അറിഞ്ഞിരുന്നോ, ഞങ്ങൾ
സ്കൂളിൽ പോയിത്തുടങ്ങിയത് നിങ്ങളെപ്പോലെ ജൂണ് മാസത്തിലായിരുന്നില്ല..! ജനവരിയിലോ
ഫിബ്രവരിയിലോ ഒക്കെ
ആയിരുന്നു..!
അങ്ങനെയായിരുന്നു
അക്കാലത്ത്..! ഔദ്യോഗികമായി
വിദ്യാർഥി ആവുന്നതിനുമുമ്പേയുള്ള ഒരു പള്ളിക്കൂടപരിചയപ്പെടൽ. സ്കൂളിലെ
ഹാജർപട്ടികയിലെ (attendance
register) ഒരു പേരാവുന്നതിനു തലേവർഷം ചേട്ടന്റെയോ
ചേച്ചിയുടെയോ കൈപിടിച്ചു പുസ്തകഭാരമൊന്നുമില്ലാതെ ഒരു സ്കൂളിൽ
പോക്ക്..! ഇരിപ്പിടവും അവരുടെ കൂടെതന്നെയാവും. അത്
കൊണ്ടുതന്നെ സ്കൂളിൽ ഞങ്ങളൊക്കെ ഹരിശ്രീ
കുറിച്ചത് മൂന്നിലോ നാലിലോ ഒക്കെയായിരുന്നു. മിക്കവാറും
എല്ലാ ക്ലാസ്സുകളിലും ഇത് പോലെയുള്ള
ഒന്നോ രണ്ടോ "എർത്തുകൾ" അവസാന
റ്റേമിലെ ഒരു സാധാരണ
കാഴ്ചയുമായിരുന്നു. പലപ്പോഴും വീട്ടിലേക്കുള്ള തിരിച്ചു
വരവ് ഒരു വിലപ്പെട്ട
നിധികുംഭവുമായിട്ടായിരിക്കുകയും
ചെയ്യും. എന്തായിരുന്നു ആ നിധി
കുംഭങ്ങളിലുണ്ടായിരുന്നത് എന്നറിയാമോ
??
സ്ക്കൂളിലെ
ചേട്ടന്മാരുടെയും
ചേച്ചിമാരുടെയും സ്നേഹപ്രകടനതിന്റെ ഭാഗമായി ലഭിക്കുന്ന കല്ല്
പെൻസിൽ കഷണങ്ങൾ, പെൻഷൻ
പറ്റിയ ചോക്ക്
കഷണങ്ങൾ, മിനുസമുള്ള
വെള്ളാരം കല്ലുകൾ, മധുരമുണ്ടോ
എന്ന് നുണഞ്ഞു നോക്കാൻ തോന്നിപ്പോവുന്ന മഞ്ചാടി കുരുക്കൾ, സ്വർഗ്ഗത്തിൽ നിന്നും പറന്നു വന്നിരുന്ന
അപ്പൂപ്പൻ
താടികൾ, സുന്ദരമായ
കൈകളിൽ നിന്ന് പകർന്നു കിട്ടിയ
ഭംഗിയുള്ള വളപ്പൊട്ടുകൾ,
തീപ്പെട്ടി ചിത്രങ്ങൾ, നിലത്തുരച്ചു തുടയിൽ വച്ചാൽ പൊള്ളുന്ന
കാഞ്ഞിരത്തിൻ കുരുക്കൾ... പിന്നെയും
പിന്നെയും വിലപിടിച്ചത്
പലതും .....!
അങ്ങനെ ഒരു ജനുവരിയിലെ
ഒരു സുന്ദര പ്രഭാതത്തിൽ
ഞാനും പോയി സ്കൂളിലേക്ക്. ..
മണലിലും ഓലയിലും എഴുതി പഠിച്ചതിന്റെ
ഓർമകൾ അയവിറക്കിയിരുന്ന; പൊയ്പ്പോയ
കാലത്തിന്റെ കഷ്ടപ്പാടുകൾ കുറിപ്പെഴുതിയ, എഴുന്നു
നിലക്കുന്ന ഞരമ്പുകളുള്ള; ചുളിവു വീണതെങ്കിലും പ്രകാശമുള്ള മുഖമുണ്ടായിരുന്ന; “പഠിച്ചാലേ നന്നാവൂ” എന്ന് വിശ്വസിച്ചിരുന്ന; എന്റെ
അച്ഛമ്മയുടെ; പട്ടിണിയോടും പരിവട്ടത്തോടും പടവെട്ടിജയിച്ചു
നാലുമക്കളെ
കരപറ്റിച്ചതിന്റെ കരുത്തുള്ള,
എല്ലിച്ചതെങ്കിലും
വാത്സല്യത്തിന്റെ
മാർദ്ദവ
വും സ്നേഹത്തിന്റെ ചൂടും കരുതലിന്റെ ദൃഡതയും ഉണ്ടായിരുന്ന കൈപിടിച്ച്....
