Dream ...! Becoz those don't have dreams don't have much...!


2017 ജനുവരി 22, ഞായറാഴ്‌ച

നിങ്ങള്‍ എന്താണ് എന്നെ അംഗീകരിക്കാത്തത്..?


“ന്റെ ഹീറോ ആരാന്നറിയോ ??
.
കര്‍ണ്ണന്‍

.ശരിക്കും കര്ണ്ണനല്ലേ പുലി ...?? ങ്ങള് കര്‍ണ്ണനോട് ഈ ചെയ്തത് ഒക്കെ ശരിയാണോ ??..”
.
“..കര്‍ണ്ണന്‍ വെറും പുലിയല്ല , സിങ്കം ആയിരുന്നു സിങ്കം..
കിട്ടിയ വരം വര്‍ക്ക് ചെയ്യോന്നറിയാന്‍ കുന്തി ശ്രമിച്ചപ്പോ അനുഭവിക്കേണ്ടിവന്നതൊക്കെ പാവം കര്‍ണ്ണന്‍.!!
ആ കഥ ഒക്കെ അറിയാലോ ..ല്ലേ..?? കൌന്തെയനായ കര്‍ണ്ണന്‍ രാധേയന്‍ ആയതു ഒക്കെ കൊറേ കേട്ടതല്ലേ ..”
.
“..ഉം ..അതൊക്കെ കൊറേ കേട്ടതാ ..ക്ഷത്രിയനായി ജനിച്ചിട്ടും സൂത പുത്രായി ജീവിക്കേണ്ടി വന്നത് ..”
.
“..അതെ , ഡ്രൈവിംഗ് ടെസ്റ്റില്‍ രഥം കൊണ്ട് എച്ച് എടുത്തു ഡ്രൈവര്‍ ആകേണ്ടുന്നതിനു പകരം നമ്മുടെ കര്‍ണ്ണന് ഇഷ്ടം ആയുധം കൊണ്ടുള്ള കളിയാരുന്നു ..ജന്മ ഗുണം. അല്ലാതെന്താ ..?
അത് കൊണ്ടാ പാണ്ഡവരും കൌരവരും പഠിക്കുന്ന കോളേജില്‍ തന്നെ അട്മിഷന് നോക്കിയത്... “
.
“..പക്ഷെ, അവിടത്തെ പ്രിന്‍സിപ്പല്‍ ദ്രോണര് ആ പാവത്തിന് അഡ്മിഷന്‍ കൊടുത്തില്ലല്ലോ.. അത് ചെയ്തത് ശരിയായോ... ???
.
“...ഇല്ല .. അല്ലെങ്കിലും ദ്രോണര്‍ ആളത്ര വെടിപ്പല്ല. ഒരു ട്യൂഷനും പോവാതെ സെല്‍ഫ് സ്റ്റഡി കൊണ്ട് വില്ലാളി വീരനായ പാവം ഏകലവ്യനെ ‘തംപ്സ് അപ്’ സ്മൈലി ഇടാന്‍ പറ്റാണ്ട് ആക്കിയ ആളല്ലേ..
.
എന്നാലും നമ്മുടെ കര്‍ണ്ണന്‍ വിട്ടില്ലാട്ടോ , “..ദ്രോണര്‍ക്കു പറ്റില്ലെങ്കില്‍ അങ്ങേരുടെ ഗുരു” എന്നും പറഞ്ഞു നേരെ പോയത് പരശുരാമന്റെ അടുത്തു.. പക്ഷെ പരശുരാമന്റേതു ‘ബ്രാഹ്മിന്‍സ് ഒണ്‍ലി ‘ കോളേജ് ആരുന്നു .. അത് കൊണ്ട് കര്‍ണ്ണന്‍ ബര്‍ത്ത് സര്ട്ടിഫിക്കറ്റിലെ ജാതി കോളത്തില്‍ ‘ബ്രാഹ്മിന്‍’ എന്ന് തിരുത്തി എഴുതിയാണ് അഡ്മിഷന്‍ വാങ്ങിയത്.
.
പഠിക്കാനുള്ളത് ഒക്കെ പഠിച്ചു ഫൈനല്‍ സെം ആവുമ്പോഴേക്കു ഗുരു ഈ കള്ളം കണ്ടു പിടിച്ചു. അത് കര്‍ണ്ണന്‍ തന്നെ സ്വയം പാര ആയതാന്നു അറിയാല്ലോ ..ല്ലേ..???
