Dream ...! Becoz those don't have dreams don't have much...!


2017 ജനുവരി 22, ഞായറാഴ്‌ച

കൊല്ലാന്‍ പറയുന്ന ദൈവം ..???


"..അല്ല മൂപ്പരെ, ഈ കൊല്ലാന്‍ പറയുന്ന ദൈവം ദൈവമാണോ??.."
.
"....ഏതു ദൈവാ ഡോ കൊല്ലാന്‍ പറഞ്ഞത് ??.."
.
"....ഞമ്മളെ കൃഷ്ണന്‍ , ഈ കൃഷ്ണനല്ലേ മൂപ്പരേ ഞമ്മളെ അര്‍ജ്ജുനനെക്കൊണ്ട് എല്ലാരേം കൊല്ലിച്ചത്, ഭാരതയുദ്ദത്തില് ??.."
.
"...അത് ശരി, അതാണ്‌ കാര്യം.."
.
"...അതെന്നെ, ദൈവംന്നു ഒക്കെ പറഞ്ഞാല്‍ കൊറച്ചുടെ ഡീസന്റ് ആവണ്ടേ ??
ഇങ്ങനെ കണ്ണി ചോരയില്ലാതെ കൊല്ലാമ്പറയാന്‍ പാടുണ്ടോ ?? ."
.
"....അത് ന്യായം .."
.
"....ആ അര്‍ജുനന്‍ പറഞ്ഞതല്ലേ എല്ലാരും ന്റെ ബന്ധുക്കളാ. എനക്ക് ആരെയും കൊല്ലാന്‍ പറ്റൂല്ലാന്ന്. എന്നിട്ടും ഓനെ വിടാണ്ട് പറഞ്ഞു പറഞ്ഞു എല്ലാരെയും കൊല്ലിച്ച്. ശരിയാണോ ആ ചെയ്തത് ??.."
.
"....അത് ശരിയാണല്ലോ , ആട്ടെ ആരെയൊക്കെയാ കൊല്ലാന്‍ പറഞ്ഞത് ??.."
.
"....ആരെയാ കൊല്ലാഞ്ഞത്??
സ്വന്തം അപ്പൂപ്പന്‍ മുതല്‍ ഏട്ടന്മാരെ വരെ കൊന്നില്ലേ ???
ന്നാലും ആ ഭീഷ്മരെ എങ്കിലും കൊല്ലാതെ വിടാരുന്നില്ലേ ?? ഒന്നുല്ലേലും ആ അര്‍ജുനന്റെ അച്ഛന്റെ അച്ഛന്റെ അച്ചന്റെ സ്ഥാനത്ത് ഉള്ളതല്ലേ??.."
.
".....ഭീഷ്മര്‍ അപ്പൂപ്പന്‍ മാത്രല്ല , വേറൊന്നു കൂടിയാ.."
.
."..അതെന്താ മൂപ്പരെ, അത് ?? ."
"....പറഞ്ഞെരാട്ടോ, നമ്മള് ടീവീല്‍ കണ്ട മഹാഭാരതത്തിനപ്പുറം ചിലത് കൂടിയുണ്ട്. ലേശം ക്ഷമയോടെ കേള്‍ക്കണംട്ടോ...എന്നാലേ മനസ്സിലാക്കാന്‍ പറ്റൂ .."
.
"....ഈ ഭീഷ്മര്‍ ഭയമാണ്, നമ്മുടെ മനസ്സില്‍ ഭയം ജനിപ്പിക്കുന്നത്.
ഭീഷമര്‍ അങ്ങനെയാണ് കാര്യങ്ങള്‍ ഒക്കെ നേടിയത്, ഭയപ്പെടുത്തീട്ട് , സ്വന്തം അര്‍ദ്ദസഹോദരന് കല്യാണം കഴിക്കാന്‍ പെണ്ണിനെ കൊണ്ട് വരുന്നത് പോലും ഭയപ്പെടുത്തീട്ടല്ലേ.."
.
".....ഭീഷമര്‍ ഭയമാണെങ്കില്‍ അര്‍ജുനന്‍ ആരാ ? .."
.
"....അര്‍ജുനന്‍ നമ്മുടെ മനസ്സാണ്. ഋജുവായ മനസ്സ്. ആ മനസ്സിനോടാണ് ഭയത്തെ കൊന്നുകളയാന്‍ - ജയിക്കാന്‍- ഭഗവാന്‍ പറഞ്ഞു കൊടുക്കുന്നത്.
