Dream ...! Becoz those don't have dreams don't have much...!


2013 നവംബർ 27, ബുധനാഴ്‌ച

ടിവി പുരാണം- ഒന്നാം ഭാഗം-ആന്റിനാ കാണ്ഡം



ടിവി പുരാണം- ഒന്നാം ഭാഗം-ആന്റിനാ കാണ്ഡം





1982 ആണെന്നാണ് ഓർമ; അവൻ ആദ്യമായി  വീട്ടിൽ വന്ന വർഷം. അവനെ കണ്ടെത്തിയത് അച്ഛൻ പറഞ്ഞതിങ്ങനെ-

ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ കെൽട്രോണ്ഷോപ്പിന്റെ മുന്നിൽ ഒരാൾക്കൂട്ടം. ഒരു പെട്ടിയിൽ എന്തോ മിന്നിക്കളിക്കുന്നത് കാണാനാണ് ആൾക്കാർ കൂടിയിരിക്കുന്നത്…!

വണ്ടി നിർത്തി അച്ഛനും കൂടി ആൾകൂട്ടത്തിൽ.  ഒരു പെട്ടിക്കകത്തിരുന്നു ഒരാൾ എന്തോ പറയുന്നു.  ഭാഷ മനസിലാവുന്നില്ല...!  
അച്ഛൻ പിറ്റേ ദിവസം കടയിൽ ചെന്ന് ഇന്നലെ കണ്ട "അദ്ഭുത" തെപറ്റി അന്വേഷിച്ചപ്പോഴാണ് കാര്യം മനസിലായത് -- പെട്ടി വെറും പെട്ടിയല്ല -അതൊരു TV ആണ്- പുരപ്പുറത്തോരു കൊടിമരവും വച്ച് അതിനുമുകളിലൊരു അലുമിനിയം ഏണിയും വച്ച് കെട്ടിയാൽ TV പെട്ടിയിൽ ആൾക്കാരെ കാണാമത്രെ ....!

മാത്രമല്ല ഡൽഹിയിൽ നിന്നുള്ള പാട്ടും സിനിമയും വരെ കാണാം….!

അന്നേ ഒരു techno  savvy ആയിരുന്ന അച്ഛൻ അത് വീടിലെത്തിക്കുന്നതുവരെ ഉറങ്ങിയിട്ടുണ്ടാവില്ല. അതു തീർച്ച…!

 രാജകീയമായിരുന്നു അവന്റെ വീട്ടിലേക്കുളള എഴുന്നള്ളത്തു.  ഒരു ശനിയാഴ്ച വയ്കുന്നേരം ഓട്ടോറിക്ഷയുടെ പിൻ സീറ്റിൽ ഒരാളുടെ അകമ്പടിയോടെ ഒരു കാർഡ് ബോർഡ് പെട്ടിയിൽ ഞെളിഞ്ഞിരുന്ന് അവൻ ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് വീട്ടിലെത്തി.  ( അമ്മയ്ക്ക് പോലും അച്ഛൻ ഇവന്റെ വരവിനെ പറ്റി സൂചന കൊടുത്തിരുന്നില്ലത്രെ; അറിഞ്ഞാൽ ഇടങ്കോലിടും. അത് തന്നെ കാര്യം...! ചോറും കറിയും വയ്ക്കാൻ മാത്രമറിയുന്ന  അമ്മക്ക് അറിയുമോ TV  എന്താണെന്ന്...?) ..ഒരിത്തിരി പോലും അവനെ ബുദ്ധിമുട്ടിക്കാതെ നോവിക്കാതെ പെട്ടിയിൽനിന്നും പുറത്തെടുത്തു അച്ഛനും കൂടെ വന്ന ആളും അവനെ “മേശപ്പുറം സിംഹാസനത്തിൽ”  ആസനസ്തനാക്കി.