.
സപ്രിട്ടിക്കറ്റ് തിരുത്തി അഡ്മിഷന്‍ വാങ്ങിയതിനു ഉഗ്രനൊരു ശാപവും കൊടുത്ത് –‘പടിച്ചപണിയൊക്കെ ആവശ്യം വരുമ്പോ മറന്നു പോവും-‘
.
പിന്നെ കര്‍ണ്ണന്‍ കരഞ്ഞു കാലു പിടിച്ചപ്പോ ഇച്ചിരി ഒന്ന് കടുപ്പം കുറച്ചു കൊടുത്തുന്നു മാത്രം ..
.
“..പാവം കര്‍ണ്ണന്‍ .. എന്നിട്ടോ .??.”
.
“...ഫൈനല്‍ സെമ്മിലെ പരൂക്ഷേന്റെ സമയം. പാണ്ടവര്‍ അഡീഷല്‍ ഷീറ്റ് ചറപറ വാങ്ങുന്നു ..കൌരവര്‍ അത് കണ്ടു അവരുടെ അപ്പന് തെറി വിളിക്കുന്നു.
അവിടെ ചെന്ന് കര്‍ണ്ണനും ഹാള്‍ ടിക്കറ്റ്‌ കാണിക്കുന്നു.
.
ഹാള്‍ ടിക്കറ്റ്‌ നോക്കിയ എക്സാമിനര്‍ പറഞ്ഞു “... ജ്ജ് എസ്സി എസ്ടി ആണല്ലോ..?? അനക്കിവിടെ പരൂക്ഷ എഴുതാന്‍ പറ്റൂല്ല ..”
.
“..അയ്യോ ..അത് കഷ്ടായല്ലോ ..”
.
“..ഉം .... പക്ഷെ. അത് കണ്ട ദുര്യോധനന്‍ ..ഈ ചാന്‍സ് മുതലാക്കി “..ബ്രോ ..ജ്ജ് ഇങ്ങു പോര് ഇന്നേ ഞമ്മളെ അംഗരാജ്യത്തിന്റെ രാജാവാക്കാം ..പകരം ഞമ്മളെ ഫ്രണ്ട്ഷിപ്‌ റിക്വസ്റ്റ് ഒന്ന് ആക്സപ്റ്റ് ചെയ്താ മതി..”
.
ഒരു സ്ഥലത്തും ലൈക്കും കമെന്റും കിട്ടാത്ത കര്‍ണ്ണന്‍, ദുര്യോധനന്റെ ചങ്ക് ദോസ്ത് ആയത് അങ്ങനെ ..
.
പിന്നെ അങ്ങോട്ട് ദുര്യോധനനു വേണ്ടി ചാകാന്‍ നടക്കുന്ന അളായി മാറി നമ്മുടെ കര്‍ണ്ണന്‍ ..”
.
“..പിന്നെ എന്ത് സംഭവിച്ചു ..??”
.
“..പിന്നെയും പലയിടത്തും കര്‍ണ്ണന് അപമാനം നേരിടേണ്ടി വരുന്നുണ്ട് ..
ദ്രൌപതിയുടെ സ്വയംവരത്തിനു പോയി വില്ലെടുക്കാന്‍ നോക്കിയപ്പോ – ഞമ്മക്ക് ഇന്റര്‍ കാസറ്റ്‌ മാര്യേജില്‍ താല്‍പ്പര്യം ഇല്ല ..ജ്ജ് വിട്ടോ എന്നുപറഞ്ഞു ദൌപതി ഇന്‍സള്‍ട്ട് ചെയ്തു ..
.
അന്ന് “..ഫീലിംഗ് പെയിന്‍ഡ് .. അനയ്ക്ക് ഞാന്‍ വച്ചിട്ടുണ്ടെടീ “ എന്ന് സ്റ്റാറ്റസ് ഇട്ടു പോയതാ കര്‍ണ്ണന്‍ ..”
.
ദ്രൌപതി അങ്ങനെ ചെയ്യണ്ടാരുന്നു ..സ്വയംവരത്തിനു ആരെ സ്വീകരിക്കണമെന്നുള്ളത് പെണ്ണിന്റെ ഇഷ്ടാണ് ..ന്നാലും ദൌപതിക്ക് ഒന്ന് നൈസ് ആയി സ്കൂട്ടാവാരുന്നു ..ല്ലേ ”
.
