ഓട്ടോഗ്രാഫ്സ്
--------------------------
SSLC പലതിനും പൂര്‍ണ്ണവിരാമമായിരുന്നു ഒരുകാലത്ത്.
.
വര്‍ഷങ്ങളായുള്ള ഒന്നിച്ചിരിപ്പിന്...
.
വഴിവക്കിലെ കാത്തു നില്പ്പിന്...
.
ചിലരുടെ എങ്കിലും പഠനത്തിന്, യൂണിഫോര്മിന് ....
ടീച്ചര്‍മാരുടെ അടിക്കും ഇമ്പോസിഷനും .... പിന്നെയും പലതിനും ...
.
സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും കണ്ണികള്‍ പോട്ടിപ്പോവാതെ സൂക്ഷിക്കാന്‍ വാട്സ് അപ്പും ഫേസ്ബുക്കും ഇല്ലാതിരുന്ന ആക്കാലത്ത്
“....ഇനിയെന്നും കാണും നമ്മള്...? എന്ന് വിലപിച്ചിരുന്നത് ആ കുഞ്ഞു പേജ് കളിലൂടെയായിരുന്നു..
.
ഒരു ജന്മത്തിലെക്കുള്ള മുഴുവന്‍ ആശംസകള്‍ നേരാനും അവ മാത്രമായിരുന്നു വഴി ..
.
മീനസൂര്യനേക്കാള് ചൂടുള്ള മാര്‍ച്ചിലെ പരീക്ഷകള്‍ക്കിടയിലും എല്ലാവരുടെ കയ്യിലും ഉണ്ടാവും ഒട്ടോഗ്രഫ് ..
.
എഴുതാനും എഴുതിക്കാനും
.
ഫെബ്രവരി മാസം ആകുമ്പേഴേ അവര്‍ കടകളില്‍ എത്തും; പല വര്‍ണ്ണങ്ങളില്‍ ..
.
പറയാനുള്ളതൊക്കേയും നാല് വരികളില്‍ ഒതുക്കണം എന്ന് നിര്‍ബ്ബന്ധം പിടിച്ചതാരാവും ..?? ഓട്ടോഗ്രാഫുകള്‍ ഒക്കെയും ചെറുതായിരുന്നല്ലോ...??
.
ചുരുക്കം ചിലര്‍ക്ക് കടല്‍ കടന്നെത്തിയ അത്തറിന്റെ പരിമളം ഉള്ള ഓട്ടോഗ്രാഫ് സ്വന്തമായിരുന്നു ..രഹസ്യങ്ങള്‍ ലോകം കാണാതെ സൂക്ഷിക്കാനാവും പൂട്ടും താക്കോലും ഉണ്ടായിരുന്നു ചിലതിന്..
.
ഏറ്റവും പ്രിയപ്പെട്ടവര്ക്കായിരുന്
.
കുറുമ്പിന്റെ കളിക്കളങ്ങളില്‍ നിന്ന് എന്നെ കൈപിടിച്ചു കൊണ്ട് പോയി ക്ലാസ്സിലെ ഒന്നാം സ്ഥാനത്ത് ഇരുത്തിയ വാവേച്ചിയായിരുന്നു എന്റെ ഓട്ടോഗ്രാഫില്‍ ആദ്യം എഴുതിയത് ..
.
ശിഷ്യനില്‍ നിന്ന് കുഞ്ഞനുജനിലേക്ക് സ്ഥാനക്കയറ്റം നല്കി ചുവന്ന കടലാസ്സില്‍ നീല മഷിയില്‍ ആയുരാരോഗ്യ സൌഖ്യങ്ങള്‍; സുഖവും സമ്പത്തും അറിവും ..!!!
സുന്ദരികളെ ക്കൊണ്ട് എഴുതിക്കാനുള്ള തിക്കും തിരക്കുമായിരുന്നു എങ്ങും ..(ഈ ഉള്ളവന് അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നതിന് വില്ലേജ് ആപ്പീസറുടെ സാക്ഷ്യപത്രം വേണേല്‍ ഹാജരാക്കാം )
പലര്‍ക്കും സുന്ദരികളും റെക്കമെന്റെഷന് പോലും അവഗണിച്ചിരുന്നു..
.
“ബ്രോയും സിസും” എങ്ങും ഉണ്ടായിരുന്നില്ല ...”സോദരനും സോദരിയും” മാത്രം ..
