ടിവി പുരാണം- രണ്ടാം ഭാഗം- രാമായണ കാണ്ഡം
അങ്ങനെ
TV ഞങ്ങളുടെ
വീട്ടിലൊരു അംഗമായി…
TV പ്രവർത്തിപ്പിക്കാനുള്ള അധികാരം അച്ഛന് മാത്രമായിരുന്നു. അതൊരു പിന്തിരിപ്പൻ സ്വെച്ചാധിപത്യ നടപടിയായിരുന്നെങ്കിലും " ഇരുമ്പ് പിടിക്കുന്ന"
കയ്യുടെ കരുത്തു (അച്ഛൻ ഫിറ്റർ ആണ്) മുമ്പ് പലതവണ അറിഞ്ഞിട്ടുള്ളതുകൊണ്ടും ചോദ്യം ചെയ്യാനുള്ള ധൈര്യമില്ലാതതിനാൽ, വഴങ്ങുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂ. പിന്നീട് പവർ സ്വിച്ച് ഒണാക്കാനും ഓഫാക്കാനുമുള്ള അധികാരം, ഒരു പ്രത്യേക ഭരണഘടനാ ഭേദഗതിയിലൂടെ അമ്മയ്ക്ക്
അച്ഛൻ പതിച്ചു നൽകി. അത് പിന്നീടു ഞങ്ങൾ ഒളിഞ്ഞും തെളിഞ്ഞുഉപയോഗിക്കുകയും അമ്മ (എല്ലാ അമ്മമാരെയും പോലെ) കണ്ടില്ലെന്നു നടിക്കുകയും ചെയ്തു.
അവൻ ഒറ്റയ്ക്ക് ഞങ്ങളെ രസിപ്പിക്കുന്നതിലുള്ള വൈഷമ്മ്യം കണ്ടു മനസ്സലിഞ്ഞാവണം അവനൊരു കൂട്ടുകാരെനെ അച്ഛൻ കൊണ്ട് കൊടുത്തു.
ഒറ്റ കണ്ണുള്ള ഒരു കരുമാടികുട്ടൻ..!
സ്റ്റെപ് അപ് എന്നാണത്രേ അവന്റെ പേര്. പുതിയ കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിലാവണം വോൾടേജു കുറവുള്ള സമയത്തും (സന്ധ്യ കഴിഞ്ഞാൽ അതൊരു നിത്യ സംഭവമായിരുന്നു) അവൻ പൂർവാധികം ഭംഗിയോടെ പെർഫോമനസ് കാഴ്ച വച്ചു.
പക്ഷെ പിന്നീട് എപ്പോഴോ നമ്മുടെ കരുമാടിക്കുട്ടനെക്കാൾ സുന്ദരനും രണ്ടു കണ്ണുള്ളവനുമായ “സ്റ്റബിലൈസർ” TV ക്ക് കൂട്ടുകാരനായി വരികയും തല്ഫലമായി സ്റ്റെപ് അപ്പ് കട്ടിലിനടിയിലെ "ഓൾഡ് എജു ഹോമിലേക്ക്" മാറ്റപ്പെടുകയും തന്റെ ദുര്യോഗത്തിൽ മനം നൊന്തു അധികം വൈകാതെ ആത്മഹത്യ ചെയ്യുകയും ചെയ്തു..
അവനു വരുന്ന ചെറിയ ‘ജലദോഷവും
പനിയും’ പോലും അച്ഛനെ വല്ലാതെ
വേവലാതി പെടുത്തിയിരുന്നു. ഇടക്കെങ്ങാനും അവനു വയ്യാതയാൽ; അത്
അച്ഛനെ കൊപകുലനാക്കും എന്നറിയാവുന്നതു കൊണ്ട്; അച്ഛനെ അക്കാര്യം
അറിയിക്കാൻ അമ്മ വളരെയേറെ ബുദ്ദിമുട്ടുകയും
ചെയ്യുമായിരുന്നു. പലപ്പോഴും തൊട്ടും തലോടിയും
അവനെ ശരിയാകാൻ അച്ഛൻ
വൃഥാ ശ്രമിക്കുകയും ചെയ്യുമായിരുന്നു.
