Dream ...! Becoz those don't have dreams don't have much...!


2013 നവംബർ 27, ബുധനാഴ്‌ച

ടിവി പുരാണം -മൂന്നാംഭാഗം - വിസിപി കാണ്ഡം




ടിവി പുരാണം -മൂന്നാംഭാഗം - വിസിപി കാണ്ഡം 

 


ടിവി തന്റെ സുഖലോലുപമായ രാജകീയ ജീവിതം തുടരുന്നതിനിടെ 1984 കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാ ജനങ്ങളെയും അവന്റെ  മുന്നിലെത്തിച്ച സംഭവമായിരുന്നു ഇന്ദിരാ  ഗാന്ധിയുടെ അതിദാരുണമായ കൊലപാതകം.  പ്രിയദർശിനിയുടെ അവസാനയാത്ര എല്ലാവരും ശ്വാസമടക്കിപിടിച്ച്  കണ്ടുകൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ സ്വീകരണ മുറിയുടെ കട്ടിളപ്പടിയിൽ സ്വന്തം തന്റെ ശരീരത്തെ താങ്ങി നിർത്തി, മുണ്ടിന്റെ കോന്തലകൊണ്ടു ഇടയ്ക്കിടെ കണ്ണീരോപ്പികൊണ്ടിരുന്ന; മുമ്പ് പലതവണ ചുവന്ന ബ്ലൗസും വെളുത്ത മുണ്ടും ധരിച്ചു വിപ്ലവ പാർടിയുടെ പലസമരങ്ങളിലും ആവേശത്തോടെ പങ്കെടുത്തിരുന്ന; ജാനുഏടത്തിയുടെ നെടുവീർപ്പുകൾ മാത്രമാണുയർന്നിരുന്നത്. 

 

വിലാപയാത്ര ശക്തിസ്ഥലിലേക്ക് അടുത്ത് കൊണ്ടിരിക്കെ - നമ്മുടെ ഗ്രാമത്തിലെ സ്ത്രീ ജനങ്ങളുടെ ഇടയിൽ ഇംഗ്ലീഷ്- മലയാളം തർജ്ജമയുടെ  പേറ്റണ്ടും മൊത്തവിതരണാവകാശവുമുണ്ടായിരുന്ന; നാട്ടിലൂടെ ഓടികൊണ്ടിരുന്ന ചുരുക്കം ചില ബസ്സുകളിലെ മിക്കവാറും എല്ലാ ഡ്രൈവർ, കണ്ടക്ടർ, കിളിമാരുടെയും കഴുത്തുവേദനക്ക് കാരണമായിരുന്ന, ( കഴുത്തു വേദന ചില ദിശകളിലേക്ക് പെട്ടന്ന് തിരിഞ്ഞു നോക്കുന്നത് കൊണ്ടോ, ദീർഘ നേരം നോക്കുന്നത് കൊണ്ടോ ഉണ്ടാവാമെന്നും അത് കാണപ്പെടുന്നത് ഗ്രാമങ്ങളിലൂടെ സർവീസ് നടത്തുന്ന ബസ്സ്ജീവനക്കാരിലുമാണെന്ന് അക്കാലത്തു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പുറത്തിറക്കിയ ഒരു ബുളെറ്റിൻപറയുന്നു - അദ്ദ്യായം-15, ശ്ലോകം-25, ഖണ്ഡിക-4- കടപാട് സകീർ നായിക്ക് ) ചില വായുദൂതുകൾ ( വായുവിലൂടെ പറന്നു വന്നിരുന്ന മനോഹരമായി മടക്കിയ കടലാസ് കുറിപ്പുകൾ) ഇടയ്ക്കിടെ ലഭിച്ചുമിരുന്ന വിജയി എന്ന വിജയകുമാരി --" ഇന്ദിരാഗാന്ധി മരിച്ചിട്ടില്ല, അവരെ നോക്കാൻ അമേരിക്കേന്നു വിദഗ്ദർ വരുന്നുണ്ടെന്നു" അവരുടെ വീട്ടിന്റെ അടുക്കള പടിയിൽനിന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്തു അനൌണ്സ് ചെയ്തത് ചിലർക്കെങ്കിലും പ്രത്യാശ നൽകിയിരുന്നു.

