Dream ...! Becoz those don't have dreams don't have much...!


2014 ഡിസംബർ 23, ചൊവ്വാഴ്ച

Arrival Terminals....


ആ പച്ചപ്പ്‌ കാണാന്‍ തുടങ്ങിയപ്പോഴാണ് മനസൊന്ന് തണുത്തത് എന്റെ മാത്രല്ല എല്ലാരുടെയും.


താഴേക്ക്‌ താഴേക്ക് എത്തിയതോടെ കൈവീശി പരിചയം കാണിക്കുന്ന തെങ്ങോലകളും നാണിച്ചു തല താഴ്ത്തി കുലനിറഞ്ഞു നിക്കുന്ന വാഴകളും തെളിഞ്ഞു . 

വീടിന്റെ ചിമ്മിനികള്‍ ഒക്കെയും ഉറക്കച്ചടവില്‍ നിന്ന് എഴുന്നെറ്റ് കോട്ടുവാ ഇട്ടു തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. 

ഇത്രയും നേരം പറന്നതിന്റെ ആയാസം ഒന്ന് കുലുക്കി കുടഞ്ഞു വിമാനം നിലത്തിറങ്ങേണ്ട താമസം അടക്കിപിടിച്ച വെമ്പലുകള്‍ “സാമാന്‍ കക്ഷ്” തുറന്നു പുറത്തു ചാടി ..

വര്‍ഷങ്ങളായി കാത്തിരുന്നു കണ്ണു കഴച്ചവരുടെ അടുത്തേക്ക് എത്രയും പെട്ടന്ന് എത്താനുള്ള വെമ്പല്‍ ഒരു അനൌണ്‍സ്മെന്റിനും തടുക്കാന്‍ കഴിയാറില്ല, ഒരിക്കലും..

എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോള്‍ ഞെട്ടിയത് ഞാനാണ്‌,
വെറും 3 പേര്‍ മാത്രം മുന്നില്‍ ..!!

എന്റെ പൊന്നും കുരിശു മുത്തപ്പാ ഇത് കാലിക്കറ്റ്‌ എയര്‍പോര്‍ട്ട് തന്നെ യോ ..!!!
പോണ പോക്കില്‍ എന്തായാലും ഒരു ലോട്ടറി ടിക്കറ്റ്‌ എടുത്തേക്കാം !!
.
.
.
വീടുകാര്‍ക്കും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമുള്ള മണവും മധുരവും കുത്തി നിറച്ച പെട്ടിയും എടുത്തു പ്രതീക്ഷയും ആകാംഷയും വെമ്പലും അക്ഷമയും നിറഞ്ഞ ഒരായിരം കണ്ണുകള്‍ക്കിടയിലൂടെ പതിയെ പുറത്തേക്കിറങ്ങി ..

അവരെത്തിയിട്ടില്ല, വീട്ടിലേക്കു കൊണ്ടുപോകാന്‍
ചിലതൊക്കെ സമയത്തിന് കഴിഞ്ഞാല്‍ അതും ഒരു പാടാണ്..!!

വിളിച്ചു നോക്കിയപ്പോള്‍ ഇനിയും ഒരു മണിക്കൂര്‍ എങ്കിലും എടുത്തേക്കും അവരിങ്ങെത്താന്‍ .. അത് വരെ ഈ ആള്‍ക്കൂട്ടത്തില്‍ നടുവില്‍ .

ഇമ വെട്ടാതെ ഉറ്റു നോക്കുകയാണ് എല്ലാവരും എയര്‍പോര്‍ട്ടിനകത്തേക്ക്
അടുത്ത വരുന്ന ആള്‍ തങ്ങള്‍ കാത്തിരിക്കുന്നവര്‍ ആകുമെന്ന പ്രതീക്ഷയില്‍..

ദാ.... അച്ഛന്‍...!! അച്ഛന്‍..!!!

പുറകില്‍ നിന്നൊരു ചെക്കന്‍ എന്നെ വകഞ്ഞു മാറ്റി മുന്നോട്ടോടി .. കൂടെ ഒരു കൊച്ചു സുന്ദരിയും ..
പ്ലാസ്റ്റിക്‌ കയറു കൊണ്ട് മുറുക്കി കെട്ടിയ സ്നേഹവും ആഗ്രഹങ്ങളും സ്വപ്നങ്ങളും ട്രോളിയില്‍ തള്ളി കൊണ്ട് വരുന്ന ആളായിരുന്നു അവരുടെ ലക്‌ഷ്യം ..

ഓടിച്ചെന്ന അവന്‍ അച്ഛന്റെ കയ്യില്‍ നിന്ന് ട്രോളി കൈക്കലാക്കി.

അവന്റെ അനിയത്തി കുട്ടി അച്ഛനെയും.

അപ്പോഴാണ് അവന് മനസിലായത് ആ ട്രോളിയില്‍ ഉള്ളതിനേക്കാള്‍ വിലപിടിച്ചത് അനിയത്തിക്ക് കിട്ടിയെന്നു.

ട്രോളി വഴിയില്‍ ഉപേക്ഷിച്ചു അവനും ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു

കണ്ണില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരിയും കോണുകളില്‍ എവിടെയോ ഇച്ചിരി നനവും ആയി മുന്നോട് വന്ന അയാളുടെ അടുക്കലേക്കു 3 പേര്‍ കൂടി വന്നു , ഇച്ചിരി മുതിര്‍ന്ന ഒരു ചുരിദാര്‍ കാരിയും പിന്നെ അവളുടെ അമ്മയും കൂടെ ഒരു സ്ത്രീയും ..ഇത്തിരി മുതിര്‍ന്ന കൊണ്ടാവണം അവള്‍ക്കു അച്ഛനെ കെട്ടിപിടിക്കാന്‍ ഒരു മടി.
ആ മനസു വായിച്ചെന്ന പോലെ അച്ഛന്‍ അവളെയും തന്നോട് ചേര്‍ത്ത് നിര്‍ത്തി മൂര്‍ദ്ദാവില്‍ ഒന്നു മുകര്‍ന്നു ..

പിന്നെ അമ്മയെ നോക്കി .

വര്‍ഷങ്ങളുടെ പരിഭവങ്ങള്‍, വിശേഷങ്ങള്‍..... എല്ലാം അവര്‍ നിമിഷങ്ങള്‍ക്കൊണ്ട് കണ്ണുകളിലൂടെ പറഞ്ഞു തീര്‍ത്തു .

മൌനം എത്ര വാചാലമാണ്‌ !!

നിറഞ്ഞ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ ആവണം അയാള്‍ കണ്ണട എടുത്തു വച്ചു അവരേയും കൂട്ടി നടന്നു നീങ്ങി ..
.
.
.
പിന്നെ വന്നത് കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരന്‍

അതാ.... ഞമ്മളെ പുയപ്ലാ ..!!!

ഏടെ..?? ഏടെ ..???

കൊറേ പേരുണ്ടായിരുന്നു അയാളെ സ്വീകരിക്കാന്‍ .. ഏറ്റവും മുന്നില്‍ കൈകുഞ്ഞുമായി ഒരു വൃദ്ദന്‍ ..
“..അസ്സലാമു അലൈക്കും..” അളിയന്‍, ആവണം കെട്ടിപിടിച്ചാണ് അയാളെ സ്വീകരിച്ചത് ..

പിന്നെ വൃദ്ദന്റെ കയ്യില്‍ നിന്ന് ആ കുഞ്ഞിനെ അയാള്‍ ഏറ്റുവാങ്ങി ഒന്ന് ഉമ്മവച്ച് നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു.

രക്തം രക്തത്തെ തിരിച്ചറിഞ്ഞു...!!

അവന്‍ ഉണര്‍ന്നു ..

ഒറ്റക്കരച്ചിലില്‍ അവനെ കാണാന്‍ വരാന്‍ വൈകിയതിന്റെ പരിഭവവം അവന്‍ പറഞ്ഞു തീര്‍ത്തു.
എന്നിട്ടും അരിശം തീരഞ്ഞു കുഞ്ഞികാലുകൊണ്ട് ബാപ്പയുടെ നെഞ്ചത്ത്‌ ചവിട്ടി.
ചോര തൊട്ടെടുക്കാവുന്ന കുഞ്ഞ് മുഷ്ടി ചുരുട്ടി പ്രതിഷേധിച്ചു

“.....ഉപ്പാനെ പോലെന്നെ ബാശിക്കാരനാ, ഓനും .” പുറകില്‍ നിന്ന് ഒരു തട്ടത്തിന്‍ മറയത്ത് പുരികക്കൊടികള്‍ ഉയര്‍ന്നു ..

കുട്ടിയ സ്വന്തനിപ്പിക്കാനെന്നോണം അടുത്ത വന്ന അവളെ അവന്‍ ചുമല്‍ കൊണ്ടൊന്നു തട്ടി, അവളുടെ കവിളില്‍ വിരിഞ്ഞത് നാണത്തിന്റെ പതിനാലാം രാവ്..

“..പുയാപ്ലേ, ബാ പൂവാം, ബണ്ടി ബന്ന്ക്ക്ണ്..” എന്ന് ആരോ പറഞ്ഞപ്പോള്‍ എല്ലാവരും മുന്നോട്ട് നടന്നു .

ആ തക്കത്തിന് അവരുടെ കൈവിരലുകള്‍ കൂടി പിണഞ്ഞു..

അവളുടെ വിരലുകള്‍ ആദ്യം പരിഭവിച്ച് പിണങ്ങി നിന്നു.

അവന്റെ വിരലുകള്‍ കെഞ്ചി...

തല്ലു കൂടി, പിണങ്ങി.

പിന്നെ ഒന്ന് ചേര്‍ന്ന് കുറെറേ രഹസ്യങ്ങള്‍ കൈമാറി..

പിന്നെ ഇനി ഒരിക്കലും അകലാന്‍ സമ്മതിക്കില്ലെന്ന പോലെ ഒന്ന് ചേര്‍ന്ന് നിന്ന് മുറുകെ പിടിച്ചു ....

.............................

പിന്നെയും പലരും വന്നു ..

ചിലര്‍, ബജറ്റ് വിമാനങ്ങളുടെ കണിശതയില്‍, പലവട്ടം തൂക്കിയും കെട്ടിയും മാറ്റിക്കെട്ടിയും,
കടം വാങ്ങിച്ച പൈസ കൊണ്ട് വാങ്ങിയ പലതും മനസില്ലാ മനസ്സോടെ മാറ്റി വെച്ചും
“കാര്‍ട്ടൂണ്‍” (കാര്‍ട്ടണ്‍) ബോക്സില്‍ അമര്‍ത്തിവച്ച സ്വപ്നങ്ങളുമായി വന്നു..

ആരും കാത്തിരിക്കാന്‍ ഇല്ലാത്ത ചിലരുമുണ്ടായിരുന്നു കൂട്ടത്തില്‍.
നിസ്സംഗമായ മുഖത്തോട് കൂടി ഒരു കോണില്‍ ചെന്ന് നിന്ന് വണ്ടിക്കാരോട് വിലപേശുന്നവര്‍.
എഴുതിയതൊക്കെയും എന്നോ മാഞ്ഞു പോയ കടലാസ്സു പോലെയാണ് അവരുടെ മുഖം.....തിളക്കമില്ലാതെ.

ചിലര്‍ വമ്പന്‍ വിമാന കമ്പനികളുടെ ധാരാളിത്തത്തിന്റെ ടാഗ് കെട്ടിയ വലിയ പെട്ടികളുമായി വന്നു.

വീഡിയോ ആല്‍ബങ്ങളിലെ നായകരെ പോലുള്ളവര്‍ .. മരുഭുമില്‍ സ്വര്‍ണ്ണം കൊയ്യുന്നവര്‍..!!

തിരിച്ചു പോകാനുള്ള പണം ഉണ്ടാക്കാന്‍ വേണ്ടി ഡ്യൂട്ടി ഫ്രീ സാധങ്ങള്‍ വലിയ ബാഗുകളില്‍ ചുമന്നു കൊണ്ട് വരുന്നു ചിലര്‍..

“....ഓന് കൊറേ പെണ്‍കുട്ട്യോളെ നോക്കി വെച്ചിട്ട്ണ്ട്....ഈ പ്രാവശ്യം എന്തായാലും പോന്നെനും മുമ്പ് എന്തെങ്കിലും ഒന്ന് ശരിയാക്കണം ..” അടുത്ത് നിന്ന ഒരമ്മ കൂടെ ഉള്ള സ്ത്രീയോടാണ് “..ഇഞും കൂടി ഒന്ന് പറെണേ ഓനോട്‌...”
അടുക്കളയില്‍; തനിക്കൊരു കൂട്ട് മകന്‍ കൊണ്ട് വരുമെന്ന പ്രതീക്ഷയുണ്ട് വാര്‍ദ്ദക്ക്യം കുഴി തീര്‍ത്ത ആ കണ്ണുകളില്‍.....

“....ആള് ഇപ്പൊ ഫ്ലൈറ്റ് എറങ്ങീറ്റെ ഉള്ളൂ.. പോണ വയിക്കു ഒന്ന് പ്ലോട്ട് കണ്ടേന് ശേഷം അഡ്വാന്‍സ്‌ കൊടുക്കാന്ന്..... റെഡി കാഷ്...” സമ്പാധിച്ച് വച്ച പണം പോലെ വലിയ ശരീരമുള്ള ഒരാള്‍ ഫോണിലൂടെ കച്ചവടം ഉറപ്പിക്കുകയാണ് .

“...രാസ്താ ദേദോ, സൈഡ് മേം ഹോ ജാവോ ..”

ഇടയിലൂടെ, വഴികള്‍ തീര്‍ക്കാന്‍ ആള്‍ക്കാരെ മാറ്റിക്കൊണ്ട് ഒലീവ് പച്ചയില്‍ പൊതിഞ്ഞ കപ്പടാ മീശയും ഗൌരവവും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

.പക്ഷെ മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കാത്തിരിപ്പിന്റെ വെമ്പല്‍ നിയമങ്ങള്‍ക്കു അതീതമാവുന്നു
.
.
.
സ്വപ്‌നങ്ങള്‍ കൊയ്യാന്‍ പോകുന്നവരെ യാത്രയാക്കാന്‍ വരുന്നവരുടെ കയ്യിലെ നനഞ്ഞ കൈലേസുകളും,

തുളുമ്പുന്ന കണ്ണുകളും,

അത് കണ്ടു നില്‍ക്കാന്‍ ശേഷിയില്ലാതെ മുഖം തിരിച്ചു കൈവീശി തിടുക്കത്തില്‍ അകത്തേക്ക് കയറിപ്പോവുന്നവരുടെ പൊടിയുന്ന നെഞ്ചും ,
.
തിരിച്ചു വരുന്നവരുടെ ദീര്‍ഘ നിശ്വാസങ്ങളും,
.
അവരെ സ്വീകരിക്കാന്‍ വരുന്നവരുടെ കണ്ണുകളിലെ നനവിന്റെ നക്ഷത്ര തിളക്കവും എന്നും ഒരേ ഭാവത്തോടെ നിസ്സംഗമായി കണ്ടു നില്‍ക്കുന്ന കുറച്ചു പേര്‍ മാത്രമുണ്ട്;

..
എയര്‍ പോര്‍ട്ടിലെ വലിയ തൂണുകള്‍ ..!!

അവയെപ്പോലെ ആവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ..!!!
.
....................................................................................................................

മുമ്പൊരിക്കല്‍ ഇത് പോലെ കൊണ്ട് പോകാന്‍ വരുന്നവര്‍ ലേറ്റ് ആയപ്പോള്‍ വിളിച്ചു നോക്കാന്‍ വേണ്ടി ഫോണ്‍ ബൂത്ത്‌ അന്വേഷിച്ചു നടന്നെത്തിയത്‌ പോലിസ് എയിഡ്‌ പോസ്റ്റില്‍. അവിടെ ഉള്ള പോലീസുകാരന്‍ “..ഇവിടെങ്ങും ഇപ്പൊ ഫോണ്‍ ബൂത്തില്ല, ഇവിടെ ഉള്ള മൊബൈല്‍ നിന്ന് വിളിച്ചോളൂ..” എന്ന് പറഞ്ഞു മൊബൈല്‍ തന്നപ്പോള്‍ അദ്ഭുതത്തോടെ ഞാനാ ബോര്‍ഡ്‌ ഒന്ന് കൂടെ വായിച്ചു തെറ്റിയില്ല എന്നുറപ്പിച്ചു.

പരിചയപ്പെട്ടപോള്‍ എനിക്കൊരു കസേര തന്ന് അദ്ദേഹം “ കോയിക്കോട്ടാ” രനായി. കുട്ടികള്‍ക്ക് കൊടുക്കാനായി “ ഫോറിന്‍ മുട്ടായി” കൊടുത്തു ഞാന്‍ തലശ്ശേരിക്കാരനും .

വിശേഷങ്ങള്‍ പലതും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടായിലാണ് ഞങ്ങള്‍ അവരെ കണ്ടത് ..

ഒരു കോണില്‍ കൂനിക്കൂടി ഒരു പാവം ഉമ്മ ..കൂടെ പ്രായത്തിലും മുഖത്തെ ചുളിവുകളിലും അവരോട് മത്സരിച്ചു കൊണ്ട് മുഷിഞ്ഞ ഒരു ബാഗും.

കുഴിഞ്ഞ, തിളക്കം നഷ്ടപ്പെട്ട കണ്ണുകളും,

പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ ഒട്ടിയ, ചുളിവു വീണ കവിളുകളും
 മെലിഞ്ഞ ശരീരവും ആ ഗദാമ ഗള്‍ഫിലെ അറബി വീട്ടില്‍ അനുഭവിച്ച “ സുഖ സൌകര്യങ്ങള്‍” പറയാതെ പറയുന്നുണ്ടായിരുന്നു.

“..ഉമ്മ എന്താ ഇവിടെ നിക്ക്ന്നേ..” ചോദിക്കാതിരിക്കാന്‍ തോന്നിയില്ല എനിക്ക്.

“..കൂട്ടാന്‍ ബരുന്നോല് എത്തീക്കില്ല, മോനേ..” അവര്‍ പതിയെ തിരിഞ്ഞു നോക്കി.

“...ന്നാ ങ്ങള് ഇങ്ങോട്ടിരുന്നോളീം ഉമ്മാ..” പോലീസുകാരനും ഒരു മകനായി

“..ബേണ്ട മോനെ ഓലിപ്പോം ബരും ..” ആ ശബ്ദത്തിലെ തണുപ്പ് വരാനുള്ളവര്‍ എപ്പോ വരുമെന്ന് ഞങ്ങളെ മനസിലാക്കിച്ചു തന്നു .

അവര്‍ വൈകും. കാരണം,

ആ ഉമ്മ കൈകളില്‍ നിറഞ്ഞ പെട്ടികള്‍ ഇല്ല

സമ്മാനങ്ങളും ഇല്ല..,

സ്വപ്‌നങ്ങള്‍ വിളയുന്ന മണ്ണിലെ സുഗന്ധമില്ല..,

വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മധുരവുമില്ല.

ഗന്ധവും രുചിയും ആവുന്നിടത്തോളം പകരുന്നു നല്‍കിയ കറി വേപ്പിലയാണ് അവരിപ്പോ.

രുചികരമായ് ഭക്ഷണം എല്ലാവരും കഴിച്ചു കഴിഞ്ഞു, വയറു നിറയെ..

കറിവേപ്പിലക്കിനി പുറത്താണ് സ്ഥാനം .
.
.
.

.
എച്ചിലിന്റെ കൂടെ പെറുക്കിക്കളയാന്‍ ആരെങ്കിലും വരാതിരിക്കില്ല.

അധരംകൊണ്ടധരത്തില്‍ കവിത രചിക്കുമ്പോള്‍...



കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പ്രബുദ്ധരായ ജനങ്ങളുള്ള ഒരു നാട്ടിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ചു ഒരു സ്ത്രീയും പുരുഷനും കൂടി വഴക്കിട്ടു ..

ആരും ഇടപെട്ടില്ല...

സദാചാരക്കാരും സംസ്ക്കാര സമ്പന്നരും നോക്കി നിന്നു ..

