Dream ...! Becoz those don't have dreams don't have much...!


2017 മേയ് 16, ചൊവ്വാഴ്ച

ഒന്ന് പോയി കണ്ടു വരട്ടെ....എല്ലാവരെയും ..!!


എന്നോ മറഞ്ഞു പോയ കുഴമ്പിന്റെയും തൈലത്തിന്റെയും സുഖമെഴും മണമുള്ള ഒരു മുറിയുണ്ട്..
.

കാതോര്‍ത്തിരുന്നാല്‍ “....മോനെ നീ വന്നോ..” എന്നെ നേര്‍ത്ത ചോദ്യവും കേള്‍ക്കാം 
.
വാതില്‍ പാളികളിലൂടെ നോക്കിയാല്‍ അധികം അകലയല്ലാതെ വാഴയില തണലില്‍ അച്ഛമ്മ ഉറങ്ങുന്ന മണ്ണുമുണ്ട്...

.
മുഖത്തെ പൌഡര്‍ തുടച്ചുതന്നും, കയ്യും മുഖവും തുടക്കാന്‍ നീട്ടിത്തന്നും പിന്നെ കണ്ണ് തുടച്ചും, മുഷിഞ്ഞുപോയൊരു സാരിത്തലപ്പുണ്ട്...

.
എത്ര ജോലിത്തിരക്കുണ്ടായാലും മകന് വായിക്കാന്‍ വേണ്ടി ബാലരമയും പൂമ്പാറ്റയും പിന്നെ ഒരു പലഹാരപ്പൊതിയും മറക്കാതെ കൊണ്ട് വന്നിരുന്ന കരുത്തുള്ള കൈകളുമുണ്ട്...
.

മാഹഭാരതവും രാമായണവും കണ്ട ആവേശത്തില്‍ അര്‍ജ്ജുനനും രാമനുമായപ്പോള്‍ ബ്രഹ്മാസ്ത്രവും വരുണാസ്ത്രവും പാശുപതവും നെഞ്ചിലേക്ക് ഏറ്റുവാങ്ങിയ വാഴക്കൂട്ടത്തിന്റെ പിന്മുറക്കാരുമുണ്ട്...

.
പ്രായമേറെയായെങ്കിലും കാലത്തിനു കീഴടങ്ങാത്ത കരുത്തുമായി ഒരുപാടു ദൂരം കൊണ്ട് നടന്നിരുന്ന ഒരു മൂന്ന് ചക്രവുമുണ്ട്

.
കളിക്കിടയില്‍ ചോര പോടിയുമ്പോ അമ്മ കാണാതെ തലയാട്ടി വിളിച്ചിരുന്ന കമ്യൂണിസ്സ്റ്റ് പച്ചകളും,
സ്കൂള്‍ വിടുമ്പോള്‍ മാത്രമുണര്‍ന്നിരുന്ന മടിച്ചി നാലുമണിപ്പൂക്കളുമുണ്ട്,

.
എറിഞ്ഞു വീഴിക്കാന്‍ മാത്രമായി മാമ്പഴങ്ങളെ പെറ്റ് കൂട്ടിയിരുന്ന മാവും
ഈര്‍ക്കില്‍ കുത്തി, കിരീടമുണ്ടാക്കാനായി ഇലകള്‍ പൊഴിച്ച് തന്നിരുന്ന പ്ലാവുമുണ്ട്...

.
വഴിക്കണ്ണുമായി എന്നും ഇടവഴിയില്‍ കാത്തിരിക്കുന്ന ശീപോതികളും, ഒന്ന് തൊടുമ്പോഴേക്കു പരിഭവിക്കുന്ന തൊട്ടാവാടികളുമുണ്ട്...

..
കാലം ചന്ദനം പുരട്ടിയ, വായിച്ചു മതിവരാത്ത പുസ്തകങ്ങളും കത്തുകളും ആശംസാ കാര്‍ഡുകളുമുണ്ട്....

.
ഒന്ന് പോയി കണ്ടു വരട്ടെ....എല്ലാവരെയും
.
.
വിശേഷങ്ങള്‍ പറഞ്ഞും ചോദിച്ചും തിരിച്ചു വരാം 

1 അഭിപ്രായം: