ഒരു പെണ്‍കുട്ടി, അപരിചിതനായ ആണ്‍കുട്ടിയെ
നോക്കി ചിരിച്ചാൽ എന്ത് സംഭവിക്കും...?
അന്നിത്തിരി
ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്. സമയത്തിന്
എഴുന്നേറ്റാൽ 7:30 ക്കുള്ള
ബസ്സിനു പോവാം, അതിൽ തിരക്കുണ്ടാവില്ല,
സീറ്റിലിരുന്നു പോവാന്നു മാത്രമല്ല തലശ്ശേരിയിൽ
നിന്ന് കോളെജിലേക്ക് "ദുർഗ" ബസ്സും കിട്ടും.
അതിൽ ആകെ ഉണ്ടാവുന്നത്
തങ്ങളുടെ കടയിലേക്ക് സാധനങ്ങളുമായി പോവുന്ന
ധർമടത്തെ കുഞ്ഞു കച്ചോടക്കാരും അന്നന്നത്തെ
അപ്പത്തിനു വേണ്ടി പോവുന്ന കൂലിപ്പണിക്കാരും
മാത്രം. ഇവരുടെ നാട്ടുവിശേഷങ്ങളും കൊച്ചു
പരദൂഷണങ്ങളും ചില്ലറ രാഷ്ട്രീയങ്ങളും കേട്ട്
മേമ്പോടിക്ക് അറബിക്കടലിന്റെ കാറ്റുമേറ്റ് അങ്ങനെ പോവാം....
ഇച്ചിരി പിന്നിൽ നിർത്തിയ ബസ്സിന്റെ
പുറകിലെ വാതിലിലേക്ക് നടക്കും വഴി, മുൻവശത്തേക്ക്
ഒന്ന് പാളി നോക്കി; മഴവില്ല്
തോൽക്കുന്ന വർണങ്ങളിൽ നിറഞ്ഞു നിൽക്കുന്നു
ഒരുനൂറു നാടൻ സുന്ദരികൾ....!
ഒരു നിമിഷം...ഒരു സംശയം....
അതിൽ ഒരു ജോഡിക്കണ്ണുകൾ
എന്റെ നേരേയാണോ...?
ഒന്നുകൂടെ
തിരിഞ്ഞു നോക്കി...അതെ...അവയെന്നെ
തന്നെ .....ഏയ് ...അങ്ങനെ വരാൻ
വഴിയില്ലല്ലോ....
കോളേജിൽ എത്തിയപ്പോഴും ആ കണ്ണുകൾ
തന്നെയായിരുന്നു മനസ്സിൽ. ഗോവിന്ദൻസാറിന്റെ കാർബണിക
സംയുക്തങ്ങളുടെ ഊരാക്കുടുക്കിലും ബിയ്യാരിസാറിന്റെ "അങ്കഗണിതത്തി"ലും മനസ്
കുടുങ്ങുന്നില്ല...
എന്റെ പുറകിലെ ആരെയെങ്കിലും ആയിരിക്കുമെന്ന്
സമാധാനിക്കുവാനും വയ്യ..
അടുത്ത ദിവസം ഒന്നൂടെ ഒന്ന്
പരീക്ഷിക്കാൻ തീരുമാനിച്ചു. കാര്യത്തിൽ ഒരു
തീരുമാനമാക്കണമല്ലോ....
എല്ലാ ദിവസങ്ങളും 24 മണിക്കൂറാണെന്നു പറയുന്നത് ചുമ്മാതാ. നമുക്കൊരു ആവശ്യം വരുമ്പോൾ
അതങ്ങനെയങ്ങ് നീണ്ടുപോവും.
പിറ്റേന്ന്
മനപ്പൂർവം വൈകിച്ചു ബസ് സ്റൊപ്പിലെത്തി.
എന്റെ നെഞ്ചിടിപ്പ് കൂട്ടികൊണ്ട് അതാവരുന്നു കാരുണ്യ ബസ്...!