കുറച്ചു നേരത്തിനകം ആ സ്ത്രീ പച്ച ജീവനോടെ കത്തിയെരിഞ്ഞു ..!!
ആരെങ്കിലും ഒന്ന് ഇടപെട്ടിരുന്നെങ്കില്‍...ഒരു പക്ഷെ ...

...........

അതി ജീവനത്തിനു വേണ്ടി കുറച്ചു പേര്‍ നില്‍പ്പ് സമരം നടത്തുന്നു ..
ആരും അത് കാണുന്നില്ല ...

പോസ്റ്റുകളും കമന്റുകളും അധികമില്ല...!!
ഇടപെടാന്‍ ആര്‍ക്കും താല്പര്യമില്ല ....

...................

അപകടത്തില്‍ പെട്ട് ആരെങ്കിലും രക്തം വാര്‍ന്നു കിടക്കുമ്പോള്‍
നമ്മള്‍ കാണാതെ പോകുവാന്‍ ഇഷ്ടപ്പെടുന്നു...

പക്ഷെ, രണ്ടു ജോഡി ചുണ്ടുകള്‍ക്കിടയില്‍ നമ്മള്‍ ....??

.......................

ഇടപെടേണ്ടത്തില്‍ തന്നെയാണോ നമ്മള്‍ ഇടപെടുന്നത് ???

അറിഞ്ഞുകൂടാ...

എതിലൊക്കെയാണ് നമ്മള്‍ ഇടപെടേണ്ടത് ??

അതും അറിഞ്ഞുകൂടാ ...

എങ്കിലും ഇതില്‍ ഞാനും ഒന്ന് ഇടപെടുകയാണ്.

ഒരു ഭാര്യയും ഭര്‍ത്താവും അല്ലെങ്കില്‍ ഒരു യുവാവും യുവതിയും ഒന്നിച്ചിരിക്കുമ്പോള്‍ അതിലേക്കു ഭൂതക്കണ്ണാടി വച്ച് നോക്കി ഇടപെടുന്ന, അവരെ ചോദ്യം ചെയ്യുന്ന സദാചാരക്കാരെ ഒരിക്കലും നമ്മുക്ക് അനുവദിക്കാന്‍ വയ്യ .

ഞാനും യോജിക്കുന്നു ..

ഒരു ചുംബനം ഇവിടെ ഒരു ആകാശത്തിനും ഭീഷണി അല്ല ...

പക്ഷെ നിഷേധിക്കപ്പെട്ട ഏതു അവകാശത്തിനു വേണ്ടിയാണ് നമ്മള്‍ വിലപിക്കുന്നത് ..??

നിങ്ങള്‍ പറയുന്നു-

പൊതു സ്ഥലത്ത് വച്ചു സുഹൃത്തിന് സുഹൃത്തിനെ ചുമ്പിക്കാനുള്ള അവകാശത്തിനു വേണ്ടി

അച്ഛന് മകളെ ചുമ്പിക്കാനുള്ള അവകാശത്തിനു വേണ്ടി,

സഹോദരന് സഹോദരിയെ ചുമ്പിക്കാനുള്ള അവകാശത്തിനു വേണ്ടി

വേണം ..

എപ്പോഴൊക്കെയാണ് അച്ഛന് മകളെ പൊതുസ്ഥലത്ത് വച്ചു ചുംബിക്കാന്‍ തോന്നുക ...?? (ചെറിയ കുട്ടികള്‍ ആവുമ്പോള്‍ ആര്‍ക്കും പരാതി ഇല്ലല്ലോ )

മകള്‍ ഒരു വിജയം കയ്യില്‍ ഒതുക്കി വരുമ്പോള്‍ ...

വിവാഹിതയായി പടിയിറങ്ങുമ്പോള്‍...

അകലങ്ങളിലേക്ക് യാത്ര പറഞ്ഞു പോകുമ്പോള്‍...

ആശുപത്രിയുടെ ഇടനാഴിയില്‍ വച്ചു ???

ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു വരുമ്പോള്‍ ???

ഈ അവസരങ്ങളില്‍ എവിടെ വച്ചായാലും ചുംബനത്തിനോ ആലിംഗനത്തിനോ ഇടയില്‍ ഏതെങ്കിലും സദാചാരക്കാരന്‍ അവന്റെ എതിര്‍പ്പുമായി വരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ???

ഒരു സഹോദരന്‍ തന്റെ സഹോദരിയെ ഈ അവസരങ്ങളില്‍ ചുംബിക്കുമ്പോള്‍
അവിടെ എന്തെങ്കിലും എതിര്‍പ്പ് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ ???

ഒരു ഭര്‍ത്താവിനും ഭാര്യക്കുമിടയിലാണെങ്കില്‍ നിങ്ങള്‍ എന്തെങ്കിലും കോലാഹലങ്ങള്‍ കാണുമോ ???

ഇല്ല..ഒരിക്കലും ഇല്ല ...
.
.
ഇപ്പോള്‍ നിങ്ങള്‍ പറയുന്നു, നമുക്ക് വേണ്ടത് സൌഹൃദ ചുംബനത്തിനുള്ള അവകാശമാണെന്ന് ... അതില്‍ കാമമില്ലെന്ന്…

ആണും ആണും പെണ്ണും പെണ്ണും തമ്മിലുള്ള സൌഹൃദത്തില്‍ വിവാദങ്ങള്‍ ഒന്നുമില്ലല്ലോ

ആണും പെണ്ണും തമ്മില്‍ ആവുമ്പോള്‍ മാത്രമാണ് പ്രശ്നങ്ങളുടെ കുത്തൊഴുക്ക് ...

എപ്പോഴാണ് കാമമില്ലാത്ത, മാംസ നിബദ്ദമല്ലാത്ത സൌഹൃദ ചുംബനങ്ങലും ആലിംഗനങ്ങളും ഉണ്ടാവുന്നത് ..

കാണുന്ന നിമിഷം ..!!

അല്ലാതെ അത് ഏതെങ്കിലും കോഫീ ഷോപ്പിന്റെ കെട്ടി ഉയര്‍ത്തിയ മതിലുകളുടെ മറവിലല്ല...!!

തുറന്നു വച്ച കുടയുടെ നിഴലില്‍ അല്ല ...!!

പരസ്പരം കാണുന്ന ആ നിമിഷത്തില്‍ മാത്രം, ഒരു മറ തേടിയല്ല ഒരിക്കലും..

സൌഹൃദ ആലിംഗനങ്ങള്‍ ഹ്രസ്വമായാണ് കാണാറുള്ളത്‌.
അല്ലാതെ നമ്മള്‍ ഏവരും കണ്ടത് പോലെ ഇഴുകി ചേര്‍ന്ന്,കെട്ടി പുണര്‍ന്ന്‍ അല്ല ..
.
നിങ്ങള്‍ പിന്നെയും ചോദിക്കുന്നു ..

മറ്റു പല മെട്രോകളിലും ചോദ്യം ചെയ്യപ്പെടാത്ത സൌഹൃദങ്ങള്‍ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ചോദ്യം ചെയ്യപ്പെടുന്നു ??

കണ്ടിട്ടുണ്ട്, പല നഗരങ്ങളിലെയും കുപ്രസിദ്ദങ്ങളായ പല പാര്‍ക്കുകളിലും കഫെ ഷോപ്പുകളിലും ഇങ്ങനെ “സൗഹൃദം” ഇഴുകിച്ചേര്‍ന്നു പങ്കു വെക്കുന്നവരെ ..

ഈ “പങ്കു വെക്കലുകള്‍” നടക്കുന്നത് അവധി ദിവസങ്ങളില്‍ ആവാറില്ല ..സായഹ്നങ്ങളിലും അല്ല ..

അവ നടക്കാറു സാധാരണ പ്രവര്‍ത്തി ദിവസങ്ങളിലെ കോളേജ് സ്കൂള്‍ സമയങ്ങളില്‍ ആണ് ..!!!

ഈ “സൗഹൃദം” ചുബനങ്ങളിലോ വെറും ആലിംഗനങ്ങളിലോ തീരുന്നില്ലെന്ന് എന്നെപ്പോലെ നിങ്ങള്‍ക്കും അറിയാം..!!
.
...................................................................................................................

“നീ മര്യാദക്കിരുന്നേ, ആരെങ്കിലും കാണും “
പറയുന്നത് ആരെങ്കിലും കാണുന്നത് മാത്രം പ്രശ്നം ആയതുകൊണ്ടല്ല ...

അവള്‍ പ്രകടിപ്പിക്കുന്നത് അവളുടെ അനിഷ്ടം കൂടിയാണ് ...
ഉയര്‍ത്തികെട്ടിയ മറകള്‍ തുറന്നു വച്ച കുടയും അതും പറയാന്‍ വയ്യാതാക്കുന്നു ...!!
..................................................................................................................

( Kiss of love സംഘാടകന്‍ പറയുന്നു പ്രതിഷേധത്തിനു വരുന്നവര്‍ എല്ലാം ചുംബിക്കണം എന്ന് നിര്‍ബന്ധമില്ലെന്ന്.
പ്ലക്കാര്‍ഡും പിടിച്ചു കൂടെ നിന്നാലെങ്കിലും മതിയെന്ന് ...
.
സമര രീതി അങ്ങനെയായിരുന്നെങ്കില്‍ ഒരു പക്ഷെ അവര്‍ക്ക് ഇതിനെക്കാള്‍ പിന്തുണ ലഭിക്കുമാരുന്നു ...
പക്ഷെ അപ്പോള്‍ ഇത്ര പബ്ലിസിറ്റി ???)

Please Stop....!!



കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്..


ദുബായില്‍ വച്ച്..

വൈകിയത് കാരണം ജോലി സ്ഥലത്തേക്കുള്ള യാത്ര ടാക്സിയിലാരുന്നു അന്ന്.
യാത്രയുടെ ബോറടി മാറ്റാന്‍ വേണ്ടി സംസാരിച്ചു തുടങ്ങിയ കൂട്ടത്തില്‍ ഡ്രൈവര്‍ ചോദിച്ചു.

“...താങ്കള്‍ കേരളത്തില്‍ നിന്നല്ലേ ...?”

“...അതെ , എങ്ങനെ മനസിലായി..”എനിക്ക് അട്ഭുതം.

“ താങ്കളുടെ ഹിന്ദി കേട്ടപ്പോള്‍ മനസിലായി ” അയാള്‍ ചിരിച്ചു.

അതൊരു ആക്കിയ ചിരിയാണോ എന്ന് എനിക്ക് തോന്നിയെങ്കിലും എന്റെ ഹിന്ദിയെപ്പറ്റി എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നത് കൊണ്ട്, കര്‍ത്താവ്‌ കര്‍മ്മം ക്രിയ ഒപ്പിച്ചു അഞ്ചാം ക്ലാസ്സില്‍ ഹിന്ദി പഠിപ്പിച്ച തമ്പാന്‍ മാഷെ ഓര്‍ത്തുകൊണ്ട്‌, അറിയാമായിരുന്നെങ്കിലും ഞാന്‍ ചോദിച്ചു

“...താങ്കള്‍ എവിടത്തുകാരനാണ് ?”

“...ഇസ്ലാമബാദ്, പാക്കിസ്താന്‍..”

“...അപ്പൊ നമ്മള്‍ അയല്‍ക്കാരാണ് ..”

“...അയല്‍ക്കാരല്ല..”
നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് എന്റെ കണ്ണിലേക്കു നോക്കി അയാള്‍ പറഞ്ഞു

“...നമ്മള്‍ സഹോദരന്മാര്‍ ആണ്, ഒരമ്മയുടെ മക്കള്‍...”
.
ഒരു നിമിഷം..!!
.
.
.
എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.

എന്ത് കൊണ്ടോ എന്റെ തല കുനിഞ്ഞു പോയി.

ഞാന്‍ വല്ലാതെ ചെറുതായിപ്പോയപോലെ ..

ചിരിച്ചു കൊണ്ട് ആ വലിയ മനുഷ്യന്‍ തുടര്‍ന്നു..

“..ഞങ്ങള്‍ ആരും ഇന്ത്യക്കാരുടെ ശത്രുക്കള്‍ അല്ല. നിങ്ങള്‍ ഞങ്ങള്‍ക്ക് സഹോദരന്മാര്‍ തന്നെയാണ് ..പക്ഷെ നമ്മളെ തമ്മിലടിപ്പിച്ചു നിര്‍ത്തേണ്ടത് ചിലരുടെ ആവശ്യം ..അതിലാണവരുടെ നിലനില്‍പ്പ് ..അറിയാതെ ചിലപ്പോള്‍ നമ്മളും അതിന്റെ ഭാഗമായിപ്പോവുന്നു എന്ന് മാത്രം...”


...............................................................................................

.
ഓര്‍ക്കുന്നുവോ ആ കഥ....?

മഹാഭാരത യുദ്ദം രംഗം ..

ധീര യോദ്ദവായ കര്‍ണ്ണന്റെ അന്ത്യ കര്‍മ്മങ്ങള്‍.

ചെയ്യുന്നത് കര്‍ണ്ണന്‍ ജ്യേഷ്ഠ സഹോദരന്‍ ആണെന്ന് തിരിച്ചറിഞ്ഞ പാണ്ഡവര്‍ .

സ്വന്തം ജ്യേഷ്ഠനെ കൊന്നു വീഴ്ത്തിയ ദുഖം താങ്ങാനാവാതെ നില്‍ക്കുന്ന അര്‍ജുനനന്‍.

കഠിനമായ വ്യഥയോടെ യുധിഷ്ടിരന്‍ അമ്മ കുന്തിയോട് ചോദിക്കുന്നു.

“...അമ്മേ, ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ , ഇത് ഞങ്ങളുടെ ജ്യേഷ്ഠനാണെന്ന്. എങ്കില്‍ ഈ യുദ്ദം തന്നെ നമുക്ക് ഒഴിവാക്കാമായിരുന്നില്ലേ...?”

അതെ , അതാണ്‌ പ്രസക്തമായ ചോദ്യം...!!

അപ്പുറത്ത് നില്‍ക്കുന്നത് സ്വന്തം സഹോദരന്‍ ആണെന്ന് തിരിച്ചറിയാതെയാണ്

തിരിച്ചറിയേണ്ടത് നമ്മളെ തമ്മിലടിപിക്കുന്ന ശകുനികളെയാണ്...

തമ്മിലടിപ്പിച്ചു ഇറ്റു വീഴുന്ന ചോര നക്കി കുടിക്കുന്ന ചെന്നായ്ക്കളെയാണ്...

മുച്ചൂടും നശിപ്പിക്കേണ്ടത് അവരെയാണ് ..
.
........................................................................................................

നമ്മുടെ അതിര്‍ത്തികള്‍ പുകയാതിരികട്ടെ ....

ചോര ചിന്താതെ ഇരിക്കട്ടെ....

കാരണം നമ്മുടെ ധീരജവാന്മാരെ പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന അവരുടെ കുടുംബമുണ്ട്...

അവരുടെ അച്ഛനമ്മമാര്‍ക്ക് മക്കള്‍ നഷ്ടപ്പെടാതിരിക്കണം..!!

അവരുടെ പ്രിയപ്പെട്ട ഭാര്യമാര്‍ വിധവകള്‍ ആവാതിരികണം..!!

അവരുടെ പൊന്നോമനമക്കള്‍ അനാഥര്‍ ആവാതിരിക്കണം..!!
.
.
.
വന്ദേ മാതരം...!!!

ഒരിക്കല്‍, അങ്ങനെ ഒരു പൂക്കാലത്ത് .....





പരീക്ഷക്കുള്ളതൊക്കെയും രാത്രി തന്നെ പഠിച്ചു തീര്‍ക്കണം ...എന്നാലേ രാവിലെ പൂക്കളം ഒരുക്കാന്‍ പറ്റൂ. 
 
അല്ലെങ്കിലും ഓണം പരീക്ഷകള്‍ ഇപ്പോഴും അങ്ങനെയാണ് .. നാലഞ്ചു ദിവസങ്ങള്‍ പരീക്ഷകള്‍ കൊണ്ട് പോവും ..

രാവിലെ ഏറ്റവും നേരത്തെ എഴുന്നേറ്റിരുന്നത് ; അല്ല എഴുന്നേല്‍പ്പിച്ചിരുന്നത്‌ രണ്ടേ രണ്ടു കാര്യങ്ങള്‍ക്കാണ് .. ഒന്ന് വിഷുക്കണി കാണാന്‍

പിന്നെ പൂക്കളം ഒരുക്കാനും..

സ്കൂളില്‍ നിന്ന് വരുമ്പോള്‍ റോഡു വക്കില്‍ കാത്തിരുന്നു മുഷിഞ്ഞ തുമ്പ ചെടികള്‍ തലയാട്ടി പുഞ്ചിരിക്കുന്നുണ്ടാവും ..

ചെടിയെ നോവിക്കാതെ ഓരോ പൂവായി പറിച്ചെടുക്കണം ..ക്ഷമയില്ലാത്ത കുസൃതികള്‍ തുമ്പച്ചെടിയെ കമ്പോടെ ഒടിച്ചെടുകുമ്പോള്‍ അരുതെന്ന് പറയണം ..

ഒരിക്കല്‍ അമ്മവീട്ടിനടുത്തുള്ള വലിയ മൈതാനത്ത് തുമ്പപ്പൂക്കള്‍ ഓരോന്നായി പറിച്ചെടുത്തു ക്ഷമകെട്ട് കമ്പോടെ ഒടിച്ചെടുത്തപ്പോള്‍ അവിടെ മൂളിപ്പറന്നിരുന്ന ഒരു കറമ്പന്‍ തേനീച്ച കയ്യില്‍ കുത്തി ..

വേദന കരച്ചിലായി കവിളിലൂടെ ഒലിച്ചിറങ്ങിയപ്പോള്‍, പറഞ്ഞു തന്നത് ഉദയ ചേച്ചിയാണ് .
"..തുമ്പച്ചെടികള്‍ മാവേലി തമ്പുരാന്റെയാണ് ...അത് ഒടിച്ചെടുത്താല്‍ മാവേലിക്ക് ദേഷ്യം വരും , കുത്താന്‍ തേനീച്ചയെ അയക്കും ...".

ഓര്‍മ്മയില്‍ മാഞ്ഞു പോവാത്ത ഒട്ടേറെ പൂക്കളങ്ങള്‍...

സ്കൂള്‍ വഴിയിലെ തുമ്പപ്പൂക്കള്‍ പറിച്ചു കൊണ്ടിരുന്നപ്പോള്‍ “ അത് ഞങ്ങളുടെ പൂക്കളാനെന്നു” ഒരു പാവാടക്കാരി പരിഭവം പറഞ്ഞത് ....

ഉതിര്‍ത്തെടുത്ത പൂക്കള്‍ മുഴുവന്‍ അവളുടെ കുഞ്ഞു കൈകളില്‍ വച്ചു കൊടുത്തപ്പോള്‍
അവളുടെ മുഖം ഒരു വലിയ അത്തപ്പൂക്കളം ആയി വിടര്‍ന്നത് ...!!!

പരിചയം ഇല്ലാത്ത വീടുകളിലെ പൂക്കള്‍ പറിചെടുക്കുമ്പോള്‍ ഓടിച്ചു വിട്ടത്.

ആമ്പലുകള്‍ പറിക്കുമ്പോള്‍ ചെളിയില്‍ താഴ്ന്ന് പോയത്...
ചെളിയില്‍ കുതിര്‍ന്ന ട്രൌസര്‍ കണ്ടു അമ്മ തല്ലിയത്.

ചില കുറുമ്പന്‍ മുള്‍ച്ചെടികള്‍ പൂക്കള്‍ പറിച്ചെടുക്കുന്നതിലെ അനിഷ്ടം കൈകളില്‍ ചുവന്ന വരകളായി തീര്‍ത്തത്.

കുരുന്നുകള്‍ക്ക് എത്തി പിടിക്കാനായി തലകുനിച്ചു വേലിക്കരികില്‍ നില്‍ക്കുന്ന ചെമ്പരത്തി

നിറത്തില്‍ സുന്ദരികളോട് മത്സരിച്ചു തോല്‍ക്കുന്ന മഞ്ഞ കോളാമ്പി പൂക്കള്‍..

