Dream ...! Becoz those don't have dreams don't have much...!


2013 നവംബർ 27, ബുധനാഴ്‌ച

ടിവി പുരാണം - അവസാന ഭാഗം





ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടത് കൊണ്ടോ എന്തോ അധികം വൈകാതെ അങ്ങനെ ഒരു ദിവസം വന്നണഞ്ഞു. കൊളശ്ശേരിയിലെ പപ്പൻ മൂത്തഛന്റെ മോളുടെ കല്യാണം. മൂത്തഛനെയും മോളെയും കൊണ്ട് ഇങ്ങനെയും ഒരു ഉപകാരം ഉണ്ടാവുമെന്ന് നേരത്തെ  അറിയാമായിരുന്നുവെങ്കിൽ അവരുടെ പേർക്ക് കാടാമ്പുഴയിൽ ഒരു തേങ്ങ അടിച്ചിട്ടുണ്ടാവുമായിരുന്നു.

 കല്യാണത്തിന്  തലേദിവസം രാവിലതന്നെ പോവാൻ എല്ലാവരും തീരുമാനിച്ചു. ക്രിക്കറ്റ് മാച്ചുണ്ടെന്നും വൈകുന്നേരമേ വരാനാവൂ എന്നായി ഞങ്ങൾ. (-- അക്കാലത്തു പ്രൊജക്റ്റ്വർക്ക്, സ്പെഷ്യൽ ക്ലാസ്സ്‌, കമ്പയിൻ സ്റ്റഡി തുടങ്ങിയ ഷോട്ട്കട്ട്  ടൂൾസ് ഒന്നും വികാസം പ്രാപിച്ചിട്ടുണ്ടായിരുന്നില്ല--) ഉച്ചക്ക് ഞങ്ങൾക്കു കഴിക്കാനായി പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കി വെക്കേണ്ട എന്നൊരു ഓഫർകൂടി വച്ചപ്പോൾ അമ്മയും അച്ഛനും മൂത്തമ്മയും അച്ഛമ്മയും ' ഇത്രയും നല്ല പിള്ളേർ ഞങ്ങളുടേത് തന്നെയോ ' " എന്ന് വർണ്യത്തിലാശങ്ക പൂണ്ട്"   ഒരു ഉൽപ്രേക്ഷയും കൂടാതെ കൊളശ്ശേരിക്ക് വച്ച്പിടിച്ചു.  

കറുത്തട്രൌസറിന്റെ മേലെയിട്ട മഞ്ഞബെൽറ്റിന്റെ പുറത്ത് "ജിതേഷ്" എന്ന് പെരെഴുതിയിട്ടുള്ള അച്ഛന്റെ KLN 9562 ഓട്ടോറിക്ഷ ' സംഗതി എനിക്കറിയാം' എന്ന മട്ടിൽ സിഗ്നൽ ലൈറ്റ് കണ്ണ്ഇറുക്കി ഗേറ്റ് കടന്നു പോയ ഉടനെ ഞങ്ങൾ നേരെ കാസെറ്റ് കടയിലേക്കും ഓടി. ഞങ്ങളുടെ  പരിഭ്രമം കണ്ടാവണം "തുടക്കക്കാരണല്ലേ, അതിനു പറ്റിയതുണ്ട്" എന്ന് പറഞ്ഞു തന്ന കസെറ്റ്, വിറയ്ക്കുന്ന കൈകളാൽ, പ്രസാദം വാങ്ങുന്നതുപോലെ  ഏറ്റുവാങ്ങി തിരിച്ചോടി വീടിലെത്തി അത് VCp യുടെ വായിലേക്ക് തള്ളികൊടുത്ത് അതുവരെ പിടിച്ചു വച്ചിട്ടുള്ള ശ്വാസം വിട്ടു. VCP     അത്,  ഗ്രഹണി പിടിച്ച പിള്ളേർ ചക്കകൂട്ടാൻ കഴിക്കണതുപോലെ അപ്പാടെ വിഴുങ്ങുകയും ചെയ്തു--ആവശ്യത്തിനു മസാലയും എരിവും പുളിയും ഉണ്ടെന്നു അവൻ അറിഞ്ഞു കാണണം-

