Dream ...! Becoz those don't have dreams don't have much...!


2017 ജനുവരി 22, ഞായറാഴ്‌ച

ലൈഫ് സൈക്കിള്‍




"....ഞാനൊന്നു  ബെല്ലടിക്കാം  കാലമേ ...
നിയോന്നു   തിരിഞ്ഞു  നോക്കുമെങ്കില്‍ ...."
______________________________________________

“..അമ്മേ, എനിക്ക് സൈക്കിള് പഠിക്കണം ...”

“….ഇനീപ്പോ അതിന്റെ കൊറവേ ഉള്ളൂ.. എന്നിട്ട് വേണം കാറിന്റേം ബസ്സിന്റെം അടീല് പെടാന്‍ ..”

“…മം…. പിന്നേ.... സൈക്കളോടിക്കുന്ന എല്ലാരും കാറിന്റേം ബസ്സിന്റെം അടീല് പെട്ന്നാന്നല്ലോ..” 

“…നീ ഇപ്പൊ സൈക്കിള്‍ ഓടിക്കണ്ടാ…അത്രതന്നെ ..”

അതെന്താ ഞാന്‍ പഠിച്ചാല് .. അപ്പറത്തെ സാജിയും റിയാസും എല്ലാരും പഠിച്ചല്ലോ ..?? എനിക്കും പഠിക്കണം

“..പിന്നേ, സൈക്കിള് പഠിച്ചാല് എല്ലാം ആയല്ലോ , വന്നിറ്റ് ചോറ് തിന്നെടാ..”

“..എനിക്ക് വേണ്ട ചോറ് ..”

“..അതെന്താ ചോറ് വേണ്ടാത്തെ ..??”

“..എന്നെ സൈക്കിള് പഠിക്കാന്‍ സമ്മയിക്കോ ..??..”

“…എന്നോട് ചോദിക്കണ്ടാ ....അച്ചനോട് ചോടിച്ചിറ്റ് എന്താന്ന് വച്ചാല്‍ ചെയ്തോ .. “

“..ന്താ.... മ്മക്ക് ചോദിച്ചൂടെ ..??”

“….എനക്കാണോ സൈക്കള് പഠിക്കണ്ടേ ?? പഠിക്കണ്ടോരു ചോദിച്ചാ മതി. എന്തേലും കാര്യം ഞാന്‍ പറയുന്നത് കേള്‍ക്കല്ണ്ടോ ഞി..??
റേഷന്‍ പീട്യേല്‍ പോവാന്‍ എത്ര കാലു പിടിക്കണം ..
ഇന്നലെ പാല് മാങ്ങി കൊണ്ടരാന്‍ പറഞ്ഞിട്ട് കേട്ടോ ഞ്ഞി ..???”

“..സൈക്കിള് പഠിച്ചാ ല്ലാം ഈസി ആയി ചെയ്യാലോ..?? സൈക്കള് ഇണ്ടായാല് പിന്നെ റേഷന്‍ പീട്യേല് നടന്നിട്ട് പോണ്ടല്ലോ .. അരീം പന്സാരേം കാര്യറില്‍ വച്ചു കൊണ്ടെരാലോ ..??
എത്ര വേം പാല് മേടിച്ചിറ്റ് വെരാം .. മീനു മേടിക്കാം “

“..കണ്ടാലും മതി ..”

“…ഇല്ല.. ഒക്കെ ചെയ്യും ..അമ്മ പറേന്ന ഒക്കെ ചെയ്യും
അച്ഛന്‍ വന്നാല് പറെണേ .. ഇന്ന്ന്നെ ..”

വൈകുന്നേരം അച്ഛനെത്തി. വാതില്‍ പുറകില്‍ നിന്ന് “പ്രോംറ്റിംങ്ങ്” തുടങ്ങി ..

“..അമ്മേ പറ .. ഒന്ന് പറയമ്മേ..”

“…ദേ....ങ്ങള് കേട്ടോ .. ഇവന് സൈക്കള് പഠിക്കണംന്ന്..”

“…സൈക്കിളാ ..??? അതെവിടുന്നാ ഇപ്പൊ വന്നെ ..??

“..എല്ലാരും സൈക്കിള് പഠിച്ചു പോലും , ഇവനും പഠിക്കണംന്ന്...”

“..ആദ്യം പഠിക്കാനുള്ളതൊക്കെ മര്യാദക്ക് പഠിക്കാന്‍ പറ ....ന്നിട്ട് മതി സൈക്കിള് ..”