(ഞങ്ങൾ മക്കളെപ്പോലും അച്ഛൻ ഇത്ര കാര്യമായി
നോക്കിയിരുന്നില്ലാത്തത് കൊണ്ട് കുറവല്ലാത്ത അസൂയ
ഞങ്ങൾക്ക് അവനോടു ഉണ്ടായിരുന്നു).
പക്ഷെ ഒരിക്കൽ പോലും TV "നന്നാക്കുന്നിടത്തേക്ക്"
( repairing center എന്ന പേര് അക്കാലത്ത് ആരുടേയും
വായിൽ കൊള്ളുമായിരുന്നില്ല ) അവനെ അച്ഛൻ കൊണ്ട് പോയിട്ടില്ല.
അവന്റെ കിഡ്നിയോ, ലിവറോ ഹൃദയം
തന്നെയോ അടിച്ചു മാറ്റുകയോ മാറ്റി
വെക്കപ്പെടുകയോ ചെയ്യുമെന്നുള്ള ഭയമായിരുന്നു അതിനു കാരണം. അത്
കൊണ്ട് തന്നെ "നന്നാക്കുന്നയാളെ" "വന്നു നോക്കുന്നതിനുള്ള" അധികം
ചാർജ് ആയ 100 രൂപകൊടുത്തു ( ഞങ്ങളുടെ
നാട്ടിലെ ഇപ്പോഴും ഫേമസ് ആയ
പദ്മാക്ഷൻ ഡോക്ടറുടെ അന്നത്തെ consulting ഫീസ്
20 രൂപ ആണെന്നോർക്കണം...!) വീട്ടിൽവരുത്തുകയായിരുന്നു
പതിവ്.
കണ്ണാടി പോലെ തിളങ്ങുന്ന ഷൂസു അഴിച്ചു വെക്കാതെ ( അവന്റെ ഒരു അഹങ്കാരം ..!) അകത്തേക്ക് കയറി വരാറുണ്ടായിരുന്ന; മുഖത്ത് ആവശ്യത്തിലേറെ ഗൌരവം കൊണ്ട് നടന്നിരുന്ന
"TV നന്നാക്കുന്നയാൾ " ഞങ്ങളുടെ
TV യുടെ പപ്പും പൂടെയും കുടലും പണ്ടവും വലിച്ചു പറിക്കുമ്പോൾ "വാർത്ത വായിക്കുന്നയാൾ പോയിക്കാണുമോ" എന്ന എന്റെ അനിയന്റെ (ഉണ്ണി alias സുമേഷ് കൃഷ്ണ) വിവരെക്കെടിനെ കളിയാക്കുംബോഴും "ഇനിയെങ്ങാനും അയ്യാൾ TV ക്കകത്ത് ഉണ്ടെങ്കിലോ” എന്ന സലിം കുമാർ സംശയം എന്റെ മനസിലും ഉദിക്കുമായിരുന്നു
ഞങ്ങൾ പാവം ദൂരദർശൻ പ്രേഷകരുടെ ഏറ്റവും വലിയ ശത്രു മഴക്കാലമായിരുന്നു.
കാറ്റത്ത് തിരിഞ്ഞു പോവുകയും ഒടിഞ്ഞു
പോവുകയും ചെയ്യുമായിരുന്ന ആന്റിന അടുത്ത് വരുന്ന
ഞായറാഴ്ചവരേയ്ക്കും ഞങ്ങളുടെ TV മോഹങ്ങളുടെ മേലെ കരിനീഴൽ
വീഴ്ത്തിയിരുന്നു. കാരണം തിരിഞ്ഞു പോയ
ആന്റിന നേരെയാക്കുക എന്നത് അയല്വക്കത്തുകാരുടെ കൂടി
സഹായം വേണ്ടിവരുന്ന ഒരു ഭഗീരഥ
പ്രയത്നം തന്നെയായിരുന്നു. അത് ഞാറാഴ്ച
മാത്രം സാധിക്കുന്ന ഒന്നായിരുന്നു. അത് കൊണ്ടുതന്നെ
ഞങ്ങൾ കുട്ടികളുടെ മഴക്കാല പ്രാർത്ഥനയിൽ "വെള്ളം കയറി സ്കൂൾ ഇല്ലാതാവണേ"
എന്നത് കൂടാതെ "കാറ്റടിച്ചു ആന്റിന തിരിയരുതേ" എന്ന്
കൂടി ഉണ്ടായിരുന്നു . പക്ഷെ
ദക്ഷിണ കാര്യമായി കിട്ടില്ല എന്നറിയാവുന്നതു
കൊണ്ടും അടിയന്തിരമായി തീർക്കാൻ വേറെ ജോലികൾ
ഉള്ളത് കൊണ്ടും ആയിരിക്കണം ദൈവം
ഒരിക്കലും ഞങ്ങളുടെ പ്രാർത്ഥന ചെവികൊണ്ടിരുന്നില്ല. കുട്ടികളുടെ പ്രാർത്ഥന ദൈവം വേഗം
കേൾക്കും എന്ന് പറഞ്ഞവനെ ഓടിച്ചിട്ട്
തല്ലണം . അല്ല പിന്നെ..!