മോഡേണ് ഡ്രസ്സ് അണിഞ്ഞ
സുന്ദരികളെയും
പ്രതീക്ഷിച്ചു
പുതിയ
ഓഫീസിൽ
ജോയിൻ
ചെയ്ത
പയ്യൻ;
സീറ്റിലോക്കെയും
തലനരച്ച
താപ്പാനകളെ
കണ്ടത് പോലെയായി
സ്കൂളിലെത്തിയ
എന്റെ
അവസ്ഥ..
നരച്ച മഞ്ഞ നിറമുള്ള ഒരു
കെട്ടിടം, അവിടവിടെയുള്ള
പൊത്തുകൾ പോലുള്ള ജനലുകളിലൂടെ പുറത്തേക്കു നോക്കുന്ന
കുഞ്ഞുങ്ങൾ…
ചിലരുടെ കണ്ണുകളിൽ കൂട്ടത്തിൽ ഒരുവനെ
കൂടെ കിട്ടാൻ പോകുന്നതിന്റെ
സന്തോഷം...ചിലർക്ക് ഒരുവൻ കൂടെ അകപ്പെടുന്നതിന്റെ
ദുഖം....കലപില കൂടുന്ന
കുട്ടികൾക്കിടയിൽ
വടിയും
കയ്യിൽപ്പിടിച്ചു
സാരിയുടുത്ത
ചിലരൂപങ്ങൾ..!
അവർക്ക് കോമ്പല്ലുകൾ ഉണ്ടോ..?? ശരിക്ക്
കണ്ടില്ല.... അതാ ഒരെണ്ണം
ചിരിച്ചു
കൊണ്ടെന്റെ നേരെക്ക്
കയ്യും
നീട്ടി...
....പിന്നെയൊന്നും ആലോചിച്ചില്ല...കോച്ച് നമ്പ്യാരെയും (P T ഉഷയുടെ
കോച്ച് ) മനസ്സിൽ
ധ്യാനിച്ച്
ഒരൊറ്റ
ഓട്ടം...! ഓടുന്ന ഓട്ടത്തിലാണ് ഒരു
കാര്യം കണ്ടത് . മുറ്റത്തിന്റെ
ഒരു
കോണിലുള്ള
ഓലപ്പുരയിൽ ഒരു
വലിയ
വാർപ്പിൽ
വെള്ളം തിളക്കുന്നു...! കുട്ടികളെ
പുഴുങ്ങിയെടുക്കാൻ വല്ലോം
ആയിരിക്കുമോ ?? ...ദൈവമേ..
ഓടാൻ തോന്നിച്ചതിന് കോച്ച് നമ്പ്യാർക്ക് സ്തുതിയും പറഞ്ഞു ആക്സിലറേറ്റർ
കൊടുക്കുന്നതിന്റെ ഇടയിൽ
"നിക്ക് മോനെ"
എന്ന
അച്ഛമ്മയുടെ
വിളികേട്ടു. ഇത്രയും
ഭീകരമായ ഈ
സ്കൂളിലേക്ക്
എന്നെ
നല്ലവാക്കു
പറഞ്ഞു
ചതിച്ചു
കൊണ്ട് പോയ അച്ഛമ്മയെ
ഇനിയൊരിക്കലും
വിശ്വസിക്കില്ലെന്ന്
ഉറപ്പിച്ചു
കൊണ്ട് ഞാൻ
ഓട്ടം
തുടർന്നു...
ഇനിയൊരിക്കലും
സ്കൂളിൽ
കൊണ്ട് പോവില്ലെന്ന്
സമ്മതിപ്പിച്ചു
ഒരു പ്രശാന്ത ജീവിതവും
സ്വപ്നം
കണ്ടു
അന്ന് രാത്രി ഞാൻ
കിടന്നുറങ്ങി; അണിയറയിൽ
ഭരണകൂടം
എന്നെ നേരിടാൻ നടത്തുന്ന തയ്യാറെടുപ്പുകൾ
അറിയാതെ..