 

 

രാമായണത്തിന്റെ അഭൂതപൂർവമായ വിജയം മഹാഭാരതമെന്ന മഹാസമുദ്രവുമായിവരാൻ BR  ചോപ്ര- രവിചോപ്ര-യെ പ്രേരിപ്പിച്ചു ( മഹാഭാരതം വെറും 98 episode മാത്രമേ ഉണ്ടായിരുന്നുള്ളു എന്നറിയുമ്പോൾ  ഞാൻ   ഈ പറഞ്ഞ "മഹാസമുദ്രം"  ഇന്നത്തെ തീർന്നാലും തീരാത്ത സീരിയൽ കെട്ടുകാഴ്ചകൾക്കിടയിൽ വെറും ഒരു റോഡിലെ ഗട്ടർ മാത്രമായിരുന്നില്ലേ എന്ന് തോന്നിയേക്കാം ) . മഹാഭാരതം കൊണ്ടുണ്ടായ ഒരു ഗുണം, രാമായണത്തിൽ ഞങ്ങൾ കണ്ടു പരിചയപ്പെട്ട  ബ്രഹ്മാസ്ത്രം, നാഗാസ്ത്രം, വരുണാസ്ത്രം  എയ്യുമ്പോൾ വെള്ളം തെറിച്ചിരുന്ന ബിസ്ലേരി അസ്ത്രം,  പുകവന്നിരുന്ന വിൽസ്-ഗോൾഡ്ഫ്ലേക്ക് അസ്ത്രം, പൂത്തിരി ചിതറിയിരുന്ന ശിവകാശി അസ്ത്രം തുടങ്ങിയവയെ വീണ്ടും കാണാൻപറ്റി എന്നുള്ളതാണ്. ഞാനടക്കമുള്ള എല്ലാ യുവതുർക്കികളുടെയും അക്കാലത്തെ പ്രാർത്ഥന ഇതിലേതെങ്കിലും ഒന്നോ അല്ലെങ്കിൽ ക്ലാസ് 4 ഭടൻമാരുടെ ആയുധങ്ങളായ കുന്തം, വാൾ, കൊച്ചു പിച്ചാത്തി നെയിൽകട്ടർ, ടംഗ്ക്ലീനർ എന്നിവയോ- സെകണ്ട് ഹാന്ട് എങ്കിലും- ലഭിക്കണേ എന്നായിരുന്നു പക്ഷെ അത് കിട്ടിയാൽ ആദ്ദ്യം പ്രയോഗിച്ചു നോക്കുന്നത് ഏതെങ്കിലും മാഷൻമാരുടെയോ ടീച്ചർമാരുടെയോ മേലായിരിക്കുമെന്നതിൽ ദൈവത്തിനു യാതൊരു സംശയവുമില്ലാതിരുന്നതിനാൽ, ഞങ്ങളുടെ അപേക്ഷയിൽ "REJECTED"  നോട്ടെഴുതി നിഷ്കരുണം അങ്ങേർ തള്ളിക്കളഞ്ഞിരുന്നു.

"ദ്രൗപദീ വസ്ത്രക്ഷേപം" ആയിരുന്നു എല്ലാവരും കാത്തിരുന്ന എപ്പിസോടെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലലോ. പക്ഷെ പ്രതീക്ഷക്കൊത്ത് പെർഫൊമൻസു കാഴ്ചവെക്കാൻ ദുശാസനനു കഴിയാഞ്ഞത് കാരണം      " എന്തോന്ന് ദുശാസനനാണ് താനെന്ന "  പ്രാക്ക് SMS ആണ് അദ്ദേഹത്തിന് കിട്ടിയതെന്ന് മാത്രം ..!