അവരുടെ കാരുണ്യം വഴിഞ്ഞൊഴുകുമ്പോൾ
മാത്രം കിട്ടുമായിരുന്ന മലയാളം പാതിരാപടങ്ങൾ (തെറ്റിദ്ദരിക്കേണ്ട- സംപ്രേഷണ സമയം പാതിരാ
എന്നെ ഉള്ളു; അഭിനേതാക്കൾക്ക് ആവശ്യത്തിലധികം വസ്ത്രമുണ്ടായിരുന്നു. ..! അയ്യോ, ചമ്മിപ്പോയേ...
!) ഞങ്ങൾ വേഴാമ്പലുകളെപ്പോലെ കണ്ട ഒന്നായിരുന്നു. കഥാപാത്രങ്ങൾ മിക്കപ്പോഴും തിരിച്ചറിയൽ
കാർഡിലെ ഫോട്ടോ പോലെ ആയിരുന്നെങ്കിലും അവർ മലയാളം സംസാരിക്കുന്നു എന്നതായിരുന്നു പാതിരവരെ
ഉണർന്നിരിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചിരുന്ന ഒരെഒരു ഘടകം...!
പിറ്റേ ദിവസത്തെ "അലക്കു കല്ല്" സംസാരത്തിൽ കണ്ട സിനിമയുടെ കഥ വിവരിക്കുക എന്നത് എന്റെ അമ്മയും മൂത്തമ്മയും ചെയ്തു പോന്നിരുന്ന "സാമൂഹ്യ സേവനങ്ങളിലെ" ഏറ്റവും മഹത്തായ ഒന്നായിരുന്നു. ( വസ്ത്രങ്ങൾ അലക്കുമ്പോളായിരുന്നു ആ നാട്ടിലെ സ്ത്രീരത്നങ്ങൾ ഏറെയും സംവദിച്ചിരുന്നത്. ആഗോള പ്രശ്നമായ കറിവെക്കാനുള്ള മീനിന്റെ ലഭ്യത, സുശക്തമായ സാമൂഹ്യ വ്യവസ്ഥിതിയുടെ നേരെ ചോദ്യ ചിഹ്നങ്ങളായി ഉയർന്നിരുന്ന അപൂർവങ്ങളിൽ അപൂർവങ്ങളായ ചില ഒളിച്ചോട്ടങ്ങൾ, മാനവ രാശി മുന്നോട്ടു പ്രയാണത്തിലെ നാഴിക കല്ലുകളായി മാറിയേക്കാവുന്ന ഗർഭധാരണങ്ങൾ, അന്താരാഷ്ട്ര ഉപഭോക്തൃ പ്രശ്നങ്ങളായ സാരി/പച്ചക്കറി വില, വിനോദോപാധികളിൽ മുഖ്യസ്ഥാനം വഹിച്ചിരുന്ന മനോരമ- മംഗളം ഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളുടെ ഭാവി എന്നിവയായിരുന്നു അവരുടെ ചർച്ചകളിലെ മുഖ്യവിഷയങ്ങൾ. )