പറിച്ചെടുത്തു ഒന്ന് ചുണ്ടത് വെച്ച് മധുരം നുകര്‍ന്ന് മാത്രം പൂക്കൂടയിലേക്ക് വച്ചിരുന്ന പോന്നശോകം..

വര്‍ണ്ണങ്ങളുടെ കുടമാറ്റം നടത്തി പൂക്കളോടെ മത്സരിക്കുന്ന ഇല ച്ചെടികള്‍ .

കൈകള്‍ നിറയെ പൂക്കളുമായി കാത്തിരിക്കുന്ന രാജമല്ലി .

നിറങ്ങള്‍ കൊണ്ട് മഴ വില്ല് തീര്‍ത്തിരുന്ന മന്ദാരം ,അരിപ്പൂക്കള്‍, അരളി കാക്കപ്പൂവ് ..

വിടര്‍ന്ന കണ്ണുകളോടെ കാമുകനെയും കാത്തിരിക്കുന്ന ആമ്പല്‍

ഉണരാന്‍ വൈകുന്നത് കൊണ്ട് മാത്രം പൂക്കളത്തിലേക്ക് ഒരിക്കലും എത്താന്‍ കഴിയാതിരുന്ന നാലുമണി പൂക്കള്‍ .

ചൈനീസ്‌ ക്ഷേത്രങ്ങളോട് മത്സരിച്ചിരുന്ന പഗോടകള്‍
.
പൂക്കളത്തില്‍ കൂട്ടാത്തത് കൊണ്ട് വേലിക്കരികില്‍ പരിഭവം പറഞ്ഞു മുഖം കുമ്പിട്ടു നില്‍ക്കുന്ന കടലാസ് പൂക്കള്‍ ..


രാജ്ഞിയുടെ പത്രാസില്‍ പൂക്കളത്തിന്‍ നടുവില്‍ എന്നും വിലസിയിരുന്ന പനിനീര്‍ പൂക്കള്‍.

പേരറിയാത്ത പലതും പല നിറങ്ങളില്‍ .. ഒക്കെ ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ക്കായിരുന്നു ...

പിന്നെയും ഉണ്ടായിരുന്നു; രാത്രി വരുമ്പോള്‍ അച്ഛന്‍ കൊണ്ട് വന്നിരുന്ന അയല്‍ നാട്ടുകാര്‍; വടാമല്ലിയും , ജമന്തിയും തെച്ചിയും ഡാലിയായും ഒക്കെ ..

വേറെയും ചിലതും....

ഒരു പൂക്കളത്തിലേക്കും ഒരിക്കലും വരാതിരുന്നവര്‍... ഗൌരവത്തിന്റെ വീര്‍ത്ത മുഖവുമായി ഉയര്‍ന്നു നിന്ന വലിയ വീടുകളിലെ ഗേറ്റും മതില്‍ക്കെട്ടും തീര്‍ത്ത ജയിലില്‍ ജീവിതം ഹോമിച്ചവര്‍....
.
.
.
വരച്ചും മാറ്റി വരച്ചും എല്ലാ പൂക്കള്‍ക്കും സ്ഥാനം നല്‍കി അടുത്ത വീടുകളിലെ പൂക്കളങ്ങളോട് നിഷ്കളങ്കമായി മത്സരിച്ച്...

നാള തീര്‍ക്കേണ്ട പൂക്കളത്തെ ക്കുറിച്ചോര്‍ത്തു വേവലാതിപ്പെട്ട് ..
.
അങ്ങനെ ഒരു കാലം ....

വര്‍ഷങ്ങള്‍ക്കു മുമ്പൊരു ഓണക്കാലത്ത് നാടിന്‍ പുറത്തെ ക്ലബ് നടത്തിയ പൂക്കളമത്സരത്തില്‍ ഞങ്ങളുടെ ഉമ്മറക്കോലായില്‍ തെയ്യക്കോലം പൂക്കളില്‍ നിറഞ്ഞാടിയപ്പോള്‍ സമ്മാനം മാവേലിത്തമ്പുരാന്റെ കൂടെ ഞങ്ങളുടെ പടി കടന്നു തന്നെ വന്നത് ...

അന്ന് അത് കാണാന്‍ വന്ന പൂക്കളെക്കാള്‍ ഭംഗിയുള്ള കൊറേ സുന്ദരികളില്‍ എനിക്ക് ഒട്ടും പരിചയമില്ലതിരുന്ന ഒരു പനിനീര്‍ പൂവ്;

“...ജിതേഷെട്ടന്‍ വരച്ചതാണ് അല്ലേ , കണ്ഗ്രാചുലേഷന്‍സ്..” എന്ന് പറഞ്ഞപ്പോള്‍ ഒരു പൂക്കാലം കൈവന്നെന്നു വെറുതെ മോഹിച്ചത് ..

“ ..ബ്രെണ്ണന്‍ കോളേജില്‍ അല്ലേ പഠിച്ചത്..? എനിക്കറിയാം...” എന്ന് പറഞ്ഞു അവള്‍ എന്റെ അപരിചിതത്വം മാറ്റിയപ്പോള്‍ മനസില്‍ വിടര്‍ന്നത് അത്തപൂക്കളം..!!

പിന്നെ അവളുടെ ചിരി പൂക്കള്‍ക്ക് വേണ്ടി ഗേറ്റിനരികില്‍ ആ അവധിക്കാലം മുഴുവന്‍ കാത്തു നിന്നത് ..
.
വര്‍ഷങ്ങള്‍ ശേഷം വേറൊരു ഓണക്കാലത്ത് അവളെ കണ്ടത്.. ഒക്കത്തൊരു കുഞ്ഞു മായി....

............................................


എല്ലാ ഓണക്കാലത്തും അമ്മയ്ക്ക് പറയാനുണ്ടാവും ഒരു കാര്യം

“....ക്ലബ്കാര് വന്നിരുന്നു , പൂക്കളമത്സരത്തില്‍ പങ്കെടുക്കുന്നില്ലേന്ന് ചോദിച്ചു. നീ ഇല്ലാത്തതു കൊണ്ട് ......”
.
ഞാനില്ല ...

ദൂരെയാണ്

ഞാന്‍ മാത്രമല്ല; എന്നെ പോലെ പലരും ..

ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്തുമസിനും നിങ്ങളില്‍ സന്തോഷത്തിന്റെ പൂക്കളം തീര്‍ക്കാന്‍ .....

അത് ഞങ്ങള്‍ക്ക് ത്യാഗമല്ല ..കഷ്ടവും അല്ല ..

നിങ്ങളുടെ സന്തോഷം വിരിയുന്ന മുഖങ്ങളാണ് ഞങ്ങള്‍ക്ക് പൂക്കളം

ജന്മ സാഫല്ല്യം ...
.
.
.
ആശംസകള്‍ ....!!!

ഈദ് മുബാറക്..!!



സഹപാഠിയും കളിക്കൂട്ടുകാരനുമായ റിയാസ് ആയിരുന്നു റമദാന്‍ നോമ്പിനെറെ പ്രതീകം.. 


ഉച്ചക്ക് സ്കൂളില്‍ നിന്ന് ചോറുണ്ണാന്‍ പോവാന്‍ അവനുണ്ടാവില്ല.
 വിശപ്പിന്റെ കാഠിന്ന്യത്തെ വിശ്വാസത്തിന്റെ ശക്തി കൊണ്ട് തോല്‍പ്പിക്കുന്ന അവന്റെ മുന്നില്‍ ഞങ്ങള്‍ കുട്ടികള്‍ നിഷ്ക്കളങ്കമായി ഭക്ഷണത്തിന്റെ രുചിയെ പറ്റിപ്പറഞ്ഞു കൊതിപ്പിക്കാന്‍ ശ്രമിച്ചു.
 പക്ഷെ അവന്റെ കരുത്തിനു മുന്നില്‍ ഞങ്ങള്‍ എന്നും തോല്‍വിമാത്രം
 രുചിച്ചു...


കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന ഉമ്മമാര്‍ ഞങ്ങള്‍ക്കും കൊടുത്തു വിടും
സ്നേഹത്തില്‍ പാകം ചെയ്ത തലശ്ശേരിയുടെ സ്വന്തം നോമ്പ്തുറ പലഹാരങ്ങള്‍...!

പഞ്ഞി പോലുള്ള ഉന്നക്കായും
അരിനിറച്ചു സുന്ദരനാക്കിയ കല്ലുമ്മക്കായും ഇറച്ചി പത്തിരിയും
സ്വര്‍ണ്ണ മാല തോല്‍ക്കുന്ന മുട്ടമാലയും പഴം നിറച്ചതും
ഞങ്ങളുടെ വീട്ടിലേക്കും പുഞ്ചിരിച്ചു കൊണ്ട് കയറി വന്നു .

അങ്ങനെ പല ദിവസങ്ങളിലും ഞങ്ങള്‍ നോമ്പേടുക്കാതെ നോമ്പ് തുറന്നു ...

ശവ്വാല്‍ പിറ കണ്ടെന്നു അറിയിച്ചു കൊണ്ട് തക്ബീര്‍ ധ്വനികള്‍ അലയടിക്കുമ്പോള്‍ അത്തറിന്റെ സുഗന്ദവും അകമ്പടിയായി എങ്ങും പരക്കുന്നുണ്ടാവും . പളപള മിന്നുന്ന, നെയ്യില്‍ പൊരിച്ച പുത്തനുടുപ്പുകള്‍ അണിഞ്ഞു കുട്ടികള്‍ എല്ലാവരും ഞങ്ങളുടെ വീട്ടിലക്കും വരും..

“ജോറായിട്ടുണ്ട്” എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അവരുടെ മുഖത്തെ വിരിയുന്ന സന്തോഷത്തിന്റെ തിളക്കം, അവരണിഞ്ഞ കുപ്പായത്തിന്റെ തിളക്കത്തെ പലപ്പോഴും നാണിപ്പിച്ചു..

ആട് ബിരിയാണിയും കോഴി ബിരിയാണിയും
ഓണപ്പായസത്തിനു മധുര പ്രതികാരം ചെയ്തു കൊണ്ട് വീട്ടിലെത്തും...!!!

വേലികള്‍ കെട്ടി അകറ്റി നിര്‍ത്താത്ത കരുതലും സ്നേഹവും
ഞങ്ങളുടെ കുഞ്ഞു വയറുകളും നിറച്ചു ....എത്രയോ വട്ടം ..!!!


ആഘോഷങ്ങള്‍..!! അവ എത്ര മനോഹരങ്ങളാണ് ..!!!!

പലതിന്റെയും പേരില്‍ നമ്മെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നവരുടെ ഇടയിലേക്ക് സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു പെരുന്നാള്‍ ....!!
.
.
.

എല്ലാവര്‍ക്കും ഞങ്ങളുടെ പെരുന്നാള്‍ ആശംസകള്‍..!!

2014 നവംബർ 21, വെള്ളിയാഴ്‌ച

My Thalassery.............................. Part 2

തലശ്ശേരിക്കൊരു വീരപുത്രിയുണ്ട്....

ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തിനു ശേഷം വര്‍ദ്ദിത വീര്യത്തോടെ സമര രംഗത്തിറങ്ങി അറസ്റ്റ് വരിച്ച സ്ത്രീ രത്നങ്ങളില്‍ ഒരാള്‍,

പിഴയായി തന്റെ താലിമാല അഴിച്ചു തരാന്‍ ആവശ്യപ്പെട്ട മജിസ്ട്രേറ്റ് ഡോട്വ്വല്ലിനോട് “ സുമംഗലികള്‍ക്ക് മംഗല്ല്യ സൂത്രം അഴിക്കുന്നത് നിഷിദ്ദമാണെ” ന്ന് വാദിച്ച കമലാഭായി പ്രഭു...!!

ഡോട്വ്വലിന്റെ മര്‍ക്കട മുഷ്ടിക്ക് മുന്നില്‍ അവര്‍ക്ക് വഴങ്ങേണ്ടിവന്നുവെങ്കിലും മദ്രാസ്‌ അസ്സംബിളിയിലും ബ്രിട്ടീഷ് പാര്‍ലമെന്റിലും കൊടുങ്കാറ്റായ ഈ സംഭവത്തില്‍ മദ്രാസ്‌ ഗവണ്‍മെന്റിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നു..

കമലാഭായി പിന്നീട് തിരിച്ചു സ്വീകരിക്കാന്‍ വിസ്സമ്മതിച്ച ആ താലിമാലക്ക് വിലയായി ഡോട്വ്വല്ലിനു നല്‍കേണ്ടി വന്നത് ഈ മണ്ണിലെ തന്റെ ജോലി...!!!

.....                                        .....                                            .....

മുന്‍പേ നടന്നവരൊക്കെയും പ്രമുഖരായിരുന്നു,
എന്നും അഭിമാനത്തോടെ ഓര്‍ക്കാനുള്ള പാരമ്പര്യം സമ്മാനിച്ചവര്‍..!!

അണിഞ്ഞിരിക്കുന്ന തന്റെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുത്തു ഗാന്ധിജിക്ക് സംഭാവനയായി നല്‍കിയ രേവതി അമ്മയും മകളും ...!!

( --അന്ന് ഗാന്ധിജി നിറഞ്ഞ മനസ്സോടെ അവരുടെ തലയില്‍ കൈ വച്ചു നല്‍കിയ അനുഗ്രഹം നമുക്കും കൂടെ അവകാശപ്പെടാം ഈ മണ്ണില്‍ ജനിച്ചത് കൊണ്ട് ..!!---)

നെഹ്രുവിന്റെ ക്ഷണം സ്വീകരിച്ചു ഇന്ത്യയിലേക്ക്‌ തിരിച്ചു വന്ന ശാസ്ത്രജ്ഞ, മിഷിഗണ്‍ യൂണിവേഴ്സിടിയില്‍ നിന്ന് ഡോക്ട്രേറ്റ് നേടിയ ജാനകി അമ്മാള്‍...

കീലേരിയുടെ ശിക്ഷണ മികവില്‍ കേരളത്തിലെ ആദ്യത്തെ സര്‍ക്കസുകാരിയായ കുന്നത്ത് യശോദ...

ബഹുമുഖ പ്രതിഭകള്‍ ആയിരുന്ന മൂര്‍ക്കോത്തു തറവാട്ടിലെ അച്ഛനും മക്കളും
മാസ്റ്റര്‍ എന്ന പേര് പര്യായമായിരുന്ന എഴുത്തുകാരനും അധ്യാപകനും ആയിടുന്ന മൂര്‍ക്കോത്ത് കുമാരന്‍

മാസ്റ്ററുടെ മൂത്ത മകനും പത്രങ്ങളിലെ കോളമെഴുത്തുകാരനുമായ മൂര്‍ക്കോത്ത് കുഞ്ഞപ്പ
മാസ്റ്ററുടെ രണ്ടാമത്തെ മകനും ആദ്യത്തെ മലയാളി പൈലറ്റുമായ മൂര്‍ക്കോത്ത് രാമുണ്ണി
മാസ്റ്ററുടെ ഇളയ മകനും കവിയും പത്രപ്രവര്‍ത്തകനും പ്രാസംഗികനും അധ്യാപകനും ആയിരുന്ന മൂര്‍ക്കോത്ത് ശ്രീനിവാസന്‍

നീതിന്യായം, ഭരണപാടവം , നിശ്ചയ ധാര്‍ട്യം, മനുഷ്യാവകാശം.... ഇനിയും പലതിനും പകരം വെക്കാന്‍ തലശ്ശേരിക്ക് ഒരു പേരുണ്ട്-

പ്രധാനമന്ത്രിയുടെ വാക്കുകള്‍നുസരിച്ചു വിധിയെഴുതാന്‍ വിസ്സമ്മതിച്ച ആ ചങ്കുറപ്പിന് പേര് VR കൃഷ്ണയ്യര്‍...!!
 (-ജന്മം കൊണ്ട് പാലക്കാടുകാരനും കര്‍മ്മം കൊണ്ട് തലശ്ശേരിക്കാരനും-)

( ഈ വിസ്സമ്മതത്തെ ഇന്ദിരാ ഗാന്ധി നേരിട്ടത് ഇന്ത്യാ ചരിത്രത്തില്‍ അടിയന്തിരാവസ്ഥ എന്ന കറുത്ത ആധ്യായം എഴുതി ചേര്‍ത്ത്)

ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ട് എന്ന ചൊല്ലിനും നമുക്ക് കാട്ടികൊടുക്കാന്‍ ഒരു ഉദാഹരണം ഉണ്ട് – കൃഷ്ണയ്യരുടെ പ്രിയ പത്നി –പല നിലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചു എല്ലാ മണ്ഡലങ്ങളിലും നിറഞ്ഞു നിന്നിരുന്ന ശ്രീമതി ശാരദാ കൃഷ്ണയ്യര്‍...!!

കരിമുകില്‍ കാട്ടിലെയും രജനിതന്‍ മേട്ടിലെയും വാടാത്ത കനകാംബരങ്ങളും,
കാക്കച്ചി കൊത്താതെ കാത്തു സൂക്ഷിക്കേണ്ടുന്ന കസ്തുരി മാമ്പഴങ്ങളും സമ്മാനിച്ച നാളികേരത്തിന്റെ നാട്ടിലെ പാട്ടിന്റെ പാലാഴി –

രാഘവ സംഗീതം..

ഇനിയുമുണ്ട് പലരും...

സ്വാതത്ര്യ ബോധം അടങ്ങാത്ത ആവേശമായി കൊണ്ട് നടന്ന മുകുന്ദ് മല്ലര്‍, ഡോ. ടി വി എന്‍ നായര്‍, നെട്ടൂര്‍ പി ദാമോദരന്‍ കമല-സുഗുണ-സ്വര്‍ണ സഹോദരിമാര്‍, ചുവപ്പിന്റെ നായകര്‍ സി എച്ച്, പാട്ട്യം ഗോപാലന്‍

ബിപി എല്ലിന്റെ സ്ഥാപകന്‍ KPR നമ്പ്യാര്‍

സാമ്പത്തിക ബാധ്യതയുടെ ചുവപ്പ് കാര്‍ഡ് കിട്ടി ഒരു ട്രെയിനിന്റെ ലാസ്റ്റ് വിസില്‍ മുന്നില്‍ കളി അവസാനിപ്പിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വിപി സത്യന്‍

യാതാസ്ഥികക്കെതിരെ ഇംഗ്ലീഷുഭാഷയുടെ കൈപിടിച്ചു നടന്ന മാളിയേക്കല്‍ തറവാട്ടിലെ വലിയുമ്മ – തലശ്ശേരിയുടെ മക്കത്തെ കല്ലുമാല - മറിയുമ്മ

ആദ്യത്തെ മലയാളം ചെറുകഥ – വാസന വികൃതി- എഴുതിയ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, പ്രൊഫ: എം എന്‍ വിജയന്‍, ആര്‍ടിസ്റ്റ് ദേവന്‍

ഇംഗ്ലീഷുകാര്‍ നിയമം കൊണ്ട് ചതിച്ചു വെട്ടിവീഴ്ത്താന്‍ നോക്കിയ കളരിപ്പയറ്റിനെ സമരം ചെയ്തു തിരിച്ചു കൊണ്ട് വന്ന CVN- സിവി നാരായണന്‍ നായര്‍ .

ബിസിനസ്സിലും രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങിയിരുന്ന കേയീ കുംടുംബത്തിലെ കര്‍ക്കശക്കാരന്‍ - ചെറിയ മമ്മുക്കേയി.

ഭാരത നാട്യത്തിലൂടെ കണ്ണുകളെ വിരുന്നൂട്ടിയ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ...
.
.
.
പേരുകള്‍ അവസാനിക്കുന്നില്ല .....
.
.
.
പലരും അവര്‍ കണ്ട സ്വപ്‌നങ്ങള്‍ തലശ്ശേരിക്ക് സമ്മാനിക്കുകയായിരുന്നു.

ഓവര്‍ബറി സായിപ്പു തന്റെ കോടതി തിരക്കുകള്‍ക്ക് ശേഷം സൊറ പറഞ്ഞിരുന്ന് അസ്തമയം കണ്ടു മനസ്സ് തണുപ്പിച്ച ഫോളി ..!!

കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍ ധന്യമായ 150-ല്‍ പരം വര്‍ഷത്തെ ജീവിതം നല്‍കിയതിനു മൊയ്തു സാഹിബിനോട് നന്ദി പറയുന്ന പാലം

“വരുവാനില്ലാരുമെന്നെനിക്കറിയാമതെന്നാലും “ എന്ന് പാടിക്കൊണ്ട് അവശേഷിക്കുന്ന ദിനങ്ങളെണ്ണി കടലിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കടല്‍പാലം

കടലിലെ ബ്രിട്ടീഷ് ആക്രമണകാരികളായ “ മിനര്‍വയും ഫീനിക്സും” ഫ്രെഞ്ചു യുദ്ദക്കപ്പലിനെ ആക്രമിക്കുന്നതിനും ജീവന്‍ കൊയ്യുന്നതിനും പിന്നെ, മാഹിയില്‍നിന്നും കടലിലൂടെ പാഞ്ഞെത്തിയ “ലാ സിബെല്ല” ബ്രിട്ടനെ താക്കീത് ചെയ്യുന്നതിനും മൂകസാക്ഷിയായിരുന്ന തീരം
(ഒരു തെറ്റിദ്ദാരണയുടെ തുടര്‍ച്ചയായുണ്ടായ ഈ യുദ്ദകാരണമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ഫ്രഞ്ച് കോളനികള്‍- മാഹി അടക്കം - അവരില്‍ പിടിച്ചെടുത്തത്)

ഒരു കാലത്ത് അങ്ങ് മൈസൂര്‍ വരെ നീളുന്ന അധികാര പരിധി ഉണ്ടായിരുന്ന കോടതി

ഗുണ്ടെര്‍ട്ട് സായിപ്പും കീലേരി മാസ്റ്ററും പഠിപ്പിച്ച ബാസെല്‍ ജര്‍മന്‍ മിഷന്‍ സ്ഥാപിച്ച സ്കൂള്‍ -BEMP-Basel Evangelical Mission Parsi- സ്കൂള്‍
.
മൌലാന ഷൌക്കത്ത് അലിയുടെ അനുഗ്രഹം പേറുന്ന മദ്രസത്തുല്‍ മുബാറക് സ്കൂള്‍

ജെരാല്‍ഡ് അച്ഛന്റെയും പാരിഷ് കുടുംബങ്ങളുടെയും സ്വപ്ന സാക്ഷാത്കാരമായ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍

മലബാര്‍ മാന്വല്‍ എഴുതിയ വില്ല്യം ലോഗന്റെ ഓര്‍മ്മകള്‍ പേറുന്ന ലോഗന്‍സ് റോഡ്‌..

“പരിയാലീസ് മലബാര്‍ ഗ്രാന്‍ഡ്‌ സര്‍ക്കസ്” എന്ന കേരളത്തിലെ ആദ്യ സര്‍ക്കസ് കമ്പനിയുടെ ആദ്യ പ്രദര്‍ശനത്തിനു വേദിയൊരുങ്ങിയ ചിറക്കരയിലെ പാടം

ഗാന്ധിജിയെ കണ്‍ കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞ റെയില്‍വേ സ്റേഷന്‍ പ്ലാറ്റ് ഫോം.
തുളുമ്പുന്ന ആവേശത്തോടെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രവിക്കാന്‍ ഭാഗ്യം സിദ്ടിച്ച സ്റേഷന്‍ ചുമരുകള്‍

കാലം രണ്ടു നൂറ്റാണ്ടിലേറെയായി ചക്രങ്ങള്‍ ഉരുട്ടി കടന്നു പോയിട്ടും പുത്തന്‍ തലമുറ റോഡുകളോട് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് പറയുന്ന ഒ വി റോഡ്‌ മുത്തശ്ശി

നമുക്ക് സ്വന്തമെന്നു പറയാന്‍ ഒരു വാല്‍ നക്ഷത്രവും ഉണ്ട്. വൈനു ബാപ്പുവെന്ന തലശ്ശേരിക്കാരന്റെ പേര് ഒരു കിരീടമായി കൊണ്ട് നടക്കുന്ന “ ബാപ്പു–ബോര്‍ക്ക്–ന്യു കാര്‍ക്ക്” വാല്‍നക്ഷത്രം

വയനാടൻ കാട്ടുകളിൽ രക്തം കൊണ്ട് വിപ്ലവം സൃഷ്ടിച്ച വസന്തത്തിന്റെ ഇടിമുഴക്കങ്ങളിൽ ഒന്നായ അജിതയെ കാണാൻ ജനം തടിച്ചു കൂടിയ പോലീസ് സ്റ്റേഷന്‍ ..!!
.
.
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചിലത് കൂടെയുണ്ട് ..

ജന്മിത്ത്വത്തിനെതിരെ ആയുധം കൊണ്ട് വിപ്ലവം എഴുതാന്‍ ഇറങ്ങിയ മന്ദാകിനിമായുടെയും കുന്നിക്കല്‍ നാരായണന്റെയും ചുവന്ന താരങ്ങളുടെ 1968 ലെ തലശ്ശേരി പോലിസ് സ്റ്റേഷന്‍ ആക്രമണം

ഒത്തൊരുമയോടെ ജീവിച്ചിരുന്ന നമ്മളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു തോറ്റ് പോയൊരു കലാപം - 1971- ലെ ഒക്ടോബറിനെ ചോര കൊണ്ട് ചുവപ്പിച്ച വര്‍ഗ്ഗീയ ലഹള..!!

മാനത്തു വിരിയുന്ന അമിട്ടും പൂത്തിരിയും കാണാന്‍ കാത്തിരുന്നു മയങ്ങിപ്പോയ 26 പേരെ എന്നും പൂത്തിരിവിരിയുന്ന സ്വര്‍ഗ്ഗത്തിലേക്ക് ഒരു എക്സ്പ്രസ്സ് ട്രെയിനില്‍ കൂട്ടിക്കൊണ്ട് പോയ 1986 ലെ ജഗന്നാഥ് ടെമ്പിള്‍ ഗേറ്റ് അപകടം

ആശയങ്ങള്‍ക്ക് പകരം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ തര്‍ക്കിച്ചപ്പോള്‍ പത്ര തലക്കെട്ടുകളില്‍ തല താഴ്ത്തി നിന്ന തലശ്ശേരി
.
.
മറന്നേക്കാം നമുക്ക്..
രക്തം ചിന്തിയ, വേദനിപ്പിക്കുന്ന ആ കഥകള്‍

സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും മാസാലകൂട്ടിട്ട് നന്മയുടെയും ത്യാഗത്തിന്റെയും കനലില്‍ ദമ്മിട്ട ബിരിയാണിയുണ്ടിവിടെ ആവോളം രുചിക്കാന്‍..!!

അവലും പഴവും പൊരിയും കുഴച്ചതിന്റെ മധുരമുണ്ട്

തലശ്ശേരി പലഹാരങ്ങളുടെ പെരുമ കേട്ട് വരുന്നവര്‍ക്ക് നല്‍കാന്‍ സ്വര്‍ണ്ണ മാല തോല്‍ക്കുന്ന മുട്ട മാലയും , ചട്ടി പത്തിരിയും ഉന്നക്കായും പഴം നിറച്ചതുമുണ്ട്...

അറബിക്കടലിന്റെ കാറ്റെറ്റ് ചൂട് ചായയോടൊപ്പം കഴിക്കാന്‍ അരിക്കടുക്കയും കോഴിക്കാലും ഉണ്ട്

തലശ്ശേരിയെ തഴുകി കടന്നു പോവുന്ന ആ കാറ്റില്‍ ഓവര്‍ബറിയും ബ്രെണ്ണനും ഗുണ്ടെര്‍ട്ടും ലോഗനും അവര്‍ കണ്ട സ്വപ്നങ്ങളും ഉണ്ടാവും ..!!

...........................................................................................................

എന്റെ തലശ്ശേരി…..

നീ എന്നെ എപ്പോഴും മോഹിപ്പിക്കുന്നു ..
എല്ലാ യാത്രകളും തുടങ്ങിയത് നിന്നില്‍ നിന്ന്
എല്ലാ യാത്രകളും അവസാനിക്കേണ്ടതും നിന്നില്‍ ..!!
ഒന്ന് കൂടി പാടട്ടെ
.
“….ഈ മനോഹര തീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി ....”

.
.
-----------------------------------------------------------------------------------------------------------------
.
പലതും വിട്ടു പോയിട്ടുണ്ടാവുമെങ്കിലും നിര്‍ത്തുകയാണ് ..
.
“.....ങ്ങക്ക് എന്നെക്കാളും ഞമ്മളെ മോളെക്കാളും വലുത് തലശ്ശേരിന്റെ ചരിത്രാല്ലേ ..??”എന്ന ചോദ്യം ഒരിക്കല്‍ വന്നു

ഇനിയും നിര്‍ത്തിയില്ലെങ്കില്‍ ഞാനും എന്റെ എന്റെയീ പാവം ലാപ്ടോപ്പും ചരിത്രത്തിന്റെ ഭാഗമായി ചന്ദനത്തിരിയുടെ പുക മാത്രം വിഴുങ്ങി കഴിയേണ്ടിവരും....
.
ക്ഷമിക്കുക ..!!

My Thalassery ..........................Part !

ഉപനിഷത്തുക്കളുടെ ആചാര്യൻ ശ്വേതകേതു ജീവിച്ചിരുന്ന,

പരമ ശിവന്‍ അനന്ത താണ്ടവമാടിയ കൊടുംകാടുള്ള (അന്ന് തിരുവൻകാട് ഇപ്പോൾ തിരുവങ്ങാടും ) പട്ടണം....

ശ്വേതാരണ്ണ്യ പുരി......നമ്മുടെ സ്വന്തം തലശ്ശേരി. ..!! ,

കേരളത്തിലെ പാരീസ് എന്ന് സായിപ്പന്മാര്‍ ചെല്ലപ്പേരിട്ടു വിളിച്ചിരുന്ന;

കച്ചേരികളുടെ കേന്ദ്രം ആയതു കൊണ്ട് "തലക്കച്ചേരി”യും
ചേരികളുടെ തലസ്ഥാനം ആയത്കൊണ്ട് "തലച്ചേരി"യും ആയ

നമ്മുടെ തലശ്ശേരി ...!!

കടൽ കടെന്നെത്തിയ ഒരു കഷണം കേക്കുമായിമായി ഒരു ക്രിസ്ത്മസ് തലേന്ന് വന്ന ബൌണ്‍ സായിപ്പിനെ, തന്റെ കൈപ്പുണ്ണ്യം കൊണ്ട് വിസ്മയിപ്പിച്ച മമ്പള്ളി ബാപ്പുവിന്റെ റോയൽ ബിസ്കറ്റ് ഫാക്ടറി ഉണ്ടായിരുന്ന തലശ്ശേരി ..

സ്വര്‍ണ കിരീടം മച്ചില്‍ ചൂടുന്ന ഓടത്തിൽ പള്ളിയും തിരുവങ്ങാട് ക്ഷേത്രവും വിളിച്ചോതുന്ന തച്ചു ശാസ്ത്ര പാരമ്പര്യമുള്ള തലശ്ശേരി..

മൌണ്ട് ബാറ്റന്‍ പ്രഭുവിന്റെ വിരുന്നുകളിലും കൊച്ചി രാജയുടെ അരമനയിലും രുചിയുടെ മേളം തീര്‍ത്ത കൊച്ചിൻ ബെയ്ക്കറിയുടെ അമരക്കാരുടെ തലശ്ശേരി..

സിങ്കപ്പൂരിന്റെ മൂന്നാമത്തെ പ്രസിഡന്റായ ദേവന്‍ നായരുടെ തലശ്ശേരി..
.
.
കാലം തലശ്ശേരിക്ക് പിന്നെയും ഓര്‍ത്തോര്‍ത്തു അഭിമാനിക്കാന്‍ നല്‍കി; പലതും

കുറുങ്ങോട്ട് നായരുടെ പടപ്പുറപ്പാട് കണ്ടു പേടിച്ച ബ്രിട്ടീഷുകാർക്കായി വടക്കുംകൂർ നാടുവാഴി സ്വയം ശിലാസ്ഥാപനം നടത്തി പണിക്കഴിപ്പിച്ചു കൊടുത്ത കോട്ട...

പുകൾപെറ്റ ടെലിച്ചെറി പെപ്പർ കടൽ കടന്ന കപ്പല്‍ ചാലുകള്‍ ...

ചായങ്ങള്‍ കുടമാറ്റം നടത്തുന്ന ചുവർ ചിത്രങ്ങൾ

മറവിയുടെ കയങ്ങളിലേക്ക് കല്ലിൻ മേല്‍ കല്ല്‌ ശേഷിക്കാതെ ആണ്ടു പോകുന്ന ചേരമാൻ കോട്ടയുടെ പ്രതാപം

ഗുരുദേവന്‍ സ്വയം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

മാലിക് ഇബ്ന്‍ ദിനാറിന്റെ സൈദാര്‍ പള്ളി

മയ്യഴിയുടെ ഭംഗി കണ്ട് തീരം വിട്ടു പോവാതിരുന്ന മയ്യഴി മാതാവിന്റെ പള്ളി,

ചൂടുള്ള വാര്‍ത്തകളുമായി പുറത്തിറങ്ങിയ രാജ്യ സമാചാരം,
.
.
.
കുമാരനാശാന്റെ വീണപൂവില്‍ ആദ്യമായി അച്ചടി മഷി പുരണ്ടതും,

ഗുണ്ടര്‍ട്ട് സായിപ്പ് ചാരുകസേരയില്‍ ഇരുന്നു വാക്കുകള്‍കൊണ്ട് മാല കോര്‍ത്തതും ,

കീലേരി കുഞ്ഞിക്കന്നന്‍ മാസ്റ്ററുടെ ശിഷ്യന്മാര്‍ മെയ് വഴക്കം കൊണ്ടു കവിതകള്‍ വിരിയിച്ചതും,

വെല്ലസ്ലി സായിപ്പ് മൂന്നു കമ്പ് നാട്ടി ക്രിക്കറ്റിന്റെ പരിണയം നടത്തിയതും
ഇവിടെ വച്ച്,

ആണ്ടവന്‍ വില്ല് വച്ച ഊരും (ആണ്ടവ വില്ലൂര്‍-അണ്ടല്ലൂര്‍ ) പെരുവള അഴിച്ചു വച്ച പെരളശ്ശേരിയും ചേരമാന്‍ പെരുമ്മാളിന്റെ ഉടപ്പിറന്നോളുടെ സ്വന്തം ധര്‍മ്മ പട്ടണവും (ധര്‍മ്മടം ) അഴകാവുന്ന തലശ്ശേരിയില്‍,

തോറ്റം പാട്ടിന്റെ താളത്തില്‍ അസുര വാദ്യത്തിന്റെ അകമ്പടിയോടെ കണ്ടാകര്‍ണനും (കണ്ടാർമ്മൻ ) പോതിയും ഭഗവതിയും ദൈവത്താറീശ്വരനും മതി മറന്നാടുന്ന ഈ തിരുമുറ്റത്ത് ...

ചന്തു മേനോന്റെ മാനസ പുത്രി മാധവനെ പ്രണയിച്ചതും ഇവിടെ വച്ച്..!!

ഈ പൂമുഖത്തിരുന്നാണ് സഞ്ജയന്‍ മലയാളത്തെ നോക്കി ചിരിച്ചത്..!!

പാര്‍ലമെന്റിലെ ആദ്യത്തെ പ്രതിപക്ഷ ശബ്ദവും –AKG – ഇവിടെ നിന്ന്

വിദ്യ കൊണ്ട് പ്രബുദ്ദരാകാന്‍ ബ്രെന്നന്‍ സായിപ്പ് സ്കൂള്‍ സമ്മാനിച്ചതും നമുക്ക്

ഒരു ചുവന്ന കൊടിയായി ഉയര്‍ന്നു നാടാകെ പടരാന്‍ "ഇങ്ക്വിലാബ് സിന്ദാബാദ്" ആദ്യം മുഴങ്ങിയ പാറപ്പ്രവും നമ്മുടെ തലശ്ശേരിയില്‍
.
.
.
ഇനിയുമുണ്ട് ഒരുപാട് ...

ഓര്‍ത്തോര്‍ത്തു പുളകം കൊള്ളാന്‍

ദേശാഭിമാനം ശ്വാസമായി കൊണ്ട് നടന്ന തലശ്ശേരിയുടെ ഒരു വീര പുത്രിയുണ്ട്,
.
അവരുടെ താലി മാല കാരണം ഒരു ഒരു വെള്ളക്കാരന്‍ ന്യായാധിപന് സ്വദേശത്തെക്കു തിരിച്ചു പോവേണ്ടി വന്നു.
ആ കഥയും, വേറെയും ചില കഥകളും -അല്ല ചരിത്രവും -അടുത്ത തവണ..!!

2014 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

ഇനിയും പെയ്തൊഴിയാതെ ..........




ഓര്‍ക്കുന്നില്ലേ...? അന്നും മഴയുണ്ടായിരുന്നു .. 

ഒരു ചെറിയ മഴ. ഒരു ചെറിയ കുടയില്‍ കുറച്ചു മഴ നനഞ്ഞു…
ഒരു കയ്യില്‍ ചേച്ചി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു .. ഓടിപ്പോവതിരിക്കാന്‍..
 എന്നിട്ടും പിടി വിടീച്ച് ഓടി മഴയത്തേക്ക് ..


മഴ നനഞ്ഞാല്‍ പനി വരുമെന്ന് അവള് വിളിച്ചു കൂവുന്നുണ്ടായിരുന്നു ...തിരിഞ്ഞു നിന്ന് കൊഞ്ഞനം കാണിച്ചപ്പോള്‍ അമ്മയോട് പറയുന്ന് പറഞ്ഞു കെറുവിച്ചു ....
അടുത്ത് ചെന്ന് തലകുലുക്കി തെരുപ്പിച്ച വെള്ളം .
അവളുടെ ദേഷ്യം കൊണ്ട് ചുവന്ന മുഖത്ത് നക്ഷത്രങ്ങള്‍ തീര്‍ത്തു ..

സ്കൂളില്‍ പോവുമ്പോള്‍ മഴ കൂട്ടുകാരനായിരുന്നു ...നനക്കാനായി മാത്രം കൂടെ വന്നവന്‍....പുത്തന്‍ കുട തുറക്കാന്‍ അവനെയും കാത്തിരുന്നു ...
വൈകുന്നേരം നേരത്തെ ബെല്ലടിക്കാന്‍ അവന്‍ സ്കൂളിനു ചുറ്റും ഓടി നടന്നു ...

കാലു കൊണ്ട് തട്ടിത്തെറിപ്പിക്കാനും ..കൈ കൊണ്ട് കോരിയെടുക്കാനും മഴ അരുവികള്‍ തീര്‍ത്തു ..
അതില്‍ കുഞ്ഞുമീനുകളെ പറഞ്ഞയച്ചു നമുക്ക് കളി കൂട്ട് നല്‍കി..

കുടചൂടി ഒഴുക്കിയ കടലാസ് തോണികള്‍ ചുഴികളില്‍ മുങ്ങിയപ്പോള്‍ പെയ്തത് സങ്കട മഴ...

ബസ്സ് തെരുപ്പിച്ച വെള്ളം സ്കൂള്‍യൂണിഫോമില്‍ ചെളിപൂക്കള്‍ തീര്‍ത്തപ്പോള്‍ പെയ്തത് കന്നീര്‍ മഴ ...

വഴതടയില്‍ തീര്‍ത്ത ചങ്ങാടം പാടത്ത് മുങ്ങിയപ്പോള്‍ പെയ്തത് അമ്മയുടെ അടിമഴ...

പനീപിടിച്ചു വിറച്ചപ്പോള്‍ പെയ്തത് മരുന്നു മഴ...