“..അതെ ...ദ്രൗപതി ഈ ബെടക്ക്‌ സ്വഭാവം പിന്നെയും കാണിക്കുന്നുണ്ട് .. ഇന്ദ്രപ്രസ്ഥത്തിലെ മയാസുരന്‍ ഉണ്ടാക്കിയ കൊട്ടാരത്തിന്റെ പാലുകാച്ചലിന് വന്ന ദുര്യോധനന്‍ വെള്ളത്തില്‍ വീണപ്പോ ദ്രൌപതി “ബ്ലൈന്‍ഡ് ഫാദറിന്റെ ബ്ലൈന്‍ഡ് സണ്‍” എന്ന് പറഞ്ഞു എല്ലാരുടെ മുന്നില് വച്ചു കളിയാക്കിയത് ഓര്‍മ്മയില്ലേ ..??
.
അന്ന് നിനക്കുള്ള പണി ഞാന്‍ വച്ചിട്ടുണ്ടെഡീ എന്ന് തീരുമാനിച്ചതാ ദുര്യോധനന്‍ .”
.
“...സ്വന്തം ബ്രദര്‍ ഇന്‍ ലോ യോട് ഇങ്ങനെ ചെയ്യണ്ടാരുന്നു , ല്ലേ ..??.”
.
“...അതെ ..അതിനുള്ള ശിക്ഷയാണ് പിന്നെ ദ്രൌപതിക്ക് കിട്ടുന്നത്. കൌരവരുടെ കൂടെയുള്ള ട്വോന്റി- ട്വോന്റിയില്‍ എല്ലാ വിക്കറ്റും പോയി പണ്ടാരടങ്ങി ഡ്രസ്സിംഗ് റൂമില്‍ നിക്കുമ്പോ ദ്രൗപതിക്ക് ദുര്യോധനന്‍ ഇത് തിരിച്ചു കൊടുക്കുന്നുണ്ട് ..”
.
എല്ലാരുടെം മുന്നിലൂടെ ദുശ്ശാസനന്‍ അവരെ വലിച്ചിഴച്ചു കൊണ്ട് വന്നപ്പോ കര്‍ണ്ണനും പഴയ പകതീര്‍ത്ത് ഒരു പഞ്ച് ഡയലോഗ് അടിച്ചു .
‘.....അഞ്ച് ഭര്‍ത്തക്കന്മാരുള്ള നീ വല്ല്യ പോസ് ഒന്നും കാണിക്കണ്ടാ .. അഭിസാരികയും നീയും തമ്മിലെന്തു വ്യത്യാസം ‘ എന്ന കര്‍ണ്ണന്റെ ചോദ്യം കേട്ട ആവേശത്തിലാണ് ദുശ്ശാസനന്‍ അവരുടെ സാരിയില്‍ കൈവച്ചത് ..
.
എന്തിന്റെ പേരിലാലായാലും ഒരു സ്ത്രീയുടെ മാനം കവരുന്നത് തടയാന്‍ കഴിയുന്ന ആളായിട്ടും അത് ചെയ്യാതെ എരിയുന്ന തീയില്‍ പട്രോള്‍ ഒഴിച്ചതിന് കര്‍ണ്ണനും, കിട്ടിയ ചാന്‍സില്‍ സാരിയില്‍ കൈവച്ച ദുശ്ശാസനനും പണി പിന്നീട് കിട്ടുന്നുണ്ടല്ലോ ..
.
“..ന്നാലും യുദ്ദഭൂമിയില്‍ കര്‍ണ്ണന് നീതി കിട്ടിയോ ..?? “
.
“...കര്‍ണ്ണന്‍ ആള് വല്ല്യ യോദ്ധാവും ധാനധര്മ്മിഷ്ടനും ഒക്കെയാണെങ്കിലും കൊറേ ശാപങ്ങളും വാങ്ങി വച്ചിട്ടുണ്ട്. പണ്ട്.
.
പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ പശുവിനെയും കിടാവിനെയും കൊന്നത് വഴി ഒരു പാവം ബ്രാഹ്മണന്റെ “ നീയും നിസ്സഹായനായ അവസ്ഥയില്‍ കൊല്ലപ്പെടും “ എന്ന ശാപം ..
