".......തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത
കേള്‍ക്കാനായ് ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...."
.
.
അങ്ങനെ ഞാനും ഒന്ന് നാട്ടിലേക്ക് പോവാ ...!!! (Re-post )
.
കാത്തിരിക്കാന്‍ ഒരു ഗ്രാമം മുഴുവനും ഒന്നുല്ല ..( അങ്ങനെ ചിട്ടി കമ്പനി പൊട്ടിയപ്പോ നാട് വിട്ടതൊന്നും അല്ല ...!!!)
.
എന്നാലും കുറച്ചു പേര്‍......
.
.
എന്നും എപ്പോഴും മക്കളെക്കുറിച്ചോര്‍ത്തു ബെജാറാവാന്‍ മാത്രമുള്ള നെഞ്ചുമായി ജീവിക്കുന്ന അമ്മ ..
.
ഗൌരവമുള്ള മുഖത്തിന് പിന്നില്‍ ചെറിയ കാര്യങ്ങളില്‍ ഒരു പാട് ആധികള്‍ വെറുതെ കൊണ്ട് നടക്കുന്ന, ഇപ്പോഴും വൈകുന്നേരം വരുമ്പോള്‍ മക്കള്‍ക്കായി ഒരു ബേക്കറി പൊതി കൊണ്ട് വരുന്ന അച്ഛന്‍....
..
സിനിമകള്‍ കണ്ടു കുറ്റം പറയാന്‍ കാത്തിരിക്കുന്ന,
ഒരിക്കലും നടക്കാത്ത, ഒരുപാട് പ്ലാനുകള്‍ ചര്‍ച്ച ചെയ്യുന്ന അനിയന്മാര്‍..
.
(അതിലോരുത്തന്റെ കല്ല്യാണം കൂടാനാ പോണത്.)
.
പുതിയ പാട്ടുകള്‍ പഠിക്കാന്‍ കാത്തിരിക്കുന്ന 3 സുന്ദരി അയല്‍ക്കാരി ക്കുട്ടികള്‍- അമ്മു , അച്ചു, സുന്ദരി ..
.
പിന്നെയും കുറെപ്പേര്‍
“വരുന്ന വഴിയാ” എന്ന് ചോദിക്കുന്ന കറകപ്പുല്ലുകള്‍ പച്ച കസവ് കരയിട്ട നാട്ടുവഴി...
.
ഒന്ന് തലോടുമ്പോള്‍, വരാന്‍ വൈകിയതിനു പരിഭവം കൊണ്ട് മുഖം വാട്ടുന്ന തൊട്ടാവാടി..
.
തലയാട്ടി പരിചയം പുതുക്കുന്ന കമ്മ്യുണിസ്റ്റ് പച്ചകള്‍..
.
“ഇവനാരാ..?? ഇതിനു മുമ്പേ കണ്ടിട്ടില്ലെല്ലോ” എന്ന് തലയുയര്‍ത്തി ചോദിക്കുന്ന ഇന്നലെത്തെ മഴയില്‍ കിളിര്‍ത്ത പുല്‍ക്കൊടികള്‍
.
“നീ വന്നോ മോനെ” എന്ന് ചോദിച്ചു ഒന്ന് ചുറ്റി തലോടി കടന്നു പോവുന്ന അച്ഛമ്മ കാറ്റ്...
.
“നീ ഏപ്പോഴാ മോനെ വന്നെ” എന്ന് ചോദിക്കാറുള്ള. വെള്ളെഴുത്ത് വീണ കണ്ണുകളും ചെറിയ കൂനും ഉള്ള; പഠിച്ചിരുന്ന സ്കൂളില്‍ ഉപ്പുമാവ് വച്ചിരുന്ന ജാനു ഏടത്തി .
.
“ മോന്‍ വന്നതല്ലേ നല്ല മീനുവേണ്ടേ..?? ” എന്ന് അമ്മയോട് ചോദിക്കുന്ന മീന്‍കാരന്‍ മാപ്പിള.
.
ഒരുപാട് ഇന്റര്‍വ്യൂ കാര്‍ഡുകളും ഗ്രീറ്റിംഗ് കാര്‍ഡുകളും കൊണ്ട് വന്നു തന്ന പോസ്റ്റുമാന്‍...
.
പണ്ട് ചില്ലറ പൈസകള്‍ പോലെയും എന്നാല്‍ ഇന്ന് വളര്‍ന്നു പടര്‍ന്നു പന്തലിച്ചു സുന്ദരികളും സുന്ദരന്‍മാരുമായ ന്യൂ ജെനെറെഷന്‍ പിള്ളേര്‍
.
ഗൌരവം ചിരിക്കാന്‍ സമ്മതിക്കാത്തത് കൊണ്ട് തലയാട്ടി മാത്രം പരിചയം കാണിക്കുന്ന നാട്ടു പ്രമാണിമാര്‍...