ബസ് സ്റൊപ്പിലെത്തി ഒന്ന്
കിതച്ചു നിന്നു.. ഞാൻ പതുക്കെ
മുൻവശത്തേക്ക് പാളിനോക്കി..
അതെ..! ആ കണ്ണുകൾ..!
ഇന്നലെത്തെപ്പോലെ
തന്നെ...! കൂട്ടിനൊരു പുഞ്ചിരിയും..!
എന്റെ പുറകിൽ ആരുമില്ല.....നോക്കുന്നത്
എന്നെ തന്നെ..!
മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ചു
പൊട്ടി....!
ഒന്നുകൂടെ
നോക്കി ഞാൻ….. ഈ മുഖം.........?
ഈ മുഖം…….. ഞാൻ കണ്ടിട്ടുണ്ട്
മുമ്പ്...(നാട്ടിലെ പെണ്‍കുട്ടികളെ
പറ്റി അറിയാത്തവൻ പിന്നെങ്ങനെ കോളേജു
കുമാരനാവും? ) . പക്ഷേ, നേരിട്ടു പരിചയമില്ല.
ഒരു പരിചയവുമില്ലാത്ത എന്നെ നോക്കി ഈ
കുട്ടി ചിരിക്കുന്നതെന്തിനാണ്..?
ദൈവമേ ഇങ്ങനെയങ്ങു അനുഗ്രഹിക്കാൻ മാത്രം ഞാനൊരു
പുണ്യകർമ്മവും ചെയ്തില്ലല്ലോ...
നിദ്രാവിഹീനങ്ങളായ
രാവുകളായിരുന്നു പിന്നീടങ്ങോട്ട്.. ..ദേവിയാണെങ്കിലും നിദ്രയും പെണ്ണല്ലേ, ഒരു
പെണ്ണ് ഉള്ള മുറിയിൽ വേറൊന്നു
വരുന്നെങ്കിൽ അത് അവളുടെ
അമ്മായിഅമ്മ ആവണം....!
അറിയാവുന്ന
സകല പെർമ്മ്യൂട്ടെഷനും കോമ്പിനേഷനും
അപ്ലൈ ചെയ്തു നോക്കിയിട്ടും മനസിലാവാത്തത്,
കാരണം മാത്രമാണ്... എന്തിന് ഈ സുന്ദരി എന്നെ നോക്കി ചിരിക്കുന്നു...???
ഒരു പൂവാഗ്രഹിച്ചപ്പോൾ ഒരു വസന്തം തന്നെ കൈവന്നവനെപ്പോലെയായി ഞാൻ..…സ്വപ്നങ്ങളിൽ ഞാൻ പരീക്കുട്ടിയായി, അവൾ കറുത്തമ്മയും. ഞങ്ങൾ തലശ്ശേരി കടാപ്പുറത്ത് പാടിപ്പാടി നടന്നു.....!
ഒരു പൂവാഗ്രഹിച്ചപ്പോൾ ഒരു വസന്തം തന്നെ കൈവന്നവനെപ്പോലെയായി ഞാൻ..…സ്വപ്നങ്ങളിൽ ഞാൻ പരീക്കുട്ടിയായി, അവൾ കറുത്തമ്മയും. ഞങ്ങൾ തലശ്ശേരി കടാപ്പുറത്ത് പാടിപ്പാടി നടന്നു.....!
ഞാൻ മോഹൻലാലായി അവൾ
ശോഭനയും. ഞങ്ങൾ പാട്ടുസീനിൽ സ്റ്റെപ്പുതെറ്റാതെ ഡാൻസ് ചെയ്തു.....!
ഞാൻ വടക്കൻ വീരഗാഥയിലെ
മമ്മുട്ടിയായി ... അവൾ ഉണ്ണിയാർച്ചയും..
നട്ടപ്പാതിരാക്ക്
കുമരം പുഴ നീന്തി കടന്നു ഞാൻ ഉണ്ണിയാർച്ചയുടെ മുറിയിലെത്തിയപ്പോൾ കുഞ്ഞിരാമൻ അമ്മയായി
വന്നു സ്വപ്നത്തിൽ നിന്ന് വിളിച്ചുണർത്തി....!