.
ഭൂമിദേവിയുടെ “യുദ്ദഭൂമിയില്‍ വച്ചു നിന്റെ രഥം താഴ്ന്നു പോവുമെന്ന ശാപം “
.
“...നിനക്ക് യോജിച്ച എതിരാളിയോട് യുദ്ദം ചെയ്യുമ്പോ പഠിച്ചത് മറന്നു പോകും..” എന്ന പരശുരാമന്റെ ശാപം.
.
പിന്നെ ഫ്രണ്ട് ഷിപ്പിന്റെ പേരില്‍ ദുര്യോധനനുവേണ്ടി പല അധര്‍മ്മങ്ങള്‍ക്കും കര്‍ണ്ണന്‍ കൂട്ട് നില്‍ക്കുന്നുമുണ്ട് .. അതൊക്കെ കൊണ്ടാണ് യുദ്ദഭൂമിയില്‍ കര്‍ണ്ണന് നിസ്സഹായനായി മരിക്കേണ്ടിവരുന്നത് . സിമ്പിള്‍ ആയി പറഞ്ഞാല്‍ കയ്യിലിരിപ്പിന്റെ ഗുണം ..

.....................................................................
ഇത് നമ്മള്‍ ടിവിയില്‍ കണ്ട മഹാഭാരതം .എന്നാല്‍ .
മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളെയും പോലെ കര്‍ണ്ണനും നമ്മുടെ ഉള്ളിലുള്ള ഒരു ഭാവം ആയാണ് വ്യാസന്‍ അവതരിപ്പിക്കുന്നത്‌ ..
.
കഴിവുകളും ഉണ്ടായിട്ടും അര്‍ഹമായ അംഗീകാരം കിട്ടുന്നില്ല , താന്‍ വേണ്ട വിധത്തില്‍ ശ്രദ്ടിക്കപ്പെടുന്നില്ല എന്ന നമ്മുടെ ഉള്ളിലുള്ള ഭാവം ആണ് കര്‍ണ്ണന്‍.
.
ആരെങ്കിലും നമ്മളെ അംഗീകരിക്കുകയാണെങ്കില്‍ അവരുടെ ഉദ്ദേശം അറിയാമെങ്കില്‍ കൂടി അവരുടെ കൂടെ കൂടുന്നു .. അവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്നു .. അധര്‍മ്മങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നു ..
.
അര്‍ജുനനു ഒത്ത, അല്ലെങ്കില്‍ അര്‍ജുനനെക്കളും മികച്ച യോദ്ദവാണ് എന്നറിഞ്ഞത് കൊണ്ട് തന്നെ തന്റെ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടിയാണ് ദുരോധനന്‍ കര്‍ണ്ണനെ കൂടെ കൂട്ടുന്നത്‌. തടയാന്‍ കഴിയുമായിരുന്ന . ദുര്യോധനന്റെ പല അധര്‍മ്മങ്ങള്‍ക്കും കര്‍ണ്ണന്‍ കൂട്ട് നില്‍ക്കുന്നു , കാരണം ഒന്ന് മാത്രം തന്നെ അംഗീകരിച്ചതും പ്രശസ്തനാക്കിയതും അയാളാണ് ..!!
.

.
നമ്മള്‍ ഓരോരുത്തരിലും ഉണ്ട് ഈ സ്വഭാവം . കവച കുണ്ടലങ്ങളുടെ ശക്തിയുള്ള കാരണങ്ങള്‍ നിരത്തി നമ്മളതിനെ ന്യായീകരിക്കും. എത്ര തന്നെ പുണ്ണ്യപ്രവര്‍ത്തി ചെയ്താലും അതൊക്കെ നിഷ്പ്രഭമാക്കുന്നതാണ് ഈ നിലപാട് . കര്‍ണ്ണനും സംഭവിക്കുന്നത്‌ ഇത് തന്നെ ..
.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ .. മനസ്സിന്റെ കര്‍ണ്ണന്‍ എന്ന ഭാവത്തെ മനസ്സ് തന്നെ (അര്‍ജ്ജുനന്‍ - ഋജുവായ മനസ്സ് ) ശരിയായ് ദര്‍ശനമുള്ള ബുദ്ടിയുടെ ( ശരിയായ് ദര്‍ശനം = സുദര്‍ശനം, ബുദ്ദി = കൃഷ്ണന്‍ ) സഹായത്താല്‍ ഇല്ലാതാക്കുകയാണ് .