 

അപ്പോഴേക്കും tv കുറെയേറെ സാധാരണയായിക്കഴിഞ്ഞിരുന്നു. ടിവി എന്ന ഇളയ കുട്ടി വന്നതോടുകൂടി തന്നോടുള്ള വീട്ടുകാരുടെ സ്നേഹം കുറയുന്നു  എന്ന 'മൂത്തകുട്ടി കോംപ്ലെക്സ്' തോന്നിത്തുടങ്ങിയ ഞങ്ങളുടെ നാഷണൽ പാനസോണിക് റേഡിയോ അക്കാലത്തു ചലച്ചിത്രഗാനങ്ങളിൽ ശോകഗാനങ്ങളായിരുന്നു കൂടുതലും പാടിയിരുന്നത്. തന്നോട് കാട്ടിയിരുന്ന അവഗണനയിൽ പ്രതിഷേധിച്ചു ഇടയ്ക്കിടെ അവൻ പണിമുടക്ക്‌ സമരം നടത്തുന്നതും പതിവായിരുന്നു.  പക്ഷെ പണിമുടക്ക്‌ നേരിടുന്നതിൽ ഒരു ജയലളിത ആയിരുന്ന എന്റെ അച്ഛൻ, അവനെ തൂക്കിയെടുത്തു അലമാരിയിലെ താഴേത്തട്ടിലെ ലോക്കപ്പിലടച്ചു കളഞ്ഞു. ഒരു ബഹുരാഷ്ട്ര കുത്തക ഭീമനായ പാനസോണിക്കിനുമേൽ ഒരു സ്വദേശി നേടിയ ഉജ്ജ്വലമായ വിജയമായിരുന്നു അത്.  പിന്നെടെപ്പോഴോ സഹതടവുകാരുടെ അക്രമത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അവനെ ശേഷക്രിയകൾക്കായി ആക്രികച്ചവടക്കാർക്ക്  കയ്മാറുകയാണ് ഉണ്ടായത്. 

 

അങ്ങനെയിരിക്കുമ്പോഴാണ് ഹിന്ദി സിനിമകൾ മാത്രം നിറഞ്ഞു നിന്നിരുന്ന ടിവിയിൽ നമ്മുടെ സ്വന്തം ലാലേട്ടനെയും മമ്മൂക്കയെയും കാണാൻ കഴിയുന്ന  VCP  എന്ന സൂത്രം ഞങ്ങളുടെ നാട്ടിലുമേത്തുന്നത്.  'കാട്ടിൽ' എന്ന് വീട്ടുപേരുള്ള അന്നത്തെ ഏറ്റവും വലിയ വീടായിരുന്ന 'ആസ്യ' യുടെ വീട്ടിലും, ഞങ്ങളുടെ കളിക്കൂട്ടത്തിന്റെ തലൈവി ആയിരുന്ന റംലയുടെ വീട്ടിലും അയൽവക്കകാരുമായി  ഒരു diplomatic ബന്ധം മാത്രം പുലർത്തിയിരുന്ന ചന്ദ്രേട്ടന്റെ വീട്ടിലും ഒത്തിരി മുതിർന്നവരും അതിലേറെ കുഞ്ഞുങ്ങളും ഉണ്ടായിരുന്ന "വാഴയിൽ"  എന്ന അധികം വാഴയില്ലാത്ത കാച്ചുവിന്റെ വീട്ടിലും ആയിരുന്നു ആദ്യകാലത്ത് ഇവൻ അവതരിച്ചത്. ഇവിടെയെല്ലാം ( പുറത്തു നിന്ന് സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ വാതിലടച്ചു കളഞ്ഞിരുന്ന ചുരുക്കം ചില മനുഷ്യസ്നേഹികളുടെ വീട്ടിലോഴികെ ) പോയി സിനിമ കാണുവാനുള്ള അവകാശം അന്ന് ഞങ്ങൾ കുട്ടികൾക്കുണ്ടായിരുന്നു.