പിറ്റേന്ന്
: എഴുന്നേറ്റപ്പോൾ
തന്നെ ഒരു
പ്രത്യേകത
തോന്നി,
എല്ലാവര്ക്കും
എന്നോടു വല്ല്യ
സ്നേഹം. രാവിലെ തന്നെ കുളിപ്പിക്കുന്നു, പൌഡർ ഇടീക്കുന്നു,
ഭക്ഷണം
കഴിപ്പിക്കുന്നു. വല്ല്യ
പെരുന്നാളിന് അറക്കാൻ
വെക്കുന്ന
മുട്ടനാടിനെ
വയറു നിറച്ചു തീറ്റുന്നത്
പോലെയുള്ള
ആ
ഭക്ഷണം
കഴിപ്പിക്കൽ കണ്ടപ്പോൾ
തന്നെ ഒരു അപകടം
മണത്തു. അത്
കൊണ്ട് തന്നെ
ഒരു
മുൻകൂർ ജാമ്മ്യാപേക്ഷ
സമർപ്പിച്ചു:
“ അമ്മേ ഞാൻ,
സ്കൂളിലൊന്നും പോവില്ലേ
“..
അമ്മ ഒന്ന് ചിരിച്ചു... ആ
ചിരിയിൽ ഞാനൊന്നു ആശ്വാസം
കൊണ്ടു. പക്ഷെ
അതിന്റെ ശരിയായ അർഥം മനസിലായത്
കുറച്ചു
നേരം
കൂടി കഴിഞ്ഞപ്പോഴാണ്.
ഒരു ഒമ്പതര ആയപ്പോൾ തേജസ്സുള്ള മുഖവും
വാത്സല്ല്യം
നിറഞ്ഞ
ചിരിയുമുള്ള പ്രൌഡയായ
ഒരു
സ്ത്രീ എന്റെ
വീട്ടിലെത്തി.
" മോനേ, ഇതാണ് ഓമന
ടീച്ചർ. ഈ
ടീച്ചറിന്റെ കൂടെയാണ് ഇനി മോൻ സ്കൂളിൽ
പോണ്ടത്” എന്ന്
അമ്മ അവരെ പരിചപ്പെടുത്തിയപ്പോഴാണ്
, ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ
വകുപ്പിന്റെയും കരാള
ഹസ്തങ്ങളിൽ അകപ്പെട്ടുവെന്നു
ഞാൻ
മനസിലാക്കിയത്
പക്ഷെ അങ്ങനെയങ്ങ്
കീഴടങ്ങാൻ
എന്നിലെ
വിപ്ലവകാരി
തയ്യാറായിരുന്നില്ല.. ഞാനെന്റെ വജ്ജ്രയുധം പുറത്തെടുത്തു . ആവുന്നത്ര ശബ്ദത്തിൽ കാറിക്കരഞ്ഞു…!
‘ഇതൊക്കെ
എത്രകണ്ടതാ’
എന്ന
ഭാവത്തിൽ ഓമന
ടീച്ചർ
എന്നെ ഒരു പുഷ്പംപോലെ
തൂക്കിയെടുത്തു
കൊണ്ടു
മുറ്റത്തേക്കിറങ്ങി.