“….ഞാന്‍ പഠിക്കുന്നുണ്ടല്ലോ ..എല്ലാം.. പിന്നെന്താ ..?? ബാക്കി എല്ലാരും സൈക്കള് പഠിച്ചു ..എനിക്ക് മാത്രം അറിഞ്ഞുടാ ..”

“..ആരാ പഠിപ്പിക്ക്യാ സൈക്കിള് ഓടിക്കാന്‍...??”

“…റിയാസ് പടിപ്പിച്ചെരും ..ഓനറിയാ..”

“…പഠിക്കാന്‍ സൈക്കിള് വേണ്ടേ ..??”

“..അത് കേസീന്റെ പീട്യെന്നു എടുക്കാ ..കാല്‍ സൈക്കിള് ..ഒരുറ്പ്പ്യാ ഒരു മണിക്കൂറിന്.. “

“….നോക്കീം കണ്ടും പടിച്ചോളണം...ആരെയെങ്കിലും മേത്തു തട്ടുകയോ ഏതേലും വണ്ടിന്റെ അടീല് പെടുകയോ ചെയ്‌താല്‍ ഞാന്‍ തിരിഞ്ഞു നോക്കൂലാ ...എന്റെടുത്ത്‌ വരേം വേണ്ടാ ..”

പച്ചക്കൊടി ഉയര്‍ന്നതിന്റെ ആവേശത്തിലായിരുന്നു അന്നത്തെ ഉറക്കം . വെളുത്ത ചിറകുള്ള കുതിരക്ക് പകരം ഒരു സുന്ദരന്‍ സൈക്കിളില്‍ പറ പറക്കുന്ന രാജകുമാരന്‍ ആയിരുന്നു അന്നത്തെ സ്വപ്നത്തില്‍ ..

സഹപാടിയും അയല്‍ക്കാരനുമായ റിയാസ് ആരുന്നു ഗുരു .. അവന്റെ കയ്യുടെ പിന്‍ബലത്തിലാണ് വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തിലോടുന്ന സൂത്രത്തില്‍ മുന്നോട്ട് കുതിച്ചത്..

ഭൂഗുരുത്ത്വം താഴേക്കു ക്ഷണിച്ചപ്പോള്‍ മുട്ടുകളില്‍ ചുവന്ന പൂക്കള്‍ വിരിഞ്ഞു ..

വീര്‍പ്പിച്ച മുഖവുമായി മുട്ടുകള്‍ പിറ്റേന്ന് പിണങ്ങി നിന്നപ്പോള്‍ വേദന കടിച്ഛമര്‍ത്തി മുഖം പ്രസന്നമാക്കി ഞോണ്ടാതെ നടന്നു . അമ്മ അറിയരുതല്ലോ ..

പതിയെ റിയാസ് കൈവിടാന്‍ തുടങ്ങി .. ഭൂമിദേവി താഴേക്കു വിളിക്കാതായി .. ഇടത്തോട്ടും വലത്തോട്ടും “യു ടേണ്‍” എടുത്തു തുടങ്ങി.

ഒറ്റക്കാലില്‍ ചവിട്ടി ചവിട്ടി മറ്റേകാലുയര്‍ത്തി, അടുത്ത പെടലില്‍ കാലുറപ്പിച്ച്..സീറ്റില്‍ അമര്ന്നിരിക്കാനും കൂടി കഴിഞ്ഞതോടെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസായി ..!!

ഒറ്റ കൈവിട്ടും ..രണ്ട്ടും കൈവിട്ടും നിന്നും ഇരുന്നും അങ്ങനെ എല്ലാ അടവുകളും കൈപ്പിടിയില്‍ ആയപ്പോള്‍ തികച്ചും ന്യായമായ അടുത്ത ആവശ്യമായി ..

"...അമ്മേ, എനിക്കൊരു സൈക്കിള് മേടിച്ചോരോ ..??.."

"...അച്ഛന്‍ കേള്‍ക്കണ്ടാ ...അതും കൂടെയേ ഇനി വേണ്ടൂ..."

"...ഓടിക്കാന്‍ പഠിച്ചില്ലേ ..? . സൈക്കള് ഇല്ലാണ്ട് എങ്ങനെയാ ഓടിക്കാ ??.."

"...ആദ്യം പത്താ ക്ലാസ് പാസാവ് എന്നിട്ട് മേടിക്കാം സൈക്കള് ...."

"....അതിനിപ്പോ ഇനീം മൂന്നു കൊല്ലം ഇല്ലേ ...??.."