പിറ്റേ ദിവസത്തെ "അലക്കു കല്ല്" സംസാരത്തിൽ കണ്ട സിനിമയുടെ കഥ വിവരിക്കുക എന്നത് എന്റെ അമ്മയും മൂത്തമ്മയും ചെയ്തു പോന്നിരുന്ന "സാമൂഹ്യ സേവനങ്ങളിലെ" ഏറ്റവും മഹത്തായ ഒന്നായിരുന്നു. ( വസ്ത്രങ്ങൾ അലക്കുമ്പോളായിരുന്നു ആ നാട്ടിലെ സ്ത്രീരത്നങ്ങൾ ഏറെയും സംവദിച്ചിരുന്നത്. ആഗോള പ്രശ്നമായ കറിവെക്കാനുള്ള മീനിന്റെ ലഭ്യത, സുശക്തമായ സാമൂഹ്യ വ്യവസ്ഥിതിയുടെ നേരെ ചോദ്യ ചിഹ്നങ്ങളായി ഉയർന്നിരുന്ന അപൂർവങ്ങളിൽ അപൂർവങ്ങളായ ചില ഒളിച്ചോട്ടങ്ങൾ, മാനവ രാശി മുന്നോട്ടു പ്രയാണത്തിലെ നാഴിക കല്ലുകളായി മാറിയേക്കാവുന്ന ഗർഭധാരണങ്ങൾ, അന്താരാഷ്ട്ര ഉപഭോക്തൃ പ്രശ്നങ്ങളായ സാരി/പച്ചക്കറി വില, വിനോദോപാധികളിൽ മുഖ്യസ്ഥാനം വഹിച്ചിരുന്ന മനോരമ- മംഗളം ഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളുടെ ഭാവി എന്നിവയായിരുന്നു അവരുടെ ചർച്ചകളിലെ മുഖ്യവിഷയങ്ങൾ. )
ഞായറാഴ്ച വൈകുന്നേരങ്ങളിലെ
ഹിന്ദി സിനിമകൾ ആയിരുന്നു ഏറ്റവും
വലിയ ആകർഷണം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ.
രാജേഷ് ഖന്നയുടെ നഷ്ട പ്രണയങ്ങളും
തീവ്രവേദനയും, അമരീഷ് പുരിയുടെയും പ്രാണിന്റെയും
ക്രൂരതകളും, ഹേമമാലിനിയുടെ നൃത്തവും, ധർമേന്ദ്രയുടെ ഉശിരനിടിയും,
അമിതാഭു ബച്ചന്റെ ദേഷ്യവും സ്മിതപാട്ടീലിന്റെ
കണ്ണീരും കാണാൻ അയൽവക്കത്തെ മഹിള രത്നങ്ങളും പുരുഷ
കേസരികളും കുഞ്ഞു കുട്ടി പരാധീനങ്ങളുമായി
സമയത്തിന് തന്നെ ഹാജർ വച്ചിരുന്നു. വീട്ടിൽ
ബ്ലാക്ക് & വൈറ്റ് TV ഉണ്ടായിരുന്നിട്ടുകൂടി
സഹദേവേട്ടൻ പലപ്പോഴും ഞങ്ങളുടെ കളറിന്റെ
പ്രേഷകനായിരുന്നു...! സ്വയം പ്രഖ്യാപിത ഹിന്ദി
വിദ്വാന്മാരയവർ കഥ മനസിലാക്കാൻ
ഞങ്ങളെ സഹായിക്കുമായിരുന്നു. പക്ഷെ പലപ്പോഴും "അത്
കുട്ടികൾക്ക് മനസിലാവില്ല" എന്ന ഉത്തരത്തിൽ ഞങ്ങളുടെ
ആകാംഷയെ അവർ
നിഷ്കരുണം ചവിട്ടിമെതിച്ചിരുന്നു. (പിന്നീട് ഹൈ സ്കൂളിൽ
ഹിന്ദിയിൽ നല്ല മാർക്ക് വാങ്ങിക്കാൻ
ഈ ക്രൂരമായ നടപടി
ഒരു പ്രചോദനമായിട്ടുണ്ടാവണം...!)