ഇവിടെ ഭഗവാന്‍ ആരെന്നറിയുമോ ?? സുദര്‍ശനം കയ്യിലേന്തിയ ബുദ്ദിയാണ് ഭഗവാന്‍ .."
.
"....സുദര്‍ശനം എന്ന് പറഞ്ഞാല്‍ ആ കറങ്ങുമ്പോ തീ വരുന്ന സാധനല്ലേ ?? .."
.
"...അല്ലല്ലോ .. സുദര്‍ശനം എന്ന് പറഞ്ഞാല്‍ ശരിയായ ദര്‍ശനം.
ശരിയായ ദര്‍ശനം ഉള്ള ബുദ്ദിയാണ് ഭഗവാന്‍, ആ ബുദ്ദിയാണ് മനസ്സിന്റെ തേരാളി, .."
.
"....തേരാളി എന്ന് പറഞ്ഞാല്‍ രഥത്തിന്റെ ഡ്രൈവര്‍.."
.
".....അതെ, ഇവിടെ രഥം നമ്മുടെ ശരീരമാണ്. അഞ്ചു കുതിരകള്‍ പഞ്ചേന്ദ്രിയങ്ങളും , കടിഞ്ഞാന്‍ ബുദ്ദിയുടെ കയ്യിലല്ലെങ്കില്‍ പഞ്ചേന്ദ്രിയങ്ങളും നമ്മളെ തോന്നുന്നിടത്തെക്ക് കൊണ്ട് പോകില്ലേ..?.."
.
".....അതൊക്കെ ശരി. എന്നാലും ഭീഷ്മരോട് ചെയ്തത് ഇത്തിരി കടുപ്പായിപ്പോയില്ലേ??
ജയിക്കുന്നെങ്കില്‍ നേരിട്ട് ജയിക്കെണ്ടേ.. ഇതോരുമാതിരി ആ ആണും പെണ്ണും കെട്ട ശിഖണ്ടിയെ മുന്നില് നിര്‍ത്തി............
ഛെ മോശായിപ്പോയി ..."
.
"....ആരാ പറഞ്ഞെ ശിഖണ്ടിയെന്നാല്‍ ആണും പെണ്ണും കെട്ടതാന്ന്?
ശിഖ എന്ന് പറഞ്ഞാല്‍ കുടുമ , ഖണ്ടിക്കുക എന്ന് പറഞ്ഞാല്‍ മുറിക്കുക –
എന്ന് വച്ചാല്‍ കുടുമ മുറിക്കുക –
എപ്പോഴാ ഈ കുടുമ മുറിക്കുക?.."
.
"....എപ്പോഴാ ?? മുറിക്കണംന്ന് തോന്നുമ്പോ അങ്ങു മുറിക്കല്ലാതെ.. "
.
"....സന്യസിക്കാന്‍ പോവുമ്പോഴാ കുടുമ മുറിക്കുക
എല്ലാം ഉപേക്ഷിച്ചു സന്യസിക്കാന്‍ പോകുന്ന ആള്‍ക്ക് ഭയം ഉണ്ടാകുമോ ??...."
.
"...ഇല്ല .."
.
"....അതാണ്‌ ഇവിടെയും ചെയ്യുന്നത് ഭയത്തെ ജയിക്കാന്‍ മനസ്സ് സന്യാസ ഭാവത്തെ മുന്നില്‍ നിര്‍ത്തുന്നു..
മനസ്സിലായോ ഉത്തമാ..."
.
".....അപ്പൊ അതാണോ കാര്യം, ന്നാ പിന്നെ ദ്രോണരേ കൊന്നതെന്തിനാ ?
അങ്ങേരല്ലേ ഇവരെയൊക്കെ അമ്പും വില്ലും ഒക്കെപ്പിടിക്കാനും കാക്കയെ വെടിവെക്കാനും ബോംബെറിയാനും ഒക്കെ പഠിപ്പിച്ചത്??..."
.
"...ആരാ ഈ ദ്രോണന്‍ എന്നറിയോ ? നമ്മുടെ അറിവും പഠിച്ച വിദ്യകളും. പക്ഷെ തെറ്റായി ഉപയോഗിക്കപ്പെടുന്നത്....."