"...പത്താം ക്ലാസ്സ്‌ പരീക്ഷ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായാല്‍ സൈക്കള് മേടിച്ചു തരാമ്പറയാം അച്ഛനോട് .. അത് വരെ ഈ കാര്യം പറയണ്ടാ..."

“ഫസ്റ്റ് ക്ലാസ്സ്‌ “ എന്ന് പറഞ്ഞാല്‍ ക്ലാസ്സില്‍ ഫസ്റ്റ് ആണ് എന്ന് വിചാരിച്ച ആ പയ്യന്‍ ഒരു സുന്ദരന്‍ സൈക്കിള് സ്വപ്നം കണ്ടു ആഞ്ഞങ്ങ് പഠിച്ചു. രാവുകള്‍ പകലുകളായി. പഠനം തപസ്സായി

റിസള്‍ട്ട് വന്നപ്പോള്‍ ക്ലാസിലെ കൂട്ടുകാരു മാത്രമല്ല സ്കൂളിലെയും ആ പഞ്ചായത്തിലെയും എല്ലാ പത്താം ക്ലാസ്സുകരും അവന്റെ “സൈക്കിളിന്” പിന്നിലായി....!!

ക്യാഷ് അവാര്‍ഡ് കിട്ടിയത് ഒക്കെയും അച്ഛന്റെ മുന്നില് വച്ചു അമ്മയുടെ പുറകില്‍ നിന്ന് അച്ഛനെ ഓര്‍മിപ്പിച്ചു. “..അന്ന് പറഞ്ഞിന്... പത്താം ക്ലാസ്സ്‌ പാസ്സായാല്‍ സൈക്കിള് ....”

അന്ന് വൈകുന്നേരം ഇത്തിരി ഗൌരവക്കാരനായ ഒരു കരുമാടിക്കുട്ടന്‍ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി ..പിന്നീട് കുറെക്കാലം അവന്റെ സന്തത സഹചാരിയായിരുന്ന കരുത്തന്‍ - ഹെര്‍കുലീസ് MTB

തിരുവങ്ങാട് പെരുമാളിന്റെ സന്നിതിയില്‍ തൊഴുതു തുടങ്ങിയ യാത്ര.

ശ്വാസം പിടിച്ചു ആഞ്ഞു ചവിട്ടി, റോഡിലെ ഉയരങ്ങള്‍ കീഴക്കിയപ്പോള്‍ എവറസ്റ്റ് കാലിനിടയില്‍ ആയവനപ്പോലെ അഭിമാനിച്ചു

ഇറക്കങ്ങളില്‍ പരുന്തിനെപ്പോലെ പറന്നിറങ്ങി ..

ഇടവഴികളും ദൂരങ്ങളും താണ്ടി ... ഹര്‍ത്താലും ബന്ദുകളും ആഘോഷങ്ങളായി

ചില തിരിഞ്ഞു നോട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രമായി ബെല്ലുകള്‍ മുഴങ്ങി..

പല വളകിലുക്കങ്ങളെയും പിന്തുടര്‍ന്നെങ്കിലും പക്ഷെ എന്റെ സൈക്കള്‍ ബാര്‍ മാത്രം നിത്യകന്യകനായി

എഴുത്തും വരയും പ്രസംഗവുമായി വേദികളില്‍ നിറഞ്ഞപ്പോള്‍ ദൂരെ ഒരു കോണില്‍ അവന്‍ ഒറ്റക്കാലില്‍ കാത്തു നിന്നിരുന്നു .. സമ്മാനങ്ങളോക്കെയും ആദ്യം എറ്റുവാങ്ങിയത് അവനായിരുന്നു ..

മണ്ണെടുത്തൊരു കുന്നിന്‍ ചെരുവില്‍ പുകച്ചുരുളുകള്‍ ഉയര്‍ന്നപ്പോള്‍ മുഖം തിരിച്ചു നിക്കാനും അവനുണ്ടായിരുന്നു..

സൌഹൃദത്തെ നിറഞ്ഞ ചിരിയോടെ സൈക്കള്‍ ബാറില്‍ കയറ്റി ഇരുത്തി.
പ്രണയത്തിനു കൂട്ട് പോയി.
മായ കാഴ്ചകള്‍ നല്‍കിയ സുന്ദര മുഖങ്ങളെ തേടിയലഞ്ഞു ..

റേഷന്‍ പീടികയില്‍ കാത്തു നിന്നു.
മൂക്ക് പൊത്താതെ മീന്‍ സഞ്ചി പിടിച്ചു,

ഇത്തിരി കാറ്റ് നിറച്ചു കൊടുത്താല്‍ കാറ്റ് പോലെ പറന്നു ..