ടിവി സ്വന്തമാക്കുന്നതിൽ നേടിയ മൂന്നാം സ്ഥാനം VCP യുടെ കാര്യത്തിൽ നിലനിർത്താനായില്ലെങ്കിലും വൈകാതെ അച്ഛനും ഒരെണ്ണം സ്വന്തമാക്കി.  ഗൾഫുകാരൻ പുയ്യാപ്ലയെ പോലെ അത്തറിന്റെ മണവും പതിനാലാം രാവിന്റെ മൊഞ്ചുമുള്ള ഒരു സുന്ദരകുട്ടൻ അങ്ങനെ ഞങ്ങളുടെ വീട്ടിലെത്തി. അതിലാദ്യം കണ്ട "വാർത്ത" സിനിമയുടെ കസെറ്റ്, റീലിൽ വാർദ്ദക്യ സഹജമായ "വെള്ളപാണ്ട്" പിടിച്ചു കട്ടിലിനടിയിലെ വൃദ്ദസദനത്തിൽ ഇപ്പോഴും കഴിയുന്നുണ്ട്.


ഇനിയെന്നും സിനിമ കാണാമെന്ന ഞങ്ങളുടെ മോഹത്തെ " സിനിമ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമെന്ന " സുപ്രധാന നിയമനിർമാണത്തിലൂടെ ഭരണകൂടം തകർത്തുകളഞ്ഞു. വീഡിയോ കാസെറ്റിന്റെ വാടകയായ അഞ്ചു  രൂപ സാമ്പത്തിക ഭദ്രതെയെ തകർത്തെ ക്കുമെന്നതാന്  ഇതിനു കാരണമായി ചൂണ്ടികാണിക്കപ്പെട്ടതെങ്കിലും ദിവസവും സിനിമകാണ്ന്നത് പഠിത്തത്തെ ബാധിക്കുമെന്ന പിന്തിരിപ്പൻ-മൂരാച്ചി-വൈരുദ്ദ്യാത്മക ചിന്താഗതിയാണ് ശരിയായ കാരണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷെ എതിർത്താൽ ഉള്ളതും കൂടി  പോയേക്കുമെന്ന പേടിയുള്ളതുകൊണ്ട്   " ഉത്തരത്തിലുള്ളത് എടുക്കാൻ ശ്രമിക്കാതെ കക്ഷത്തിലുള്ളത്" കൊണ്ട്ത്രിപ്തിപെടാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. പക്ഷെ ലൈബ്രറികളിൽ നിന്ന് എടുക്കേണ്ട കസെറ്റുകളുടെ ലിസ്റ്റു തയ്യാറാക്കാനുള്ള  അധികാരം ഞങ്ങൾക്കായിരുന്നു. ശനിയാഴ്ച രാവിലെ ദീർഘ ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും ശേഷം തയ്യാറാക്കിയിരുന്ന ലിസ്റ്റ് കൈമാറി രാത്രി അച്ഛൻ വരുന്നത് വരെ  കാത്തിരുന്നിരുന്ന ഞങ്ങൾക്ക്, കൊടുത്ത ലിസ്റ്റും കൊണ്ടുവരുന്ന കാസെറ്റും തമ്മിൽ, KPCC തയ്യാറാക്കുന്ന ഭാരവാഹികളുടെ ലിസ്റ്റും ഹൈക്കമാന്റു അംഗീകരിക്കുന്ന ലിസ്റ്റും തമ്മിലുള്ള ബന്ധംമാത്രമാണ്  കാണാൻ കഴിഞ്ഞിരുന്നത്..! പിന്നീട് ഭരണ പക്ഷത്തുള ചിലരുടെ (അമ്മ, മൂത്തമ്മ പിന്നെ കണ്ണ് പിടിക്കാത്തത് കാരണം സിനിമ കാണുന്നതിൽ വലിയതാല്പര്യമില്ലാതിരുന്ന; എന്നും ഞങ്ങളുടെ പ്രചോദനവും ആശയും അഭിലാഷവും പലപ്പോഴും രക്ഷകയുമായിരുന്ന അച്ഛമ്മയും) രഹസ്യ പിന്തുണയോടുകൂടി നടത്തിയ ഐതിഹാസികമായ  നീക്കത്തിലൂടെ, ന്യൂ ജനറേഷൻ സിനിമകളുടെ ട്രെൻഡ് അച്ഛന് അറിയില്ല എന്ന് സ്ഥാപിച്ചെടുക്കുകയും വീടിനടുത്തുള്ള ലൈബ്രറിയിൽ പോയി കാസെറ്റെടുക്കാനുള്ള അവകാശം ഞങ്ങൾ നേടിയെടുക്കുകയും ചെയ്തു.