.
"....ദ്രോണര്‍ ഇവരുടെ ഒക്കെ ഗുരുവായിരുന്നില്ലേ ?.."
.
"....അതെ. പക്ഷെ, ചുമ്മാ അവരെ പഠിപ്പിച്ചതല്ല, അങ്ങേരുടെ സ്വാര്‍ത്ഥതക്ക് വേണ്ടിയാ അത് ചെയ്തത് . സ്വന്തം ക്ലാസ്സ്‌ മേറ്റ്‌ ആയ ദൃപദനോടുള്ള വാശിയും വൈര്യാഗ്യവും തീര്‍ക്കാന്‍ വേണ്ടിയാ ദ്രോണര്‍ കൌരവരേയും പാണ്ടവരെയും അസ്ത്ര-ശസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്‌. പിന്നെ അങ്ങേരു ആളത്ര വെടിപ്പാരുന്നില്ലല്ലോ,
ഏകലവ്യന്റെ വിരല്‍ മുറിച്ചു വാങ്ങിയതും , കര്‍ണ്ണന് അട്മിന്ഷന്‍ നിഷേധിച്ചതും ഒക്കെ ഓര്‍മയില്ലേ ??.."
.
തെറ്റായ രീതിയില്‍ പ്രയോഗിക്കപ്പെടുന്ന അറിവുകളും ഇല്ലായ്മ ചെയ്യപ്പെടണം, എന്നാലേ മോക്ഷം ലഭിക്കൂ..."
.
".....ന്നാലും ആയുധം താഴെ വച്ചൊരാളെ കൊല്ലാന്‍ പാടുണ്ടോ ??.."
.
".....യുദ്ദനീതിക്കെതിരാണത്, ദ്രോണര്‍ നീതി കൊടുക്കാഞ്ഞ ഒരാള്‍ ഉണ്ടായിരുന്നു, ഓര്‍മയില്ലേ അഭിമന്യുവിനെ ??
നമ്മുടെയൊക്കെ അഭിമാന ബോധമാണ് അഭിമന്യു. മുഴുവനായും അറിയില്ലെങ്കില്‍ പോലും പ്രശനങ്ങളിലേക്ക് എടുത്തു ചാടും. ആരുടേയും മുന്നില്‍ മിഥ്യാഭിമാനം അടിയറവെക്കാന്‍ കഴിയാത്തവര്‍ക്ക് പ്രശ്നങ്ങളുടെ ചക്രവ്യൂഹത്തില്‍ തന്നെ ഒടുങ്ങേണ്ടി വരും.
.
ഒരു യോദ്ദാവിനെ ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നാക്രമിക്കരുതെന്ന നിയമം ലംഘിക്കാന്‍ ആജ്ഞ നല്‍കുകയായിരുന്നു ദ്രോണര്‍. . സര്‍വ്വ സൈന്യാധിപന്‍ എന്ന നിലയില്‍ അധര്‍മ്മം കാട്ടിയ ദ്രോണര്‍ക്കും ധര്‍മം നിഷേധിക്കപെടുന്നു.
.
."....അപ്പൊ പിന്നെ കര്‍ണ്ണനെ കൊന്നതോ, ആളൊരു ഡീസന്റ് ജെന്റില്‍മാന്‍ ആയിരുന്നില്ലേ ..??"
.
ഒരുപാട് കഴിവുകള്‍ ഉണ്ടായിട്ടും അംഗീകരിക്കപ്പെടുന്നില്ല എന്ന നമ്മുടെയോക്കെ തോന്നലാണ് കര്‍ണ്ണന്‍, ആരെങ്കിലും അത് അംഗീകരിക്കാന്‍ തയ്യാറായാല്‍ അവര്‍ക്ക്വേണ്ടി എന്ത് അനീതിക്കും നമ്മള് കൂട്ട് നില്‍ക്കേം ചെയ്യും. അതാണ്‌ കര്‍ണ്ണനും സംഭവിച്ചത്. കര്‍ണ്ണന്റെ കഥ ഒരിക്കല്‍ വിശദായി പറഞ്ഞിരുന്നല്ലോ
ഉത്തമാ, മറന്നു പോയോ അത് ???
.
".....കര്‍ണ്ണനെ ഒരു തരത്തില്‍ പറഞ്ഞാല്‍ ചതിച്ഛതലേ ??"
