കെപ്പിടിക്കാനും കാക്കയെ വെടിവെക്കാനും ബോംബെറിയാനും ഒക്കെ പഠിപ്പിച്ചത്??..."
.
"...ആരാ ഈ ദ്രോണന്‍ എന്നറിയോ ? നമ്മുടെ അറിവും പഠിച്ച വിദ്യകളും. പക്ഷെ തെറ്റായി ഉപയോഗിക്കപ്പെടുന്നത്....."
.
"....ദ്രോണര്‍ ഇവരുടെ ഒക്കെ ഗുരുവായിരുന്നില്ലേ ?.."
.
"....അതെ. പക്ഷെ, ചുമ്മാ അവരെ പഠിപ്പിച്ചതല്ല, അങ്ങേരുടെ സ്വാര്‍ത്ഥതക്ക് വേണ്ടിയാ അത് ചെയ്തത് . സ്വന്തം ക്ലാസ്സ്‌ മേറ്റ്‌ ആയ ദൃപദനോടുള്ള വാശിയും വൈര്യാഗ്യവും തീര്‍ക്കാന്‍ വേണ്ടിയാ ദ്രോണര്‍ കൌരവരേയും പാണ്ടവരെയും അസ്ത്ര-ശസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്‌. പിന്നെ അങ്ങേരു ആളത്ര വെടിപ്പാരുന്നില്ലല്ലോ,
ഏകലവ്യന്റെ വിരല്‍ മുറിച്ചു വാങ്ങിയതും , കര്‍ണ്ണന് അട്മിന്ഷന്‍ നിഷേധിച്ചതും ഒക്കെ ഓര്‍മയില്ലേ ??.."
.
തെറ്റായ രീതിയില്‍ പ്രയോഗിക്കപ്പെടുന്ന അറിവുകളും ഇല്ലായ്മ ചെയ്യപ്പെടണം, എന്നാലേ മോക്ഷം ലഭിക്കൂ..."
.
".....ന്നാലും ആയുധം താഴെ വച്ചൊരാളെ കൊല്ലാന്‍ പാടുണ്ടോ ??.."
.
".....യുദ്ദനീതിക്കെതിരാണത്, ദ്രോണര്‍ നീതി കൊടുക്കാഞ്ഞ ഒരാള്‍ ഉണ്ടായിരുന്നു, ഓര്‍മയില്ലേ അഭിമന്യുവിനെ ??
നമ്മുടെയൊക്കെ അഭിമാന ബോധമാണ് അഭിമന്യു. മുഴുവനായും അറിയില്ലെങ്കില്‍ പോലും പ്രശനങ്ങളിലേക്ക് എടുത്തു ചാടും. ആരുടേയും മുന്നില്‍ മിഥ്യാഭിമാനം അടിയറവെക്കാന്‍ കഴിയാത്തവര്‍ക്ക് പ്രശ്നങ്ങളുടെ ചക്രവ്യൂഹത്തില്‍ തന്നെ ഒടുങ്ങേണ്ടി വരും.
.
ഒരു യോദ്ദാവിനെ ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നാക്രമിക്കരുതെന്ന നിയമം ലംഘിക്കാന്‍ ആജ്ഞ നല്‍കുകയായിരുന്നു ദ്രോണര്‍. . സര്‍വ്വ സൈന്യാധിപന്‍ എന്ന നിലയില്‍ അധര്‍മ്മം കാട്ടിയ ദ്രോണര്‍ക്കും ധര്‍മം നിഷേധിക്കപെടുന്നു.
.
."....അപ്പൊ പിന്നെ കര്‍ണ്ണനെ കൊന്നതോ, ആളൊരു ഡീസന്റ് ജെന്റില്‍മാന്‍ ആയിരുന്നില്ലേ ..??"
.
ഒരുപാട് കഴിവുകള്‍ ഉണ്ടായിട്ടും അംഗീകരിക്കപ്പെടുന്നില്ല എന്ന നമ്മുടെയോക്കെ തോന്നലാണ് കര്‍ണ്ണന്‍, ആരെങ്കിലും അത് അംഗീകരിക്കാന്‍ തയ്യാറായാല്‍ അവര്‍ക്ക്വേണ്ടി എന്ത് അനീതിക്കും നമ്മള് കൂട്ട് നില്‍ക്കേം ചെയ്യും. അതാണ്‌ കര്‍ണ്ണനും സംഭവിച്ചത്. കര്‍ണ്ണന്റെ കഥ ഒരിക്കല്‍ വിശദായി പറഞ്ഞിരുന്നല്ലോ
ഉത്തമാ, മറന്നു പോയോ അത് ???
.
".....കര്‍ണ്ണനെ ഒരു തരത്തില്‍ പറഞ്ഞാല്‍ ചതിച്ഛതലേ ??"
.
"....ചതിച്ചില്ലലോ, യുദ്ദ നീതി നിഷേധിച്ചു.. കാരണം ഉണ്ട്, പാഞ്ചാലിയോടു അനീതി – വസ്ത്രാക്ഷേപം – കാണിച്ചപ്പോള്‍ അത് തടയാന്‍ കഴിവുള്ള ആളായിട്ടും മൌനം പാലിച്ഛതു കൊണ്ട് – അനീതി തടയാത്തവര്‍ക്ക് നീതി വേണം എന്ന് പറയാന്‍ എന്തവകാശം ??.."
.
".....ആ ശല്ല്യരെ കൊന്നതെന്തിനാരുന്നു?? ഒന്നൂല്ലേല്‍ അമ്മാവന്റെ സ്ഥാനത്തുള്ള ആളല്ലേ ??.."
.
"....ദുര്യോധനന്റെ കെണിയില്‍ പെട്ട് കൌരവരുടെ പക്ഷത്തു ആയിപ്പോയ ആളാണെങ്കിലും ശല്ല്യര്‍ ഒരു ശല്ല്യം തന്നെയായിരുന്നല്ലോ കര്‍ണ്ണന്. തെരാളിയെന്ന നിലയില്‍ മുന്നോട്ട് നയിക്കേണ്ടാ ആള് തന്നെ ശത്രുവിനെ പുകഴ്ത്തിയും തന്നെ ഇകഴ്ത്തിയും പറഞ്ഞാല്‍ പിന്നെ അതൊരു ശല്ല്യമല്ലേ ??
നിരുല്‍സാഹപ്പെടുത്തുന്ന ശല്ല്യങ്ങളെ ഇല്ലായ്മ ചെയ്യുക തന്നെ വേണ്ടേ ??.."
.
"...ദുര്യോധനെയും ദുശാസനനയെയും ഒക്കെ ക്വോട്ടേഷന്‍ന്‍ കൊടുത്തെങ്കിലും കൊല്ലേണ്ട ടീംസ് തന്നെയാണല്ലോ. ഇവരല്ലേ ദ്രൌപതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്..?..."
.
"...ധനം ദുര്‍വ്യയം ചെയ്യുന്ന സ്വഭാവമാണ് ദുരോധനനെങ്കില്‍ തെറ്റായ ശാസനകള്‍ ആണ് ദുശ്ശാസനന്‍, എല്ലാം ഇല്ലായ്മ ചെയ്യപ്പെടെണ്ടത് തന്നെ.
ഒരു തരത്തില്‍ പറഞ്ഞാല്‍ ദ്രൌപതി ആ അപമാനം അര്‍ഹിച്ചിരുന്നു.
.
ഇന്ദ്രപ്രസ്ഥത്തിലെ മായ കാഴ്ചകളില്‍ പെട്ട് കുളത്തില്‍ വീണ സ്വന്തം ഭര്‍തൃ ജ്യേഷ്ടനെ ‘...അന്ധനായ പിതാവിന്റെ അന്ധനായ പുത്രന്‍..’ എന്ന് വിളിച്ചു ആക്ഷേപിച്ചത് ദ്രൌപതിയല്ലേ..??
.
അതേപോലെ നിറഞ്ഞ സഭയില്‍ വച്ചു ദൌപതിയും അപമാനിക്കപ്പെടുന്നു...
.
.
കര്‍മ ഫലമാണ് ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തില്‍ നേരിടേണ്ടി വരുന്നത്. അച്ഛനു ശേഷം രാജ്യഭാരം ഏറ്റെടുക്കെണ്ടിയിരുന്ന ഭീഷമര്‍ സ്വന്തം കര്‍മത്തില്‍ നിന്ന് വ്യതിചലിച്ചു,
.
സ്വന്തം പുത്രന്മാരുടെ ദുഷ് ചെയ്തികള്‍ കാണാന്‍ കഴിയാത്ത അന്ധത ഉണ്ടായിരുന്ന ധൃത രാഷ്ട്രര്‍, അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു.
.
ഭര്‍ത്താവിന് കാഴ്ചയായി മക്കളെ നേര്‍വഴിക്കു നടത്തേണ്ടിയിരുന ഗാന്ധാരി സ്വയം അന്ധത വരിച്ചപ്പോള്‍ നാമാവശേഷമായത്‌ ആ കുടുംബം തന്നെയാണ്
.
"......അപ്പൊ മൂപ്പരെ എല്ലാരും മരിച്ചു കഴിഞ്ഞപ്പോ കൌരവര്‍ക്ക് സ്വര്‍ഗ്ഗവും നല്ലത് മാത്രം ചെയ്ത പാണ്ഡവര്‍ക്ക് നരകം ആണ് ലഭിച്ചത് എന്ന് പറഞ്ഞു കേട്ട് , ശരിയാണോ ??.."
.
".....അധര്‍മത്തിനുള്ള ശിക്ഷ ഒന്നുകില്‍ ഇഹത്തില്‍ അല്ലെങ്കില്‍ പരത്തില്‍. ഒരു തെറ്റിന് രണ്ടിടത്തും ശിക്ഷ കൊടുക്കാന്‍ പറ്റില്ലാലോ.
.
കൌരവര്‍ക്കു അവരുടെ അധര്‍മപ്രവര്‍ത്തികള്‍ക്കുള്ള ശിക്ഷ കുരുക്ഷേത്ര ഭൂമിയില്‍ വച്ചു കിട്ടുന്നുണ്ട്.
.
അതെസമയം,
ഭര്‍ത്താക്കന്മാരില്‍ അര്‍ജുനനോടു കൂടുതല്‍ ഇഷ്ടം കാണിച്ച ദ്രൌപ്തിക്കും,
.
വില്ലാളി വീരനെന്ന അഹങ്കാരം ഉണ്ടായിരുന്ന അര്‍ജുനനും,
മഹാബലവനെന്ന ബോധം കൊണ്ട് നടന്നിരുന്ന ഭീമനും,
.
സൌന്ദര്യത്തിലും അറിവിലും മികച്ചവര്‍ എന്ന ബോധം ഉണ്ടായിരുന്ന നകുല സഹദേവന്മാര്‍ക്കും
.
ധര്‍മ്മപുത്രര്‍ എന്ന പേരുണ്ടായിട്ടും ഗുരുവിനോട് അര്‍ദ്ദസത്യം മാത്രം പറഞ്ഞ യുധിഷ്ടിരനും പരത്തില്‍ അര്‍ഹിക്കുന്ന നരക ശിക്ഷ ലഭിക്കുന്നു..
.
ചുരുക്കിപ്പറഞ്ഞാല്‍ കുരുക്ഷേത്രം നമ്മുടെ മനസ്സാണ്, ധര്‍മ്മാധര്‍മങ്ങളുടെ ബലപരീക്ഷണം നടക്കുന്നതും അവിടെത്തന്നെ, എന്റെ ധര്‍മത്തിനെന്തുപറ്റി ( “ മമ കര്‍മ കിം അകുര്‍വ്വത ? “ ) എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ഭഗവദ് ഗീത .
.
|| യദായദാഹി ധര്‍മസ്യ, ഗ്ലാനിര്‍ ഭവതി ഭാരത,
അഭ്യുത്ഥാനമധര്‍മസ്സ്യ, തതാത്മന്‍ ശ്രുജാമ്യഹം ||
.
“.....അര്‍ജുനാ , എവിടെയാണോ ധര്‍മ്മത്തിന് ഗ്ലാനിയുണ്ടാകുന്നത് അധര്‍മ്മത്തിനു ഉയര്‍ച്ചയുണ്ടാകുന്നത്, അവിടെ ഞാന്‍ അവതരിക്കുന്നു..”
.
അധര്‍മം ചെയുമ്പോള്‍ ചെയ്യുന്നത് തെറ്റാണെന്നുള്ള നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്ന തോന്നല്‍ തന്നെയാണ് നേര്‍ബുദ്ദിയായ ഭഗവാന്റെ അവതാരം. അധര്‍മത്തെ ഇല്ലായ്മ ചെയ്തു ധര്‍മപാതയില്‍ ചരിക്കണമോ എന്നുള്ളത് നമ്മുടെ മാത്രം തീരുമാനമാണ്.
.
ഓര്‍ക്കുക ,
.
അനീതിയും അധര്‍മവും ചെയുന്നവര്‍ക്ക് നീതി നിഷേധിക്കപ്പെടുക തന്നെ ചെയ്യും. ...."
.