കണ്ടുകഴിഞ്ഞ കാസെറ്റ് തമ്മിൽ കൈമാറി കൂടുതൽ സിനിമകൾ കാണാൻ കഴിയുന്ന വിധത്തിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ട-സഹകരണ സംഘങ്ങൾ അക്കാലത്തു നാട്ടിൻപുറങ്ങളിൽ സജീവങ്ങളായിരുന്നു.

അങ്ങനെയിരിക്കെ വീഡിയോ ലൈബ്രറിയിലെ മൂലയ്ക്ക് വച്ചിരിക്കുന്ന ചില പ്രത്യേകതരം കസെറ്റുകൾ ഞങ്ങളുടെ ശ്രദ്ദ ആകർഷിക്കുകയുണ്ടായി. അക്കാലത്തെ "ഗൂഗിൾ സർച്ചും" "വിക്കിപീഡിയ"യുമായിരുന്ന ചില ചേട്ടൻമാരിൽ നിന്ന് സാധാരണ സിനിമകൾ കൂടാതെ ഭാവിയിലേക്ക് പയോജനപ്പെടുന്ന അറിവുകൾ പ്രദാനം ചെയ്യുന്ന ചില സിനിമകൾ ഉണ്ടെന്നും അത്തരം കസെറ്റുകൾ ആവശ്യക്കാർക്ക് രഹസ്യമായി ലഭിക്കുമെന്നും അറിയാൻ കഴിഞ്ഞു. അറിവ് നേടാനുള്ള  തീഷ്ണമായ   ആഗ്രഹം ചെറുപ്പകാലത്തെ ഉണ്ടായിരുന്നത് കൊണ്ട്ഞങ്ങൾ എന്ത് വന്നാലും "" അറിവ് കൂടെ നേടണമെന്ന് വീടിനു പിന്നാമ്പുറത്തുള്ള വഴക്കൂട്ടത്തിനു പിന്നിൽ അവൈലബ്ൾ പിബി ചേർന്ന് തീരുമാനിക്കുകയും അതിനു വേണ്ടിയുള്ള പദ്ദതികൾ തയ്യാറാക്കുകയും ചെയ്തു.

 

