ഐസുമിട്ടായികൾ:
സൈക്കിൾ ഹാന്റ്ലിൽ തൂക്കിയിട്ട, ചവിട്ടേറ്റു
തളരുന്ന പെഡലുകൾക്ക് സ്വാന്തനമായി കിലുങ്ങുന്ന കുടമണി, അരുകുകളിൽ
അലുമിനിയം കസവുപിടിപ്പിച്ച, കയറിട്ടു
കെട്ടിവെച്ച മരത്തിന്റെ പെട്ടി, ആ
പെട്ടിക്കുള്ളിൽ തെർമോക്കോളിന്റെ ആഡംബര ശീതീകരണമുറിയിൽ വിലക്ക്
വാങ്ങുന്നവന്റെ ഊഷ്മള ചുംബനങ്ങൾക്ക് കാത്തിരിക്കുന്ന
തണുത്ത സുന്ദരികൾ - ഐസുമിട്ടായികൾ
എന്നും സാധാരണ ക്കാരന്റെ ആശ്വാസമായിരുന്ന
ഉരുണ്ട; വെള്ള നിറത്തിലുള്ള; ഇക്കോണമി
ഐസ്…
മിഡിൽ ക്ലാസ് കുഞ്ഞുങ്ങളുടെ പൊങ്ങച്ചമായ
ഒരു കുഞ്ഞു മുന്തിരിക്കിരീടം
തലയിൽ ചൂടുന്ന - ഗ്രൈപ്പ്
വർണനൂലുകളുടെ കിന്നരിതൊപ്പി
വച്ച സേമിയ ഐസ്
അപ്പർ ക്ലാസ്സ്കാരന്റെ അഹങ്കാരമായ പാൽ ഐസ്.
പിന്നെ റോസ് മിൽക്കും
ബോയ്സ് സ്കൂൾ എന്ന ശാപം
അക്കാലത്തു പേറുന്നുണ്ടായിരുന്ന പള്ളൂർ
സ്കൂളിലെ ആദ്യകാലത്ത്
ഈ സൗഭാഗ്യം എനിക്ക്
നിഷിദ്ദമായിരുന്നു. ജോണ്സണ്സിന്റെ
( ടോന്സില്ലിടിസ്...!
പറയാൻ എളുപ്പം മറ്റവനാ.. ) തകരാറുണ്ടായിരുനത് കൊണ്ട്
“തൊണ്ടവേദനവരും, തണുത്തതൊന്നും കഴിക്കരുത്”
എന്നുള്ളതായിരുന്നു
വീടിലെ സ്ഥിരം പല്ലവി
അത് കൊണ്ട് തന്നെ "മൂത്രമൊഴിക്കാനുള്ള
ബെല്ലടിക്കുമ്പോൾ" എല്ലാ
കുട്ടികളും തങ്ങളെ പ്രതീക്ഷിച്ചു നിക്കുന്ന
ഐസ് മിട്ടായിക്കാരന്റെ അടുത്തേക്ക്
മത്സരിച്ചോടിയെത്തി, പലവർണങ്ങളിലെ
സുന്ദരികളുടെ തണുപ്പ് നുകരുമ്പോൾ അത്
കണ്ടു കൊതിയോടെ നിൽക്കാനേ എനിക്ക്
നിർവാഹമുണ്ടായിരുന്നുള്ളൂ.
ആ ദുഖം തീർക്കാനായി എനിക്ക്;
സീമന്ത രേഖയിൽ ഉപ്പു-മുളകുപൊടി
സിന്ദൂരക്കുറിയുമായി വരുന്ന കുഞ്ഞുനാരങ്ങകളിലോ, ഉപ്പു
വെള്ളത്തിൽ പച്ചമുളകുമായി ചേർന്ന് നീന്തിതുടിക്കുന്ന നെല്ലിക്കകളിലോ
അഭയം പ്രാപിക്കേണ്ടിവന്നിരുന്നു.
പിന്നീട് ഉയർന്ന ക്ലാസ്സിലെത്തിയപ്പോൾ ഗാന്ധിജിയുടെ
നിയമലംഘന പ്രസ്ഥാനത്തിൽ ആകൃഷ്ടനാവുകയും ചില നിയമങ്ങളൊക്കെ
ലംഘിക്കാനുള്ളതാണെന്ന് മനസില്ലാക്കുകയും
ചെയ്തതിന്റെ ഫലമായി ഐസുമുട്ടായി എന്ന
ഫാസ്റ്റ് മൂവിംഗ് സ്കൂൾ ഗുഡ്സിന്റെ
കസ്റ്റമർ ആവാൻ തീരുമാനികുകയും അങ്ങനെ
ആ തണുത്ത സുന്ദരികൾ
എന്റെ കൂടി ചുംബനങ്ങൾ ഏറ്റുവാങ്ങാൻ
തുടങ്ങുകയും ചെയ്തു.