 മരത്തിന്റെ പടച്ചട്ടയിൽ വയറും തള്ളിച്ചുള്ള ഇരിപ്പിന്റെ ഗമ ഒന്ന് കാണേണ്ടതായിരുന്നു...! എവിടെയും തൊട്ടവനെ നോവിക്കരുതെന്നായിരുന്നു ഞങ്ങൾക്കു കിട്ടിയ അച്ഛന്റെ ഉഗ്ര ശാസനം..

 ഇവനെന്താ മിണ്ടാത്തതെന്ന ഞങ്ങളുടെ ന്യായമായ ചോദ്യത്തിന് അതൊക്കെ നാളെ എന്നായിരുന്നു അച്ഛന്റെ മറുപടി...

--നാളെയാവാൻ  ഇനിയുമേത്രനേരം കാത്തിരിക്കണം...?അതായിരുന്നിരിക്കണം അക്കാലത്തെ ഏറ്റവും നീളംകൂടിയ  രാത്രി...!


പിറ്റേ ദിവസം:

സംഭവ ബഹുലമായിരുന്നു ദിവസം. കുറച്ചു പേര് രാവിലെതന്നെ ഞങ്ങളുടെ വീടിലെത്തി കുറെ കിടിപിടികളുമായി. പിന്നെ ഒരു ബഹളമായിരുന്നു. ചിലർ അവർ കൊണ്ട് വന്ന വലിയ പൈപ്പ് മുറിക്കുന്നു , തുളയ്ക്കുന്നു.  മറ്റു ചിലർ ടെറസിൽ കയറി ആണി അടിക്കുന്നു. കൂട്ടത്തിൽ നേതാവെന്നു തോന്നിച്ച ഗൌരവക്കാരന്റെ നിർദേശങ്ങൾ വിനീതനായി അച്ഛൻ അനുസരിക്കുന്നു. എല്ലാം കേട്ടും കണ്ടും കൊണ്ട് വായും പൊളിച്ചു ഞങ്ങളുടെ റ്റ്രൗസർ പട്ടാളവും.. (ട്രൌസർ ആയിരുന്നു അക്കാലത്തെ കുട്ടികളുടെ ഔദ്യോഗിക വേഷം...!).കുട്ടികളായിപ്പോയതിൽ ഏറ്റവും ദുഖിച്ചതു അന്നായിരിക്കണം. ആരും ഞങ്ങളെക്കൊണ്ട് ഒന്നും തൊടീചില്ലെന്നു മാത്രമല്ല അടുത്ത് നിക്കാൻ പോലും സമ്മതിച്ചില്ല..... ദുഷ്ടന്മാർ ..!

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ പോയി അയൽവക്കത്തുള്ള കുറച്ചു  പേരെ വിളിച്ചോണ്ട് വന്നു. ആരെയും ഇപ്പോഴും സഹായിക്കാൻ തയ്യാറുള്ള സുരേഷേട്ടനും,  സഹദെവേട്ടനും,  ഞങ്ങളെ ഒച്ചയെടുത്തു പേടിപ്പികുന്നത് ഒരു വിനോദമാക്കിയിരുന്ന അബ്ദുവും ;  അടുത്തുള്ള തോട്ടിലെ മീൻ പിടിക്കാൻ ഞങ്ങളെ സഹായിച്ചിരുന്ന സന്തോഷേട്ടനും, മുത്തുവേട്ടനും ഒക്കെയായിരുന്നു പ്രധാനികൾ.  എല്ലാവരും ചേർന്ന് പതിയെ പതിയെ നീണ്ട ഇരുമ്പ് പൈപ്പ് ടെറസ്സിൽ ഉയർത്തിവച്ചു.   അതിനു മേലെ ഏണി പോലെ എന്തോ ഒന്ന് കേട്ടിവചിട്ടുണ്ടായിരുന്നു (ആന്റിന എന്നാണ് അതിന്റെ പേരെന്ന് പിറ്റേന്ന് സുധ ടീച്ചർ ആണ് പറഞ്ഞു തന്നത്).  വീണു പോവാതിരിക്കാൻ നാലുപേര് നാലുചുറ്റും നിന്ന് കമ്പി കെട്ടി വലിച്ചു പിടിച്ചിട്ടുണ്ടായിരുന്നു.  നമ്മുടെ ഗൌരവക്കാരൻ നേതാവ് എല്ലാവരുടെയും ആകാംക്ഷക്ക് അവസാനമിട്ടു TV ഓണാക്കി ....! കടുക് വറക്കുന്നത് പോലെയുള്ള ശബ്ദവും കൊക്ക പുഴുവിനെ പോലെ എന്തോ കുറെ പിടക്കുന്നതും കണ്ടു ഞങ്ങൾ മിഴിച്ചിരുന്നു…..