ഇപ്പോൾ പരാമർശിക്കപ്പെട്ട വാഴക്കൂട്ടം പുരാതനകാലം മുതൽക്കേ ഞങ്ങൾ ധീരവിപ്ലവകാരികളുടെ,  അടുക്കളയിൽ നിന്നുള്ള റഡാറിന്റെ    കണ്ണിൽപ്പെടാത്ത,  ഒളിത്താവളവും (-കുളി, പല്ലുതേപ്പ്, തുടങ്ങിയ അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും എതിരായ നിലപാടുകൾ എടുക്കുമ്പോൾ തികച്ചും യാഥാസ്ഥിതികരായിരുന്ന അമ്മ, അച്ഛൻ തുടങ്ങിയവരിൽനിന്നുണ്ടാവാറുള്ള ആക്രമണങ്ങളിൽ നിന്നാണ് ഓടി ഒളിക്കേണ്ടിയിരുന്നത്.- ) പാർടി ഓഫീസും സെക്രട്ടറിയേറ്റും ഒക്കെയായിരുന്നു. വാഴക്കൂട്ടത്തിലെ ഉറുമ്പിന്റെ കടിയും കൊതുകിന്റെ ആക്രമണവും  ചൊറിയൻ പുഴുക്കളുടെ ഭീഷണിയും എപ്പോഴെങ്കിലും വരാവുന്ന പാമ്പിന്റെ സീൽക്കാരത്തെയും അതിജീവിച്ചു ഞങ്ങൾ നടത്തിയിരുന്ന മസ്തിഷ്ക പ്രക്ഷാളനത്തിൽ ഞങ്ങളുടെ ചിന്തയെ ഉദ്ദീപിപ്പിച്ചിരുന്നത്;  "ഗോൽട്ടൻ" എന്ന് വിളിക്കപ്പെട്ടിരുന്ന, കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ തലശ്ശേരിയിൽ പോകുമ്പോൾ മാത്രം ഷർട്ട് ധരിക്കാറുള്ള, വായിൽ പല്ലില്ലാത്ത  വക്കീൽ ഗോപാലേട്ടന്റെ  - അനാദികച്ചോടക്കാരനായ അദ്ദേഹം എങ്ങനെയാണ് വക്കീൽ ആവുന്നതെന്ന് എനിക്കിന്നും  അജ്ഞാതമാണ് - കടയിൽനിന്ന് ലഭിച്ചിരുന്ന  ഉറുമ്പരിക്കുന്ന തേനുണ്ടയോ (തേനുണ്ടക്ക്  ഒരു പോറലുമേൽക്കാതെ ഉറുമ്പുകളെ നുള്ളിമാറ്റുന്നതിൽ  ഞങ്ങൾ അന്ന് വിദഗ്ദരായിരുന്നു...! ) എത്രനുണഞ്ഞാലും തീരാത്ത കൊപ്ര-പാരീസ്- നാരങ്ങാ മുട്ടായിയോ  പുഴുവിന്റെ സാന്നിദ്യം ഉണ്ടാവാനിടയുള്ള  പുളിഅച്ചാറോ,  വെളുത്ത ബനിയനും തലയിലൊരു മാപ്പിളതൊപ്പിയും,  ഇടയിലെവിടെയോ മൂർച്ചയുള്ള ഒരു മടക്കുകത്തി ഒളിച്ചിരിക്കുന്ന,  വീതി യുള്ള പച്ചബെൽറ്റിനാൽ മുറുക്കിയ പുള്ളിതുണിയും മാത്രം ധരിച്ചു കണ്ടിട്ടുള്ള, ഭംഗിയുള്ള അപ്പൂപ്പൻ താടിയുണ്ടായിരുന്ന ഖാദരിക്കാന്റെ --കൂട്ടുകാരൻ റിയാസിന്റെ വല്ല്യുപ്പ--  കടയിൽ നിന്ന് കിട്ടുന്ന പരിപ്പ് -  മണി - നില ക്കടലയോ , നാലായി മുറിച്ച്,  ഇച്ചിരി മുളകും ഉപ്പും ചേർത്ത് തരുന്ന,  തുടുത്ത മഞ്ഞക്കവിളിൽ തവിട്ടു മുഖക്കുരുപാടുള്ള പേരക്കയോ പിന്നെ ബാർടർ  സംബ്രദായത്തിലൂടെ പലപ്പോഴും സമ്പാദിച്ചിരുന്ന ഉണ്ണിമാങ്ങകളോ ചിലപ്പോഴെങ്കിലും അടുക്കളയിൽ നിന്ന് കരസ്ഥമാക്കുന്ന -    മേലാസകലം "മുളകുമൈലാഞ്ചി" തേച്ചു ചൂടുള്ള വെളിച്ചെണ്ണയിൽ നീരാടിയതിന്റെ ക്ഷീണത്തിൽ ചീനച്ചട്ടിയിൽ ചുരുണ്ട് കൂടി കിടന്നുറങ്ങുന്ന ചെമ്മീനോ,   വെളുത്തുള്ളിയോടും കരിവേപ്പിലയോടും കിന്നാരം പറഞ്ഞു,    വാളൻപുളി-മുളകു ചാറിൽ മുങ്ങിക്കിടക്കുന്ന,   ചെറിയ മീനായ നത്തോലിയോ  ഇതൊന്നുമില്ലെങ്കിൽ കുപ്പിയിൽ  കയ്യിട്ടു വാരിയെടുക്കുന്ന ഹൊർലിക്സുപൊടിയോ പാൽപൊടിയോ ആയിരുന്നു. ചിലപ്പോഴൊക്കെ ചിന്തകളെ ചൂടുപിടിപ്പിക്കാൻ  കടലാസ് ബീഡികളും..! (ബീഡി, അതേത് ബ്രാണ്ട്‌ ആയാലും, ഒഴിവാക്കുന്നത് വിപ്ലവകാരികൾക്ക് ചേർന്നതല്ലല്ലോ )