തന്റെ വേഷം ഭംഗിയാക്കി എല്ലാ രംഗങ്ങളിലും ആടി തീര്‍ത്തു കഴിഞ്ഞപ്പോള്‍ അവന്‍ വീടിനു പുറകിലേക്ക് മാറി, ചുമരും ചാരി നിന്നു..

എന്നും തുടച്ചു മിനുക്കിയിരുന്ന തിളങ്ങുന്ന റിമ്മില്‍ തുരുമ്പ് കൂട് കൂട്ടിയപ്പോഴും ,
മുറുകെ പിടിച്ചിരുത്തിയ ഹാന്റില്‍ ബാറില്‍ പൊടി പിടിച്ചപ്പോഴും,
എന്നും ഓയില്‍ ഇട്ടു ആവേശത്തോടെ ഓടിയിരുന്ന ചങ്ങലകണ്ണികള്‍ പൊടിപിടിച്ചു അനങ്ങാന്‍ വയ്യതായപ്പോഴും അവന്‍ പരാതി പറഞ്ഞില്ല .
എപ്പോഴോ ഏതോ ആക്രി കടക്കാരന്‍ കൊണ്ട് പോകുംവരെയും അവന്‍ ഒരേ നില്‍പ്പ് തുടര്‍ന്നു.
............................................

നമ്മുടെ ലൈഫ് സൈക്കിളില്‍ ഒരു സൈക്കിള്‍ ഉണ്ടായിരുന്നു എന്നും ..
രണ്ടു കാലില്‍ പിച്ച വച്ചു തുടങ്ങിയപ്പോള്‍ മൂന്നു ചക്രവുമായാണ് അവന്‍ ആദ്യം എത്തിയത് .. പിന്നെ കാലുകള്‍ ഉറച്ചപ്പോള്‍ ചക്രത്തിലോന്നു കുറഞ്ഞു; പ്രൌഡിയും കൂടി

ബന്ദും ഹര്‍ത്താലും പാല്ക്കാരനെയും പത്രക്കാരനെയും ഒഴിവാക്കാനുള്ള സൌമനസ്യം കാണിച്ചപ്പോള്‍ അവരുടെ സൈക്കിളും അവധിയില്ലാത്തവരായി ..

മഴയത്തും മഞ്ഞത്തും പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടിയ നമ്മള്‍ അവരുടെ ബെല്ലിന് കൃത്യ നിഷ്ഠയുടെ ക്ലാസ്സെടുത്തു.

പാല്ക്കാരന്റെ എന്നും തിരക്കിന്റെ ബെല്ലടിച്ചു.

പൂച്ചകളുടെ അകമ്പടിയോടെയാണ് മീന്‍ കാരന്റെ സൈക്കിള്‍ “പീ... പീ.” കരഞ്ഞു കൊണ്ടെത്തിയത്

നാളെ നാളെ ഭാഗ്യം പ്രതീക്ഷിച്ചവര്‍ ലോട്ടറിക്കാരന്റെ സൈക്കിളിനു പിന്നാലെ കൂടി.

ചെത്തുകാരന്റെ സൈക്കിള്‍ കാത്തുനിന്നത് അന്തി മോന്താന്‍ എത്തിയവരും....

കുട്ടികുപ്പായക്കീശയിലെ നാണയങ്ങള്‍ ഐസ് മിട്ടായിക്കാരന്റെ കുടമണി കിലുക്കത്തിനു കാതോര്‍ത്തിരുന്നു.

ചില ബെല്ലടികള്‍ ചിലരില്‍ പുഞ്ചിരിയുണര്‍ത്തി .. ആര്‍ക്കും പിടികൊടുക്കാത്ത സന്ദേശങ്ങള്‍ കൈമാറി.

സഞ്ചാരം പുതിയ വഴികള്‍ തേടിയപ്പോള്‍ അവനെ പാതി വഴിയില്‍ ഉപേക്ഷിച്ചു..

നമുക്കും ഉണ്ടായിരുന്നു ഒരു സൈക്കിള്‍; . വേഗം പോരെന്നു തോന്നിയപ്പോള്‍ എവിടെയോ മറന്നു വച്ചൊരു സൈക്കിള്‍ ..

ഓര്‍മ്മകളുടെ ബെല്ലോന്നടിച്ചു നോക്കൂ ...തിരിഞ്ഞു നോക്കുന്ന കാലം അവന്റെ മുഖവും കാണിച്ചു തരും ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