ഞാനെന്റെ കരച്ചലിന്റെയും കൈകാലിട്ടടിയുടെയും വോള്യം കൂടിയെങ്കിലും, ആക്കാലത്ത്
പത്തുമണിയോടട്പ്പിച്ചുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ എന്തു കൊണ്ടാണെന്ന് അറിയാവുന്നത് കൊണ്ട്, ചൈന,
ബർമ, ഭൂട്ടാൻ, റഷ്യ
തുടങ്ങിയ അയൽരാജ്യങ്ങൾ ( യഥാക്രമം;
പേര് പോലതന്നെ ശാന്തമായ മുഖവും ഭാവവുമുണ്ടായിരുന്ന
ശാന്തേച്ചി,
തന്റെ
വിധി വൈപരീത്യത്തിനു
മറ്റുള്ളവരെ സദാ ശപിക്കുകയും
എന്നാൽ
അതേ സമയം അവർക്കെന്തെങ്കിലും
കഷ്ടം വന്നാൽ ആത്മാർഥമായും അനുകമ്പ
പ്രകടിപ്പിക്കുകയും
ചെയ്തിരുന്ന ജാന്വേടത്തി
( ഇവർ
രണ്ടുപേരും ഇന്ന് സ്വർഗസ്ഥകളാണ് ), റോഡിലൂടെ
പോകുമ്പോൾ
ഇന്നും
അകത്തെവിടെയോ
ഇരുന്നു
എന്റെ
ചെല്ലപ്പേര് വിളിച്ചു
സുഖവിവരം
അന്വേഷിക്കാറുള്ള
മറിയൂത്ത,
പിള്ളേരുടെ
കുരുത്തക്കേടുകളും അവയെ
നേരിടാനുള്ള പദ്ദതികളെയും
പറ്റി
ചർച്ച
ചെയ്യാൻ അമ്മെക്കെന്നും കൂട്ടായിരുന്ന
സുബൈദാത്ത
( ഇപ്പോഴെന്തോ
ഇത്തരം ചർച്ചകൾ എങ്ങും കാണാറില്ല
- ക്വട്ടേഷൻ സംഘങ്ങൾ ഒരു ഫോണ്കോളിനപ്പുറത്ത് ഉള്ളത് കൊണ്ടാവണം...!)
) സ്വാതത്ര്യം
കൊതിച്ചു
കൊണ്ടു,
വ്യവസ്ഥിതിക്കുനെരെ
ഒരു ആറുവയസ്സുകാരൻ
നടത്തുന്ന സമരം ക്രൂരമായ നിസ്സംഗതയോടെ കണ്ടില്ലെന്നു
നടിച്ചു. ( ക്യൂബയെ
അയൽരാജ്യമായി
കിട്ടാഞ്ഞതിൽ
എന്നിലെ
ചെഗുവേര നിശ്ചയമായും
ഭൂമിദേവിയെ
ശപിച്ചു
കാണണം…! )
കാച്ചിയ എണ്ണയുടെ
ബലത്തിൽ സമൃദ്ദമായിരുന്ന ടീച്ചറുടെ മുടിയിൽ ചിലതൊക്കെ ഞാൻ പിഴുതുവെങ്കിലും അതൊന്നും
വകവെക്കാതെ , അച്ഛമ്മയുടെ അകമ്പടി വാഹനത്തിന്റെ
മുന്നിൽ ആന പനയോലയും തുമ്പിക്കയ്യിലേറ്റി പോവുന്നത് പോലെ, ടീച്ചർ എന്നെയും തൂക്കിയെടുത്തു
പോകവേ, റോഡിനിരുവശങ്ങളിലുണ്ടായിരുന്ന പാടങ്ങളിൽ
വിടർന്നു
നിന്നിരുന്ന
ആമ്പലുകളും
വരികളും
എന്റെ
ദുര്യോഗത്തിൽ
സങ്കടപ്പെട്ടു
തലകുനിച്ചു നിന്നു. ബഹളം
കേട്ടത്
കൊണ്ടാവണം
അവയുടെ
ഇടയിൽ
നിന്നു ‘മാനത്ത് കണ്ണികളും’
പരലുകളും
വെള്ളത്തിന് മുകളിൽ
വന്നു "ഈ ചെക്കൻ
നന്നാവാൻ പോന്നില്ല" എന്ന്
പറഞ്ഞു
വാലിട്ടെളക്കി
മുങ്ങാം കുഴിയിട്ടു. പണ്ടെങ്ങോ കല്ലെടുത്തെറിഞ്ഞതിന്റെ
ദേഷ്യത്തിൽ
" നിനക്കിതുതന്നെ വേണം" എന്ന്
പറഞ്ഞുകൊണ്ട് നായക്കൂട്ടം
, കരയുന്ന എന്നെ
നോക്കി കോക്രി കാണിച്ചു ചിരിച്ചു
കൊണ്ട്
കടന്നുപോയി .
പക്ഷെ ഭാഗ്യം എന്റെ കൂടെയായിരുന്നു.
ഒരു വേള ഓമന
ടീച്ചറുടെ കയ്യോന്നയഞ്ഞപ്പോൾ ഞാൻ കുതറിയോടി സ്കൂളിലെത്താതെ
രക്ഷപ്പെട്ടു
വീട്ടിൽ തിരിച്ചെത്തി.