മുപ്പത്തിമുക്കോടിയിൽ ഒരാളൊഴികെ ( പുള്ളി ഒരു ക്രോണിക് ബാച്ചിലർ ആണല്ലോ )  ബാക്കിയെല്ലാവരെയും വിളിച്ചു പണിതരല്ലേ എന്ന് പ്രാർത്ഥിച്ചു, ഇടിക്കുന്ന ഹൃദയവും വിയർക്കുന്ന ശരീരവും അടങ്ങാത്ത വിജ്ഞാനദാഹവുമായി TV  യിലേക്ക് ഇമവെട്ടാതെ നോക്കിയിരുന്ന ഞങ്ങൾ കണ്ടത് തുള്ളികളിക്കുന്ന വരയും കുറിയും മാത്രമാണ്.   അക്ഷമരായി റീവൈന്റ്- പ്ലേ,  പ്ലേ-റീവൈന്റ്, റീവൈന്റ്- പ്ലേ ചെയ്തു നോക്കിയിട്ടും വരയും കുറിയും കൊക്കപ്പുഴുവും സ്ക്രീനിൽ പിന്നെയും പല്ലിളിച്ചുകാട്ടിയപ്പോൾ ഞെട്ടിക്കുന്ന സത്യം ഞങ്ങൾ മനസിലാക്കി- VCP   ഹെഡിൽ ഫംഗസ് കയറിയിരിക്കുന്നു ....!

ആലിൻകായ മൂത്ത് പഴുത്തു നിൽക്കുമ്പോൾ വന്ന ഫംഗസ് വായിൽ പുണ്ണിനെ മാറ്റാതെ ഇനി മുന്നോട്ടു പോകാൻ കഴിയില്ലലോ. VCP ഹെഡ് ക്ലീൻ ചെയ്യണം. അച്ഛൻ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ആവശ്യമാണല്ലോ മനുഷ്യനെ എല്ലാം പഠിപ്പിക്കുന്നത്‌. VCP യുടെ പൊക്കിൾ കൊടിയും വള്ളി ബന്ധങ്ങളും അഴിച്ചെടുത്തു പുറത്തുവച്ച് അവന്റെ തലതുടച്ചു മിനുക്കികൊടുത്തു പൂർവ്വ  സ്ഥിതിയിലാക്കി കസെറ്റ് പ്ലേ ചെയ്ത ഞങ്ങളുടെ മുന്നിൽ പരിപാവനമായ സൃഷ്ടികർമത്തിന്റെ  ക്ലേശങ്ങളും അധ്വാനവും ബുദ്ദിമുട്ടുകളും ഒന്നൊന്നായി അനാവൃതമായി. വിലക്കപ്പെട്ട കനി ആസ്വദിക്കുന്നതിന്റെ ഭാരം, കറങ്ങുന്ന ഫാനിന്റെ കീഴിലും, ഞങ്ങളിൽ വിയർപ്പുകണങ്ങളായി. അറിവിന്റെ പടവുകൾ ഓരോന്നായി കയറി പൂർണരായിക്കൊണ്ടിരിക്കെ കണ്ടകശനി പിന്നെയും അവതരിച്ചു.


പൊടുന്നനെ TV കണ്ണടച്ചു,

VCP അതിന്റെ ചുറ്റുവിളക്കുകളും അണച്ചു.

രക്തത്തിൽ എനിക്ക് പങ്കില്ലെന്നമട്ടിൽ ഫാൻ പതിയെ കറങ്ങിനിന്നു....

കറണ്ട് പോയിരിക്കുന്നു....! 