വളയിട്ട കൈകളുടെ “സോദരാ” വിളികള്‍ പലരുടെയും പ്രതീക്ഷകള്‍ക്ക് അവസാനമിട്ടു .. നെഞ്ചകം തകര്‍ത്ത്...
.
വിരഹത്തിന്റെ വിലാപങ്ങള്‍ ആയിരുന്നു കൂടുതലും .. കൂട്ടിനെത്തിയത് സിനിമാ ഗാനങ്ങള്‍.. കവിതകള്‍
.
“...മറവി തന് മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും
ഓര്‍മ്മകള്‍ വന്നു തൊട്ടുണര്‍ത്തും...“ എന്ന പ്രതീക്ഷയില്‍ പലരും അവസാന ഒപ്പ് വച്ചു
.
അവസാന പേജില്‍ എഴുതിയവരോക്കെയും ഓര്‍മ്മയില്‍ ആദ്യമായിരിക്കണം എന്ന് വാശിപിടിച്ചു
.
“....ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താന്‍ ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍...” എന്നെഴുതിയവന് നേരെ മുഖം കടുപ്പിച്ചുവെങ്കിലും അവളുടെ കണ്ണുകള്‍ വേറെന്തോ പറഞ്ഞു ..
.
വിടപറയും മുമ്പേ ചിലരെങ്കിലും തമാശകൊണ്ട് രംഗം തണുപ്പിച്ചു ..
“....നാരായണം ഭജേ നാരായണം ..സന്താന നിയന്ത്രണം നാരായണം ..
പക്ഷെ രണ്ടായാല്‍ നിര്‍ത്തണം നാരായണം...” എന്ന് ചെറിയ വായില്‍ വലിയ ഉപദേശം നല്കിയ സുഹൃത്തിന് ഇപ്പൊ കുട്ടികള്‍ എത്രയാണാവോ..??
.
“....ഓടുന്ന ബസ്സിനു പുറകെ പോയാലും ചിരിക്കുന്ന പെണ്ണിന് പുറകെ പോകരുതേ സോദരാ...” എന്ന് ഉപദേശിച്ചവന് കാമുകിമാര്‍ നാലായിരുന്നു ..
.
“...വിരഹഗാനം പാടി വിട പറയും നേരത്ത് ഒരു ചൂട് വട വാങ്ങിത്തരുമോ..” എന്ന സുഹൃത്തിന്റെ ആഗ്രഹം സഫലമാക്കാന്‍ പോക്കറ്റ് മണി തടസ്സമായിരുന്നു .
.
“...ഓര്‍മിക്കാന്‍ നല്ലൊരു മനസ്സുണ്ടെങ്കില്‍ പിന്നെയെന്തിനാടാ ഈ ചിതലരിക്കുന്ന ഓട്ടോഗ്രാഫ് ??...” എന്ന് ചോദിച്ച സുഹൃത്ത് ഇപ്പൊ ആ കാലം ഓര്‍ക്കുന്നുണ്ടാവുമോ ?? ഇല്ലെങ്കിലും ഓട്ടോഗ്രാഫ് ഇതുവരെയും ചിതലരിച്ചില്ല.
.
“.....വര്‍ഷങ്ങള്‍ക്കു ശേഷം എവിടെയെങ്കിലും വച്ചു കണ്ടാല്‍ ‘ഹൌ ആര് യു?’ എന്ന് ചോദിച്ചില്ലെങ്കിലും ‘...ഹൂ ആര് യു..’ എന്ന് ചോദിക്കരുതേ സോദരാ..” എന്ന് കേണവന്‍ വഴിയില്‍ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു പോലുമില്ല.
.
Try to get distinction എന്ന് സുഹൃത്തിനെ ഉപദേശിച്ചവന് എന്നും ഒറ്റയക്കങ്ങള്‍ ആരുന്നു മാര്‍ക്ക്
“...വെഡിങ്ങ് കാര്‍ഡ് അയക്കാന്‍ മറക്കരുതേ...” എന്ന് ഓര്‍മ്മിപ്പിച്ചവര്‍ അവരുടെ വെഡിങ്ങ് കാര്‍ഡുകള്‍ അയക്കുന്ന നേരത്ത് ഓട്ടോഗ്രാഫ് തുറന്നു കാണുമോ ???
.