.
“..അവിടെ എങ്ങനെ നമുക്ക് പറ്റിയത് വല്ലതും ഉണ്ടോ...” എന്ന് ചോദിക്കുന്ന സമപ്രായക്കാര്‍ ..പഴയ കളിക്കൂട്ടുകാര്‍ .
.
വന്നു കാണുകയും ചെന്ന് കാണുകയും ചെയ്യേണ്ടുന്ന ബന്ധുക്കള്‍ ...
.
കാണാന്‍ പൂരങ്ങളോ ഉത്സവങ്ങളോ ഇല്ല ഇത്തവണ,
ഉള്ളത് അതിനേക്കാള്‍ ഭംഗിയുള്ള വേറെ കാഴ്ചകള്‍
.
റോഡിനപ്പുറം ഉള്ള തോട്ടില്‍ നിന്ന് ചെറുമീനുകളെ പിടിച്ചു കുപ്പിയില്‍ ഇട്ടു കൊടുകുമ്പോള്‍ പൂത്തിരി കത്തുന്നത് പോലെ ചിരിക്കുന്ന മോളുടെ മുഖം ..
.
ഉയര്‍ന്ന് പൊങ്ങാന്‍ മടികാണിച്ചു പട്ടം താഴേക്കു വരുമ്പൊഴുള്ള നിരാശ ....പിന്നെ അത് ‘ എന്നാല്‍ കണ്ടോ ‘ എന്ന മട്ടില്‍ പൊങ്ങി പറക്കുമ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിടരുന്ന അദ്ഭുതം...
.
കയ്നിറയെ ഗള്‍ഫ് മധുരം കൊടുക്കുമ്പോള്‍ സന്തോഷം കൊണ്ട് വിടരുന്ന കുസൃതി കുരുന്നുകളുടെ മുഖം
.
പൊന്നുവിളയുന്ന മരുഭൂമിയിലെ സുഗന്ധമുള്ള സമ്മാനങ്ങള്‍ കയ് മാറുമ്പോള്‍ വിരിയുന്ന നന്ദിയുടെ പുഞ്ചിരി.
.
കയ്യുകളില്‍ നോട്ടുകള്‍ തിരുകി വച്ചു കൊടുക്കുമ്പോള്‍ പ്രായം കൊണ്ട് കുഴിഞ്ഞ കണ്കോണ്കളില്‍ പൊടിയുന്ന കണ്ണീരിന്റെ തിളക്കം
.
ഗള്‍ഫുകാരുടെ ഭാവിയില്‍ അവരെക്കാള്‍ താല്‍പ്പര്യം ഉള്ള ഇന്‍ഷുറന്‍സ് കാരുടെ പ്രതീക്ഷയുള്ള പരിചയപ്പെടല്‍ .
.
നാടിന്റെ പുരോഗതിയില്‍ നമ്മളെക്കൂടി ഭാഗഭാക്കാക്കാനുള്ള ലോക്കല്‍ രാഷ്ട്രീയക്കാരുടെ തിരക്ക്
.
നമ്മുടെ ഭാവിയില്‍ നമ്മെളെക്കാള്‍ ആധിയുള്ള റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്മാരുടെ സ്നേഹാന്വേഷണങ്ങള്‍ ..
.
അങ്ങനെ പലതും....പലതും ...
.
എണ്ണിച്ചുട്ട അപ്പം പോലെയുള്ള ഓരോ ദിവസവും ഓടിത്തീരുമ്പോള്‍ തീരുമ്പോള്‍ പിന്നെയും മടക്കം ...
.
വിശപ്പില്ലാത്ത ഒരു തലേ ദിവസം ..
.
രുചികരമായ വിഭവങ്ങള്‍ക്ക് ഒന്നിനും കൊതി തോന്നിപ്പിക്കാന്‍ കഴിയാത്ത ഒരു ദിവസം
.
ശബ്ദത്തിലെ ഇടര്‍ച്ച ആരും അറിയാതിരിക്കാന്‍ ഉച്ചത്തില്‍ സംസാരിക്കെണ്ടുന്ന ഒരു ദിവസം ...
.
നിറയുന്ന കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ ആരുടെയും മുഖത്ത് നോക്കാതിരിക്കേണ്ടുന്ന ഒരു ദിവസം ..
.
കാണാന്‍ ഒരു പാട്പേരുണ്ടെങ്കിലും ആരും വരല്ലെന്നു ആഗ്രഹിക്കുന്ന ഒരു ദിവസം.....
.
യാത്ര തുടങ്ങീട്ടു വര്‍ഷങ്ങള്‍ പലതായെങ്കിലും ഒന്നും മാറുന്നില്ല ..!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