അടുക്കളയിൽ നിന്ന് മേൽപറഞ്ഞ സാധനങ്ങൾ "കരസ്ഥമാക്കുന്നതിനെ" മോഷണമായി തെറ്റിദ്ദരിക്കരുത്. പുലർച്ചെമുതൽ പണിയെടുത്ത ക്ഷീണത്തിൽ ഒരു ചെറിയ ഉച്ചമയക്കത്തിലേക്കു പോകുന്ന മൂത്തമ്മയെയോ, അച്ഛന്റെ ഷർട്ടിന്റെ വിട്ടു പോയ തുന്നലുകൾ കൂട്ടിച്ചേർക്കുകയോ പൊട്ടി പോയ ബട്ടണ്പിടിപ്പിക്കുകയോ ചെയ്യുന്ന അമ്മയെയോ ഒരു ചെറിയ കാര്യത്തിനു ബുദ്ദിമുട്ടിക്കുന്നത്‌  നരകശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഇന്ത്യൻ പീനൽ കോഡിൽ ( അദ്ദ്യായം-18, ശ്ലോകം-36, വരി-26---കടപ്പാട് ആർക്കെന്ന് പറയേണ്ടല്ലോ ) പറഞ്ഞിട്ടുള്ളത് കൊണ്ട് മാത്രമാണ് അവരറിയാതെ   പണിചെയ്യുന്നത്

അങ്ങനെ ചരിത്ര പ്രാധാന്യമുള്ള വാഴക്കൂട്ടത്തിന്റെ ചുവട്ടിലിരുന്നു ഞങ്ങൾ രൂപം കൊടുത്ത പ്ലാൻ ഇപ്രകാരം ആയിരുന്നു.

ഒന്ന് - ആകാശത്തിന്റെ നിറമുള്ള കാസെറ്റ് എടുക്കുന്നതിനാവശ്യമുള്ള മൂലധനമായ അഞ്ചുരൂപ എത്രയും പെട്ടന്ന് സ്വരൂപിക്കുക. ഇതിനായി കടകളിൽ സാധനങ്ങൾ വാങ്ങാൻ പറഞ്ഞയക്കുമ്പോൾ ഈടാക്കുന്ന മിനിമം വേതനത്തിന്റെ പരിധി ഉയർത്തുക.   

രണ്ട്- വീട്ടിൽ ആരും ഇല്ലാതിരിക്കുന്ന അവസരത്തിൽ മാത്രമേ  അറിവ് സമ്പാധനം’ നടക്കൂ എന്നുള്ളതുകൊണ്ട് അനുകൂല സമയം വരുന്നതുവരെ കാത്തിരിക്കുക.

 