ഈ കൊക്ക പുഴുവിന്റെ കൂടണോ ഈ TV..? ആരോടെ ചോദിയ്ക്കാൻ ...? ആരും ഞങ്ങളെ ഗൌനിക്കുന്നതുപോലും ഇല്ല...!

 നേതാവ് വീട്ടിനു പുറത്തേക്കിറങ്ങി ടെറസ്സിൽ നിന്നവരോട് കൊടിമരം  തിരിക്കാൻ പറഞ്ഞു. പിന്നെ അകത്തേക്ക് കയറിപ്പോയി.  ഒരു ഫലവുമില്ല. കൊക്കപ്പുഴുവും കടുകുവറയും തന്നെ..!  പിന്നെയും അയ്യാൾ കൊടിമരം അങ്ങോട്ടും ഇങ്ങോട്ടും തിരിപ്പിച്ചു.   അവസാനം ദൂരദർശൻ ഭഗവതിയുടെ അനുഗ്രഹത്താൽ ഞങ്ങളുടെ കാത്തിരിപ്പിന് അറുതി വരുത്തി കൊണ്ട്  TV യിൽ ചിത്രം തെളിഞ്ഞു. ...! അടുക്കളയിൽ നിന്ന് അമ്മയും അച്ഛമ്മയും വല്യമ്മയും പിന്നെ ഞങ്ങളും അകത്തു കൂടി നിന്നവരുടെ ഇടയിൽ കൂടി കാഴ്ച കണ്കുളിർക്കെ കണ്ടു...! അന്നാട്ടിലെ മൂന്നാമത്തെയും കളറിൽ രണ്ടാമത്തെയും ആയ  TV  യിലെ ആദ്യത്തെ ഷോ...!  

അവന്റെ പട്ടഭിഷേകത്തിൽ കയ്മെയ്മറന്നു സഹായിച്ച എല്ലാവർക്കും അമ്മ ചായയും പലഹാരവും നല്കി സന്തോഷിപ്പിച്ചു. പിന്നെയും വന്നു കുറെപ്പേര് TV  കാണാൻ. ഓരോരുത്തരും അവരുടെ വിജ്ഞാനം അനുസരിച്ച് അച്ഛനെ ഉപദേശിച്ചു.-- TV  ക്ക് ഫാനിട്ടു കൊടുക്കണം, പോടിയേൽക്കാതിരിക്കാൻ   പുതപ്പിച്ചും കൊടുക്കണം.--- തന്റെ ചുറ്റും അത്തറിന്റെ പരിമളം കൊണ്ട് നടന്നിരുന്ന അയല്വക്കത്തെ ഗൾഫ്  റിട്ടേണ്‍ ‍  പുയ്യാപ്ല മൊഴിഞ്ഞത് ഇങ്ങനെ - " ഇത് ചെർതു- കാണുനെങ്കിൽ ഗൾഫിന്റെ TV  കാണണം" .--

 
അങ്ങനെ പ്രായം  തികഞ്ഞ  മുസ്ലിം പെണ് കുട്ടിയെ പ്പോലെ തട്ടം കൊണ്ട് മുഖം മറച്ചു ഫാനിന്റെ കാറ്റേറ്റു അവൻ ഞങ്ങളുടെ വീടിലെ ഒരു അംഗമായി. അതായിരുന്നു തുടക്കം;  നീണ്ട 22 ലേറെ വർഷത്തെ അവന്റെ രാജകീയ വാഴ്ചയുടെ
... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