അധ്യാപകര്‍ “..ഓള് ദി ബെസ്റ്റില്‍” ഗൌരവം പൂണ്ടപ്പോള്‍ കൂട്ടുകൂടിയവര്‍ പലരും ദാര്‍ശനികരായി ..
.
“...ജീവിത വഴിത്താരയില്‍ എന്നെങ്കിലും കണ്ടുമുട്ടിയാല്‍ ഒന്ന് പുഞ്ചിരിക്കാന്‍ മറക്കരുതേ സോദരാ എന്ന് പറഞ്ഞവള്‍ എന്റെ പുഞ്ചിരിയെ അവഗണിച്ചത് അപരിചിതത്വം വാരിയണിഞ്ഞ്..
.
“...സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും..” എന്ന് കുമാരനാശാന്റെ ഫോട്ടോ കോപ്പി ആയവന് ഇന്ന് ചോരക്കണ്ണുകളും കട്ടി മീശയും ഉള്ള പാര്‍ട്ടി ഗുണ്ടയാണ്
.
.വരാന്‍ പോകുന്ന പരീക്ഷകളെ പറ്റി എന്നും വേവലാതിപ്പെട്ട ഒരു സുഹൃത്ത് ഓട്ടോഗ്രാഫ് എഴുതിയത് ഇങ്ങനെ ..
“....ഒരു നിശയമില്ലോന്നിനും വരുമോരോ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനെതിണോ ...തിരിയാ ലോക രഹസ്യമാര്‍ക്കുമേ ..”
.
എല്ലാ പരീക്ഷകളും യുദ്ദങ്ങള്‍ ആയിക്കണ്ടവര് പേനകൊണ്ട് പടവെട്ടി വിജയം വരിക്കാന്‍ ആഹ്വാനം ചെയ്തു.
“….മരം പറയുന്നു Don’t Cut Me
തൊട്ടാവാടി പറയുന്നു Don’t Touch Me
ഞാന്‍ പറയുന്നു Don’t Forget Me ..”
എന്ന് എഴുതിയവന്റെ മുഖം എത്ര വിളിച്ചിട്ടും മറവിയുടെ മറയത്തു തന്നെ നില്ക്കുന്നു .
.
കോപ്പി അടിക്കാര് പരീക്ഷാ ഹാളില്‍ മാത്രമായിരുന്നില്ല; ഓട്ടോഗ്രാഫ് എഴുത്തിലും ഉണ്ടായിരുന്നു .. വിരഹത്തിന്റെ വേദനയില്‍ സ്ഫുടം ചെയ്ത എന്റെ ഓട്ടോഗ്രാഫ് “കവിതകളെ” (അങ്ങനെ ആയിരുന്നു അന്ന് കരുതിയിരുന്നത് ) രായ്ക്കു രാമാനം ചുരണ്ടി എടുത്തു എന്റെ ഓട്ടോഗ്രാഫില്‍ എഴുതി ഒരു വിരുതന്...
.
**************************
.
ബ്രെണ്ണന്റെ തിരുമുറ്റത്ത് ഓടിക്കളിച്ച രണ്ടു വര്‍ഷങ്ങള്‍ അവസാനിപ്പിച്ചതും ഓട്ടോഗ്രാഫില്‍ ഒപ്പ് വച്ചായിടുന്നു ..
.
മധുര പതിനേഴ് ബന്ധങ്ങള്‍ക്ക് ഇഴയടുപ്പം കൂട്ടിയത് കൊണ്ടാവണം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴികളായിരുന്നു കൂടുതലും ..
.
പഠിച്ചതും പഠിപ്പിച്ഛതുമായ പതിനെട്ട് വഴികളും പയറ്റിയിട്ടും എന്റെ “ നമ്പരുകളില്‍ “ ഒന്നും വീഴാതിരുന്ന വിടര്‍ന്ന കണ്ണുകള്‍ അവസാനം പറഞ്ഞു വെച്ചത് ഇങ്ങനെ :
.
“....പഹലാ പഹലാ പ്യാര് ഹെ...
പഹലി പഹലി ബാര്‍ ഹെ
ജാനെക്കോബീ അന്ജാനാ....
ഐസാ മേരാ പ്യാര് ഹെ...”
.
**************************
.
മാര്‍ച്ചും ഏപ്രിലും പിന്നെയും കുറേ കടന്നു പോയി ..ഓട്ടോഗ്രാഫുകളും.