ഒരു തുള്ളി പോലും കളയാതെ
ഐസ് കുടിക്കുന്നത് ഒരു
കലയായിരുന്നു.
ഞങ്ങൾ,
ഐസ് മുഴുവനായും ഉള്ളിലേക്ക് കൊണ്ട്
പോവാൻ കഴിയുന്ന വലിയ വായുള്ള,
ഒരു ക്ലാസ്സിൽ ഒരു തവണ മാത്രം പഠിക്കുവാൻ അനുവദിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട്
എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഒരോ ക്ലാസ്സിലും രണ്ടോ മൂന്നോ വർഷം സേവനം അനുഷ്ടിച്ചിരുന്ന
സീനിയർ
കുട്ടികൾ,
ഒരു മൂലയ്ക്ക് നിന്ന് വലിച്ചു
കുടിക്കാൻ മാത്രം കഴിയുന്ന കുഞ്ഞുണ്ണി
വായുള്ള, ഏതു ക്ലസ്സിലായാലും മുൻബെഞ്ചിലിരിക്കാൻ
വിധിക്കപ്പെട്ടിരിക്കുന്നത് വഴി ക്ലാസ് ടൈമിൽ എക്സ്ട്രാ കറിക്കുലർ ആക്റ്റിവിറ്റീസ്
ഒന്നും ചെയ്യാൻ പറ്റാതിരുന്ന ജൂനിയർ പിള്ളേർ...!
നക്കി തലോടി മാത്രം ഐസ്
തീർക്കാൻ കഴിഞ്ഞിരുന്ന നുണുങ്ങു സബ് ജൂനിയർ കുഞ്ഞുങ്ങൾ...!
എല്ലാവരും;
ജൂണ് -ജൂലൈ മാസങ്ങളിൽ ഇന്റെർവൽ അടിക്കുമ്പോൾ അലാറംവച്ച് തെറ്റാതെ പെയ്തിരുന്ന മഴയെ കുടചൂടി തോൽപ്പിച്ച്,
"ഞാനുള്ളപ്പോൾ വേറൊരു കുളിരെന്തിന്" എന്ന്,
മടിയോടെ പുതപ്പുവലിച്ചുമാറ്റി,
പരിഭവം പറയുന്ന ഡിസംബറിലെ
കുളിരിനെ ചിരിച്ചുമയക്കി, മീനച്ചൂടിൽ ഉരുക്കി കൊല്ലാൻ വൃഥാശ്രമിക്കുന്ന സൂര്യനെ നോക്കി കണ്ണിറുക്കി, ആ സുന്ദരികളുടെ തണുപ്പ് ആവോളം
നുകർന്നിരുന്നു....!
കണ്ടുപിടിക്കാൻ
ശ്രമിക്കുമ്പോൾ കൊഞ്ഞനം കാണിച്ചു കൊണ്ട്
ഓടിപ്പോയിരുന്ന ഉസാഘയുടെയും ലസാഗുവിന്റെയും;
എന്തിനോ വേണ്ടി കണ്ടുപിടിച്ച
ചുറ്റളവിന്റെയും വിസ്തീർണത്തിന്റെയും ;
"പോളിയോ"യെക്കാൾ മാരകങ്ങളായിരുന്ന പൊളിനൊമിയലിന്റെയും
പണ്ടെങ്ങോ
കവി എന്തോ ഉദ്ദേശിച്ചതിന്
( -അതിനു പാവം പിള്ലെരെന്തു പിഴച്ചു..?