കൈകാലുകൾക്ക് വന്ന തളർച്ച.. വെറും തോന്നൽ മാത്രമായിരുന്നില്ല  ,

അഞ്ചാം ക്ലാസ്സിൽ പഠിച്ച സൌരയൂഥത്തിന്റെ ഭ്രമണം  ശരിക്കും  ഞങ്ങൾ അറിഞ്ഞു തുടങ്ങി,

കല്യാണത്തിന് പോയവർ വരുന്നതിനു മുമ്പേ കാസെറ്റ് പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ..?   അപമാനം... പീഡനം....ദൈവമേ...

അവസാനം എല്ലാ വിപ്ലകാരികളെയും  പോലെ ഞങ്ങൾ അങ്ങേരുടെ മുന്നിൽ സാഷ്ടാംഗം വീണു.  നേർച്ചപ്പെട്ടിയിൽ  ഇടാൻ പോകുന്ന തുകയുടെ ലേലം വിളി 25 പൈസയിൽ തുടങ്ങിൽ ഒരു രൂപയിൽ എത്തിയപ്പോൾ അങ്ങേരും ഫ്ലാറ്റ്..!   ഇനിയൊരിക്കലും ഇതാവർത്തിക്കരുതെന്ന ഉഗ്രശാസനയോടെ അങ്ങേർ കരണ്ട് ഭഗവതിയുമായി നേരിട്ടു ചർച്ച നടത്തിയതിന്റെ ഫലമായി  vcp കണ്ണ് തുറന്നയുടനെ അവന്റെ ചെറുകുടലിൽ  നിന്ന് കസെറ്റ് വലിച്ചെടുത്തു പറപറന്നു കടക്കാരന് തിരിച്ചു കൊടുത്തു വീട്ടിലെത്തിയതും അച്ഛന്റെ  ഓട്ടോ ഗേറ്റ് കടന്നു വന്നതും ഒന്നിച്ചായിരുന്നു...

 സംശയങ്ങൾ പിന്നെയും ബാക്കിയുണ്ടായിരുന്നത് കൊണ്ട് ദൈവവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ "കാണുന്നതൊന്നും ആരുടെമേലും പരീക്ഷിക്കില്ല" എന്നുള്ള കർശന വ്യവസ്ഥയിൽ മേൽപറഞ്ഞ ശാസനത്തിൽ ചെറിയ ഇളവു വരുത്താൻ അങ്ങേർ തയ്യാറായത് കൊണ്ട് സൌകര്യങ്ങൾ ഒത്തുവരുമ്പോൾ ഇടയ്ക്കിടെ ഞങ്ങൾ ഉണ്ടായിരുന്ന ചില സംശയങ്ങൾ തീർത്തുകൊണ്ടേയിരുന്നു. സംശയങ്ങൾ ഉണ്ടാവുന്നത് അറിവിന്റെ ലക്ഷണമാണെന്ന് ആറാം ക്ലാസ്സിൽ രാമചന്ദ്രൻമാഷ്‌ പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ വിഷയത്തിലെ സംശയങ്ങൾ മരിച്ചു കുഴിയിലെത്തി ഒരു പതിനഞ്ചു മിനുട്ട് കൂടി കഴിഞ്ഞേമാറുള്ളൂവെന്നു ഞാൻ പ്രത്യേകിച്ച് പറയേണ്ടല്ലോ. ( കാമത്തിപുരയുള്ള ബോംബയിലും GB  റോഡുള്ള ഡൽഹിയിലും കണ്ണ്കൊണ്ട് മാടിവിളിക്കുന്ന സുന്ദരികൾ ഒട്ടേറെയുള്ള നൈഫിലും ഏറെക്കാലം ജീവിചിട്ടുണ്ടെങ്കിലും വ്യവസ്ഥ തെറ്റിച്ചിട്ടില്ല എന്ന്; ആദ്യരാത്രിയിലെ സുന്ദര സുരഭില നിമിഷങ്ങളിൽ "ഞാൻ കളരി പഠിച്ചിട്ടുണ്ട്" എന്ന് എന്റെ കാതിൽ മന്ത്രിച്ച; --ഇത് വായിക്കാനിടയുള്ള-  എന്റെ സഹധർമിണിയുടെ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടെകാരണം,  ഞാൻ കളരി ദൂരെനിന്ന് കണ്ടിട്ട് പോലുമില്ല...!  )