കാസെറ്റ്കടക്കാരൻ അച്ഛന്റെ ഒരു പരിചയക്കാരൻ ആയതുകൊണ്ട്, കാര്യം അച്ചനറിയാനുള്ള സാധ്യതയും തല്ഫലമായുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ഒരു വശത്തുണ്ടായിരുന്നെങ്കിലും ഇടയ്ക്കിടെ  അഞ്ചുരൂപാ മുട്ടയിടാവുന്ന താറാവിനെ അങ്ങനെ കൊന്നുകളയാനുള്ള ബുദ്ദിശൂന്യത കടക്കാരൻ കാണിക്കില്ല എന്നുള്ള വിശാസത്തിൽ ഞങ്ങൾ പദ്ദതിയുമായി  "ഒന്നിച്ചോരുമിച്ചോറ്റകെട്ടായി"  മുന്നോട്ടു പോവാൻതന്നെ തീരുമാനിക്കുകയായിരുന്നു.     ഉണ്ടായിരുന്ന ചില പ്രത്യയശാസ്ത്ര വിഭാഗീയതകൾ മാറ്റിവച്ച് പലപ്പോഴും ഞങ്ങൾ ഇങ്ങനെ ഒന്നിച്ചു പലകാര്യങ്ങളും ചെയ്തിട്ടുണ്ട്.  അങ്ങനെ ഒന്നിച്ചു നിൽക്കുന്നതിന്റെ ഒരു കാര്യം അടികിട്ടുമ്പോൾ പങ്കു  പറ്റാൻ ആളുണ്ടാവും എന്നുള്ളതാണ്. പക്ഷെ മിക്കവാറും എല്ലായിപ്പോഴും, മൂത്തവനായ എനിക്ക് അടികിട്ടിതുടങ്ങുമ്പോൾ തന്നെ കരഞ്ഞുതുടങ്ങാനുള്ള ബുദ്ദി, ഒരു പെറ്റിബൂർഷ്വ ആയ,  അനിയൻ ഉണ്ണി കാണിക്കുമെന്നുള്ളതു  കൊണ്ട്, പലപ്പോഴും അവൻ അടിയേൽക്കാതെ രക്ഷപ്പെട്ടിരുന്നു.  ( ഇത്പോലെയുള്ള എന്തെങ്കിലും പ്രതിസന്ധി വരുമ്പോൾ ഭരണപക്ഷതേക്ക് കാലുമാറുക എന്നുള്ളത് എല്ലാ അനിയൻ-അനിയത്തിമാരുടെയും എക്കാലത്തെയും സ്വഭാവമാണ്.) പക്ഷപാതപരമായ  നടപടിയെ ചോദ്യം ചെയ്യുമ്പോൾ " അവനെ ചീത്തയാക്കിയത് നീ ഒറ്റ ഒരുത്തനാണെന്നുള്ള"  മറുപടിയിൽ തൃപ്തനാവാതെ ഞാനുന്നയിച്ചിരുന്ന " അപ്പൊ എന്നെ ചീത്തയാക്കിയതാര്..?"  എന്ന  തികച്ചും ന്യായമായ  മറുചോദ്യത്തിന് ലഭിച്ചിരുന്ന " നീ സ്വയം ചീത്തയായതാണെന്നുള്ള"  ശാസ്ത്രീയമോ സൈന്താന്തികമോ ആയ യാതൊരു അടിത്തറയുമില്ലാത്ത  വിശദീകരണത്തിനുമുന്നിൽ പകച്ചു നിൽക്കാനേ ഉള്ളവന് കഴിഞ്ഞിരുന്നുള്ളൂ.

അങ്ങനെ ഇടയ്ക്കിടെ " സാധനങ്ങൾ വാങ്ങനൊന്നുമില്ലേ" എന്ന് ചോദിച്ചു കൊണ്ട്  പ്രൊ-ആക്റ്റീവ് കസ്റ്റമർ സർവീസ്’ ചെയ്യുക വഴി സമ്പാദിച്ച മൂലധനവുമായി ഞങ്ങൾ വീട്ടിൽ ആരുമില്ലതാവുന്ന ഒരു സുദിനത്തിൽ, ആകാശ "നീലിമയിൽ" വിരിയാൻ പോവുന്ന വർണചിത്രങ്ങൾ കണ്കുളിർക്കെകാണാനായി  പ്രാർത്ഥനയോടെ കാത്തിരിപ്പായി…!

3 അഭിപ്രായങ്ങൾ:

  1. ടിവി സ്വന്തമാക്കുന്നതിൽ നേടിയ മൂന്നാം സ്ഥാനം VCP യുടെ കാര്യത്തിൽ നിലനിർത്താനായില്ലെങ്കിലും വൈകാതെ അച്ഛനും ഒരെണ്ണം സ്വന്തമാക്കി. ഗൾഫുകാരൻ പുയ്യാപ്ലയെ പോലെ അത്തറിന്റെ മണവും പതിനാലാം രാവിന്റെ മൊഞ്ചുമുള്ള ഒരു സുന്ദരകുട്ടൻ അങ്ങനെ ഞങ്ങളുടെ വീട്ടിലെത്തി. അതിലാദ്യം കണ്ട "വാർത്ത" സിനിമയുടെ കസെറ്റ്, റീലിൽ വാർദ്ദക്യ സഹജമായ "വെള്ളപാണ്ട്" പിടിച്ചു കട്ടിലിനടിയിലെ വൃദ്ദസദനത്തിൽ ഇപ്പോഴും കഴിയുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