) സാരാംശം കണ്ടു പിടിക്കാൻ വിധിക്കപ്പെടുന്നതിന്റെയും
മലയാളത്തിൽ
രണ്ടുവരി എഴുതുമ്പോൾ നെഞ്ചു വേദന
ഉണ്ടാവുന്നവരെ കൊണ്ട് "വണ്സ്
അപ്പോണെ ടൈം" കഥ എഴുതിക്കുന്നതിന്റെയും
വട്ടം ചുറ്റിച്ചിരുന്ന വൃത്തത്തിന്റെയും അലങ്കാരതിന്റെയും,
ഭംഗിയുള്ള
ഭാഗങ്ങൾ പലതും ഉണ്ടായിട്ടും ( അക്കാര്യത്തിൽ
സ്പെഷലൈസ് ചെയ്തവർ ബെഞ്ചായിരുന്നു ക്യാൻവാസ്
ആക്കിയിരുന്നത്....! ) അതൊന്നും
വരപ്പിക്കാതെ ചെവിയും
കണ്ണും മാത്രം വരപ്പിക്കുന്നതിന്റെയും
ഒരിക്കലും
വീശാതിരുന്ന കിഴക്ക്-പടിഞ്ഞാറൻ ചക്രവാതങ്ങളുടെയും
ഒരിക്കലും
സമാധാനം തരാതിരുന്ന പാനിപ്പട്ട്- കുളച്ചൽ
-ലോക മഹായുദ്ദങ്ങളുടെ കാരണങ്ങളുടെയും
ഫലങ്ങളുടെയും ( വല്ലവനും
പെണ്ണിനും പിടക്കോഴിക്കും വേണ്ടി നടത്തിയ ഈ
മാരണത്തിന്റെ പേരിൽ പരൂഷകൾക്ക് യുദ്ദം
ചെയ്യേണ്ടിവന്നതുകൊണ്ടാണ് മറ്റു പലരേയും പോലെ
ഞാനും സമാധാനപ്രേമിയായത്. )
ഒക്കെ ചൂടിൽ
ഈ സ്വർഗകുമാരികൾ ഒരു
ആശ്വാസം തന്നെയായിരുന്നു
--ഒരു തണുത്ത ആശ്വാസം
പൈസ ഉണ്ടായിരുന്നിട്ടും; തിക്കിത്തിരക്കി, തീരുന്നതിനു മുമ്പേ വങ്ങാൻ പറ്റാത്തത്
കാരണം --യോഗ്യത ഉണ്ടായിട്ടും ലഭിക്കാതെ
പോവുന്ന ജോലിയെപ്പോലെ--കിട്ടാതെ പോയിരുന്ന - ഐസ്
മിട്ടായികൾ
അങ്ങനെ കിട്ടാതെ പോയെ ഐസിനെ
കുറിച്ചോർത്തു തിരിഞ്ഞു നടക്കുമ്പോൾ, സൗഹൃദം
എന്നാൽ പങ്കുവെക്കലാണെന്നു പഠിപ്പിച്ചു കൊണ്ട് കൂട്ടുകാരാരെങ്കിലും
പൊട്ടിച്ചെടുത്ത് തരുന്ന ഐസ് മിട്ടായികൾ
കുഞ്ഞു വഴക്കുകളിലെ വിദ്ദ്വേഷ പ്രകടനത്തിന്റെ അവസാന
കയ്യായി തട്ടിത്തെറിപ്പിക്കപ്പെടുന്ന ഐസ് മിട്ടായികൾ
ചുണ്ടിനും
കപ്പിനും ഇടയിൽ നഷ്ടപ്പെട്ടുപോകുന്ന പ്രണയങ്ങളെ
പ്പോലെ നുകരുംമുമ്പേ കമ്പിൽ നിന്നടർന്നു, മണ്ണിൽ
വീണു ചിതറി കണ്ണുനീരായി
പടർന്നു മാഞ്ഞുപോയ ഐസ്
മിട്ടായികൾ.
ശിലയിൽ കാൽവച്ച് ,ബോയ്സ്
സ്കൂളിനൊരു, ശാപമോക്ഷം തരാനൊരു ശ്രീരാമാനുണ്ടായിരുനെങ്കിൽ കുഞ്ഞു പ്രണയസമ്മാനങ്ങളാവുമായിരുന്ന ഐസ്
മിട്ടായികൾ.
ഇതിനൊക്കെയോ
വേണ്ടിയുള്ള ഓട്ടപാച്ചിലുകളുടെ ഇടയിൽ നഷ്ട പെടുതിക്കളഞ്ഞ
സൌഭാഗ്യങ്ങളെപ്പോലെ,, ബെല്ലടിക്കുമ്പോൾ കടിച്ചു
പോട്ടിച്ചിട്ടും തീരാത്തത് കാരണം മനസില്ലാമനസോടെ
ഉപേക്ഷിച്ചു കളഞ്ഞ ഐസ് മിട്ടായികൾ
ഒരിക്കൽ രജീഷ്
എന്ന, തന്റെ വെളുത്ത നിറം
പോലെ ക്ലാസ്സിൽ നല്ല
പേരുണ്ടായിരുന്ന, കൂട്ടുകാരൻ , മങ്ങിതുടങ്ങിയതെങ്കിലും 'ചൂടുള്ള' ഒരു ചിത്രം,
എന്നെ
കാണിക്കുന്നത് ഒളിഞ്ഞുനിന്നു കണ്ട കൂട്ടുകാരുടെ " ഞങ്ങളിത്
മാഷോട് പറയും" എന്ന ഭീഷണിക്ക് മുമ്പിൽ
കൈക്കൂലിയായി മാറിയ ഐസ് മിട്ടായികൾ
കുടഞ്ഞു മാറ്റാൻ ശ്രമിക്കുമ്പോൾ വിട്ടുപോകാതെ
പിന്നെയും ചേർന്ന് തന്നെയിരിക്കുന്ന ഓർമകളെപ്പൊലെ,
കൈതണ്ടയിലൂടെ ഒലിച്ചിറങ്ങി, ഒന്ന് നിന്ന്, ഒരു
നെടുവീപ്പിട്ടു ഗ്രൌണ്ടിന്റെ മണ്ണിലേക്ക് ഉതിർന്നു വീണ ഐസ് മിട്ടായിയുടെ
കണ്ണുനീർ തുള്ളികൾ...