ഞാൻ മനസ്സിൽ കാണുന്നത് മാനത്തു
കാണാൻ
കഴിവുള്ള അമ്മയ്ക്ക് സംശയം തോന്നാതിരിക്കാൻ
ഇടയ്ക്കു സമയത്തിനും ഇടയ്ക്കു വൈകിച്ചും
ഞാൻ യാത്ര 'കാരുണ്യ’യിൽ
തന്നെയാക്കി, കുറെ കാര്യങ്ങൾ കണ്ടു
പിടിച്ചു. അവൾ ഇറങ്ങുന്നത്
പുതിയ ബസ് സ്റ്റാന്റിൽ, പഠിക്കുന്നത്
കൂത്ത്പറമ്പ് നിർമലഗിരി കോളേജിൽ
…വരുന്നത് എന്റെ നാട്ടിൽ നിന്നുതന്നെ
…
എനിക്ക് സൗകര്യം പഴയ ബസ്സ്റ്റാന്റ്
ആണെങ്കിലും ഞാനും
പുതിയ ബസ്സ്റ്റാന്റു വരെ പോകാൻ
തുടങ്ങി.. ബസ് ഇറങ്ങിക്കഴിഞ്ഞാൽ
ഒരു ചിരിക്കൈമാറ്റവും
പതിവായി. ഇനി പേരു
ചോദിക്കണം...
"...പേരു
ചോദിച്ചും പുസ്തകം
ചോദിച്ചും പൂവ്
ചോദിച്ചും....." അങ്ങനെയല്ലേ കവിവാക്ക്യം..!
ഞാൻ തീരുമാനിച്ചു. പേരറിഞ്ഞിട്ടെയുള്ളൂ ഇനി ബാക്കികാര്യം...
അക്കാലത്തു പേര് ചോദിക്കുന്നത് സ്ത്രീ
പീഡനത്തിൽ പെടില്ലായിരുന്നല്ലോ
പിറ്റേന്ന്പുതിയ
ബസ് സ്ടാന്റിൽ ഞാൻ ബസ്
ഇറങ്ങി. എനിക്കുള്ള
പുഞ്ചിരിയുമായി മുൻവാതിലൂടെ അവളും.
എല്ലാ കളരി പരമ്പര ദൈവങ്ങളെയും
മനസിൽ ധ്യാനിച്ച്, ഞാൻ
അവളുടെ പുറകെ നടന്നു.
ഡിസംബറിന്റെ കൊതിപ്പിക്കുന്ന തണുപ്പുള്ള ആ പ്രഭാതത്തിലും
നെറ്റിയിൽ വിയർപ്പു പൊടിയാൻ തുടങ്ങി....
നടക്കുമ്പോൾ
കാലിനു തളർച്ച,....... ശരീരത്തിന് ഒരു വിറയൽ
.....
മുഴുവൻ തലശ്ശേരിക്കാരും എന്നെ തന്നെ നോക്കുന്നു....
ഒക്കെ തോന്നലാണോ..?
ഞാൻ പുറകെയുണ്ട് എന്ന് മനസിലായത് കൊണ്ടാവണം
അവൾ തിരിഞ്ഞുനോക്കി...
ഒന്ന് കൂടി പുഞ്ചിരിച്ചു ....മനോഹരമായി........!
എന്റെ സാറേ..... പിന്നൊന്നും ഞമ്മക്ക്
കാണാൻപറ്റാണ്ടായി
....
അവൾ ഒന്ന് വേഗത കുറച്ചു....എനിക്കടുത്തെത്താൻ വേണ്ടിയാവണം..... !
ഞാൻ അവളുടെ അടുത്തെത്തി.....
തൊട്ടു
...തൊട്ടില്ല ......
തൊണ്ട വരളുന്നു.....
രാത്രിയിൽ ബൈ ഹാർട്
പഠിച്ച ചോദ്യങ്ങൾ എവിടെയോ
പോയൊളിച്ചിരിക്കുന്നു...!
………………………………
ഹായ്, ജിതേഷ്...നീയെന്താ പുതിയ
സ്റ്റാന്റിൽ....?