.
-------------------------------------------------------------------------------------------------------------------
പാടിപ്പതിഞ്ഞ കഥകള്‍ക്കപ്പുറത്തു ഓരോ വ്യക്തിയും ജീവിതത്തില്‍ അഭിമുഖീകരിക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെയും വ്യാസന്‍ മഹാഭാരതത്തില്‍ വരച്ചു കാട്ടുന്നുണ്ട് ..
.
ഭര്‍ത്താവ് അന്ധനാണ് എന്നറിയുമ്പോള്‍ സ്വയം അന്ധയാവുന്ന ഗാന്ധാരിയെ അല്ല നമ്മളറിയേണ്ടത് ..
രാഷ്ട്രത്തിനെയും സമ്പത്തിനെയും എന്നും അള്ളിപ്പിടിച്ചിരിക്കുന്ന , സ്വന്തം മക്കളുടെ അധര്‍മ്മങ്ങള്‍ക്ക് നേരെ അന്ധതയുള്ള ധൃതരാഷ്ട്രരോട് (ധൃതം – അള്ളിപ്പിടിക്കുക , ) കൂടിച്ചെര്‍ന്നത്‌ കൊണ്ട് അന്ധത സ്വീകരിക്കേണ്ടിവരുന്ന ഗാന്ധാരിയെയാണ് നമ്മള്‍ കാണേണ്ടത് ..!!
.
ഇതും നമ്മുടെ സ്വഭാവത്തിലുണ്ട് , നമുക്ക് ചുറ്റുമുണ്ട് ..
അധികാരവും സമ്പത്തും എന്നും പിടിച്ചു വെക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൂടെ ചേര്‍ന്നത്‌ കൊണ്ട് പല അധര്‍മ്മങ്ങള്‍ക്കും നേരെ കണ്ണടച്ചു സ്വയം അന്ധരാവുന്നവര്‍ ..!!
.
അങ്ങനെ , മക്കളെ നേര്‍വഴിക്കു നയിക്കണ്ടവര്‍ അവരുടെ ചെയ്തികള്‍ക്ക് നേരെ അന്ധത സ്വീകരിച്ചപ്പോള്‍ ആ കുടുംബം തന്നെ നാമാവശേഷമാകുന്നു ..
.
കേട്ട് പതിഞ്ഞ കഥകള്‍ക്ക് അപ്പുറം ഒരു പുനര്‍വായന ആവശ്യമാണ് ..
കര്‍ണ്ണന്‍ എന്ന അതി ഗംഭീരമായ പാത്രശ്രുഷ്ടിയിലൂടെ ഇന്നും പ്രസക്തമായ ഒരു മുഹൂര്‍ത്തം വ്യാസന്‍ തീര്‍ക്കുന്നുണ്ട്
.
കര്‍ണ്ണന്റെ വധത്തിനു ശേഷം കര്‍ണ്ണന്‍ ആരാണെന്ന് തിരിച്ചറിയുന്ന അര്‍ജ്ജുനന്‍ കഠിനമായ വ്യഥയോടെ കുന്തിയോട് ചോദിക്കുന്നു . “ “...അമ്മേ , ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ , ഇത് ഞങ്ങളുടെ ജ്യെഷ്ടനാണെന്ന്, എങ്കില്‍ ഈ യുദ്ദം തന്നെ നമുക്ക് വേണ്ടെന്നു വെക്കാമായിരുന്നില്ലേ .. സ്വന്തം സഹോദരന്‍ ആണെന്നറിയാതെയാണല്ലോ ഞാന്‍ കൊന്നു വീഴ്ത്തിയത് ...”
.
അതെ,
.
മതത്തിന്റെയും , അതിര്‍ത്തികളുടെയും , വര്‍ഗ്ഗ വര്ണ്ണത്തിന്റെയും നിലപാടുകളുടെയും കൊടികളുടെയും പേരില്‍ തീര്‍ക്കപ്പെട്ട ചേരികള്‍ക്കിരുപുറവും നിന്ന് നാം പരസ്പരം കൊന്നു വീഴ്ത്തുന്നത്, സഹോദരങ്ങള്‍ ആണെന്ന് തിരിച്ചറിയാതെയാണ് .. !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