ക്രിക്കറ്റ്
ഒരു വികാരമായി വളരുന്ന
കാലമായിരുന്നു അത്. TV ഉണ്ടാവുക
എന്ന ബഹുമതിയിൽ ഒന്നും
രണ്ടും സ്ഥാനം അലങ്കരിച്ചിരുന്ന വീടുകൾ
വലുതായതിനാലും TV വച്ചിരിക്കുന്ന
മുറിയിൽ കേറിപറ്റുക താരതമ്മ്യേന ബുദിമുട്ടായതിനാലും
ഞങ്ങളുടെ ചെറിയ വീട്ടിലെ കുഞ്ഞു
സ്വീകരണ മുറിയായിരുന്നു അന്നാട്ടിലെ ക്രികറ്റ് പ്രേമികൾക്ക് പഥ്യം.
ലോക്കൽ കമ്മിറ്റി സഖാക്കളായ മോഹനേട്ടനും
പ്രേമേട്ടനും ഇപ്പോൾ നാട്ടിലെ സഹകരണ
ബാങ്ക് മാനേജർ ആയ സന്തോഷേട്ടനും അദ്ദേഹത്തിന്റെ
സഹോദരൻ വിനോദേട്ടനും മാഷുടെ മോനായ ഷാജി
ഏട്ടനും വലിച്ചു തീർത്തിരുന്ന ബീഡി പോലെ
മെലിഞ്ഞ ഭരതേട്ടനും മുനീറും
നൗഫലും പാർട്ടി ജാഥകൾക്കു ഉശിരൻ
മുദ്രാവാക്യങ്ങൾ വിളിച്ചു കൊടുക്കുമായിരുന്ന- ഇപ്പോൾ
കണ്ടക്ടർ ആയ - രാകേഷും തമാശകൾ പറഞ്ഞു എല്ലാവരെയും രസിപ്പിച്ചിരുന്ന
ഷംസുവും പ്രഖ്യാപിത കോണ്ഗ്രസ്കാരനായ
അർഷാദും പിന്നെ പേരറിയാത്ത സ്ഥലത്തെ ഒട്ടേറെ പ്രധാന
പയ്യൻസും "ബേബിയേച്ചീ (എന്റെ അമ്മ- ബേബി
ലളിത ) ഒന്ന് TV വച്ചുതരുമോ"
എന്ന് ചോദിച്ചു ഞങ്ങളുടെ
വീട്ടിലെത്തിയിരുന്നു. അങ്ങനെ മാർക്സിസ്റ്റുകാരും
കൊണ്ഗ്രെസ്സുകാരും യാതൊരു പ്രത്യയശാസ്ത്ര വിലക്കുകളുമില്ലാതെ
ഒരേ ഒരു ഭൌതിക
വികാരത്തിൽ ഊന്നി; ഞങ്ങളുടെ കൊച്ചു
സ്വീകരണമുറിയിലെ
അസൌകര്യത്തിലിരുന്നു കംഗാരുക്കൾക്കും
കിവികൾക്കും പിന്നെ നമ്മുടെ സ്വന്തം
കപിലിനും ഗവാസ്ക്കർക്കും അകമഴിഞ്ഞ പ്രോത്സാഹനം നൽകിയിരുന്നു…!
അങ്ങനെയിരിക്കുമ്പോഴാണ്
മെഗാ സീരിയലുകളുടെ തലതൊട്ടപ്പനായ
രാമായണത്തിന്റെ വരവ്..!
ഒരു ചെറിയ ചാറ്റൽ മഴയിൽ
നിന്ന് തുടങ്ങി ഒരു മഹാ
പ്രളയമായി വളരെ വേഗം രാമായണം
ജനഹൃദയങ്ങളെ കീഴടക്കി. ഞായറാഴ്കളിലെ 9 മണിക്ക്
(അതോ 9:30 തിനൊ?) പുരുഷാരത്തെ മുഴുവൻ
ജാതി മത ഭേദമന്ന്യേ
TV യുടെ
മുന്നിലെത്തിക്കാൻ രാമായണത്തിന് കഴിഞ്ഞു.