ചേലുള്ള പാടുകള്‍ ...!!!



“...എനിക്കൊരു ഷവര്‍മ വേണം..”
.
“...ഷവര്‍മയോ ..ഇപ്പോഴോ ..”
.
“...മം... എനിക്ക് വേണം...”
.
“....ഡീ.... മസാല ദോശ, പച്ചമാങ്ങ അതൊക്കെയല്ലേ അതിന്റെ ഒരു രീതി..”
.
“...നിക്ക് ഷവര്‍മ വേണം.” അവള് പിന്നേം ചിണുങ്ങി.
.
നിറവയറുമായി നില്‍ക്കുകയാണവള്‍. “പൂതിക്ക്‌” നേരെ ബലം പിടിക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഡേറ്റ് അടുത്തിരിക്കുന്ന ഈ സമയത്ത്.
.
“...അളിയാ .. ഇവള്‍ക്ക് ഷവര്‍മ വേണംത്രേ..”
.
പണ്ടേ ഷവര്‍മയില്‍ കൈവിഷം കിട്ടിയിട്ടുള്ള അളിയന്‍ ബൈക്കുമായി പറ പറന്നു ..
.
മിനുട്ടുകള്‍ക്കകം ചൂടുള്ള ഷവര്‍മ വീട്ടിലെത്തി. അവള്‍ ആദ്യം അവള്‍ക്കുള്ളത്‌ അകത്താക്കി. പിന്നെ എന്റെയും...കൊതിച്ചി..!!
.
കിടന്നപ്പോള്‍ വയറിനുള്ളിലെ കുഞ്ഞിന്റെ അനക്കങ്ങള്‍ അവളെനിക്കു കാണിച്ചു തന്നു .
.
“...ദേ ചവിട്ടുന്നു ..”
.
ഒരു കുഞ്ഞു കാല്‍ പാട് വയറില്‍ തെളിഞ്ഞു. ഷവര്‍മ എത്തിയ സന്തോഷത്തിവണം കുഞ്ഞും ആവേശത്തിലാണ്
.
വയറിനു മുകളിലൂടെ ഞാനെന്റെ കുഞ്ഞിനു ഒരു മുത്തം നല്‍കി.
ജന്മം നല്‍കിയവന്റെ ഉമ്മ കിട്ടിയ സന്തോഷം പിന്നെയും വയറില്‍ ഉയര്‍ന്നു. അമ്മയാകാന്‍ പോകുന്നതിന്റെ ചാരിതാര്‍ത്ഥ്യം അവളുടെ മുഖത്തും.
.
ഉറക്കത്തിലെപ്പോഴോ അവളെന്നെ കുലുക്കി വിളിച്ചു
“...ജീ..... എനിക്ക് വേദനിക്കുന്നു..”
.
കാത്തിരിക്കപ്പെട്ട വേദന ..
കുഞ്ഞിന്റെ വരവറിയിച്ചു കൊണ്ടുള്ള വേദന
.
നേരം പുലരുന്നെ ഉള്ളൂ.. പക്ഷെ എല്ലാം ദിവസങ്ങളായി റെഡിയാണ്.
.
“...അമ്മെ അവള്‍ക്ക് വേദനിക്കുന്നത്രേ , നമുക്ക് ഇപ്പൊ പോകണം ..”
.
നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ സ്റ്റാര്‍ട്ടായി
.
ലേബര്‍ റൂമിനകത്തേക്ക് കയറുമ്പോള്‍ പിടിച്ചിരുന്ന കൈ ഒന്ന് കൂടെ മുറുക്കി അവളൊന്നു ചിരിച്ചു. വേദന സഹിക്കുന്നത് കൊണ്ടാവണം വാടിയ ഒരു ചിരി ..
.
“...പോയിട്ട് വാ .. ഞാന്‍ ഇവിടെയുണ്ട് ..” ഞാനും ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു.
.
കാത്തിരിപ്പ്.
.
എന്നെപ്പോലെയുണ്ട് വേറെയും ചിലര്‍, ആ വാതിലിനു മുന്നില്‍.
കാണാന്‍ പോകുന്ന കുഞ്ഞിക്കാലിനെ ഓര്‍ത്തുള്ള സന്തോഷത്തേക്കാള്‍ ആധിയാണ് എല്ലാവരുടെയും മുഖത്ത്.
പ്രാര്‍ഥനകള്‍..... നേര്‍ച്ചകള്‍
“..പ്രബിജ ജിതേഷിന്റെ ആളാരാണ് ?”– നേഴ്സിന്റെ സ്വരം
.
ഞാന്‍ മുന്നോട്ട് ചെന്നു
.
“..സിസേറിയന്‍ വേണ്ടി വരും ..ഈ പേപ്പറില്‍ ഒപ്പിടണം”
.
“...സിസേറിയന്‍...?? ബട്ട് വൈ ??..”
.
എന്റെ കുഞ്ഞിനു സുഖകരമായ വരവൊരുക്കാന്‍ അവള്‍ അധ്വാനിച്ചതൊക്കെയും.... മണിക്കൂറുകള്‍ നടന്നതൊക്കെയും പാഴ് ??
.
“...എനിക്ക് ഡോക്ടറോട് സംസാരിക്കണം ..”
.
“...ഡോക്ടര്‍ ഉള്ളിലുണ്ട് ...അകത്തേക്ക് വരൂ..”
.
“..ഡോക്ടര്‍ എന്താണ് പ്രോബ്ലം ..വൈ സിസേറിയന്‍ ?.”
.
“..കോഡ് കഴുത്തില്‍ കുരുങ്ങിയോ എന്നൊരു സംശയം ..”
.
“....വേറെ വഴിയോന്നുമില്ലേ ??..”
.
“....വേണമെങ്കില്‍ കുറച്ചു നേരം കൂടെ കാത്തു നില്‍ക്കാം .. പക്ഷെ അത് വരെ വേദന സഹിച്ചു വൈഫ് ചിലപ്പോള്‍ തളര്‍ന്നു പോയാല്‍ പിന്നെ ബുദ്ടിമുട്ടാണ് ..”
.
പച്ചയുടുപ്പിട്ടു നില്‍ക്കുന്ന ആ രൂപത്തിന്റെ കയ്യിലാണ് രണ്ടു ജീവനുകള്‍ ..ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല.
.
“....ഒപ്പിടൂ ..” നേഴ്സിന് തിടുക്കം .
.
രണ്ടു ജീവന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്ക് മാത്രമാകുന്ന കടലാസാണിത്.
.
ഒപ്പിടുമ്പോള്‍ കയ്യൊന്നു വിറച്ചു.
.
ലേബര്‍ റൂമിന്റെ വാതിലടയുന്നതിനു മുമ്പ് ദൂരെ അവളുടെ തളര്‍ന്ന ചിരി ഞാന്‍ പിന്നെയും കണ്ടു.

............................

പരിസരത്തു കുറച്ചാളുകള്‍ ഉണ്ടെങ്കിലും അവിടം നിശബ്ദമാണ്. അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന നേഴ്മാരുടെയും മറ്റ് ജീവനക്കാരുടെയും ശബ്ദം മാത്രം ..
.
ഉള്ളില്‍ എന്ത് നടക്കുന്നു എന്നാലോചിക്കാതെ മനസ്സ് ശൂന്യമാക്കുന്നതാണ് നല്ലത്.
.
കോണിപ്പടികള്‍ എണ്ണി.
.
ജനലിലൂടെ വെറുതെ പുറത്തേക്കു ശ്രദ്ദിക്കാന്‍ ശ്രമിച്ചു
.
എല്ലാത്തിനെയും കുടഞ്ഞു തെറുപ്പിച്ച് മനസ്സ് വീണ്ടും ലേബര്‍ റൂമിലേക്ക്‌ ഓടിക്കയറുകയാണ്
.
“..പ്രബിജ ജിതേഷ് ..”
പെണ്‍കുട്ടിയാണ്.. സമയം പതിനൊന്ന്‍ ഇരുപത്.
.
“..ന്റെ ദൈവമേ ...എന്റെ പ്രാര്‍ത്ഥന..” നാല് ആണ്മക്കളെ പോറ്റിയ അമ്മയുടെ മുഖത്തു ‘പെണ്‍കുട്ടി’ ഒരു സന്തോഷമായി വിരിഞ്ഞു.
.
വെളുത്ത തുണിയില്‍ പൊതിഞ്ഞ ആ കുഞ്ഞു ജീവന്‍ അമ്മ ഇരു കയ്യും നീട്ടി വാങ്ങി ..
.
നോക്കെടാ ...നിന്റെ മോള്‍ ..!!
.
എന്റെ മകള്‍ ...!!
.
ഒത്തിരി മുടിയുള്ളോരു സുന്ദരിക്കുട്ടി...!!
.
ഇത്രയും നാളത്തെ സ്വര്യ ജീവിതത്തിനു ഭംഗം വന്നതിന്റെ അലോസരമുണ്ട് മുഖത്ത്.
.
പുറത്തെ വെള്ളി വെളിച്ഛത്തിനു നേരെ അവള്‍ കണ്ണിറുക്കി അടച്ചിരിക്കുന്നു.
.
അമ്മയുടെ ഉദരത്തില്‍ നിന്ന് മുറിച്ചെടുത്തെത് കൊണ്ടുള്ള പ്രതിക്ഷേധത്തിലാവണം കുഞ്ഞു മുഷ്ടി ചുരുട്ടി വച്ചിരിക്കുന്നു .
.
അവള്‍ കരച്ചില്‍ തുടങ്ങി; ബാക്കി ഉള്ളവര്‍ എല്ലാം ചിരിക്കാനും
.
ചുവന്നു തുടുത്ത ആ കവിളില്‍ ഞാനൊന്നു തൊട്ടു
.
എന്റെ രക്തം ... എന്റെ മകള്‍ ...!!
.
പുറത്തു ഞങ്ങള്‍ അവളുടെ വരവിന്റെ മധുരം പങ്കു വെക്കുമ്പോള്‍ അകത്തു മയക്കത്തില്‍ നിന്നുണര്‍ന്ന അവളുടെ അമ്മ വേദനയില്ലാത്ത പ്രസവത്തിന്റെ വേദന അറിഞ്ഞു തുടങ്ങി.
കുഞ്ഞു ചുണ്ടുകള്‍ അമ്മിഞ്ഞ നുണയുന്നതിന്റെ നിര്‍വൃതിയില്‍ അവളാ വേദനയെ പടിക്ക് പുറത്തു നിര്‍ത്തി.
.
വയറു നിറയെ അമ്മിഞ്ഞ കുടിച്ചു ഉറങ്ങുന്ന ആ കുഞ്ഞു മുഖത്തു ചിരി.
.
ആ ചിരി പിന്നെ ഞങ്ങളിലേക്കും
.
പതിയെ അവളായി ഞങ്ങളുടെ ലോകം
.
ഞങ്ങളുടെ വീടിന്റെ ചുവരുകള്‍ കുഞ്ഞിക്കരച്ചിലുകള്‍ക്ക് കാതോര്‍ക്കാന്‍ തുടങ്ങി
.
കൈകാലിട്ടടിച്ചു ചിരിച്ച് അവള്‍ എല്ലാരേയും കീഴടക്കി
.
അലറിക്കരഞ്ഞു ഞങ്ങളെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി
.
അപ്പിയിട്ട് ഒന്നുമറിയാത്ത പോലെ കണ്ണടച്ചു കിടന്നു പറ്റിച്ചു
.
ഉണ്ണി മൂത്രം കൊണ്ട് പുണ്ണ്യാഹം തളിച്ചു
.
കട്ടിലിന്റെ അതിര്‍വരമ്പ് കടന്നപ്പോള്‍ ഉരുണ്ടു വീണു വിതുമ്പിക്കരഞ്ഞു
.
മുട്ടിലിഴഞ്ഞു ഉറുമ്പുകള്‍ക്ക് കൂട്ട് പോയി
.
കിട്ടുന്നതൊക്കെയും വായിലാക്കി ഞങ്ങളെ പേടിപ്പിച്ചു
.
വാതിലിനു പിറകില്‍ മറഞ്ഞിരുന്നു കള്ളച്ചിരി ചിരിച്ചു
.
എഴുന്നേറ്റു നില്‍ക്കാന്‍ കസേരയും മേശയും തുണ നിന്നു
.
ഉറക്കാത്ത കാലുകളുമായി ‘ ഒറ്റയ്ക്ക് അപ്പങ്ങളെമ്പാടും ചുട്ട അമ്മായിയുടെ “ കൂടെ താളം ചവിട്ടി
.
ഞങ്ങളെ കൊതിപ്പിച്ചു കൊണ്ട് അമ്മേ എന്ന് വിളിച്ചു
.
കാക്കയോടും പൂച്ചയോടും പൂക്കളോടും കിന്നാരം പറഞ്ഞു
.
ചോറ്റു പാത്രവുമായി കാടും മേടും നടത്തിച്ചു
.
ചുവരുകള്‍ ക്യാന്‍വാസായി
.
സ്കൂള്‍ യുണിഫോമിനുള്ളിലേക്ക് ചേക്കേറി
.
പാല്‍ പല്ല് ഇളകിയപ്പോള്‍ സങ്കടം കൊണ്ട് കണ്ണീര്‍ വാര്‍ത്തു.
.
കമ്മലും മാലയും ഉടുപ്പിനു മാച്ചാവുന്നില്ലെന്നു പരിതപിച്ചു
കുഞ്ഞു വായില്‍ വലിയ ചോദ്യങ്ങള്‍ ചോദിച്ചു.
.
“...പപ്പാ എന്നെ എവിടുന്നാ കിട്ടിയേ ?? “
.
“...അമ്മയുടെ വയറ്റില്‍ നിന്ന് ..”
.
“..അമ്മേന്റെ വയറ്റിന്നോ ??? “ കുഞ്ഞു കണ്ണുകളില്‍ അദ്ഭുതം,
.
“....അയ്യേ.......അമ്മയുടെ വയറു കാണാന്‍ ഒട്ടും ഭംഗിയില്ല, നെറയെ വരയും പാടും. അതെന്താ ഇങ്ങനെ ??? “
.
മാസങ്ങളോളം അവള്‍ നീന്തിത്തുടിച്ച അമ്മയുടെ വയറ്റിലെ പാടുകളെ അവള്‍ കളിയാക്കി ചിരിക്കുന്നു...!!
.
ആ വരയും പാടുകളും കാണാന്‍ ഒട്ടും ഭംഗിയില്ലത്രേ..!!
.
പത്തുമാസത്തോളം ഈ സുന്ദരിക്കുട്ടിയെ ചുമന്നതിനു കിട്ടിയതാണ് ആ ഭംഗിയില്ലാത്ത പാടുകള്‍ എന്ന് പറഞ്ഞാല്‍ അവള്‍ക്കു മനസ്സിലാവുമോ ??