പുതിയ ബസ്സ്റ്റാന്റു
അവന്റെ അച്ഛന് സ്ത്രീധനം കിട്ടിയതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല... പന്നി….! ഗണപതിക്കു വച്ച തേങ്ങ അവന്റെ
നെറുകം തലയിൽ അടിച്ചു ഞാൻ
ഉദ്ദ്യമത്തിൽ നിന്നു പിന്മാറി...
ദിവസങ്ങൾ ഇനിയും ഉണ്ടല്ലോ....
എന്റെ സുന്ദരി....അവൾ കൂത്ത്പറമ്പിലേക്കുള്ള ബസ്സ് കയറി.....
വൈകുന്നേരം....
ഒരു പയ്യിന്റെയും വിശപ്പ് മാറ്റാൻ കഴിയാത്ത
തീറ്റകളായ സൈൻതീറ്റ യോടും ടാൻതീറ്റയോടും
കോസ്തീറ്റയോടും അങ്കം വെട്ടികൊണ്ടിരിക്കെ, ഉമ്മറ
ക്കൊലായിൽ നിന്നു അമ്മയുടെ അനൗൻസുമെന്റ്.
“ ജിതെഷേ,
നിന്നെ കാണാൻ ഒരു കുട്ടി
വന്നിരിക്കുന്നു.... ഒരു
പെണ്‍കുട്ടി....! ”
അവസാനത്തെ
വാക്കിലെ അനിഷ്ടം മനസിലാകാത്തത് പോലെ
ഞാൻ വാതിൽ പടിയിലെത്തി..
ഒന്നേ നോക്കിയുള്ളൂ..
ഒരു വെള്ളിടി.....
ഹൃദയത്തിന്റെ റൈറ്റ് വെന്റ്രികിളിൽ നിന്ന്
ലെഫ്റ്റ് ആറ്റ്രിയം വഴി കടന്നുപോയി…..
ഭൂമിയൊന്നു സ്പീഡിൽ ഭ്രമണിച്ചോ.....
ഉമിനീര് വറ്റിതുടങ്ങിയോ ....
അവൾ....!
എന്നും എനിക്ക് പുഞ്ചിരി സമ്മാനിക്കുന്ന
ആ സുന്ദരി ഇതാ
എന്റെ വീട്ടുമുറ്റത്ത്…!
അതേ ചിരിയുമായി.....!
ദൈവമേ....
ഇവളിതെന്തു ഭാവിച്ചാണ്..?
പെട്ടിയില്ല; കയ്യിൽ
ഒരു കുഞ്ഞു ബാഗ്
മാത്രമേ ഉള്ളൂ. അത്രയും ആശ്വാസം...!
"എന്താ"ന്നു ഞാൻ ചോദിച്ചോ...ശബ്ദം പുറത്തു വരുന്നില്ല.....
" ഫസ്റ്റിയറിന്റെ
മാത് സ് ടെക്സ്റ്റ് ഒന്ന് തര്വോ....?"
അങ്ങനെ തന്നെയാണോ അവൾ ചോദിച്ചത്...?
'ചിൽ ചിൽച്ചിലും.'
....സിമ്പലടിച്ചതല്ല
..... കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ കെട്ടിപൊക്കിയ
എന്റെ ചില്ലുകൊട്ടാരം പൊട്ടി
തകർന്നുവീണു പണ്ടാരമടങ്ങിയതാണ്....
പരീക്കുട്ടി
കടലിന്റെ അഗാധങ്ങളിൽ ശ്വാസം കിട്ടാതെ
പിടഞ്ഞു....
മോഹൻലാലിന്റെ നെഞ്ചത്ത്
കുത്തേറ്റു…...
പിന്നെയും തോൽക്കാൻ ചന്തുവിന്റെ
ജന്മം ബാക്കിയായി .....