കാച്ചി തുണിയുടെയും പൊന്നിൻ കസവുള്ള "നെയ്യി
പൊരിച്ച" കുപ്പായതിന്റെയും പ്രൗഡിയിൽ; മേക്കാതിലകളും
ആലുക്കത്തുകളും എണ്ണിയാലൊടുങ്ങാത്ത സ്വർണവളകളും അണിഞ്ഞു വന്നിരുന്ന കാച്ചുവും
(അവരുടെ ദേഹകാന്തിയോടു മത്സരിച്ചുതോറ്റതിന്റെ അസൂയയിൽ വളകളും ആഭരണങ്ങളും
"കുശു കുശുക്കുന്നത്" അവർ നടന്നു
വരുമ്പോൾ എല്ലാവർക്കും കേൾക്കാമായിരുന്നു..! ) അവരുടെ
മകൾ സുബൈദയും; തന്റെ
വിധി വൈപരീത്യം കൊണ്ട്
അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾക്കു നാടുകാരെ
മൊത്തം ചീത്ത -പലപ്പോഴും മനുഷ്യ
ശരീരത്തിലെ പ്രധാന അവയവങ്ങളുടെ നിഘണ്ടുവിലില്ലാത്ത
പേര് ചേർത്ത്- വിളിച്ചിരുന്ന
ജാനു
ഏടത്തിയും അവരുടെ മകൾ വത്സലേചിയും
ഒറ്റ മോളെ നല്ലനിലയിലെത്തിക്കാൻ
ചെയ്തിരുന്ന കഠിനധ്വാനങ്ങൾ കാരിരുമ്പിന്റെ
കരുത്ത് നല്കിയ എല്ലിച്ച ശരീരമുണ്ടായിരുന്ന ഭാർഗ്ഗവി ഏടത്തിയും അവരുടെ മകൾ പ്രമീലേച്ചിയുമായിരുന്നു
സ്ത്രീപ്രേഷകരിൽ പ്രമുഖർ..
നേരെത്തെ പറഞ്ഞ സുബൈദയുടെ
മക്കൾ ഷാജിയും സജീദും ( രണ്ടു പേരും ഇപ്പോൾ ഗൾഫിൽ) ചെറിയ ആണ്കുട്ടികളെക്കാൾ കരുത്തും
ഒച്ചയും ഉണ്ടായിരുന്ന സബീറയും (ഇപ്പോൾ രണ്ടു കുട്ടികളുടെ ഉമ്മ ) വലിയ ശരീരവും അതിനെക്കാൾ
വലിയ വയറും ഉണ്ടായിരുന്നതിനാൽ ഗംഭീര പരിവേഷമുണ്ടായിരുന്ന, എന്നാൽ കുഞ്ഞുങ്ങളെപ്പോലെ
നിഷ്കളങ്കമായി വലിയവായിൽ ചിരിക്കുമായിരുന്ന അഹമ്മദിക്കയുടെ മക്കളായ സിദ്ദീക്കും സബീരും
- രണ്ടു പേരും ഇപ്പോൾ മൈസൂരിലെ
ബിസിനസ്കാർ -അവരുടെ പെങ്ങൾ റായിനെയും; നിയന്ത്രണമില്ലാത്ത മദ്യപാനം മരണത്തിലേക്ക്
കഴിഞ്ഞവർഷം കൈപിടിച്ച് കൊണ്ട് പോയ പ്രവീണും, അവന്റെ കസിൻസ് ആയ ജിതുവും ഷൈജുവും (ഇപ്പോഴൊരു
അനാദി കച്ചവടക്കാരൻ) മത്തായി എന്ന വിളിപ്പെരുണ്ടായിരുന്ന
മനോജും പ്രമോദും ഇപ്പോൾ ഖത്തറിലുള്ള രജീശേട്ടനും അയൽക്കാരൻ ഷാജിയും എന്നും സ്കൂളിലേക്ക്
പോവാനും വരാനും കൂടെക്കളിക്കാനും കൂട്ടുണ്ടായിരുന്ന; ഏറ്റവും അടുത്ത സുഹൃത്തായ 'അമ്പലത്തിൽ' റിയാസും അവന്റെ അനിയൻ അന്ന് കൊലുന്നനെയും ഇന്ന്
ജ്യെഷ്ടനെപ്പോലെ ജിമ്മനുമായ റമീസും ഇപ്പോൾ നാട്ടിലെ മികച്ച ടാക്സി ഓപ്പറേറ്റർമാരായ
അഖിലേഷും ബിജുവും പിന്നെ ഷർട്ടൊരു അനാവശ്യ വസ്തുവാണെന്നു കരുതിയിരുന്ന ചില ഗാന്ധിയെൻ
'കടുക്കാച്ചി' കുട്ടികളും ഒറ്റ പെറ്റികോട്ടിന്റെ
ലളിത സുഭഗ സൌന്ദര്യത്തിൽ പരിലസിച്ചിരുന്ന വിളക്ക്തിരി പോലുള്ള കുഞ്ഞു പെണ്തരികളും
( പീഡനം ഒരു ദേശീയ വിനോദമായി വികാസം പ്രാപിചിരുന്നില്ലാത്തതിനാൽ ഒരു പെറ്റികൊട്ട് മാത്രമണിഞ്ഞു
-സാധനങ്ങൾ വാങ്ങിക്കാൻ പറഞ്ഞയക്കുമ്പോൾ സ്വയം ഈടാക്കുന്ന സേവനനികുതിയായ "ബാക്കി
പൈസക്കുള്ള മുട്ടായിയും" നുണഞ്ഞു- ഇടവഴികളിലൂടെ നടക്കാൻ അക്കാലത്തെ പെണ്കിടാങ്ങൾക്ക്
ഒരു ഭയവും ഉണ്ടായിരുന്നില്ല...!) അടങ്ങുന്നതായിരുന്നു
മഹാഭൂരിപക്ഷം വന്നിരുന്ന കുഞ്ഞു പ്രേഷകർ.