കടപുഴകേണ്ട വന്മരങ്ങള്‍



തന്റെ കീഴില്‍ മറ്റൊന്നിനെയും വളരാന്‍ അനുവദിക്കാത്ത , എല്ലാം തന്റെ കാല്‍ക്കീഴില്‍ മാത്രമാവണമെന്ന ദുശ്ശാട്യം കാണിക്കുന്ന വന്മരങ്ങള്‍ കൊണ്ട് നാടിനും നാട്ടുകാര്‍ക്കുമെന്ത് പ്രയോജനം ??
.
ഒന്നുമില്ല,
ക്ഷണികമായ പ്രയോജനങ്ങള്‍ക്കപ്പുറം ഒന്നുമില്ല.
.
അധികാരത്തിന്റെ കോട്ട കൊത്തളങ്ങള്‍ സംരക്ഷിക്കാനും തനിക്കു നേരെയുയരുന്ന ചൂണ്ടുവിരലുകളെ ഇല്ലാതാക്കാനും കാലാളുകളാണ് ഏറ്റവും മികച്ച ആയുധമെന്ന് മനസ്സിലാക്കി, അവര്‍ക്കായി എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങള്‍ മാത്രമാണ് ആ പ്രയോജനങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ അത്രയും ചിന്തിക്കേണ്ട ആവശ്യമെന്ത് ....??
.
സര്‍വ്വവും തന്റെ മുന്നില്‍ സാഷ്ടാംഗ പ്രണമിക്കണമെന്നു വാശിപിടിച്ച, ജനാധിപത്യത്തെ ചവിട്ടി മെതിച്ച, ഒരിക്കല്‍ പോലും ജനങ്ങളോട് അടുത്തു ഇടപഴകിയിട്ടില്ലാത്ത, ഏകാധിപതികളാണ് പാവങ്ങളുടെ രക്ഷകരായി വാഴ്ത്തപ്പെടുന്നത് ..!!!
.
വെട്ടിപ്പിച്ചും ചവിട്ടി മെതിച്ചും വാരിക്കൂട്ടിയ സമ്പത്തിന്റെയും ആര്‍ഭാടങ്ങളുടെയും പേരില്‍ വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പായപ്പോള്‍, , ജനതയുടെ വികാരത്തെ ചൂഷണം ചെയ്യാന്‍ മാത്രമുള്ള സൗജന്യങ്ങള്‍ വാരി വിതറി അവരെ കൂടെ നിര്‍ത്താന്‍ കൌശലം കാണിക്കുന്നതില്‍ ഏകാധിപതികളോക്കെയും മിടുക്കരാണ്

ഏകാധിപതികള്‍ ന്യായീകരിക്കപ്പെടുന്നത്‌ ‘...അവര്‍ അത്രയെങ്കിലും ചെയ്തല്ലോ..’ എന്ന സ്വയം സമാധാനത്തിലൂടെയാണ്. അപരന്റെ കയ്യിലിരിക്കുന്ന നോക്കിയല്ല; തനിക്കു കിട്ടിയതിനെയോര്‍ത്തു അഭിമാനിക്കേണ്ടത് , മറിച്ചു തനിക്കര്‍ഹതപ്പെട്ടത് ലഭിച്ചുവോ എന്ന് പരിശോധിച്ചാണ്.
വെള്ളിത്തിരയിലെ കഥാപാത്രങ്ങളെ വിഗ്രഹങ്ങളാക്കുന്നവര്‍ മുതല്‍ ഇങ്ങു MLA/MP ഫണ്ടില്‍ നിന്ന് ബസ്റ്റ് സ്റ്റോപ്പ് കെട്ടുന്നത് പോലും കൊട്ടിഘോഷിക്കുന്ന ‘പ്രബുദ്ധ ജനതയും’ സ്വയം മനസ്സിലാക്കേണ്ടത് അതൊന്നും അവരുടെ കുടുംബസ്വത്തില്‍ നിന്ന് കൊണ്ട് വന്നതല്ലെന്നും തനിക്കു അവകാശപ്പെട്ടതാണെന്നുമാണ്.
.
അധികാരം നില നിര്‍ത്താന്‍ എന്തും ചെയ്യുന്നവരാണോ നേതാവ് ??
ഒരാള്‍ യഥാര്‍ത്ഥ നേതാവാകുന്നത് എപ്പോഴാണ്...??
.
സര്‍വ്വ അധികാരങ്ങളും തന്നില്‍ കേന്ദ്രീകരിച്ച്, സ്വയം വിഗ്രഹങ്ങളായി മാറി, ആജ്ഞാനുവര്‍ത്തികളെയും അടിയാളന്മാരെയും ശ്രുഷ്ടിക്കുമ്പോഴല്ല ,
മറിച്ചു അണികള്‍ ഓരോരുത്തരേയും നേതാക്കളാക്കി മാറ്റുമ്പോഴാണ്...!!
.
തീര്‍ച്ചയായും തനിക്കു ശേഷം പ്രളയം എന്ന് ചിന്തിക്കുമ്പോഴല്ല ,
തന്റെ അസാനിധ്യത്തിലും നിലനില്‍ക്കാന്‍ കഴിയുന്ന വ്യവസ്ഥ ഉണ്ടാക്കിയെടുക്കുമ്പോഴാണ്...!!
.
തന്റെ സാനിധ്യത്തില്‍ മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനത്തിന്റെയോ ജനതയുടെയോ ആരാധ്യരാവുമ്പോഴുമല്ല;
ജനതയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ദതികള്‍ ആവിഷ്കരിച്ച് അവരെ സ്വയം പര്യാപ്തമാക്കുമ്പോഴാണ്....!!
.
അധികാരവും സമ്പത്തും വെട്ടിപ്പിടിക്കാന്‍ സര്‍വ്വവും ചവിട്ടി മെതിച്ച് അശ്വമേധങ്ങള്‍ നടത്തിയ എകാധിപതികള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ കടപുഴകി വീണുകഴിയുമ്പോള്‍ അവര്‍ നേടിയെടുത്തതും നാമാവശേഷമാകും,
.
കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ ...!!
.
കാലം സാക്ഷി..!!

നന്ദി..!! അജ്ഞതയുടെ കോണുകളില്‍ അക്ഷരദീപം കൊളുത്തിവച്ചനുഗ്രഹിച്ചവര്‍ക്ക്...!!





ചെത്തിമിനുക്കിയ ഈര്‍ക്കിലുകളും , കാഞ്ഞിരക്കുരുവും 
മഞ്ചാടിയും ഒക്കെയായി ക്ലാസ്സില്‍ വന്നിരുന്ന, 
‘ ഒന്നെന്നു പറയുമ്പോള്‍ ഒന്നിച്ചിരിക്കണമെന്നു ‘ പാടിപഠിപ്പിച്ച ശാരദ ടീച്ചര്‍,
.
സ്നേഹപൂര്‍ണമായ ചിരിയില്‍ കുട്ടികളുടെ സകല കുറുമ്പും മായ്ച്ചു കളഞ്ഞിരുന്ന ലക്ഷ്മി ടീച്ചര്‍ ,
.
ഗൌരവക്കാരനെങ്കിലും എന്നെ ആദ്യമായി ചിത്രരചനാ മത്സരത്തിനു കൊണ്ടുപോയ പ്രേമന്‍ മാഷ്‌,


.‘അച്ഛമ്മയുടെ മകന്‍’ എന്ന് എന്നെ സ്നേഹത്തോടെ വിളിച്ചിരുന്ന, 

സ്കൂളിലേക്കും തിരിച്ചുമുള്ള വഴിയില്‍ സുരക്ഷയുടെ വലയം തീര്‍ത്തിരുന്ന ഓമന ടീച്ചര്‍,.

മനോഹരമായ കൈപ്പട പോലെ സുന്ദരിയായിരുന്ന സുധ ടീച്ചര്‍,.

എത്ര തന്നെ മീശ പിരിച്ചു വച്ചാലും കുഞ്ഞുങ്ങളുടെ പോലെ നിഷ്കളങ്കമായി മാത്രം പുഞ്ചിരിക്കാന്‍ കഴിഞ്ഞിരുന്ന അറബിക് മാഷ്‌, 

സൂചിയും വര്‍ണ്ണ നൂലുകളുമായി വന്നിരുന്ന തുന്നല്‍ ടീച്ചര്‍, 

ആദ്യമായി എന്നെ പ്രാസംഗികന്‍ ആക്കിയ രാമകൃഷ്ണന്‍ മാഷ്‌,

എന്നും എന്നെക്കൊണ്ട് പാഠപുസ്തകം വായിപ്പിച്ചിരുന്ന രാമചന്ദ്രന്‍ മാഷ്‌,

ചിരിച്ചും കളിച്ചും രസിപ്പിച്ചു ഹിന്ദി പഠിപ്പിച്ചിരുന്ന തമ്പാന്‍ മാഷ്‌,

യാതൊരു ദയയുമില്ലാത്ത അടി കൊണ്ട് പേടിസ്വപ്നം ആയിരുന്ന രാമചന്ദ്രന്‍ മാഷ്‌,

പിന്നെ, ഒരു ശരാശരി വിദ്യാര്‍ഥി മാത്രം ആയിരുന്ന പിടിച്ചിരുത്തി,
 പഠിപ്പിച്ചു സ്കൂളിലെ ‘ ബെസ്റ്റ് സ്റ്റുഡന്റ്’ ആക്കിയ വാവേച്ചി എന്ന എന്റെ ട്യൂഷന്‍ ടീച്ചര്‍ .

പേരുകള്‍ അവസാനിക്കുന്നില്ല..... .

അഞ്ജതയുടെ ഇരുണ്ട കോണുകളില്‍ അറിവിന്റെ അക്ഷരദീപം കൊളുത്തിവച്ചനുഗ്രഹിച്ച എല്ലാ അധ്യാപകര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നൊരു നന്ദി... !!!