ഒത്തിരി കഷ്ടപാടുകൾ സഹിച്ചു ഞങ്ങൾക്ക് അറിവ് പകർന്നു തരാൻ വേണ്ടി അക്ഷീണം പ്രയത്നിച്ച കാസെറ്റിലെ ആ  മഹിളാമണികൾക്കൊക്കെയും ദൈവം സ്വർഗത്തിൽ ഫസ്റ്റ് ക്ലാസ് AC മുറികൾ തന്നെ അനുവധിച്ചിട്ടുണ്ടാവുമെന്നും അവർ അവരുടെ സേവനങ്ങൾ അവിടെയും തുടരുന്നുണ്ടാവുമെന്നും ഈ ഉള്ളവൻ കരുതുന്നു. സ്വർഗത്തിലെ അപ്സരസ്സുകളും ഹൂറിമാരും അവരല്ലാതെ മറ്റാർ..?

മുണ്ടിന്റെ കോന്തല ഒരുകയ്യിൽ പിടിച്ചു കൊണ്ട് നെഞ്ചു നിറയെ ആവലാതികളുമായി  കാലം അതിന്റെ ഓട്ടം തുടർന്ന് കൊണ്ടേയിരുന്നു. ..

പാതിവഴിയിൽ  അഗ്നി കവർന്ന "ടിപ്പു സുൽത്താന്റെ വാളും"  "ബൈബിളും കഥകളും"  എന്താണ് ആരാണ് എന്ന് കാണികൾക്കോ  അതിന്റെ സംവിധായകനോ ദൈവത്തിനോ പോലും മനസ്സിലാക്കാൻ കഴിയാതിരുന്ന "ചന്ദ്രാകാന്ത"യും  നമ്മുടെ സ്വീകരണമുറികളിൽ വന്നു പോയി. കുടപ്പനക്കുന്നുകാരുടെ സഹായത്തോടെ നമ്മുടെ TVയും മലയാളം സംസാരിക്കാൻ തുടങ്ങി.  വൈകാതെ ചാനെലുകൾ ഓരോന്നായി രംഗതിറങ്ങിയതും ദൂരദർശന്റെ 13 എപ്പിസോട് കണിശതയിൽനിന്ന് മാറി ഒരിക്കലും അവസാനിക്കാത്ത കണ്ണീരിലേക്ക് സീരിയലുകൾ മാറിയതും സമീപകാല ചരിത്രം.