പുസ്തകങ്ങളോടു വിടപറയാന്‍ സമയമായപ്പോള്‍ പലരും ഗൌരവങ്ങളായ പിന്‍കുറിപ്പുകള്‍ എഴുതി ..
.
ഒന്നിച്ചു കഴിഞ്ഞ ദിനങ്ങള്‍ ഓര്‍ത്തെടുത്തു പലരും ..
ക്ലാസ്സിലും ഗൌണ്ടിലും വേദികളിലും പരസ്പരം മത്സരിച്ചെങ്കിലും പ്രിയപ്പെട്ടവനായിരുന്നെന്ന
.
പേരിനടിയില്‍ എഴുതിയ അഡ്രസ്സും ഫോണ്‍ നമ്പരും നിന്നെ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു പറയാതെ പറഞ്ഞു..
.
എനിക്കേറ്റവും പ്രിയപ്പെട്ട അക്ഷരങ്ങളില്‍ മുഴുമിക്കാത്ത ഒരു വാചകമാണ് ഉണ്ടായിരുന്നത് .
.
ഒരു പാട് തവണ വായിച്ചു വായിച്ചു ഹൃദിസ്ഥമായ വരികള്‍..
.
എന്ത് കൊണ്ട് ആ വരികള്‍ പൂര്‍ണ്ണമാക്കാന്‍ ആവശ്യപ്പെട്ടില്ല എന്ന് പിന്നീട് ഒരായിരം വട്ടം സ്വയം കുറ്റപ്പെടുത്താന്‍ കാരണമായ വരികള്‍.
.
വര്‍ഷങ്ങള്‍ക്കിപ്പുറം ആ വരികള്‍ക്കിടയിലൂടെ എന്ത് കൊണ്ട് നീ എന്നേ തേടി വന്നില്ല എന്നവള്‍ ചോദിച്ചപ്പോള്‍ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല..
.
ഒരു വാക്കിനപ്പുറമിപ്പുറം കടത്ത് വള്ളം കിട്ടാതെ ഒരു ജന്മം പാഴാക്കാനായിരുന്നു വിധിയെന്ന് സ്വയം ആശ്വസിച്ചു...
.
**************************
.
പ്രിയപ്പെട്ട വായനക്കാരാ, നിങ്ങളും ഓര്‍ക്കുന്നില്ലേ ആ ഓട്ടോഗ്രഫുകള്‍ ??
.
എഴുതിയതും എഴുതാന്‍ ആഗ്രഹിച്ചതും..
.
വരികള്‍ക്കിടയില്‍ പലതും പറയാതെ പറഞ്ഞതും.
.
കാലങ്ങള്‍ എത്ര കഴിഞ്ഞിട്ടും ഇന്നും ഓര്‍മ്മകളില്‍ എഴുന്നു നില്ക്കുന്ന ചില അക്ഷരങ്ങളില്ലേ ..???
.
ഫേസ്ബുക്കില്‍ നിങ്ങള്‍ തിരഞ്ഞ പല പേരുകളും ആ ഓട്ടോഗ്രാഫിലൂടെ നിങ്ങളെ പിന്തുടര്ന്നവയല്ലേ..??
.
മറവിയുടെ മാറാലകള്‍ വകഞ്ഞു മാറ്റി ഓര്‍മ്മയുടെ വാതിലുകള്‍ തള്ളി ത്തുറന്നു അവയെ ഇവിടെ ഒന്ന് പങ്കു വെക്കാമോ ??
.
ഒരു ചെറു പുഞ്ചിരിയുടെ കറുകമോതിരം അണിഞ്ഞു
ദീര്‍ഘ നിശ്വാത്തിന്റെ എള്ളും പൂവും തൊട്ടു ഒരിക്കല്‍ കൂടി ...
.

വീണ്ടും ആ പഴയ സ്കൂൾ മുറ്റവും വരാന്തയും ക്ലാസ്സ്മമുറികളും കൂട്ടുകാരും അധ്യാപകരും എല്ലാം ഒരുമാത്ര വീണ്ടും ഒാർക്കാൻ താങ്കളുടെ എഴുത്ത് സഹായിച്ചു ഹ്രദ്യമായ നന്ദി അറിയിക്കുന്നു
മറുപടിഇല്ലാതാക്കൂ😢♥♥♥
മറുപടിഇല്ലാതാക്കൂ