ഇടവപ്പാതിയില്‍ അവനൊന്നു പേടിപ്പിക്കുമായിരുന്നു .
.ചില്ല് ജനലക്കപ്പുറത്തുനിന്നു കാതടപ്പിക്കുന്ന വെള്ളിടിയായി .
തെങ്ങുകലും മരങ്ങളും മുടിയഴിച്ചിട്ടു ആടുന്നുണ്ടാവും അപ്പോള്‍ ..
അച്ഛമ്മയുടെ മാറില്‍ മുഖം അമര്‍ത്തി ആ എല്ലിച്ച ശരീരത്തെ കെട്ടിപിടിച്ചു, കണ്ണടച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു –

“ഈശ്വരാ ഈ മഴയൊന്നു നിര്‍ത്തിത്തര്വോ ..”

അന്ന്, ഒരു മഴയില്‍ വെള്ളം ഉമറപ്പടിയോളം കയറിവന്നു വെല്ലുവിളിച്ച ആ രാത്രിയില്‍ അച്ഛന്‍ മാത്രമായിരുന്നു ജോലി കഴിഞ്ഞു എത്താതിരുന്നത് .”..എന്റെ മോന്‍ മാത്രമെന്താ എത്താത്തെ” എന്ന അച്ഛമ്മയുടെ ചോദ്യത്തിന് നിലവിളിയുടെ ച്ഛായായായിരുന്നു ..

ഒടുവില്‍ യൌവനത്തിന്റെ കരുത്തില്‍, ആര്‍ത്തലച്ചോഴുകുന്ന വെള്ളത്തെ തോല്‍പ്പിച്ചു അച്ചനെത്തിയപ്പോള്‍ ബനിയന്റെ ഉള്ളില്‍ ഒരു സമ്മാനമുണ്ടായിരുന്നു എനിക്ക് ....
ഒട്ടും നനഞ്ഞിട്ടില്ലാത്ത കഥാപുസ്തകം – പൂമ്പാറ്റ ..

മഴ പിന്നെയും ഒത്തിരി പെയ്തു....

അന്ന് പെയ്ത മഴയത്ത് നനഞ്ഞോടി തളര്‍ന്നപ്പോള്‍ “എനിക്കിനി ഓടാന്‍ വയ്യ ജിതേഷ്” എന്ന് അവള്‍ പറഞ്ഞതു കേട്ട് ഞാനും നിന്നു;
അവള്‍ക്കു വേണ്ടി ..
മഴയില്‍ കുളിച്ച്...

നീട്ടിയ എന്റെ കൈ ലോകത്തെ സാക്ഷിയാക്കി പിടിച്ചു അവള്‍ എന്റെ കൂടെ നടന്നപ്പോള്‍ മഴ തോറ്റു വിടവാങ്ങി..

കുളിരുന്ന ആ മഴയത്തും അവളുടെ ചുവന്ന കയ്ക്കുണ്ടായിരുന ഇളം ചൂട് ഇപ്പോഴും വിട്ടു പോകാതെ ഇരിക്കുന്നു എന്ന്റെ ഓര്‍മകളില്‍ നിന്ന് ...

ഇന്ന് .. ഒരു മഴയില്‍ ഒളിച്ചു പോകാന്‍ മാത്രമുള്ള ഇസ്തിരി ഇട്ട റോഡുകളുള്ള ...
മേഘങ്ങള്‍ കരഞ്ഞാല്‍ നിശ്ചലമാകുന്ന ഈ മരുഭുമിയിലെ ജനാലക്കരികില്‍ നിന്ന്
ഓര്‍മകളുടെ പേരുമഴയില്‍ കുളിച്ചു ...



വെറുതെ .....

2014 ജൂലൈ 23, ബുധനാഴ്‌ച

Seasonal Greetings .....!!



കാലത്തിന്റെ  കയ്യൊപ്പ് പതിഞ്ഞ  രേഖകള്‍ ...

മകനായി ...
കുട്ടിയായി
കളിക്കൂട്ടുകാരനായി ..
സഹപാടിയായി  ..
തോഴനായി
പ്രിയപ്പെട്ടവനായി
അനിയനായി....
ചേട്ടനായി....
സഹപ്രവര്‍ത്തകനായി....
പങ്കാളിയായി....
ഞാന്‍ ജീവിച്ചിരുന്നു...ഇന്നും  ജീവിക്കുന്നു  എന്നതിന്റെ  കാലം കൈമുദ്ര  ചാര്‍ത്തിയ തെളിവുകള്‍ ...!!!

മാര്‍ച്ചിലെ  കൊടും ചൂടിലും ഡിസംബര്‍- ജനുവരി തണുപ്പിലും  പോസ്റ്റുമാന്‍ ഗേറ്റ് കടന്നെത്തും. പല ദിവസങ്ങളില്‍ .....
കാര്‍ഡുകള്‍ കയ്‌ മാറുമ്പോള്‍ ഒരു പുഞ്ചിരി അയാളുടെ മുഖത്തും ഉണ്ടാവും ...
ക്രിസ്തുമസ്  കേക്കുകളെക്കാള്‍  മധുരമായിരുന്നു  പ്രിയപ്പെട്ടവരുടെ കാര്‍ഡുകളിലെ അക്ഷരങ്ങള്‍ക്ക് ....

പ്രതീക്ഷിച്ചു തന്നെ ഇരിക്കുമെങ്കിലും സന്തോഷം മുഖത്തു വിരിയും ..പുറം കവറിന്റെ പിന്‍ഭാഗത്തെ പേരുകള്‍  ചിലപ്പോള്‍  അദ്ഭുതപ്പെടുത്തും ..!!
.
പ്രതീക്ഷിച്ചവരുടെത് അല്ലെന്നറിയുമ്പോള്‍ ഒരു നിരാശ...
പിന്നെ നാളെയുണ്ടാവുമെന്ന സ്വയം സമാധാനിപ്പിക്കല്‍...

അക്ഷരം കൊണ്ട് തന്നെ തിരിച്ചറിയും എന്നുറപ്പുള്ളവര്‍
guess who..??  എന്നെഴുതി പുഞ്ചിരിച്ചു ...
അത് തന്നെ മതിയാവും എഴുതിയ ആള്‍ മനസ്സില്‍ തെളിയാന്‍....

അച്ചടിച്ച് വാക്കുളെക്കാള്‍ നീലയിലും കറുപ്പിലും അവരവര്‍ എഴുതിയ വാക്കുകള്‍ക്കായിരുന്നു പ്രിയം ...

ചിലര്‍ പലതും പറയാതെ പറഞ്ഞു ..
മറ്റുചിലര്‍   അക്ഷരങ്ങള്‍ക്കിടയില്‍  പലതും ഒളിച്ചു വച്ചു ..

ചിലര്‍ കുഞ്ഞു കാര്‍ഡുകളില്‍   വലിയ സ്നേഹം  പൊതിഞ്ഞു.... .
വലിയ കാര്‍ഡുകള്‍ ഇടം ഒത്തിരി ഉണ്ടായിട്ടും പറയാന്‍ പലതും പിന്നെയും ബാക്കി വച്ചു..

മൊബൈലും   വാട്ട്സ് അപ്പും ഇല്ലാതിരുന്ന ആ കാലത്ത് പ്രിയപ്പെട്ടവരുടെ അഡ്രെസ്സ് നേടിയത് പലരുടെയും കനിവ് കൊണ്ട് ..
ഏറ്റവും ആദ്യം ആശംസകള്‍ അറിയിക്കാന്‍ തിരക്കായിരുന്നു ..
കാര്‍ഡു ഷോപ്പുകളില്‍  മണിക്കൂറുകള്‍ ചിലവിട്ടാലും  തൃപ്തി വരുമായിരുന്നില്ല...

പിന്നെ മനസിലുള്ളതും പകര്‍ത്തും ..
പിന്നെ മിച്ചം പിടിച്ച പണം കൊണ്ട് സ്റാമ്പ് വാങ്ങിച്ചു ഒട്ടിച്ചു അഡ്രെസ്സ് എഴുതി പോസ്റ്റ്‌ ചെയ്തു കാത്തിരിപ്പ്..

കിട്ടിയോ എന്നറിയാനുള്ള  ആകാംക്ഷ....
പ്രതികരണത്തെ ഓര്‍ത്തുള്ള വേവലാതി.....
പുഞ്ചിരി കാണുമ്പോഴുള്ള  ആശ്വാസം....!!

വാങ്ങി വച്ചും എഴുതി വച്ചും അയക്കാതെയിരുന്ന ചിലത് ...

പിന്നീട്  കാര്‍ഡിന്റെ അകമ്പടിയോടെ ആയിരുന്നു കത്തുകള്‍ പലതും ..
ചെറിയ അക്ഷരങ്ങളില്‍ നാലഞ്ചു പേജില്‍ ...

വായിച്ചിട്ടും വായിച്ചിട്ടും മതി വരാതിരുന്നവ....

വായിച്ചു വായിച്ചു  മനപാഠം  ആയവ....

ഇന്നും വെറുതെ വായിക്കുമ്പോള്‍  കൈപിടിച്ച് പഴയ കാലത്തേക്ക് കൊണ്ട് പോകുന്നവ..

കോളെജ് വഴിയിലെ കൊന്നയും ചെമ്പകവും  പിന്നെയും പൂക്കുന്നു മനസ്സില്‍....

ഉതിര്‍ന്നു വീണ പൂകളുടെ ഇടയിലൂടെ അവള്‍ നടന്നു വന്നത്...

ആ മുഖം കാണാനായി മാത്രം  കാത്തു നിന്നത് ...!!

ക്ലാസ്സ്  മുറികളെ പൊട്ടിച്ചിരികൊണ്ട്  നിറച്ചത് ..

കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഡസ്ക്കില്‍  തലവച്ചു കിടന്നത് .

മുന്നിലെ ബെഞ്ചിലിരുന്നു പല തവണ തിരിഞ്ഞു നോക്കിയത് ...

അപ്പോഴൊക്കെയും മറുപടിയായി പുഞ്ചിരിച്ചത് ..
പോകുമ്പോള്‍ എന്നെയും വിളിക്കണേ എന്ന് പറഞ്ഞത്
വെള്ളക്കെട്ടുകളില്‍ കൈ പിടിച്ചു നടന്നത് ..

മഴയത്ത് നനഞ്ഞോടിയത് ..

ലൈബ്രറിയില്‍ നിന്ന് ഉച്ചത്തില്‍ ചിരിച്ചതിനു  ലൈബ്രറിയന്‍  നോക്കി പേടിപ്പിച്ചത് ...

ഒന്നിച്ചിരുന്നു  അസൈന്‍മെന്റ്സ്  എഴുതിയത് ...

ഫോടോസ്റ്റാറ്റു കടയിലെ സുന്ദരിയെക്കുറിച്ച് പറഞ്ഞപ്പോള്‍  മുഖം വീര്‍പ്പിച്ചു എനിക്ക് കേള്‍ക്കണ്ടാ എന്ന് പറഞ്ഞത് ..

ലഞ്ച് ബ്രക്കില്‍ വേഗം കഴിച്ചു വന്നു ഒരുപാട് സംസാരിച്ചത് ..

ക്ലാസ് തീര്‍ന്നു കോളേജ് അടച്ചപ്പോള്‍ ഇനിയെന്നും കാണും എന്ന് വിലപിച്ചത് ..

പിന്നെയും കാണാന്‍,  സംസാരിക്കാന്‍ ഓരോ കാരണം പറഞ്ഞു കോളേജില്‍ ഒത്തു കൂടിയത്  ..

ബസ്സില്‍  അടുത്തിരുന്നു തിരിച്ചു പോയത്..

പെട്ടന്ന് തലശ്ശേരി എത്തി എന്നത് പരിതപിച്ചത്‌ ...

സംസാരിച്ചു സംസാരിച്ചു വായ വേദനിക്കുന്നു ഇനി സംസാരിക്കില്ലെന്നു കള്ളം പറഞ്ഞത് ..

ഒത്തിരി പറഞ്ഞിട്ടും പറയാനുള്ളത് മാത്രം പറയാന്‍ മറന്നു പോയത്...

ഒരു വാക്കിനപ്പുറമിപ്പുറം കടത്തു വള്ളം കിട്ടാതെ  വെറുതെ കാത്തു നിന്നത്...


പിന്നെടെപ്പോഴോ  ഒരു  കണ്‍ഗ്രാചുലെഷന്സില്‍”   എല്ലാം അവസാനിപ്പിച്ചത് ....
........................................................ 


(
ചിത്രത്തില്‍  ഉള്ളത് എനിക്ക് വന്ന ഗ്രീറ്റിംഗ് കാര്‍ഡ്സ് ആണ്. 1989 മുതല്‍ ആണ് കിട്ടിയ കാര്‍ഡുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയത് ...)

അങ്ങനെ ഞാനും ഒന്ന് നാട്ടിലേക്ക് പോവാ ...!!!



അങ്ങനെ  ഞാനും ഒന്ന് നാട്ടിലേക്ക് പോവാ ...!!!
.
കാത്തിരിക്കാന്‍  ഒരു ഗ്രാമം  മുഴുവനും  ഒന്നുല്ല ..( അങ്ങനെ  ചിട്ടി കമ്പനി  പൊട്ടിയപ്പോ  നാട് വിട്ടതൊന്നും അല്ല ...!!!)

എന്നാലും   കുറച്ചു പേര്‍...
എന്നും എപ്പോഴും മക്കളെക്കുറിച്ചോര്‍ത്തു   ബെജാറാവാന്‍   മാത്രമുള്ള  നെഞ്ചുമായി  ജീവിക്കുന്ന അമ്മ ..
.
ഗൌരവമുള്ള മുഖത്തിന്‌ പിന്നില്‍ ചെറിയ കാര്യങ്ങളില്‍ ഒരു പാട് ആധികള്‍ വെറുതെ കൊണ്ട് നടക്കുന്ന, ഇപ്പോഴും വൈകുന്നേരം വരുമ്പോള്‍ മക്കള്‍ക്കായി ഒരു ബേക്കറി പൊതി കൊണ്ട് വരുന്ന അച്ഛന്‍....

പരീക്ഷക്കിടയില്‍  ലീവിനു   വരുന്നതിന്റെ പരിഭവം കൊണ്ട് വീര്‍ത്ത മുഖമുള്ള,  കെട്ട്യോള്‍....

അവളുടെ പപ്പയെ സ്കൈപ്പില്‍  കാണുബോള്‍ “എനിച്ചു പപ്പെന്റെ അടുത്ത് പോണം” എന്ന് പറഞ്ഞു കൈനീട്ടി വിതുമ്പാറള്ള  മകള്‍...
 
സിനിമകള്‍ കണ്ടു കുറ്റം പറയാന്‍ കാത്തിരിക്കുന്ന,
ഒരിക്കലും നടക്കാത്ത, ഒരുപാട് പ്ലാനുകള്‍ ചര്‍ച്ച ചെയ്യുന്ന അനിയന്മാര്‍..
.  
പുതിയ പാട്ടുകള്‍ പഠിക്കാന്‍ കാത്തിരിക്കുന്ന  3 സുന്ദരി  അയല്‍ക്കാരി ക്കുട്ടികള്‍-  അമ്മു , അച്ചു, സുന്ദരി ..

പിന്നെയും കുറെപ്പേര്‍
വരുന്ന വഴിയാ എന്ന്  ചോദിക്കുന്ന കറകപ്പുല്ലുകള്‍  പച്ച കസവ് കരയിട്ട നാട്ടുവഴി....

ഒന്ന് തലോടുമ്പോള്‍, വരാന്‍  വൈകിയതിനു   പരിഭവം കൊണ്ട്   മുഖം വാട്ടുന്ന  തൊട്ടാവാടി...

തലയാട്ടി  പരിചയം പുതുക്കുന്ന  കമ്മ്യുണിസ്റ്റ്  പച്ചകള്‍...

“ഇവനാരാ..??  ഇതിനു മുമ്പേ കണ്ടിട്ടില്ലെല്ലോ” എന്ന് തലയുയര്‍ത്തി ചോദിക്കുന്ന ഇന്നലെത്തെ മഴയില്‍ കിളിര്‍ത്ത  പുല്‍ക്കൊടികള്‍
.
“നീ വന്നോ മോനെ” എന്ന്  ചോദിച്ചു ഒന്ന് ചുറ്റി തലോടി കടന്നു പോവുന്ന അച്ഛമ്മ കാറ്റ്....
.
“നീ ഏപ്പോഴാ മോനെ വന്നെ” എന്ന് ചോദിക്കാറുള്ള
.  വെള്ളെഴുത്ത് വീണ കണ്ണുകളും  ചെറിയ കൂനും ഉള്ള;  പഠിച്ചിരുന്ന സ്കൂളില്‍ ഉപ്പുമാവ് വച്ചിരുന്ന  ജാനു ഏടത്തി ..

“ മോന്‍ വന്നതല്ലേ നല്ല മീനുവേണ്ടേ..?? ” എന്ന് അമ്മയോട് ചോദിക്കുന്ന മീന്‍കാരന്‍ മാപ്പിള..

ഒരുപാട് ഇന്റര്‍വ്യൂ കാര്‍ഡുകളും ഗ്രീറ്റിംഗ് കാര്‍ഡുകളും കൊണ്ട് വന്നു തന്ന പോസ്റ്റുമാന്‍....

പണ്ട്  ചില്ലറ പൈസകള്‍ പോലെയും എന്നാല്‍ ഇന്ന് വളര്‍ന്നു പടര്‍ന്നു പന്തലിച്ചു സുന്ദരികളും സുന്ദരന്‍മാരുമായ ന്യൂ ജെനെറെഷന്‍ പിള്ളേര്‍

ഗൌരവം ചിരിക്കാന്‍ സമ്മതിക്കാത്തത് കൊണ്ട് തലയാട്ടി മാത്രം പരിചയം കാണിക്കുന്ന നാട്ടു പ്രമാണിമാര്‍....

“..അവിടെ എങ്ങനെ നമുക്ക് പറ്റിയത്  വല്ലതും ഉണ്ടോ...” എന്ന് ചോദിക്കുന്ന സമപ്രായക്കാര്‍ ..പഴയ കളിക്കൂട്ടുകാര്‍ ...

വന്നു കാണുകയും ചെന്ന് കാണുകയും ചെയ്യേണ്ടുന്ന ബന്ധുക്കള്‍ ....

കാണാന്‍ പൂരങ്ങളോ ഉത്സവങ്ങളോ ഇല്ല  ഇത്തവണ,
ഉള്ളത് അതിനേക്കാള്‍  ഭംഗിയുള്ള  വേറെ കാഴ്ചകള്‍

റോഡിനപ്പുറം ഉള്ള തോട്ടില്‍ നിന്ന് ചെറുമീനുകളെ പിടിച്ചു കുപ്പിയില്‍ ഇട്ടു കൊടുകുമ്പോള്‍   പൂത്തിരി കത്തുന്നത് പോലെ ചിരിക്കുന്ന മോളുടെ മുഖം ...

ഉയര്‍ന്ന് പൊങ്ങാന്‍ മടികാണിച്ചു  പട്ടം താഴേക്കു വരുമ്പൊഴുള്ള നിരാശ ....പിന്നെ അത് ‘ എന്നാല്‍ കണ്ടോ ‘ എന്ന മട്ടില്‍ പൊങ്ങി പറക്കുമ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിടരുന്ന അദ്ഭുതം....

കയ്നിറയെ ഗള്‍ഫ്‌ മധുരം കൊടുക്കുമ്പോള്‍ സന്തോഷം കൊണ്ട് വിടരുന്ന കുസൃതി കുരുന്നുകളുടെ മുഖം

പൊന്നുവിളയുന്ന  മരുഭൂമിയിലെ സുഗന്ധമുള്ള സമ്മാനങ്ങള്‍   കയ്‌ മാറുമ്പോള്‍ വിരിയുന്ന നന്ദിയുടെ പുഞ്ചിരി.

കയ്യുകളില്‍ നോട്ടുകള്‍  തിരുകി വച്ചു കൊടുക്കുമ്പോള്‍ പ്രായം കൊണ്ട് കുഴിഞ്ഞ  കണ്കോണ്കളില്‍  പൊടിയുന്ന കണ്ണീരിന്റെ തിളക്കം

ഗള്‍ഫുകാരുടെ  ഭാവിയില്‍  അവരെക്കാള്‍ താല്‍പ്പര്യം ഉള്ള ഇന്‍ഷുറന്‍സ് കാരുടെ പ്രതീക്ഷയുള്ള  പരിചയപ്പെടല്‍ .

