Dream ...! Becoz those don't have dreams don't have much...!


2017 മേയ് 16, ചൊവ്വാഴ്ച

ഒരു കഥ പറയട്ടെ ...!!




ഒരു പുരുഷനും ഒരു ദേവനും തന്നെ കൊല്ലാനാവില്ലെന്നും തന്റെ രക്തം നിലത്തു വീണാല്‍ അതില്‍ നിന്ന് നൂറു കണക്കിന് ദാരികന്മാര്‍ ജനിക്കുമെന്നും വരം വാങ്ങി ദുഷ്ടരില്‍ ദുഷ്ടനായി ദാരികന്‍ ദ്രോഹങ്ങള്‍ ചെയ്തു വാഴും കാലം
.
ദാരികന്റെ ദുഷ്ടത്തരങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ ശിവഭഗവാനെ കഴിയൂ എന്നു മനസ്സിലാക്കിയ ദേവഗണം ശിവനെ അഭയം പ്രാപിക്കുന്നു.
.
ദാരികന്റെ ദുഷ്ടതകള്‍ കേട്ടറിഞ്ഞ ശിവന്‍ കോപം കൊണ്ട് ജ്വലിച്ചു.
.
തൃക്കണ്ണ്‍ തുറന്നു..!!
.
അഗ്നി സ്ഫുലിംഗള്‍ക്കിടയില്‍ നിന്ന് അനേകം കൈകളില്‍ ഒട്ടനവധി ആയുധങ്ങളുമായി കോപാകുലയായൊരു സ്ത്രീരൂപം അവതരിച്ചു ..
.
സാക്ഷാല്‍ ഭദ്രകാളി ...!!!
.
“....മകളെ, പോയി ദാരിക നിഗ്രഹം ചെയ്തു ആ അസുരന്റെ ക്രൂരതകള്‍ അവസാനിപ്പിക്കൂ ..”. ശിവനരുളി
.
ശിവന്റെ അനുഗ്രഹവും നേടി ഭൂതഗണങ്ങളേയും നയിച്ചു ദാരികനെ തേടി ഭദ്ര യാത്രയായി.
.
ഒരു സ്ത്രീയെന്നു പരിഹസിച്ച ദാരികന്റെ കഴുത്തറുത്തു ദേവിഭദ്ര, ദാരികന്റെ ക്രൂരതകള്‍ അവസാനിപ്പിച്ചു. രക്തം ഭൂമിയില്‍ പതിച്ചു പിന്നെയും ദാരികന്മാര്‍ ഉണ്ടാവാതിരിക്കാന്‍ ഭദ്രകാളി ദാരികന്റെ കബന്ധത്തിലെ രക്തം കുടിച്ചു തീര്‍ത്തു.
.
ദാരിക നിഗ്രഹത്തോടെ അനാഥയായ ദാരിക പത്നി മണോദരിക്ക് ദേവഗണത്തെ ഭയമായി തുടങ്ങി. താനും ആക്രമിക്കപ്പെട്ടേക്കുമെന്ന ഭയത്താല്‍ രക്ഷതേടി തന്റെ അടുക്കലെത്തിയ മണോദരിയെ കണ്ട ശിവന്റെ മനമലിഞ്ഞു. അഭയമപേക്ഷിച്ച മണോദരിക്ക്
നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ കൊടുത്ത് ശിവന്‍ അനുഗഹിച്ചു.
.
“....ആര് നിന്നെ ആക്രമിക്കാന്‍ വരുന്നുവോ അവരുടെ മേല്‍ ഈ വിയര്‍പ്പു തളിക്കുക. അത് നിനക്ക് രക്ഷയാകും ..”
.
പുതിയ രക്ഷമാര്ഗ്ഗവുമായി പുറപ്പെട്ട മണോദരി ആദ്യം കാണുന്നത് തന്റെ പതിയുടെ ഘാതകിയായ ഭദ്രകാളിയെ. ഒട്ടും അമാന്തിക്കാതെ
ശിവന്റെ വിയര്‍പ്പു തുള്ളികള്‍ ഭദ്രയുടെ മേല്‍ തളിച്ചു
പൊടുന്നനെ ഭദ്രയുടെ മേലാകെ വസൂരി വന്നത്രെ ...!!
.
തന്റെ മകള്‍ ഭദ്രയുടെ ദയനീയ സ്ഥിതിയില്‍ മനമലിഞ്ഞ ശിവന്റെ കഴുത്തില്‍ ത്തില്‍ നിന്ന് ഒരു മൂര്‍ത്തി ജനിച്ചു. അത് ചെവിയിലൂടെ പുറത്തേക്കും വന്നു.
.
കണ്ഠത്തില്‍ ജനിച്ചു കര്‍ണ്ണത്തിലൂടെ പുറത്തേക്ക് വന്ന ആ ഉഗ്രമൂര്‍ത്തിക്ക്‌ കണ്ഠകര്‍ണ്ണന്‍ എന്ന് പേരായി ..
.
കണ്ഠകര്‍ണ്ണന്‍, സഹോദരിയുടെ ദേഹത്തെ വസൂരി കുരുക്കള്‍ തന്റെ നീണ്ട നാക്ക്‌ കൊണ്ട് നക്കി വൃത്തിയാക്കി. പക്ഷെ സഹോദരന്‍ സഹോദരിയുടെ മുഖത്ത് സ്പര്‍ശിക്കുന്നത് അനുചിതമായതിനാല്‍ തന്റെ മുഖം വൃത്തിയക്കുന്നതില്‍ നിന്ന് ഭദ്ര അനുജനെ വിലക്കി. അങ്ങനെ ഭദ്രകാളിയുടെ മുഖത്തെ വസൂരിപ്പാടുകള്‍ മാത്രം മായാതെ നിന്നു.
.
........... .............
.
കാതോടു കാതോരം ഒഴുകിയെത്തിയ കഥകള്‍ അങ്ങനെയുമുണ്ട് കുറെ ..!!
.
വടക്കന്‍ കേരളത്തിന്റെ മണ്ണില്‍ തോറ്റം പാട്ടിന്റെയും അസുര വാദ്യത്തിന്റെയും അകമ്പടിയോടെ, കാവുകളുടെ തിരുമുറ്റത്തു വസൂരി മാല ഭഗവതിയും കണ്ഠകര്‍ണ്ണനും ശാസ്തപ്പനും വിഷ്ണുമായയും ഒക്കെയും തെയ്യങ്ങളായി നിറഞ്ഞാടുന്നു.
.
ദേവീ പ്രീതിക്ക് നേര്‍ച്ചകള്‍ കഴിപ്പിക്കാനും ദക്ഷിണകൊടുത്തു അനുഗ്രഹങ്ങള്‍ വാങ്ങാനും എത്തുന്ന വിശ്വാസികള്‍ കളിയാട്ടങ്ങള്‍ കണ്ടു കണ്ണും മനസ്സും നിറക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