.jpg)
ലോകം ഉറങ്ങുമ്പോൾ സൂര്യഭഗവാനെ നിറദീപം കാണിച്ചു വരവേറ്റിരുന്ന എന്റെ അച്ഛമ്മ...!!!ഞങ്ങൾക്കെന്നും വെളിച്ചമായി തെളിഞ്ഞു കത്തിയിരുന്ന ഒരു ദീപം..കാലം ചുളിവുകൾ വീഴ്ത്തിയിരുന്നുനെങ്കിലും പ്രശാന്തമായിരുന്ന, തേജ്ജസ്സുണ്ടായിരുന്ന നിർമലമായിരുന്ന ഒരു മുണ്ടും നേരിയതും ..
ഒതുക്കി കെട്ടിവച്ച വെള്ളി കമ്പികളും, കടുക്കനിട്ട കാതും ..
മക്കൾക്കും കുഞ്ഞുമക്കള്‍ക്കുമായുള്ള പ്രാർഥനകൾ കൊണ്ട് നിറഞ്ഞ നെഞ്ചും ,
കഷ്ടപ്പാടിന്റെ കുത്തൊഴുക്കിൽ നിന്ന് നാല് മക്കളെ കരകയറ്റിയതിന്റെ കരുത്തുള്ള, എല്ലിച്ചതെങ്കിലും വാത്സല്യത്തിന്റെ മാർദ്ദവമുണ്ടായിരുന്ന, കൈകളും
ദൂരങ്ങൾ ഒരു പാട് താണ്ടിയ, മുള്ളും കല്ലും തോറ്റു പിന്മാറിയ, പലർക്കും വഴികാട്ടിയായ പാദങ്ങളും....
അതായിരുന്നു എന്റെ അച്ഛമ്മ ..!!!
ഞരമ്പുകൾ എഴുന്നു നില്ക്കുന്ന, കരുതലിന്റെ കരുത്തുള്ള ആ കൈകൾ പിടിച്ചാണ് ആദ്ദ്യമായി സ്കൂളിലേക്ക് നടന്നത് ...
അച്ഛന്റെയും അമ്മയുടെയും ഇടയിലുള്ള സ്ഥാനം അനുജൻ കയ്യടക്കിയപ്പോൾ, എല്ലുകൾ എഴുന്നു നില്ക്കുന്ന ശുഷ്കിച്ച മാറിന്റെ ചൂടായിരുന്നു ആശ്വാസം ..
പനികൊണ്ട് വിറച്ചിരുന്ന കുഞ്ഞു ശരീരം ചാരിയിരുന്നതും ആ നെഞ്ചിൽ..
മഴമേഘങ്ങൾ ആർത്തലച്ചു കരഞ്ഞിരുന്ന ഇടവപ്പാതികളിൽ അവയുടെ ഗർജ്ജനങ്ങളിൽ പേടിച്ചരണ്ടു മുഖം പൂഴ്ത്തിയതും ആ മാറിൽ...
അമ്മയുടെ അടിയിൽ നിന്ന് ഓടി ഒളിക്കാനുള്ള ഒരു മറവ്...വടികൾ പിടിച്ചുവാങ്ങപ്പെടുമെന്ന പ്രതീക്ഷ ..
യാത്രകൾ കഴിഞ്ഞു വരുമ്പോൾ കയ്യിൽ കരുതുമായിടുന്ന അലിഞ്ഞു തുടങ്ങിയിരുന്ന നാരങ്ങ മിട്ടായിയുടെ മധുരം ...
ഏതു കുറുമ്പും ഏതു ദേഷ്യവും അലിഞ്ഞു പോകുമായിരുന്ന ഒരു പിൻവിളി ..
വെള്ളെഴുത്ത് വീണ കണ്ണുകളുമായി, അവസാനത്തെ ആളും വീട്ടിലേക്കു വരുന്നതുവരെ നെഞ്ചിൽ ആധിയുമായി ഗേറ്റിൽ ഉണ്ടാവുമായിരുന്ന ഒരു കാത്തിരിപ്പ് ..