നാടിന്റെ  പുരോഗതിയില്‍  നമ്മളെക്കൂടി  ഭാഗഭാക്കാക്കാനുള്ള  ലോക്കല്‍ രാഷ്ട്രീയക്കാരുടെ തിരക്ക്

നമ്മുടെ  ഭാവിയില്‍  നമ്മെളെക്കാള്‍  ആധിയുള്ള  റിയല്‍ എസ്റ്റേറ്റ്‌  ബ്രോക്കര്മാരുടെ സ്നേഹാന്വേഷണങ്ങള്‍ ..

അങ്ങനെ പലതും....പലതും ...

എണ്ണിച്ചുട്ട അപ്പം പോലെയുള്ള ഓരോ ദിവസവും  ഓടിത്തീരുമ്പോള്‍  തീരുമ്പോള്‍ പിന്നെയും മടക്കം ...

വിശപ്പില്ലാത്ത ഒരു തലേ ദിവസം ..

രുചികരമായ  വിഭവങ്ങള്‍ക്ക്  ഒന്നിനും   കൊതി തോന്നിപ്പിക്കാന്‍ കഴിയാത്ത ഒരു ദിവസം
.
ശബ്ദത്തിലെ  ഇടര്‍ച്ച ആരും അറിയാതിരിക്കാന്‍ ഉച്ചത്തില്‍ സംസാരിക്കെണ്ടുന്ന ഒരു ദിവസം ...
.
നിറയുന്ന കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ ആരുടെയും മുഖത്ത് നോക്കാതിരിക്കേണ്ടുന്ന ഒരു ദിവസം ..

കാണാന്‍ ഒരു പാട്പേരുണ്ടെങ്കിലും ആരും വരല്ലെന്നു ആഗ്രഹിക്കുന്ന ഒരു ദിവസം.....
.
ഉറങ്ങിക്കിടക്കുന്ന മകളെ ഉണര്‍ത്താതെ ഉമ്മ വച്ചു ഒരു യാത്ര ...
.

യാത്ര തുടങ്ങീട്ടു വര്‍ഷങ്ങള്‍ പലതായെങ്കിലും   ഒന്നും മാറുന്നില്ല ..!!




സൂര്യന് വഴികാട്ടിയ നിലവിളക്ക് .. .................................എന്റെ അച്ഛമ്മ




ലോകം ഉറങ്ങുമ്പോൾ സൂര്യഭഗവാനെ നിറദീപം കാണിച്ചു വരവേറ്റിരുന്ന എന്റെ അച്ഛമ്മ...!!!ഞങ്ങൾക്കെന്നും വെളിച്ചമായി തെളിഞ്ഞു കത്തിയിരുന്ന ഒരു ദീപം..കാലം ചുളിവുകൾ വീഴ്ത്തിയിരുന്നുനെങ്കിലും പ്രശാന്തമായിരുന്ന, തേജ്ജസ്സുണ്ടായിരുന്ന നിർമലമായിരുന്ന ഒരു മുണ്ടും നേരിയതും ..

ഒതുക്കി കെട്ടിവച്ച വെള്ളി കമ്പികളും, കടുക്കനിട്ട കാതും ..

മക്കൾക്കും കുഞ്ഞുമക്കള്‍ക്കുമായുള്ള പ്രാർഥനകൾ കൊണ്ട് നിറഞ്ഞ നെഞ്ചും ,

കഷ്ടപ്പാടിന്റെ കുത്തൊഴുക്കിൽ നിന്ന് നാല് മക്കളെ കരകയറ്റിയതിന്റെ കരുത്തുള്ള, എല്ലിച്ചതെങ്കിലും വാത്സല്യത്തിന്റെ മാർദ്ദവമുണ്ടായിരുന്ന, കൈകളും

ദൂരങ്ങൾ ഒരു പാട് താണ്ടിയ, മുള്ളും കല്ലും തോറ്റു പിന്മാറിയ, പലർക്കും വഴികാട്ടിയായ പാദങ്ങളും....

അതായിരുന്നു എന്റെ അച്ഛമ്മ ..!!!

ഞരമ്പുകൾ എഴുന്നു നില്ക്കുന്ന, കരുതലിന്റെ കരുത്തുള്ള ആ കൈകൾ പിടിച്ചാണ് ആദ്ദ്യമായി സ്കൂളിലേക്ക് നടന്നത് ...

അച്ഛന്റെയും അമ്മയുടെയും ഇടയിലുള്ള സ്ഥാനം അനുജൻ കയ്യടക്കിയപ്പോൾ, എല്ലുകൾ എഴുന്നു നില്ക്കുന്ന ശുഷ്കിച്ച മാറിന്റെ ചൂടായിരുന്നു ആശ്വാസം ..

പനികൊണ്ട് വിറച്ചിരുന്ന കുഞ്ഞു ശരീരം ചാരിയിരുന്നതും ആ നെഞ്ചിൽ..

മഴമേഘങ്ങൾ ആർത്തലച്ചു കരഞ്ഞിരുന്ന ഇടവപ്പാതികളിൽ അവയുടെ ഗർജ്ജനങ്ങളിൽ പേടിച്ചരണ്ടു മുഖം പൂഴ്ത്തിയതും ആ മാറിൽ...

അമ്മയുടെ അടിയിൽ നിന്ന് ഓടി ഒളിക്കാനുള്ള ഒരു മറവ്...വടികൾ പിടിച്ചുവാങ്ങപ്പെടുമെന്ന പ്രതീക്ഷ ..

യാത്രകൾ കഴിഞ്ഞു വരുമ്പോൾ കയ്യിൽ കരുതുമായിടുന്ന അലിഞ്ഞു തുടങ്ങിയിരുന്ന നാരങ്ങ മിട്ടായിയുടെ മധുരം ...

ഏതു കുറുമ്പും ഏതു ദേഷ്യവും അലിഞ്ഞു പോകുമായിരുന്ന ഒരു പിൻവിളി ..

വെള്ളെഴുത്ത് വീണ കണ്ണുകളുമായി, അവസാനത്തെ ആളും വീട്ടിലേക്കു വരുന്നതുവരെ നെഞ്ചിൽ ആധിയുമായി ഗേറ്റിൽ ഉണ്ടാവുമായിരുന്ന ഒരു കാത്തിരിപ്പ്‌ ..

എല്ലാ കുഞ്ഞു മക്കളും ദൈവങ്ങൾ ആണെന്ന് കരുതിയിരുന്ന ഒരു തലോടൽ...

പഠിച്ചാലേ നന്നാവൂ എന്ന് ഓലയിൽ എഴുതി പഠിച്ച തിരിച്ചരിവുണ്ടായിരുന്ന ഒരു അനുഗ്രഹം...

നാലാം ക്ലാസ്സിൽ പഠിപ്പിച്ച ഓമന ടീച്ചർക്ക് ഞാൻ അച്ഛമ്മയുടെ മകനായിരുന്നു എന്നും ..

പാത്തിരാ വണ്ടിക്കെപ്പോഴോ വീടണയുമ്പോൾ, മറവിയുടെയും അബോധാവസ്തയുടെയും കയങ്ങളിൽ നിന്ന് ആയാസത്തോടെ ഉയർന്നിരുന്ന, കേട്ടില്ലെന്നു നടിച്ചുപോയ " മോനേ, നീ വന്നോ" എന്ന ചോദ്യം

വാഴയില ചീന്തിലെ വാത്സല്ല്യത്തിന്റെ ചന്ദനം...

സ്നേഹത്തിന്റെ അവൽ നിവേദ്യം..

ആധിയുടെ നെടുവീർപ്പ്..

പ്രാർത്ഥനയുടെ കണ്ണുനീർ...

എന്നിട്ടും കാട്ടിയത് നന്ദികേട്....നെറികേട്...

കുഞ്ഞു കൈകളിൽ പിടിച്ച പിച്ച വെപ്പിച്ച , ആ കൈകൾ പിടിച്ചു ഞാൻ നടത്തിയില്ല ,

കഥകൾ പറഞ്ഞു കുഞ്ഞു വയർ നിറച്ച എന്റെ അച്ഛമ്മയെ ഞാൻ ഊട്ടിയില്ല,

പലവട്ടം എന്നെ കുളിപ്പിച്ച ആ കൈകൾ കഴുകി കൊടുത്തു പോലുമില്ല...

മരുന്നിറെ കയ്പ്പ് സ്നേഹം കൊണ്ട് മധുരമാക്കിയ എന്റെ അച്ഛമ്മയ്ക്ക് മരുന്നെടുത്ത് കൊടുത്തില്ല ...

എന്നെ ചേര്‍ത്ത് പിടിച്ചിരുന്ന ആ നെഞ്ചു തടവികൊടുത്തില്ല....

പലപ്പോഴും എന്നെ താങ്ങിയ ആ എല്ലിച്ച ശരീരത്തെ താങ്ങിയില്ല...

അവസാനം കൊടുക്കാന്‍ കഴിഞ്ഞത് ഒരുപിടി ചോറാണ്....!!! ഈറനുടുത്തു എള്ളും പൂവും തൊട്ട്....!!

.................

തെറ്റ് .. എന്റെ തെറ്റ് ...

അറിയില്ല, ഏതു ഉമിത്തീയിലാണ് എരിയേണ്ടതെന്ന്...

എങ്കിലും മനസുകൊണ്ട് ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്ക്‌ ഉണ്ടെന്റെ കയ്യിൽ .. അവസാനയാത്രയിൽ കൂടെ കരുതി ചിത്ര ഗുപ്തന്റെ മുന്നിൽ വെക്കാൻ...

സ്വർഗ്ഗത്തിൽ നിറഞ്ഞു ശോഭിക്കുന്ന എന്റെ അച്ഛമ്മയുടെകൂടെ ഒരു നേരം കഴിയാൻ .. പഴയ അഞ്ചു വയസ്സുകാരനായി ആ മാറിലെ ചൂട് പറ്റിച്ചേർന്നു കിടക്കാന്‍…!!

സമ്മതിക്കുമായിരിക്കും, അല്ലേ....???

2014 ഏപ്രിൽ 28, തിങ്കളാഴ്‌ച

എന്റെ ജോലി അന്വേഷണ പരീക്ഷണങ്ങള്‍..

___________________________________________________________________


വടകര മോഡല്‍ പൊളി ടെക്നീക്കില്‍ നിന്ന് പാസ്സായി കഴിഞ്ഞപ്പോഴാണ് മനസിലായത് പഠിച്ച ടെക്നിക്ക് കൊണ്ട് യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാകും എന്നല്ലാതെ ഒരു കാറ് പോലും നേരാംവണ്ണം ഓടിക്കാന്‍ പറ്റില്ലാന്ന്. പൊളി യൂണിയന്‍ ജെനറല്‍ സെക്രടറിയായി സമരം നടത്തിയതിനു പ്രിന്‍സിപ്പല്‍ പകരം വീട്ടിയത് (ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയിട്ടും) ക്യാമ്പസ്‌ ഇന്റര്‍വ്യൂവിനു പടിയടച്ചു പിണ്ഡം വച്ച് കൊണ്ടായിരുന്നു. ആകെ ഉണ്ടായിരുന്ന പ്രതീക്ഷ എട്ടു നിലയില്‍ പൊട്ടിവിരിഞ്ഞു. അങ്ങനെ ഞാനും ഒരു തോഴിലന്ന്വേഷകനായി...വര്ഷം 1998

1. സിംഹങ്ങളും ആട്ടിന്കുട്ടിയും – ആദ്യത്തെ ഇന്റര്‍വ്യൂ.
-------------------------------------------------------------------
അന്നത്തെ ഏതു ഇലക്ട്രോനിക്സ്കാരെന്റെയും സ്വപ്നമായിരുന്ന BPL ല്‍ ആയിരുന്നു ആദ്യത്തെ ഇന്റര്‍വ്യൂ. ആകെ കൂടെയുണ്ടായിരുന്ന നാലും മൂന്നും ഏഴു താടി രോമങ്ങളും ഷെവു ചെയ്തു, വടിവോപ്പിച്ചു ഇസ്തിരിയിട്ട ഷര്‍ട്ടും പാന്റ്സുമിട്ടു (ക്രെഡിറ്റ്‌ ഗോസ് ടു അമ്മ...!!! ) പറ്റാവുന്നിടത്തോളം എക്സിക്യുട്ടീവ് ആയി, കയ്യില്‍ സര്ടിഫിക്കറ്റുകളും കോപ്പിയടിച്ച ബയോഡാറ്റയുമായി കൃത്യ സമയത്ത് തന്നെ, കോഴിക്കോട് BPL സര്‍വീസ് സെന്ററില്‍ എത്തി. ദൈവം ഇന്റര്‍വ്യൂയറെ കൊണ്ട് എനിക്കറിയാവുന്നത് മാത്രം ചോദിപ്പിച്ചത് കൊണ്ട്, ആദ്യ റൌണ്ട് സക്സസ്സ്...!!!

രണ്ടാം റൌണ്ട് മര്‍ക്കസ്സു ഹോട്ടലില്‍ വച്ച്. “may I come in..??” ചോദിച്ചു ആഡംബര മുറിയില്‍ കടന്നപോള്‍ കണ്ടത് മൂന്നു സിംഹങ്ങളെ...!!

ബ്രാഞ്ച് മാനേജര്‍, റീജണല്‍ മാനേജര്‍ പിന്നെ സര്‍വീസ് മാനേജര്‍...!!

വലിയ സിംഹം കട്ടിലില്‍.. കുഞ്ഞു സിംഹങ്ങള്‍ കസേരകളിലും.. self introduction ഉം കുഞ്ഞു ചോദ്യങ്ങളും കഴിഞ്ഞപ്പോള്‍ അത് വരെ മിണ്ടാതിരുന്ന വലിയ സിങ്കം ഒന്ന് മുരണ്ടു.

“ what do you expect from our company and this job ?? ”

“ job satisfaction” എന്നായി ഈ ആട്ടിന്‍കുട്ടി.

“ what do you mean by job satisfaction “

“ ജോബ്‌ സാറ്റിസ്ഫാക്ഷന്‍ എന്ന് വച്ചാ....എന്ന് വച്ചാ…. (കര്‍ത്താവേ, ഏതു നേരത്താ ഈ വാക്ക് വായില്‍ വന്നത്...)

“ ഐ മീന്‍ ... ജോബ്‌ സാറ്റിസ്ഫാക്ഷന്‍ മീന്‍സ്‌ ..( ഓം ഹ്രീം... ബി എസ് വാര്യയരായ നമ... ).”

“ ( കിട്ടിപ്പോയി) ..ഒരു ഫ്രെഷര്‍ എന്ന നിലയില്‍ പണി പഠിക്കാന്‍ ഞാന്‍ കുറച്ചു സമയമെടുത്തേക്കും, അതൊന്നു കണ്സിഡര്‍ ചെയ്യണം.. പിന്നെ അത്ത്യാവശ്യത്തിനു ശമ്പളം, മതി... അത്രേം മതി...”

“ ഒരു 10 കോള്‍സ് നിങ്ങളെ ഏല്‍പ്പിച്ചാല്‍, 7 എണ്ണം മാത്രമേ ഫിനിഷു ചെയ്തുള്ളൂവെങ്കില്‍ ഞങ്ങള്‍ ഒക്കെ പറയണോ ??? “ സിംഹം എന്റെ കഴുത്തില്‍ തന്നെ കടിച്ചു...

വേണ്ടേ ..? വേണോ ..? വേണ്ട....... ണ്ണം!!!!

"അപ്പൊ ബാക്കി 2 കോള്‍സ് ആര് ചെയ്യും ???" സിംഹം പല്ലുകള്‍ ഒന്നുകൂടി അമര്‍ത്തി

"അത്.... പിന്നെ ...അതിനിപ്പോ ഇവിടെ വേറെ ആള്കളൊക്കെ ഉണ്ടാവില്ലേ... ഇല്ലേ...???" ആട്ടിങ്കുട്ടി ഒന്ന് പിടഞ്ഞു നോക്കി..

സിംഹം ഒന്ന് ചിരിച്ചു, കൂടെ കുട്ടി സിംഹങ്ങളും.. അതോ കൊന്നു കൊലവിളിച്ചതോ..

കുട്ടി സിംഹം വിടാന്‍ ഉദ്ദേശിച്ചിട്ടില്ല...എന്തെങ്കിലും ചോദിക്കാനുണ്ടോ ??

"എയ്യ്... ഞാനാ ടൈപ്പേ അല്ല".

”നിങ്ങള്ക്ക് ഈ കമ്പനിയെപ്പറ്റി എതൊക്കെ അറിയാം “ അവസാന തുള്ളി ചോരയും കൂടി കുട്ടി സിംഹം ഊറ്റി

"അതിപ്പോ BPL നേ പറ്റി ആര്‍ക്കാ അറിയാത്തേ??, പാലക്കാടു ഒരു ഫാക്ടറി ഉണ്ട്, TV ഒക്കെ ഉണ്ടാക്കും.".

" പിന്നെ എന്തൊക്ക അറിയാം...???" സിംഹം നാവ് നുണഞ്ഞു..

" അത്....പിന്നെ....പിന്നെ ..ഇതൊക്കെ തന്നെ ..."

" ശരി... പോയ്‌ക്കോളൂ ,ഞങ്ങള്‍ പിന്നെ അറിയിക്കാം.."

ഇനി എന്തോന്ന് അറിയിക്കാന്‍..!! , ജീവനോടെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ആട്ടിന്‍ കുട്ടി നാല് കാലും പറിച്ചോടി...

ആദ്യത്തെ ഇന്റര്‍വ്യൂ ഗോപി വരച്ചെങ്കിലും നമ്മക്ക് ടെക്നിക്ക് പിടികിട്ടി..

ഒന്ന് : കമ്പനിയെപ്പറ്റി വൃത്തിയായി അറിഞ്ഞിരിക്കണം...അല്ലെങ്കില്‍ നമ്മ വിവരം അറിയും.
രണ്ട് : എന്തെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിനെപ്പറ്റി വിശദമാക്കാനും പഠിക്കണം. അല്ലെങ്കില്‍ അവര്‍ കൊന്നു കൊലവിളിക്കും..!!
മൂന്ന് : ചോദ്യങ്ങള്‍ ഇങ്ങോട്ട് മാത്രമല്ല അങ്ങോട്ടും ആവണം.. ഒരു വെടിക്കുള്ള മരുന്നൊക്കെ നമ്മളും കയ്യില്‍ കരുതണം.

( കുറച്ചു പേരുടെ CV/ resume കാണാനും കുറച്ചു പേരെ ഇന്റര്‍വ്യൂ ചെയ്യാനും ഇനിയും കുറച്ചു പേരെ ഉപദേശിച്ചു ഒരു വഴിക്കാക്കി ജോലി നേടാന്‍ സഹായിക്കാനും പറ്റിയ ഒരാളെന്ന നിലയില്‍ പറയട്ടെ “ ഇന്റര്‍വ്യൂയില്‍ നല്ല പ്രകടനം കാഴ്ച വെക്കുന്നതില്‍ നമ്മുടെ കുട്ടികള്‍ പുറകിലാണ്. വര്‍ഷങ്ങളുടെ എക്സ്പീരിയന്സിന്റെ അഹങ്കാരം പറയുന്ന പലരും സ്വന്തമായി ഒരു CV തയ്യാറാക്കാന്‍ പോലും അറിയാത്തവരാണ് എന്നതും ഒരു സത്യം..

എന്ത് എങ്ങനെ ചെയ്യനം എന്ന് പറയാനുള്ള അനുഭവ പരിചയം ഇല്ലെങ്കിലും എന്ത് ചെയ്യരുത് എന്ന് കാണിച്ചു തരാന്‍ എന്റെ വിഡ്ഢിത്തങ്ങള്‍ മതിയാവും എന്ന വിശ്വാസത്തോടെ ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടേക്കാം എന്ന് കരുതി തുടരുകയാണ്...)

