Dream ...! Becoz those don't have dreams don't have much...!


2015 ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ ......



കല്‍പ്പടവുകളില്‍ വെള്ളം ഒഴുകുന്നുണ്ടായിരുന്നു,
ഞാന്‍ നീട്ടിയ കൈകളില്‍ അവള്‍ക്കു പിടിക്കാതിരിക്കാന്‍ ആയില്ല..

റോസ് നിറമുള്ള ചെറിയ ചൂടുള്ള അവളുടെ കൈ എന്റെ കൈകളില്‍..

പുല്‍നാമ്പുകള്‍ എന്റെ കാലില്‍ തോണ്ടി,
“ചോദിക്ക്, ഈ കൈകള്‍ എന്നും പിടിച്ചോട്ടെന്നു ചോദിക്ക് “
ചെടികള്‍ കാത് കൂര്‍പ്പിച്ചുവെങ്കിലും ഞാന്‍ ചോദിച്ചില്ല .

ഇഷ്ടമില്ലാതിരുന്നെങ്കിലും കൈ വിട്ടു കളഞ്ഞു ..

ഇപ്പോള്‍ അവള്‍ ചോദിക്കുന്നു. ഇത്രമേല്‍ സ്നേഹിച്ചിരുന്നെങ്കില്‍ എന്തിനാണ് അവളെ വിട്ടയച്ചതെന്ന്....


ഒരു സുഗന്ധമായി എന്നെ പൊതിഞ്ഞു നിന്നിട്ട്,
അന്ന് എന്നരികില്‍ നിന്ന് അവള്‍ നടന്നകന്നപ്പോള്‍ നിറയുന്ന എന്റെ കണ്ണുകള്‍ കണ്ടിട്ടാവണം തൊട്ടാവാടികള്‍ മുഖം താഴ്ത്തിനിന്നത് ..

ഇപ്പോള്‍ അവള്‍ ചോദിക്കുന്നു ഇത്രമേല്‍ സ്നേഹിച്ചിരുന്നെങ്കില്‍ എന്താണ് അവളെ തിരിച്ച് വിളിക്കാതിരുന്നതെന്ന്.....



എന്നെ തനിച്ചാക്കി,
കൈക്കുമ്പിളില്‍ കൊരിയെടുത്ത വെള്ളം ചോര്‍ന്നു പോകുന്നത് പോലെ അകലേക്ക്‌ അവള്‍ ഒഴുകി അകന്നപ്പോള്‍ വെറുതെ ഞാന്‍ നോക്കി നില്‍ക്കുകയായിരുന്നു ..

ഇപ്പോള്‍ അവള്‍ ചോദിക്കുന്നു ഇത്രമേല്‍ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനാണ് അവളെ അകലാനനുവദിച്ചതെന്ന്.....



എന്താണ് ഞാന്‍ മറുപടി കൊടുക്കേണ്ടത്‌ ..??

ഓരോരോ ജന്മങ്ങളിലും നിന്നെ മാത്രം പ്രണയിക്കാന്‍ ഒന്നിപ്പിക്കാതിരുന്നതാണ് കാലമെന്നോ....

എന്നും എന്നും നിനക്കായി പുനര്‍ജ്ജനിക്കാന്‍ കൊതിച്ചു കൊണ്ട് കാത്തിരിക്കയാണ് ഞാനെന്നോ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