ഈ സുന്ദരികൾ ഇല്ലായിരുന്നെങ്കിൽ എത്ര
ശൂന്യമാവുമായിരുന്നു ഓരോ സ്കൂളും
ഇന്റർവെല്ലും …!
കാലങ്ങൾക്കിപ്പുറം,
ഒരുത്സവ പറമ്പിൽവച്ച് ദൂരെയുള്ള ഐസ് മിട്ടായിക്കാരനെ
ചൂണ്ടി, ചുണ്ടുകളിൽ
കൊതിയും കണ്ണുകളിൽ പ്രതീക്ഷയുമായി എന്റെ
മകൾ കിങ്ങിണി " ഐക്രി" എന്ന് കൊഞ്ചിയപ്പോൾ; പിതൃസ്വത്തായി ജൊണ്സണ്സ്
അവൾക്കും കിട്ടിയത് കൊണ്ട്; "അത് ചീത്തയാണ്
മോളേ, തൊണ്ടവേദന വരും മോൾക്ക്
വേറെ നല്ലത് വാങ്ങിച്ചു
തരാം ( അമ്മയുടെ അതേ വാക്കുകൾ...
! അച്ഛനും അമ്മയും
പറഞ്ഞത് പലതിന്റെയും
അർഥം മനസ്സിലാവുന്നത് ഇപ്പോഴാണ്
…) എന്ന് പറഞ്ഞ് ശ്രദ്ദതിരിക്കാൻ
ശ്രമിക്കുന്നതിന്റെ ഇടയിൽ തന്നോട് വാത്സല്ല്യം
കാണിക്കാൻ വന്ന പരിചയക്കാരി ചേച്ചിയെ
ചിരിച്ചുമയക്കി കയ്യിലൊരു ഐസ് ക്രീമുമായി
വിജയശ്രീലാളിതയായി അവൾ എന്റെമുന്നിലെത്തിയപ്പോൾ
ഒരു സംശയമായിരുന്നു മനസ്സിൽ……
--ഈ രണ്ടര വയസ്സിൽ നിയമ
ലഘന പ്രസ്ഥാനത്തെപറ്റി അവളെങ്ങനെ
അറിഞ്ഞു ..?
……കൊടുത്താൽ
കൊല്ലത്ത് മാത്രമല്ല, അമ്പലപ്പറമ്പിലും കിട്ടും..!
---------------------------------------------------------------------------------------------------------------------------------
ഇത്തിരി സൂപ്പർവൈറ്റ്
( അങ്ങനെ ഒരു സാധനമുണ്ടായിരുന്നു പണ്ട്, ഉജാലാവതാരത്തിന് മുമ്പ്...! ) ചേർത്ത കഞ്ഞിപ്പശയിൽ
മുക്കി വടിവൊപ്പിച്ചു ഇസ്തിരിയിട്ട
യൂണിഫോം കുപ്പായക്കീശയിൽ ഇനിയും ക്ലാവുപിടിച്ചിട്ടില്ലാത്ത ഒരു നാണയത്തുട്ടുമായി
ഞാൻ കാത്തിരിക്കുന്നു... ആ
കുളിരിന്റെ സുഖം ഒന്നുകൂടി നുകരാൻ……
ഇനി എപ്പോഴാണാവോ
ബെല്ലടിക്കുക...?

ഐസ് ഉണ്ടാവുമ്പോൾ പൈസ ഉണ്ടാവൂല; പൈസ ഉണ്ടാവുമ്പോൾ ഐസ് ഉണ്ടാവൂല; ഐസും പൈസയും ഉണ്ടാവുമ്പോൾ സ്കൂൾ ഉണ്ടാവൂല "
മറുപടിഇല്ലാതാക്കൂഎപ്പോഴും അതങ്ങനെ ആണല്ലോ
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