പല ദിവസങ്ങളിലും ഇതുതന്നെ
ആവർത്തിച്ചപ്പോൾ അച്ഛമ്മയുടെ അടിയന്തിര പ്രമേയത്തിന്മേൽ നിയമ സഭ ചേർന്ന്
ഈ വിഷയം ചർച്ച ചെയ്തു - എന്ത്
കൊണ്ടീച്ചെക്കൻ ഈ പരാക്രമം
ഒക്കെ കാണിക്കുന്നു?? കൂലങ്കഷമായി
ചർച്ച ചെയ്തിട്ടും ഒന്നും തെളിഞ്ഞു വരാത്തത്
കാരണം അച്ഛമ്മയെ ഏകാംഗ
അന്വേഷണ
കമ്മീഷനായി നിയമിച്ചു
കൊണ്ട് സഭ
പിരിഞ്ഞു.
ദിവസങ്ങൾക്കകം
തന്നെ അച്ഛമ്മരംഗൻ കമ്മീഷൻ പ്രശ്നത്തിന്റെ മൂലകാരണവും പരിഹാര നിർദ്ദേശവും അടങ്ങുന്ന
തന്റെ റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വച്ചു. കക്ഷി
ഭേദമന്ന്യേ എല്ലാവരും അംഗീകരിച്ച ആ റിപ്പോർട്ട്
ഇപ്രകാരം ആയിരുന്നു.
എന്നെ തിരുവങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ
വച്ചു എഴുതിനിരുത്താനായിരുന്നു എല്ലാവരും
ചേർന്ന് തീരുമാനിച്ചിരുന്നത്. പക്ഷെ
മൂന്നാം വയസ്സായപ്പോൾ എല്ലാവരും ഇക്കാര്യം മറക്കുകയും
വീട്ടിൽ വച്ചു എന്നെ എഴുതിനിരുതുകയും
ചെയ്തു ( ആ ദിവസം
പനിച്ചു വിറച്ചിരുന്ന ഞാൻ ഗുരുവിന്റെ
നെഞ്ചു ചവിട്ടി കലക്കി എന്നല്ലാതെ
എഴുത്തൊന്നും നടന്നിരുന്നില്ല എന്ന് ജിതേഷാനന്ദപുരാണം ). തനിക്കു
വച്ചിരുന്ന ദക്ഷിണ വേറൊരാൾക്ക് പോയതറിഞ്ഞു
കോപാകുലനായ ശ്രീരാമൻ അയച്ചതിൻ പ്രകാരം
ഹനുമാൻ സ്വാമിയാണ് ഈ സാധുവിനെ
ക്കൊണ്ട് ഈ പരാക്രമം
ഒക്കെ ചെയ്യിക്കുന്നത് ( എന്നാലും എന്റെ രാമാ....!
) അത് കൊണ്ട് എത്രയും പെട്ടന്ന്
തിരുവങ്ങാട് അമ്പലത്തിൽ വച്ചു തന്നെ
എന്റെ എഴുത്ത് നടത്തണം.
അച്ഛമ്മയുടെ
റിപ്പോർട്ട് യാതൊരു വിധ എതിർപ്പുമില്ലാതെ
അന്ഗീകരിക്കപ്പെട്ടതിനാൽ തുടർന്നടപടികൾ
വേഗത്തിലാവുകയും
ഏറ്റവും
അടുത്ത ശുഭ മുഹൂർത്തത്തിൽ
തന്നെ എന്റെ രണ്ടാം അരിയിലെഴുത്ത്
നടക്കയും ചെയ്തു. അച്ഛമ്മയുടെ
തിയറി
ശരിവെക്കും
പോലെ
പിറ്റേന്ന്
മുതൽ
യാതൊരു
പരാക്രമങ്ങളും കൂടാതെ
അനുസരണയോടെ
ഞാൻ സ്കൂളിൽ പോക്ക്
തുടങ്ങി എന്ന് കഥാന്ത്യം…!
ഓമന ടീച്ചറുടെ Z കാറ്റഗറി സുരക്ഷയിൽ
എന്റെ കൂടെ സ്കൂളിലേക്ക് വരാൻ
ഒരാൾ കൂടെയുണ്ടായിരുന്നു;
ഇന്ന് മസ്കറ്റിലെ തലശ്ശേരിയുടെ അമ്പാസഡർ
ആയ റിയാസ്...! പിന്നീടു
പത്തു വർഷത്തേക്ക് ഞങ്ങൾ ഒരുമിച്ചായിരുന്നു ഞങ്ങൾ സ്കൂളിൽ
പോക്ക്.