ഒരിക്കലെപ്പോഴോ  ചൊവ്വക്കുള്ള”  ( ദുബായിലെ നോകിയ ചലനസാധ്യ-വാർത്ത വിനിമയോപകരണ മേഖലാ  അറ്റകുറ്റപണി കേന്ദ്രത്തിൽ (Nokia  regional  mobile  phone  repair  factory - എന്റെ ശ്രേഷ്ഠ ഭാഷേ -എന്നെകൊണ്ടിത്രയെ പറ്റുള്ളൂ...) അപ്പോൾ പുതുതായി വന്ന പ്രിയേഷിന്റെ --സ്വന്തം ഭാര്യയുടെ മുന്നിൽ; അതും ഹണിമൂണ്‍ ട്രിപ്പിനീടയിൽ; ബാങ്കോക്ക് സുന്ദരിയുടെ തോളിൽ കയ്യിട്ടു ഫോട്ടോക്ക് പോസ് ചെയ്യുക വഴി ഈ അടുത്തകാലത്ത്‌  പ്രെസിടണ്ടിന്റെ ധീരതക്കുള്ള അവാർഡിന് നോമിനേഷൻ കിട്ടിയ  വ്യക്തിയാണ് ഇദ്ദേഹം- (കണ്ടറിയാത്തവൻ കൊണ്ടറിയട്ടെ..!) --- "നാട്ടിലെവിടെ" എന്ന ചോദ്യത്തിനുത്തരമായി കിട്ടിയ "ചൊവ്വയിൽ" എന്ന മറുപടികേട്ട്, കയ്യിലുള്ള മൊബൈൽ ഫോണ്വർക്ക്സ്റ്റേഷന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു " ദേണ്ടേ, നമ്മുടെ കമ്പനിയിലേക്ക് ഒരു ചൊവ്വാമനുഷ്യൻ വന്നിരിക്കുന്നു" എന്ന് പറഞ്ഞോടിവന്ന തിരുപനന്തപുരത്ത്കാരി അനിത എന്ന ചേച്ചിയുടെ മുഖം ഓർക്കുന്നത്കൊണ്ട് പറയട്ടെ-- ചൊവ്വ ഗ്രഹമല്ല, കണ്ണൂരിനടുത്തുള്ള ഒരു സ്ഥലമാണ്.)  രമേശേട്ടൻ കൂട്ടുകാരെന്റെ ക്യാമറയിൽ; കൂളിംഗ് ഗ്ലാസ്സു വച്ച് ഒരു കൈ ടിവിയുടെ മേലെയും മറുകൈ എളിയിലുംവച്ചെടുത്ത അദ്ദേഹത്തിന്റെ തന്നെ മങ്ങിത്തുടങ്ങിയ ഫോട്ടോ അവരുടെ കല്യാണ ആൽബത്തിന്റെ അവസാന പേജിൽ ഇപ്പോഴും വിരാജിക്കുന്നുണ്ട്.. ടിവിയുമോന്നിച്ചുള്ള ഈ ഫോട്ടോ എടുക്കാനായി മാത്രം ഒരു ദിവസം  രമേശേട്ടൻ വീട്ടിലേക്കു വരികയായിരുന്നു, എന്നറിയുമ്പോൾ ചിരിക്കരുത്.

***           *****       ****         *****            ***** 

അന്നത്തെപോലെ ഇന്നും TV നമ്മുടെ ജീവിതം നിയന്തിക്കുന്നു എന്ന് തെളിയിക്കാൻ ഈ ഉള്ളവനും തൊട്ടടുത്ത വീട്ടിലെ മൂന്നാംക്ലാസ്സു സുന്ദരി അമ്മുവുമായി നടത്തിയ ഒളിക്യാമറ ഇല്ലാത്ത സംഭാഷണത്തിലേക്ക്----


"മോളുടെ റ്റ്യുഷൻ എപ്പോഴാ കഴിയുന്നെ  .?"

"വാൽക്കണ്ണാടി തുടങ്ങുമ്പോഴേക്ക്...!"

"എപ്പോഴാ ഹോം വർക്ക്‌ ചെയ്യാറ്...?"

"വാർത്ത തോടങ്ങുമ്പോ TV ഓഫാക്കിട്ട് ഹോം വർക്ക്‌ ചെയ്യും. പഠിക്കാനുള്ളത് പഠിക്കേം ചെയ്യും ( വാർത്തകൾ ഇല്ലായിരുന്നെങ്കിൽ..?)"

"എപ്പോഴാ വിളക്ക് കത്തിച്ചു വെക്കുന്നേ..?|

"സ്ത്രീധനം തൊടങ്ങുമ്പോളല്ലേ വിളക്ക്കത്തിക്കെണ്ടേ..? ഒന്നും അറിഞ്ഞുകൂടാ ജിതെഷേട്ടന്..!"

"എപ്പോഴാ അച്ഛൻ വരാറ്..?"

"ഐഡിയ സ്റ്റാർ സിംഗർ തുടങ്ങതിനു മുമ്പേ അച്ഛനും മൂത്തച്ചനും വരും..!"

പിന്നെ...?