.
"....ചതിച്ചില്ലലോ, യുദ്ദ നീതി നിഷേധിച്ചു.. കാരണം ഉണ്ട്, പാഞ്ചാലിയോടു അനീതി – വസ്ത്രാക്ഷേപം – കാണിച്ചപ്പോള്‍ അത് തടയാന്‍ കഴിവുള്ള ആളായിട്ടും മൌനം പാലിച്ഛതു കൊണ്ട് – അനീതി തടയാത്തവര്‍ക്ക് നീതി വേണം എന്ന് പറയാന്‍ എന്തവകാശം ??.."
.
".....ആ ശല്ല്യരെ കൊന്നതെന്തിനാരുന്നു?? ഒന്നൂല്ലേല്‍ അമ്മാവന്റെ സ്ഥാനത്തുള്ള ആളല്ലേ ??.."
.
"....ദുര്യോധനന്റെ കെണിയില്‍ പെട്ട് കൌരവരുടെ പക്ഷത്തു ആയിപ്പോയ ആളാണെങ്കിലും ശല്ല്യര്‍ ഒരു ശല്ല്യം തന്നെയായിരുന്നല്ലോ കര്‍ണ്ണന്. തെരാളിയെന്ന നിലയില്‍ മുന്നോട്ട് നയിക്കേണ്ടാ ആള് തന്നെ ശത്രുവിനെ പുകഴ്ത്തിയും തന്നെ ഇകഴ്ത്തിയും പറഞ്ഞാല്‍ പിന്നെ അതൊരു ശല്ല്യമല്ലേ ??
നിരുല്‍സാഹപ്പെടുത്തുന്ന ശല്ല്യങ്ങളെ ഇല്ലായ്മ ചെയ്യുക തന്നെ വേണ്ടേ ??.."
.
"...ദുര്യോധനെയും ദുശാസനനയെയും ഒക്കെ ക്വോട്ടേഷന്‍ന്‍ കൊടുത്തെങ്കിലും കൊല്ലേണ്ട ടീംസ് തന്നെയാണല്ലോ. ഇവരല്ലേ ദ്രൌപതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്..?..."
.
"...ധനം ദുര്‍വ്യയം ചെയ്യുന്ന സ്വഭാവമാണ് ദുരോധനനെങ്കില്‍ തെറ്റായ ശാസനകള്‍ ആണ് ദുശ്ശാസനന്‍, എല്ലാം ഇല്ലായ്മ ചെയ്യപ്പെടെണ്ടത് തന്നെ.
ഒരു തരത്തില്‍ പറഞ്ഞാല്‍ ദ്രൌപതി ആ അപമാനം അര്‍ഹിച്ചിരുന്നു.
.
ഇന്ദ്രപ്രസ്ഥത്തിലെ മായ കാഴ്ചകളില്‍ പെട്ട് കുളത്തില്‍ വീണ സ്വന്തം ഭര്‍തൃ ജ്യേഷ്ടനെ ‘...അന്ധനായ പിതാവിന്റെ അന്ധനായ പുത്രന്‍..’ എന്ന് വിളിച്ചു ആക്ഷേപിച്ചത് ദ്രൌപതിയല്ലേ..??
.
അതേപോലെ നിറഞ്ഞ സഭയില്‍ വച്ചു ദൌപതിയും അപമാനിക്കപ്പെടുന്നു...
.
.
കര്‍മ ഫലമാണ് ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തില്‍ നേരിടേണ്ടി വരുന്നത്. അച്ഛനു ശേഷം രാജ്യഭാരം ഏറ്റെടുക്കെണ്ടിയിരുന്ന ഭീഷമര്‍ സ്വന്തം കര്‍മത്തില്‍ നിന്ന് വ്യതിചലിച്ചു,
.
സ്വന്തം പുത്രന്മാരുടെ ദുഷ് ചെയ്തികള്‍ കാണാന്‍ കഴിയാത്ത അന്ധത ഉണ്ടായിരുന്ന ധൃത രാഷ്ട്രര്‍, അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു.
.
ഭര്‍ത്താവിന് കാഴ്ചയായി മക്കളെ നേര്‍വഴിക്കു നടത്തേണ്ടിയിരുന ഗാന്ധാരി സ്വയം അന്ധത വരിച്ചപ്പോള്‍ നാമാവശേഷമായത്‌ ആ കുടുംബം തന്നെയാണ്
.