എല്ലാ കുഞ്ഞു മക്കളും ദൈവങ്ങൾ ആണെന്ന് കരുതിയിരുന്ന ഒരു തലോടൽ...
പഠിച്ചാലേ നന്നാവൂ എന്ന് ഓലയിൽ എഴുതി പഠിച്ച തിരിച്ചരിവുണ്ടായിരുന്ന ഒരു അനുഗ്രഹം...
നാലാം ക്ലാസ്സിൽ പഠിപ്പിച്ച ഓമന ടീച്ചർക്ക് ഞാൻ അച്ഛമ്മയുടെ മകനായിരുന്നു എന്നും ..
പാത്തിരാ വണ്ടിക്കെപ്പോഴോ വീടണയുമ്പോൾ, മറവിയുടെയും അബോധാവസ്തയുടെയും കയങ്ങളിൽ നിന്ന് ആയാസത്തോടെ ഉയർന്നിരുന്ന, കേട്ടില്ലെന്നു നടിച്ചുപോയ " മോനേ, നീ വന്നോ" എന്ന ചോദ്യം
വാഴയില ചീന്തിലെ വാത്സല്ല്യത്തിന്റെ ചന്ദനം...
സ്നേഹത്തിന്റെ അവൽ നിവേദ്യം..
ആധിയുടെ നെടുവീർപ്പ്..
പ്രാർത്ഥനയുടെ കണ്ണുനീർ...
എന്നിട്ടും കാട്ടിയത് നന്ദികേട്....നെറികേട്...
കുഞ്ഞു കൈകളിൽ പിടിച്ച പിച്ച വെപ്പിച്ച , ആ കൈകൾ പിടിച്ചു ഞാൻ നടത്തിയില്ല ,
കഥകൾ പറഞ്ഞു കുഞ്ഞു വയർ നിറച്ച എന്റെ അച്ഛമ്മയെ ഞാൻ ഊട്ടിയില്ല,
പലവട്ടം എന്നെ കുളിപ്പിച്ച ആ കൈകൾ കഴുകി കൊടുത്തു പോലുമില്ല...
മരുന്നിറെ കയ്പ്പ് സ്നേഹം കൊണ്ട് മധുരമാക്കിയ എന്റെ അച്ഛമ്മയ്ക്ക് മരുന്നെടുത്ത് കൊടുത്തില്ല ...
എന്നെ ചേര്‍ത്ത് പിടിച്ചിരുന്ന ആ നെഞ്ചു തടവികൊടുത്തില്ല....
പലപ്പോഴും എന്നെ താങ്ങിയ ആ എല്ലിച്ച ശരീരത്തെ താങ്ങിയില്ല...
അവസാനം കൊടുക്കാന്‍ കഴിഞ്ഞത് ഒരുപിടി ചോറാണ്....!!! ഈറനുടുത്തു എള്ളും പൂവും തൊട്ട്....!!
.................
തെറ്റ് .. എന്റെ തെറ്റ് ...
അറിയില്ല, ഏതു ഉമിത്തീയിലാണ് എരിയേണ്ടതെന്ന്...
എങ്കിലും മനസുകൊണ്ട് ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്ക് ഉണ്ടെന്റെ കയ്യിൽ .. അവസാനയാത്രയിൽ കൂടെ കരുതി ചിത്ര ഗുപ്തന്റെ മുന്നിൽ വെക്കാൻ...
സ്വർഗ്ഗത്തിൽ നിറഞ്ഞു ശോഭിക്കുന്ന എന്റെ അച്ഛമ്മയുടെകൂടെ ഒരു നേരം കഴിയാൻ .. പഴയ അഞ്ചു വയസ്സുകാരനായി ആ മാറിലെ ചൂട് പറ്റിച്ചേർന്നു കിടക്കാന്‍…!!
സമ്മതിക്കുമായിരിക്കും, അല്ലേ....???
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