"അമ്മ' തൊടങ്ങുന്നതിനു മുമ്പേ ചോറ് തിന്നും എന്നിട്ട് 'കുങ്കുമപ്പൂവ്' കഴിഞ്ഞാൽ ഉറങ്ങും...!|

തനിക്കു സംഭവിച്ച ദുര്യോഗത്തിൽ മനംനൊന്ത് അവരുടെ ക്ലോക്ക് ഇപ്പോൾ ചുവരിൽ തൂങ്ങിച്ചത്തു കിടപ്പുണ്ട്...!
 *****                                           *****                                     *****                                        ******


TV പുരാണം ആട്ട കഥ ഇവിടെ അവസാനിക്കുകയാണ്. 

കൊച്ചു ടിവി യിലെ ഡോറ കാണണമെന്നുള്ള  മൂന്നു വയസ്സുകാരി കൊച്ചുമോളുടെ പിടിവാശിക്ക്മുമ്പിൽ മുത്തച്ഛന്റെ (എന്റെ അച്ഛൻ ) 'നിലവിളക്ക്'  കരിന്തിരികത്തി പുകഞ്ഞു പോയത് ഭാര്യ പറഞ്ഞറിഞ്ഞതാണ് ഓർമ്മകൾ പങ്കുവെക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇത് വായിക്കാൻ സമയം കണ്ടെത്തിയ എല്ലാവർക്കും  എന്റെ നന്ദി അറിയിക്കട്ടെ.  നിങ്ങളുടെ ചുണ്ടിന്റെ കോണിലൊരു ചെറിയ ചിരി നിഴലിക്കുകയും ഓർമ്മകൾ അറിയാതെയെങ്കിലും പഴയ കാലത്തേക്ക്‌, ഒരു നിമിഷത്തേക്കെങ്കിലും,  കൈപിടിച്ചുകൊണ്ട്  പോവുകയും  ചെയ്തെങ്കിൽ എന്റെ  ശ്രമം സഫലമായി...!    

പള്ളിക്കൂടോപനിഷത്തിലെ സുപ്രസിദ്ദ ശ്ലോകം കൂടി ഉദ്ദരിച്ച്അവസാനിപ്പിക്കുന്നു---


       “ ശ്ലഥകാകളി വൃത്തത്തിൽ രണ്ടാംപാദത്തിലന്ത്യമായി
                         രണ്ടക്ഷരം കുറച്ചീടിലതു മജ്ഞരിയായിടും ”

-----കലിയുഗത്തിൽ ലോകാവസാനത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് മഞ്ജുവാര്യർ എന്ന നടി അഭിനയം പുന:രാരംഭിക്കും----- എന്നു സാരാംശം

കൂട്ടിയും കുറച്ചും പലതിനെയും മജ്ഞരിയാക്കാൻ ഇനിയും ജന്മം ബാക്കി നല്കിയ സർവ്വേശ്വരന് നന്ദി...

5 അഭിപ്രായങ്ങൾ:

  1. nostalgia എന്നാല്‍ എന്താണ് എന്ന് ഓര്‍മിപ്പിച്ചതിനു ഞാന്‍ ആദ്യം നന്ദി പറയുന്നു...!!!! പിന്നെ നിങ്ങളുടെ ഭാഷ ശുദ്ധി .... മലയാളം ഇത് പോല്ലൊരു മലയാളിക്ക് പറയാന്‍ പറ്റുമോ എന്ന് എനിക്ക് അറിയില്ല ...!!! :P

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രീ, വളരെയധികം നന്ദി. ഞാനിപ്പോൾ ഭൂമിയിൽ നിന്ന് ഒരുമീറ്റെർ എങ്കിലും ഉയരത്തിലാണ്; നിലം തൊടാതെ...! ഉത്തരവാദി നിങ്ങളും....!

      എന്റെ ബ്ലോഗ്‌ സന്ദർശിക്കുന്ന ആദ്യത്തെ ആളെന്ന നിലയിൽ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ താങ്കൾക്ക് പ്രതീക്ഷിക്കാം..!

      സ്വർഗ്ഗീയ ലക്ഷ്മീ...(heavenly sree) നന്ദി ഒരിക്കൽക്കൂടി.....!

      ഇല്ലാതാക്കൂ