സ്കൂളിൽ പോവാൻ ഒരു പാട് ഇഷ്ടം തോന്നുന്ന ദിവസങ്ങളിൽ ഒന്നാണ് അതും .
ഞങ്ങൾ കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായി ചിരിക്കുന്ന മൂന്നു വർണ്ണത്തിലുള്ള കടലാസുകൾ ദിവസങ്ങൾക്കു മുമ്പ് തന്നെ ഗോപാലേട്ടന്റെ പീടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും ..
25 പൈസ , കൂടെ ഒരു മൊട്ടു സൂചിയും ..
കുളിച്ചു കഴിഞ്ഞു കുപ്പായമിടുവിച്ചു മുടി ചീകി ചീർപ്പ് സ്വന്തം മുടിക്കെട്ടിൽ തിരുകി വച്ചു അധികമുള്ള പൌഡർ സാരി തലപ്പ് കൊണ്ട് തുടച്ചു മാറ്റി അമ്മ ആ കൊടി ഷർട്ടിൽ കുത്തിത്തരും ..
ആവേശം കൊണ്ടോ അഭിമാനം കൊണ്ടോ കുഞ്ഞു നെഞ്ചു ഒന്നുടെ വിരിയും
പിന്നെ കൂട്ടുകാരുടെ കൂടെ സ്കൂളിലേക്ക് ..
എല്ലാവരുടെയും നെഞ്ചിൽ വിടർന്നു നിൽക്കുന്ന പതാക
സ്കൂളിന്റെ ഇറയത്തു കെട്ടി വച്ചിരിക്കുന്ന നീളൻ മുളയ്ക്കു ശാപ മോക്ഷം ലഭിക്കുന്നത് തലേ ദിവസം ആണ് .
.
അറബിക് മാഷും മുതിർന്ന കുട്ടികളും ചേർന്ന് തലേദിവസം തന്നെ അതിനെ സ്കൂൾ മുറ്റത്തു നാട്ടിയിട്ടുണ്ടാവും ..
8.45 ആവുന്നതോടെ ഓരോ ക്ലാസിലെയും കുട്ടികൾ വരി വരിയായി അതിന്റെ മുന്നിൽ വന്നു നിൽക്കും .
" വണ്‍ ആം ഡിസ്ടന്സിൽ" നിന്ന് അറബിക് മാഷ് പറയുന്നതിനനുസരിച്ച് ദിവസങ്ങൾക്കു മുമ്പ് മാത്രം പഠിച്ച " അറ്റൻഷൻ സ്റ്റാന്റ് അറ്റ് ഈസ് " ആവർത്തിക്കും
9 മണിക്ക് " എട്ടീചർ " ശാരദ പതിയെ ചുറ്റി കെട്ടി വച്ച കയർ അഴിച്ചു മെല്ലെ വലിക്കുമ്പോൾ പതാക ഉയരങ്ങളിലേക്ക്
അകമ്പടിയായി ഞങ്ങളുടെ കുഞ്ഞു തോണ്ടകളിലെ ജനഗണമന ..
മാഷുടെ നിർദ്ദെശത്തിനനുസരിച്ചു എല്ലാവരും തലയുയർത്തിപ്പിടിച്ചു നെഞ്ചു വിരിച്ചു ഫ്ലാഗ് സല്യൂട്ട് ..
അത് ഏറ്റുവാങ്ങി നിറഞ്ഞ മനസ്സോടെ ആകാശത്തു ചിരിച്ചു പാറി കളിക്കുന്ന ത്രിവർണ്ണ പതാക ..
ഞങ്ങളുടെ , നാടിന്റെ, ദേശത്തിന്റെ അഭിമാനം ....
പിന്നെ അടിവച്ചടിവച്ചു ക്ലാസിലേക്ക്
കാത്തിരിക്കുന്ന മുട്ടായി വിതരണം
ബ്രിട്ടീഷ് കാരുടെ ക്രൂരതകളെയും സ്വാതത്ര്യ സേനാനികൾ അനുഭവിച്ച ത്യാഗങ്ങളെയും പറ്റി ശാരദ ടീച്ചറും സുധ ടീച്ചറും അറബിക് മാഷും പറയുമ്പോൾ സങ്കടം ...
കേണൽ ഡയറിനെ ജാലിയൻ വാലബാഗിലെ കിണറിൽ തന്നെ ചവിട്ടി താഴ്ത്താനുള്ള ദേഷ്യം
ഭഗത് സിംഗിനെയും നേതാജിയെയും പറ്റി പറയുമ്പോൾ ഉയരുന്ന ആവേശം ...
ജനഗണമന പാടി പരിപാടികൾ അവസാനിപ്പിച്ച് ഓടി വീട്ടിലെത്തണം ടിവിയിൽ അങ്ങ് ഡൽഹിയിൽ നടക്കുന്ന പരേഡ് കാണണം ..
ധീരജവാൻമാർ അടിവച്ചടിവച്ചു നീങ്ങുന്നത് ശ്വാസം അടക്കിപ്പിടിച്ചു കണ്ടു കണ്ണും മനസും നെഞ്ചും നിറയ്ക്കണം ...
അന്നൊരിക്കൽ ഡൽഹിയിലെ മരം കോച്ചുന്ന തണുപ്പിൽ സഹപ്രവർത്തകനും സുഹൃത്തുമായ സുരേഷിന്റെ കൂടെ,
വിട്ടു വീഴ്ചയില്ലാത്ത സുരക്ഷാ പരിശോധനകൾ കഴിഞ്ഞു രാജ്പതിലെ ഗ്യാല്ലറിയിൽ ഇരുന്നു ആ പരേഡ് നേരിട്ട് കണ്‍ കുളിർക്കെ കാണുമ്പോൾ ,
ആവേശം കൊണ്ട് നെഞ്ചു പൊട്ടി പോകുമെന്ന് തോന്നിയ നിമിഷം
ചുറ്റും ഉള്ളവരുടെ കൂടെ അലറി വിളിച്ചത് .
മനസ്സ് കൊണ്ട് അതേ ആവേശത്തോടെ ഒന്ന് കൂടെ...
" വന്ദേ............ മാതരം "

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