അതായിരുന്നു
തുടക്കം... മുറ്റത്തിന്റെ ഒരു കോണിൽ
ഒരു കുഞ്ഞുമാവുള്ള, അരികിൽ
ഒരു ഉപ്പുമാവു പുരയുണ്ടായിരുന്ന
(പിന്നീടത് കഞ്ഞിപ്പുരയായി ) ശാന്തമായ മഞ്ഞനിറമുള്ള കോടിയേരി സെൻട്രൽ എൽ
പി സ്കൂളിലെ വർണ്ണപ്പകിട്ടുള്ള
അഞ്ചു
വര്ഷത്തിന്റെ....!
“ഒന്നെന്നു
ചൊല്ലുമ്പോൾ ഒന്നിച്ചു നിൽക്കേണ”മെന്നു പഠിപ്പിച്ച,
ക്ലാസ്സുകൾ തമ്മിൽ യാതൊരു അതിർത്തി
ഭേദവും (ഒന്നാം ക്ലാസിൽ നിന്നു
രണ്ടിലെത്താൻ ചുമ്മാ ഒന്ന് തിരിഞ്ഞിരുന്നാൽ
മതിയായിരുന്നു ഞങ്ങൾക്ക്....! ) യൂനിഫോമിന്റെ കടുംപിടുത്തങ്ങളോ ഷൂസിന്റെ ഞെരുക്കമോ റ്റൈയുടെ
ശ്വാസം മുട്ടിക്കലോ ഇല്ലാതിരുന്ന, അറിവ്
അമൃതായി, സ്നേഹമായി,
വാത്സല്ല്യമായി പെയ്തിറങ്ങിയിരുന്ന
സ്കൂളിലെ അഞ്ചു വർഷങ്ങൾ....
വലത്തോട്ട്
പകുപ്പെടുത്തു മുടിചീകി, ആ
ചീർപ്പ് തന്റെ മുടിക്കെട്ടിൽ തിരുകിവെച്ച്,
ഒരിത്തിരി പൌഡർ ഇട്ട്, അവിടവിടെ കൂടുതലായതു സാരിത്തലപ്പു
കൊണ്ട് തുടച്ചു കളഞ്ഞു അമ്മമാർ
ഞങ്ങളെ സ്കൂളിൽ അയച്ചിരുന്ന കാലം...എല്ലാ അമ്മമാരുടെയും സ്നേഹം
ഒരു പോലെയായത് കാരണമാവാം
ഞങ്ങളുടെയൊക്കെ ഹെയർ സ്റ്റൈൽ ഒരേ
പോലാരുന്നു അക്കാലത്ത്...!
പലവട്ടം കയറി ഇറങ്ങിയ ആ
പടികളിൽ മനസ് ചേർത്ത് ഒരു
തെറ്റ് ഏറ്റു പറഞ്ഞു മാപ്പ്
ചോദിക്കാനുണ്ട്; ചില
വിവരം കേട്ടവന്മാരുടെ " സെൻട്രൽ സ്കൂളിലാണോ പഠിച്ചത്
" എന്ന ചോദ്യം കേൾക്കാൻ വേണ്ടി
മാത്രം സ്കൂളിന്റെ പേര് ചോദിക്കുമ്പോൾ
"സെൻട്രൽ LP സ്കൂൾ, കോടിയേരി" എന്ന്
മാറ്റിപ്പറഞ്ഞതിന് …
ടീച്ചർ, പട്ടികയിൽ (register) നോക്കി പേര് വിളികുമ്പോൾ വിട്ടുപോകാതെ
"ഹാജർ" പറഞ്ഞിരുന്ന ( വകയിൽ ഒരമ്മവാൻ ബോംബയിൽ
ഉള്ളതിന്റെ പരിഷ്ക്കാരത്തിൽ "പ്രസം (present) ടീച്ചർ" എന്നുപറഞ്ഞിരുന്ന
വിദ്യ എന്ന ഇരുണ്ട സുന്ദരിയെ
അനുകരിക്കാൻ ബൂർഷ്വാ വിരോധികളായ ഞങ്ങളാരും
തയാറായിരുന്നില്ല ) ആ കാലത്തെക്കുറിച്ചുള്ള
ഓർമ്മകൾ ഇനിയുമുണ്ടേറെ പങ്കുവെക്കാൻ…!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