അടുത്ത തവണ : 250 രൂപ പോയാലെന്താ ...സംഗതിയുടെ കിടപ്പ് മനസിലായല്ലോ ??

2014 ഏപ്രിൽ 13, ഞായറാഴ്‌ച

My School Days....................................................Lesson 3




പിറ്റേന്ന്,

വിറയ്ക്കുന്ന ശരീരവും മിടിക്കുന്ന കുഞ്ഞു ഹൃദയവുമായി ഞാന്‍ സ്കൂളിലെത്തി..ഒരു സഹപാഠിയെ പോലീസുകാര്‍ പഞ്ഞിക്കിടുന്ന അസുലഭമായ കാഴ്ചകാണാന്‍ എന്റെ കൂട്ടുകാര്‍ കണ്ണും തുറന്നിരുന്നു.
അതിനിടിയാല്‍ ആരോ അടുത്ത വെടിയും പൊട്ടിച്ചു;

"ഹസീനയുടെ അച്ഛനും പോലീസാണ്..!!!"

അത് കൂടി കേട്ടതോടെ ഞാന്‍ “ചത്തതിനൊക്കുമെ ജീവിചിരിക്കിലും” എന്ന മട്ടായി.

പോലീസ് വരുന്നതും കാത്തു അക്ഷമരായിരുന്ന സഹപാഠികള്‍ക്ക് ആശ്വാസമായി ഒരാള്‍ സ്കൂളിലേക്ക് വന്നു കയറി....!!!

ഹസീനയുടെ  അച്ഛന്‍...!!!

വെള്ള ഷര്‍ട്ടും വെള്ളമുണ്ടും ഉടുത്ത ഒരാള്‍ , അയാള്‍ ഏതായാലും പോലീസല്ല ..അത്രയും ആശ്വാസം

ടീച്ചര്‍മാര്‍ എല്ലാവരും അയാളുടെ അടുത്തേക്ക് ചെന്നു. ഏതു നിമിഷവും എന്റെ നേരെ നീണ്ടു വരുന്ന ഒരു ചൂണ്ടു വിരല്‍ പ്രതീക്ഷിച്ചിരിക്കുന്ന എനിക്ക് ചിലര്‍ യാത്രമൊഴി നല്‍കി. എന്റെ ശരീരം പോലീസ് സേനക്ക് ഉരുട്ടി പഠിക്കാനായി സമര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറെടുത്തു..

നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന കുഞ്ഞു കണ്ണുകള്‍ കണ്ടു ദൈവത്തിനു കനിവ് തോന്നിയത് കൊണ്ടോ എന്തോ..... ഒന്നും സംഭവിച്ചില്ല ..

ആരും എന്റെ നേരെ വിരല്‍ ചൂണ്ടിയില്ല...

ടീച്ചര്‍മാര്‍ എന്നെ ഒറ്റു കൊടുത്തില്ല...!!!

പോലീസുകാര്‍ എന്നെ പിടിച്ചില്ല… !!!

ഒരു നിരപരാധിയെ അറസ്റ്റു ചെയ്യുന്നത് കാണാനുള്ള ഭാഗ്യം എന്റെ സഹപാഠികള്‍ക്ക് ഉണ്ടായില്ല....!!!

റബ്ബില്ലലിമീനായ തമ്പുരാനെ, എല്ലാ സ്തുതിയും അവിടത്തേക്ക് ..!!!

നേരിയ ഇച്ചാഭംഗത്തോടെയിരുന്ന കുട്ടികളെ ശാരദ ടീച്ചര്‍ “ ഓള്‍ സ്റ്റാന്റ് അപ്പ്‌ - ഓള്‍ സിറ്റ് ഡൌണ്‍ “ പറഞ്ഞു പാഠങ്ങളിലേക്ക് തിരിച്ചു കൊണ്ട് വന്നതോടെ എല്ലാവരും പാഠപുസ്തകങ്ങളുടെ മേല്‍ “റാകി പറക്കുന്ന ചെമ്പരുന്തുകളായി” . ( “വേലയും വിളക്കും കടലും കപ്പലും കണ്ട്” ചെമ്പരുന്ത് നടത്തിയ ഈ റാകി പറക്കലില്‍ ഒരു മന്ത്രി ഉടക്കിയതോടെ പാഠപുസ്തകമാറ്റത്തിനു തുടക്കമായി എന്നത് ചരിത്രം ).

കുന്നിക്കുരുക്കളും മഞ്ചാടിക്കുരുക്കളും ഈര്‍ക്കിലുകളും കൊണ്ട് ഞങ്ങള്‍ ഗണിതം പഠിച്ചു. ഒന്നും മുതല്‍ നൂറു വരെ തിരിച്ചും മറിച്ചും എണ്ണാന്‍ പഠിച്ചു മിടുക്കരായി. ഒറ്റയും ഇരട്ടയും (odd and even numbers) ഞങ്ങളുടെ ഓര്‍മ ശക്തിയുടെ കുഞ്ഞു മുറികളില്‍ അടങ്ങി ഒതുങ്ങി കഴിഞ്ഞു.

കല്ല്‌ പെന്‍സില്‍ കുഞ്ഞു വിരലുകളില്‍ അനുസരണയോടെ ഇരുന്നപ്പോള്‍ അക്ഷരങ്ങളും അക്കങ്ങളും വരുതിയിലായി..

അതോടെ ശാരദ ടീച്ചറെ ഒന്നാം കാസ്സില്‍ തന്നെ വിട്ടു ഞങ്ങള്‍ മാധവി ടീച്ചറുടെ രണ്ടാം ക്ലാസ്സിലെത്തി.

തന്റെ പുഞ്ചിരിയുടെ നൈര്‍മല്ല്യത്തിനോട് തൊറ്റ വേദനയില്‍ പൊടിഞ്ഞു വീഴുന്ന ചന്ദനക്കുറിയുമായി വന്നിരുന്ന ടീച്ചര്‍ പഠിപ്പിക്കുന്നതിന് പുറമേ ഒരു കാര്യം കൂടെ ചെയ്തിരുന്നു;
കുട്ടികളുടെ ഇളകുന്ന പാല്‍പല്ലുകള്‍ വേദന അറിയിക്കാതെ പറിച്ചെടുക്കുക...!!!

അക്കാലത്തു ആ സ്കൂളില്‍ പഠിച്ചിറങ്ങിയ എല്ലാവരുടെയും ചിരി ഇന്നും സുന്ദരമായിരിക്കുന്നത് ടീച്ചറുടെ ആ കരവിരുതു കൊണ്ടാണ്...!!!

( ആലോചിച്ചു നോക്കൂ : ഇന്നേതെങ്കിലും കുട്ടിയുടെ പല്ല് ടീച്ചര്‍ പറിച്ചെടുത്താല്‍ നമ്മള്‍ എത്ര ദിവസം വിദ്യാഭ്യാസ ബന്ദു നടത്തും...!!!)

ടീച്ചര്‍ പഠിപ്പിച്ചു തന്ന; രണ്ടാം ക്ലാസ്സിലെ മലയാള പാഠവലിയില്‍ ഇരുന്നു സുരേഷിനെ തിരിഞ്ഞു നോക്കിച്ച മൈന, മനസിന്റെ മുറ്റത്തെവിടെയോ ഇരുന്നു “ കാ കാ കീ കീ” പറയുന്നുണ്ട് ഇപ്പോഴും.

അവസാന പാഠത്തിന്റെ പൂമുഖത്ത് വാളും പിടിച്ചു കുതിരപ്പുരത്തിരുന്നിരുന്ന ജോര്‍ജ് വാഷിങ്ങ്ട്ടന്‍ എന്നെ മറന്നോ എന്ന് ചോദിക്കുന്നു.

ഒന്നാം ക്ലാസ് ശാരദ ടീച്ചര്‍ക്കും രണ്ടാം ക്ലാസ്സ് മാധവി ടീച്ചര്‍ക്കും പങ്കു വച്ച് കൊടുത്തപ്പോള്‍ മൂന്നാം ക്ലസ്സെടുത്തത് സത്യന്‍ മാഷായിരുന്നു. നാലും അഞ്ചും ഓമന ടീച്ചര്‍ക്കും സുധ ടീച്ചര്‍ക്കും കിട്ടിയപ്പോള്‍ ഒരു ക്ലാസ്സും സ്വന്തമായിട്ടില്ലാത്ത രണ്ടു പേരുണ്ടായിരുന്നു;

തന്റെ മീശ എത്ര തന്നെ മേലോട്ട് പിരിച്ചു വച്ചാലും ഒരു കുഞ്ഞിന്റെ പോലുള്ള നിഷ്കളങ്കമായ ചിരി മാത്രം ബാക്കിയുണ്ടാവുമായിരുന്ന, “ ഉമ്മച്ചി കുട്ടികളെ” അറബി പഠിപ്പിച്ചിരുന്ന അറബിക്ക് മാഷും (ഈ മാഷിന്റെ പേര് അറബിക് മാഷ്‌ എന്നല്ല അബ്ദുറഹിമാന്‍ മാഷ്‌ എന്നാണെന്ന് അറിഞ്ഞത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ..!!),

ടവല്‍ തുന്നാന്‍ പഠിപ്പിക്കാന്‍ സൂചിയും തുണിയുമായി വരാറുണ്ടായിരുന്ന തുന്നല്‍ ടീച്ചറും.

നാലാം ക്ലാസ്സിലെയും അഞ്ചാം ക്ലാസ്സിലെയും കുട്ടികള്‍ക്ക് മാത്രമായിരുന്നു തുന്നി പഠിക്കാനുള്ള ഭാഗ്യം. സൂചികളുടെ എണ്ണം പരിമിതമായത് കൊണ്ട് പലപ്പോഴും അത് പെണ്മണി കള്‍ക്ക് പോകും. അന്ന് അങ്ങനെ തുന്നി പഠിച്ച സ്ത്രീ ജനങ്ങള്‍ ഇന്ന് അവരുടെ പ്രിയതമന്മാരുടെ ഷര്‍ട്ടിലെ , അലക്ക് കല്ലിന്റെ ക്രൂരത സഹിക്കാനാവാതെ പൊട്ടി തെറിച്ച ബട്ടന്‍സുകള്‍ തുന്നി പിടിപ്പിക്കുന്നുണ്ടാവണം...!!!

അക്കാലത്തു കുഞ്ഞുങ്ങളുടെ ഉച്ച ഭക്ഷണത്തിനും കിട്ടി ഒരു ഓള്‍ പ്രോമോഷന്‍ - ഉപ്പുമാവില്‍ നിന്ന് ഉച്ച കഞ്ഞിയിലേക്ക്.

ജാനു ഏടത്തിയുടെ കഞ്ഞിയും പയറും എല്ലാവരും കഴിക്കണമെന്ന് നിബന്ധന വന്നപ്പോള്‍ ഞങ്ങള്‍ അക്കാര്യത്തിലും സമന്‍മാരായി...തങ്ങളുടെ കുഞ്ഞുങ്ങള്‍ ഉച്ചവെയില്‍ കൊണ്ട് കറുത്ത് പോകില്ലെന്ന് അമ്മമാര്‍ ആശ്വസിച്ചപ്പോള്‍, വീട്ടില്‍ പോയി വരാനുള്ള സമയം കൂടി കളിക്കാന്‍ കിട്ടുമല്ലോ എന്ന് ഞങ്ങളും സന്തോഷം കൊണ്ടു.

അങ്ങനെ കുറച്ചു പേര്‍ കൂടെ ഞങ്ങളുടെ പുസതക സഞ്ചിയില്‍ അതിഥി കളായി – കഞ്ഞിഒഴിക്കാനുള്ള പ്ലേറ്റ്, കോരിക്കുടിക്കാനുള്ള സ്പൂണ്‍, പിന്നെ ചെറുപയര്‍ വാങ്ങാനുള്ള ഒരു കുഞ്ഞു പാത്രം. സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും അവ സഞ്ചിയിലിരുന്നു ഞങ്ങളുടെ കുഞ്ഞു വായിലെ വലിയ ചര്‍ച്ചകള്‍ക്ക് പശ്ചാത്തല സംഗീതം തീര്‍ത്തു.

കുഞ്ഞു വയറിലേക്ക് പോകാനുള്ള തിടുക്കത്തില്‍ കഞ്ഞിയും പയറും തിളച്ചു വരുമ്പോഴെക്കു സീനിയര്‍ പെണ്‍കുട്ടികള്‍ വരാന്ത അടിച്ചു വൃത്തിയാക്കും. ഇരിക്കാന്‍ സുഖമുള്ള VIP സീറ്റുകള്‍ എല്ലാം കയ്യൂക്കുള്ള ചേട്ടന്മാര്‍ക്ക് റിസേര്‍വ് ചെയ്തിരുന്നത് കൊണ്ട് ഞങ്ങളെപ്പോലുള്ള നുനുങ്ങു കുട്ടികള്‍ക്ക് തറ ടിക്കറ്റായിരുന്നു എന്നും. വെളുക്കെ ചിരിക്കുന്ന കഞ്ഞിയും വറ്റല്‍ മുളക് കൊണ്ട് മാരിനേറ്റു ചെയ്ത ചെറുപയറും വിളമ്പിയിരുന്നത് ടീച്ചര്‍മാര്‍ തന്നെയായിരുന്നു.

പറക്കുന്ന ആവിയുടെ ബലത്തില്‍ കൊഞ്ഞനം കുത്തുന്ന കഞ്ഞി വായും നാവും പൊള്ളിക്കുമെന്ന പേടിയില്‍ ഞങ്ങള്‍ മടിച്ചു നില്‍ക്കുമ്പോള്‍ ആ വഴി പോകുന്ന കാറ്റും സ്കൂള്‍ വരാന്തയിലേക്ക്‌ കയറാതെ ഒളിച്ചു കളിക്കും. വിശപ്പ്‌ ക്ഷമ കെടുത്തുമ്പോള്‍ ആവി പറക്കുന്ന കഞ്ഞിയെ ചിലര്‍ ഊതി തണുപ്പിച്ചു. ഊതുമ്പോള്‍ പുറത്തു വരുന്ന വായുവില്‍ കാര്‍ബണ്‍ഡയോക്‌സയിടാണ് ഉണ്ടാവുകയെന്നും അത് കലരുന്ന കഞ്ഞി നല്ലതല്ല എന്നും സയന്‍സില്‍ പിടിപാടുണ്ടായിരുന്ന ശാസ്ത്ര കുഞ്ഞുങ്ങള്‍ പറഞ്ഞു തന്നത് വിശപ്പിന്റെ വിളിയില്‍ പലരും അവഗണിച്ചിരുന്നുവെങ്കിലും അടുത്തിരിക്കുന്നവന്റെ കാര്‍ബണ്‍ഡയോക്‌സയിട് തന്റെ കഞ്ഞിയില്‍ കലരാതിരിക്കാന്‍ ശ്രദ്ദ വച്ചിരുന്നു. വിശക്കുന്ന കുഞ്ഞു വയറിനോട് തോറ്റുകൊടുത്തു കഞ്ഞി സ്വയം തണുക്കുമ്പോഴേക്ക് അത് തീരാറുമാവും. സ്പൂണിലും വായിലും ഒതുങ്ങാത്ത വികൃതി വറ്റുമണികള്‍ സ്കൂള്‍ വരാന്തയില്‍ തീര്‍ത്തിരുന്ന ചിത്രങ്ങള്‍ കുപ്പി വളയിട്ട കൈകളില്‍ എഴുന്നള്ളുന്ന ചൂലിന്റെ വരവിനായി കാത്തിരിക്കും. എന്നെന്നേക്കുമായി മാഞ്ഞു പോവാനായി....

എന്നും ചെറുപയര് കഴിക്കുന്നതിന്റെ വിരസത ഒഴിവാക്കാന്‍ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ സ്നേഹക്കനലില്‍ വാട്ടിയെടുത്ത വാഴയിലയില്‍ ചമ്മന്തി കരുതലിന്റെ കെട്ടുകെട്ടി പൊതിഞ്ഞു കൊടുത്തു.
സൗഹൃദം എന്നാല്‍ പങ്കുവെക്കല്‍ കൂടെയാണെന്ന് പഠിപ്പിച്ചു കൊണ്ട് അത് പല നാവുകളിലും രുചി മേളം തീര്‍ത്തു.

ഒരു ദിവസം, ഞങ്ങളെയെല്ലാവരും ഞെട്ടിച്ചു കൊണ്ട് അറബിക് മാഷിന്റെ മകന്‍ മുനീര്‍ കൊണ്ട് വന്ന പുളിയും മുളകുമിട്ടു വച്ച മത്തിക്കറി ഞങ്ങളുടെ വായില്‍ തീര്‍ത്ത വെള്ളം ഓര്‍മകള്‍ക്ക് മീതെ പിന്നെയും പൊങ്ങുന്നു.

ആ ദുഷ്ടന്‍ അത് ആര്‍ക്കും ഒന്ന് തൊട്ടുനക്കാന്‍ പോലും കൊടുത്തില്ലെങ്കിലും, അവന് പിറ്റേ ദിവസമോ പിന്നെടോരിക്കലുമോ വയറിനസുഖം വന്നിട്ടില്ല –

അതാണ് ഞങ്ങള്‍ ...!!!

രണ്ടാം ക്ലാസ്സില്‍ നിന്ന് ജയിക്കാന്‍ അന്ന് ഞങ്ങള്‍ക്ക് ആഗ്രഹം കുറവായിരുന്നു. കാരണം മൂന്നാം ക്ലാസ്സിലെ ചന്ദ്രന്‍ മാഷ്‌ തന്നെ.. അടിയുടെ മാഷായിരുന്നു  
ചന്ദ്രന്‍ മാഷ്‌. ദിവസം ഒരു കുട്ടിയുടെയെങ്കിലും കരച്ചില്‍ ഉയരും. അടിയുടെയും കരച്ചിലിന്റെയും ഒച്ചയുയരുമ്പോള്‍ എല്ലാവരില്‍ നിന്നും നെടുവീര്‍പ്പുയരും, മൂന്നാം ക്ലാസ്സിലെത്തേണ്ടവരുടെ പേടിയുടെയും മൂന്നാം ക്ലാസ്സ് കഴിഞ്ഞവരുടെ ആശ്വാസത്തിന്റെയും നെടുവീര്‍പ്പുകള്‍ ... 

സ്കൂളില്‍ പോവുമ്പോള്‍ ചാണകം ചവിട്ടാത്താവരും ചവിട്ടിയവരും അടികൊണ്ടു... ഒരു പോലെ...

അടി കൊള്ളാതിരിക്കാനായി കുപ്പായക്കീശയില്‍ ശീപോതി ചെടി പറിച്ചു വെച്ചതും പലപ്പോഴും വെറുതെയായി....

ഞങ്ങളുടെ വിദ്യാര്‍ഥി ഐക്യത്തോടെയുള്ള പ്രാര്‍ത്ഥന ശക്തമായപ്പോള്‍ ദൈവത്തിനു കണ്ണടച്ചിരിക്കാന്‍ ആയില്ല. അങ്ങേരു തന്നെ അതിനൊരു വഴി കണ്ടു...!!!

ഞങ്ങള്‍ ആരും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു വഴി...!!!

അല്ലെങ്കിലും ദൈവത്തിന്റെ കളികള്‍ അങ്ങനെയാണല്ലോ...



(അടുത്ത തവണ : നിങ്ങള്‍ക്ക് ആരാവണം ??? പണി കിട്ടുന്ന ഓരോ വഴിയേ...!!)

2014 മാർച്ച് 7, വെള്ളിയാഴ്‌ച

Wild...! But with gratitude...!




ഓർക്കുന്നില്ലേ ആ മാമ്പഴക്കാലം...???

കടയില്‍ നിന്ന് വാങ്ങുന്ന പഴുത്ത മാങ്ങയെക്കൾ എന്ത് രസമായിരുന്നു, എറിഞ്ഞോ അടിച്ചോ വീഴ്ത്തി , പലപ്പോഴും ഏതെങ്കിലും മതിലിലോ കല്ലിലോ കുത്തി പൊട്ടിച്ചു (അപ്പോഴേക്കും വായിൽ വെള്ളം ഊറും), പങ്കു വെച്ച്, ഇച്ചിരി ഉപ്പും , മുളകും ചേർത്ത് കഴിക്കുന്ന, , വായിൽ വെക്കുമ്പോഴേക്ക് പല്ല് പുളിക്കുന്ന പച്ച മാങ്ങകൾക്ക് ...!