"......അപ്പൊ മൂപ്പരെ എല്ലാരും മരിച്ചു കഴിഞ്ഞപ്പോ കൌരവര്‍ക്ക് സ്വര്‍ഗ്ഗവും നല്ലത് മാത്രം ചെയ്ത പാണ്ഡവര്‍ക്ക് നരകം ആണ് ലഭിച്ചത് എന്ന് പറഞ്ഞു കേട്ട് , ശരിയാണോ ??.."
.
".....അധര്‍മത്തിനുള്ള ശിക്ഷ ഒന്നുകില്‍ ഇഹത്തില്‍ അല്ലെങ്കില്‍ പരത്തില്‍. ഒരു തെറ്റിന് രണ്ടിടത്തും ശിക്ഷ കൊടുക്കാന്‍ പറ്റില്ലാലോ.
.
കൌരവര്‍ക്കു അവരുടെ അധര്‍മപ്രവര്‍ത്തികള്‍ക്കുള്ള ശിക്ഷ കുരുക്ഷേത്ര ഭൂമിയില്‍ വച്ചു കിട്ടുന്നുണ്ട്.
.
അതെസമയം,
ഭര്‍ത്താക്കന്മാരില്‍ അര്‍ജുനനോടു കൂടുതല്‍ ഇഷ്ടം കാണിച്ച ദ്രൌപ്തിക്കും,
.
വില്ലാളി വീരനെന്ന അഹങ്കാരം ഉണ്ടായിരുന്ന അര്‍ജുനനും,
മഹാബലവനെന്ന ബോധം കൊണ്ട് നടന്നിരുന്ന ഭീമനും,
.
സൌന്ദര്യത്തിലും അറിവിലും മികച്ചവര്‍ എന്ന ബോധം ഉണ്ടായിരുന്ന നകുല സഹദേവന്മാര്‍ക്കും
.
ധര്‍മ്മപുത്രര്‍ എന്ന പേരുണ്ടായിട്ടും ഗുരുവിനോട് അര്‍ദ്ദസത്യം മാത്രം പറഞ്ഞ യുധിഷ്ടിരനും പരത്തില്‍ അര്‍ഹിക്കുന്ന നരക ശിക്ഷ ലഭിക്കുന്നു..
.
ചുരുക്കിപ്പറഞ്ഞാല്‍ കുരുക്ഷേത്രം നമ്മുടെ മനസ്സാണ്, ധര്‍മ്മാധര്‍മങ്ങളുടെ ബലപരീക്ഷണം നടക്കുന്നതും അവിടെത്തന്നെ, എന്റെ ധര്‍മത്തിനെന്തുപറ്റി ( “ മമ കര്‍മ കിം അകുര്‍വ്വത ? “ ) എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ഭഗവദ് ഗീത .
.
|| യദായദാഹി ധര്‍മസ്യ, ഗ്ലാനിര്‍ ഭവതി ഭാരത,
അഭ്യുത്ഥാനമധര്‍മസ്സ്യ, തതാത്മന്‍ ശ്രുജാമ്യഹം ||
.
“.....അര്‍ജുനാ , എവിടെയാണോ ധര്‍മ്മത്തിന് ഗ്ലാനിയുണ്ടാകുന്നത് അധര്‍മ്മത്തിനു ഉയര്‍ച്ചയുണ്ടാകുന്നത്, അവിടെ ഞാന്‍ അവതരിക്കുന്നു..”
.
അധര്‍മം ചെയുമ്പോള്‍ ചെയ്യുന്നത് തെറ്റാണെന്നുള്ള നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്ന തോന്നല്‍ തന്നെയാണ് നേര്‍ബുദ്ദിയായ ഭഗവാന്റെ അവതാരം. അധര്‍മത്തെ ഇല്ലായ്മ ചെയ്തു ധര്‍മപാതയില്‍ ചരിക്കണമോ എന്നുള്ളത് നമ്മുടെ മാത്രം തീരുമാനമാണ്.
.
ഓര്‍ക്കുക ,
.
അനീതിയും അധര്‍മവും ചെയുന്നവര്‍ക്ക് നീതി നിഷേധിക്കപ്പെടുക തന്നെ ചെയ്യും. ...."
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