……………
എങ്കിലും എന്റെ സുന്ദരീീീ........എന്നോടിത്
വേണമായിരുന്നോ....?.ഒരു പുസ്തകത്തിന്
വേണ്ടിയാണോ നീ ഈ
പുഞ്ചിരിയൊക്കെ എനിക്ക് തന്നത്.....എന്റെ
ഉറക്കം കളഞ്ഞത്....?
പിറ്റേന്ന്
മുതൽ എന്റെ കോളേജുയാത്ര
ഏഴരക്കു തന്നെയായി….
എന്നാലും, ഒരു
പുസ്തകത്തിന് വേണ്ടി മാത്രമായിരുന്നോ അവൾ
ഈ പുഞ്ചിരി മുഴുവൻ
എനിക്ക് സമ്മാനിച്ചത്....?
അതോ.....
ഇനി, ബിരിയാണി ശരിക്കും കൊടുക്കുന്നുണ്ടായിരുന്നോ.....?
അറിഞ്ഞുകൂടാ.....!
അടുത്തവർഷം
അവളാബുക്ക് തിരിച്ചു
തന്നു... എത്ര തവണ മറിച്ചു
നോക്കിയിട്ടും ഒരു കടലാസുകഷണം
പോലും ഞാനതിൽ കണ്ടില്ല...
പക്ഷെ .ഇന്നും ഞാനാബുക്ക് സൂക്ഷിക്കുന്നു....
വെറുതെ.......
ഒരു പുഞ്ചിരിയുടെ
ഓർമയ്ക്ക്.....!

ഒരു പുഞ്ചിരിയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കുന്ന പുസ്തകം..
മറുപടിഇല്ലാതാക്കൂആ ത്രെഡ് കൊള്ളാരുന്നു
ആരും തിരിഞ്ഞു നോക്കനില്ലാരുന്ന എന്റെ ബ്ലോഗ് താങ്കളുടെ പാദ സ്പര്‍ശത്താല്‍ ധന്യമായി .. നന്ദി ഉണ്ട്ട്ടാ :)
ഇല്ലാതാക്കൂഹഹഹ് നന്നായി ചിരിപ്പിച്ചു ..കുറെ കാലത്തിനു ശേഷം ബ്ലോഗില്‍ വായിച്ച ഒരു നല്ല നര്മ്മപോസ്റ്റ്
മറുപടിഇല്ലാതാക്കൂനന്ദി ... ഈ വഴി വന്നതിനു
ഇല്ലാതാക്കൂഅമ്പട പഹയാ , ബിരിയാണിയുണ്ടെന്നു കേട്ടാല്‍ ഉടനെ ചാടി പുറപെട്ടെക്കരുത് , ഫൈയ്ട്രെയ്സ് വിളമ്പാനും ആള് കാണും
മറുപടിഇല്ലാതാക്കൂഓളെ ഞമ്മള് പിന്നേം കണ്ട്ക്ക് ..നാട്ടില്‍ ചെന്നപ്പോ .. ഒരു കുട്ടീനേം ഒക്കത്ത് വച്ച് .. ഉണ്ടായിരുന്നു അപ്പളും ഓള മോഹത്തു ആ ചിരി ...
ഇല്ലാതാക്കൂസംഗതി തകര്‍ത്തു. ഇതുപോലുള്ള മൊതലുകള് ഇനിം പോരട്ടെ..
മറുപടിഇല്ലാതാക്കൂതീര്ച്ചയായും ശ്രമിക്കാം ... നന്ദി വായിക്കാന്‍ സമയം കണ്ടെത്തിയതിനു
ഇല്ലാതാക്കൂചുമ്മാ പുസ്തകത്തിന് വേണ്ടിയൊന്നും ആ പാ൪ട്ടി ചിരിക്കുംന്ന് തോന്നണില്ല. ആ പുസ്തകം ഒന്നു കൂടി നോക്കണേ...
മറുപടിഇല്ലാതാക്കൂഎഴുത്ത് തക൪ത്തു ട്ടോ
കൊറേ തവണ തിരിച്ചും മറിച്ചും നോക്കി .. നോ രക്ഷ ... ഇനി ഒന്നുടെ നോക്കാം
ഇല്ലാതാക്കൂഎന്നാലും അവൾ വല്ലാത്ത കടും കൈയ്യല്ലേ ആ ചെയ്തത്
മറുപടിഇല്ലാതാക്കൂപോസ്റ്റ് ഇഷ്ടപ്പെട്ടു
പിന്നല്ലാതെ ..ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാടുണ്ടോ ???