മാവ് പൂത്തു തുടങ്ങുമ്പോഴേ കണ്ണിൽ കൊതിയും വായിൽ വെള്ളവുമായി കാത്തിരിപ്പാവും ..! ഉണ്ണി മാങ്ങകൾ പതിയെ ഉറക്കത്തിൽ നിന്നെഴുന്നേറ്റു വരുമ്പോഴെക്കു ക്ഷമ കെടും.. മുഴുവനായും കാണാന്‍ പറ്റാഞ്ഞ പുലര്‍കാല സ്വപ്നങ്ങളെപ്പോലെ മണ്ണിൽ ജീവനറ്റു വീണുകിടക്കുന്ന കുഞ്ഞു മാങ്ങകളെ കാണുമ്പോൾ കുഞ്ഞുകണ്ണുകളിലും സങ്കടവും കാണും.. !!

ഒന്ന് തുടുത്തുവരാൻ പോലും സമ്മതിക്കാതെ , ഉണ്ണിമാങ്ങകൾ പറിച്ചെടുക്കുന്ന കുസൃതികളെ മാഞ്ചുന കൊണ്ട് ഒന്ന് പൊള്ളിക്കും; അമ്മമരങ്ങൾ..!

അമ്മയുടെ അടിയുടെ വേദനപോലെ വേഗം മാറുന്ന ഒരു എരിച്ചൽ....

ഉണ്ണിമാങ്ങകൾ തല്ലി വീഴ്ത്തുന്നത് സഹിക്കില്ലെങ്കിലും, പിന്നെയും ഒരു കാറ്റ് വരുന്നത് വരെ കാത്തു നിന്ന്, ഒന്ന് കൊമ്പ് താഴ്ത്തിത്തരും അമ്മമാവുകൾ ..
ഉണ്ണികളുടെ കണ്ണിലെ പ്രതീക്ഷകൾ കണ്ടില്ലെന്നു നടിക്കാനാവാതെ...!!

അല്ലെങ്കിലും അമ്മമാർ അങ്ങനെയാണല്ലോ ...

പരീക്ഷകളുടെ ചൂടുള്ള സൂര്യന്‍ കൊടികുത്തിവാഴുന്ന മാർച്ച് കഴിയുമ്പോഴേക്ക് മാമ്പഴങ്ങളൊക്കെ വളർന്നു വലുതായി കുഞ്ഞുങ്ങളെയും കാത്തിരിപ്പവും. . സുഖമുള്ള ഒരേറുകൊണ്ട് വീഴാനായി....
കുട്ടികളോട് സ്നേഹമുള്ള മാമ്പഴങ്ങൾ കല്ല്‌ അടുത്തുകൂടെ പോവുമ്പൊഴേ താഴേക്കു ചാടും...
ചിലവ പിന്നെയും കളിപ്പിക്കും, ഒരേറു കൊണ്ടാലോന്നും വീഴില്ല. ഒന്നിളകി ചിരിച്ചു കളിയാക്കും...

അവയുടെ കൂട്ടത്തിലും ചില ജാഡക്കാറുണ്ട് , അങ്ങുയരത്തിലോട്ടു പോവും ..! കല്ലിനും കമ്പിനും എത്താവുന്നതിനെക്കാൾ ഉയരത്തിൽ... എന്നിട്ട് ഗമയിൽ കുഞ്ഞുങ്ങളെ നോക്കി “തൊടാമെങ്കിൽ തൊട്ടോന്നു പറയും” ....അവസാനം ഈ അഹങ്കാരികൾ ആരാലും നോക്കാനില്ലാതെ ചീഞ്ഞളിഞ്ഞു മണ്ണിലേക്ക് പതിക്കും...

ഒറ്റ ഏറിന് മാങ്ങകൾ വീഴ്ത്തുവനായിരുന്നു കൂടത്തിൽ മിടുക്കൻ..! പിന്നെ ഒരേറിന് ഒത്തിരി മാങ്ങ വീഴിക്കുന്നവർ...കൂട്ടത്തിലെ നുണ്ങ്ങ് പിള്ളേർ, ചേട്ടൻമാരോട് കെഞ്ചും....
പെണ്മണികളുടെ ഒരു നോട്ടം മാത്രം മതി, എത്ര എത്താകൊമ്പിലെ മാങ്ങയും നിലത്തെത്താൻ ...!

മുത്തശ്ശി മാവുകളില്‍ കണ്ണെത്താത്ത ഉയരത്തിലുള്ള മാമ്പഴങ്ങള്‍ക്ക് വേണ്ടി അണ്ണാറക്കണ്ണനോടും കാക്കയോടും പറഞ്ഞു നോക്കും,... അവ കടിച്ചതിന്റെ ബാക്കിയെങ്കിലും കിട്ടിയാല്‍ മതിയെന്ന് കൊതിച്ചിട്ടുണ്ട് പലപ്പോഴും...

പ്രണയം പറയാതെ പറഞ്ഞതും, സൗഹൃദം പങ്കു വെച്ചതും , പിണക്കങ്ങൾ അലിഞ്ഞു തീർന്നതും, നഷ്ടങ്ങൾ പരിഹരിക്കപ്പെട്ടതും പ്രതിഫലങ്ങൾ കൊടുത്തതും മധുരത്തെക്കാൾ പുളിയുള്ള മാമ്പഴങ്ങളിലൂടെ ......

മാമ്പഴങ്ങളും പലതരത്തിലായിരുന്നു; കുഞ്ഞുങ്ങളെപ്പോലെ... ഇപ്പോഴും മുഖം വീർപ്പിച്ചിരിക്കുന്ന; ആരോടും കൂട്ടുകൂടാത്ത; എപ്പോഴും പുളിക്കുന്ന മാമ്പഴങ്ങൾ...!

എല്ലാവരെയും മയക്കുന്ന ചിരിയുള്ള, ഒരു മുത്തം കൊടുക്കാൻ തോന്നിപോവുന്ന മുഖമുള്ള; മൂത്തുവരുമ്പൊഴേ മധുരിക്കുന്ന മാമ്പഴങ്ങൾ...!

ക്ലാസ്സിലെ മുന്‍ബെഞ്ചിലെ കുട്ടികളെപ്പോലെയുള്ള കുഞ്ഞു കടുക്കാച്ചി മാങ്ങകൾ...!

തടിച്ചുരുണ്ട് വലിയ വായിൽ ചിരിക്കുന്ന കവിളിലോന്നു തലോടാന്‍ തോന്നിപ്പിക്കുന്ന ബബ്ലൂസു മാങ്ങകൾ...!


*******                                            **********                                            *******

എല്ലാ മാമ്പഴക്കാലത്തും എന്ന പോലെ
  ഇത്തവണയും  അഹമദിക്കയുടെ പറമ്പത്തെ മാവ് നിറയെ കായ്ച്ചിരിക്കുന്നു..!

പച്ചയ്ക്ക് പോലും അതിനു മധുരമാണ്. ഇത്തിരി ഉപ്പും മുളകുമുണ്ടെങ്കില്‍...പിന്നെ പറയണോ???

റോഡരികിലുള്ള നിറയെ കായ്ക്കുന്ന ആ കുഞ്ഞുമാവ് വലിയ ആകര്‍ഷണമായിരുന്നെങ്കിലും ആ വഴി പോകുന്ന കുഞ്ഞുങ്ങളോന്നും മാവില്‍ കേറി മാങ്ങാപറിക്കില്ല. കാരണം അഹമ്മദിക്കതന്നെ. വലിയ ശരീരത്തേക്കാള്‍ വലിയ ശബ്ദമായിരുന്നു അങ്ങേര്‍ക്ക്. വീട്ടിലിരുന്നു അഹമ്മദിക്ക ഒച്ചയെടുത്താല്‍ മതി, കുട്ടികള്‍ ഓടിയൊളിക്കാന്‍...!

കുട്ടികളുടെ ഏറു കൊള്ളാന്‍ വേണ്ടിയാണ് മാവുകള്‍ പൂക്കുന്നതെന്ന് പലരെയും പോലെ അഹമ്മദിക്കയ്ക്കും അറിയില്ലാരുന്നു...!

ഇപ്പൊ കട്ടി മീശയും, വിരിച്ചു പിടിച്ചിരിക്കുന്ന നെഞ്ചുമുള്ള എന്റെ അനിയന്‍ ഉണ്ണി; മൂന്നു ദിവസം പനിച്ചു കിടന്നിട്ടുണ്ട്, പണ്ടൊരിക്കല്‍ അങ്ങേരുടെ ആ വലിയ ശബ്ദം കേട്ട് പേടിച്ചിട്ട്...!

( ഈ അഹമ്മദിക്ക ഇന്ന് സ്വര്‍ഗ്ഗത്തിലെ ഏദന്‍തോട്ടത്തില്‍ ഏതോ ഒരു മാവിന് കാവലിരിക്കുകയാണ് ഇപ്പോള്‍...!)

ഇത്തവണ ഏതായാലും അഹമ്മദിക്ക സ്ഥലത്തില്ല, സൌകര്യമായി...! കമ്പോ കല്ലോ ഒന്നും വേണ്ട. കയ്യെത്തിച്ചാല്‍ പറിക്കാം. റോഡു മുറിച്ചു കടന്നു പറമ്പത്തേക്ക് കാലെടുത്തു വച്ചതും മാവിന്‍ ചോട്ടില്‍ നിന്ന് അവര്‍ തലയുയര്‍ത്തി...!

അഞ്ചാറു നായ്ക്കള്‍ ..!

വല്ലാത്തൊരു മുരള്‍ച്ചയോടെ അവ എന്റെ നേരെ നോക്കി.

എനിക്കറിയില്ലായിരുന്നു അതവരുടെ സൌര്യവിഹാരഭൂമിയാണെന്ന്.

ഒരു രൌദ്ര ഭാവം അവയുടെ മുഖത്ത്...!

അതിര്‍ത്തി ലംഘിച്ചു അകത്തേക്ക് കടന്ന എന്നെ കടിച്ചു കീറാനായി അവ മുന്നോട്ടു കുതിച്ചു.

എന്റെ ശ്വാസം നിലച്ചു..

“ മോനേ, ജിതെഷേ, അതാ നിന്റെ പുറകില്‍ ....”
മുറ്റത്തു നിന്ന അമ്മയുടെ നിലവിളി തൊണ്ടയില്‍ കുരുങ്ങി...!

തിരിഞ്ഞു നോക്കുമ്പോള്‍ അതാ, പുറകില്‍ നിന്ന് ഒരു ഭീകരന്‍ നായ ഓടിവരുന്നു...!

ഞാന്‍ ഉറപ്പിച്ചു . ഇതാ, വേറും പതിനേഴു വയസ്സില്‍ ഞാന്‍ രക്തസാക്ഷിയാവാന്‍ പോകുന്നു....!

പത്രങ്ങളുടെ അവസാന പേജില്‍ “പട്ടി കടിച്ചു മരിച്ചു” എന്ന തലക്കെട്ടില്‍ ഞാന്‍ എന്റെ ചിരിക്കുന്ന ഫോട്ടോ കണ്ടു...!

പട്ടികടിച്ചു എന്നതിന് പകരം അച്ചടി പിശക് കൊണ്ടെങ്കിലും ആന ചവിട്ടി എന്നാവനേ എന്ന്
ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.

കോളേജിലെ സഹപാഠികള്‍ കറുത്ത ബാഡ്ജും ധരിച്ചു എന്റെ വീട്ടില്‍ ക്യൂ നിക്കുന്നതു മനസ്സില്‍ തെളിഞ്ഞു..

ചില മാന്‍മിഴികളില്‍ കണ്ണീരിന്റെ നനവും കണ്ടു..(ഭാവനയില്‍ കാണുന്നതിനും ആഗ്രഹിക്കുന്നതിനും
ടാക്സ് വേണ്ടായിരുന്നു അന്നും ..!)

കൈമാറാന്‍ മറന്നുപോയ പ്രേമലേഖനങ്ങള്‍ ...

പറയാനുള്ള രഹസ്യങ്ങള്‍..

കണ്ടു കൊതിതീര്‍ന്നിട്ടില്ലാത്ത മുഖങ്ങള്‍..

തിരിച്ചു കൊടുക്കേണ്ടിയിരുന്ന പുഞ്ചിരികള്‍...

കേട്ട് മതിവന്നിട്ടില്ലാത്ത കിളി മൊഴികള്‍..

അനാഥരാവുന്ന സുന്ദരികള്‍...

എഴുതി തീര്‍ന്നിട്ടിലാത്ത ലാബ്‌ റെക്കാര്‍ടുകള്‍

എഴുതേണ്ടിയിരുന്ന എന്‍ട്രന്‍സ് എക്സാം...

ആഗ്രഹങ്ങള്‍... പ്രതീക്ഷകള്‍...

എല്ലാം ഈ പട്ടികളില്‍ ഒടുങ്ങുന്നു..

എന്റെ ദൈവമേ...

ഞാന്‍ എനിക്ക് വേണ്ടി ‘ബിസ്മി’ ചൊല്ലി സ്വയം ‘ഹലാലായി’ .

കണ്ണുകളടച്ചു

.......................

ഒരു നിമിഷം

പുറകില്‍ നിന്ന് ഓടി വന്ന ഭീകരന്‍ എന്നെ മറികടന്നു മാവിന്‍ ചോട്ടില്‍ നിന്ന് കുതിച്ച നായ്ക്കൂട്ടതിനടുത്തെത്തി അവരോടു എന്തോ മുരണ്ടു .
എല്ലാവരും എന്നെ സൂക്ഷിച്ചു നോക്കുന്നു. പിന്നെ പരസ്പരം എന്തോ സംസാരിച്ചു.

ഫ്രൈ ആക്കണോ ചാപ്സ് ആക്കണോ എന്നാവും –

എന്റെ അമ്പരപ്പിച്ചു കൊണ്ട് അവര്‍ അവസാനം വന്ന നായയുടെ കൂടെ ദൂരേക്ക് ഓടിപ്പോയി.

ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഞാന്‍ തിരിച്ചു വീട്ടിലേക്കു ഓടിക്കയറി, ദീര്‍ഘശ്വാസമെടുത്തു .

യുക്തിവാദം നാലായി മടക്കി പോക്കറ്റില്‍ വച്ച്, ദൈവത്തിനു നന്ദി പറയുന്നതിനിടയില്‍ അമ്മയുടെ
ചോദ്യം കേട്ടു

“ നിനക്കറിയോ ആ പുറകീന്ന് വന്ന നായ ഏതാന്ന് ?

ഓര്‍മ്മയില്ലേ, കഴിഞ്ഞ മഴയത് ഇവിടെ വന്ന ഒരു നായക്കുട്ടിയെ ? നീ ബിസ്കറ്റും ചിപ്സും കൊടുത്തിരുന്ന ഒരു ചെറിയ നായയെ ? അവനാണത്..! “

എന്റെ ഓര്‍മ്മയില്‍ അവന്‍ തെളിഞ്ഞു വന്നു ...!!

ഒരു മഴയില്‍ കുതിര്‍ന്ന വൈകുന്നേരമായിരുന്നു അത്. നനഞ്ഞു വിറച്ചു ഒരു നായക്കുട്ടി. വല്ലാതെ പേടിച്ചിട്ടുണ്ടായിരുന്നു അത്. ഞങ്ങളുടെ ഇറയത്തേക്ക് പ്രതീക്ഷകളോടെ കയറിവന്ന അവനു ഞാന്‍ നാലുമണി കാപ്പിയുടെ കൂടെ കഴിച്ചുകൊണ്ടിരുന്ന ബിസ്കറ്റും ചിപ്സും കൊടുത്തു. ആര്‍ത്തിയോടെ അവനതു കഴിച്ചു, അവന്റെ ചെറിയ വാല്‍ ആവുന്നത്ര ആട്ടികൊണ്ട്.

പണ്ടെങ്ങോ ഒരു നായ പുറകെ ഓടിയതിന്റെ ദേഷ്യം ഇനിയും മാറിയിട്ടില്ലാത്താതിനാല്‍ ഒരു നായയും കന്നെടുത്താല്‍ കണ്ടു കൂടാത്ത അച്ഛന്റെ അനിഷ്ടം മറികടന്നു അവനും ഞങ്ങളുടെ വീട്ടിലെ അന്തേവാസിയായി. എനിക്കുള്ളത് അവനും കൂടെയായിരുന്നു.

പ്രത്യേകിച്ച് പേരൊന്നും വിളിച്ചില്ലെങ്കിലും എന്റെ ശബ്ദം കേട്ടാല്‍ അവന്‍ എവിടെനിന്നെങ്കിലും ഓടിയെത്തും. കൊടുക്കുന്നത് കഴിച്ചു, ഒരു ചിരിയും ചിരിച്ചു പോകും.

ഇത്തിരി ആരോഗ്യവും വലിപ്പവും വെച്ച്, സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ അവനെങ്ങോട്ടോ പോയി. പതിയെ ഞാനും അവനെ മറന്നു..

ആ അവനാണിപ്പോള്‍ ഒത്ത ഒരു കരുത്തന്‍ നായയായി വളര്‍ന്ന് ഒരു പട്ടിക്കൂട്ടത്തിന്റെ വായില്‍നിന്നു എന്നെ രക്ഷിച്ചത്‌...!

ഞാന്‍ പുറത്തേക്കിറങ്ങി നോക്കി.

അതാ അങ്ങ് ദൂരെ, ഹാജിക്കയുടെ കൂറ്റന്‍ മാവിന്റെ ചുവട്ടില്‍ നിന്ന് അവന്‍ എന്നെ നോക്കുന്നു..

അവന്റെ തിളക്കമുള്ള കണ്ണുകള്‍ എന്നോട് പറയാതെ പറഞ്ഞു..

“ നിന്റെ ബിസ്കറ്റിന്റെ, ചിപ്സിന്റെ കടം ഞാന്‍ വീട്ടിയിരിക്കുന്നു...”

പിന്നെ എങ്ങോട്ടേക്കോ ഓടിപ്പോയി.

ഒരു സംശയം ഇന്നും ബാക്കിയാണ് – എന്നെ കടിച്ചു കീറാനായി വന്ന മറ്റു നായ്ക്കളോട് എന്താവും അവന്‍ പറഞ്ഞിട്ടുണ്ടാവുക ???

നമ്മുടെ പയ്യനാ, ഒന്നും ചെയ്യേണ്ടെന്നോ...!

( വിശ്വസിക്കൂ....ഇത് ഭാവനയല്ല. )

(കഴിഞ്ഞ ഒരവധിക്കാലത്ത് യാത്രകള്‍ക്കിടയില്‍ എല്ലായിടത്തും കണ്ടത് ഒരേ കാഴ്ച... ഓടിക്കളിക്കാന്‍ കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനാല്‍ നെഞ്ചു വിണ്ടുകീറി നെടുവീര്‍പ്പിടുന്ന ഉണങ്ങിവരണ്ട പാടങ്ങള്‍, വലിഞ്ഞു കേറാനും എറിഞ്ഞു വീഴ്ത്താനും കുഞ്ഞുങ്ങളെക്കാണാത്തതിനാല്‍ ദുഖിച്ചു തലയും കുനിച്ചിരിക്കുന്ന മാവുകള്‍, ചവിട്ടി മെതിക്കാന്‍ കുഞ്ഞുകാലുകളെ കാത്തിരുന്നു മടുത്തു പരസ്പരം തലോടി ആശ്വസിപ്പിക്കുന്ന പുല്‍ക്കൊടികള്‍, കമ്മ്യുണിസ്റ്റു പച്ചകള്‍...!

എല്ലാ കുഞ്ഞുങ്ങളും അവരുടെ അമ്മമാരുടെ ഇഷ്ടംപോലെ കാലില്‍ ചെളി പുരളാതെ, മുള്ള് കൊല്ലാതെ കംബ്യൂട്ടറിലോ ടിവിയിലോ കണ്ണും നട്ടിരിപ്പാന്ന് )