സീരിയൽ തുടങ്ങുന്നതിനു മുമ്പ് തന്നെ ഇവരെല്ലാവരും
വീട്ടിലെത്തുകയും മുറ്റത്തെ കോണിലുള്ള രാജമല്ലി
മരത്തിന്റെ കീഴിലിരുന്നു രാവണന്റെ ഭാവിയെപറ്റിയും രാമന്റെ
യുദ്ദസന്നാഹങ്ങളെ പറ്റിയും ഹനുമാന്റെ വീരക്രിത്യങ്ങളെ
പറ്റിയും കൂല്ങ്കഷങ്ങളായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
സീതയെ തിരികെ നൽകി, രാവണൻ
ഒരു 'കൊമ്പ്രോമൈസിനു' ശ്രമിക്കണമെന്ന്
വാദിച്ചിരുന്ന സമാധാനപ്രേമികളും അതല്ല, രാവണനെയും കുംബകർണനെയും
വാനരസേനക്ക് ക്വോട്ടെഷൻ കൊടുത്തെങ്കിലും കൊല്ലണമെന്ന്
വാദിച്ചിരുന്ന തീവ്രവാദികളും ഞങ്ങളുടെ
കൂട്ടത്തിലുണ്ടായിരുന്നു.
രാമായണത്തിന്റെ
സമയത്ത് ഏതെങ്കിലും കാരണവശാൽ കരണ്ട്
പോയാൽ ഇലക്ട്രിസിറ്റി ഓഫീസിനു നേരെ ഗൊറില്ല ആക്രമണമായ
'കല്ലെടുത്തെറിയൽ' നടത്താൻ നമ്മുടെ നാടിന്റെ
ധീര യുവത്വം സാദാ
സന്നദ്ദമായിരുന്നു എന്നും ഇത്തരുണത്തിൽ ഓർക്കാതെ
വയ്യ ..!
മുതിർന്നവർക്ക്
കസേരയും പിള്ളേർക്ക് -ഇരിക്കുമ്പോൾ ട്രൌസറിന്റെ ഓട്ടയിലൂടെ കുളിരുള്ള മുത്തം
നൽകിയിരുന്ന- റെഡ്
ഓക്സൈട് സിമെന്റു തറയും ആയിരുന്നു
ഇരിപ്പിടമായി ക്രമീകരിചിരുന്നത്. ജന ബാഹുല്യം
കാരണം പലപ്പോഴും തറടിക്കെറ്റുകാരുടെ ഇടയിൽ
ഉന്തും തള്ളും ഉണ്ടാവുമായിരുന്നെങ്കിലും; അമേരിക്ക, റഷ്യ,
ഫ്രാൻസ് ( യഥാക്രമം
അച്ഛൻ,
അമ്മ, മൂത്തമ്മ ) തുടങ്ങിയ ബാഹ്യ
ശക്തികളുടെ ഇടപെടൽ ഉണ്ടാവുന്നതിനു മുമ്പേ
നയതന്ത്രപരമായ ചില 'നീക്കുപോക്കു' കളിലൂടെ
അവർ തന്നെ അത്
രമ്മ്യമായി പരിഹരിച്ചുമിരുന്നു.