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് ..!!


ഒന്ന് രണ്ടു മാസം മുമ്പ് പെരുമ്പാവൂരിലെ ഒരു വീട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ നിലവിളി ഉയര്‍ന്നു. 

കേട്ടവരാരും തിരിഞ്ഞു നോക്കിയില്ല, മഴയായിരുന്നത്രേ. 


അവള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു.
.
നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഒരു യുവതിയും യുവാവും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി , 
ആരും ഇടപെട്ടില്ല, 

യുവതി കുത്തേറ്റ് മരിച്ചു. 

.ആക്സിഡന്റില്‍ പെട്ട് റോഡില്‍ കിടക്കുന്നവര്‍ രക്തം വാര്‍ന്നു മരിക്കുന്നു

ആരും ഇടപെടില്ല , തലയിലാവൂല്ലേ ???


മലപ്പുറത്തൊരാള്‍ അര്‍ദ്ദരാത്രി ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി. 

ഇടപെടാന്‍ എല്ലാര്‍ക്കും സമയമുണ്ടായിരുന്നു.

തുള്ളി വെള്ളം കൊടുക്കാതെ അടിച്ചു കൊന്നു ..
.
അടിപൊളി.

.
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് ...!!





കല്യാണങ്ങള്‍ ഉത്സവങ്ങള്‍ ആയിരുന്നു... !!


കല്യാണ വീടുകളില്‍ ഒരു മത്സരം നടക്കാറുണ്ട്, 

ട്രൌസറ്കാര് തമ്മില്‍ - ഇല വെക്കാനും ഗ്ലാസ്‌ വെക്കാനും. :) തലേ ദിവസം ഇല തുടച്ചു അപ്പ്രന്റീസ് ട്രെയിനിംഗ് കഴിഞ്ഞവരാണ് അവര്‍..!! ;) പ്രോബേഷന്‍ പിരീഡില്‍ ഇല വച്ചും ഗ്ലാസ്സ് വച്ചും വെള്ളം ഒഴിച്ചു കൊടുത്തും കഴിവ് തെളിയിച്ചാല്‍ കണ്‍ഫേമ്ഡ്...!! :D

അച്ചാറും ഉപ്പേരിയും ഉള്ള തൂക്കു പാത്രം..!! ‘...നോക്കി വിളംബണംട്ടാ..’ എന്ന് ഗുരു കാരണവര്‍മാര്‍..

സാമ്പാറും പുളിശ്ശേരിയും വിളംബാന്‍ ഇച്ചിരി കൈക്കരുത്ത് വേണം. .

പപ്പടക്കൊട്ടയും ചോറ് പാത്രവും എക്സ്പീരിയന്സ്ഡ് ആയവര്‍ക്ക് മാത്രമുള്ളതാണ്. .

“....ദേ അവിടെ അച്ചാറ്, ഇവിടെ ഉപ്പേരി..” എന്ന വിളിക്ക് കാതോര്‍ത്തിരിക്കുമ്പോ, ജാലകത്തിലൂടെ കുട്ടിപ്പാവാട ചിരികള്‍ വല്ല്യ ആളായല്ലോ എന്ന് പറയും. .

തൂവെള്ള മുണ്ടിലും പട്ടു സാരികളിലും വീഴാതെ എല്ലാം എല്ലായിലയിലും എത്തിക്കുന്നത് അത്ര ചെറിയ പണിയല്ലാട്ടോ :) .

ആളും തിരക്കും ഒഴിഞ്ഞു, തലമൂത്ത വിളമ്പുകാര്‍ വിയര്‍പ്പാറ്റി ഇലക്ക് മുന്നിലിരുന്നാല്‍ എല്ലാം ഓരോന്നായി കയ്യില്‍ വരും ...


പായസപ്പാത്രം വരെ. .എന്നിട്ട് കൂട്ടുകാരന്റെ ചെവിയിലൊരു വീമ്പു പറച്ചിലുണ്ട്, 


“....ഞാനൊക്കെ വിളമ്പി ...
അച്ചാറും, കൂട്ടുകറിയും, പായസോം വരെ..”

അത് കേട്ട് “...എന്നിട്ട് നീ എനിക്ക് തന്നില്ലലോടാ...” എന്ന് പറയുന്ന അവന്റെ തോളില്‍ തട്ടി, “...അടുത്ത മംഗലത്തിനു എനിക്ക് വിളംബാന്‍ കിട്ടുന്നതൊക്കെ ഞാന്‍ നിനക്കും തരുമെന്നു..” ഉറപ്പു കൊടുത്തു, അവനെയും കൂട്ടി കസേര അടുക്കി വെച്ച് അതിന്റെ മുകളില്‍ കയറി ഇരുന്നു കൈ തലയ്ക്കു പുറകില്‍ വച്ചു ക്ഷീണം തീര്‍ക്കണം..


ഒരു കുപ്പിയും പൊട്ടിക്കാതെ....!! ;) ;) .


കല്യാണങ്ങള്‍ ഉത്സവങ്ങള്‍ ആയിരുന്നു... !!:) :)

ലൈഫ് സൈക്കിള്‍




"....ഞാനൊന്നു  ബെല്ലടിക്കാം  കാലമേ ...
നിയോന്നു   തിരിഞ്ഞു  നോക്കുമെങ്കില്‍ ...."
______________________________________________

“..അമ്മേ, എനിക്ക് സൈക്കിള് പഠിക്കണം ...”

“….ഇനീപ്പോ അതിന്റെ കൊറവേ ഉള്ളൂ.. എന്നിട്ട് വേണം കാറിന്റേം ബസ്സിന്റെം അടീല് പെടാന്‍ ..”

“…മം…. പിന്നേ.... സൈക്കളോടിക്കുന്ന എല്ലാരും കാറിന്റേം ബസ്സിന്റെം അടീല് പെട്ന്നാന്നല്ലോ..” 

“…നീ ഇപ്പൊ സൈക്കിള്‍ ഓടിക്കണ്ടാ…അത്രതന്നെ ..”

അതെന്താ ഞാന്‍ പഠിച്ചാല് .. അപ്പറത്തെ സാജിയും റിയാസും എല്ലാരും പഠിച്ചല്ലോ ..?? എനിക്കും പഠിക്കണം

“..പിന്നേ, സൈക്കിള് പഠിച്ചാല് എല്ലാം ആയല്ലോ , വന്നിറ്റ് ചോറ് തിന്നെടാ..”

“..എനിക്ക് വേണ്ട ചോറ് ..”

“..അതെന്താ ചോറ് വേണ്ടാത്തെ ..??”

“..എന്നെ സൈക്കിള് പഠിക്കാന്‍ സമ്മയിക്കോ ..??..”

“…എന്നോട് ചോദിക്കണ്ടാ ....അച്ചനോട് ചോടിച്ചിറ്റ് എന്താന്ന് വച്ചാല്‍ ചെയ്തോ .. “

“..ന്താ.... മ്മക്ക് ചോദിച്ചൂടെ ..??”

“….എനക്കാണോ സൈക്കള് പഠിക്കണ്ടേ ?? പഠിക്കണ്ടോരു ചോദിച്ചാ മതി. എന്തേലും കാര്യം ഞാന്‍ പറയുന്നത് കേള്‍ക്കല്ണ്ടോ ഞി..??
റേഷന്‍ പീട്യേല്‍ പോവാന്‍ എത്ര കാലു പിടിക്കണം ..
ഇന്നലെ പാല് മാങ്ങി കൊണ്ടരാന്‍ പറഞ്ഞിട്ട് കേട്ടോ ഞ്ഞി ..???”

“..സൈക്കിള് പഠിച്ചാ ല്ലാം ഈസി ആയി ചെയ്യാലോ..?? സൈക്കള് ഇണ്ടായാല് പിന്നെ റേഷന്‍ പീട്യേല് നടന്നിട്ട് പോണ്ടല്ലോ .. അരീം പന്സാരേം കാര്യറില്‍ വച്ചു കൊണ്ടെരാലോ ..??
എത്ര വേം പാല് മേടിച്ചിറ്റ് വെരാം .. മീനു മേടിക്കാം “

“..കണ്ടാലും മതി ..”

“…ഇല്ല.. ഒക്കെ ചെയ്യും ..അമ്മ പറേന്ന ഒക്കെ ചെയ്യും
അച്ഛന്‍ വന്നാല് പറെണേ .. ഇന്ന്ന്നെ ..”

വൈകുന്നേരം അച്ഛനെത്തി. വാതില്‍ പുറകില്‍ നിന്ന് “പ്രോംറ്റിംങ്ങ്” തുടങ്ങി ..

“..അമ്മേ പറ .. ഒന്ന് പറയമ്മേ..”

“…ദേ....ങ്ങള് കേട്ടോ .. ഇവന് സൈക്കള് പഠിക്കണംന്ന്..”

“…സൈക്കിളാ ..??? അതെവിടുന്നാ ഇപ്പൊ വന്നെ ..??

“..എല്ലാരും സൈക്കിള് പഠിച്ചു പോലും , ഇവനും പഠിക്കണംന്ന്...”

“..ആദ്യം പഠിക്കാനുള്ളതൊക്കെ മര്യാദക്ക് പഠിക്കാന്‍ പറ ....ന്നിട്ട് മതി സൈക്കിള് ..”

“….ഞാന്‍ പഠിക്കുന്നുണ്ടല്ലോ ..എല്ലാം.. പിന്നെന്താ ..?? ബാക്കി എല്ലാരും സൈക്കള് പഠിച്ചു ..എനിക്ക് മാത്രം അറിഞ്ഞുടാ ..”

“..ആരാ പഠിപ്പിക്ക്യാ സൈക്കിള് ഓടിക്കാന്‍...??”

“…റിയാസ് പടിപ്പിച്ചെരും ..ഓനറിയാ..”

“…പഠിക്കാന്‍ സൈക്കിള് വേണ്ടേ ..??”

“..അത് കേസീന്റെ പീട്യെന്നു എടുക്കാ ..കാല്‍ സൈക്കിള് ..ഒരുറ്പ്പ്യാ ഒരു മണിക്കൂറിന്.. “

“….നോക്കീം കണ്ടും പടിച്ചോളണം...ആരെയെങ്കിലും മേത്തു തട്ടുകയോ ഏതേലും വണ്ടിന്റെ അടീല് പെടുകയോ ചെയ്‌താല്‍ ഞാന്‍ തിരിഞ്ഞു നോക്കൂലാ ...എന്റെടുത്ത്‌ വരേം വേണ്ടാ ..”

പച്ചക്കൊടി ഉയര്‍ന്നതിന്റെ ആവേശത്തിലായിരുന്നു അന്നത്തെ ഉറക്കം . വെളുത്ത ചിറകുള്ള കുതിരക്ക് പകരം ഒരു സുന്ദരന്‍ സൈക്കിളില്‍ പറ പറക്കുന്ന രാജകുമാരന്‍ ആയിരുന്നു അന്നത്തെ സ്വപ്നത്തില്‍ ..

സഹപാടിയും അയല്‍ക്കാരനുമായ റിയാസ് ആരുന്നു ഗുരു .. അവന്റെ കയ്യുടെ പിന്‍ബലത്തിലാണ് വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തിലോടുന്ന സൂത്രത്തില്‍ മുന്നോട്ട് കുതിച്ചത്..

ഭൂഗുരുത്ത്വം താഴേക്കു ക്ഷണിച്ചപ്പോള്‍ മുട്ടുകളില്‍ ചുവന്ന പൂക്കള്‍ വിരിഞ്ഞു ..

വീര്‍പ്പിച്ച മുഖവുമായി മുട്ടുകള്‍ പിറ്റേന്ന് പിണങ്ങി നിന്നപ്പോള്‍ വേദന കടിച്ഛമര്‍ത്തി മുഖം പ്രസന്നമാക്കി ഞോണ്ടാതെ നടന്നു . അമ്മ അറിയരുതല്ലോ ..

പതിയെ റിയാസ് കൈവിടാന്‍ തുടങ്ങി .. ഭൂമിദേവി താഴേക്കു വിളിക്കാതായി .. ഇടത്തോട്ടും വലത്തോട്ടും “യു ടേണ്‍” എടുത്തു തുടങ്ങി.

ഒറ്റക്കാലില്‍ ചവിട്ടി ചവിട്ടി മറ്റേകാലുയര്‍ത്തി, അടുത്ത പെടലില്‍ കാലുറപ്പിച്ച്..സീറ്റില്‍ അമര്ന്നിരിക്കാനും കൂടി കഴിഞ്ഞതോടെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസായി ..!!