ഇല്ലാതാക്കൂ.
ഈ വഴി വന്നതിനു നന്ദി :)
ഒരു ചിരി കണ്ടാൽ ലഡ്ഡു കൂട്ടി വക്കുന്നവർക്കു ഒരു പാഠം...
മറുപടിഇല്ലാതാക്കൂമം.. എന്ത് ചെയ്യാം ലഡ്ഡു അങ്ങട് കൂട്ടി വച്ചു പോകുന്നു .. അതൊരു അസുഖമാണോ ഡോക്ടര്‍ ??
ഇല്ലാതാക്കൂതിരിച്ചു കിട്ടിയ പുസ്തകം കളയണ്ട...കൊള്ളാം നല്ല പോസ്റ്റ്.
മറുപടിഇല്ലാതാക്കൂകളഞ്ഞിട്ടില്ല ..ഇപ്പോഴും ഉണ്ട് .. പ്രീ ഡിഗ്രി ഫസ്റ്റ് ഇയര്‍ മാത്സ് ടെക്സ്റ്റ് ബുക്ക് ..
ഇല്ലാതാക്കൂഇഷ്ടം... എഴുത്ത് തുടരുക. ആശംസകള്‍
മറുപടിഇല്ലാതാക്കൂതീര്ച്ചയായും .. നന്ദി
ഇല്ലാതാക്കൂ:) കൊള്ളാല്ലോ
മറുപടിഇല്ലാതാക്കൂനന്ദി .. ഈ വഴി വന്നതിന് :)
ഇല്ലാതാക്കൂഅടുത്തവർഷം അവളാബുക്ക് തിരിച്ചു തന്നു... എത്ര തവണ മറിച്ചു നോക്കിയിട്ടും ഒരു കടലാസുകഷണം പോലും ഞാനതിൽ കണ്ടില്ല... സരസമായി എഴുതി..ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെ പലതിനും ചിരിക്കും.. വീണു പോവരുത് :P
മറുപടിഇല്ലാതാക്കൂന്നാലും ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാടുണ്ടോ ??? ഉള്ളില്‍ സങ്കടം ഉണ്ട്ട്ടോ ...
ഇല്ലാതാക്കൂകൊള്ളാം കേട്ടോ ഭായ്
മറുപടിഇല്ലാതാക്കൂനർമ്മത്തിൽ മർമ്മത്താൽ പൊരിച്ചെടുത്ത ഒരനുഭവം..!
നന്ദി ..വായിക്കാന്‍ സമയം കണ്ടെത്തിയതിന്
ഇല്ലാതാക്കൂനന്ദി ..വായിക്കാന്‍ സമയം കണ്ടെത്തിയതിന്
ഇല്ലാതാക്കൂകഥയൊക്കെ സൂപ്പർ.. പക്ഷെ " ഫസ്റ്റിയറിന്റെ മാത് സ് ടെക്സ്റ്റ് ഒന്ന് തര്വോ....?" എന്ന ചോദ്യത്തിനു ശേഷം , ഒരു പുസ്തകത്തിന് വേണ്ടി മാത്രമായിരുന്നു അവൾ ഈ പുഞ്ചിരി മുഴുവൻ സമ്മാനിച്ചത് എന്ന് വിശ്വസിച്ച് മാഷ് കോളേജുയാത്ര ഏഴരക്കു തന്നെയാക്കി എന്ന് വിശ്വസിക്കാൻ ഒരു മടി..!! ബാക്കി കഥ കൂടി പറ മാഷെ
മറുപടിഇല്ലാതാക്കൂഞാനിങ്ങനെ സുഖായി ജീവിക്കുന്നത് കണ്ടിട്ട് ഇച്ചിരി അസൂയ ഉണ്ടല്ലേ ... ;)
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