ഒരു കാര്യം പരാമർശിക്കാൻ വിട്ടു
പോയി:
രാമായണം കാണാൻ വന്നിരുന്ന ഭൂരിപക്ഷം
കുട്ടികളും അവരുടെ സ്വന്തം വാഹനങ്ങൾ
ഓടിച്ചായിരുന്നു വന്നത്...! തദ്ദേശിയമായി
വികസിപ്പിച്ചെടുത്ത എഞ്ചിനീയറിംഗ് വൈദഗ്ദ്ദ്യത്തിൽ പിറന്ന ഇരുചക്ര വാഹനമായ
- ഹവായി ചെരുപ്പ് വട്ടത്തിൽ മുറിച്ചെടുത്തു
കമ്പികൊണ്ട് യോജിപ്പിച്ച വാഹനവും, കമ്പ്ലീറ്റ്
ഇക്കോ ഫ്രണ്ട് ലി വാഹനമായ
രണ്ടു വെളിച്ചിൽ (മച്ചിങ്ങ) ഈർക്കിൽ
കൊണ്ട് യോജിപ്പിച്ച് അതിൽ പ്ലാവില മടക്കികെട്ടിയതും,
ചുരുക്കം
ചില അപ്പർ ക്ലാസുകാർക്കു
മാത്രമുണ്ടായിരുന്ന ഒറ്റ ചക്ര വാഹനങ്ങളായ
പഞ്ചറായ ഓട്ടോ/സൈക്കിൾ ടയറുകളും
ഒരു
ഉച്ചനീചത്വങ്ങളും ഇല്ലാതെ മുറ്റത്തിന്റെ ഓരത്ത്
പാർക്ക് ചെയ്തിരുന്നു...!
“കിടുങ്ങാമണിയെ”
കാറ്റും വെളിച്ചവും കൊള്ളിക്കാത്തതിനാൽ പ്രതിഷേധിച്ചു
സ്വയം പൊട്ടിത്തെറിച്ച ബട്ടന്സുള്ള, എപ്പോൾ വേണമെങ്കിലും താഴേക്ക്പോയി ഭൂമിദേവിയെ തൊട്ടു
പ്രണമിക്കാൻ സാധ്യതയുള്ള, ട്രൌസർ ഒരു
കൈകൊണ്ടു പിടിച്ചു, മറു
കൈകൊണ്ടു ഇത്തരം വണ്ടികളെ നിയന്ത്രിച്ചു
കൊണ്ട്പോകുക
എന്നുള്ളത്, ഇന്ന്
ദുബൈയിലെ ഷെയ്ഖ് സയിദു റോഡിലും
എമിറേറ്റ്സു റോഡിലും പറപറക്കുന്ന കൊടികെട്ടിയ
ഡ്രൈവർമാർക്കും പറ്റാത്ത കാര്യമാണെന്ന് ഈ
ഉള്ളവൻ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ
വണ്ടി ഓടിക്കുന്നതിൽ മാത്രം ശ്രദ്ദകേന്ദ്രീകരിക്കുന്നതിനാൽ ട്രൌസർ പലപ്പോഴും പിടിവിട്ടു
പോവുകയും "ചിലസത്യങ്ങൾ" വെളിച്ചം കാണുകയും പതിവായിരുന്നു. ഞങ്ങൾ
തലശ്ശേരിക്കാർ, എല്ലാ സത്യങ്ങളും എന്നെങ്കിലും
വെളിച്ചം കാണുമെന്നു ദൃഡമായി വിശ്വസിക്കുകയും
ആഗ്രഹിക്കുകയും ചെയ്യുന്നവരായതുകൊണ്ട് അത് കാര്യമായി
എടുത്തിരുന്നുമില്ല.

ടി.വി.പുരാണ ചരിത്രം മുഴുവൻ ഉണ്ടല്ലോ ന്റെ ഭായ്
മറുപടിഇല്ലാതാക്കൂനന്ദി ... ഈ വഴി വന്നതിന്
മറുപടിഇല്ലാതാക്കൂ