ഒറ്റ കൈവിട്ടും ..രണ്ട്ടും കൈവിട്ടും നിന്നും ഇരുന്നും അങ്ങനെ എല്ലാ അടവുകളും കൈപ്പിടിയില്‍ ആയപ്പോള്‍ തികച്ചും ന്യായമായ അടുത്ത ആവശ്യമായി ..

"...അമ്മേ, എനിക്കൊരു സൈക്കിള് മേടിച്ചോരോ ..??.."

"...അച്ഛന്‍ കേള്‍ക്കണ്ടാ ...അതും കൂടെയേ ഇനി വേണ്ടൂ..."

"...ഓടിക്കാന്‍ പഠിച്ചില്ലേ ..? . സൈക്കള് ഇല്ലാണ്ട് എങ്ങനെയാ ഓടിക്കാ ??.."

"...ആദ്യം പത്താ ക്ലാസ് പാസാവ് എന്നിട്ട് മേടിക്കാം സൈക്കള് ...."

"....അതിനിപ്പോ ഇനീം മൂന്നു കൊല്ലം ഇല്ലേ ...??.."

"...പത്താം ക്ലാസ്സ്‌ പരീക്ഷ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായാല്‍ സൈക്കള് മേടിച്ചു തരാമ്പറയാം അച്ഛനോട് .. അത് വരെ ഈ കാര്യം പറയണ്ടാ..."

“ഫസ്റ്റ് ക്ലാസ്സ്‌ “ എന്ന് പറഞ്ഞാല്‍ ക്ലാസ്സില്‍ ഫസ്റ്റ് ആണ് എന്ന് വിചാരിച്ച ആ പയ്യന്‍ ഒരു സുന്ദരന്‍ സൈക്കിള് സ്വപ്നം കണ്ടു ആഞ്ഞങ്ങ് പഠിച്ചു. രാവുകള്‍ പകലുകളായി. പഠനം തപസ്സായി

റിസള്‍ട്ട് വന്നപ്പോള്‍ ക്ലാസിലെ കൂട്ടുകാരു മാത്രമല്ല സ്കൂളിലെയും ആ പഞ്ചായത്തിലെയും എല്ലാ പത്താം ക്ലാസ്സുകരും അവന്റെ “സൈക്കിളിന്” പിന്നിലായി....!!

ക്യാഷ് അവാര്‍ഡ് കിട്ടിയത് ഒക്കെയും അച്ഛന്റെ മുന്നില് വച്ചു അമ്മയുടെ പുറകില്‍ നിന്ന് അച്ഛനെ ഓര്‍മിപ്പിച്ചു. “..അന്ന് പറഞ്ഞിന്... പത്താം ക്ലാസ്സ്‌ പാസ്സായാല്‍ സൈക്കിള് ....”

അന്ന് വൈകുന്നേരം ഇത്തിരി ഗൌരവക്കാരനായ ഒരു കരുമാടിക്കുട്ടന്‍ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി ..പിന്നീട് കുറെക്കാലം അവന്റെ സന്തത സഹചാരിയായിരുന്ന കരുത്തന്‍ - ഹെര്‍കുലീസ് MTB

തിരുവങ്ങാട് പെരുമാളിന്റെ സന്നിതിയില്‍ തൊഴുതു തുടങ്ങിയ യാത്ര.

ശ്വാസം പിടിച്ചു ആഞ്ഞു ചവിട്ടി, റോഡിലെ ഉയരങ്ങള്‍ കീഴക്കിയപ്പോള്‍ എവറസ്റ്റ് കാലിനിടയില്‍ ആയവനപ്പോലെ അഭിമാനിച്ചു

ഇറക്കങ്ങളില്‍ പരുന്തിനെപ്പോലെ പറന്നിറങ്ങി ..

ഇടവഴികളും ദൂരങ്ങളും താണ്ടി ... ഹര്‍ത്താലും ബന്ദുകളും ആഘോഷങ്ങളായി

ചില തിരിഞ്ഞു നോട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രമായി ബെല്ലുകള്‍ മുഴങ്ങി..

പല വളകിലുക്കങ്ങളെയും പിന്തുടര്‍ന്നെങ്കിലും പക്ഷെ എന്റെ സൈക്കള്‍ ബാര്‍ മാത്രം നിത്യകന്യകനായി

എഴുത്തും വരയും പ്രസംഗവുമായി വേദികളില്‍ നിറഞ്ഞപ്പോള്‍ ദൂരെ ഒരു കോണില്‍ അവന്‍ ഒറ്റക്കാലില്‍ കാത്തു നിന്നിരുന്നു .. സമ്മാനങ്ങളോക്കെയും ആദ്യം എറ്റുവാങ്ങിയത് അവനായിരുന്നു ..

മണ്ണെടുത്തൊരു കുന്നിന്‍ ചെരുവില്‍ പുകച്ചുരുളുകള്‍ ഉയര്‍ന്നപ്പോള്‍ മുഖം തിരിച്ചു നിക്കാനും അവനുണ്ടായിരുന്നു..

സൌഹൃദത്തെ നിറഞ്ഞ ചിരിയോടെ സൈക്കള്‍ ബാറില്‍ കയറ്റി ഇരുത്തി.
പ്രണയത്തിനു കൂട്ട് പോയി.
മായ കാഴ്ചകള്‍ നല്‍കിയ സുന്ദര മുഖങ്ങളെ തേടിയലഞ്ഞു ..

റേഷന്‍ പീടികയില്‍ കാത്തു നിന്നു.
മൂക്ക് പൊത്താതെ മീന്‍ സഞ്ചി പിടിച്ചു,

ഇത്തിരി കാറ്റ് നിറച്ചു കൊടുത്താല്‍ കാറ്റ് പോലെ പറന്നു ..

തന്റെ വേഷം ഭംഗിയാക്കി എല്ലാ രംഗങ്ങളിലും ആടി തീര്‍ത്തു കഴിഞ്ഞപ്പോള്‍ അവന്‍ വീടിനു പുറകിലേക്ക് മാറി, ചുമരും ചാരി നിന്നു..

എന്നും തുടച്ചു മിനുക്കിയിരുന്ന തിളങ്ങുന്ന റിമ്മില്‍ തുരുമ്പ് കൂട് കൂട്ടിയപ്പോഴും ,
മുറുകെ പിടിച്ചിരുത്തിയ ഹാന്റില്‍ ബാറില്‍ പൊടി പിടിച്ചപ്പോഴും,
എന്നും ഓയില്‍ ഇട്ടു ആവേശത്തോടെ ഓടിയിരുന്ന ചങ്ങലകണ്ണികള്‍ പൊടിപിടിച്ചു അനങ്ങാന്‍ വയ്യതായപ്പോഴും അവന്‍ പരാതി പറഞ്ഞില്ല .
എപ്പോഴോ ഏതോ ആക്രി കടക്കാരന്‍ കൊണ്ട് പോകുംവരെയും അവന്‍ ഒരേ നില്‍പ്പ് തുടര്‍ന്നു.
............................................

നമ്മുടെ ലൈഫ് സൈക്കിളില്‍ ഒരു സൈക്കിള്‍ ഉണ്ടായിരുന്നു എന്നും ..
രണ്ടു കാലില്‍ പിച്ച വച്ചു തുടങ്ങിയപ്പോള്‍ മൂന്നു ചക്രവുമായാണ് അവന്‍ ആദ്യം എത്തിയത് .. പിന്നെ കാലുകള്‍ ഉറച്ചപ്പോള്‍ ചക്രത്തിലോന്നു കുറഞ്ഞു; പ്രൌഡിയും കൂടി

ബന്ദും ഹര്‍ത്താലും പാല്ക്കാരനെയും പത്രക്കാരനെയും ഒഴിവാക്കാനുള്ള സൌമനസ്യം കാണിച്ചപ്പോള്‍ അവരുടെ സൈക്കിളും അവധിയില്ലാത്തവരായി ..

മഴയത്തും മഞ്ഞത്തും പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടിയ നമ്മള്‍ അവരുടെ ബെല്ലിന് കൃത്യ നിഷ്ഠയുടെ ക്ലാസ്സെടുത്തു.

പാല്ക്കാരന്റെ എന്നും തിരക്കിന്റെ ബെല്ലടിച്ചു.

പൂച്ചകളുടെ അകമ്പടിയോടെയാണ് മീന്‍ കാരന്റെ സൈക്കിള്‍ “പീ... പീ.” കരഞ്ഞു കൊണ്ടെത്തിയത്

നാളെ നാളെ ഭാഗ്യം പ്രതീക്ഷിച്ചവര്‍ ലോട്ടറിക്കാരന്റെ സൈക്കിളിനു പിന്നാലെ കൂടി.

ചെത്തുകാരന്റെ സൈക്കിള്‍ കാത്തുനിന്നത് അന്തി മോന്താന്‍ എത്തിയവരും....

കുട്ടികുപ്പായക്കീശയിലെ നാണയങ്ങള്‍ ഐസ് മിട്ടായിക്കാരന്റെ കുടമണി കിലുക്കത്തിനു കാതോര്‍ത്തിരുന്നു.

ചില ബെല്ലടികള്‍ ചിലരില്‍ പുഞ്ചിരിയുണര്‍ത്തി .. ആര്‍ക്കും പിടികൊടുക്കാത്ത സന്ദേശങ്ങള്‍ കൈമാറി.

സഞ്ചാരം പുതിയ വഴികള്‍ തേടിയപ്പോള്‍ അവനെ പാതി വഴിയില്‍ ഉപേക്ഷിച്ചു..

നമുക്കും ഉണ്ടായിരുന്നു ഒരു സൈക്കിള്‍; . വേഗം പോരെന്നു തോന്നിയപ്പോള്‍ എവിടെയോ മറന്നു വച്ചൊരു സൈക്കിള്‍ ..

ഓര്‍മ്മകളുടെ ബെല്ലോന്നടിച്ചു നോക്കൂ ...തിരിഞ്ഞു നോക്കുന്ന കാലം അവന്റെ മുഖവും കാണിച്ചു തരും ..

"..തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ് ഗ്രാമം കൊതിക്കാറുണ്ടെന്നും...."

'

".......തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത 
കേള്‍ക്കാനായ് ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...."
.
.
അങ്ങനെ ഞാനും ഒന്ന് നാട്ടിലേക്ക് പോവാ ...!!! (Re-post )
.
കാത്തിരിക്കാന്‍ ഒരു ഗ്രാമം മുഴുവനും ഒന്നുല്ല ..( അങ്ങനെ ചിട്ടി കമ്പനി പൊട്ടിയപ്പോ നാട് വിട്ടതൊന്നും അല്ല ...!!!)
.
എന്നാലും കുറച്ചു പേര്‍......
.
.
എന്നും എപ്പോഴും മക്കളെക്കുറിച്ചോര്‍ത്തു ബെജാറാവാന്‍ മാത്രമുള്ള നെഞ്ചുമായി ജീവിക്കുന്ന അമ്മ ..
.
ഗൌരവമുള്ള മുഖത്തിന്‌ പിന്നില്‍ ചെറിയ കാര്യങ്ങളില്‍ ഒരു പാട് ആധികള്‍ വെറുതെ കൊണ്ട് നടക്കുന്ന, ഇപ്പോഴും വൈകുന്നേരം വരുമ്പോള്‍ മക്കള്‍ക്കായി ഒരു ബേക്കറി പൊതി കൊണ്ട് വരുന്ന അച്ഛന്‍....
..
സിനിമകള്‍ കണ്ടു കുറ്റം പറയാന്‍ കാത്തിരിക്കുന്ന,
ഒരിക്കലും നടക്കാത്ത, ഒരുപാട് പ്ലാനുകള്‍ ചര്‍ച്ച ചെയ്യുന്ന അനിയന്മാര്‍..
.
(അതിലോരുത്തന്റെ കല്ല്യാണം കൂടാനാ പോണത്.)
.
പുതിയ പാട്ടുകള്‍ പഠിക്കാന്‍ കാത്തിരിക്കുന്ന 3 സുന്ദരി അയല്‍ക്കാരി ക്കുട്ടികള്‍- അമ്മു , അച്ചു, സുന്ദരി ..
.
പിന്നെയും കുറെപ്പേര്‍
“വരുന്ന വഴിയാ” എന്ന് ചോദിക്കുന്ന കറകപ്പുല്ലുകള്‍ പച്ച കസവ് കരയിട്ട നാട്ടുവഴി...
.
ഒന്ന് തലോടുമ്പോള്‍, വരാന്‍ വൈകിയതിനു പരിഭവം കൊണ്ട് മുഖം വാട്ടുന്ന തൊട്ടാവാടി..
.
തലയാട്ടി പരിചയം പുതുക്കുന്ന കമ്മ്യുണിസ്റ്റ് പച്ചകള്‍..
.
“ഇവനാരാ..?? ഇതിനു മുമ്പേ കണ്ടിട്ടില്ലെല്ലോ” എന്ന് തലയുയര്‍ത്തി ചോദിക്കുന്ന ഇന്നലെത്തെ മഴയില്‍ കിളിര്‍ത്ത പുല്‍ക്കൊടികള്‍
.
“നീ വന്നോ മോനെ” എന്ന് ചോദിച്ചു ഒന്ന് ചുറ്റി തലോടി കടന്നു പോവുന്ന അച്ഛമ്മ കാറ്റ്...
.
“നീ ഏപ്പോഴാ മോനെ വന്നെ” എന്ന് ചോദിക്കാറുള്ള. വെള്ളെഴുത്ത് വീണ കണ്ണുകളും ചെറിയ കൂനും ഉള്ള; പഠിച്ചിരുന്ന സ്കൂളില്‍ ഉപ്പുമാവ് വച്ചിരുന്ന ജാനു ഏടത്തി .
.
“ മോന്‍ വന്നതല്ലേ നല്ല മീനുവേണ്ടേ..?? ” എന്ന് അമ്മയോട് ചോദിക്കുന്ന മീന്‍കാരന്‍ മാപ്പിള.
.
ഒരുപാട് ഇന്റര്‍വ്യൂ കാര്‍ഡുകളും ഗ്രീറ്റിംഗ് കാര്‍ഡുകളും കൊണ്ട് വന്നു തന്ന പോസ്റ്റുമാന്‍...
.
പണ്ട് ചില്ലറ പൈസകള്‍ പോലെയും എന്നാല്‍ ഇന്ന് വളര്‍ന്നു പടര്‍ന്നു പന്തലിച്ചു സുന്ദരികളും സുന്ദരന്‍മാരുമായ ന്യൂ ജെനെറെഷന്‍ പിള്ളേര്‍
.
ഗൌരവം ചിരിക്കാന്‍ സമ്മതിക്കാത്തത് കൊണ്ട് തലയാട്ടി മാത്രം പരിചയം കാണിക്കുന്ന നാട്ടു പ്രമാണിമാര്‍...
.
“..അവിടെ എങ്ങനെ നമുക്ക് പറ്റിയത് വല്ലതും ഉണ്ടോ...” എന്ന് ചോദിക്കുന്ന സമപ്രായക്കാര്‍ ..പഴയ കളിക്കൂട്ടുകാര്‍ .
.
വന്നു കാണുകയും ചെന്ന് കാണുകയും ചെയ്യേണ്ടുന്ന ബന്ധുക്കള്‍ ...
.
കാണാന്‍ പൂരങ്ങളോ ഉത്സവങ്ങളോ ഇല്ല ഇത്തവണ,
ഉള്ളത് അതിനേക്കാള്‍ ഭംഗിയുള്ള വേറെ കാഴ്ചകള്‍
.
റോഡിനപ്പുറം ഉള്ള തോട്ടില്‍ നിന്ന് ചെറുമീനുകളെ പിടിച്ചു കുപ്പിയില്‍ ഇട്ടു കൊടുകുമ്പോള്‍ പൂത്തിരി കത്തുന്നത് പോലെ ചിരിക്കുന്ന മോളുടെ മുഖം ..
.
ഉയര്‍ന്ന് പൊങ്ങാന്‍ മടികാണിച്ചു പട്ടം താഴേക്കു വരുമ്പൊഴുള്ള നിരാശ ....പിന്നെ അത് ‘ എന്നാല്‍ കണ്ടോ ‘ എന്ന മട്ടില്‍ പൊങ്ങി പറക്കുമ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിടരുന്ന അദ്ഭുതം...
.
കയ്നിറയെ ഗള്‍ഫ്‌ മധുരം കൊടുക്കുമ്പോള്‍ സന്തോഷം കൊണ്ട് വിടരുന്ന കുസൃതി കുരുന്നുകളുടെ മുഖം
.
പൊന്നുവിളയുന്ന മരുഭൂമിയിലെ സുഗന്ധമുള്ള സമ്മാനങ്ങള്‍ കയ്‌ മാറുമ്പോള്‍ വിരിയുന്ന നന്ദിയുടെ പുഞ്ചിരി.
.
കയ്യുകളില്‍ നോട്ടുകള്‍ തിരുകി വച്ചു കൊടുക്കുമ്പോള്‍ പ്രായം കൊണ്ട് കുഴിഞ്ഞ കണ്കോണ്കളില്‍ പൊടിയുന്ന കണ്ണീരിന്റെ തിളക്കം
.
ഗള്‍ഫുകാരുടെ ഭാവിയില്‍ അവരെക്കാള്‍ താല്‍പ്പര്യം ഉള്ള ഇന്‍ഷുറന്‍സ് കാരുടെ പ്രതീക്ഷയുള്ള പരിചയപ്പെടല്‍ .
.
നാടിന്റെ പുരോഗതിയില്‍ നമ്മളെക്കൂടി ഭാഗഭാക്കാക്കാനുള്ള ലോക്കല്‍ രാഷ്ട്രീയക്കാരുടെ തിരക്ക്
.
നമ്മുടെ ഭാവിയില്‍ നമ്മെളെക്കാള്‍ ആധിയുള്ള റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്മാരുടെ സ്നേഹാന്വേഷണങ്ങള്‍ ..
.
അങ്ങനെ പലതും....പലതും ...
.
എണ്ണിച്ചുട്ട അപ്പം പോലെയുള്ള ഓരോ ദിവസവും ഓടിത്തീരുമ്പോള്‍ തീരുമ്പോള്‍ പിന്നെയും മടക്കം ...
.
വിശപ്പില്ലാത്ത ഒരു തലേ ദിവസം ..
.
രുചികരമായ വിഭവങ്ങള്‍ക്ക് ഒന്നിനും കൊതി തോന്നിപ്പിക്കാന്‍ കഴിയാത്ത ഒരു ദിവസം
.
ശബ്ദത്തിലെ ഇടര്‍ച്ച ആരും അറിയാതിരിക്കാന്‍ ഉച്ചത്തില്‍ സംസാരിക്കെണ്ടുന്ന ഒരു ദിവസം ...
.
നിറയുന്ന കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ ആരുടെയും മുഖത്ത് നോക്കാതിരിക്കേണ്ടുന്ന ഒരു ദിവസം ..
.
കാണാന്‍ ഒരു പാട്പേരുണ്ടെങ്കിലും ആരും വരല്ലെന്നു ആഗ്രഹിക്കുന്ന ഒരു ദിവസം.....
.
യാത്ര തുടങ്ങീട്ടു വര്‍ഷങ്ങള്‍ പലതായെങ്കിലും ഒന്നും മാറുന്നില്ല ..!!

നിങ്ങള്‍ എന്താണ് എന്നെ അംഗീകരിക്കാത്തത്..?


“ന്റെ ഹീറോ ആരാന്നറിയോ ??
.
കര്‍ണ്ണന്‍

.ശരിക്കും കര്ണ്ണനല്ലേ പുലി ...?? ങ്ങള് കര്‍ണ്ണനോട് ഈ ചെയ്തത് ഒക്കെ ശരിയാണോ ??..”
.
“..കര്‍ണ്ണന്‍ വെറും പുലിയല്ല , സിങ്കം ആയിരുന്നു സിങ്കം..
കിട്ടിയ വരം വര്‍ക്ക് ചെയ്യോന്നറിയാന്‍ കുന്തി ശ്രമിച്ചപ്പോ അനുഭവിക്കേണ്ടിവന്നതൊക്കെ പാവം കര്‍ണ്ണന്‍.!!
ആ കഥ ഒക്കെ അറിയാലോ ..ല്ലേ..?? കൌന്തെയനായ കര്‍ണ്ണന്‍ രാധേയന്‍ ആയതു ഒക്കെ കൊറേ കേട്ടതല്ലേ ..”
.
“..ഉം ..അതൊക്കെ കൊറേ കേട്ടതാ ..ക്ഷത്രിയനായി ജനിച്ചിട്ടും സൂത പുത്രായി ജീവിക്കേണ്ടി വന്നത് ..”
.
“..അതെ , ഡ്രൈവിംഗ് ടെസ്റ്റില്‍ രഥം കൊണ്ട് എച്ച് എടുത്തു ഡ്രൈവര്‍ ആകേണ്ടുന്നതിനു പകരം നമ്മുടെ കര്‍ണ്ണന് ഇഷ്ടം ആയുധം കൊണ്ടുള്ള കളിയാരുന്നു ..ജന്മ ഗുണം. അല്ലാതെന്താ ..?
അത് കൊണ്ടാ പാണ്ഡവരും കൌരവരും പഠിക്കുന്ന കോളേജില്‍ തന്നെ അട്മിഷന് നോക്കിയത്... “
.
“..പക്ഷെ, അവിടത്തെ പ്രിന്‍സിപ്പല്‍ ദ്രോണര് ആ പാവത്തിന് അഡ്മിഷന്‍ കൊടുത്തില്ലല്ലോ.. അത് ചെയ്തത് ശരിയായോ... ???
.
“...ഇല്ല .. അല്ലെങ്കിലും ദ്രോണര്‍ ആളത്ര വെടിപ്പല്ല. ഒരു ട്യൂഷനും പോവാതെ സെല്‍ഫ് സ്റ്റഡി കൊണ്ട് വില്ലാളി വീരനായ പാവം ഏകലവ്യനെ ‘തംപ്സ് അപ്’ സ്മൈലി ഇടാന്‍ പറ്റാണ്ട് ആക്കിയ ആളല്ലേ..
.
എന്നാലും നമ്മുടെ കര്‍ണ്ണന്‍ വിട്ടില്ലാട്ടോ , “..ദ്രോണര്‍ക്കു പറ്റില്ലെങ്കില്‍ അങ്ങേരുടെ ഗുരു” എന്നും പറഞ്ഞു നേരെ പോയത് പരശുരാമന്റെ അടുത്തു.. പക്ഷെ പരശുരാമന്റേതു ‘ബ്രാഹ്മിന്‍സ് ഒണ്‍ലി ‘ കോളേജ് ആരുന്നു .. അത് കൊണ്ട് കര്‍ണ്ണന്‍ ബര്‍ത്ത് സര്ട്ടിഫിക്കറ്റിലെ ജാതി കോളത്തില്‍ ‘ബ്രാഹ്മിന്‍’ എന്ന് തിരുത്തി എഴുതിയാണ് അഡ്മിഷന്‍ വാങ്ങിയത്.
.
പഠിക്കാനുള്ളത് ഒക്കെ പഠിച്ചു ഫൈനല്‍ സെം ആവുമ്പോഴേക്കു ഗുരു ഈ കള്ളം കണ്ടു പിടിച്ചു. അത് കര്‍ണ്ണന്‍ തന്നെ സ്വയം പാര ആയതാന്നു അറിയാല്ലോ ..ല്ലേ..???
.
സപ്രിട്ടിക്കറ്റ് തിരുത്തി അഡ്മിഷന്‍ വാങ്ങിയതിനു ഉഗ്രനൊരു ശാപവും കൊടുത്ത് –‘പടിച്ചപണിയൊക്കെ ആവശ്യം വരുമ്പോ മറന്നു പോവും-‘
.
പിന്നെ കര്‍ണ്ണന്‍ കരഞ്ഞു കാലു പിടിച്ചപ്പോ ഇച്ചിരി ഒന്ന് കടുപ്പം കുറച്ചു കൊടുത്തുന്നു മാത്രം ..
.
“..പാവം കര്‍ണ്ണന്‍ .. എന്നിട്ടോ .??.”
.
“...ഫൈനല്‍ സെമ്മിലെ പരൂക്ഷേന്റെ സമയം. പാണ്ടവര്‍ അഡീഷല്‍ ഷീറ്റ് ചറപറ വാങ്ങുന്നു ..കൌരവര്‍ അത് കണ്ടു അവരുടെ അപ്പന് തെറി വിളിക്കുന്നു.
അവിടെ ചെന്ന് കര്‍ണ്ണനും ഹാള്‍ ടിക്കറ്റ്‌ കാണിക്കുന്നു.
.
ഹാള്‍ ടിക്കറ്റ്‌ നോക്കിയ എക്സാമിനര്‍ പറഞ്ഞു “... ജ്ജ് എസ്സി എസ്ടി ആണല്ലോ..?? അനക്കിവിടെ പരൂക്ഷ എഴുതാന്‍ പറ്റൂല്ല ..”
.
“..അയ്യോ ..അത് കഷ്ടായല്ലോ ..”
.
“..ഉം .... പക്ഷെ. അത് കണ്ട ദുര്യോധനന്‍ ..ഈ ചാന്‍സ് മുതലാക്കി “..ബ്രോ ..ജ്ജ് ഇങ്ങു പോര് ഇന്നേ ഞമ്മളെ അംഗരാജ്യത്തിന്റെ രാജാവാക്കാം ..പകരം ഞമ്മളെ ഫ്രണ്ട്ഷിപ്‌ റിക്വസ്റ്റ് ഒന്ന് ആക്സപ്റ്റ് ചെയ്താ മതി..”
.
ഒരു സ്ഥലത്തും ലൈക്കും കമെന്റും കിട്ടാത്ത കര്‍ണ്ണന്‍, ദുര്യോധനന്റെ ചങ്ക് ദോസ്ത് ആയത് അങ്ങനെ ..
.
പിന്നെ അങ്ങോട്ട് ദുര്യോധനനു വേണ്ടി ചാകാന്‍ നടക്കുന്ന അളായി മാറി നമ്മുടെ കര്‍ണ്ണന്‍ ..”
.
“..പിന്നെ എന്ത് സംഭവിച്ചു ..??”
.
“..പിന്നെയും പലയിടത്തും കര്‍ണ്ണന് അപമാനം നേരിടേണ്ടി വരുന്നുണ്ട് ..
ദ്രൌപതിയുടെ സ്വയംവരത്തിനു പോയി വില്ലെടുക്കാന്‍ നോക്കിയപ്പോ – ഞമ്മക്ക് ഇന്റര്‍ കാസറ്റ്‌ മാര്യേജില്‍ താല്‍പ്പര്യം ഇല്ല ..ജ്ജ് വിട്ടോ എന്നുപറഞ്ഞു ദൌപതി ഇന്‍സള്‍ട്ട് ചെയ്തു ..
.
അന്ന് “..ഫീലിംഗ് പെയിന്‍ഡ് .. അനയ്ക്ക് ഞാന്‍ വച്ചിട്ടുണ്ടെടീ “ എന്ന് സ്റ്റാറ്റസ് ഇട്ടു പോയതാ കര്‍ണ്ണന്‍ ..”
.
ദ്രൌപതി അങ്ങനെ ചെയ്യണ്ടാരുന്നു ..സ്വയംവരത്തിനു ആരെ സ്വീകരിക്കണമെന്നുള്ളത് പെണ്ണിന്റെ ഇഷ്ടാണ് ..ന്നാലും ദൌപതിക്ക് ഒന്ന് നൈസ് ആയി സ്കൂട്ടാവാരുന്നു ..ല്ലേ ”
.
“..അതെ ...ദ്രൗപതി ഈ ബെടക്ക്‌ സ്വഭാവം പിന്നെയും കാണിക്കുന്നുണ്ട് .. ഇന്ദ്രപ്രസ്ഥത്തിലെ മയാസുരന്‍ ഉണ്ടാക്കിയ കൊട്ടാരത്തിന്റെ പാലുകാച്ചലിന് വന്ന ദുര്യോധനന്‍ വെള്ളത്തില്‍ വീണപ്പോ ദ്രൌപതി “ബ്ലൈന്‍ഡ് ഫാദറിന്റെ ബ്ലൈന്‍ഡ് സണ്‍” എന്ന് പറഞ്ഞു എല്ലാരുടെ മുന്നില് വച്ചു കളിയാക്കിയത് ഓര്‍മ്മയില്ലേ ..??
.
അന്ന് നിനക്കുള്ള പണി ഞാന്‍ വച്ചിട്ടുണ്ടെഡീ എന്ന് തീരുമാനിച്ചതാ ദുര്യോധനന്‍ .”
.
“...സ്വന്തം ബ്രദര്‍ ഇന്‍ ലോ യോട് ഇങ്ങനെ ചെയ്യണ്ടാരുന്നു , ല്ലേ ..??.”
.
“...അതെ ..അതിനുള്ള ശിക്ഷയാണ് പിന്നെ ദ്രൌപതിക്ക് കിട്ടുന്നത്. കൌരവരുടെ കൂടെയുള്ള ട്വോന്റി- ട്വോന്റിയില്‍ എല്ലാ വിക്കറ്റും പോയി പണ്ടാരടങ്ങി ഡ്രസ്സിംഗ് റൂമില്‍ നിക്കുമ്പോ ദ്രൗപതിക്ക് ദുര്യോധനന്‍ ഇത് തിരിച്ചു കൊടുക്കുന്നുണ്ട് ..”
.
എല്ലാരുടെം മുന്നിലൂടെ ദുശ്ശാസനന്‍ അവരെ വലിച്ചിഴച്ചു കൊണ്ട് വന്നപ്പോ കര്‍ണ്ണനും പഴയ പകതീര്‍ത്ത് ഒരു പഞ്ച് ഡയലോഗ് അടിച്ചു .
‘.....അഞ്ച് ഭര്‍ത്തക്കന്മാരുള്ള നീ വല്ല്യ പോസ് ഒന്നും കാണിക്കണ്ടാ .. അഭിസാരികയും നീയും തമ്മിലെന്തു വ്യത്യാസം ‘ എന്ന കര്‍ണ്ണന്റെ ചോദ്യം കേട്ട ആവേശത്തിലാണ് ദുശ്ശാസനന്‍ അവരുടെ സാരിയില്‍ കൈവച്ചത് ..
.
എന്തിന്റെ പേരിലാലായാലും ഒരു സ്ത്രീയുടെ മാനം കവരുന്നത് തടയാന്‍ കഴിയുന്ന ആളായിട്ടും അത് ചെയ്യാതെ എരിയുന്ന തീയില്‍ പട്രോള്‍ ഒഴിച്ചതിന് കര്‍ണ്ണനും, കിട്ടിയ ചാന്‍സില്‍ സാരിയില്‍ കൈവച്ച ദുശ്ശാസനനും പണി പിന്നീട് കിട്ടുന്നുണ്ടല്ലോ ..
.
“..ന്നാലും യുദ്ദഭൂമിയില്‍ കര്‍ണ്ണന് നീതി കിട്ടിയോ ..?? “
.
“...കര്‍ണ്ണന്‍ ആള് വല്ല്യ യോദ്ധാവും ധാനധര്മ്മിഷ്ടനും ഒക്കെയാണെങ്കിലും കൊറേ ശാപങ്ങളും വാങ്ങി വച്ചിട്ടുണ്ട്. പണ്ട്.
.
പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ പശുവിനെയും കിടാവിനെയും കൊന്നത് വഴി ഒരു പാവം ബ്രാഹ്മണന്റെ “ നീയും നിസ്സഹായനായ അവസ്ഥയില്‍ കൊല്ലപ്പെടും “ എന്ന ശാപം ..
.
ഭൂമിദേവിയുടെ “യുദ്ദഭൂമിയില്‍ വച്ചു നിന്റെ രഥം താഴ്ന്നു പോവുമെന്ന ശാപം “
.
“...നിനക്ക് യോജിച്ച എതിരാളിയോട് യുദ്ദം ചെയ്യുമ്പോ പഠിച്ചത് മറന്നു പോകും..” എന്ന പരശുരാമന്റെ ശാപം.
.
പിന്നെ ഫ്രണ്ട് ഷിപ്പിന്റെ പേരില്‍ ദുര്യോധനനുവേണ്ടി പല അധര്‍മ്മങ്ങള്‍ക്കും കര്‍ണ്ണന്‍ കൂട്ട് നില്‍ക്കുന്നുമുണ്ട് .. അതൊക്കെ കൊണ്ടാണ് യുദ്ദഭൂമിയില്‍ കര്‍ണ്ണന് നിസ്സഹായനായി മരിക്കേണ്ടിവരുന്നത് . സിമ്പിള്‍ ആയി പറഞ്ഞാല്‍ കയ്യിലിരിപ്പിന്റെ ഗുണം ..

.....................................................................
ഇത് നമ്മള്‍ ടിവിയില്‍ കണ്ട മഹാഭാരതം .എന്നാല്‍ .
മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളെയും പോലെ കര്‍ണ്ണനും നമ്മുടെ ഉള്ളിലുള്ള ഒരു ഭാവം ആയാണ് വ്യാസന്‍ അവതരിപ്പിക്കുന്നത്‌ ..
.
കഴിവുകളും ഉണ്ടായിട്ടും അര്‍ഹമായ അംഗീകാരം കിട്ടുന്നില്ല , താന്‍ വേണ്ട വിധത്തില്‍ ശ്രദ്ടിക്കപ്പെടുന്നില്ല എന്ന നമ്മുടെ ഉള്ളിലുള്ള ഭാവം ആണ് കര്‍ണ്ണന്‍.
.
ആരെങ്കിലും നമ്മളെ അംഗീകരിക്കുകയാണെങ്കില്‍ അവരുടെ ഉദ്ദേശം അറിയാമെങ്കില്‍ കൂടി അവരുടെ കൂടെ കൂടുന്നു .. അവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്നു .. അധര്‍മ്മങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നു ..
.
അര്‍ജുനനു ഒത്ത, അല്ലെങ്കില്‍ അര്‍ജുനനെക്കളും മികച്ച യോദ്ദവാണ് എന്നറിഞ്ഞത് കൊണ്ട് തന്നെ തന്റെ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടിയാണ് ദുരോധനന്‍ കര്‍ണ്ണനെ കൂടെ കൂട്ടുന്നത്‌. തടയാന്‍ കഴിയുമായിരുന്ന . ദുര്യോധനന്റെ പല അധര്‍മ്മങ്ങള്‍ക്കും കര്‍ണ്ണന്‍ കൂട്ട് നില്‍ക്കുന്നു , കാരണം ഒന്ന് മാത്രം തന്നെ അംഗീകരിച്ചതും പ്രശസ്തനാക്കിയതും അയാളാണ് ..!!
.

.
നമ്മള്‍ ഓരോരുത്തരിലും ഉണ്ട് ഈ സ്വഭാവം . കവച കുണ്ടലങ്ങളുടെ ശക്തിയുള്ള കാരണങ്ങള്‍ നിരത്തി നമ്മളതിനെ ന്യായീകരിക്കും. എത്ര തന്നെ പുണ്ണ്യപ്രവര്‍ത്തി ചെയ്താലും അതൊക്കെ നിഷ്പ്രഭമാക്കുന്നതാണ് ഈ നിലപാട് . കര്‍ണ്ണനും സംഭവിക്കുന്നത്‌ ഇത് തന്നെ ..
.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ .. മനസ്സിന്റെ കര്‍ണ്ണന്‍ എന്ന ഭാവത്തെ മനസ്സ് തന്നെ (അര്‍ജ്ജുനന്‍ - ഋജുവായ മനസ്സ് ) ശരിയായ് ദര്‍ശനമുള്ള ബുദ്ടിയുടെ ( ശരിയായ് ദര്‍ശനം = സുദര്‍ശനം, ബുദ്ദി = കൃഷ്ണന്‍ ) സഹായത്താല്‍ ഇല്ലാതാക്കുകയാണ് .
.
-------------------------------------------------------------------------------------------------------------------
പാടിപ്പതിഞ്ഞ കഥകള്‍ക്കപ്പുറത്തു ഓരോ വ്യക്തിയും ജീവിതത്തില്‍ അഭിമുഖീകരിക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെയും വ്യാസന്‍ മഹാഭാരതത്തില്‍ വരച്ചു കാട്ടുന്നുണ്ട് ..
.
ഭര്‍ത്താവ് അന്ധനാണ് എന്നറിയുമ്പോള്‍ സ്വയം അന്ധയാവുന്ന ഗാന്ധാരിയെ അല്ല നമ്മളറിയേണ്ടത് ..
രാഷ്ട്രത്തിനെയും സമ്പത്തിനെയും എന്നും അള്ളിപ്പിടിച്ചിരിക്കുന്ന , സ്വന്തം മക്കളുടെ അധര്‍മ്മങ്ങള്‍ക്ക് നേരെ അന്ധതയുള്ള ധൃതരാഷ്ട്രരോട് (ധൃതം – അള്ളിപ്പിടിക്കുക , ) കൂടിച്ചെര്‍ന്നത്‌ കൊണ്ട് അന്ധത സ്വീകരിക്കേണ്ടിവരുന്ന ഗാന്ധാരിയെയാണ് നമ്മള്‍ കാണേണ്ടത് ..!!
.
ഇതും നമ്മുടെ സ്വഭാവത്തിലുണ്ട് , നമുക്ക് ചുറ്റുമുണ്ട് ..
അധികാരവും സമ്പത്തും എന്നും പിടിച്ചു വെക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൂടെ ചേര്‍ന്നത്‌ കൊണ്ട് പല അധര്‍മ്മങ്ങള്‍ക്കും നേരെ കണ്ണടച്ചു സ്വയം അന്ധരാവുന്നവര്‍ ..!!
.
അങ്ങനെ , മക്കളെ നേര്‍വഴിക്കു നയിക്കണ്ടവര്‍ അവരുടെ ചെയ്തികള്‍ക്ക് നേരെ അന്ധത സ്വീകരിച്ചപ്പോള്‍ ആ കുടുംബം തന്നെ നാമാവശേഷമാകുന്നു ..
.
കേട്ട് പതിഞ്ഞ കഥകള്‍ക്ക് അപ്പുറം ഒരു പുനര്‍വായന ആവശ്യമാണ് ..
കര്‍ണ്ണന്‍ എന്ന അതി ഗംഭീരമായ പാത്രശ്രുഷ്ടിയിലൂടെ ഇന്നും പ്രസക്തമായ ഒരു മുഹൂര്‍ത്തം വ്യാസന്‍ തീര്‍ക്കുന്നുണ്ട്
.
കര്‍ണ്ണന്റെ വധത്തിനു ശേഷം കര്‍ണ്ണന്‍ ആരാണെന്ന് തിരിച്ചറിയുന്ന അര്‍ജ്ജുനന്‍ കഠിനമായ വ്യഥയോടെ കുന്തിയോട് ചോദിക്കുന്നു . “ “...അമ്മേ , ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ , ഇത് ഞങ്ങളുടെ ജ്യെഷ്ടനാണെന്ന്, എങ്കില്‍ ഈ യുദ്ദം തന്നെ നമുക്ക് വേണ്ടെന്നു വെക്കാമായിരുന്നില്ലേ .. സ്വന്തം സഹോദരന്‍ ആണെന്നറിയാതെയാണല്ലോ ഞാന്‍ കൊന്നു വീഴ്ത്തിയത് ...”
.
അതെ,
.
മതത്തിന്റെയും , അതിര്‍ത്തികളുടെയും , വര്‍ഗ്ഗ വര്ണ്ണത്തിന്റെയും നിലപാടുകളുടെയും കൊടികളുടെയും പേരില്‍ തീര്‍ക്കപ്പെട്ട ചേരികള്‍ക്കിരുപുറവും നിന്ന് നാം പരസ്പരം കൊന്നു വീഴ്ത്തുന്നത്, സഹോദരങ്ങള്‍ ആണെന്ന് തിരിച്ചറിയാതെയാണ് .. !!!

പുരുഷന്‍ ഒരു ഫീകര ജീവിയാണ് ..!!



ഈ ഫേസ് ബുക്കില്‍ വരുന്ന ചില പോസ്റ്റുകള്‍ വായിക്കുമ്പോ എനിക്ക് മനസ്സിലായ ഒരു കാര്യണ്ട് .
പുരുഷന്മാര്‍ കണ്ണില്‍ ചോരയില്ലാത്തവരാണ് , 
ചതിയന്മാരാണ് , 
ക്രൂരന്മാരാണ്,
ഭീകരന്മാരാണ് , 
ബിന്‍ ലാദനാണ്, ടി ജി രവിയോ ഫീമന്‍ രഘുവോയെങ്കിലുമാണ്..!!.എന്നാല്‍ ഈ പെണ്ണുങ്ങളോ..??അമ്മയാണ്, ദേവിയാണ്, 
ശക്തിയാണ്, 
കുളിരാണ്, 
“അമൃത”യാണ്, “ചന്ദന മഴയാണ്”, “പൊന്നമ്പിളിയാണ്”.....|.ന്റെ മഹിളാരത്നങ്ങളെ, ന്നാ ഇങ്ങള് ആരെങ്കിലും ഒരു കുട്ടീനേം ഒക്കത്തിരുത്തി കയ്യില്‍ മാര്‍ജിന്‍ ഫ്രീ സാധങ്ങളും ആയി ബസ്സില്‍ കയറി നോക്ക് , 
അപ്പൊ കാണാം കളി...!!
ഇരിക്കുന്ന മഹിളാരത്നങ്ങള്‍ നിങ്ങളെ കണ്ട ഭാവം നടിക്കില്ല, അവര്‍ സീരിയല്‍ താരങ്ങളെപ്പോലെ, നിങ്ങളുടെ മുഖത്ത് നോക്കാതെയാവും പിന്നെ സംസാരം .. 

അമ്മയും ദേവിയും പോയിട്ട്, കുടുംബത്തിനു വേണ്ടി കാമുകനെ പോലും വിട്ടു കൊടുക്കാന്‍ തയ്യാറായ “പൊന്നമ്പിളി” പോലും സീറ്റ് വിട്ടു തരില്ല ...!! മൂന്നു തരം..!! .ഏതെങ്കിലും പാവം പുരുഷു അലിവു തോന്നി നിങ്ങള്ക്ക് സീറ്റ് തന്നാലോ , ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ ആയിട്ടെങ്കിലും അവരെ നിങ്ങുടെ മേല്‍ ചാരി നിക്കാന്‍ നിങ്ങളനുവദിക്കാറുണ്ടോ...???.സത്യം പറഞ്ഞാല്‍ ഈ പുരുഷന്‍മാര്‍ എത്ര മനസ്സലിവുള്ളവരാണെന്ന് നിങ്ങള്‍ക്കറിയോ ???.“...ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍..” എന്ന് ചോദിച്ച വന്ന പെണ്‍മണിയുടെ വീഡിയോ, വാട്സ് ആപ്പിലും ഫേസ് ബുക്കിലും നിങ്ങളും കണ്ടില്ലേ ...എത്ര സേവന സന്നദ്ദരാണ് നമ്മുടെ ആണ്‍കുട്ടികള്‍ ..!!സിഗരട്ട് ചുണ്ടില്‍ വച്ചു കൊടുക്കുന്നു , വലിപ്പിക്കുന്നു , ഊതിക്കുന്നു , കെട്ടിപ്പിടിക്കുന്നു ...പോട്ടം പിടിക്കുന്നു ...അവരുടെ ആ സ്നേഹവും ആത്മാര്‍ത്ഥതയും കണ്ടിട്ട് നിറഞ്ഞ എന്റെ കണ്ണ് ഇതുവരെ തോര്‍ന്നിട്ടില്ല ...!!.ഇപ്പോഴും ഉള്ള പരാതിയാണ് ആണ്‍പിള്ളേര്‍ക്ക് കൊറേ കാമുകിമാരുണ്ടാവുന്നു..ങ്ങക്കറിയോ ആയിരം പുഷന്മാര്‍ക്ക് 1084 സ്ത്രീകളാ ഞമ്മളെ കൊച്ചു കേരളത്തില്‍ ..!!.ഓരോ പുരുഷനും ഓരോ കാമുകി മാത്രം മതിയെന്ന് വച്ചാല്‍ ബാക്കി 84 പെണ്ണുങ്ങളുടെ കാര്യം ആരു നോക്കും ..?? 


ങ്ങക്കൊന്നും അതൊന്നും ചിന്തിക്കെണ്ടല്ലോ .. 


അത്രക്കു സ്വാര്‍ത്ഥരാവാന്‍ ഞങ്ങള്‍ ആണുങ്ങളെ കിട്ടില്ല..!!.ന്താ, പറഞ്ഞേ, ഒറ്റയ്ക്ക് പോവുമ്പോ പോറകേ വന്നു പാട്ടൊക്കെ പാടി ശല്ല്യപ്പെടുത്താറുണ്ടെന്നോ..??.ന്റെ ജ്ഹാന്‍സീ റാണിമാരെ അത് ശല്ല്യപ്പെടുത്തുന്നതല്ല, നിങ്ങള്ക്ക് ഒരാപത്തും വരണ്ടാന്നു കരുതി എസ്കോര്‍ട്ട് വരുന്നതല്ലേ .. ..പുവര്‍ ലേഡീസ്... 


പിന്നെ പാട്ട്, എപ്പോഴും ഹെഡ് ഫോണ്‍ വച്ചു പാട്ട് കേള്‍ക്കുന്നത് ചെവിക്കു മോശാന്നു ഏതു “എത്നിക് ഹൈ കോര്‍ട്ട്കാരനാണ്” അറിയാത്തത് ?? 


അത് കൊണ്ടല്ലേ ഞങ്ങളാല്‍ ആവുന്നത് പോലെ പാട്ട് പാടിത്തരുന്നത് ..??.ബസ്‌ സ്റൊപ്പിലോ മറ്റോ വച്ചു വേറെ ഏതേലും വായി നോക്കികള്‍ നിങ്ങളെ ശല്ല്യപ്പെടുത്തട്ടെ അപ്പൊ കാണാം ഞങ്ങളുടെ ഉത്തരവാദിത്ത ബോധം.. 


“...വാട്ട് ഇസ് ദി മാറ്റര്‍ പെങ്ങന്‍സ് ..” എന്ന് ചോദിച്ചു പ്രശനത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ അല്ലാതെ ഏതേലും ഉണ്ണിയാര്‍ച്ച ഇത് വരെ വന്നിട്ടുണ്ടോ ?? 


സ്മരണ വേണം ..........സ്മരണ ...പണ്ടൊന്നു കമന്ടടിച്ച് പോയേന് അച്ഛനാങ്ങളമാരെ വിട്ടു പഞ്ഞിക്കിട്ടിട്ടുണ്ടെങ്കിലും ഇന്ന് നിങ്ങളുടെ പോസ്റ്റില്‍ കമെന്ടടിക്കാനും ലൈക്കടിക്കാനും ഞങ്ങളല്ലേ ഉള്ളൂ ..?? 


ജസ്റ്റ്‌ റിമെംബര്‍ ദാറ്റ് (ഷിറ്റൊടുകൂടിയത് ഒരെണ്ണം )..!!.വളയിട്ട കൈകളുടെ പോസ്റ്റില്‍ ലൈക്കുന്നതും കമന്ടുന്നതും ഒലിപ്പീരുകളാണെന്നു ചില സാമദ്രോഹികള്‍ പറയാറുണ്ടെങ്കിലും ഞങ്ങളത് കാര്യമാക്കാറില്ലല്ലോ... ???.സ്വന്തം പെങ്ങള്‍ക്ക് പിറന്നാളിന് ഒരു കുപ്പിവള പോലും വാങ്ങിക്കൊടുക്കില്ലെങ്കിലും ഫേസ് ബുക്ക് പെങ്ങന് അഞ്ചു കിലോ കേക്കിന്റെ ഫോട്ടോ എങ്കിലും ഞങ്ങള്‍ കൊടുത്തിരിക്കും .. 


അതാണ്‌ ഉറുമീസ് ......!!.ഞങ്ങളുടെ പാന്റ്സ് എത്ര “ലോ ലെവലില്‍” കിടന്നാലും നിങ്ങളുടെ ലെഗ്ഗിന്‍സിന് ഇറുക്കം കൂടിയോ എന്ന് കണ്ണില്‍ എണ്ണ ഒഴിച്ചു നോക്കാന്‍ ഞങ്ങളല്ലേ ഉള്ളൂ..?? .ഇത്രയൊക്കെ സേവനങ്ങള്‍ ചെയ്യുന്ന ഞങ്ങളെക്കൊണ്ട് ഇല്ലാ വചനം പറഞ്ഞു നടക്കുന്ന നിങ്ങളോട് ദൈവം ചോദിക്കും ..

അത്രയേ എനിക്ക് പറയാനുള്ളൂ.. 


എന്ന്, നിങ്ങളുടെ സ്വന്തം ഫേസ് ബുക്ക് ഉടപ്പിറന്നോന്‍. ( ലവര്‍  ആയി  പ്രൊമോഷന്‍  കിട്ടുന്നത്  വരെ മാത്രം  )(ഒപ്പ്).(..അമൃതയെയും പൊന്നമ്പിളിയെയും ഒക്കെ എങ്ങനെയാ പരിചയം എന്നാവും ഡൌട്ട്, .രണ്ടു ടിവി വാങ്ങാനുള്ള കാപ്പാകിറ്റി ഇല്ല സാര്‍..)